‘മേപ്പട്ടും നോക്കി ഇരിപ്പു തുടങ്ങീട്ടു് കൊറേ നേരായല്ലോ. ആരേ സ്വപ്നോം കണ്ടോണ്ടിരിക്ക്വാടീ പെണ്ണേ?’
അടുക്കളമുറ്റത്തെ പ്ലാവിന്റെ പൊന്തിനിൽക്കുന്ന വേരിൽ ആകാശം നോക്കി അന്തംവിട്ടിരിക്കുന്ന സാവിത്രിക്കുട്ടി അമ്മയുടെ ചോദ്യം കേട്ടില്ല.
‘എടീ സാവിത്രീ… നീയവിടെ എന്തു നോക്കീരിക്ക്യാന്നു്?’ ഇടിവെട്ടും പോലെയുള്ള അമ്മയുടെ ശബ്ദം കേട്ടു് സാവിത്രിക്കുട്ടി ഞെട്ടിയുണർന്നു.
‘എനിക്കെന്തേലും കണ്ടുപിടിക്കണം.’ സാവിത്രിക്കുട്ടി പരുങ്ങലോടെ പറഞ്ഞു. ‘കണ്ടുപിടിക്ക്വേ, എന്തു കണ്ടുപിടിക്കാൻ?’
‘ഭൂമീലേം ആകാശത്തേം കടലിലേം ഒക്കെ കാര്യങ്ങളു്… ശാസ്ത്രജ്ഞന്മാരു കണ്ടുപിടിച്ചില്ലേ, ഭൂമി കറങ്ങണൊണ്ടെന്നു്, ഇടിവെട്ടണതു് എങ്ങനാണു്, ഭൂമീലു് ജീവനൊണ്ടായതു്…’
‘ഭാ… എഴുന്നേറ്റുപോണൊണ്ടോ എന്റെ മുമ്പീന്നു്. മഴയിപ്പ വീഴും. അന്നേരാ അവൾടെയൊരു കണ്ടുപിടിത്തം! മിറ്റത്തു് കെടക്കണ വെറക് ആ ചായിപ്പിലേക്കു് പെറുക്കിവയ്ക്കു പെണ്ണേ… കണ്ടുപിടിക്ക്ണു്. പോടീ എഴുന്നേറ്റു്.’ സാവിത്രിക്കുട്ടിയുടെ തലയ്ക്കു് ഒരു കിഴുക്കുകൊടുത്തു അമ്മ.
കിഴുക്കിന്റെ വേദന തൂത്തുകളഞ്ഞു് സാവിത്രിക്കുട്ടി മുറ്റത്തിറങ്ങി… തമ്മിൽത്തമ്മിൽ തിടുക്കത്തിൽ കുശലം മന്ത്രിച്ചു് പാറിപ്പോകുന്ന കരിമേഘത്തുണ്ടുകൾ… അങ്ങുദൂരെ ആകാശച്ചെരിവിൽ ഭീമന്മാരായ കാർമേഘങ്ങളുടെ കളരിപ്പയറ്റ്! വളഞ്ഞുപുളഞ്ഞു ചീറുന്ന ഉറുമിയുടെ തങ്കവെളിച്ചം… സാവിത്രിക്കുട്ടിയുടെ കണ്ണുകളിൽ പ്രപഞ്ചം ഇറങ്ങിനിന്നു…
…പാഠപുസ്തകത്തിലുള്ളതിനേക്കാൾ എത്രയോ വലിയ പാഠങ്ങളാണു് നമുക്കു് ചുറ്റുമുള്ളതു്! കണ്ണും കാതും മനസ്സും എപ്പോഴും ചുറ്റുപാടുകളിലേക്കു് തുറന്നിരിക്കണം… എന്നാലും ഒരു മനുഷ്യജന്മം കൊണ്ടു് പ്രപഞ്ചത്തിന്റെ ഒരു നൂറിലൊന്നുപോലും മനസിലാക്കാനാകില്ല… പക്ഷേ, നമ്മളെപ്പോഴും…’ അങ്ങനെ ഓരോ അറിവുകളിലേക്കുമുള്ള വാതിൽ തുറക്കും ചാക്കോസാർ പൊതുവിജ്ഞാനം ക്ലാസിൽ.
കണ്ണും കാതും മനസ്സും കൂർപ്പിച്ചു്, ക്ലാസ് തീരല്ലേ എന്നു പ്രാർഥിച്ചു്, തീരാത്ത സംശയങ്ങളുമായി സാവിത്രിക്കുട്ടിയും…
ചോദ്യം ചോദിച്ചു് ചാക്കോസാറിനെ ബുദ്ധിമുട്ടിക്കുന്നതിൽ ഒന്നാമതൊന്നുമായിരുന്നില്ല സാവിത്രിക്കുട്ടി. പക്ഷേ, ഒരു ദിവസം സാവിത്രിക്കുട്ടിയുടെ നാവിൽ വന്നുമുട്ടിയ ചോദ്യം ചാക്കോസാറിനു് ഇഷ്ടപ്പെട്ടു.
‘ഈ നക്ഷത്രങ്ങടേം സൂര്യന്റേം ചന്ദ്രന്റേം ആകാശത്തിന്റേം അപ്പുറത്തു് വേറേം ഭൂമി ഒണ്ടാരിക്കുമോ സാറേ? ഭൂമിയൊണ്ടേ അവടത്തെ മനുഷ്യരും നമ്മളെപ്പോലെ ആരിക്കുമോ? ആരിക്കത്തില്ല. കഥേലു് ഈ ദേവന്മാരെന്നൊക്കെ പറയണതു് അവടത്തെ ആളുകളെപ്പറ്റിയാരിക്കും, അല്ലേ സാറേ?’
‘കൊള്ളാം… ഇങ്ങനെ ചോദ്യങ്ങൾ വരണം മനസ്സിൽ… വേറെ ഭൂമിയൊണ്ടോന്നും അവിടെങ്ങാനും ജീവികളുണ്ടോന്നുമൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കഥകളിൽ പറയുന്ന ദേവന്മാർ കഥകളിൽ മാത്രമുള്ളവരാണു്. കുട്ടികളേ… നിങ്ങൾ പഠിക്കണം. ഒരുപാടു് പഠിക്കണം. സാവിത്രിക്കുട്ടിയുടെ സംശയത്തിനു് ഉത്തരം കണ്ടെത്താൻ എന്നെങ്കിലും സാധിക്കും.’
എന്തെങ്കിലും കണ്ടുപിടിക്കണമെന്ന മോഹം ഒരു ഞണ്ടിനെപ്പോലെ സാവിത്രിക്കുട്ടിയുടെ മനസ്സിനെ ഇറുക്കാൻ തുടങ്ങിയതു് അന്നു് മുതൽക്കാണു്. എന്താണു് കണ്ടുപിടിക്കേണ്ടതു്? ഇതുവരെ ആർക്കും തിരിച്ചറിയാൻ പറ്റാതിരുന്ന കാര്യങ്ങൾ… ചാക്കോസാർ പറഞ്ഞിട്ടുണ്ടു് ആരൊക്കെ കണ്ടുപിടിച്ചാലും തീരാത്തത്ര കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നു്.
സാവിത്രിക്കുട്ടി ചിന്തിച്ചുകൊണ്ടേയിരുന്നു, നടപ്പിലും ഇരിപ്പിലും കിടപ്പിലും; രണ്ടാം ലോകമഹായുദ്ധകാലത്തും അതേത്തുടർന്നും ഉണ്ടായ കെടുതികളും വറുതികളും ഏറെ ബാധിച്ച, ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിൽനിന്നു് രാജ്യത്തിന്റെ അധികാരം ഇന്ത്യൻ പ്രമാണിമാർക്കു് കൈമാറിക്കിട്ടിയതിന്റെ ഗുണമൊന്നും അനുഭവത്തിൽ കാണാത്തതിനാൽ അതിൽ അത്രയ്ക്കൊന്നും ആവേശം കൊള്ളാൻ കെൽപ്പില്ലാത്തവർ ഭൂരിഭാഗമായ, നവോത്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പ്രഭാതരശ്മികൾ റബ്ബർമരങ്ങളുടെ ഇലച്ചിലിനിടയിൽക്കൂടി കടന്നുവരാൻ വിഷമിക്കുന്നതു് നിസ്സഹായതയോടെ നോക്കിനിന്ന, ഒരു കൊച്ചുകുഗ്രാമത്തിലെ പാവം പാവം സർക്കാർ സ്ക്കൂളിലെ അഞ്ചാംക്ലാസുകാരിയുടെ കണ്ണും കാതും മനസ്സും എത്തുന്ന അകലങ്ങളിലേക്കു തുറന്നുവച്ചു്, സ്വന്തം ആദർശങ്ങൾ കാത്തുസൂക്ഷിക്കാൻ ജീവിതദുരിതങ്ങൾ കൈനീട്ടി വാങ്ങിയ ഒരച്ഛന്റെ ദുർലഭമായി മാത്രം കിട്ടുന്ന സാന്നിധ്യം പകർന്നുകൊടുക്കുന്ന—എന്നാൽ ആ പത്തുവയസ്സുകാരിക്കു് മുഴുവനായി ഉൾക്കൊള്ളാനാകാത്ത—വാക്കുകളുടേയും ആശയങ്ങളുടേയും ചിറകടിയൊച്ച ത്രസിപ്പിക്കുന്ന മനസ്സുമായി.
ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും മഞ്ഞും മരങ്ങളും കരയും കടലും… കൺമുന്നിൽ കാണുന്നതെല്ലാം അത്ഭുതങ്ങൾ; പുൽക്കൊടിത്തുമ്പിലെ ഒരു മഞ്ഞുകണികപോലും… എന്താണു് എങ്ങനെയാണു് കണ്ടുപിടിക്കുക… മനുഷ്യർക്കാവശ്യമുള്ളതെല്ലാം ആരൊക്കെയോ കണ്ടുപിടിച്ചുകളഞ്ഞു! പക്ഷേ, എന്നിട്ടുമെന്താ പട്ടിണിയും രോഗങ്ങളും സംഘർഷങ്ങളും…
ഉണ്ടു്, കണ്ടുപിടിക്കാൻ ഇനിയും ഒത്തിരി എന്തൊക്കെയോ ഉണ്ടു്; ഒരിക്കലും കണ്ടുപിടിച്ചു തീരില്ലെന്നല്ലേ ചാക്കോസാർ പറഞ്ഞതു്.
അങ്ങനെ ഒരു ദിവസം…
കരോട്ടെ കുമാരൻവല്യമ്മാവന്റെ പറമ്പിലെ വലിയ നാട്ടുമാവിൻചോട്ടിൽ ബാലസെറ്റു മുഴുവനുമുണ്ടു്; മാമ്പഴക്കാലമാണു്. പെട്ടെന്നു് ഒരു മാമ്പഴം—അല്ല അതൊരു കല്ലാണു്. നേരേ താഴോട്ടു വരുന്നു. മേൽപ്പോട്ടു തന്നെ നോക്കി കൊതിയൂറി നിൽക്കുന്ന അനിയന്റെ തലയ്ക്കു നേരെ… ഒറ്റച്ചാട്ടത്തിനു് അനിയനെ തള്ളിമാറ്റി സാവിത്രിക്കുട്ടി. പക്ഷേ, കല്ലു് സാവിത്രിക്കുട്ടിയുടെ ഉച്ചിക്കു തന്നെ വീണു… തങ്കമ്മു എറിഞ്ഞ കല്ലാണു്, എല്ലാവരേയും കളിപ്പിക്കാൻ. മാങ്ങ വീഴുന്നുവെന്നു് വിചാരിച്ചു് ഓടുന്നവർ ഇളിഭ്യരാകുമ്പോൾ കൂട്ടച്ചിരിയുയരും… അന്നു് ആർക്കും പക്ഷേ, ചിരിക്കാൻ പറ്റിയില്ല. സാവിത്രിക്കുട്ടിയുടെ തലയിൽ നിന്നും ചോര ഒഴുകുന്നു. കല്ലുവീണ വേദനയിൽ എങ്ങിക്കരഞ്ഞുകൊണ്ടിരുന്ന സാവിത്രിക്കുട്ടി പെട്ടെന്നു് കരച്ചിൽ നിർത്തി… ‘ഒരു സംശയം—തങ്കമ്മു മോലോട്ടെറിഞ്ഞ കല്ലെന്തിനാ താഴോട്ടു് പോന്നേ, ആകാശത്തു നിൽക്കുന്ന മാങ്ങയ്ക്കു് അടർന്നാൽ താഴെ ഭൂമിയിലേക്കേ പോരാൻ പറ്റൂ. പക്ഷേ, താഴെ ഭൂമിയിൽ നിന്നു് മേപ്പോട്ടുപോയ കല്ലിനു് അങ്ങനെ തന്നെ അങ്ങുനേരെ ആകാശത്തിലോട്ടു പോകാരുന്നില്ലേ… ഇന്നാളു ദേഷ്യം വന്നപ്പം അമ്മ എടുത്തെറിഞ്ഞ പിച്ചളമൊന്ത അടുക്കളച്ചുവരിൽ തട്ടി തിരിച്ചുവന്നു് സാവിത്രിക്കുട്ടിയുടെ മൂക്കുചതച്ചു… ചുവരു് തടഞ്ഞില്ലായിരുന്നെങ്കിൽ മൊന്ത അങ്ങനെ പറന്നു് പറന്നു്… ചക്കോ സാറിനോടു് ചോദിക്കാം… എന്നിട്ടു സാവിത്രിക്കുട്ടി കണ്ടുപിടിക്കും കല്ലിനു നേരെ ആകാശത്തേക്കു പോകാനുള്ള വഴി, മൊന്തയ്ക്കു പറക്കാനുള്ള വഴി…’
വളരെപ്പണ്ടുതന്നെ ഐസക്ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുകൊണ്ടു്, സാവിത്രിക്കുട്ടിയുടെ തലയിൽ വീണ കല്ലിനു്—അഥവാ മാമ്പഴം തന്നെയായാലും—ഒരു പ്രസക്തിയുമില്ലെന്നു് സ്ക്കൂൾഫൈനൽ ക്ലാസുകാരനായ അപ്പുണ്യേട്ടൻ പറഞ്ഞു: ‘പടക്കം മുതൽ ആറ്റംബോംബു വരെ കണ്ടുപിടിച്ചു കഴിഞ്ഞെടീ പോത്തേ, ഇനിയെന്തോ പിണ്ണാക്കാ നീ കണ്ടുപിടിക്കാൻ പോണേ? എടീ, അതിനൊക്കെ നല്ല ബുത്തി വേണം… ഒമ്പേറ്റൊൻപതു് എത്രയാന്നു ചോദിച്ചാൽ എഞ്ചുവടി തപ്പണ പാർട്ട്യാ, പിന്നല്ലേ’, അപ്പുണ്യേട്ടന്റെ കളിയാക്കലിൽ എല്ലാവരും ചിരിച്ചു മറിഞ്ഞു.
സാവിത്രിക്കുട്ടി വല്ലാതെ നിരാശപ്പെട്ട കാലമായിരുന്നു, അതു്. പഠിപ്പും ബുദ്ധിയുമൊക്കെ എന്നാ കിട്ടുക; പരീക്ഷണം എങ്ങനെ നടത്തും… ‘എന്തു കാര്യമായാലും അതു മനസിലാക്കുന്നതു് കഴിയുന്നതും പരീക്ഷിച്ചും നിരീക്ഷിച്ചും വേണം’ —ചാക്കോസാർ പറഞ്ഞിട്ടുണ്ടു്:
‘പുതിയതൊന്നും കണ്ടുപിടിക്കാനായില്ലെങ്കിലും ചെറിയചെറിയ അത്ഭുതങ്ങളുടെ കാരണങ്ങൾ ചിലപ്പോൾ നിങ്ങൾക്കു സ്വയം കണ്ടെത്താം. അതുതന്നെ വലിയ കാര്യമല്ലേ? മഞ്ഞുകാലത്തു് അതിരാവിലെ ഉണർന്നു് മുറ്റത്തിറങ്ങാറുണ്ടോ? പുൽനാമ്പുകളിലും ഇലത്തുമ്പുകളിലും ഇപ്പോ വീഴും എന്നു തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിച്ചവരോടു രണ്ടു ചോദ്യങ്ങൾ—ഒന്നു്: തലേന്നു് മഴ പെയ്തിട്ടേയില്ല, പിന്നെവിടുന്നാണീ വെള്ളത്തുള്ളികൾ? ചോദ്യം രണ്ടു്: കടുകുമണിയോളം വലിപ്പമുള്ള വെള്ളത്തുള്ളികൾ സൂക്ഷിച്ചുനോക്കിയാൽ ഒരു വർണപ്രപഞ്ചം അതിനുള്ളിൽ കാണാം; അതെങ്ങനെ?’
ചാക്കോസാറിന്റെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി എല്ലാക്കോണിൽ നിന്നും ഉയർന്നു, ഒട്ടും സംശയിക്കാതെ. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു് ഉത്തരമറിയാവുന്നവർ രണ്ടുമൂന്നുപേർ മാത്രം; അതിൽ സാവിത്രിക്കുട്ടിയുമുണ്ടായിരുന്നു. വേലിക്കൽ തൂങ്ങി നിൽക്കുന്ന പുൽനാമ്പുകളിലെ മഞ്ഞുകണികകൾ നേരേ കണ്ണിലേക്കിറ്റിച്ചു് പ്രഭാതത്തിന്റെ കുളിർമ കണ്ണുകളിലേറ്റുവാങ്ങി നടന്ന ഒരു പ്രഭാതത്തിലാണു് സാവിത്രിക്കുട്ടി ആ അത്ഭുതം കണ്ടെത്തിയതു്. മഞ്ഞുതുള്ളിയിൽ മഴവില്ല്! അച്ഛൻ വിശദീകരിച്ചുകൊടുത്തു അതെന്താണെന്നു്.
‘അതുതന്നെ, എന്തിനേയും നിരീക്ഷിച്ചറിയണം. മനസ്സിലെപ്പോഴും ജിജ്ഞാസയുടെ കനലെരിഞ്ഞു നിൽക്കണം… ജ്ഞാനതൃഷ്ണ—അറിയാനുള്ള ആഗ്രഹം—അതാണു് മനുഷ്യനെ മറ്റു ജീവിവർഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നതു്.’
ചാക്കോസാർ സാവിത്രിക്കുട്ടിയുടെ മനസ്സിന്റെ ഭിത്തിയിൽ ആ വാക്കുകൾ നാരായം കൊണ്ടാണെഴുതിക്കൊടുത്തതു്. എത്രയോ രാത്രികളിൽ ആകാശം നോക്കി അന്തം വിട്ടിരുന്നിരിക്കുന്നു, സാവിത്രിക്കുട്ടി. അങ്ങനെയൊരു രാത്രി: സാധാരണ നക്ഷത്രം വീഴുമ്പോളൊക്കെ സാവിത്രിക്കുട്ടിക്കു സങ്കടംവരും, എന്തിനെന്നറിയാതെ. ആരായാലും എന്തായാലും ഇല്ലാതാവുന്നതും കളഞ്ഞുപോകുന്നതുപോലും സാവിത്രിക്കുട്ടിക്കു് സഹിക്കാൻ വയ്യ, പക്ഷേ, അന്നു് സാവിത്രിക്കുട്ടിക്കു് വലിയ സംശയമായി. ഈ കൊഴിഞ്ഞു വീഴുന്ന നക്ഷത്രമൊക്കെ എവിടെയാ വീഴുന്നേ? നേരെ തലയ്ക്കു മോളീന്നു കൊഴിഞ്ഞ നക്ഷത്രംപോലും സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തോ പറമ്പിലോ അടുത്ത പ്രദേശത്തുപോലുമോ വീണിട്ടില്ല… പിന്നെ അതെവിടെപ്പോയി? സംശയം സംശയമായി അവശേഷിച്ചു. അമ്മയോടു ചോദിച്ചതാണു്—‘അതു ധൂമകേതുക്കളാ. അതെവടെപ്പോകാനാ. എരിഞ്ഞു തീർന്നിട്ടുണ്ടാകും. അതു നോക്കി ദെവസോം പാതിരാത്രിവരെ… എന്തിന്റെ കേടാ പെണ്ണേ നെനക്കു്!’ എന്നു ദേഷ്യപ്പെട്ടു. ധൂമകേതു എന്താണെന്നു് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മ ദേഷ്യപ്പെട്ടാലോ? എന്നാലും സാവിത്രിക്കുട്ടിയുടെ ജിജ്ഞാസകൾക്കു തളർച്ച ബാധിച്ചില്ല.
അങ്ങനെ, സങ്കൽപ്പലോകത്തിന്റെ അപാരതയിലലഞ്ഞു്… ഒന്നും കണ്ടുപിടിക്കുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടു തുടങ്ങിയ ഒരു ദിവസമായിരുന്നു അരമനയിലെ കുശിനിക്കാരൻ വാറുണ്ണിമാപ്പളേടെ മകൾ കൊച്ചുത്രേസ്യ ഉച്ചയ്ക്കൊന്നും കഴിക്കാറില്ലെന്നു് സാവിത്രിക്കുട്ടി കണ്ടെത്തിയതു്. ഒരു ക്ലാസ്സിലാണെങ്കിലും അവർ തമ്മിൽ അത്ര വലിയ ചങ്ങാത്തമൊന്നുമില്ലായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു് കിണറ്റുവെള്ളം കോരിക്കുടിച്ചു് വിശപ്പാറ്റുന്ന കൊച്ചുത്രേസ്യയെക്കണ്ടു് സാവിത്രിക്കുട്ടി അത്ഭുതപ്പെട്ടു; ഇടയ്ക്കൊക്കെ ഉച്ചയ്ക്കു് വെള്ളം കുടിച്ചു വിശപ്പകറ്റുന്ന കുട്ടി താൻ മാത്രമാണെന്നായിരുന്നു അവളുടെ വിചാരം. സ്ക്കൂളിനു് വിളിപ്പാടകലെ കൊട്ടാരം പോലെയുള്ള അരമനയിൽ മുന്തിരിവൈനും കോഴിവറുത്തതും കാളയുലത്തിയതും ആട്ടിറച്ചിസ്റ്റൂവും വെള്ളയപ്പവും ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന, ഉച്ചനേരങ്ങളിൽ ടെറസിനു മുകളിൽ ഏത്തപ്പഴം കീറിയുണക്കുന്ന കുശിനിക്കാരൻ വറീതുമാപ്പളേടെ മകൾ ഉച്ചപ്പട്ടിണിയാകുന്നതെന്തുകൊണ്ടു്? കൊച്ചുത്രേസ്യയുടെ വീട്ടിൽ രാത്രിമാത്രെ കഞ്ഞിവയ്ക്കൂ. കുശിനിക്കാരന്റെ ശമ്പളത്തീന്നു് അത്രയൊക്കെയേ പറ്റൂ. രാവിലെ പഴങ്കഞ്ഞിയുള്ളതു് എല്ലാരുംകൂടി കഴിക്കും; അത്രതന്നെ… അമ്മാവന്മാരുടെയും ചിറ്റമ്മമാരുടെയും മക്കൾ ഒരു വർഷത്തേക്കു പതിനാറുജോഡി ഡ്രസ് പോരെന്നു് വാശിപിടിക്കുന്ന തറവാട്ടുവീട്ടിൽപെട്ട സാവിത്രിക്കുട്ടി, ഒരു പാവാടയും രണ്ടുബ്ലൗസുമായി ഒരു സ്ക്കൂൾവർഷം താണ്ടുന്നു! എന്താണിങ്ങനെയൊക്കെ?
‘അതിന്റെയുത്തരം ആകാശത്തും സൂര്യനിലും ചന്ദ്രനിലുമൊന്നുമല്ല; നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നിന്നുതന്നെ കാരണങ്ങൾ കണ്ടെത്തണം. അതാണു് അതിനുത്തരം. ഒരുപാടു് ബുദ്ധിമുട്ടുള്ള പണിയാണതു്. ഒപ്പം കണ്ടുപിടുത്തങ്ങളും ആവാം. ഏതിനും നീ കൊറച്ചുകൂടി വലുതാവട്ടെ, തിരക്കുകാട്ടണ്ട;’
അച്ഛൻ പറഞ്ഞതുമുഴുവൻ സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. സാവിത്രിക്കുട്ടി സ്വപ്നങ്ങളിലേക്കു തന്നെ മടങ്ങി—ഭാവനയിൽ സ്വർഗവും നരകവും സൃഷ്ടിച്ചു് കരഞ്ഞും ചിരിച്ചും… ചാക്കോസാറിനു് മറ്റെവിടെയോ ജോലിയായിപ്പോയി, അതിനിടെ. ഗവേഷണവും കണ്ടുപിടിത്തവും ചോദ്യംചെയ്യലുമൊന്നും സിലബസിലുള്ള കാര്യമല്ലെന്നു് ഉത്തമബോധ്യമുള്ള അധ്യാപകരായിരുന്നു പിന്നീടു് കുട്ടികളുടെ ഔട്ടു് ഓഫ് സിലബസ് ചോദ്യങ്ങളും സംശയങ്ങളും പ്രോത്സാഹിപ്പിച്ചു് സമയം കളയാൻ അവർ ഒരുക്കവുമല്ലായിരുന്നു… എൺപതുമൈൽ സ്പീഡിൽ പോർഷൻ തീർത്തു് ചോദ്യോത്തരങ്ങളും കോമ്പസിഷനും എഴുതിക്കൊടുത്തു്, കാണാതെ പഠിപ്പിച്ചു്, പകർത്തിയെഴുതിച്ചു്, റിവിഷനും ക്ലാസ്ടെസ്റ്റുകളും നടത്തി മാതൃകാ അധ്യാപകരായി, അവർ.
സാവിത്രിക്കുട്ടിയുടെ മനസ്സിനു് ആലസ്യം ബാധിച്ചു തുടങ്ങിയിരുന്നു… അക്കാലത്തൊരിക്കൽ…
‘പോർട്ടുഗൽ എന്ന രാജ്യത്തു് ‘ഫാത്തിമ’ എന്ന സ്ഥലത്തു് ഒരു ഇടയപ്പെൺകുട്ടിക്കു് ‘മാതാവ്’ പ്രത്യക്ഷയായി! കാതുകളിൽ നിന്നു് കാതുകളിലേക്കു് പകർന്ന ആ വാർത്ത ഒരാരവമായി. ലോകം മുഴുവൻ അലയടിച്ചു് അത്ഭുതവാർത്തയായി, മാതാവു് പത്രത്തിന്റെ മുൻപേജിലെ പടമായി സാവിത്രിക്കുട്ടിയുടെ നാട്ടിലുമെത്തി.’
‘കാട്ടിലെ മലമുകളിൽ ഒറ്റയ്ക്കു് ആടുമേച്ചുനടന്ന പെൺകുട്ടിയുടെ മുമ്പിൽവന്ന മാതാവിന്റെ പടം ആരെടുത്തു?’ സാവിത്രിക്കുട്ടിയുടെ മനസ്സങ്ങനെയാണു്; അനാവശ്യമായ സംശയങ്ങളുയർത്തിക്കൊണ്ടേയിരിക്കും…
‘ആടുമേച്ചു് ക്ഷീണിച്ചുതളർന്ന പെൺകുട്ടി മരച്ചുവട്ടിൽ ആകാശം നോക്കി വെറുതെയിരുന്ന ഒരു നട്ടുച്ച… തിളയ്ക്കുന്ന സൂര്യൻ പതുക്കെപ്പതുക്കെ മിനുങ്ങുന്ന നീലത്തടാകമായി. അതിനു ചുറ്റും ഒരു പ്രഭാവലയം. നീലത്തടാകത്തിൽ നിന്നു് നേരെ ഇറങ്ങിവന്നു് രണ്ടുകയ്യും വാത്സല്യപൂർവം പെൺകുട്ടിക്കു നേരെ നീട്ടിപ്പിടിച്ചു് മാതാവു് നിന്നു, സാക്ഷാൽ കന്യാമറിയം! അത്ഭുതവും ആഹ്ലാദവും കൊണ്ടു് ഒരു നിമിഷം ആ കുട്ടി പകച്ചുപോയി… പിന്നെന്തു സംഭവിച്ചുവെന്നു് അവൾക്കറിയില്ല; പുണ്യവതിയായ ഇടയപ്പെണ്ണു്!’ മറിയക്കുട്ടിറ്റീച്ചർ ഭക്തിപാരവശ്യത്തോടെ വിവരിച്ചു. പുറകിൽ ഞൊറിവച്ചുടുത്ത മുണ്ടും കവണിയും ചട്ടയും കറുത്തചരടിൽ കോർത്ത വലിയ വെന്തിങ്ങയുമിട്ടു്, കുട്ടികൾ കാണിയുംകോരിയും തുന്നുന്ന സമയമത്രയും കൊന്തയെത്തിക്കുന്ന തുന്നൽറ്റീച്ചറായ മറിയക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്തിപാരവശ്യത്തിൽ ഇടറിയ തൊണ്ടയോടെ സ്തുതി പിറുപിറുത്തു് കുരിശുവരച്ചു. കുട്ടികളാരൊക്കെയോ ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലി കുരിശു വരച്ചു് കഴുത്തിലിട്ട കുരിശുമുത്തി ടീച്ചറിനു കാതോർത്തു:
‘നമ്മൾ പുണ്യം ചെയ്തവരാണു് കുഞ്ഞുങ്ങളേ’, റ്റീച്ചർ വികാരഭരിതയായി തുടർന്നു:
‘ഫാത്തിമ മാതാവിനെ കാണാൻ കരുണാമയനായ കർത്താവു് ലോകവാസികൾക്കെല്ലാം അവസരം ഒരുക്കിത്തന്നിരിക്കുന്നു! വിശ്വാസികൾക്കു് അനുഗ്രഹം ചൊരിഞ്ഞു് മാതാവു് ലോകം മുഴുവൻ എഴുന്നള്ളുന്നു… ഈ ഞായറാഴ്ച…’
മെഗാഫോണിൽ മാതാവിന്റെ എഴുന്നള്ളിപ്പു് വിളിച്ചറിയിച്ചു് ജീപ്പുകൾ തലങ്ങുംവിലങ്ങും ചീറിപ്പാഞ്ഞു. വീടുവീടാന്തരം സന്ദേശമെത്തിക്കാൻ വിശ്വാസികൾ മഞ്ഞുംമഴയും വെയിലും വകവയ്ക്കാതെ കയറിയിറങ്ങി; സാവിത്രിക്കുട്ടിയുടെ വീട്ടിലും വന്നു… മാനസാന്തരപ്പെടുവാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടാനിടയാകരുതു്. ശനിയാഴ്ച തന്നെ തെങ്ങുകൾക്കു മുകളിലും മൈതാനത്തിന്റെ വടക്കുകിഴക്കേ മൂലയ്ക്കുള്ള വലിയ അരയാലിൻകൊമ്പത്തുമൊക്കെ കോളാമ്പികൾ തലനീട്ടി.
ആ നാട്ടിലെ ക്രിസ്ത്യാനികൾ—ഒരു പക്ഷേ, മറ്റനേകം പേരും—നേരം പരപരാവെളുത്തപ്പോഴേക്കും മൈതാനത്തു് തിങ്ങിക്കൂടി; അത്ഭുത കാഴ്ച്ച കാണാനുള്ള ആകംക്ഷപൂണ്ടു് ജനങ്ങൾ. മണ്ണുനുള്ളിയിട്ടാൽ താഴെ വീഴില്ല.
ഭക്തജനങ്ങൾക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു. കോളാമ്പിയിൽക്കൂടി ഉയർന്ന പള്ളിപ്പാട്ടുകളേക്കാൾ ഉച്ചത്തിൽ ‘സോഡാ, സർബത്തു്, നാരങ്ങാവെള്ളം’ വിളി അലയടിച്ചു. രാവിലെ കൃത്യം ഒമ്പതരയ്ക്കെത്തുമെന്ന അറിയിപ്പു് പത്തുമണി കഴിഞ്ഞപ്പോൾ പത്തുമിനിട്ടിനകം എത്തുമെന്നും, ഇതാ എത്താറായി, എന്നുമൊക്കെയായി. ഘോഷയാത്ര മൈതാനത്തെത്തിയപ്പോൾ സൂര്യൻ ശാന്തനായി വെറുമൊരു ചുവന്ന ഗോളമായി യാത്രയാവുകയായിരുന്നു. അലങ്കരിച്ച തൂവെള്ളരഥത്തിൽ തൂവെള്ള വസ്ത്രങ്ങളും വെള്ളക്കിരീടവും ധരിച്ച ഫാത്തിമമാതാവു്! അതൊരു മാർബിൾ പ്രതിമയായിരുന്നു. മൈതാനത്തേക്കാൾ ഒരുപാടു് ഉയരത്തിലുള്ള സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തുനിന്നാൽ ശരിക്കും കാണാമായിരുന്നു.
‘ഇടയപ്പെണ്ണിന്റെ ഭക്തികൊണ്ടല്ലേ മാതാവു് അവൾക്കു പ്രത്യക്ഷപ്പെട്ടതു്; എന്നുവച്ചു് എല്ലാര്ടേം മുമ്പിലേക്കു് ചുമ്മാ എറങ്ങി വര്വോ? ഇതായിപ്പോയി കൂത്തു്.’ മാതാവെന്താ വരാത്തേന്നു് ചോദിച്ച കുട്ടിയമ്മൂമ്മയോടു് കുഞ്ഞൊറോതച്ചേട്ടത്തി ലേശം പരിഹാസത്തോടെ പറഞ്ഞു. വിശ്വാസികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രാർത്ഥന പാടി, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പരീക്ഷിക്കണം… പരീക്ഷിച്ചു കണ്ടുപിടിക്കണം. ‘പരീക്ഷിച്ചും നിരീക്ഷിച്ചും അറിവു നേടണ’ മെന്നു ചാക്കോസർ പറഞ്ഞിട്ടുണ്ടു്; സാവിത്രിക്കുട്ടി ഉറപ്പിച്ചു.
പിറ്റേന്നു് സാവിത്രിക്കുട്ടി സ്ക്കൂളിൽ പോയില്ല; വയറിളക്കം എന്നൊരു കള്ളം പറഞ്ഞു; പെട്ടെന്നൊന്നും അമ്മ കണ്ടുപിടിക്കാനിടയില്ലാത്ത രോഗം.
ഉച്ചയ്ക്കു പന്ത്രണ്ടു മണിയായപ്പോൾ അമ്മ കാണാതെ സാവിത്രിക്കുട്ടി ആറ്റിലേക്കോടി. നട്ടുച്ചയ്ക്കാണു് ഇടയപ്പെണ്ണു്, മാതാവു് സൂര്യനിൽ നിന്നിറങ്ങിവരുന്നതു് കണ്ടതു്; ഉച്ചയ്ക്കു തന്നെ പരീക്ഷിക്കണം.
കൊട്ടാരംകടവിനോടു ചേർന്നു് ആറിന്റെ പകുതിവരെ വിശാലമായ പാറക്കെട്ടാണു്. ഉച്ചനേരത്തെ വിജനതയിൽ ആറ്റുവഞ്ചിക്കുട ചൂടിയ കുളിക്കടവിനു് ഒരു നിഗൂഢഭാവം. പാറക്കെട്ടിനു താഴ്‌വശത്തെ കയത്തിൽ പണ്ടെങ്ങോ ആരൊക്കെയോ ചേർന്നു് വെട്ടിനുറുക്കി ചാക്കിൽ കെട്ടിത്താഴ്ത്തിയ ചെട്ട്യാരുടെ പ്രേതം ഉച്ചകളിലാണോ പുറത്തിറങ്ങാറ്! സാവിത്രിക്കുട്ടി പാറക്കെട്ടിലേക്കെടുത്തുവച്ച കാൽ അനക്കാനാവാതെ ഒരിട നിന്നു… ‘ഇല്ല പിന്മാറാനാകില്ല…’ ‘കഷ്ടപ്പെടാതെ വിജയിക്കാനാകില്ല’, ചാക്കോസാർ പറഞ്ഞിട്ടുണ്ടു്.
…പാറയുടെ ഒത്തനടുവിൽനിന്നു് സാവിത്രിക്കുട്ടി ഉച്ചസൂര്യനെ നോക്കി, കണ്ണിമയ്ക്കാതെ… സൂര്യൻ കത്തുന്നു… കണ്ണു മഞ്ഞളിച്ചിട്ടും സൂര്യരശ്മികൾ സൂചിമുനകൾ പോലെ കണ്ണിൽക്കുത്തിയിട്ടും സാവിത്രിക്കുട്ടി വാശിയിൽ നിന്നു… ‘തോറ്റുകൂടാ.’
അതാ, ഉരുകിത്തിളച്ചുകൊണ്ടിരുന്ന സൂര്യനിൽ മിനുങ്ങുന്ന ഡിസൈനുകളുള്ള നീലനിറം… അതിനുള്ളിലൊരു നീലത്തുരങ്കം… ആ നിലിമയിൽ നിന്നു് ഒരുകാൽ പതുക്കെ താഴോട്ടുവച്ചു സാവകാശം പുഞ്ചിരിയോടെ ഇറങ്ങിവരുന്നതാരാണു്!
ഉച്ചയ്ക്കു് പൊള്ളുന്ന പാറപ്പുറത്തു് വീണുകിടന്ന സാവിത്രിക്കുട്ടിയെ തുണിയലക്കാൻ വന്ന അമ്മാളുവമ്മ താങ്ങിപ്പിടിച്ചു് വീട്ടിലെത്തിച്ചു. ഒരുപാടു ചീത്തവിളിയും മൂന്നുനാലടിയും അമ്മയുടെ വക.
‘അഞ്ചെട്ടുപത്തു വയസ്സൊള്ള പെണ്ണു് നട്ടുച്ചയ്ക്കു് ഒറ്റയ്ക്കു് കൊട്ടാരംകടവിൽ! എന്റീശ്വരാ… ഇങ്ങനൊരസത്തിനെ നീയെനിക്കു തന്നല്ലോ ഭഗവാനേ.’ സാവിത്രിക്കുട്ടിയുടെ അമ്മ കൈകൾരണ്ടും തലയിൽചേർത്തു് പതം പറഞ്ഞു. അയൽപക്കത്തെ പെണ്ണുങ്ങൾ അമ്മാളുവമ്മയുടെ നേതൃത്വത്തിൽ സാവിത്രിക്കുട്ടിക്കു ചുറ്റും കൂടിനിന്നു് ഗുണദോഷചർച്ചയിലാണു്.
സാവിത്രിക്കുട്ടി അമ്മയുടെ അടികൊണ്ടിട്ടും കരഞ്ഞില്ല. മഹത്തായ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു, സാവിത്രിക്കുട്ടി. ഇവർക്കൊന്നും അതുപറഞ്ഞിട്ടു് മനസ്സിലാകുന്നില്ല. പോർട്ടുഗല്ലിലെ ഇടയപ്പെണ്ണിനു മാതാവിനെയായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ടാ മാതാവു് പ്രത്യക്ഷപ്പെട്ടതു്. സാവിത്രിക്കുട്ടിക്കു് ഏറ്റവും ഇഷ്ടം വല്യപ്പച്ചിയെ. കൂവപ്പൊടിയും വിളയാത്ത തേങ്ങയും ജീരകവുമൊക്കെ ചേർത്തുണ്ടാക്കിയ ഓട്ടടയും ചക്കരച്ചി മാമ്പഴവും ഒരുപാടു് കഥകളുടെ ഭാണ്ഡവുമായി നാട്ടിൽനിന്നു് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അനുജനേയും കുടുംബത്തെയും കാണാനെത്തുന്ന അച്ഛന്റെ കുഞ്ഞോപ്പ—കൊച്ചപ്പച്ചി. കൊച്ചപ്പച്ചിക്കു് സാവിത്രിക്കുട്ടിയെ ജീവനാണു്. ഉച്ചസൂര്യനിലെ നീലത്തുരങ്കത്തിൽ നിന്നിറങ്ങി കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ നോക്കി ചിരിക്കാൻ തുടങ്ങിയതേ അവൾക്കോർമ്മയുള്ളൂ. സാവിത്രിക്കുട്ടി ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. കൊച്ചപ്പച്ചി പുതച്ചിരുന്ന കസവുനേര്യതുപോലും സാവിത്രിക്കുട്ടി വ്യക്തമായി കണ്ടതാണു്.
‘നാളെ ഉച്ചയ്ക്കു നോക്കണേ സാവൂ. നമ്മടെ ഔവ്വയാർ സിനിമേലെ ഔവ്വയാറിനെ പ്രാർത്ഥിച്ചോണ്ടു നോക്കണം. നമ്മക്കു് സുന്തരാംബാളിനെ നേരെ കാണാല്ലോ’, ശ്രീകൃഷ്ണ ടാക്കീസിൽ സിനിമാപ്പടം ഓടിക്കുന്ന മോഹനേട്ടനും തങ്കമ്മയും കൂടി കളിയാക്കിച്ചിരിച്ചു.
പക്ഷേ, സാവിത്രിക്കുട്ടിക്കു് ഉറപ്പായിരുന്നു. അതു് കൊച്ചപ്പച്ചി തന്നെ… ശരിക്കും കണ്ടതല്ലേ; എന്നിട്ടും ഇവരാരുമെന്താ സാവിത്രിക്കുട്ടി പറയുന്നതുമാത്രം വിശ്വസിക്കാത്തതു്?