തെയ്യാമ്മപ്പണിക്കത്തീടെ വീട്ടിൽ ഒരു ദിവസം നേരം വെളുത്തപ്പോൾ പൊട്ടിമുളച്ചതുപോലൊരു കുഞ്ഞു്! ഒരു മാലാഖക്കുഞ്ഞു്!
കേട്ടവരൊക്കെ നിന്നപടി വാപൊളിച്ചു; പിന്നെ കൊട്ടാരമറ്റം കവലയിലേക്കു് വച്ചുപിടിച്ചു.
മാവിലകൊണ്ടു് പല്ലു് അമർത്തിത്തേച്ചുകൊണ്ടിരുന്ന ബാങ്കുപ്യൂൺ ആന്റപ്പൻ തിരക്കിട്ടു് മാവില ചവച്ചു തുപ്പി, അറ്റംചതച്ച തെങ്ങുംകൊലത്തണ്ടു് കയ്യിലെടുത്ത സുഹൃത്തും വില്ലേജുമാനുമായ നീലാണ്ടനെ കൈയ്ക്കുപിടിച്ചു് പടിയിറങ്ങി. അവരാണു് തെയ്യാമ്മേടെ വീട്ടുമുറ്റത്തു് ആദ്യമെത്തിയതു്.
ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടു വരുന്നതുകണ്ട തെയ്യാമ്മപ്പണിക്കത്തി മുറ്റത്തേക്കിറങ്ങിവന്നു.
ഓലമറയോടു ചേർത്തിട്ട ആടുന്ന കാലുകളുള്ള ബഞ്ചിന്റെ ഒത്ത നടുവിൽ ബാലൻസു് ചെയ്തു് തലയുയർത്തി ഗമയിലങ്ങനെ തെയ്യാമ്മപ്പണിക്കത്തി ഇരുന്നു… ചുവന്നുതുടുത്ത ഒരു കൊച്ചുമുഖം തെയ്യാമ്മയുടെ കയ്യിലിരുന്ന വിലപിടിച്ച ടർക്കിടൗവ്വൽ പൊതിക്കിടയിലൂടെ കാണാമായിരുന്നു. എന്തോ കണ്ടുപിടിക്കാൻ, കൊച്ചിന്റെ ടൗവ്വലിത്തിരി മാറ്റിനോക്കാനൊരുമ്പെട്ട ഇട്ടിച്ചെറിയായുടെ കൈക്കൊരു തട്ടുകൊടുത്തു തെയ്യാമ്മ: “ച്ചീ… തൊടേം പിടിക്കേമൊന്നും വേണ്ടാ, വല്ല സൂക്കടും വരുത്തണ്ടാന്റെ തങ്കക്കൊടത്ത്നു്. തനിക്കിപ്പം അറീണ്ടതു് ഞാം പറഞ്ഞാ ഒക്കുകേലേ? ന്നാ കേട്ടോ… നല്ല ഒന്നാന്തരം കൊമ്പൻ [1] തന്നാ… ന്താ പോരേ?”
ആരൊക്കെയോ അതുകേട്ടു ചിരിച്ചു. ഇട്ടിച്ചെറിയ ഒരു ഇളിഭ്യച്ചിരിയോടെ പുറകോട്ടുമാറി.
തെയ്യാമ്മപ്പണിക്കത്തി മുഖം നല്ലവണ്ണം കാണത്തക്കവിധം ടൗവ്വൽ മാറ്റി കുഞ്ഞിനെ ആൾക്കൂട്ടത്തിലേക്കു നീട്ടിക്കാണിച്ചു. പിന്നെ അഭിമാനത്തോടെ പറഞ്ഞു:
“എന്റാങ്ങളേടെ കൊച്ചാണെന്നേ, കർത്താവാണെ സത്യം… എന്റനിയൻ ചാക്കോച്ചന്റെ കെട്ട്യോളു് പേറോടെ ചത്തെന്നേ… ത്തിരീം പോന്ന കൊച്ചിനെ അവനെന്നാ ചെയ്യാനാ… കയ്യോടെ കൊച്ചിനെക്കൊണ്ടന്നു് എന്നെ ഏല്പിച്ചു. മോട്ടോറുവണ്ടീലാ വന്നേ; അവൻ തന്നെ കൊച്ചിനേം എടുത്തോണ്ടു്. ഡ്രൈവറാ വണ്ടിയോടിച്ചേ… ദേ നല്ലോണം നോക്കിൻ… എന്റെ ചേലിലു് തന്നല്ലേ ഇദിന്റെ മോറു്?”
“ഒള്ളതോ തെയ്യാമ്മേ, പിന്നെന്താ തെയ്യാമ്മ ശവമടക്കത്തിനു കൂടാത്തേ; അനീന്റെ പെണ്ണല്ലേ?” പച്ചവെള്ളം ചവച്ചുകുടിക്കുന്ന കുന്നുംപുറത്തു പിള്ളേച്ചൻ ഉദ്വേഗത്തോടെ ചോദിച്ചു.
“അതിനു ഞാനാ വീട്ടുകാരെ ഉപേക്ഷിച്ചു പോന്നതല്ലേ. എനിക്കാര്ടേം ശവടക്കും മിന്നുകെട്ടും കൂടണ്ട.”
“അതുശരി. അവരെ ഉപേക്ഷിച്ചതാന്നേപ്പിന്നെ… ഇപ്പ കൊച്ചിനെ?”
“അതവന്റെ ആവശ്യം. അവന്റെ കൊച്ചിനെ വളത്താൻ. ഇങ്ങോട്ടു ചോദിച്ചുവന്നപ്പ തള്ളാൻ പറ്റ്വോ? വെറുതേന്ന്വല്ല. ദാ ചെലവിനു കാശു തന്നേച്ചും പോയി. ഇനീം തരും.”
തെയ്യാമ്മ കുഞ്ഞിനെ ഉയർത്തി ഉയർത്തി ഒരു കയ്യിലൊതുക്കി. മുണ്ടിന്റെ മടിക്കുത്തു് നിവർത്തു് പേപ്പറിൽ പൊതിഞ്ഞ ഒരു ചെറിയ പൊതിയെടുത്തു് ബഞ്ചിൽവച്ചു നീർത്തുകാണിച്ചു. പച്ചനോട്ടിന്റെ ഒരു കെട്ടു്, പുതുമണം മാറാത്ത, അലക്കിത്തേച്ചപോലെ അടുക്കിയ നോട്ടുകൾ! അതുവരെയും ഒരു പച്ചനോട്ടുപോലും കാണാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത നാട്ടുകാരുടെ കണ്ണുതള്ളിപ്പോയി. അപ്പോഴാണു് ഇതൊക്കെ ഞാനെത്രകണ്ടിരിക്കുന്നു എന്നമട്ടിൽ തലയൊന്നു വെട്ടിച്ചു് ആന്റപ്പൻ പറഞ്ഞതു്: “അയ്യായിരം കാണും.”
“അയ്യായിരേ… കർത്താവേ” ഒരാരവംപോലെ നാട്ടുകാരുടെ ശബ്ദമൊന്നിച്ചുയർന്നു. തങ്ങൾക്കാർക്കെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും കണികാണാനെങ്കിലും കിട്ടുമെന്നു് സങ്കൽപ്പിക്കാൻപോലും പറ്റാത്ത തുക!
“എക്കണ്ട കാലത്തേക്കുമൊള്ള തൊക ഒന്നിച്ചു തന്നതാ. അവനു വേണ്ടാരിക്കും കൊച്ചിനെ.” റപ്പായിച്ചേട്ടൻ നിഷ്കളങ്കനെപ്പോലെ പറഞ്ഞു.
“അതിനു തെയ്യാമ്മേടെ അനീനു് ഇത്രേം പണമെവടന്നാ… അതൊന്നറിയണമല്ലോ, ” നീലാണ്ടൻ അധികാരത്തോടെ ചോദിച്ചു.
“അവനു് റവറുവെട്ടാനൊണ്ടു്. എരുമേലീ വല്യപള്ളീലെ കാര്യക്കാര്ടെ വലങ്കയ്യാ ന്റെ ചാക്കോച്ചൻ. അവന്റെ കയ്യിലെമ്പാടും പുത്തനൊണ്ടേ.”
മേലേക്കുന്നത്തെ റപ്പായിച്ചേട്ടന്റെ കെട്ടിയോളു് വെറോണിക്ക പാച്ചിവെളുത്തേടത്തിയെ നോക്കി കണ്ണിറുക്കി.
അലക്കാനുള്ള തുണിക്കെട്ടു് തലയിൽ ഒന്നിളക്കി പ്രതിഷ്ഠിച്ചു് ‘വെറോണിക്ക ആറ്റിലേക്കാണേ വായോ’ എന്നു് വിളിച്ചു് കൊട്ടാരമുറ്റത്തിലേക്കു് കേറി വേഗംവേഗം നടന്നു പാച്ചിവെളുത്തേടത്തി.
വെറോണിക്ക: “ഓ… നിക്കണെ പാച്ചിയമ്മേ, ഇദ്ന്തൊരു ദുരിശാ… [2] മീനച്ചിലാറാരും കുടിച്ചുവറ്റിക്കേമൊന്നൂല്ല. നമ്മളുചെല്ലുമ്പളും അവടെത്തന്നെ കാണും.” സ്വന്തം തമാശയിൽ അറഞ്ഞു ചിരിച്ചു് വെറോണിക്ക പാച്ചിയമ്മയ്ക്കൊപ്പമെത്തി. “ഇക്കണ്ട വിഴുപ്പൊക്കെ അലക്കിത്തീരണേനുമുമ്പേ കടവത്തു വെയിലങ്ങെത്തും. വെയിലുകാഞ്ഞാപ്പിന്നെ ഇന്നു മുഴ്‌വനും തലക്കുത്താ.” പാച്ചിവെളുത്തേടത്തി സ്പീഡൊട്ടും കുറച്ചില്ല.
വെറോണിക്ക ഒപ്പമെത്താനോടുന്നതിനിടയിൽ തോളിൽ നിന്നു് തോർത്തെടുത്തു് മുഖം തുടച്ചു: “മേലാകെ ഒരെരിപൊരി സഞ്ചാരാ… തണത്ത വെള്ളത്തീ മുങ്ങിക്കെടന്നാ ഒരാച്ചായി.”
പിന്നെ ആ കിതപ്പിനിടയിൽത്തന്നെ കൂട്ടിച്ചേർത്തു: “അതേയ് പാച്ചിയമ്മേ, എനിക്കപ്പളേ അറിയാം… ആ തെയ്യാമ്മയ്ക്കെവിടന്നാ അനീനും ചേട്ടനും? അവക്കാരുമില്ലാന്നേ. അവൾടെ പേരു് പാർക്കവീന്നാരുന്നേ.”
“ഓ… അതു കേട്ടേക്കുന്നു. മടത്തിച്ചേർന്നപ്പം അവരിട്ട പേരല്ലേ തെയ്യാമ്മ.”
“ദാണ്ടെ കെടക്കണു, ആരെ മടത്തിച്ചേർത്തെന്നാ? കത അങ്ങനൊന്നുമല്ലെന്റെ പാച്ചിയമ്മേ. അവടമ്മ ഭരണങ്ങാനെത്തെങ്ങാണ്ടൊരു ആശാരിപ്പണിക്കത്തിയാ. അവളു് ജനിക്കണേനും മുമ്പേ കെട്ട്യോനിട്ടേച്ചുപോയി തള്ളേ… പിന്നെങ്ങാണ്ടൊരുത്തൻ തള്ളയ്ക്കു കൂട്ടുവന്നു. അയാളെ കൊച്ചു് അച്ചാന്നു വിളിച്ചു. അയാളാ കൊച്ചിനെ മടത്തിക്കൊണ്ടാക്കി, പണിക്കു് അവളാ പാർക്കവി. അന്നതിനു പത്തുപതിനൊന്നു വയസൊണ്ടാകും. അയ്യാളു് പനങ്കള്ളുമോന്താൻ ചോദിക്കുമ്പം ചോദിക്കുമ്പം കാശുകൊട്ക്കാൻ അവടെന്താ പണം കായ്ക്കണ മരോണ്ടോ. അയാളു ശുണ്ഠികേറി പെണ്ണിനെ മടത്തീന്നു വിളിച്ചോണ്ടു പോയി… പിന്നെ കത… ” വെറോണിക്ക കിതപ്പാറ്റാൻ ഒന്നുനിന്നു.
കഥ കേൾക്കാതെ മുമ്പോട്ടുപോകാൻ പാച്ചിയമ്മയ്ക്കു് പറ്റുമോ! അവരു് നടപ്പു് പതുക്കെയാക്കി; വെറോണിക്കയ്ക്കൊപ്പം ചെവിയോർത്തു നടന്നു.
വെറോണിക്ക പതുക്കെ നടക്കുന്നതിനിടയിൽ ശബ്ദം താഴ്ത്തിപ്പറഞ്ഞു:
“അമ്മേടെ സമ്മന്തക്കാരൻ കൊച്ചിനെക്കൊണ്ടു ചെന്നു് ഒരു കൂട്ടുകാരന്റെ വീട്ടിലാക്കി.”
“അതെന്നാത്തിനാ?”
“നിങ്ങളിതു കേക്കെന്റെ പാച്ചിയമ്മേ… അയാളു പെണ്ണു വില്പനക്കാരനാരുന്നത്രേ. പാർക്കവിക്കന്നു് പത്തുപതിമ്മൂന്നു വയസുകാണും. ‘ഇദു് നല്ല പച്ചക്കരിമ്പല്ലേടാ, കരുമുരാന്നിരിക്കും. വിക്കണേനും മുന്നേ നമ്മക്കൊന്നു രുചിനോക്കാ’ന്നു് അയ്യാളു്. ചേതോല്ലാത്ത മൊതല്! ആ തന്തയാ ആദ്യം തൊട്ടുനക്ക്യേതത്രെ.”
“ന്റെ കാവിലമ്മേ… അതിന്റെ തള്ളയെവിടെപ്പോയി ചത്തുകെടക്കാര്ന്നു്? ആ കുരുന്നിനെ… ” പാച്ചിയമ്മയ്ക്കു മുഴുമിക്കാനായില്ല; അവളുടെ മനസിൽ പതിമൂന്നുകാരിയായ സ്വന്തം മകളുടെ മുഖം തെളിഞ്ഞു. ‘അവക്കു മൂന്നുവയസൊള്ളപ്പളാ തന്റെ വെളുത്തേടനെ ഈ പുഴ കൊണ്ടുപോയതു്.’
“ദാ കെടക്കണു, അതാണിപ്പച്ചോദ്യം… പണിക്കത്യേ അയാളു് എപ്പളേ തടിക്കച്ചവടക്കാരൻ ചെട്ട്യാർക്കു പണയം വച്ചു. ചെട്ടിയാരു് അവളേം കൊണ്ടു് അതിർത്തി കടന്നില്ലേ.”
“ആ പെങ്കൊച്ചിന്റൊരു തലേവിധി!” പാച്ചിയമ്മ നെടുവീർപ്പിട്ടു.
“നിങ്ങളിതു കേക്ക്” വെറോണിക്ക ഉത്സാഹത്തോടെ തുടർന്നു: “രണ്ടാനച്ചനും മറ്റേവനും ആവുന്നേടത്തോളം ഹേമദണ്ണം ചെയ്തു. കൊച്ചിനെ മുറിയിൽ പൂട്ടിയിട്ടേച്ചാ ചാരായം മോന്താൻ പോണതു്. മൂന്നാംപക്കം കച്ചവടമൊക്കെ ഒറപ്പിച്ചു് എടപാടുകാരനേം കൊണ്ടുവന്നപ്പം ആടുകെടന്നിടത്തു പൂടപോലുമില്ലെന്നു പറയുമ്പോലായി. കൊച്ചെവടേന്നു് ഓട്ടം പിടിച്ചു. പാർക്കവി പൊറത്തു ചാടിയപാടെ മടത്തിലേക്കാ ഓടിയേ. കൊച്ചിന്റെ കരച്ചിലും പടുതീം കണ്ടപ്പം അവരു് കൊച്ചിനെ ഒളിപ്പിച്ചു; മടത്തി നിർത്തി പേരും മാറ്റി—തെയ്യാമ്മ. ആ ദുഷ്ടൻ കൊറേ പണിയൊക്കെ നോക്കീത്രെ, പെണ്ണിനെ എറക്കിക്കൊണ്ടുപോരാൻ. നല്ല ഉരിശമ്മാരു മാപ്പിളപ്പിള്ളേരൊണ്ടാര്ന്നു. മേലുനൊന്തപ്പം അയാളു നാടുവിട്ടെന്നാ പറേണേ!”
“മടത്തിച്ചേർന്ന അവളെങ്ങനാ പിന്നെ ഇപ്പണീംകൊണ്ടു് ഈ പൊറംപോക്കിലെത്തീതു്? ഞങ്ങളു പൂവങ്ങാട്ടുതെക്കേതി താമസിക്കാൻ തൊടങ്ങീപ്പം മൊതലു് തെയ്യാമ്മാപ്പണിക്കത്തി ഇപ്പണിതന്നെ. ബാകുലേയനും കൂടൊണ്ടു്, ” പാച്ചിയമ്മ സംശയം ചോദിച്ചു.
“നിങ്ങക്കെന്നാ പ്രാന്തൊണ്ടോ പാച്ചിയമ്മേ; അവളെ ക്രിസ്ത്യാനിയാക്കുകേം മടത്തിച്ചേർക്കുവോന്നും ചെയ്തില്ല. പേരുമാറ്റീപ്പം അവക്കതൊരൊറപ്പായേ; അത്രേള്ളൂ. ആരോരുമില്ലാത്തോരെ ആരു് മടത്തിച്ചേർക്കാൻ! പറയും ചേർക്കാന്നു്. എങ്ങാനും ചേർത്താലോ—അവട്ത്തെ അടിച്ചുതളീം വിഴുപ്പലക്കലും… പിന്നെ പൊറംലോകം കാണലില്ല. ഇതാണേ അന്യജാതീപ്പെട്ടതു്. ആരും ചോദിച്ചു വരാനില്ലാത്ത പണിക്കാരത്തിയെക്കിട്ടി, അവർക്ക് അഞ്ചെട്ടുകൊല്ലം അവടെ നിന്നു. മടുത്തപ്പം ഒളിച്ചോടീതാ. അവരറിഞ്ഞു പൊറത്തുവിടത്തില്ല. എനിക്കോർമേണ്ടു്. ഒരെല്ലുംതോലുമായിട്ടു്, വേരിനെടേക്കൂടെ വലിച്ചെടുത്ത പോലെ കോലംകെട്ടു് ഞങ്ങടെ വീട്ടിലുവന്നു് കഞ്ഞിവെള്ളം ചോദിച്ചു, പാവം. മൂന്നാലു ദെവസം ഞങ്ങളെ ചായ്പിലു് കെടന്നു. ഒള്ളതിപ്പങ്ക് തിന്നാനും കൊടുത്തു. കൊച്ചു് അപ്പ പറഞ്ഞതാ ഈ കതയൊക്കെ.”
“ഈ പണി പിന്നെ എന്നാ തൊടങ്ങീതു്?”
“ഞങ്ങടവടെ എന്തു വിശ്വസിച്ചാ താമസിപ്പിക്കണെ? അതിയാന്റെ തന്തയന്നു് ചത്തിട്ടില്ല. തരംകിട്ടിയാ എന്നെ വരെ കേറിപ്പിടിക്കും. അതാ മൊതലു്. എറക്കിവിടാൻ കഷ്ടം തോന്നി. അപ്പന്റെ മാപ്പളേം കുന്നുംപൊറത്തെ പിള്ളേച്ചനും ഒക്കെക്കൂടെ അവടെ പൊറംപോക്കിലൊരു കുടിലുകെട്ടിക്കൊടുത്തു. ആലുംകടവിക്കാര്ടെ ഓട്ടലിലു് അടിച്ചുവാരലും പാത്രം കഴുകലും ഒക്കെയായിട്ടു് പണീം എടപാടാക്കി. പിള്ളേച്ചനാ പറഞ്ഞെ പേരുമാറ്റണ്ടാന്നു്. പള്ളീടെ വല്ല സഹായോം കിട്ടിയാ അത്രേമാകട്ടേന്നു്. പള്ളീക്കാരു മാമോദീസാമുക്കി ക്രിസ്ത്യാനിയാക്കീത്രെ, ആരറിഞ്ഞു! ഏതാണ്ടൊക്കെ സഹായിക്കേക്കെ ചെയ്തു കെട്ടാ.”
“അതു പറ; അവളെന്തിനാ പിന്നേം ഇപ്പണി തൊടങ്ങ്യേ?” പാച്ചിയമ്മ അക്ഷമയായി.
“അതിപ്പം എന്നാ പറയാനാ, പാച്ചിയമ്മേ. ഓട്ടലിലെ പണിയല്ലേ, വെള്ളോം തീനും കിട്ടീപ്പം പെണ്ണങ്ങു തിടംവച്ചേ. പെണ്ണിന്റെ മേനിക്കൊഴുപ്പു കണ്ടാ അടങ്ങീരിക്കണ ആണേതാ! ആലുകടവി മൊതലാളീടെ മോൻതന്നെയാ ആദ്യം കൂരേടെ കതകു പൊക്കീതെന്നാ കേട്ടേക്കണേ. അന്തിക്കൂട്ടുതേടി തെക്കുവടക്കോടണ… മോൻമാർക്കു് നമ്മടെ നാട്ടീ ക്ഷാമോന്നുമില്ലല്ലോ… മൊതലാളി ഓട്ടലീന്നു പറഞ്ഞു വിട്ടു അവളെ.”
പിന്നെ വെറോണിക്ക പാച്ചിവെളുത്തേടത്തിയോടു പറഞ്ഞ പഴയ ചരിത്രത്തിന്റെ രത്നച്ചുരുക്കമിങ്ങനെ:
‘തെയ്യാമ്മയ്ക്കു ജീവിക്കണ്ടെ…’
‘വൈക്കം—പാലാ റൂട്ടിലോടുന്ന പ്രൈവറ്റുബസ്സുകളെല്ലാം ഓട്ടം കഴിഞ്ഞുവന്നാൽ തെയ്യാമ്മപ്പണിക്കത്തീടെ വീടിനു മുൻപിൽ ചവിട്ടി നിർത്തി. അന്നത്തെ ഓട്ടം നിർത്തി കുളിയും ശാപ്പാടും കഴിഞ്ഞു് കൊട്ടാരമറ്റത്തിന്റെ സൈഡുറോഡിൽ ഒതുക്കാൻ പോകുന്ന പോക്കിലായിരുന്നു ബസ്സുകൾ ആ കൂരയ്ക്കു മുൻപിൽ ചവിട്ടി നിർത്താറു്. അടച്ചിട്ട വാതിലിനു മുന്നിൽ കാക്ക വിളക്കു കത്തുന്നുണ്ടെങ്കിൽ സ്ലോചെയ്ത വണ്ടി തനിയെ സ്പീഡുകൂടും. പിന്നെ കത്തിച്ചൊരു പോക്കാണു്. ദൂരെയെവിടെങ്കിലുമേ പിന്നെ പാർക്കുചെയ്യൂ; അകത്തു് ഏമാന്മാരാരെങ്കിലും കാണും.’
‘കാക്കവിളക്കു് തുറന്നിട്ട വാതിലിന്നകത്താണെങ്കിൽ ധൈര്യമായിട്ടു കയറിച്ചെല്ലാം. അകത്താളുണ്ടെങ്കിലും വല്ല ആപ്പഊപ്പകളുമാകും. കുറച്ചു കാത്തിരിക്കണമെന്നേയുള്ളൂ. അതുപക്ഷേ, കുറെ പണ്ടായിരുന്നു; ഹനുമാൻ ബാഹുലേയനെന്ന ബാഹുലേയപ്പണിക്കൻ തെയ്യാമ്മയ്ക്കു് ഒരു മുണ്ടും പൂക്കൾതുന്നിയ കവിണീം ചട്ടയ്ക്കുള്ള തുണീം ഒരു കെട്ടു ബീഡിയും സമ്മാനിച്ചു് സ്ഥിരംകൂട്ടായി അവിടെ താമസം തുടങ്ങുന്നതിനും മുൻപു്.’
‘പതിഞ്ഞമൂക്കും വലിയവായും ഉന്തിയപല്ലും മെലിഞ്ഞുവളഞ്ഞ ശരീരവുമുള്ള ബാഹുലേയൻ കറുത്തു തടിച്ചു് ഉദ്ദണ്ഡന്മാരായ ബകനും ഭീമനുമെന്നു് ഇരട്ടപ്പേരുള്ള രണ്ടുചേട്ടന്മാരുടെ തമ്മിലടിക്കിടയിൽപ്പെട്ടു നട്ടെല്ലു ചതഞ്ഞപ്പോൾ പോതിപ്പണിക്കത്തി പറഞ്ഞു: “ന്റെ കുട്ട്യേ, ബാകുലേയാ നീയെങ്ങോട്ടെങ്കിലും ഓടിപ്പൊയ്ക്കോ. എന്തായാലും നെന്റെ വീതം അമ്മച്ചിക്കു കൊക്കീ ജീവനൊണ്ടേ മാറ്റിവച്ചേക്കാം.” ബാഹുലേയൻ തെരുവിലേക്കിറങ്ങി. വണ്ടികഴുകീം ചുമടെടുത്തും വിശപ്പടക്കി. കടത്തിണ്ണേലും പള്ളിമുറ്റത്തും ആൽത്തറയിലും അന്തിയുറങ്ങി. പിന്നെ ആറ്റിനക്കരെ കൊല്ലക്കടവിനു താഴെ വാറ്റുചാരായക്കാരൻ അന്തോണിച്ചന്റെ കയ്യിൽനിന്നു് അഞ്ചും ആറും കുപ്പി ചാരായം മുതുകിൽ കെട്ടിവച്ചു് മീനച്ചിലാറു നീന്തിക്കയറി കാവിലെ ഇലഞ്ഞിമരച്ചോട്ടിൽ കുഴിച്ചിടും. പാതിരായ്ക്കു് സമയം പോലെ ഓരോ കുപ്പി ആവശ്യക്കാർക്കു് എത്തിച്ചുകൊടുക്കും. അപ്പഴും കിടപ്പു് പഴയപോലെ. അപ്പോഴെങ്ങാണ്ടു് ആരോ ഇട്ട ഇരട്ടപ്പേരാണു് ഹനുമാൻ.’
‘അപ്പോൾ പിള്ളേച്ചനാ ചോദിച്ചതു്, ‘തെയ്യാമ്മയ്ക്കൊപ്പം താമസിച്ചുകൂടേ’ന്നു്. ‘അവക്കുകൂട്ടു നീയും നിനക്കുകൂട്ടു് അവളും!’ അങ്ങനെ ബാഹുലേയൻ തെയ്യാമ്മയുടെ കെട്ട്യോനായി. തെയ്യാമ്മ, തെയ്യാമ്മപ്പണിക്കത്തിയായി.’
‘എന്നാലും നിന്റെ ബിസിനസ് നീ നിർത്തണ്ട, എന്റേതു ഞാനും നിർത്തുന്നില്ല. രണ്ടായാലും കാശു കിട്ടുന്ന ഏർപ്പാടല്ലേ’ന്നു് ബാഹുലേയൻ. തെയ്യാമ്മ സമ്മതിച്ചു. തെയ്യാമ്മയുടേയും ബാഹുലേയന്റേയും ബിസിനസുകൾ കൂട്ടിച്ചേർത്തു് ഒരു ബിസിനസു കൂടി തുടങ്ങുകയും ചെയ്തു. അതോടുകൂടി ചവിട്ടിനിർത്തുന്ന വണ്ടികൾ പതുക്കെ റോഡരികിലെ ഒഴിഞ്ഞ പുരയിടത്തിലേക്കു കേറ്റിയിട്ടു് ഡ്രൈവറന്മാർക്കും കിളികൾക്കും അകത്തുകയറാം. ചായിപ്പിലെ ആട്ടിൻകൂട്ടിന്റെ പലകകൾ നിരത്തിയുണ്ടാക്കിയ മേശപ്പുറത്തു് കുരുമുളകു ചതച്ചിട്ടു വരട്ടിയ നല്ല എരിവുള്ള കാളയിറച്ചിയും ചാരായവും റെഡി. അതു മാത്രം വേണ്ടവർക്ക് കഴിക്കാം, കുടിക്കാം; രൊക്കം കാശുവച്ചു് ഇറങ്ങിപ്പൊക്കോണം. മറ്റതും കൂടി വേണമെങ്കിൽ കാത്തിരുന്നു് ഊഴം വച്ചും കേറാം. അതും പണം രൊക്കം.
‘ആദ്യമൊക്കെ കൊടുവാളും വെട്ടുകത്തീം കരുതി വച്ചോണ്ടായിരുന്നത്രേ തെയ്യാമ്മ ബിസിനസ് തുടങ്ങിയതു്… പതുക്കപ്പതുക്കെ തെയ്യാമ്മയുടെ നാക്കിനു് കൊടുവാളിനേക്കാൾ മൂർച്ചയുണ്ടായി. ഇടപാടുകാർ അനുസരണക്കേടു കാണിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്രെ.’
വെറോണിക്കയും പാച്ചിവെളുത്തേടത്തിയും ആറ്റുകടവെത്തിയിരുന്നു. പിന്നെയുമെന്തോ പറയാൻ വാതുറന്ന വെറോണിക്കയെ പാച്ചിയമ്മ കൈകൊണ്ടു വിലക്കി.
മുങ്ങി നിവരുന്നതിനിടയിൽ മറിയച്ചേടത്തി അതു കണ്ടു: “വേണ്ടാടിയേ, എന്നെ ഒളിക്കണ്ട. ഞങ്ങടെ കണ്ണും മൊകത്തല്ലേ… ന്നാലും ന്റെ കർത്താവേ, സൊർണക്കൊടം പോലൊരു കൊച്ചു്, അതും കൊമ്പൻ; അതിനെക്കൊണ്ടെ കളയാൻ തോന്നീതേതു മാപാപിക്കാണാവോ”; അവർ തലയിൽ കൈവച്ചു. “കൊണ്ടെക്കളഞ്ഞെന്നാരു് പറഞ്ഞു് ചേടത്തീ; വളത്താൻ തന്നെ. കെട്ടുകണക്കീ കാശും കൊടുത്തേക്കണെ പിന്നെന്നാത്തിനാ?” തങ്കമ്മ തോർത്തു് അലമ്പിപ്പിഴിഞ്ഞെടുക്കുന്നതിനിടയിൽ ഒരു ചിരിയോടെ പറഞ്ഞു.
“ത്ഫൂ. പിന്നെ. വളത്ത്ണൂ… തെയ്യാമ്മയ്ക്കിപ്പം അതല്ലേ പണി! അവളതിന്റെ കാലനാ, പറഞ്ഞില്ലാന്നു വേണ്ടാ” മറിയാമ്മച്ചേടത്തി ഉറപ്പിച്ചു; അവർക്കു കരിനാക്കാ, ഫലിക്കും. “നമ്മക്കെങ്ങാനും തന്നാ പൊന്നു പോലെ വളത്താര്ന്നു, കാശും നോട്ടൂന്നും ആരും തരണ്ട. പണീട്ത്തു പോറ്റിക്കോളാം. എന്റെ മോക്കൊരു ആങ്ങളേം ആയേനേം, ” പാച്ചി വെളുത്തേടത്തി സങ്കടപ്പെട്ടു പറഞ്ഞു.
“അതിനു പാച്ചിയമ്മേ, ആ കൊച്ചു് ഏതു ജാതീപ്പെട്ടതാന്നുവച്ചാ, ” വെറോണിക്ക ചോദിച്ചു.
“കൊച്ചുങ്ങക്കു ജാതിയൊണ്ടോ വെറോണിക്കേ? അതു ദൈവത്തിന്റെ ജാതി. നമ്മളു വളത്തുമ്പ നമ്മടെ ജാതി, അത്രേള്ളൂ, ” പാച്ചിയമമ വേദാന്തിയായി.
വെറോണിക്ക രഹസ്യം പറയുമ്പോലെ പറഞ്ഞു, എല്ലാവരും ചെവിവട്ടം പിടിക്കുന്നുണ്ടെന്നു ഉറപ്പാക്കിക്കൊണ്ടുതന്നെ:
“അതു പിന്നേ… കൊട്ടാരം പോലൊരു കാറു്. വെള്ള നെറാ… ഓടുമ്പം ഒച്ചേംകൂടീല്ല. ഒഴുകുകാന്നാ അതിയാൻ പറഞ്ഞേ. തെയ്യാമ്മേടെ കുടിലിന്റെ കൊറച്ചിപ്പറം ആ കവലേടടുത്തു് മൈതാനത്തിന്റെ മൂലേലേക്കു കേറ്റിയാ നിർത്ത്യേ. എന്തോ സാധനം സൂക്ഷിച്ചു് കാറീന്നെടുത്തു് തെയ്യാമ്മേടെ കയ്യീക്കൊടുത്തു. കുഞ്ഞിന്റെ കരച്ചിലുപോലെ ഒരു ഒച്ചകേട്ടു. ആ പൊതീന്നു തന്നാ. തെയ്യാമ്മ ആ പൊതീം കൊണ്ടു് ഓടിപ്പോയി കൂരയ്ക്കകത്തേക്കു് കാറു നിർത്തണ കണ്ടപ്പ അതിയാൻ മൂലയ്ക്കൊള്ള ആലിന്റെ മറവിലേക്കു മാറി നിന്നേതു്. കാറിന്റെ വെളിച്ചത്തീ കണ്ടതാ തെയ്യാമ്മെ.”
“നെന്റെ മാപ്പള ആ പാതിരാനേരത്തു് ഇതൊക്കെ കാണാൻ അവടെ ഒളിച്ചു നിക്ക്വാര്ന്നോടീ” മറിയച്ചേടത്തി പുച്ഛത്തോടെ ചോദിച്ചു് കുലുങ്ങിച്ചിരിച്ചു. “ഇച്ചേടത്തിക്കെന്തിന്റെ കേടാന്നാ. കൊസ്രാക്കൊള്ളീക്കേം മനസ്സിലാകേലാന്നു വിചാരിക്കണ്ട. അതിയാൻ കെടങ്ങൂരു് പെങ്ങളുപെണ്ണിന്റെ അമ്മായപ്പന്റെ ഏനക്കേടന്വേഷിച്ചു പോയാര്ന്നു. രാത്രീ അത്രേം ദൂരത്തൂന്നു് നടന്നെത്തണ്ടേ. അല്ലാണ്ടേം നമ്മക്കാര്ടേം രഹസ്യോന്നും അറിയണ്ട;” വെറോണിക്ക നീരസപ്പെട്ടു.
“പോട്ടെ, വെറോണിക്കാ ചേടത്തീ. മറിയച്ചേടത്തി വെറുതെ ചോദിച്ചതല്ലേ. അത്രേം രാത്രി റപ്പായിമാപ്പിള അവടെങ്ങനെത്തീന്ന സംശയംകൊണ്ടല്ലേ. കാര്യമറിഞ്ഞല്ലോ.” കുളിച്ചു് ഈറൻമാറ്റി നനച്ചുപിഴിഞ്ഞ തുണികൾ കൈത്തണ്ടയിലും തോളിലുമിട്ടു് ആകാംക്ഷയോടെ കഥകേട്ടു നിന്ന തങ്കമ്മ മധ്യസ്ഥയായി. തങ്കമ്മ ഏഴാം ക്ലാസുവരെ പഠിച്ച പെണ്ണാണു്. അതിന്റെ ഗമയുണ്ടു് അവൾക്കു് തങ്കമ്മ തിടുക്കപ്പെട്ടു ചോദിച്ചു:
“അതേയ് ചേടത്തീ… അതാര്ടെ കാറാന്നു് റപ്പായി മാപ്പിള നോക്കീല്ലേ, കാറിന്റെ നമ്പറോ, പേരോ… അരമനേലും വേലിക്കകത്തുകാർക്കും മാത്രേള്ളൂ നമ്മടെ നാട്ടിൽ ഒഴുകുന്ന കാറു്. അവടത്തേക്കെ തടിപ്പണി എന്റച്ഛനല്ലേ ചെയ്യിക്കണെ.”
“അവർക്കു മാത്രോന്ന്വല്ല… നെടിയിടത്തുമഠത്തിലെ വല്യേമാന്റെ മൂത്തമകൻ ഡാക്കിട്ടരുതമ്പുരാനില്ലേ, അയ്യാക്കും കാറൊണ്ടു്, ” അതുവരെ ഒന്നും മിണ്ടാതെ മേലു് തേച്ചുവെളുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അമ്മിണിയമ്മ പറഞ്ഞു.
“ഓ… നമ്മടെ നാട്ടീ ആകെമൊത്തം കൈവെരലേലൊതുക്കാനൊള്ള കാറുകളേ ഒള്ളൂ. നമ്പറുനോക്കീരുന്നേ കണ്ടുപിടിക്കാൻ വല്ലപാടുംണ്ടാര്ന്നോ?” തങ്കമ്മ ചോദിച്ചു.
“അതെന്റെ കുഞ്ഞേ, നാട്ടുവെളിച്ചത്തി ദൂരെ നിന്നല്ലേ കണ്ടേ. അടുത്തുചെന്നു് ശരിക്കു നോക്കാൻ നിന്നാലു ചെലപ്പം… പാറക്കയത്തീന്നു ശവം പൊങ്ങും കൂടിയില്ലെന്റെ കൊച്ചേ. എന്റെ പിള്ളേർക്കു് അപ്പനില്ലാണ്ടായേനെ. കണ്ടതു കണ്ടു. നമ്മളെന്തീനാ… എന്തേലും ആയിപ്പോട്ടെ.” വെറോണിക്ക വിഷയം ഉപസംഹരിച്ചു.
“എന്നാലേയ് അതു ദൈവപുത്രനാ… ഞങ്ങടെ പുരാണത്തിലൊക്കെ അങ്ങനത്തെ ഒത്തിരി കഥകളൊണ്ടു്. ഒരു ദൈവത്തിനെ ആത്മാർത്ഥമായി വിചാരിച്ചു് കൊച്ചുവേണമെന്നു പറയണ്ടതാമസം അയാടെ കൊച്ചു് നമ്മടെ കയ്യിൽ. ദൈവത്തിന്റെ രഥം അങ്ങനത്തെ കൊച്ചിനേം കൊണ്ടു് സ്വർഗത്തീന്നെറങ്ങി വന്നതാ… രഥം കണ്ടപ്പ റപ്പായിച്ചേട്ടനു് കാറാന്നു തോന്നി. അതല്ലേ ഒഴുകിയാ വന്നേന്നു പറഞ്ഞേ. കൊട്ടാരമറ്റം കടന്നല്ലേ വന്നേ… മാടനോ മറുതയോ രക്ഷസ്സോ വല്ലതും റപ്പായിച്ചേട്ടന്റെ കണ്ണുകെട്ടിക്കാണും, അല്ലേ ചേടത്തീ?” കടവിലെ പാറയിൽ വഴുക്കി വീഴാതെ പാവാട ഒതുക്കിപ്പിടിച്ചു് സൂക്ഷിച്ചു കയറുന്നതിനിടയിൽ തിരിഞ്ഞുനിന്ന തങ്കമ്മ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.