അഞ്ചാം ക്ലാസ്സിലാണു് സാവിത്രിക്കുട്ടി, രാവിലത്തെ ഷിഫ്റ്റിൽ. പന്ത്രണ്ടരയ്ക്കു ക്ലാസ്സു തീരും. വീട്ടിൽ വന്നു് ഊണുകഴിഞ്ഞാൽ, സാവിത്രിക്കുട്ടിയുടെ അമ്മയുടെ ഭാഷയിൽ ‘തെണ്ടലാണു് പെണ്ണിനു പണി.’ സാവിത്രിക്കുട്ടിക്കതു അന്വേഷണമാണു്; പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണു്…
മൂന്നു തട്ടുകളായിക്കിടക്കുന്ന വിശാലമായ പുരയിടമാണു് സാവിത്രിക്കുട്ടിയുടെ ലോകം; പരീക്ഷണശാല… മുറ്റത്തരികിൽ ചെമ്പരത്തിയും ഗന്ധരാജനും കിളിമരത്തിൽ പടർന്നു കയറിയ മുല്ലയും കനകാംബരവും മാത്രം… എന്നാൽ ആ പറമ്പുനിറയെ പേരറിയുന്നതും അറിയാത്തതുമായ എന്തുമാത്രം കാട്ടുചെടികളും മരങ്ങളും… എന്തെല്ലാം നിറത്തിലും ആകൃതിയിലുമുള്ള പൂക്കൾ! എന്തുമാത്രം ചിത്രശലഭങ്ങളും തുമ്പികളുമാണു്; ഇത്രയും ഭംഗിയുള്ള വിവിധ വർണ്ണങ്ങളിലുള്ള ചിത്രങ്ങൾ അവയുടെ ചിറകിൽ ആരു വരച്ചുകൊടുത്തു! പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുന്ന ആഞ്ഞിലിയേയും ഇലഞ്ഞിയേയും ചുറ്റിപ്പിണഞ്ഞു് നിറയെ ഓടപ്പഴങ്ങൾ പൊഴിക്കുന്ന ഓടൽവള്ളിയിൽ ചാഞ്ചാടി നടക്കുന്ന അണ്ണാനും കിളികളും എവിടന്നു വരുന്നു! സൂക്ഷ്മ നിരീക്ഷണം നടത്തി സാവിത്രിക്കുട്ടി എന്തെല്ലാം കണ്ടുപിടിച്ചു…
പണ്ടു കണ്ടുപിടിച്ചതാണു്—രാവിലെ ആറുമണിക്കുണർന്നു് പല്ലുതേയ്ക്കാൻ പഴുത്ത മാവിലതേടി കയ്യാലയ്ക്കരികിൽ ചെന്നപ്പോൾ കണ്ടുപിടിച്ചതാണു്… കയ്യാലയിൽ നിന്നുതൂങ്ങി നിൽക്കുന്ന പുൽക്കൊടിത്തുമ്പിലും ഇളംവേരുകളുടെ അറ്റത്തും തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളിയിൽ—അതു മഴവെള്ളമല്ല, രാത്രിയിൽ പെയ്ത മഞ്ഞു് തങ്ങിനിന്നു് വെള്ളത്തുള്ളിയായതാണെന്നു് സാവിത്രിക്കുട്ടി തന്നെ കണ്ടുപിടിച്ചതാണു്—മഴവില്ലിന്റെ ഏഴു നിറങ്ങൾ. അതെങ്ങനെ വന്നുവെന്നുള്ള കാര്യം പക്ഷേ, അച്ഛൻ പറഞ്ഞുകൊടുത്തതാണു്.
‘അമ്മ കറുമ്പി, മോളു വെളുമ്പി; മോക്കടെ മോളൊരു സുന്ദരിക്കോത’ എന്ന കടങ്കഥയിലെ വെള്ളിലയെന്ന ചെടിയെ വേലിക്കരുകിൽ സാവിത്രിക്കുട്ടിതന്നെ കണ്ടെത്തി; നമ്മൾ തൊട്ടാൽ പെട്ടെന്നു് ഞെട്ടിത്തരിച്ചു് ചുരുക്കിയുറങ്ങുന്ന തൊട്ടാവാടിയുടെ സൂത്രവും… അങ്ങനെ എന്തെല്ലാം.
ആ പുരയിടത്തിന്റെ താഴത്തെ തട്ടിന്റെ വടക്കുകിഴക്കേ മൂലയ്ക്കു് ആകാശം മുട്ടുന്ന മഞ്ഞമുളങ്കൂട്ടമാണു്. കിണറിന്റെ ചുറ്റമതിലിനപ്പുറത്തെ ചെറിയ പാറക്കെട്ടിലിരുന്നു് ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്ന ഒരുച്ചക്കാണു് സാവിത്രിക്കുട്ടിക്കു് പെട്ടെന്നു് ഒരു സാധ്യത തോന്നിയതു്. മുളയുടെ തുഞ്ചത്തു വരെയെത്തിയാൽ അവിടന്നുനേരേ ആകാശത്തേക്കു നടന്നുപോകാനാകും. അവിടെയെത്തിയാൽ രാത്രിയിൽ വീണുപോകുന്ന നക്ഷത്രങ്ങൾക്കെന്തുപറ്റിയെന്നു് അറിയാനായേക്കും… അമ്മ കേട്ടാൽ വഴക്കുപറയും, കാരണം അതു നക്ഷത്രങ്ങളല്ല ധൂമകേതുക്കളാണു്; കണ്ടാൽ ദോഷമാണത്രെ. സാവിത്രിക്കുട്ടിക്കു താഴെ വീഴുന്ന നക്ഷത്രങ്ങളെ കണ്ടെത്തണം…
പക്ഷേ, പെട്ടെന്നൊരു ദിവസം പാറപ്പുറത്തു് മനോരാജ്യത്തിലിരുന്നപ്പോഴാണു് നക്ഷത്രങ്ങളെ അന്വേഷിച്ചു പോകാനുള്ള മോഹം മാറിമറിയുന്നതു്.
കരോട്ടേ ഗൗരിവല്യമ്മേം, തെക്കേതിലെ ലീലേച്ചീം, ലീലേച്ചീടെ അമ്മേം, സാവിത്രിക്കുട്ടീടെ അമ്മേം കൂടി എന്നും ഉച്ചകഴിഞ്ഞാൽ കിണറ്റുംകരയിൽ കൂട്ടം കൂടിയിരിക്കുന്നതു വെറുതെയല്ലാന്നു സാവിത്രിക്കുട്ടി കണ്ടുപിടിച്ചു… അവർ കഥ പറയുകയാണു്. കഥ കേൾക്കുന്നതു് സാവിത്രിക്കുട്ടിക്കു വലിയ ഇഷ്ടമാണു്. പക്ഷേ, നേരേ ചെന്നു കഥകേൾക്കാൻ നിന്നാൽ അമ്മ ചീത്ത വിളിക്കും ‘മുതിർന്നവർ വർത്തമാനം പറയുന്നിടത്തു് എന്തുകേൾക്കാൻ നിക്കുവാടീ, പോടീ അപ്രത്തു്.’ കൈവാക്കിനു കിട്ടിയാൽ അടിയും ഉറപ്പു്.
സാവിത്രിക്കുട്ടി മനോരാജ്യംകാണൽ നിർത്തി കഥ ശ്രദ്ധിക്കാൻ തുടങ്ങി; മകളുടെ പകൽക്കിനാവുകാണലും കാക്കയോടും പൂച്ചയോടും കിന്നാരം പറഞ്ഞുള്ള തെണ്ടിനടക്കലും അറിയാവുന്ന സാവിത്രിക്കുട്ടിയുടെ അമ്മ അറിഞ്ഞില്ല അക്കാര്യം. അങ്ങനെ സാവിത്രിക്കുട്ടി വലിയവരുടെ ഒരുപാടു കഥകൾ കേട്ടു… പലതും മനസ്സിലായില്ല… പിന്നെപ്പിന്നെ ഒരുപാടുകാര്യങ്ങൾ നേരിട്ടുകണ്ടും അനുഭവിച്ചും അറിഞ്ഞു. എല്ലാമെല്ലാം മനസ്സിന്റെ മൂലയ്ക്കൊതുക്കി സൂക്ഷിച്ചു. മനസ്സിൽ സൂക്ഷിച്ച കഥകളും കാഴ്ചകളും വേരിറങ്ങി ഓർമ്മയുടെ മരങ്ങളായി പടർന്നു പന്തലിച്ചു; അതിലങ്ങിങ്ങു ഭാവനയുടെ പൂക്കളും കായ്കളും വിടർന്നു. സാവിത്രിക്കുട്ടിയുടെ മനസ്സു് ഓർമ്മകളുടെ വനമായി, ഒരു മഹാവനം… ഒരുപാടു വലുതായപ്പോൾ സാവിത്രിക്കുട്ടിക്കു് ഏറ്റവും ഇഷ്ടമുള്ള മണിച്ചേച്ചി—അമ്മുവിന്റെ അപ്പച്ചിയമ്മൂമ്മ, മണിയെന്നാണു് എല്ലാരും വിളിക്കുക—യെ ആ വനത്തിലേക്കു ക്ഷണിച്ചു, ഇടയ്ക്കൊക്കെ: അതിലൊരു ഇതൾ:
തിരിപൊക്കി വച്ച റാന്തൽ വിളക്കു് തൂക്കി മുൻപേ കാര്യസ്ഥൻ രാരിച്ചൻനായർ. റാന്തൽ വെളിച്ചത്തിനു പുറകേ വെള്ളികെട്ടിയ വടിയും പിടിച്ചും ഗമയിൽ സാവിത്രിക്കുട്ടിയുടെ അച്ഛന്റെയച്ഛൻ—അപ്പൂപ്പൻ. അതിനും പുറകിലായി കുറച്ചു് അകന്നു് കത്തിച്ച വലിയൊരു ചൂട്ടുകറ്റ ഉയർത്തി വായുവിൽ ചുഴറ്റിവീശി കുഞ്ഞുവറീതുമാപ്പള. മുറതെറ്റാതെ എന്നും രാത്രിയിൽ ഇളയിടത്തുമഠത്തിന്റെ പടിപ്പുരയിൽ നിന്നിറങ്ങി പാടവരമ്പേ മുൻപിലും പുറകിലും വെളിച്ചത്തിന്റെ അകമ്പടിയോടെ അപ്പൂപ്പൻ സാവിത്രിക്കുട്ടിയുടെ അച്ഛമ്മയുടെ വീടായ കുന്നിക്കാട്ടു തറവാട്ടിലേക്കു വരുന്നതു് ഒരു കാഴ്ചതന്നെയാണു്!
പാടത്തിന്റെ അതിർത്തിയിലെ കൈത്തോടുകടന്നു് അപ്പൂപ്പൻ കുന്നിക്കാട്ടു തറവാട്ടിലേക്കുള്ള പടിക്കെട്ടുകയറി മുറ്റത്തെത്തുന്നതുവരെ ചൂട്ടുകറ്റ ഉയർത്തിപ്പിടിച്ചു നില്പാണു് കുഞ്ഞുവറീതുമാപ്പള. പിന്നെ തിരിഞ്ഞു് ഇരുട്ടിൽ തീവെളിച്ചത്തിന്റെ വളയങ്ങൾ വരച്ചു് ചൂട്ടുകറ്റ വടക്കോട്ടു പോയി പാടവും കടന്നു് ഏതോ കയ്യാലയ്ക്കപ്പുറം അപ്രത്യക്ഷമാകും.
അപ്പൂപ്പൻ, വീടിന്റെ നടക്കല്ലിൽ കയറും വരെ റാന്തലുയർത്തിക്കാട്ടി നിൽക്കും രാരിച്ചൻനായർ. പിന്നെ വരാന്തയുടെ അരമതിലിൽ റാന്തൽ വിളക്കു് തിരിതാഴ്ത്തി വച്ചു്, വടക്കേമുറ്റത്തെ വിറകുപുരയുടെ ഇറമ്പിൽ തൂക്കിയിട്ടിരിക്കുന്ന ചൂട്ടുകറ്റയിൽ നിന്നൊരെണ്ണമെടുത്തു് കത്തിച്ചു് രാരിച്ചൻനായർ വന്ന വഴിയേ തിരിച്ചു നടക്കും.
മെതിയടി നടക്കല്ലിൽ ഊരിയിട്ടു്, അരമതിലിൽ നിന്നു് കിണ്ടിയെടുത്തു് കാൽകഴുകി വരാന്തയിൽ കയറി ചൂരൽവരിഞ്ഞ വലിയ ചാരുകസേരയിൽ കാലുകൾ നീട്ടിവച്ചു് കിടക്കും അപ്പൂപ്പൻ. വാക്കിംഗ് സ്റ്റിക്കു് അടുത്തു തന്നെ ചാരി വച്ചിട്ടുണ്ടാകും.
അപ്പോഴേയ്ക്കും സാവിത്രിക്കുട്ടിയുടെ അമ്മ തേച്ചുമിനുക്കി സ്വർണ്ണവർണ്ണമാക്കിയ ചെറിയ ഓട്ടുമൊന്തയിൽ സൂചിഗോതമ്പുറവയിട്ടു കാച്ചി പഞ്ചാരയിട്ട പാലുമായെത്തും. അമ്മ ഭവ്യതയോടെ മൊന്ത അപ്പൂപ്പന്റെ കയ്യെത്തുന്നിടത്തു് അരമതിലിൽ വയ്ക്കും.
“അച്ഛാ പാലു്” എന്നു കേൾക്കുമ്പോൾ കാലുരണ്ടും താഴ്ത്തിയിട്ടു് നേരെയിരുന്നു് അമ്മയെ നോക്കി പുഞ്ചിരിക്കും. എന്നിട്ടു് മൊന്തയെടുത്തു് ചുണ്ടിൽ തൊടാതെ കുറേശ്ശെ വായിലൊഴിച്ചു് ആസ്വദിച്ചുകുടിച്ചു് മൊന്ത അമ്മയുടെ കയ്യിൽ കൊടുക്കും. അപ്പോളും പതുക്കെ തലയാട്ടി പുഞ്ചിരിക്കും. അപ്പൂപ്പന്റെ സ്നേഹം നിറഞ്ഞ ആ പുഞ്ചിരി അമ്മയ്ക്കുള്ള സമ്മാനമാണെന്നാണു് അമ്മ പറഞ്ഞതു്.
പാലുകുടി കഴിഞ്ഞാൽ എഴുന്നേറ്റു് കിണ്ടിയിൽ നിന്നു് വെള്ളമെടുത്തു് വായകഴുകിത്തുടച്ചു് റാന്തൽ വിളക്കുമായി അപ്പൂപ്പൻ മുറിയിലേക്കു കയറും. അതു് സാവിത്രിക്കുട്ടിയുടെ അച്ഛമ്മയുടെ മുറിയാണു്. ആ വീട്ടിലേയ്ക്കും വച്ചു് വലുതും നല്ലതും… വാൽക്കിണ്ടി നിറയെ വെള്ളവും മുറുക്കാൻ ചെല്ലവുമായി അച്ഛമ്മ അപ്പൂപ്പനു പുറകേ മുറിയിൽ കയറി വാതിലടയ്ക്കും.
ഒരിക്കൽ പോലും പകൽ സമയത്തു് അപ്പൂപ്പൻ ആ വീട്ടിലേക്കു വരികയോ ഒരു ഗ്ലാസു് വെള്ളമെങ്കിലും കുടിക്കുകയോ ചെയ്യാറില്ലെന്നു് അമ്മ. വെളുപ്പിനെ അപ്പൂപ്പൻ ഏഴുന്നേൽക്കും, സാവിത്രിക്കുട്ടിയുടെ അച്ഛൻ അപ്പൂപ്പനൊപ്പം ഇളയിടത്തുമഠം വരെ പോകും. അച്ഛനുമായി അപ്പൂപ്പൻ വഴിനീളെ ഓരോ കാര്യങ്ങൾ ചർച്ചചെയ്യും. അച്ഛനോടും അച്ഛമ്മയോടുമല്ലാതെ മറ്റുമക്കളും മരുമക്കളുമായൊന്നും അപ്പൂപ്പൻ സംസാരിക്കുന്നതു് അമ്മ കണ്ടിട്ടേയില്ലത്രെ. പക്ഷേ, എല്ലാവരോടും സ്നേഹത്തോടെ തലയാട്ടി പുഞ്ചിരിക്കും, എപ്പോഴും മുഖത്തൊരു പുഞ്ചിരി തങ്ങിനില്ക്കും.
സാവിത്രിക്കുട്ടിയുടെ അച്ഛമ്മ വലിയ ഗൗരവക്കാരിയാണു്, വലിയ തലയെടുപ്പാണു്. ഒരു കിരീടം കൂടി വച്ചാൽ ഒരു രാജ്ഞിതന്നെ. എപ്പോഴും തിരക്കോടു തിരക്കു് നിർദ്ദേശങ്ങളും ശാസനകളുമായി വീട്ടിലും പുരയിടത്തിലുമെല്ലാം അച്ഛമ്മയുണ്ടാകും. അച്ഛമ്മയ്ക്കു ചിരിക്കാനറിയില്ലായിരുന്നുവെന്നാണു് സാവിത്രിക്കുട്ടിയുടെ അമ്മ പറയുന്നതു്; ‘അത്രേം വല്യേ കുടുംബത്തിന്റെ കാര്യങ്ങൾ മുഴുവൻ നോക്കി നടത്തുമ്പോൾ ചിരിക്കാൻ മറന്നുപോകുന്നതാകുമെ’ന്നു് അമ്മ കൂട്ടിച്ചേർക്കും.
അവിടത്തെ കാര്യങ്ങൾ വിചിത്രമാണു്.
നെല്ലുകുത്തുന്നതും അവലിടിക്കുന്നതും അരിപൊടിക്കുന്നതുമെല്ലാം പണിക്കാരത്തികളും വീട്ടിലുള്ള പെണ്ണുങ്ങളും ചേർന്നാണു്. പക്ഷേ, അപ്പൂപ്പനു് രാത്രിയിൽ കഴിക്കാനുള്ള സൂചിഗോതമ്പു് വെള്ളം നനച്ചുവച്ചു് കുത്തിയെടുത്തു് ഉണക്കുന്നതും പിന്നെ വറുത്തു് കഴുകിത്തുടച്ച മരയുരലിലിട്ടു് തരിതരിയായി പൊടിച്ചെടുത്തു് ചുരയ്ക്കാക്കുടുക്കയിൽ ഭദ്രമായടച്ചു് തേങ്ങാപുരയുടെ ഉത്തരത്തിൽ ഉറിയിൽ തൂക്കിയിടുന്നതും എല്ലാം സാവിത്രിക്കുട്ടിയുടെ അമ്മ തന്നെയാണു ചെയ്യുക. മറ്റാരും അതിൽ തൊടുകയില്ല. തൊടാൻ പാടില്ലത്രെ… നാട്ടിൽ സൂചിഗോതമ്പു് ഒരു അപൂർവ്വ വസ്തുവായിരുന്നു അന്നു്.
അപ്പൂപ്പനുള്ള പാലു് അടുക്കളയിൽ കേറ്റിക്കൂടാ. തേങ്ങാപ്പുരയുടെ മുറ്റത്തു് അടുപ്പുകൂട്ടി കൊതുമ്പുകത്തിച്ചു് പുതുതായി വാങ്ങിയ വെള്ളോട്ടുരുളി തേച്ചുമിനുക്കി അമ്മ തന്നെ അതിൽ പാലൊഴിച്ചു് റവ കാച്ചിയെടുക്കും. രണ്ടുമൂന്നു കറവപ്പശുക്കളുണ്ടു് അവടെ. എന്നാലെന്താ ആ പാലെടുത്തുകൂടാ. അപ്പൂപ്പനുള്ള പാലു് പുതുക്കോട്ടില്ലത്തൂന്നാ വാങ്ങുന്നതു്. നങ്ങേമക്കുഞ്ഞാത്തോലു് തന്നെ പശുവിനെ കറന്നു് വേലിക്കൽ കൊണ്ടുവന്നു് അമ്മയുടെ കയ്യിലുള്ള ലോട്ടയിലേക്കു് ഒഴിച്ചുകൊടുക്കും…
അപ്പൂപ്പനുള്ള പാലും പഞ്ചാരയും പാത്രങ്ങളുമൊന്നും അടുക്കളയിൽ കൊണ്ടുപോകില്ല, അശുദ്ധമാകില്ലേ! എല്ലാം തേങ്ങാപ്പുരയുടെ കഴുക്കോലിൽ തൂക്കിയിട്ട ഉറിയിൽ സൂക്ഷിക്കും.
‘അപ്പോ വീട്ടിലു് വിശേഷദിവസങ്ങളീ പായസോം പലഹാരോം ഒക്കെ ഒണ്ടാക്കില്ലേ? അതൊന്നും അദ്ദേഹത്തിനു കൊടുക്കില്ലേ?’ ലീലേച്ചി അമ്മയോടു സംശയം ചോദിച്ചു.
‘അയ്യോ, അദ്ദേഹത്തിനു ആ വീട്ടീന്നൊന്നും കഴിച്ചുകൂടാ, നമ്മടടുക്കളേ വയ്ക്കണ സാധനല്ലേ!’
‘അതിനെന്താ, അവടെത്താമസിക്കുന്നതു ഭാര്യേം മക്കളുമല്ലേ?’
‘അതല്ല ലീലേ. സാവിത്രിക്കുട്ടീടെ അച്ഛമ്മേമൊക്കെ നായന്മാരല്ലേ, അവരെ തൊട്ടുതിന്നാൽ പറ്റ്വോ അദ്ദേഹത്തിനു്, ക്ഷത്രിയനല്ലേ!’
ലീലച്ചേച്ചി വാപൊത്തിച്ചിരിക്കുന്നതു് സാവിത്രിക്കുട്ടി വ്യക്തമായിക്കണ്ടു, അതിലെന്താണു് ചിരിക്കാനുള്ളതെന്നു് പക്ഷേ, മനസ്സിലായില്ല.
ലീലേച്ചി വിടാൻ ഭാവമില്ലായിരുന്നു, വീണ്ടും ചോദിച്ചു:
‘അപ്പോ ചേച്ചിയുണ്ടാക്കുന്ന ഗോതമ്പും പാലും…?’
അതുകേട്ടപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു. പക്ഷേ, പെട്ടെന്നു തന്നെ അരിശത്തോടെ അമ്മ പറഞ്ഞു:
‘ങ്ഹും… പറഞ്ഞു പറ്റിച്ചതല്ലേ… ഇളയിടത്തുമഠത്തീന്നു വന്ന ആലോചന… വല്യേതമ്പുരാന്റെ പുന്നാരമോൻ, പടിത്തക്കാരൻ! ആരേലും സംശയിച്ചോ! ഞങ്ങളെന്താ മോശക്കാരാന്നാ… പണ്ടു നമ്പൂരാരു സംബന്ധോള്ള തറവാടു്… തിരുവിതാംകൂർ രാജകുടുംബായിട്ടുവരെ ബന്ധം… തിരുമുഖത്തുപിള്ളേടെ തായ്വഴിയാ… എന്റെ കുഞ്ഞമ്മാവന്റെ മകളെ കെട്ടിച്ചുകൊടുത്തതു് ചെമ്പകശ്ശേരി മഠത്തിലെ കുഞ്ഞനിയൻതമ്പിക്കു്… എന്നിട്ടിവിടെ വന്നപ്പളല്ലേ… എന്റെ പാരമ്പര്യം അറിയാവുന്ന കൊണ്ടല്ലേ അച്ഛൻ…’ അമ്മ പൂർത്തിയാക്കിയില്ല.
അതിൽപിന്നെ സാവിത്രിക്കുട്ടിക്കു് കണ്ട ഓർമ്മ പോലുമില്ലാത്ത കേട്ടപ്പോഴൊക്കെ ചെറിയ പേടി തോന്നിയിരുന്ന അച്ഛമ്മയോടു് ഒരുപാടു് ഇഷ്ടം തോന്നാൻ തുടങ്ങി.