സാവിത്രിക്കുട്ടിയുടെ അച്ഛൻ ആഫീസിൽ നിന്നും എത്തിയപ്പോൾ ഒരുപാടു് രാത്രിയായി; എന്നും അങ്ങനെയാണു്. രാവിലെ ഒൻപതുമണി മുതൽ രാത്രി പന്ത്രണ്ടുമണി വരെയെങ്കിലും ജോലി ചെയ്യണം. രാത്രി ഒമ്പതുമണി മുതൽ ജോലിസ്ഥലം ആഫീസിൽ നിന്നു് മുതലാളിയുടെ ബംഗ്ലാവിലെ രഹസ്യമുറിയിലേക്കു മാറും.
ഒരു വമ്പൻ വാണിജ്യബാങ്കിലെ അക്കൗണ്ടന്റിനു് ജോലികൾ എപ്പോൾ തീരുമെന്നു് പ്രതീക്ഷിക്കാൻ പോലും അവകാശമില്ല; ജോലിക്കു പരിധിയില്ല, ശമ്പളത്തിനു പക്ഷേ, പരിധി നിശ്ചയിച്ചിട്ടുണ്ടു്, അതിനു മാറ്റമില്ല.
…കള്ളക്കണക്കെഴുതി എനിക്കു മതിയായി മീനാക്ഷീ, നമ്മക്കു് തന്റെ നാട്ടിലേക്കെങ്ങാനും പോയാലോ… അവടെ എനിക്കു് ഒരു പണിയെന്തെങ്കിലും കണ്ടുപിടിക്കാം, പഠിപ്പുണ്ടല്ലോ. എനിക്കു് തന്റെ വീട്ടിൽ തൽക്കാലം താമസിക്കുകയും ചെയ്യാം. പിന്നെ പേടിക്കുന്നതെന്തിനാ?’ അച്ഛൻ ഒരിക്കൽ അമ്മയെ സമാധാനിപ്പിക്കുന്നതു് സാവിത്രിക്കുട്ടി കേട്ടതാണു്.
‘ആഹാ… നല്ല അഭിപ്രായം! ഈ പ്രായത്തിലിനി… പഠിപ്പൊള്ള ചെറുപ്പക്കാർക്കു പണിയില്ല, പിന്നെയാ, ഇന്നാളു് കലുങ്കുപണിക്കു വന്ന ചെറുപ്പക്കാരു് രണ്ടുമൂന്നു് പേരു് ചൂടുവെള്ളത്തിനു വന്നു. ഞാൻ വെറുതെ ലോഹ്യം ചോദിച്ചതാ എവടാ നാടെന്നു്. തെക്കെങ്ങാണ്ടാ. ഒരാളു് ബി.എ.ക്കാരനാ. മറ്റേ രണ്ടുപേരും ഡിഗ്രിക്കു് പഠിച്ചു തൊടങ്ങീട്ടു പഠിത്തം നിർത്തി. ജോലിതെണ്ടി കൊറേ നടന്നു. തന്തയ്ക്കും തള്ളയ്ക്കും കൂടെപ്പിറപ്പുകൾക്കും ഒരു നേരമെങ്കിലും ആഹാരം കൊടുക്കണ്ടെ, അതുകൊണ്ടെറങ്ങിത്തിരിച്ചതാന്നു്… എന്താ നിങ്ങക്കിനി കല്ലുപണിക്കു പോകാനൊള്ള ആരോഗ്യമൊണ്ടോ? പിന്നെ എന്റെ വീടു്… ഇനിയങ്ങോട്ടു പോണംന്നില്ല. അവടെ പോയി കൊറച്ചു നാളെങ്കിലും നിക്കാമെന്നു പറഞ്ഞിട്ടു നിങ്ങളിതുവരെ കേട്ടില്ല. അവടെ മുട്ടുകെടന്നു് കയ്യൂക്കൊള്ളവരു് ഒക്കേം സൊന്തം പേരിലാക്കിയെടുത്തു, പോരെ?’
ഉറങ്ങാതെ കിടക്കുന്ന സാവിത്രിക്കുട്ടി മനോരാജ്യത്തിൽ പണിതുകൊണ്ടിരുന്ന കൊട്ടാരത്തിന്റെ ചില്ലുവാതിലുകൾ തകർത്തു് അച്ഛന്റേയും അമ്മയുടേയും സങ്കടങ്ങൾ അകത്തു കയറി ഇരുപ്പുറപ്പിച്ചു. പിന്നെ സാവിത്രിക്കുട്ടിയുടെ മനസ്സു് അച്ഛനേയും അമ്മയേയും പണക്കാരാക്കാനുള്ള ആകാശക്കോട്ടകൾ കെട്ടുന്ന തിരിക്കിലായി. പലരും ‘ഇതാ’ ന്നു പറയുന്ന നേരം കൊണ്ടു് വലിയ പണക്കാരായതിന്റെ എത്രയോ കഥകളാണെന്നോ സാവിത്രിക്കുട്ടി കേട്ടിട്ടുള്ളതു്.
കുന്നിക്കാട്ടു വല്യമത്തായി മാപ്പളേം മൂന്നനിയന്മാരും കൂടി ചാവക്കാട്ടു കടപ്പുറത്തൂന്നു് വെളുപ്പിനു് മീനെടുത്തു് പതിനെട്ടു് കിലോമീറ്റർ സൈക്കിൾ ചവിട്ടി ചന്തയിലും, പിന്നെ വീടുവീടാന്തരം കൊണ്ടുനടന്നും വിൽക്കും… രാവിലെയും വൈകുന്നേരവും ആവർത്തിക്കുന്ന സൈക്കിൾ യജ്ഞം… ഒരു ദിവസം വല്യമത്തായി മാപ്പളേടെ സൈക്കിൾ പഞ്ചറായി. കുട്ടനിറയെ മത്തി… ‘നിങ്ങളു വിട്ടോടാ പിള്ളരേ, ഞാനിതാ പൊറകേണ്ടു്’ എന്നു പറഞ്ഞു് അനിയന്മാരെ വിട്ടു. മീൻകുട്ട തലയിലെടുത്തു് മത്തായിമാപ്പള നടന്നു, അല്ല ഓടി… എന്നിട്ടും ടൗണിലെത്തിയപ്പോൾ നേരം രാത്രിയായി… മീനപ്പടി ചീഞ്ഞു. തിരിച്ചു വന്നു് മിറ്റത്തു കുട്ടയിറക്കി പൊട്ടിക്കരഞ്ഞുകൊണ്ടു് മത്തായി മാപ്പള മൺകുടിലിന്റെ ഇറയത്തേക്കു വീണു, ‘മൊതലുപോലും പോയല്ലോന്റമ്മച്ചീ’ ന്നും പറഞ്ഞു്. ഒരു മൺച്ചട്ടി നിറയെ ചൂടു കട്ടൻകാപ്പി കൊണ്ടുവന്നു് മകനെ പിടിച്ചെഴുന്നേൽപ്പിച്ചു് അമ്മച്ചി പറഞ്ഞു: ‘പോയതു പോട്ടെടാ മോനേ, പുല്ലുപോലെ പോട്ടെ… അവന്റെയിഷ്ടം നടക്കട്ടെ.’ മേൽപ്പോട്ടു നോക്കി കുരിശു വരച്ചു അമ്മച്ചി: ‘നാറ്റം സഹിക്കാമ്പാടില്ലെടാ… അതു കുഴിച്ചിട്ടേച്ചും വാ… നമ്മക്കു് പ്രാർഥനയെത്തിക്കാം.’
‘അമ്മച്ചി രൂപക്കൂട്ടിൽ മെഴുകുതിരി കത്തിച്ചു. മത്തായി മാപ്പള കുടിലിന്റെ പുറകിലെ ഇത്തിരി സ്ഥലത്തു് ചീഞ്ഞ മത്തി കുഴിച്ചിടാൻ കുഴികുത്തിത്തുടങ്ങി… മൂന്നാമത്തെ വെട്ടിനു് തൂമ്പാ കട്ടിയുള്ള എന്തിലോ തട്ടി തിരിച്ചുപോന്നു… ചിലമ്പിച്ച ഒച്ച. വീണ്ടും ആഞ്ഞു വെട്ടി… അതേ ശബ്ദം… തൂമ്പ തെറിച്ചു പോകുന്നു… മത്തായിമാപ്പള, കുനിഞ്ഞിരുന്നു് കിളച്ച ഭാഗത്തു് സൂക്ഷിച്ചു നോക്കി. ‘ഹെന്റമ്മച്ചീ’ ന്നൊരു വിളി. ചക്കവെട്ടിയിട്ട പോലെ മത്തായിമാപ്പള പുറകോട്ടു മറിഞ്ഞു. അമ്മച്ചി ഓടി വന്നപ്പോന്താ… ചെമ്പുകുടത്തിന്റെ മുകൾ ഭാഗം തെളിഞ്ഞു കാണാം…’
‘ചെമ്പുകുടത്തീന്നല്ല നിധി വന്നതു്, കള്ളക്കമ്മട്ടോം കള്ളക്കടത്തും വഴിയാണെ’ന്നു് കരോട്ടെ ബാലൻ ചേട്ടൻ… അതെന്തുതരം നിധിയാണാവോ. സർക്കാർ പുറമ്പോക്കിനോടു ചേർന്നുള്ള ഒരു തുണ്ടു ഭൂമിയിലെ ചാണകം മെഴുകിയ മൺഭിത്തികളുള്ള ഒറ്റമുറി ഓലക്കുടിലും മത്തിക്കുഴിയിൽ നട്ടതെന്നു പറയുന്ന തെങ്ങും സ്മാരകമായി സൂക്ഷിച്ചിരിക്കുന്നതു് സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്. അതും രാജകൊട്ടാരം പോലെയുള്ള കുന്നിക്കാട്ടു വീട്ടിന്റെ ആറേഴേക്കർ വരുന്ന പറമ്പിന്റെ മൂലയ്ക്കു തന്നെ.
സാവിത്രിക്കുട്ടി സ്വപ്നങ്ങൾ നെയ്തുനെയ്തു്… അങ്ങനെ ഒരു ദിവസം നിധി തപ്പാൻ തുടങ്ങി… മാണിക്യക്കല്ലുവച്ചിരിക്കുന്ന വീടിനു ഐശ്വര്യമുണ്ടാകും, നിധി കിട്ടും… കൊച്ചമ്മൂമ്മ പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് ആദ്യം മാണിക്യക്കല്ലു് കിട്ടണം. ഉറങ്ങാൻ വൈകുന്ന രാത്രികളിൽ കിണറിന്റെ പടിഞ്ഞാറു വശത്തെ കൽക്കെട്ടിനരികിലും ചവറു കൂടിക്കിടക്കുന്ന മൺപുറ്റു് നിറഞ്ഞ തെക്കേ കയ്യാലയ്ക്കലും പൂച്ചെടികൾക്കിടയിലും സാവിത്രിക്കുട്ടി തിരഞ്ഞു—തലയിൽ മാണിക്യക്കല്ലുമായി സർപ്പം കറങ്ങി നടക്കുന്നുണ്ടോ? മാണിക്യവുമായി നടക്കുന്ന സർപ്പങ്ങൾ ഇരുണ്ട രാത്രികളിൽ ആളനക്കമില്ലാത്ത സ്ഥലത്തുകൂടിയേ നടക്കൂ. പാതിരാനേരത്തു സാവിത്രിക്കുട്ടി എങ്ങനെ പുറത്തിറങ്ങും!
തുമ്പിയെ പിടിക്കാനും മണിക്കുട്ടിയെന്ന കുഞ്ഞാടിനൊപ്പം തുള്ളിച്ചാടാനും പറമ്പിലലയുന്ന നേരത്തെല്ലാം സാവിത്രിക്കുട്ടി ശ്രദ്ധിക്കാൻ തുടങ്ങി. എവിടെയെങ്കിലും മണ്ണിനിളക്കുമുണ്ടോ? ഒടിഞ്ഞുപോയ കോടാലിക്കൈ കൊണ്ടു് അവിടെയൊക്കെ കുത്തിനോക്കി… ചെമ്പിൽ മുട്ടുന്ന സ്വരം കേൾക്കുന്നുണ്ടോ? അച്ഛനോടോ അമ്മയോടോ പറഞ്ഞാലോ, മാണിക്യക്കല്ലോ നിധിയോ കണ്ടുപിടിക്കാൻ. പക്ഷേ, ഉണർന്നു കിടന്നു് അവരുടെ വർത്തമാനം ശ്രദ്ധിക്കുന്നുണ്ടെന്നു് പിടികിട്ടും… അമ്മയുടെ വക അടി ഉറപ്പു്. അതുവേണ്ട.
അങ്ങനെയാണു് ഒരു കഥയെഴുതണമെന്നു് സാവിത്രിക്കുട്ടി തീരുമാനിച്ചതു്. അച്ഛനുമമ്മയ്ക്കും ഒരു ബോധവൽക്കരണം… കഥയിൽ എല്ലാവരുമുണ്ടായിരുന്നു. അച്ഛൻ, അമ്മ, മൂന്നു് മക്കൾ, അയൽപക്കത്തെ കളിക്കൂട്ടുകാർ; കീരിത്തോട്ടിൽ തോർത്തു വലയാക്കി മാനത്തുകണ്ണികളെ പിടിക്കുന്നതും കൈത്തോട്ടിലെ തെളിനീരിലേക്കുതന്നെ തിരിച്ചുവിട്ടു് അവയ്ക്കൊപ്പം നീന്തുന്നതും… പിന്നെ വിശപ്പു തീരാൻ മാത്രം ആഹാരം കിട്ടാതെ കണ്ണുനിറച്ചുകൊണ്ടു് എഴുന്നേറ്റു പോകുന്ന കുട്ടികളും ബാക്കിവന്ന കഞ്ഞിവെള്ളം കറിച്ചട്ടിയിലൊഴിച്ചു് ഉപ്പിട്ടു് കലക്കിക്കുടിച്ചു് വിശപ്പകറ്റുന്ന ഒരമ്മയും; എല്ലാം… പക്ഷേ, ഒരു ദിവസം എല്ലാം മാറിമറിഞ്ഞു—പാതിരാത്രിയിൽ മൂത്രമൊഴിക്കാനെഴുന്നേറ്റു, കഥയിലെ അച്ഛൻ… പൊന്തയ്ക്കിടയിലെ ഒരനക്കം… ചാടിയെഴുന്നേറ്റു മാറിനിന്നു നോക്കിയപ്പോൾ കണ്ടതെന്താ? കണ്ണഞ്ചിപ്പിക്കുന്ന ഒരു തിളക്കം! ഒരു കനൽക്കട്ട! അതു് മാണിക്യക്കല്ലായിരുന്നു. മൂത്രം വീണു് അശുദ്ധമായപ്പോൾ സർപ്പം തന്റെ നിറുകയിൽ വഹിച്ചിരുന്ന മാണിക്യക്കല്ലു് അവിടെയിട്ടു് എങ്ങോട്ടോ പോയിമറഞ്ഞു. ആ അച്ഛന്റെ വിളികേട്ടുണർന്നുവന്ന കഥയിലെ അമ്മയും അച്ഛനും കൂടി മാണിക്യക്കല്ലെടുത്തു് മുറിക്കകത്തു് രഹസ്യമായി ഭദ്രമായി സൂക്ഷിച്ചു. റബ്ബർമുതലാളി കുഞ്ഞവറാച്ചനേപ്പോലെ, ബാങ്കറന്മാരായ കുന്നിക്കാട്ടുകാരേയും ഗോവിന്ദമേനോനെയും കല്ലൂക്കാരനേയും പോലെ, അബ്കാരി കോൺട്രാക്ടർ സദാനന്ദനേയും അരമനയിലെ മെത്രാനച്ചനേയും പോലെ ഒഴുകി നീങ്ങുന്ന ആഡംബര കാറിലായി കഥയിലെ അച്ഛന്റേയും അമ്മയുടേയും മക്കളുടേയും യാത്ര… കൊട്ടാരം പോലെയുള്ള വീട്ടിലെ ഊണുമുറിയിൽ തിളങ്ങുന്ന മേശവിരിയിട്ട ഊൺമേശയിൽ…
കഥ വായിച്ചു് സാവിത്രിക്കുട്ടിയുടെ അച്ഛൻ ചിരിച്ചു. പിന്നെ മകളെ അരികിൽ അണച്ചു നിർത്തി:—‘കഥയുടെ ഏതാണ്ടൊരു രൂപമൊക്കെയുണ്ടു്… പക്ഷേ, ഇതൊരു കഥയായില്ല; എന്റെ മോളേ, നിധി കിട്ടുകയും മാണിക്യക്കല്ലു് പെട്ടിയിൽ വയ്ക്കുകയും ചെയ്തിട്ടല്ല ആരും പണക്കാരാകുന്നതു്… അന്ധവിശ്വാസം, വെറും സങ്കൽപ്പങ്ങൾ; കൊള്ളകൾക്കു മറ. ഒരു പക്ഷേ, ആർക്കെങ്കിലും നിധി കിട്ടീട്ടുണ്ടാകാം. ആരും നേരായ മാർഗത്തിൽ പണക്കാരാകുന്നില്ല. കള്ളക്കടത്തും കള്ളക്കണക്കും അമിതലാഭോം നികുതിവെട്ടിപ്പും കൈക്കൂലീം ചൂഷണങ്ങളും… അങ്ങനെയൊക്കെയാ പണക്കാരാകുന്നേ. ഈ ഭൂമിയും ഇതിലുള്ള സകലതും എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്. ഓരോരുത്തർക്കും ജീവിക്കാനുള്ളതു് അധ്വാനിച്ചുണ്ടാക്കാനുള്ള സാഹചര്യം, അവകാശം ഉണ്ടായിരിക്കണം. അതിനർത്ഥം എല്ലാരും പണക്കാരാകുക എന്നല്ല… സ്വകാര്യസ്വത്തു് മനുഷ്യരെ സ്വാർത്ഥരും അഹങ്കാരികളും അധികാരമോഹികളുമാക്കും. മനുഷ്യനന്മകളെക്കുറിച്ചു് അവർക്കു ചിന്തിക്കാനേ പറ്റുന്നില്ല. അതു മനസ്സിലായതുകൊണ്ടാണു് ശ്രീബുദ്ധൻ രാജ്യവും കൊട്ടാരവും പ്രിയപ്പെട്ടവരേയും എല്ലാം ഉപേക്ഷിച്ചിറങ്ങിയതു്. മോൾക്കിപ്പോൾ ഒന്നും ചെയ്യാനാകില്ല. പക്ഷേ, വലുതാവുമ്പോൾ നിധിയന്വേഷിച്ചല്ല ഇറങ്ങേണ്ടതു്; പാവപ്പെട്ടവർക്കും പണിയെടുക്കുന്നവർക്കുമൊപ്പം…’ പുഴപോലെ ഒഴുകിയ അച്ഛന്റെ പ്രസംഗത്തിനു് അമ്മ തടയിട്ടു:
‘ഒന്നു നിർത്തുന്നൊണ്ടോ പ്രസംഗം… ഇപ്പം ആരോടാ ഇതു്, ഈ പ്രാന്തിപ്പെണ്ണിനോടോ, തരക്കേടില്ല… കൊറേ നാളായികേക്കുന്നു, ഞാൻ… അവകാശങ്ങൾ! ഇഷ്ടം പോലെ സൊത്തൊള്ള അച്ഛന്റെ മോനായിരുന്നില്ലേ നിങ്ങളു്. എന്നിട്ടോ, നിങ്ങക്കെന്നല്ല കൂടെപിറപ്പുകൾക്കു കിട്ടാനുള്ള അവകാശം പോലും കളഞ്ഞുകുളിച്ചതാരാ? എന്നാ കുടുമ്മവീതം കിട്ട്യേതെങ്കിലും കളയാതെ നോക്ക്യോ? അതപ്പോ പാറുക്കുട്ടിക്കെഴുതിക്കൊടുത്തിട്ടു് എന്നേം പിള്ളേരം കൂട്ടി പെരുവഴിയിലേക്കെറങ്ങി, ഇപ്പോ ദാ കെടന്നു ചക്രശ്വാസം വലിക്കുന്നു, ഇങ്ങേരാരാ ശ്രീരാമനോ? ഇനി പണിയെടുക്കുന്നവരുടെ അവകാശമൊണ്ടാക്കാൻ പോണു! ഞാൻ വല്ല തെറീം പറഞ്ഞു പോകും…’ സാവിത്രിക്കുട്ടിയുടെ അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു് അടുക്കളയിലേക്കു കയറിപ്പോയി.
സാവിത്രിക്കുട്ടിയുടെ അച്ഛൻ പതുക്കെ ചിരിച്ചു: പിന്നെ ശബ്ദം താഴ്ത്തിപ്പറഞ്ഞു:
‘എന്റെ സ്വത്തു്! നമ്മടൊക്കെ പൂർവികരെങ്ങനെ ഭൂപ്രഭുക്കന്മാരായി, കൊല്ലും കൊലയ്ക്കും അവകാശമുള്ള നാടുവാഴികളായി? എന്തായാലും നേരേ ചൊവ്വേ ആയിരിക്കില്ല… ആ പാപത്തിന്റെ പങ്കിനു വേണ്ടി മോൾടെ അച്ഛൻ കേസു പറയണാരുന്നോ?’
സാവിത്രിക്കുട്ടി അച്ഛനെ മിഴിച്ചു നോക്കിയിരുന്നതേയുള്ളൂ. അച്ഛൻ പറഞ്ഞതെല്ലാം മനസിലായില്ലെങ്കിലും നിധിയും മാണിക്യക്കല്ലും സാവിത്രിക്കുട്ടിയുടെ ബോധത്തിൽനിന്നും അമ്പേ മാഞ്ഞുപോയിരുന്നു; പകരം മനസ്സിൽ ഉത്തരം തേടുന്ന കുറേ ചോദ്യങ്ങൾ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
ആരാണു് തന്റെ അച്ഛൻ! എന്തായാലും അമ്മ പറഞ്ഞതുപോലെ ശ്രീരാമനല്ല. രാമായണം കഥയൊക്കെ സാവിത്രിക്കുട്ടിക്കറിയാം. വല്യപ്പച്ചി എത്രയോ തവണ വായിച്ചു് അർത്ഥം വിവരിച്ചുതന്നിരിക്കുന്നു. അങ്ങനെയല്ലേ സാവിത്രിക്കുട്ടി രാമായണം വായിക്കാൻ പഠിച്ചതു്. വടക്കേതിലെ തങ്കമ്മൂന്റെ അമ്മൂമ്മയ്ക്കു് ദിവസവും രാമായണം വായിച്ചു കൊടുക്കുന്നതു് സാവിത്രിക്കുട്ടിയല്ലേ… ‘ഇത്ര ചെറിയ കുട്ടി…’ എന്നു് തങ്കമ്മൂന്റെ അച്ഛൻ സാവിത്രിക്കുട്ടിയെ തോളത്തുതട്ടി അഭിനന്ദിച്ചതല്ലേ. ഭൂമി എല്ലാവർക്കും കൂടിയുള്ളതാണെന്നും പാവപ്പെട്ടവർക്കും പണക്കാർക്കും പറയനും ബ്രാഹ്മണനും എന്നു വ്യത്യാസം പാടില്ലെന്നും എല്ലാവർക്കും അവകാശങ്ങൾ ഒരുപോലെയാണെന്നും എന്തായാലും സാവിത്രിക്കുട്ടി വായിക്കുന്ന രാമായണത്തിലെ ശ്രീരാമൻ പറയുമോ… ഇല്ലേ, ഇല്ല. അങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളാണോ ആ ശ്രീരാമൻ? പിന്നെന്തിനാ രാക്ഷസന്മാരെ കൊന്നതു്, ബാലിയെ ഒളിയമ്പെയ്തു കൊന്നതു്; ആ പാവം ശംബൂകനെ കൊന്നതോ? നല്ല മനുഷ്യനാണെങ്കിൽ പിന്നെന്തിനാ എല്ലാം അറിഞ്ഞിരുന്നിട്ടും സീതയെ സൂത്രത്തിൽ കാട്ടിലുപേക്ഷിച്ചതു്? കോപം പാടില്ല എന്നു് ലക്ഷ്മണനോടു് ഉപദേശിച്ച ശ്രീരാമൻ തന്നെയല്ലേ സുഗ്രീവന്റെ നേരെ ദേഷ്യം കൊണ്ടു് ചീത്ത പറഞ്ഞതു്. ‘ഇപ്പോ കാണിച്ചുതരാം ഞാനെ’ന്നു് പേടിപ്പിച്ചതു്? സാവിത്രിക്കുട്ടിയുടെ മനസ്സിൽ, രാമായണം വായിക്കുമ്പോളൊക്കെ തോന്നിയതാണു്; പക്ഷേ, ആരോടും ചോദിക്കാൻ വയ്യല്ലോ… എന്തായാലും തന്റെ അച്ഛൻ അങ്ങനെയല്ല. എല്ലാവരെയും സഹായിക്കാറേയുള്ളൂ. വഴക്കിടുന്നവരോടുപോലും സമാധാനത്തിൽ ചിരിച്ചുകൊണ്ടേ സംസാരിക്കൂ; ആരോടെങ്കിലും ദേഷ്യപ്പെട്ടു് സംസാരിക്കുന്നതുപോലും സാവിത്രിക്കുട്ടി കേട്ടിട്ടില്ല… അല്ല, അല്ല… തന്റെ അച്ഛൻ ശ്രീരാമനല്ലേയല്ല… പിന്നെ… ബുദ്ധൻ… ഇല്ല, ബുദ്ധനെപ്പോലെ എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോകാനും സാവിത്രിക്കുട്ടിയുടെ അച്ഛനു കഴിയില്ല… പിന്നെ?