ശബ്ദം കേട്ടിടത്തേക്കു് ആദ്യം ഓടിയെത്തിയതു് ലീലാമണിറ്റീച്ചറും മാത്യു സാറുമായിരുന്നു; ആനിവേഴ്സറി നടത്തിപ്പിന്റെ ചുമതലക്കാർ.
വീണുകിടക്കുന്നിടത്തു കിടന്നുരുളുകയും എന്തൊക്കെയോ വിളിച്ചുപറയുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടി. പക്ഷേ, അവൾ പറയുന്നതു പുരുഷശബ്ദത്തിലാണു്… കുനിഞ്ഞു നോക്കിയ ലീലാമണിറ്റീച്ചർ പെട്ടെന്നു തിരിഞ്ഞു് മാത്യുസാറിനെ നോക്കി; അവരുടെ മുഖം വിവർണമായിരുന്നു:
“ഇതവളാ സാറേ, പാർവ്വതി. ഏഴിലെ പാർവ്വതി. ഇന്നു വെള്ളിയാഴ്ചയല്ലേ?” മാത്യു സാറിനു മനസ്സിലായില്ല. ഓടിവന്ന പ്യൂൺ സുയോധനൻപിള്ള ആരും എന്തെങ്കിലും പറയുന്നതിനു മുൻപുതന്നെ പാർവ്വതിയെ രണ്ടുകയ്യിലും കോരിയെടുത്തു. കിടന്നുപുളയുകയും അടിക്കുകയും മാന്തുകയും ചെയ്യുന്ന പാർവ്വതിയെ പാടുപെട്ടു് ആഫീസുമുറിയിലെ ബഞ്ചിൽ കിടത്തി.
ഹെഡ് മാസ്റ്ററുടെ മേശപ്പുറത്തുനിന്നു് വലിയ ചൂരൽവടി എടുത്തു സുയോധനൻപിള്ള. ഇതെന്തിനു് എന്നു് അമ്പരന്ന മാത്യുസാറിനെ ഞെട്ടിച്ചുകൊണ്ടു് സുയോധനൻപിള്ള പാർവതിയെ ചൂരൽ വീശിയടിച്ചു; കൂടെ കർക്കശ ശബ്ദത്തിൽ ചോദ്യവും:
“നീയാരാ, പറ; നീയെന്തിനിവിടെ വന്നൂ? പറ, പറ.”
രണ്ടാമതും അടിക്കാൻ ഓങ്ങിയ സുയോധനൻപിള്ളയുടെ കൈയിൽ കയറിപ്പിടിച്ചു് മാത്യു സാർ ദേഷ്യപ്പെട്ടു: “എന്തായീ കാണിക്കുന്നേ? അസുഖം വന്ന കൊച്ചിനെ അടിക്കേ? ഇനി അടിക്കരുതു്.” വടിപിടിച്ചു വാങ്ങാൻ നോക്കിയ മാത്യു സാറിനെ തടഞ്ഞു ലീലാമ്മണിറ്റീച്ചർ:
“എന്റെ സാറേ, അയാടെ കൈവിടു് ഇതു കളി വേറെയാ. അങ്ങനെയിങ്ങനെയൊന്നും എറങ്ങിപ്പോകുന്ന എനമല്ല കൂടിയേക്കുന്നേ. ആ പണിക്കത്തിപ്പെണ്ണിന്റെ പ്രേതാ… കാഞ്ഞ വിത്താ. എത്ര ഭേദ്യം ചെയ്താലും ഒരു കൂസലുമില്ല അവക്കു്… സാറിനിതു പുത്തരിയാ അല്ലേ?”
മാത്യുസാറിനു മനസ്സിലായില്ല; പുതിയതായി സർവ്വീസിൽ വന്നയാളാണു്. രണ്ടുമാസമേ ആയുള്ളൂ. ചരിത്രമൊന്നുമറിയില്ല.
“ങാ സാറു് ക്രിസ്ത്യാനിയല്ലേ? അല്ലേലും സയൻസുസാറു്! ഇതൊന്നും വിശ്വാസം കാണുകേലാ. കൈവിടു സാറേ.” ഹെഡ് മാസ്റ്റർ മാത്യുസാറിന്റെ കൈപിടിച്ചു മാറ്റി.
“പറ, നീയെന്തിനു വന്നു? വേഗം പൊയ്ക്കോണം, പാർവതിയെ വിട്ടുപോകാംന്നു പറ… പറ. വിട്ടുപോകാംന്നു പറാ.” സുയോധനൻപിള്ള പാർവതിയെ തലങ്ങും വിലങ്ങും അടിക്കുന്നതിനിടയിൽ ഭയങ്കരദേഷ്യത്തിൽ ചോദ്യം ആവർത്തിച്ചു…
“രണ്ടുമാസായിട്ടു് ഇല്ലാണ്ടിരിക്ക്വാരുന്നു. മാസത്തിലൊരിക്കലേലും വരാറൊള്ളതാ. അടികൊണ്ടു തളരുമ്പ അവളെറങ്ങിപ്പൊക്കോളും.” സ്തംഭിച്ചു നിൽക്കുന്ന മാത്യുസാറിനോടു് ലീലാമണിറ്റീച്ചർ പറഞ്ഞു.
“ആരെറങ്ങിപ്പോകുംന്നു്… ഈ കൊച്ചിനെയെന്തിനാ അടിച്ചെറക്കണെ… ഇതു ഹിസ്സീരിയാ അല്ലേ… അതിനെ ഇങ്ങനെ തല്ലാമോ?” സാറിനു സങ്കടം വന്നു.
“അയ്യോ സാറേ, ഇതു് പ്രേതംകൂടീതാ. അസുഖമൊന്നുമല്ല. തല്ലുകൊള്ളുമ്പ ആ പ്രേതം എറങ്ങിപ്പൊക്കോളും… ഓമനേടെ പ്രേതമാ, അവളു പൊക്കോളും.”
“ദേഹത്തു പ്രേതമോ? പാർവതിയെ അടിച്ചാൽ അവൾക്കു തന്നെയല്ലേ വേദനിക്കുന്നേ… എത്ര ക്രൂരമാ ഇതു്. ഒന്നു നിർത്തുന്നുണ്ടോ.”
മാത്യുസാർ പറഞ്ഞുതീരും മുൻപേ പാർവതിയുടെ അട്ടഹാസം കേട്ടു: ‘പോകില്ല, ഞാൻ പോകില്ല… ങ്ഹാ… ഹാ… ഞാൻ പോകില്ല… എന്നേം കൊന്നൂ, എന്റെ കൊച്ചിനേം കൊന്നു… നിന്നെ ഞാൻ കൊല്ലും… നിന്നെ കൊന്നിട്ടേ പോകൂ… ഇപ്പക്കൊല്ലും… ങൂം…’
പെട്ടെന്നവൾ പൊട്ടിക്കരഞ്ഞു:
‘നീയെന്റെ കൊച്ചിനേ കൊന്നില്ലേടാ…’ ആവർത്തിച്ചു പറയുകയും കരയുകയും ചെയ്യുന്നതിനിടയിൽ ശബ്ദം മാറി… പിന്നെ ചറ പറാ എന്തൊക്കെയോ വിളിച്ചുപറയാൻ തുടങ്ങി, പുരുഷശബ്ദത്തിൽ… ആർക്കും പിടികിട്ടാത്ത ഭാഷ. രണ്ടുമൂന്നു മിനിട്ടു് ഉച്ചത്തിൽ മറുഭാഷ പറഞ്ഞ പാർവതി പെട്ടെന്നു് ചാടിയെഴുന്നേറ്റു. വടിയോങ്ങിനിന്ന സുയോധനൻപിള്ളയെ പൂണ്ടടക്കം പിടിച്ചു് ഉന്തിമറിച്ചിട്ടു. ഓർക്കാപ്പുറത്തുള്ള ശക്തമായ ആക്രമണത്തിൽ ആജാനുബാഹുവായ അയാൾ വീണുപോയി, ഒപ്പം പാർവതിയും. പാർവതി അപ്പോഴേക്കും ബോധരഹിതയായിരുന്നു.
സുയോധനൻപിള്ള പാർവതിയെ എടുത്തു് പാട്ടുക്ലാസ്സിലെ ബഞ്ചിൽ കിടത്തി. ബഞ്ചുകൾ അടുപ്പിച്ചിട്ടു് രണ്ടു കൂട്ടുകാരികളെ കാവലിരുത്തി അവർ പുറത്തിറങ്ങി.
ആളുകൾ മുക്കാലും പൊയ്ക്കഴിഞ്ഞു…
സ്റ്റേജിനരികിലേക്കു നടക്കുന്നതിനിടയിൽ മാത്യുസാർ ഹെഡ് മാസ്റ്ററോടു ചോദിച്ചു:
“സർ, ആ കുട്ടീ?”
ഹെഡ് മാസ്റ്റർ തിരിഞ്ഞുനിന്നു് ആക്രോശിച്ചു:
“എന്തോന്നു് ആ കുട്ടി? നാശം… ആകെ അലങ്കോലമാക്കി… അതിന്റെ തള്ളയോടു് പറഞ്ഞതാ ഈ നാശത്തിനെയൊന്നും മേലാൽ ഇങ്ങോട്ടയക്കരുതെന്നു്… അപ്പോ മയിസ്രേട്ടാക്കാംപോണത്രെ… നാശം… പാടുപെട്ടതു വെറുതെ.”
ഹെഡ് മാസ്റ്റർ തിരിഞ്ഞു് കാലുകളമർത്തിച്ചവിട്ടി നടന്നു… ദാ സ്റ്റേജിൽ കുട്ടികൾ ജനഗണമന പാടുന്നു… ഗോപാലൻ മാസ്റ്ററും ലീലാമണിറ്റീച്ചറും മിണ്ടണ്ടെന്നു് മാത്യുസാറിനെ ആംഗ്യം കാണിച്ചു് അറ്റൻഷനിൽ നിന്നു. ജനഗണമന കഴിഞ്ഞതും ഒന്നും പറയാതെ ഹെഡ് മാസ്റ്റർ ആഫീസ് റൂമിലേക്കു നടന്നു.
“പാവം! ഉപസംഹാരത്തിൽ എല്ലാം പറയാം എന്നല്ലേ ഹെഡ് മാസ്റ്റർ ആദ്യം പറഞ്ഞതു്. പാവം തന്റെ മിടുക്കു മുഴുവൻ അക്കമിട്ടു നിരത്തി പ്രസംഗം തയ്യാറാക്കി. മൂന്നാലു ദിവസമായി റിഹേഴ്സലെടുക്കുന്നു. ഒക്കെ വെറുതെയായി.” ഗോപാലൻ മാസ്റ്റർ പറഞ്ഞുചിരിച്ചു…
കുറച്ചു കുട്ടികളൊഴിച്ചെല്ലാരും പൊയ്ക്കഴിഞ്ഞിരുന്നു. സാവിത്രിക്കുട്ടി ആന്റു് പാർട്ടി നിരാശയോടെ മയിൽപീലിയും ചിലങ്കകളുമഴിച്ചു പൊതിഞ്ഞെടുത്തു.
ലീലാമണിറ്റീച്ചറും മാത്യുസാറും തിരിച്ചു് പാട്ടുക്ലാസ്സിൽ വന്നപ്പോളും പാർവതി ഉണർന്നിട്ടില്ല.
“എന്തു പറ്റീതാ ഈ കുട്ടിക്കു്? ഇതു് പ്രേതോം ഭൂതോന്ന്വല്ല… ചികിത്സിപ്പിക്കണം” മാത്യു സാർ പറഞ്ഞു.
“ഓ എന്റെ സാറേ… ഇവളിങ്ങനെയൊന്നുമല്ലാരുന്നു. നല്ല മിടുക്കിക്കുട്ടി… നന്നായി പഠിക്കും. പാട്ടുപാടും. അഞ്ചെട്ടു വയസ്സായപ്പളാ സ്ക്കൂളിലാക്യേ… അവളടച്ചൻ അവരെ ഉപേക്ഷിച്ചതാണത്രേ… അവക്കു പക്ഷേ, ഒരു പ്രശ്നങ്ങളുമില്ലാരുന്നു. ക്ലാസ്സിലൊക്കെ ഫസ്റ്റാ. അവളാരുന്നു മോണിട്ടറും. ഇക്കൊല്ലം ആദ്യാ… ഇതുപോലൊരു വെള്ളിയാഴ്ച… ഞങ്ങളന്വേഷിച്ചു, എല്ലാം അന്വേഷിച്ചു.”
“എന്തന്വേഷിച്ചൂന്നാ?”
“ഈ പ്രേതത്തിന്റെ കാര്യേ… ഇത്തിമൂടുപാലം കടന്നു് മെയിൻ റോഡിലെത്തണേ ആ ഇടറോഡേ കൊറേ നടക്കണം. പാലം കടന്നാലൊടനേ കാണുന്ന ഇല്ലപ്പറമ്പിക്കേറിയങ്ങെറങ്ങിയാ അരമൈലെങ്കിലും നടപ്പുലാഭം. ഇപ്പേല്ലാരും ഇല്ലപ്പറമ്പിക്കൂടാ നടക്കണേ… ” ലീലാമണിറ്റീച്ചർ വിശദീകരിച്ചു.
“ഇല്ലപ്പറമ്പും പാർവതീം തമ്മിലെന്താ?” മാത്യുസാർ ഇടയ്ക്കു കയറി.
“അതാ പറഞ്ഞുവരുന്നേ. ഇല്ലപ്പറമ്പിവച്ചു് അവളേതാണ്ടു കണ്ടു പേടിച്ചതാ… അതൊരു വെള്ളിയാഴ്ചയാരുന്നു.”
“അവടെന്താ പേടിക്കാൻ, അവടെ ആൾത്താമസമില്ലേ?”
“ഓ… അതൊരു പഴയ കഥയാ സാറെ.”
‘വേലുപ്പണിക്കർ പേരുകേട്ട തച്ചനായിരുന്നു. ഏതെല്ലാം നാട്ടിൽ നിന്നായിരുന്നെന്നോ അദ്ദേഹത്തെത്തേടി ആളുകൾ വന്നിരുന്നതു്. അദ്ദേഹത്തിനു ഒരു മകൾ—ഓമന… ഓമന തന്നെയായിരുന്നത്രെ അവൾ എല്ലാവർക്കും. വലിയ പണിക്കർ ഒരു രാജകുമാരിയെപ്പോലെയാണു മകളെ വളർത്തിയതു്. വടക്കെവിടെയോ വലിയ ക്ഷേത്രത്തിന്റെ പണിക്കുപോയിരുന്ന തച്ചൻ തിരിച്ചെത്തിയപ്പോൾ കേട്ട വാർത്ത… അപ്പോൾ മാത്രം കാര്യമറഞ്ഞ കൗസല്യപ്പണിക്കത്തി ബോധം കെട്ടുവീണു. മകൾ ഗർഭിണിയാണു്. വലിയ പണിക്കന്റെ നോട്ടത്തിനു മുൻപിൽ മകൾ സത്യം പറഞ്ഞുപോയി… കൊച്ചുതിരുമേനി ചതിച്ചു; കളിക്കൂട്ടുകാരനെ വിശ്വസിച്ചുപോയി.’
‘തന്റെ സുഹൃത്തിന്റെ മുൻപിൽ യാചിക്കാനല്ല ആജ്ഞാപിക്കാനാണു് മകളെ കൈപിടിച്ചു് വലിയപണിക്കർ ഇല്ലത്തുചെന്നതു്: ‘ഇവളുടെ വയറ്റിൽ നിങ്ങളുടെ മകന്റെ സന്തതി വളരുന്നു. സ്വീകരിക്കുകയോ കൊന്നുകളയുകയോ ചെയ്തോളൂ… എനിക്കിനി ഇവളെ വേണ്ടാ.’ വലിയ പണിക്കൻ തിരിഞ്ഞുനടന്നു. വലിയതിരുമേനിയും പെണ്ണുടലിന്റെ രുചിയറിഞ്ഞ കൊച്ചുതിരുമേനിയുമുൾപ്പെടെ നിഷേധാർത്ഥത്തിൽ നോക്കിനിൽക്കേ ഓമന ഒറ്റയോട്ടത്തിനു് ഇല്ലത്തെ കിണറ്റിൽ ചാടി…’
“ഇല്ലത്തുള്ളവരും വേലുപ്പണിക്കനും എല്ലാം പിന്നെ നാടുവിട്ടുപോയി. ആളുകളുടെ ഓർമ്മയിൽ പോലുമില്ല അവർ… പക്ഷേ, ഓമനയുടെ പ്രേതം എങ്ങോട്ടുപോകാനാ, അതവടൊക്കെത്തന്നെ ചുറ്റി നടക്കുകാണത്രെ.”
“റ്റീച്ചർക്കെങ്ങനെയറിയാം ഇത്ര വിശദമായിട്ടു്?” മാത്യുസാർ.
“കൊള്ളാം, ഞാൻ വന്നിട്ടു് കൊല്ലം അഞ്ചാറായില്ലേ! ഈ നാട്ടുകാരെല്ലാം പറയണതല്ലേ കിണറ്റിന്റകത്തുന്നു കൊച്ചിന്റെ കരച്ചിൽ കേട്ടു, മിറ്റത്തു് പെണ്ണിനെ കണ്ടൂ എന്നൊക്കെ.”
“അതു ശരി. അപ്പോ പാർവതിയും ഈ കഥകളെല്ലാം കേട്ടുകാണും ഇല്ലേ?”
അപ്പോഴേക്കും പാർവതി കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു. മറ്റുള്ളവരുടെ മുഖത്തുനോക്കാനൊരു മടി. തലകുനിച്ചിരുന്ന പാർവതിയുടെ കയ്യിലേക്കു് സുയോധനൻപിള്ളയെ വിട്ടു വാങ്ങിപ്പിച്ചുവച്ചിരുന്ന നാരങ്ങാവെളളം എടുത്തുകൊടുത്തു മാത്യുസാർ.
പാർവതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഗ്ലാസ്സു് കയ്യിൽ വച്ചു് തലകുമ്പിട്ടിരുന്നു പാർവതി:
“കുടിക്കൂ കുട്ടീ, ക്ഷീണംമാറട്ടെ… ദേ നിങ്ങളൊന്നു് അവക്കു് ആ ബുക്കെടുത്തു് വീശിക്കൊടുത്തോളൂ, താരേ, ” ലീലാമണിറ്റീച്ചർ സ്നേഹത്തോടെ പറഞ്ഞു.
പാർവ്വതി പെട്ടെന്നു് തലയുയർത്തി. ഒരു നാണിച്ച ചിരിയോടെ വെള്ളം കുടിക്കാൻ തുടങ്ങി.
“വീട്ടീന്നാരെങ്കിലും വരാനൊണ്ടോ, ആളെ വിട്ടാലോ?” മാത്യു സാർ ചോദിച്ചതു കേട്ടപ്പോൾ പാർവതിയും കൂട്ടുകാരികളും പരസ്പരം നോക്കി.
“ഇല്ല സാർ. അവടമ്മ പണിസ്ഥലത്താരിക്കും.”
“ശരി. എന്നാൽ നമുക്കു കൊണ്ടുപോയാക്കാം. ടീച്ചറും കൂടി വരണം, നിങ്ങളും കുട്ടിയുടെ അമ്മയെ കാണണം.”
“സാറിനോടു ചോദിച്ചിട്ടു മതി.” ലീലാമണിറ്റീച്ചർ ഹെഡ് മാസ്റ്ററോടു് അനുവാദം ചോദിക്കാൻ പോയി.
മാത്യുസാർ ഒരു ടാക്സികാർ സംഘടിപ്പിച്ചു… പാർവതിയുടെ വീട്ടിലേക്കു തിരിയുന്ന മുക്കിൽ കാർ നിർത്തി. ചതുപ്പുനിലത്തിനും കുറ്റിക്കാടിനുമിടയിലൂടെയുള്ള ഒറ്റയടിപ്പാത ചെന്നുനിന്നതു് അങ്ങുമിങ്ങുമായി ചില വേലിപ്പണലുകൾ അതിരിട്ട ഒരു പഴയ വീട്ടുമിറ്റത്തു്. വീടിനോടു ചേർന്നുള്ള ചായിപ്പിലിരുന്നു് ഒരു തടിക്കഷണത്തിൽ ഏതോ രൂപം കൊത്തിക്കൊണ്ടിരുന്ന മധ്യവയസ്ക്കൻ ചാടിയെഴുന്നേറ്റു മിറ്റത്തിറങ്ങി:
“അവടെ നിക്കു്, അവടെ നിക്കു്… ആരാ നിങ്ങൾ? ഇവളേം കൊണ്ടു് എവടന്നാ?”
“നിങ്ങളാരാ? പാർവതീടെ അമ്മയെവടെ, അവരെ വിളിക്കു്” മാത്യുസാർ ഗൗരവത്തിലായിരുന്നു; വീട്ടിലാരുമില്ലെന്നു പറഞ്ഞിട്ടു് ഈ മനുഷ്യൻ!
“പാർവ്വതിക്കു് തലക്കറക്കം വന്നു് ഓർമ്മയില്ലാതെ വീണു. അതാ ഞങ്ങളുകൊണ്ടുവന്നതു്” ലീലാമണിറ്റീച്ചർ പറഞ്ഞു.
മധ്യവയസ്ക്കൻ ദേഷ്യത്തിൽ മുമ്പോട്ടുവന്നു് പാർവതിയുടെ കയ്യിൽ പിടിച്ചുവലിച്ചു: “നെനക്കെന്തിന്റെ കറക്കാടീ ഇവരെല്ലാംകൊടെ നെന്നെ കെട്ടിയെഴുന്നള്ളിക്കാൻ… അവക്കു സോക്കേടാണേൽ നോക്കാനാളൊണ്ടു്… എറങ്ങടോ വെളിയിൽ… എല്ലാരും വേഗം എറങ്ങിക്കോണം… ”
“അങ്ങനെ എറങ്ങിയാൽ പറ്റില്ലല്ലോ. പാർവതീടെ അമ്മയെ ഞങ്ങൾക്കു കാണണം. അവരെവടെ?” മാത്യുസാറിനു ദേഷ്യം വന്നു.
“എറങ്ങടോ എന്റെ മിറ്റത്തൂന്നു്” എന്നു് മാത്യുസാറിന്റെ നേരെ കയ്യോങ്ങി അടുത്ത മധ്യവയസ്ക്കനെ സാർ തടഞ്ഞപ്പോഴേക്കും കരഞ്ഞു വിളിച്ചോടിയെത്തി പാർവതിയുടെ അമ്മ. പരവശയായ ആ സ്ത്രീയെ കണ്ട മാത്യുസാർ തളർന്നുപോയി… മാത്യുസാറിനെ തല്ലാനുയർത്തിയ കൈ പിൻവലിച്ചു് മധ്യവയസ്കൻ അകത്തു കയറിപ്പോയി.
പാർവതിയുടെ അമ്മ മാത്യുസാറിന്റെ മുൻപിൽ കൈകൾ കൂപ്പി; “സാറു ക്ഷമിക്കണം… അവനങ്ങനെയാ… എന്റെ അനിയനായിപ്പോയില്ലേ… അവനും കൂടെ അവകാശപ്പെട്ട വീടു് ഇവിടം വിട്ടു് ഞങ്ങളെങ്ങോട്ടു പോകാനാ!”
ആ അമ്മയുടെ വർത്തമാനത്തിൽ എന്തോപന്തികേടു തോന്നി സാറിനു്. സാർ പറഞ്ഞു:
“നാളെ ഏഴാം ക്ലാസ്സിനു് സ്പെഷ്യൽ ക്ലാസ്സുണ്ടു്. പബ്ലിക് പരീക്ഷയല്ലേ വരുന്നതു്. പാർവതിയുടെ കൂടെ അമ്മയും നാളെ അവിടെ വരെ വരണം. പാർവതിയുടെ പഠിത്തത്തിന്റെ കാര്യം പറയാനാ.”
തിരിച്ചുവരുമ്പോൾ ലീലാമണിറ്റീച്ചർ ചോദിച്ചു:
“സാറെന്താ ആലോചിക്കുന്നേ? അവളടമ്മയെ വിളിപ്പിച്ചതെന്തിനാ?”
“പാർവതിയുടെ പ്രശ്നം അത്ര സിംപിളല്ല. നാളെ അവർ വരുമ്പോൾ റ്റീച്ചറും വേണം. കോട്ടയം മെഡിക്കൽ കോളേജിൽ എന്റെ കോളേജ്മേറ്റു് ആയിരുന്ന അനൂപാണു് സൈക്കിയാട്രിസ്റ്റു്. ഞാനിന്നു് അവനെ വിളിക്കട്ടെ… പിന്നെ റ്റീച്ചർ അവളുടെ അമ്മാവനെ ശ്രദ്ധിച്ചോ… അവളെ നമുക്കു് രക്ഷിക്കണം.”
പിറ്റേന്നു് രാവിലെ മാത്യുസാറും ലീലാമണിറ്റീച്ചറും എത്തുമ്പോൾ ആഫീസ്റൂമിനു മുൻപിൽ പാർവതിയും അമ്മയുമുണ്ടു്. കരഞ്ഞുവീർത്തു് ഉറക്കച്ചടവുള്ള കണ്ണുകളുമായി തളർന്നുനിൽക്കുന്ന അമ്മയും മകളും. പാർവതിയുടെ ഇടത്തേക്കവിളിൽ കൈവിരൽ പാടുകൾ ചുവന്നു തടിച്ചു കിടക്കുന്നു…
‘തലേന്നു് ആഹാരം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല. വീടിനു പുറകിലെ കുറ്റിക്കാട്ടിലിരുന്നു നേരം വെളുപ്പിച്ചു. അയാൾ പുറത്തുപോയ നേരത്തിനു കയ്യിൽക്കിട്ടിയ തുണിയും പുസ്തകവും വാരി ബാഗിലിട്ടു പോന്നതാണു്…’
“എങ്ങനെയാ പാർവതിക്കു് പ്രശ്നം തുടങ്ങീതു്?” ലീലാമണിറ്റീച്ചർ ചോദിച്ചു:
കേട്ട കഥ ദാരുണമായിരുന്നു, ബീഭത്സമായിരുന്നു… മാത്യുസാറിന്റേയും ലീലാമണിറ്റീച്ചറിന്റേയും സങ്കല്പങ്ങൾക്കപ്പുറം:
‘മകളെ ഒറ്റയ്ക്കു വീട്ടിലാക്കി പോകാറില്ല ആ അമ്മ. ഏഴു വയസ്സുകാരി മകളെ ഒരു ദിവസം ഉപദ്രവിക്കാൻ ശ്രമിച്ചു, ജനിപ്പിച്ച അച്ഛൻ. അമ്മ അയാളെ ആ നിമിഷം അടിച്ചിറക്കി. അനുജൻ, സ്വന്തം ചേച്ചിക്കും അനന്തിരവൾക്കും രക്ഷിതാവായി. പക്ഷേ, ആ സംഭവത്തിനുശേഷം പാർവതി അമ്മയ്ക്കൊപ്പം സ്ക്കൂളിൽ വരും. സ്ക്കൂൾ വിട്ടാൽ പോസ്റ്റാഫീസിന്റെ വരാന്തയിൽ കാത്തിരിക്കും അമ്മയെ. സ്ക്കൂളില്ലാത്തപ്പോൾ പാർവതിയും പണിസ്ഥലത്തു് പോകും. നാളുകൾക്കു മുമ്പാണതു സംഭവിച്ചതു്… മകൾ വയസ്സറിയിച്ചതിന്റെ മൂന്നാം ദിവസമായിരുന്നു. പണിക്കുപോകാതെ മകൾക്കു കൂട്ടിരുന്ന അമ്മ കുറച്ചുനേരത്തേക്കു പുറത്തുപോയി, മകൾക്കു നാലാം ദിവസം കുളിച്ചുവരുമ്പോൾ ഉടുക്കാൻ പുത്തൻപാവാടയും ബ്ലൗസും വാങ്ങാൻ. ഓടിപ്പിടിച്ചു തിരിച്ചുവരുമ്പോൾ അമ്മ കാണുന്നതു് അഴിഞ്ഞുലഞ്ഞ മുടി പിച്ചിപ്പറിച്ചു് ചോരയിൽ നനഞ്ഞ ഉടുതുണിയുമായി അലറിക്കരഞ്ഞു് ഇല്ലപ്പറമ്പുവഴിയെ ഓടിവരുന്ന മകളെയാണു്. ഒത്തിരി പാടുപെട്ടാണു് പിടിച്ചുനിർത്തിയതു്… കണിയാൻ ജപിച്ചുകെട്ടി… തകിടെഴുതിക്കെട്ടി, മന്ത്രവാദം ചെയ്തു.’
‘പഴയ കളീം ചിരീമില്ല… എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല. ആളുകൾ കണ്ടതല്ലേ ഇല്ലപ്പറമ്പു വഴി ഓടുന്നതു്… കഥ മെനയാൻ പിന്നെന്തുവേണം…’
“അന്നെന്തുണ്ടായിക്കാണുമെന്നും ഇന്നലെ രാത്രി എന്തായിരിക്കും ഉണ്ടായതെന്നും ഊഹിക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട റ്റീച്ചറേ. ഇനിയെന്തു് എന്നു് ആലോചിക്കാം.” മാത്യുസാർ പറഞ്ഞു.
അപ്പോളാണു് അമ്മയുടെയും മകളുടേയും കയ്യിലുള്ള സഞ്ചി റ്റീച്ചർ കാണുന്നതു്: “ങാ സഞ്ചീമൊക്കെയായിട്ടാണല്ലേ?”
ആ അമ്മ പൊട്ടിക്കരഞ്ഞു: “മോക്കു പഠിക്കണം റ്റീച്ചറെ. അവക്കു് റ്റീച്ചറാവണം… വീട്ടിലേക്കു തിരിച്ചുപോകാൻ പറ്റില്ല റ്റീച്ചറേ.”
പിന്നെന്തുണ്ടായീന്നു സാവിത്രിക്കുട്ടിക്കറിയില്ല. പരീക്ഷയ്ക്കു മാത്രമേ പിന്നെ സ്ക്കൂളിൽ പോയുള്ളൂ. ആ വെക്കേഷനു് തന്നെ നാടുവിട്ടുപോരുകേം ചെയ്തു.