ഇതു പന്നിയങ്കര ടൗൺ; സാവിത്രിക്കുട്ടിയുടെ ഓർമ്മവഴിയിലെ ഒരു മൈൽക്കുറ്റി; മീനച്ചിലാർ വളർത്തിയ നഗരം!
ഇല്ലിക്കക്കല്ലു് മലനിരകൾ—കുടമുരുട്ടിയും കോലാഹലമേട്ടിലെ മൊട്ടക്കുന്നുകളും പുൽമേടുകളും അരയക്കുന്നുമുടിയും—ഉള്ളിൽ കാത്തുവച്ചു് കോരിയൊഴിച്ചു നൽകിപ്പോന്ന ജലസമൃദ്ധിയുടെ നദി. ഐശ്വര്യത്തിന്റെ നീലക്കൊടുവേലികളെ വഹിച്ചു് അമൃതതുല്യമായ ജലധാര; തീരങ്ങളെ ഉർവരമാക്കി നിലനിർത്തിയ വെള്ളപ്പാച്ചിലുകൾ. അതായിരുന്നു മീനച്ചിലാർ, സാവിത്രിക്കുട്ടിയുടെ കൂട്ടുകാരി!
ടൗണിലെ പ്രധാന സ്ഥാപനം സർക്കാർ ആശുപത്രി, ഒരു ചെറുകുന്നിൻ പുറത്തു്—ചെറുകെട്ടിടങ്ങൾ. നിറയെ മരത്തണലുള്ള ആശുപത്രി മുറ്റത്തും പറമ്പിലും എപ്പോഴും ജനങ്ങൾ… ആശുപത്രിക്കു മുൻപിൽ വളവിൽ തന്നെ എതിർവശത്തു് ഈശ്വരവിലാസം നായർ ഹോട്ടൽ & ടീ ഷാപ്പു്. മാധവേട്ടന്റെ ഹോട്ടലാണതു്. സ്ഥലത്തെ വലിയ ഹോട്ടൽ; എല്ലാ പലഹാരങ്ങളും കിട്ടും. ഹോട്ടലിനപ്പുറത്തു് ഓലമേഞ്ഞു് പനമ്പുതട്ടി കൊണ്ടുമറച്ച ശ്രീകൃഷ്ണാ ടാക്കീസു്. സാവിത്രിക്കുട്ടി ആ ടാക്കീസിൽ പുറകിലിട്ടിരിക്കുന്ന ബഞ്ചിലിരുന്നാണു് ‘ജീവിതനൗക’ സിനിമ കണ്ടതു്. ബഞ്ചുകൾക്കു മുമ്പിൽ തറയിൽ നിറയെ ആളുകളായിരുന്നു. എന്തൊരു കയ്യടിയാരുന്നു! ആശുപത്രിക്കുന്നിനു താഴെയായാണു് സാവിത്രിക്കുട്ടിയുടെ അച്ഛൻ ജോലിചെയ്തിരുന്ന കമ്പനിയും അവരുടെ ഗോഡൗണുമൊക്കെ. അതിനുമിപ്പുറമാണു് ഹൈസ്ക്കൂളും കളിസ്ഥലവും.
ഓ തെറ്റി. പന്നിയങ്കര ടൗണിന്റെ മധ്യഭാഗമാണിതു്. ടൗൺ തുടങ്ങുന്നതു് വേലിക്കകത്തുകാരുടെ പതിനെട്ടു കിടപ്പുമുറികളുള്ള ബംഗ്ലാവിന്റെ ഒന്നര ഫർലാംഗ് നീളവും രണ്ടരയടി ഉയരവുമുള്ള മതിലും—മതിലിനു ഉയരം കൂടിയാൽ ബംഗ്ലാവിന്റെ വലിപ്പവും ചന്തവും മുറ്റത്തെ പൂന്തോട്ടവും നാട്ടുകാരെങ്ങനെ കാണും—കഴിഞ്ഞു് ഇടതുവശത്തേയ്ക്കുള്ള ഇടവഴി തുടങ്ങുന്നതിനോടു ചേർന്നുള്ള പെട്ടിക്കടയും അതുകഴിഞ്ഞുള്ള വലിയ വളവിലെ കലുങ്കും കഴിഞ്ഞയുടനെയാണു്.
കലുങ്കു്, വിശാലമായ കോട്ടമൈതാനത്തിനു് അതിരുതീർത്തു് ഒഴുകിവരുന്ന ചെറിയ നീർച്ചാലിന്റെ കുറുകെയാണു്. കലുങ്കുകഴിഞ്ഞാലുടനെ കോട്ടമൈതാനം, റോഡിനിടതുവശത്തു്. കൊട്ടാരമറ്റം എന്നാണത്രെ നാട്ടുകാർ പറയുന്നതു്. അതിനു കാരണമുണ്ടു്—പണ്ടു് തെക്കുംകൂർ രാജാവും മീനച്ചിലിന്റെ ഭരണാധികാരികളായ ഞാവക്കാട്ടു കർത്താക്കന്മാരുമായി ഒന്നിടഞ്ഞു; യുദ്ധമായി. തെക്കുംകൂറിന്റെ സാമന്തസ്ഥാനത്തുള്ള കർത്താക്കന്മാർ തോറ്റു, സന്ധി ചെയ്തു. തെക്കുംകൂർ രാജാവു് മീനച്ചിൽ കർത്താക്കന്മാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനു് പാലായിൽ ഒരു കൊട്ടാരം പണിയിച്ചു് ഒരു യുവരാജാവിനെ അവിടെയാക്കി. അങ്ങനെ അവിടം കൊട്ടാരംമറ്റമായി… ഇപ്പോൾ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ല. മൈതാനം മാത്രം, എല്ലാ ആഘോഷങ്ങളുടേയും കോട്ടമൈതാനം.
ശരിക്കുള്ള നഗരം അവിടന്നു തുടങ്ങി ളാലം പാലം കടന്നു് തടിമില്ലുകളും, ഫർണിച്ചർ കടകളുമായി അങ്ങുപോകും. ഒരു നൂറോ ഇരുന്നൂറോ വാര വീതിയിൽ രണ്ടു മൈലോളം നീളത്തിലുള്ള ഒരു ചെറിയ ഭാഗം മാത്രമെ സാവിത്രിക്കുട്ടിയുടെ മൂന്നുവർഷത്തെ പട്ടണവാസത്തിനിടയിൽ കണ്ടുപിടിക്കാനായിട്ടുള്ളൂ… പക്ഷേ, ആ ടൗണിൽ ഇനിയും എന്തെല്ലാമുണ്ടെന്നു് സാവിത്രിക്കുട്ടിക്കു് ഊഹമുണ്ടു്.
ളാലം പാലത്തിനപ്പുറം എന്തൊക്കെയോ സ്ഥാപനങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോ. നോക്കിയിട്ടില്ല, ഉണ്ടാകും… പണ്ടു് പണ്ടു് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാണ്ടിനാട്ടീന്നു് ചെട്ട്യാന്മാരായ കച്ചവടക്കാർ ഈ നഗരത്തിലെത്തി. അതിരില്ലാത്ത, വിലമതിക്കാനാകാത്ത വനസമ്പത്തിനെ ഒതുക്കിപ്പിടിച്ച മലമടക്കുകൾ, ഒഴുക്കു വറ്റാത്ത മീനച്ചിലാർ—തടിക്കച്ചവടം, കുരുമുളകു്, മറ്റു മലഞ്ചരക്കുകൾ… അവർ പണക്കാരും കയ്യൂക്കുമുള്ളവരായിരുന്നത്രെ. അവരുടെ കയ്യൂക്കിൻ കീഴിലായിരുന്നത്രെ കാര്യങ്ങൾ… പക്ഷേ, പിന്നീടു് വലിയതോതിലുള്ള മതംമാറ്റങ്ങളും, അദ്ധ്വാനശീലരായി മാറി സമ്പത്തും ആധിപത്യവും കൈപ്പിടിയിലാക്കാനുറച്ച നാട്ടുകാരും വന്നതോടെ ചെട്ട്യാന്മാർ സ്ഥലം വിട്ടത്രെ.
ഒരു കഥ സാവിത്രിക്കുട്ടിക്കറിയാം. ‘കൊട്ടാരം കടവിനു താഴെയൊരു കയമാണു്. തടിക്കച്ചവടക്കാരനായ ഒരു ചെട്ട്യാരും നാട്ടുകാരായ മുതലാളിമാരും തമ്മിലുണ്ടായ തർക്കത്തിൽ മുതലാളിമാരുടെ ഗുണ്ടകളായ മൂന്നാലുപേർചേർന്നു് കോട്ടമൈതാനത്തിനടുത്ത കലുങ്കിൽ വച്ചു് പാതിരാത്രിയിൽ ചെട്ട്യാരെ കൊന്നു് മൂന്നു കഷണമാക്കി ആറ്റിലെ ആ കയത്തിൽ തള്ളി… ഇപ്പോഴും ആ കയമുള്ള കടവിൽ കുളിക്കാനിറങ്ങുന്നവർ മുങ്ങിയാൽ ഉടനെ കയത്തിൽ നിന്നു പ്രേതം കാലേപിടിച്ചു വലിച്ചു താഴ്ത്തും. പിന്നെ പൊന്തിവരില്ല.’ ആ കഥ നിൽക്കട്ടെ.
കോട്ടമൈതാനത്തിനു വലതുവശത്തുകൂടി മെയിൻ റോഡാണു്. ആ റോഡിൽ നിന്നു് വലതുവശത്തെ മൂന്നാലുപടി കേറി കടമ്പ നീക്കിയാൽ റബ്ബർതോട്ടത്തിൽ കയറാം. ഇരുട്ടു പുതച്ചു നിൽക്കുന്ന വലിയ റബ്ബർതോട്ടം. നടുവിൽക്കൂടിയുള്ള ഒറ്റയടിപ്പാത നേരെ ചെന്നിറങ്ങുന്നതു് മീനച്ചിലാറ്റിൽ. അതു് പൊതുകടവല്ല, വഴി പൊതുവഴിയുമല്ല. വഴിയും കടവും നിഗൂഢത പുതച്ചു നിൽക്കുന്നു…
കോട്ടമൈതാനത്തിന്റെ ഏങ്കോണിച്ച കിഴക്കേ മൂലയ്ക്കുള്ള ഓലപ്പീടിക കുഞ്ഞോനാച്ചന്റെ പലവകപ്പീടികയാണു്. മൈതാനത്തിന്റെ ഇടതുവശത്തുകൂടി നേരെ പടിഞ്ഞാട്ടും റോഡുണ്ടു്. മൈതാനം കഴിഞ്ഞാൽ പിന്നെ ഒന്നുരണ്ടു വീടു്, പിന്നെ പാടം. വലതുവശം മുഴുവൻ റബ്ബറാ. റബ്ബർതോട്ടം തീരുന്നിടം മുതൽ ചെറിയ കേറ്റമാണു്… ഇടതുവശത്തെ പാടത്തിനരികിൽക്കൂടി വരുന്ന കൈത്തോടു് റോഡും കടന്നു് വലത്തോട്ടൊഴുകി മീനച്ചിലാറ്റിലേക്കാ പോകുന്നേ. കൈത്തോടിനു മുകളിൽ കലുങ്കുണ്ടു്. കലുങ്കിന്റവിടന്നു് കൈത്തോടിനു കെട്ടിയിരിക്കുന്ന കൽഭിത്തി നടവഴിയാ. ആ നടവഴിയിൽ കയറി ഇടതുവശത്തു് പെരിങ്ങലംകാടുനിറഞ്ഞ പുറമേരിക്കാവിന്റെ പറമ്പിലേക്കു കേറാം… പെരിങ്ങലത്തിലെല്ലാം കൃഷ്ണകിരീടം പൂത്തുനില്പുണ്ടാവും. അതിനിടയിൽക്കൂടി വിശാലമായ അമ്പലപ്പറമ്പുമുഴുവൻ ഓടിക്കളിക്കാം.
പറമ്പിനു നടുവിലെ പുറമേരിക്കാവെന്ന ചെറിയ ക്ഷേത്രത്തിലെ ദേവി, ഉഗ്രമൂർത്തിയെന്നു് എല്ലാരും പറയുന്ന ഭദ്രകാളി സാവിത്രിക്കുട്ടിയുടെ കൂട്ടുകാരിയാണു്. പുറന്നാളുകൾക്കും പക്കപ്പുറന്നാളിനുമൊക്കെ കൊച്ചു് ഓട്ടുരുളിയിൽ ഉണക്കലരിയും ശർക്കരയും നെയ്യും പൂജാരിയെ ഏല്പിച്ചു് വഴിപാടു പായസം റഡിയാക്കി പൂജിച്ചുകിട്ടും വരെ സാവിത്രിക്കുട്ടി ദേവിയുമൊത്തു് കൃഷ്ണകിരീടങ്ങൾക്കിടയിലൂടെ മുൻവശത്തെ അപ്പൂപ്പൻ അരയാലു ചുറ്റി കിഴക്കേയറ്റത്തെ മുളങ്കൂട്ടങ്ങൾക്കരികിലൂടെ ഓടിക്കളിക്കും; മറ്റാർക്കും കാണാൻ പറ്റാത്ത ദേവിയോടു് കുശലപ്രശ്നങ്ങൾ നടത്തി ഓടിക്കളിക്കുന്ന സാവിത്രിക്കുട്ടി പൂജാരിക്കു് ഒരു കൗതുകമായിരുന്നു; വാത്സല്യത്തോടെ പൂജാരി പറയും ‘ദേവിക്കു് അകത്തുകേറാൻ നേരമായി, മോളു പൊക്കോ’ എന്നു്.
ഓ പിന്നൊരുകാര്യം—ആ നടവഴിയില്ലേ, അതു് നേരേ മീനച്ചിലാറ്റിൽ ചെന്നിറങ്ങുന്നതാണു്. അതിൽ നിഗൂഢതയില്ല. എല്ലാവരും നടക്കാനും കുളിക്കാൻ കുളിക്കടവിൽ പോകാനും നനയ്ക്കാനും ഉപയോഗിക്കുന്നതു തന്നെ.
അമ്പലപ്പറമ്പിന്റെ നേരേ എതിർവശത്തു്, റോഡിനപ്പുറം വേലായുധൻനായരുടെ ചായക്കട… ഓലമേഞ്ഞു് നീളത്തിലൊരു ഷെഡ്. തറയിട്ടിട്ടില്ല, പക്ഷേ, കടയിൽ മൂന്നാലു ബഞ്ചുകളുണ്ടു്. എപ്പോഴും തിരക്കുള്ള കട. സാവിത്രിക്കുട്ടിയെ ആ കടയുമായി കൂട്ടിക്കെട്ടുന്നൊരു കാര്യമുണ്ടു്. വീട്ടിൽ രാവിലെ കാപ്പിക്കു് ഒന്നുമുണ്ടാക്കാനില്ലാത്ത ചില ദിവസങ്ങളിൽ അച്ഛൻ ഒരു കുറിപ്പു് സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തയക്കും; ചിലപ്പോൾ ചക്രമാകും. അച്ഛന്റെ കൂട്ടുകാരനാണത്രെ കടക്കാരൻ. കടയുടെ വാതിൽക്കൽ ചെന്നുനിന്നു് ചക്രമോ കുറിപ്പോ വേലായുധൻനായരുടെ കയ്യിൽ കൊടുക്കും, എന്നിട്ടു് ഒഴിഞ്ഞുമാറി നിൽക്കും. വേലായുധൻനായർ ആറു ദോശ ചമ്മന്തിയൊഴിച്ചു് വാഴയിലയിൽ പൊതിഞ്ഞു് കൊടുക്കും. കുറിപ്പുകൊടുത്തുവാങ്ങിയ ദോശയ്ക്കുള്ള പൈസ അച്ഛൻ ശമ്പളം വാങ്ങിവരുമ്പോൾത്തന്നെ കൊടുക്കും… എന്താ സാവിത്രിക്കുട്ടി കടയിൽ പോകുന്നതെന്നോ?
പലചരക്കു കടയിലായാലും, അമ്പലത്തിൽ വഴിപാടുനടത്താനായാലും, ഹോട്ടലുകാരൻ മാധവേട്ടന്റെ വീട്ടിൽ മോരുവാങ്ങാൻ പോകുന്നതും അനുജത്തിയെ ഒക്കത്തെടുത്തു നടക്കുന്നതും സാവിത്രിക്കുട്ടിയാണു്. ചേട്ടന്മാർ പോകില്ല, നാണക്കേടാണത്രെ. അമ്മ അവരെ ചീത്തപറയില്ല, തല്ലുകയുമില്ല. ആൺകുട്ടികളെ ചീത്തപറഞ്ഞും തല്ലിയും നാണം കെടുത്തരുതത്രെ. ചീത്തവിളിയും തല്ലും എപ്പോഴും സാവിത്രിക്കുട്ടിക്കാണു്. അമ്പലത്തിൽനിന്നു താമസിച്ചുവന്നാൽ, കുളിച്ചുവരാൻ താമസിച്ചാൽ, കടക്കാരൻ സാധനം തരാൻ താമസിച്ചാൽ ഒക്കെ സാവിത്രിക്കുട്ടിക്കു ചീത്തവിളികിട്ടും—‘നീയൊരു പെണ്ണാണു്, പെണ്ണാണു് ഓർമ്മ വേണം’ എന്നു് ആവർത്തിക്കും.
സാവിത്രിക്കുട്ടിക്കു് അതിൽ വിഷമം തോന്നിയിട്ടില്ല. പാത്രം കഴുകാനും കിണറ്റിൽ നിന്നു വെള്ളം കോരാനും താൻ സഹായിക്കുമെങ്കിലും ബാക്കി പണിയെല്ലാം അമ്മ തന്നെയല്ലെ ചെയ്യുന്നതു്! പക്ഷേ, സാവിത്രിക്കുട്ടിയെ വിഷമിപ്പിച്ച കാര്യം അതൊന്നുമല്ല. എല്ലാ പ്രാവശ്യവും ചായക്കടയിലെ ദോശയുടെ ചക്രം കൊടുത്തോ എന്നു് അച്ഛനോടു ചോദിച്ചു് ഉറപ്പിക്കാറുള്ള സാവിത്രിക്കുട്ടിക്കു് ആ മാസം അതു സാധിച്ചില്ല. അസുഖമായി ബോധം കെട്ടുവീണ അച്ഛനെ ആഫീസിൽ നിന്നു നേരെ കോട്ടയം മെഡിക്കൽ കാളേജിലേക്കാണു് കമ്പനിക്കാർ കൊണ്ടുപോയതു്. പിന്നെ എല്ലാം കീഴ്മേൽ മറിഞ്ഞില്ലേ. മൂന്നാഴ്ച കഴിഞ്ഞപ്പോൾ എല്ലാം ഇട്ടെറിഞ്ഞു്, മീനച്ചിലാറിനേയും പുറമേരിക്കാവു ദേവിയേയും ഉപേക്ഷിച്ചു് നാടുവിട്ടില്ലേ… ആ കടം വീട്ടിയിട്ടുണ്ടാകുമോ!
ഇടയ്ക്കു കാടുകേറിപ്പോയി, സാരമില്ല. പറഞ്ഞുവന്നതു് പട്ടണത്തിന്റെ പ്രൗഢികളാണു്. വേലായുധൻ നായരുടെ ചായക്കടവരെയെത്തി അല്ലേ… പിന്നങ്ങോട്ടു് അവിടെയുമിവിടെയുമായി ഒന്നുരണ്ടു തുണിക്കട, തയ്യൽക്കട, പലചരക്കു സ്റ്റേഷനറിക്കട, ബീഡിമുറുക്കാൻകട; ഈ അഞ്ചാറുകടകൾ കഴിഞ്ഞാൽ തുടങ്ങുന്ന മതിൽക്കെട്ടു മുഴുവൻ പള്ളിവക. അങ്ങു ആശുപത്രി ജംഗ്ഷൻ വരെയുണ്ടു്. ആദ്യം വല്യപള്ളി, അച്ചന്മാർക്കു താമസിക്കാനുള്ള സെമിനാരി, സെന്റു് തോമസ് ഹൈസ്ക്കൂൾ അങ്ങനെ… അങ്ങനെ… അങ്ങു് കുറച്ചു മാറിയെങ്ങാണ്ടാണത്രെ അരമന—അതൊരു കൊട്ടാരമാണത്രെ… പിന്നെയും രണ്ടു പള്ളി, കവലകളിൽ മാനംമുട്ടെ കുരിശ്… പള്ളിക്കവലയും ശ്രീകൃഷ്ണ ടാക്കീസും കഴിഞ്ഞു് ഇടത്തേയ്ക്കൊരു കയറ്റം… അവിടെ അഞ്ചാറു പലവക കടകൾ…
പിന്നെയാണു് സർക്കാർ യു. പി. സ്ക്കൂൾ—സാവിത്രിക്കുട്ടിയുടെ സ്ക്കൂൾ; സ്ക്കൂളിനു് മുന്നിൽ തെക്കുഭാഗത്തു് തപാലാപ്പീസു്, കമ്പിയാഫീസ്. സ്ക്കൂൾ ഉയർന്ന തിട്ടയിലാണു്… അങ്ങുമാറി പിന്നെയും പല സ്ഥാപനങ്ങളുമുണ്ടു്—നാടിന്റെ നട്ടെല്ലായ പണമിടപാടു സ്ഥാപനങ്ങളും, റബ്ബർഷീറ്റുകടകളും, ബാങ്കും… ‘പണയത്തിന്റെ ഈടിൽ കടം കൊടുക്കപ്പെടു’ മെന്ന ബോർഡുകളുള്ളവ… സ്വർണ്ണം മാത്രമല്ല റബ്ബർഷീറ്റും, കുരുമുളകും കശുവണ്ടീം എല്ലാം പണയപ്പണ്ടങ്ങളാണു്. ചെട്ട്യാന്മാരല്ല, നാട്ടുകാരാണിപ്പോൾ കച്ചവടക്കാർ…
ഒരു കാര്യം വിട്ടുപോയി—നേരത്തെ കോട്ടമൈതാനത്തിനടുത്തു് റോഡിൽ നിന്നു് ഇരുട്ടുപുതച്ചു നിൽക്കുന്ന റബ്ബർ തോട്ടത്തിലൂടെ ഒരു വഴിയുണ്ടെന്നു പറഞ്ഞില്ലേ; ആ തോട്ടം പുതുക്കോട്ടപ്പറമ്പിൽ മാണിച്ചൻ മുതലാളീടെ മുന്നൂറേക്കറിൽ പെടുന്നതാണു്. തേനീച്ചകൾ പോലും പേടിച്ചിട്ടു് അങ്ങോട്ടടുക്കുകേലന്നാ കേൾവി… പക്ഷേ, ആ നിഗൂഢവഴി ചെന്നു് കുറ്റിച്ചെടികൾക്കിടയിൽക്കൂടി മീനച്ചിലാറ്റിന്റെ അരികിൽ കൃത്യമായെത്തും.
അതൊരു കടവാണു്. ആറ്റിനക്കരെ ഒരുപാടൊരുപാടു ഗൂഢസ്ഥലികൾ ഉണ്ടത്രെ; ഇവിടുന്നങ്ങോട്ടും അവിടുന്നിങ്ങോട്ടും പോക്കുവരവിനുള്ള കടവാണതു്. മീനച്ചിലാറ്റിൽക്കൂടൊഴുകുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വാറ്റുചാരായം അവിടെ ആളുകളുടെ വയറ്റിലേക്കെത്താറുണ്ടത്രെ. രാത്രിയിൽ മൂക്കറ്റം കുടിച്ചും കുപ്പികൾ മടിയിൽ തിരുകിയും, സഞ്ചികളിൽ അരയിൽ കെട്ടിത്തൂക്കിയും പുഴകടന്നിക്കരയെത്തിയും, പുഴകടക്കാനാകാതെ മണപ്പുറത്തും ഒന്നും രണ്ടും പറഞ്ഞു് തമ്മിൽ വെട്ടുംകുത്തും നടത്തും; കൂട്ടുകാരും അളിയന്മാരുമൊക്കെയാണു് തമ്മിൽക്കുത്തിച്ചത്തതെന്നു് പിറ്റേന്നു് ബോധം വീഴുമ്പോളാണറിയുക.
ഇവരും വലിയ വലിയ റബ്ബർ മുതലാളിമാരും ബാങ്കർമാരും പുരോഹിതന്മാരും മാത്രമല്ല ഒരു നേരത്തെ അന്നത്തിനു പാടുപെടുന്ന ഉദ്യോഗസ്ഥരും സാധാരണ കൂലിവേലക്കാരും, നല്ലവരും, ഗുണ്ടകളും, കള്ളന്മാരും കൊലപാതകികളും അവരുടെയെല്ലാം കുടുംബങ്ങളും ഒന്നിച്ചു വാഴുന്ന പട്ടണമാണിതു്.
ആ പട്ടണത്തിലെ ഏറ്റവും വലിയ വിശേഷങ്ങളിലൊന്നു് അന്നാണു്. സർക്കാർ യു. പി. സ്ക്കൂളിന്റെ ആനിവേഴ്സറി! പള്ളിപ്പെരുന്നാളുകളും കൃഷ്ണന്റെയമ്പലത്തിലെ ഉത്സവവും കഴിഞ്ഞാൽ പിന്നെ അന്നാട്ടിലെ സാധാരണക്കാരുടെ മുഴുവൻ ഉത്സവം ആ ആനിവേഴ്സറി ആഘോഷമാണു്.
സെന്റ് തോമസ് ഹൈസ്ക്കൂൾ വലിയ സ്ക്കൂളാണു്. അവിടത്തെ ആനിവേഴ്സറി വലിയ ആഘോഷമായിട്ടാണു നടത്തുക. പക്ഷേ, അതു് അവരുടെ സ്വന്തം മതിൽക്കകത്തു് മൂന്നുവശവും അടച്ചുകെട്ടിയ വലിയ ഓഡിറ്റോറിയത്തിൽ, വലിയ വലിയ ആൾക്കാർ പങ്കെടുക്കുന്ന ചടങ്ങാണു്. അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്കു മാത്രമേ പ്രവേശനമുള്ളൂ, അതും തെളിവു കാണിക്കണം.
സർക്കാർ സ്ക്കൂളിൽ എല്ലാവർക്കും വരാം, എല്ലാവർക്കും കാണാം. മതിലുകളില്ല, ഓഡിറ്റോറിയമില്ല. അരമതിൽ മാത്രമുള്ള ഹാളിൽ ബഞ്ചുകളിട്ടൊരുക്കിയ സ്റ്റേജിലെ പരിപാടികൾ റോഡിൽ നിന്നാലും തപാലാപ്പീസിനു മുന്നിൽ നിന്നാലും കാണാം; അതു നാട്ടുകാരുടെ മുഴുവൻ ഉത്സവമാണു്.