തോമസിന്റെ ശാന്തമായ ഡ്രൈവിംഗ്, വണ്ടി ഓടുന്നുണ്ടോ എന്നു സംശയം തോന്നാം… അപ്പച്ചിയമ്മൂമ്മ നല്ല മൂഡിലായിരുന്നു; വഴിയിൽ കാണുന്നതിനൊക്കെ കമന്റു പറഞ്ഞു് ചിരിച്ചു. അപ്പോഴായിരുന്നു അമ്മുവിന്റെ ചോദ്യം:
“പണ്ടു് രാജാവിന്റെ കാലത്തു് അമ്മൂമ്മേടെ നാട്ടിൽ വലിയ സമരോം വെടിവെപ്പുമൊക്കെയുണ്ടായില്ലേ? ഒരുപാടുപേർ മരിച്ച സമരം… അതെന്തുകഥയാ?”
“ഒരു കഥയല്ല മോളേ, ഒരായിരം കഥകൾ… വെറും കഥയല്ല, ജീവിതം തന്നെ. സ്വന്തം ജീവിതം നാടിനുവേണ്ടി ഹോമകുണ്ഡമാക്കി എരിഞ്ഞടങ്ങിയവർ! സ്വന്തം ജീവരക്തം കൊണ്ടു് നാട്ടിന്റെ മാറ്റത്തിന്റെ ചരിത്രം കുറിച്ചവർ! അവരുടെ കഥകൾ.”
“ഒരു നാട്ടിൽ മാത്രമല്ല, ഒരു കാലഘട്ടത്തിൽ മാത്രമല്ല, ലോകത്തെമ്പാടും പലഘട്ടങ്ങളിലായി ആവർത്തിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ! മലീമസമാകുന്ന ചില മനുഷ്യമനസ്സുകളുടെ ക്രൂരതാണ്ഡവങ്ങൾ. ഏതെല്ലാം തരത്തിലാണു് നിരപരാധികളും പാവപ്പെട്ടവരുമായ സാധാരണ മനുഷ്യരുടെ മേൽ അശനിപാതം പോലെ അവ വന്നു വീഴുകയെന്നറിയാൻ വയ്യ.”
“മനുഷ്യന്റെ അധികാരാർത്തിയും ആക്രമണോത്സുകതയും സമ്പത്തു നേടാനുള്ള ത്വരയും എന്തുമാത്രം അധിനിവേശങ്ങൾ നടത്തിയിട്ടുണ്ടെന്നോ! അധിനിവേശങ്ങളെല്ലാം അടിച്ചമർത്തലിന്റേയും കഥയാണു്; എന്നാൽ അധിനിവേശരാജ്യങ്ങളിൽ മാത്രമായിരുന്നോ അടിമത്തവും പീഡനങ്ങളും അരുംകൊലകളും അനീതിയും നടന്നിരുന്നതു്? അല്ല… സ്വന്തം നാടിന്റെ ഭരണാധികാരികൾ ഏകാധിപതികളാകുമ്പോൾ, ഭരണവർഗ്ഗം തന്നെ മർദ്ദകസംഘങ്ങളാകുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. അതിനൊപ്പം ജന്മിമുതലാളി ഭരണവർഗ്ഗകൂട്ടുകെട്ടും കൂടിയാകുമ്പോൾ അടിച്ചമർത്തലും, ക്രൂരപീഡനങ്ങളും, ജാതിമത വിവേചനത്തിന്റെ ക്രൂരമായ വേട്ടയാടലുകളും പാവപ്പെട്ടവരുടെ മേൽ തന്നെ…”
“പൊറുതിമുട്ടുമ്പോൾ നഷ്ടപ്പെടാൻ സ്വന്തം ജീവിതവും ജീവനും മാത്രമുള്ളവർ തിരിഞ്ഞുനിന്നെന്നു വരും, തന്റേയും തന്റെ സഹജീവികളുടേയും മോചനത്തിനുവേണ്ടി പടപൊരുതിയെന്നുവരും. നിങ്ങൾക്കു ലോകചരിത്രമറിയാമല്ലോ. പ്രശസ്തമായ വിപ്ലവങ്ങളുടെ കഥകൾ. ചെഗുവേരയേയും കാസ്ട്രോയെയും ക്യൂബയേയും, ലെനിനേയും സോവിയറ്റുയൂണിയനേയും. അതിന്റെയൊക്കെ ഒരു ചെറിയ പതിപ്പു്-അതാണു് പുന്നപ്രവയലാർ സമരം എന്നറിയപ്പെടുന്നതു്. വിദേശ അടിമത്തത്തിനും, ഒപ്പം രാജഭരണത്തിനും ജന്മി-മുതലാളി കൂട്ടുകെട്ടിനും എതിരെ, മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ഐതിഹാസിക വിപ്ലവം!”
“അടിമത്തത്തിന്റെ നുകംപേറി വളഞ്ഞുപോയ നട്ടെല്ലുകളായിരുന്നു അവിടത്തെ പാവപ്പെട്ട തൊഴിലാളികളുടേതു്; ദാരിദ്ര്യവും അപമാനവും കൊണ്ടു് കുനിഞ്ഞുപോയ തലകളായിരുന്നു അവരുടേതു്; പേടികൊണ്ടു് നിശ്ശബ്ദമാക്കപ്പെട്ട തൊണ്ടകളായിരുന്നു അവർക്കുള്ളതു്. മരവിച്ചുപോയ ബോധമണ്ഡലമായിരുന്നു അവർക്ക്. തലമുറകളായി അനുഭവിക്കുന്ന അടിമത്തം. ജന്മദത്തമെന്നും, ഈശ്വരനിശ്ചയമെന്നും വിശ്വസിച്ചിരുന്നവർ!”
“തങ്ങളും മനുഷ്യരാണെന്നു്, ഈ ഭൂമിയും വിഭവങ്ങളും തങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നു്, തങ്ങൾക്കും തലച്ചോറും ചിന്താശക്തിയും കൈക്കരുത്തും മനക്കരുത്തുമുണ്ടെന്നു് അവർക്കു സ്വയം ബോധ്യപ്പെടേണ്ടിയിരുന്നു…”
“അതിനവർക്കു താങ്ങു വേണ്ടിയിരുന്നു… ഉണ്ടായി. അവരെ ഉണർത്താൻ ആളുണ്ടായി. ആദ്യം കോൺഗ്രസ്സംഘടനയുടെ കീഴിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളും പിന്നീടു്, രാജഭരണത്തോടും ജന്മിത്തത്തോടുമുള്ള കാൺഗ്രസ്സിന്റെ മൃദുസമീപനങ്ങളിൽ അപാകത തോന്നി സോഷ്യലിസ്റ്റു കാൺഗ്രസ്സു് എന്ന സംഘടനയുണ്ടാക്കിയവരും… പിന്നീടു് സവർണമേധാവിത്വവും അടിയാളരുടെ പീഡിതജീവിതവും അവസാനിപ്പിക്കാൻ വേറെ വഴി തേടണമെന്നു തോന്നിയപ്പോൾ കമ്യൂണിസ്റ്റും ആയിത്തീർന്ന കുറേ മനുഷ്യസ്നേഹികളുടെ തുടർച്ചയായ പ്രവർത്തനം…”
“ത്യാഗവും, കഷ്ടപ്പാടും, പീഡനങ്ങളും, ജീവഹാനിയുംവരെ നേരിട്ടു കൊണ്ടുള്ള പ്രവർത്തനം. പുറകോട്ടു പുറകോട്ടു പോയാൽ, മോളേ ഒരു അനന്തനും പറഞ്ഞുതീർക്കാൻ പറ്റാത്തത്ര കഥകളുണ്ടു്.”
അപ്പച്ചിയമ്മൂമ്മയ്ക്കു് അക്ഷരങ്ങളെയും വാക്കുകളെയും ഒരുപാടിഷ്ടമാണു്. ഭംഗിയുള്ള വാക്കുകൾ അനായാസം തപ്പിയെടുത്തു് അടുക്കടുക്കായി കോർത്തിണക്കി, ഉപമകളും ഉൽപ്രേക്ഷകളും ഉപകഥകളുമായി അങ്ങനെ നീണ്ടുനീണ്ടു് ഒരു മഹാഭാരതം തന്നെയാകും അപ്പച്ചിയമ്മൂമ്മ പറയുക. പക്ഷെ അപ്പച്ചിയമ്മൂമ്മ ആ കഥകൾ പറയാൻ തുനിഞ്ഞില്ല. അപ്പച്ചിയമ്മൂമ്മയുടെ നാവിനു വഴങ്ങുന്നതല്ലാന്നുണ്ടോ ആ കഥകൾ! കണ്ണുനീരിലും ചോരയിലും കുതിർന്ന കഥകളാണു്; അവയ്ക്കു് ചമയങ്ങൾ ഒന്നും ചേരില്ല. മാത്രമല്ല കേട്ടറിഞ്ഞ കഥകൾ ഒരാൾ പറയുന്നതിനേക്കാൾ കൺമുന്നിൽക്കണ്ട ദൈന്യതകളുടേയും ക്രൂരതകളുടേയും ഭീകരതയുടേയും ചിത്രം ആ സമരങ്ങൾക്കൊപ്പം നടന്നയാൾ പറയുന്നതാകും നല്ലതു് എന്നാണു് അപ്പച്ചിയമ്മൂമ്മ പറഞ്ഞതു്…
അപ്പച്ചിയമ്മൂമ്മ ഏതോ അഗാധ ചിന്തയിലാണ്ടു… കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ഒക്കെയും സ്വന്തം അനുഭവമാക്കിമാറ്റുന്ന അപ്പച്ചിയമ്മൂമ്മ അക്കാലത്തെ മനസ്സിൽ നിർമ്മിച്ചെടുക്കുകയായിരിക്കും…
“അപ്പച്ചിയമ്മൂമ്മേ”, അമ്മു വിളിച്ചു. പെട്ടെന്നു് ചിന്തകളിൽ നിന്നുണർന്ന അവർ ആർദ്രതയോടെ അമ്മുവിന്റെ തലയിൽ തലോടി. അമ്മു ചോദിച്ചു:
“അവര്ടെ, ആ ആളുകളില്ലേ-സമരത്തിനു പോയവർ, അവര്ടെ കയ്യിലും തോക്കൊക്കെയൊണ്ടാര്ന്നോ?”
“പിന്നേ, ഒണ്ടാരുന്നോന്നു്! തോക്കൊണ്ടാരുന്നു; ഒരു പീരങ്കിയും ഒണ്ടാരുന്നു. പക്ഷേ അതു്… അതു്…” അപ്പച്ചിയമ്മൂമ്മയുടെ തൊണ്ട ഇടറിയതോ, ലേഖയുടെ മുഖത്തെ ചെറുചിരി കണ്ടതോ എന്നറിയില്ല, ഒരു നിമിഷം അപ്പച്ചിയമ്മൂമ്മ നിശ്ശബ്ദയായി… “എന്നിട്ടു്?” അമ്മു പ്രോത്സാഹിപ്പിച്ചു.
“അതു് ഉപയോഗിക്കാൻ പറ്റീല്ല മോളേ… ഒരുണ്ട മാത്രേ ഒണ്ടാരുന്നൊള്ളൂ…” കുറച്ചുനേരത്തേക്കു് നിശ്ശബ്ദയായിരുന്നു അപ്പച്ചിയമ്മൂമ്മ… പിന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു പറഞ്ഞുതുടങ്ങി:
“പണിമുടക്കു തുടങ്ങീരുന്നു… സി. പി. ടെ പോലീസും പട്ടാളവും വീടുകൾതോറും കേറി പരിശോധിച്ചു് ആണുങ്ങളെ മുഴുവൻ പിടിച്ചുകൊണ്ടു് പോവുകയായിരുന്നു… ചിലപ്പോൾ ശവംപോലും കിട്ടില്ല; അല്ലെങ്കിൽ ജീവച്ഛവമായി ജയിലിലോ ആശൂത്രീലോ… അതുകൊണ്ടു് നേതാക്കന്മാരുടെ നിർദ്ദേശമനുസരിച്ചു് പലസ്ഥലത്തും താത്ക്കാലിക ക്യാമ്പുകളിൽ കുറേപേർ ഒന്നിച്ചു താമസിച്ചു കൊണ്ടു് ആക്രമണങ്ങളെ നേരിടാനും മറ്റും പരിശീലിക്കുകയായിരുന്നു. അതിലൊരു ക്യാമ്പിലൊണ്ടാരുന്നു തുരുത്തിൽ പത്മനാഭൻ എന്ന സഖാവ്… പീരങ്കിയും തോക്കും റിവാൾവറുമൊക്കെയായി വരുന്ന പട്ടാളത്തിനോടു തിരിച്ചടിക്കാൻ പറ്റുന്ന ഒരു സാധനം കരുതീട്ടൊണ്ടെന്നു് ആ സഖാവു പറഞ്ഞു. അബു എന്നൊരാളാണത്രെ അതു് കൊടുത്തതു്. കരിമഷി നിറത്തിൽ തിളങ്ങുന്ന സ്റ്റീലിന്റെ ഒരു കുഴൽ, ഒന്നരയടി നീളം വരുമത്രെ; ഒരറ്റം ചെറുതും മറ്റേയറ്റം വലുതുമാണു്. അതിൽ വച്ചു് വെടിവെയ്ക്കാൻ എട്ടുപത്തുകിലോ തൂക്കമുള്ള ഈയത്തിന്റെ ഒരു അരിമ്പു് എന്നുവച്ചാൽ പീരങ്കിയുണ്ട. അതു് കുഴലിലിട്ടു് പട്ടാളത്തിനുനേരെ വെടിവയ്ക്കും: പക്ഷേ അതിനു പറ്റുന്ന ഒരു മെഷീൻ വേണം. അബു അതുകൊണ്ടുവരാമെന്നു പറഞ്ഞുപോയതാ… പക്ഷെ അതിനുമുൻപു് പട്ടാളം ആക്രമണം തുടങ്ങി… എല്ലാം കഴിഞ്ഞു…” അപ്പച്ചിയമ്മൂമ്മ ശബ്ദത്തിൽ വന്ന പതർച്ച മറക്കാൻ ശ്രമിച്ചു് വെറുതെ ചുമ വരുത്തി. സാവിത്രിക്കുട്ടി നിശ്ശബ്ദയായി മുഖം കുനിച്ചിരുന്നു.
ആദിയുടേയും അമ്മുവിന്റേയും മുഖം വിവർണമായി; ലേഖ വിതുമ്പാൻ പാകത്തിലായിരുന്നു… അമ്മു ധൈര്യം വീണ്ടെടുത്തു് ചോദിച്ചു:
“ഒരുണ്ട മാത്രായിരുന്നോ ആയുധം!”
അപ്പച്ചിയമ്മൂമ്മ വാചാലയായി:
“അല്ലല്ല… വാരിക്കുന്തം, ചീങ്കണ്ണിയെ എറിഞ്ഞു പിടിക്കുന്ന ചാട്ടുളി, വെട്ടുകത്തി, കൊയ്ത്തരിവാൾ, ഓലാംവട്ടികൾ നിറയെ കല്ലും മെറ്റലും, തെറ്റാലി അങ്ങനെ…”
“വാട്ടു്, വാട്ട്… മൈ ഗോഡ്!” ആദി പെട്ടെന്നു് ഉച്ചത്തിൽ പറഞ്ഞുപോയി. അവൻ അവിശ്വാസത്തോടെ അപ്പച്ചിയമ്മൂമ്മയേയും അമ്മുവിനേയും മാറിമാറി നോക്കി… കേട്ടതു് കൃത്യമായി മനസ്സിലായില്ലെങ്കിലും അവനു് ജീവന്മരണ പോരാട്ടത്തിനിറങ്ങിയ സമരക്കാരുടെ ദൈന്യത മനസ്സിലായിരുന്നു. അവൻ അമ്മുവിനെ ദയനീയമായി നോക്കി. സാവിത്രിക്കുട്ടിയമ്മൂമ്മ അവനു് വിശദീകരിച്ചുകൊടുത്തു:
“അതേ, ആദി; സി. പി. യുടെ-അന്നത്തെ ദിവാൻ-ക്രൂരത ആവാഹിച്ചെടുത്ത മനസ്സും, ആരേയും കൊന്നുതള്ളാനുള്ള ഉത്തരവും യന്ത്രത്തോക്കും പീരങ്കിയുമായി മുതലാളിമാരുടെ വീടുകൾ താവളങ്ങളാക്കിയ പട്ടാളം ഒരുവശത്തു്… കൊടും പട്ടിണിയും മർദ്ദനവും പീഡനവും മറുവശത്തു്… സാധാരണ മനുഷ്യർക്കു മറ്റു പോംവഴിയില്ലായിരുന്നു; നേരിട്ടേ പറ്റൂ… വാരിക്കുന്തവും കല്ലും കവണയുമൊക്കെയേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.”
“ഐതിഹാസികമായ സമരമായിരുന്നു ആദീ അതു്; അന്നു് നൂറുകണക്കിനുപേർ കൊല്ലപ്പെട്ടെങ്കിലും… ഒരു സമരവും വിഫലമാകില്ല. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഫലം വരും.”