നാട്ടുകാരുടെ ഉത്സവമാണു്… മൂന്നുമണിക്കേ തുടങ്ങി, ഒട്ടും വൈകിച്ചുകൂടാ. ആ സ്ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ മാത്രമല്ല, മീനച്ചിലാറ്റിനക്കരെയുള്ള ജനങ്ങൾ വരെ അന്നത്തെ പണി പാതിയിലുപേക്ഷിച്ചു് വഞ്ചിയിൽ കയറി ആറുകടന്നു് കാഴ്ചകാണാനെത്തിയിട്ടുണ്ടു്: ‘നമ്മടെ പിള്ളാര്ടെ കളികളാ, അതുകാണാൻ നമ്മളു വരാതിരുന്നാലോ’ എന്നാ ഭാവം. ആരുടേയും ഭരണവും ശാസനയും ഇല്ലാതെ, ക്യൂനിക്കാതെ, ടിക്കറ്റെടുക്കാതെ നേരെയിങ്ങു കയറിവരാം, സന്തോഷത്തോടെ കാഴ്ച കാണാം.
‘ഓ… ഒക്കെ ഒരു വകയാ… സർക്കാർ പള്ളിക്കുടത്തിലെ പിള്ളാരല്ലയോ… അവരെന്തോ ഒണ്ടാക്കാനാ… ഒക്കെയൊരു കാട്ടിക്കൂട്ടലാ.’ പോസ്റ്റ്മിസ്ട്രസു് ആനിയമ്മ എല്ലാവരോടുമായി പറഞ്ഞു ചിരിച്ചു. അവരുടെ മകൻ സെന്റ്തോമസ് ഹൈസ്ക്കൂളിലാ പഠിക്കുന്നേ. ‘അവടത്തെ ആനിവേഴ്സറിയാണു് ആനിവേഴ്സറി! എന്തെല്ലാം കലാപരിപാടികളാന്നോ. ഒക്കേത്തിനും പ്രത്യേകം സാറമ്മാരെ വച്ചു് താളോം മേളോമായിട്ടാ പഠിപ്പിക്കുന്നേ. ചേരുംപടിയൊള്ള വേഷങ്ങളാ ഒണ്ടാക്കണെ. ടോണിക്കു് നാടകത്തിലേക്കൊള്ള വേഷമൊണ്ടാക്കാൻ പത്തുരൂപയാ കൊടുത്തേ… പിന്നെ കളിയാന്നാ! മെത്രാനച്ചൻ വരെ പരിപാടി കാണാൻ വരും.’
ആനിയമ്മ പോസ്റ്റാഫീസിലൊള്ളവരോടും വന്നവരോടും പോയവരോടുമെല്ലാം മിടുക്കു പറഞ്ഞു. എന്നിട്ടു് സർക്കാർ സ്ക്കൂളിലെ പാവം ലീലാമണി റ്റീച്ചറും ചാക്കോസാറും കൂടി പഠിപ്പിച്ച പിള്ളാര്ടെ ‘ഒരു വക പരിപാടി’ കാണാൻ ആനിയമ്മ മിസ്ട്രസു് മൂന്നുമണിക്കേ പോസ്റ്റാഫീസ് പൂട്ടി, സ്റ്റേജിനു മുമ്പിൽ കൊച്ചുപിള്ളേർക്കൊപ്പം ചമ്രം പടിഞ്ഞിരുന്നു.
ഈശ്വര പ്രാർത്ഥനയും,
വഞ്ചീശമംഗളവും,
ഓട്ടൻതുള്ളലും,
‘ദുർവ്വാസാവിന്റെ ശാപം’ നാടകവും
രണ്ടുമൂന്നു കുട്ടികളുടെ ഗാനങ്ങളും… സദസ്സു് കയ്യടിച്ചു തലകുലുക്കി ആനന്ദിച്ചു. മണി അഞ്ചരയാകുന്നു…
അവസാനത്തെ ഇനമാണു് നാട്ടുകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റം—നൃത്തങ്ങൾ: ആകെ രണ്ടു നൃത്തങ്ങൾ—ആദ്യമായി നാടോടി നൃത്തം: ‘ആനത്തലയോളം…’ ‘രംഗത്തു് മണിയമ്മ—അഞ്ചാം ക്ലാസ്സ്’, ചാക്കോസാർ അനൗൺസുചെയ്തു. ഒരു ചെറിയ ആരവവും കയ്യടിയും…
മേക്കപ്പും പകിട്ടുമൊന്നുമില്ല. ചുവന്ന റിബ്ബൺ തലയിൽ ചുറ്റി ഒരു സൈഡിലായി പൂപോലെ ഞൊറിഞ്ഞു കെട്ടിയിട്ടുണ്ടു്. എന്നും ഉടുക്കുന്ന തോർത്തല്ല, നല്ല പുള്ളിപ്പാവാടയും ചീട്ടിജാക്കറ്റുമിട്ടു് സുന്ദരിയായ മണിയമ്മ ഒരു ചെറിയ നാണത്തിന്റെ കൂട്ടോടെ സ്റ്റേജിലേക്കു കയറി എല്ലാവരേയും നോക്കി പെട്ടെന്നു കണ്ണു പിൻവലിച്ചു. റ്റീച്ചർ പറഞ്ഞിട്ടുണ്ടു്, സദസ്സിലേക്കു നോക്കിയാൽ പരിചയക്കാരെ കാണുമ്പോൾ നാണം വരും, അതുകൊണ്ടു് നോക്കരുതു്.
നാടോടി നൃത്തം തുടങ്ങി:
ആനന്ദശ്രീകൃഷ്ണാ വാമുറുക്കു്…
…മണിയമ്മയുടെ മധുരമായ മണിനാദം… തന്നെ പാടി നൃത്തം ചെയ്തു… എന്താ കയ്യടിയും വിസിലും…
അടുത്തതു്: ‘കൃഷ്ണലീല’—‘സാവിത്രിക്കുട്ടി & പാർട്ടി, ഫസ്റ്റ് ഫോം.’ ‘ആളുകൾ നിശ്ശബ്ദരായിരിക്കണം…’ അനൗൺസ്മെന്റു കേട്ടതും ആളുകൾ ഇളകിയിരുന്നു. അനൗൺസുമെന്റ് തുടർന്നു: ‘കൃഷ്ണനായി രംഗത്തു് സാവിത്രിക്കുട്ടി… ഗോപികമാർ: റാണി കുരുവിള, തങ്കമ്മ, കമല, റോസിതമ്പി… ശരി, തുടങ്ങുന്നു…’
സാവിത്രിക്കുട്ടി ആന്റു പാർട്ടിയുടെ ഡാൻസു് സാവിത്രിക്കുട്ടിയും കൂട്ടുകാരുംകൂടി ചിട്ടപ്പെടുത്തിയതാണു്. ആശാട്ടി സാവിത്രിക്കുട്ടി. പക്ഷേ, അവൾ നൃത്തം പഠിച്ചിട്ടില്ല. പിന്നെങ്ങനെ സാധിച്ചു…
മീനാക്ഷിയമ്മ—സാവിത്രിക്കുട്ടിയുടെ അമ്മ—സംഗീതജ്ഞയാണു്. അഞ്ചാം ക്ലാസ്സുവരെയേ സ്ക്കൂളിൽ വിട്ടുള്ളൂ; പക്ഷേ, ഭാഗവതരെ വീട്ടിൽ താമസിപ്പിച്ചു് സംഗീതം പഠിപ്പിച്ചു മീനാക്ഷിയമ്മയേയും ചേച്ചിമാരേയും. സാവിത്രിക്കുട്ടിക്കു അഞ്ചോ ആറോ വയസ്സിൽ അച്ഛന്റെ നാട്ടിലായിരുന്നു താമസം. അന്നു ധനുമാസത്തിൽ തിരുവാതിര; ഹിന്ദുക്കൾക്കു് എത്ര കേമാന്നോ. ഇരുപത്തെട്ടു ദിവസോം തിരുവാതിര കളിക്കണം. പിന്നേമുണ്ടു് ചടങ്ങുകളൊത്തിരി. ബന്ധുക്കളും അയൽപക്കക്കാരുമായി കുറേ പെൺകുട്ടികൾ… പഠിപ്പിക്കാനാളുണ്ടെങ്കിൽ അവർ പഠിക്കും, കളിക്കും—നാടിന്റെ അഭിമാനമാണു്. എന്താ വഴി…
മീനാക്ഷിയമ്മ ആളൊരു ബഹുമുഖ പ്രതിഭയാണെന്നു് സാവിത്രിക്കുട്ടിക്കൊഴിച്ചു് ആർക്കും മനസ്സിലായിരുന്നില്ല. പക്ഷേ, വൃശ്ചികം ഒന്നാം തീയതി തന്നെ മീനാക്ഷിയമ്മ തിരുവാതിരക്ലാസ്സു തുടങ്ങി: ‘യാമിയാമി ഭൈമീ… കാമിതം… ശീഘ്രം…’ അങ്ങനെ ചില കഥകളി പദങ്ങൾക്കും പഴയ തിരുവാതിരപ്പാട്ടുകൾക്കും പുതുജീവൻ വച്ചു. കല്യാണത്തിനു മുൻപു് സ്വന്തം നാട്ടിൽ വച്ചു് പാടിയതും കളിച്ചതും ഓർമ്മയിലുണ്ടു്, പിന്നെ ഭാവനയും മനോധർമ്മവും…
അങ്ങനെ തിരുവാതിര പഠിത്തം മുറുകിയപ്പോൾ രസം കേറിയ നാട്ടുകാർ പുതിയ എന്തെങ്കിലും ഐറ്റം തിരുവാതിരകൂടി വേണമെന്നു നിർബ്ബന്ധം. മൂന്നു ദിവസം പഠിപ്പു് നിർത്തിവച്ചു മീനാക്ഷിയമ്മ തപസ്സിരുന്നു. ദാ… ഒരുഗ്രൻ ‘കുമ്മി’ റഡി. കുമ്മിയടി ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഹരമാണു്. ആവേശമുണർത്തുന്ന ചുവടുകളും മുദ്രകളും… ‘പങ്കജാക്ഷൻ കടൽവർണ്ണ’ നൊന്നുമല്ല. നാട്ടിന്റെ സമകാലിക പ്രശ്നങ്ങൾ കൂടിചേർത്തു് പുതുപുത്തൻ പാട്ടുകളാണു് മീനാക്ഷിയമ്മ ഉണ്ടാക്കിയതു്; അതിൽ തമാശകളും വേണ്ടുവോളം. ‘വടക്കു് യുദ്ധം നടക്ക്വല്ലേ, ഇവടന്നും പോയിട്ടില്ലേ ചിലരൊക്കെ പട്ടാളത്തീച്ചേരാൻ… അവര്ടെ കാര്യം കൂടാവട്ടെ’ എന്നു മീനാക്ഷിയമ്മ.
അങ്ങനെ ഉണ്ടാക്കിയ പാട്ടിന്റെ ഒരു വരി സാവിത്രിക്കുട്ടിക്കു് ഓർമ്മയുണ്ടു്: ‘കൊമ്പൻ മീശയും ഹാറ്റും വച്ചൊരു വെള്ളക്കാരനെ കണ്ടെടീ സഖീ.’ വെറും തിരുവാതിരകളിയല്ലായിരുന്നു… കുമ്മിയടിക്കുള്ള പാട്ടാണതു്, പാട്ടും നൃത്തവും കോർത്തിണക്കിയ ഒരു ഹാസ്യനാടകം പോലുണ്ടായിരുന്നു. കളിക്കാർ തമ്മിൽ കുസൃതിച്ചോദ്യങ്ങളും ഉത്തരങ്ങളും പാട്ടിലും മുദ്രകളിലും ചുവടുകളിലും കൂടി… രണ്ടാം ലോകമഹായുദ്ധം കൊണ്ടുവന്ന കെടുതികൾ, യുദ്ധം തീർന്നപ്പോൾ ഇരട്ടിയായി അനുഭവിക്കേണ്ടിവന്നു ജനങ്ങൾക്കു്; അവർക്ക് നിരുപദ്രവമായി ഇത്തിരിനേരം രസിക്കാനുള്ള വക മീനാക്ഷിയമ്മ ‘കുമ്മി’ യിൽ ചേർത്തുവച്ചിരുന്നു… വലിയ വിജയമായിരുന്നു ആ കളി…
അപ്പോൾ എന്തെങ്കിലും പുതിയ ഐറ്റം ഇനിയും വേണമെന്നായി; കാഴ്ചക്കാരായി ആബാലവൃദ്ധം ജനങ്ങൾ… കൊച്ചുഗ്രാമത്തിലെ കൊച്ചു ജനക്കൂട്ടം.
അന്നുവരെ അമ്പലത്തിലെ ആണ്ടുത്സവത്തിനു് കണ്ടിട്ടുള്ള കുറത്തിയാട്ടം, വേലകളി, ഗരുഡനാട്ടം, പാഠകം ഒക്കെയല്ലാതെ ‘ബാലെ’ എന്നൊരു കളി മീനാക്ഷിയമ്മ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. പക്ഷേ, ഇതിഹാസങ്ങളും പുരാണങ്ങളും മീനാക്ഷിയമ്മയ്ക്കു കാണാപ്പാഠം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു അന്നു ഹിന്ദിപഠിത്തം. മീനാക്ഷിയമ്മയ്ക്കു് ഹിന്ദി അറിയില്ലെങ്കിലും ഹിന്ദി നാടകങ്ങളും മറ്റും വായിച്ചു് തർജ്ജമചെയ്തു കൊടുക്കുമായിരുന്നു സാവിത്രിക്കുട്ടിയുടെ അച്ഛൻ നാരായണൻനായർ.
മീനാക്ഷിയമ്മയുടെ മനസ്സിൽ പുതിയ ഐഡിയ ഉദിച്ചു… അങ്ങനെ ‘കൃഷ്ണലീല’ നൃത്തസംഗീത നാടകം രൂപമെടുത്തു. മൂന്നോ നാലോ ദിവസം കൊണ്ടു് രംഗങ്ങൾ നിശ്ചയിച്ചു; പാട്ടും റഡി… മൂന്നാലു ദിവസം കഞ്ഞിയും ചമ്മന്തിയും കൊണ്ടു് തൃപ്തിപ്പെടാൻ സാവിത്രിക്കുട്ടിയുടെ അച്ഛനും ചേട്ടന്മാർക്കുമൊന്നും മടിയുണ്ടായില്ല. ആറുവയസ്സുകാരിയായ സാവിത്രിക്കുട്ടി പിന്നെ ‘കൃഷ്ണലീല’ യുടെ ഭാഗമല്ലേ… കൃഷ്ണലീലയിലെ കൃഷ്ണൻ… മുദ്രയും വേണ്ട, ചുവടുകളും വേണ്ടാ, ഓടക്കുഴലും പിടിച്ചു് കാലുപിണച്ചു് നിന്നുകൊടുത്താൽ മതി… ഇടയ്ക്കു് ഗോപികമാരുടെ പുറകേ ഓടണം. അവർ കുളിക്കുന്നതായി അഭിനയിക്കുമ്പോൾ അവരുടെ തോർത്തുമുണ്ടെടുത്തു് മുറ്റത്തരികിലെ കാപ്പിക്കമ്പിൽ തൂക്കിയിടണം… അത്രയൊക്കെമതി. അത്രയൊക്കെയേ ഉള്ളായിരുന്നെങ്കിലും ഗോപികമാരുടെ നൃത്തച്ചുവടുകളും, തിരുവാതിരച്ചുവടുകളും കള്ളക്കൃഷ്ണൻ കണ്ടു പഠിച്ചു…
അതു പണ്ടു്…
ഇപ്പോൾ സാവിത്രിക്കുട്ടി ഫസ്റ്റുഫോമിലാണു് പഠിക്കുന്നതു്, പത്തുവയസ്സായി. സിറ്റിയിലാണു് താമസം. തെക്കേതിലെ അമ്മിണിച്ചേച്ചി നൃത്തം പഠിക്കുന്നുണ്ടു്. ഒരുപാടു ജോലിയുള്ള ദിവസങ്ങളിൽ അച്ഛൻ ബാങ്കിൽ നിന്നുവരാൻ രാത്രിയാകും. അച്ഛന്റെ വരവു കാത്തു് വരാന്തയുടെ മൂലയ്ക്കു് തൂണിൽ ചാരിയിരുന്നു മയങ്ങും അമ്മ. റാന്തൽ തിരിതാഴ്ത്തി അടുത്തു വച്ചിട്ടുണ്ടാകും. എല്ലാവരും ഉറക്കം പിടിച്ചുകാണും. പക്ഷേ, സാവിത്രിക്കുട്ടി അമ്മയ്ക്കു കൂട്ടായി അടുത്തിരിക്കും.
അതാണു് പറ്റിയ സമയം. അമ്മിണിച്ചേച്ചി സാവിത്രിക്കുട്ടിയെ നൃത്തം പഠിപ്പിക്കുന്നതു് അപ്പോഴാണു്. വീതിയുള്ള വരാന്തയുടെ വടക്കേയറ്റത്തു്, നാട്ടുവെളിച്ചത്തിൽ—നിലാവുള്ളപ്പോഴേ പറ്റൂ—മുദ്രകളും ചുവടുകളും ഓരോന്നായി കാണിച്ചു കൊടുക്കും… അമ്മിണിച്ചേച്ചി പഠിപ്പിച്ചതിനൊപ്പം ചില്ലറ മനോധർമ്മവും ചേർത്തു സാവിത്രിക്കുട്ടി; അമ്മയുടെ മകളല്ലേ. അങ്ങനെ അത്യാവശ്യം ഒരു അഞ്ചുമിനിട്ടു് ‘കൃഷ്ണലീല’ നൃത്തത്തിനുള്ള വക ഒപ്പിച്ചെടുത്തു.
പക്ഷേ, പ്രശ്നമുണ്ടാകാതിരുന്നില്ല… താളം ചവിട്ടുന്ന ശബ്ദം കേട്ടുണർന്ന അമ്മ കലിതുള്ളി: ‘എന്താടീ ഈ പാതിരായ്ക്കു് കോമാളി തുള്ളണേ?’ ‘രാഗമാലിക’, ആനിവേഴ്സറിക്കു കളിക്കാനാ. എന്താണാവോ ഈ രാഗമാലിക!, രക്ഷപ്പെടാൻ കട്ടിയിലൊരു പേരു പറഞ്ഞു സാവിത്രിക്കുട്ടി… കയ്യിൽക്കിട്ടിയ കമ്പു് ഒടിച്ചെടുത്തു് ‘അവടമ്മേടെ രാഗമാലിക’ എന്നു ദേഷ്യപ്പെട്ടു് രണ്ടുമൂന്നടി… അങ്ങനെ ഒന്നുരണ്ടു തവണ അടിവാങ്ങിക്കേണ്ടി വന്നെങ്കിലും നൃത്തം റെഡിയാക്കി.
നൃത്തം ശരിയാക്കിയെങ്കിലും സാവിത്രിക്കുട്ടിയുടെ മനസ്സിൽ അമ്മയുടെ ദേഷ്യം വല്ലാത്ത അസ്വസ്ഥത ബാക്കിയാക്കി. സ്വന്തം നാട്ടിൽ തറവാട്ടുമുറ്റത്തു ആണ്ടിലൊരിക്കൽ പേരിനു തിരുവാതിരകളിയിൽ പങ്കെടുത്ത പരിചയം മാത്രമുള്ള അമ്മയാണു് ഭർത്താവിന്റെ നാട്ടിൽ തന്റെ പ്രതിഭ കൊണ്ടു താരമായതു്. എങ്ങനെയാണു് നാലഞ്ചുകൊല്ലം കൊണ്ടു് ആ അമ്മ എല്ലാത്തിനോടും കലഹിക്കാൻ പഠിച്ചതു്!
തത്കാലം സാവിത്രിക്കുട്ടി മനസ്സിലെ ഭാരം ഒരു കോണിലൊതുക്കി. താനും അമ്മിണിച്ചേച്ചിയും കൂടി ചിട്ടപ്പെടുത്തിയെടുത്ത കൃഷ്ണലീല കൂട്ടുകാരെ പഠിപ്പിച്ചു… ആനിവേഴ്സറിക്കു് സ്റ്റേജിൽ കയറിയൊന്നു ഷൈൻ ചെയ്യണമെന്നതു് വളരെക്കാലത്തെ മോഹമായിരുന്നു… കൂട്ടുകാരുടെ വക കൂട്ടിച്ചേർക്കലുകളോടെ നൃത്തനാടകം തയ്യാർ…
‘കൃഷ്ണലീലക്കാർ ഒതുങ്ങി നില്ക്കുകയായിരുന്നു… ബഞ്ചുകൾ അടുക്കി നിരത്തിയ സ്റ്റേജിലേക്കു് സാവിത്രിക്കുട്ടി ആൻഡ് പാർട്ടി ചടപടാ ചാടിക്കയറി വട്ടത്തിൽ നിന്നു താളമിട്ടു തുടങ്ങി.’ ‘സാ… നി… ധാ… പാ മഗമ…’ നൃത്തം തുടങ്ങിയതും സ്റ്റേജിനു മുൻപിൽ പാട്ടിനും കുട്ടികളുടെ ആരവത്തിനും മീതെ ഒരലർച്ചയും എന്തോ വീഴുന്ന ശബ്ദവും ആരുടെയൊക്കെയോ നിലവിളിയും ഉയർന്നു…