ആഫീസിൽ വച്ചു് രക്തം ഛർദ്ദിച്ചു് ബോധം കെട്ടുവീണു നാരായണൻ നായർ. ഇതു് ആദ്യത്തെ തവണയല്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു ‘ഉടൻ മെഡിക്കൽ കോളേജിലെത്തിക്കണ’മെന്നു്. സഹപ്രവർത്തകർ കഴിയുന്നതും വേഗം മെഡിക്കൽ കോളേജിലെത്തിച്ചു… പിറ്റേന്നു് അവർ തിരിച്ചു പോന്നു. കൂടെക്കൂട്ടിയിരുന്ന മൂത്തമകനെ സഹായത്തിനു് ആശുപത്രിയിൽ നിർത്തി. സ്ക്കൂൾ ഫൈനൽ ക്ലാസ്സിലാണു് രവീന്ദ്രൻ. പക്ഷേ, പഠിപ്പിനേക്കാൾ വലുതാണു് അച്ഛന്റെ ജീവനെന്നു മകനറിയാം.
അന്നത്തെ ആ മൂന്നാഴ്ച എങ്ങനെ കടന്നുപോയെന്നു് പത്തുവയസ്സുകാരിയായ സാവിത്രിക്കുട്ടിക്കു് ഓർമ്മയില്ല. ഓർക്കാൻ ഒട്ടും സുഖമില്ലാത്തകാലം… ആശുപത്രിയിൽ ഗുരുതരമായി രോഗം ബാധിച്ച അച്ഛൻ, ആവശ്യത്തിനുള്ള പൈസ പോലും കയ്യിലില്ലാത്ത പതിനാറുകാരനായ മകൻ. പരിചയക്കാരുപോലും ഇല്ല അവിടെങ്ങും. അവിടന്നുമിവിടന്നുമൊക്കെ കടം വാങ്ങിക്കുന്ന പൈസ അമ്മ ആരുടെയൊക്കെയോ പക്കൽ കൊടുത്തു് ആശുപത്രിയിലെത്തിച്ചിരുന്നു കാണും… സാവിത്രിക്കുട്ടിക്കു്, എന്നും സന്ധ്യ കഴിഞ്ഞുള്ള അമ്മയുടെ പതംപറഞ്ഞുള്ള കരച്ചിൽ മാത്രമേ ഓർമ്മയിലുള്ളൂ. ആറേഴുമാസമായ കുഞ്ഞനുജത്തിക്കു് മുലകൊടുത്തുറക്കാനിരിക്കുമ്പോഴാണു് താരാട്ടുപോലെ അമ്മയുടെ കരച്ചിൽ.
ഇടയ്ക്കു ചില ദിവസങ്ങളിൽ ആറേഴുമൈൽ നടന്നെത്തുന്ന കൊച്ചപ്പച്ചിയും, അപ്പച്ചി കൊണ്ടുവരുന്ന സാധനങ്ങളുമായിരുന്നു ആകെ കിട്ടുന്ന സാന്ത്വനം.
ആ പട്ടണത്തിലെ വാസമവസാനിപ്പിച്ചു് പറക്കമുറ്റാത്ത തങ്ങളെ അഞ്ചുപേരെയും ചേർത്തുപിടിച്ചു് കണ്ണുനീരോടെ വാടകവീടിന്റെ പടിയിറങ്ങുന്ന അമ്മയുടെ മുഖം സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് ഒരിക്കലും മാഞ്ഞുപോയില്ല. കടം വീട്ടാൻ വിലകിട്ടുന്ന വീട്ടുസാധനങ്ങളെല്ലാം കിട്ടിയ വിലയ്ക്കു വിറ്റു, അഭയാർത്ഥികളായി അമ്മയുടെ നാട്ടിലേയ്ക്കു വണ്ടികയറി; ചുരുട്ടിയെടുത്തിരുന്നു മൂന്നു പായും, ഒരു തുണിക്കെട്ടും.
അതുവരെ സാവിത്രിക്കുട്ടിക്കു ഒരു പൂത്തുമ്പിയുടെ മനസ്സായിരുന്നു. കിട്ടുന്ന സമയം മുഴുവൻ ചെടികളോടും മരങ്ങളോടും സംസാരിച്ചു്, തുമ്പികൾക്കും പൂമ്പാറ്റകൾക്കും പുറകേയോടി, പൂക്കളായ പൂക്കളെയെല്ലാം താലോലിച്ചു്… രാത്രിയിൽ നിലാവിനേയും നക്ഷത്രങ്ങളേയും നോക്കി മനോരാജ്യം കണ്ടു്… പക്ഷേ, അച്ഛൻ ആശുപത്രിയിലായ ദിവസം മുതൽ അമ്മയൊഴുക്കിയ കണ്ണുനീർ സാവിത്രിക്കുട്ടിക്കു തിരിച്ചറിവു സമ്മാനിച്ചു… നാട്ടിലേക്കു വണ്ടികയറുമ്പോഴേക്കും സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് പൂക്കളും തുമ്പികളും നക്ഷത്രങ്ങളും നിലാവും മാഞ്ഞുപോയിരുന്നു, ഒപ്പം പകൽ കിനാക്കളും, പകരം മനസ്സിൽ കരച്ചിൽ കൂടുകെട്ടി.
നാരായണൻനായർ ആശുപത്രിയിലായിട്ടു രണ്ടുമാസമാകുന്നു; ചിലവു താങ്ങാനാവുന്നതല്ല. രവീന്ദ്രൻ സ്ക്കൂളിൽ പോയിട്ടു് രണ്ടുമാസമായി. പരീക്ഷയ്ക്കു് ഇനി മൂന്നുമാസമേയുള്ളൂ.
മദ്രാസിലുള്ള അമ്മാവൻ വേണുഗോപാലൻ അവധിക്കു വന്നു, മീനാക്ഷിയമ്മയുടെ നേരെ ഇളയ അനുജൻ. വന്ന പിറ്റേന്നു് വേണുവും അമ്മൂമ്മയും ഇളയഅനുജത്തി നന്ദിനിയുമായി ഒരുപാടുനേരം ആലോചന നടന്നു. പിന്നെ വേണു മീനാക്ഷിയമ്മയെ വിളിച്ചു:
‘ചേച്ചീ, ഞങ്ങളൊരു കാര്യമാലോചിച്ചു. ചേട്ടനെ നമുക്കു ഇങ്ങോട്ടു കൊണ്ടുവരാം. നല്ല ആഹാരവും മരുന്നുകളും കൊടുത്താൽ മതി. തീർത്തും മാറാൻ ബുദ്ധിമുട്ടുള്ള രോഗമാണെന്നുള്ളതു കണക്കാക്കണ്ട. വീട്ടിലെ അന്തരീക്ഷത്തിൽ ധാരാളം പോഷകമൂല്യമുള്ള ആഹാരവും മരുന്നും കൂടുതൽ പ്രയോജനം ചെയ്യും. ഒരുപക്ഷേ, ഒരു മൂന്നുമാസം കഴിഞ്ഞാൽ ജോലിക്കും പോകാം. ഞാൻ വന്നവഴി ആശുപത്രിയിൽ പോയിരുന്നു. ചേട്ടനെക്കണ്ടു. ഡാക്ടറോടും സംസാരിച്ചു. ചേട്ടൻ പറഞ്ഞതു് ചേച്ചിയുടെ അഭിപ്രായം അറിയട്ടേന്നാ. പിന്നെ രവീന്ദ്രന്റെ പഠിപ്പുമുടങ്ങുന്നതിലും ചേട്ടനു വലിയ വിഷമമുണ്ടു്.’
അമ്മ കുറേനേരത്തെ മൗനത്തിനുശേഷം സമ്മതിച്ചു.
അച്ഛനെ കൊണ്ടുവന്നു; രവീന്ദ്രന്റെ റ്റീസിയും മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വേണൂമ്മാവൻ തന്നെ സംഘടിപ്പിച്ചു, രവീന്ദ്രനെ സ്ക്കൂളിൽ ചേർത്തു. ഫീസുകളും അടച്ചു… നാട്ടിൽ വന്നു് ഒരു മാസം കഴിഞ്ഞപ്പോൾ നന്ദിനിയാണു് ചോദിച്ചതു് ‘ഈ പിള്ളാരെയെങ്കിലും സ്ക്കൂളിൽ വിടണ്ടേ’ യെന്നു്. അങ്ങനെ സാവിത്രിക്കുട്ടിയേയും, സാവിത്രിക്കുട്ടിയുടെ കുഞ്ഞേട്ടനേയും സ്ക്കൂളിൽ ചേർത്തു. ഫീസിനുള്ള പൈസ അമ്മൂമ്മയുടെ കയ്യിൽ നിന്നു് ഒരുപാടു തർക്കങ്ങൾക്കുശേഷം നന്ദിനി വാങ്ങിയെടുത്താണു് അവരെ സ്ക്കൂളിലയച്ചതു്. ഭാവി കൂടുതൽ ഇരുണ്ടതാവുമെന്നു് പത്തുവയസ്സുകാരിയുടെ മനസ്സിലെ തേങ്ങൽ ഓർമ്മപ്പെടുത്തി.
വേണുഗോപാലൻ ലീവുകഴിഞ്ഞു് തിരിച്ചുപോയി.
നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സാവിത്രിക്കുട്ടിയുടെ അച്ഛനു് ഏതൊക്കെ ആഹാരങ്ങൾ വേണമെന്നു് വേണു കൃത്യമായി നിർദ്ദേശിച്ചിരുന്നു. അവയോരാന്നായി അമ്മൂമ്മ നിർത്തിച്ചു. രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ പാലും പഴങ്ങളും മുട്ടയും മീനുമെല്ലാം ഡോക്ടർ പറഞ്ഞിരുന്നു. കർശനമായി സസ്യാഹാരം മാത്രം ശീലിക്കുന്ന വീട്ടിൽ—മുട്ടപോലും കയറ്റിയിട്ടില്ലാത്തവീട്ടിൽ—മുട്ടയും മീനും ഇറച്ചിയുമൊന്നും ആലോചിക്കാനേ പറ്റില്ല. പകരം ധാരാളം പാലും പഴങ്ങളും ധാന്യങ്ങളുമാണു് അമ്മാവൻ നിർദ്ദേശിച്ചതു്… എല്ലാം നിന്നു. വെറും കഞ്ഞിയും എന്തെങ്കിലും കറികളും മാത്രമായി. മറ്റുള്ളവർക്ക് ഉണ്ടാക്കുന്നവ തന്നെ മതിയെന്നു് അമ്മൂമ്മ നിശ്ചയിച്ചു.
രണ്ടു പശുവിനെ കറക്കുന്ന വീടാണു്. അമ്മൂമ്മ അളന്നുകൊടുക്കും, രണ്ടു തുടം പാൽ. സാവിത്രിക്കുട്ടിയുടെ അച്ഛനും കൊച്ചുകുഞ്ഞിനുംകൂടി ‘വെള്ളം ചേർത്തു് കാച്ചിക്കൊടു്’ എന്ന ഓദാര്യത്തോടെ. വാഴക്കുലകൾ പാടത്തുനിന്നേ വെട്ടിവിറ്റു… ചേച്ചിയുടെ സൈഡു പറഞ്ഞിരുന്ന നന്ദിനി എന്തുകൊണ്ടോ മിണ്ടാതായി. സാവിത്രിക്കുട്ടിയുടെ കൊച്ചമ്മാവൻ വിദ്യാധരൻ എന്നും തൻകാര്യം നോക്കിയാണെന്നു് അവിടെ ചെന്നപ്പോഴേ മനസ്സിലായതാണു്. മുട്ട കേറ്റാത്ത വീട്ടിലെ ഉരപ്പുരയുടെ പുറകിൽ അടുപ്പുകൂട്ടി ചെറിയ കലത്തിൽ മുട്ടവച്ചു് വേവിച്ചുതിന്നത്രെ. ഏലിപ്പെമ്പള കണ്ടതാണു്. പട്ടണത്തിലെ കോളേജിൽ പഠിച്ചിരുന്നപ്പോൾ പ്രധാനജോലി തീറ്റിയായിരുന്നെന്നാണു് വല്യമ്മാവൻ പറഞ്ഞതു്; ശേഖരനമ്മാവനാണേൽ കള്ളും ചാരായവും കുടിക്കുമത്രേ, അതിനൊപ്പം എന്തൊക്കെയാണാവോ തിന്നുന്നതു്…
സാവിത്രിക്കുട്ടിയുടെ വേണുമ്മാവൻ ഒരു മാസത്തേക്കുള്ള മരുന്നു വാങ്ങി കൊടുത്താണു് പോയതു്. ‘അതു തീരുമ്പം എന്താ ചെയ്ക… ഇങ്ങനെ ആഹാരം കൊടുത്താൽ അസുഖം ഇരട്ടിയാകും. ഞാനാലോചിച്ചിട്ടു് പോംവഴിയൊന്നുമില്ല. വിധിപോലെ വരട്ടെ…’ അമ്മയുടെ കണ്ണുനീർ വറ്റിയിരുന്നു.
ജോലിസ്ഥലത്തായിരുന്നപ്പോൾ ഡോക്ടർ പറഞ്ഞതനുസരിച്ചു് സാവിത്രിക്കുട്ടിയുടെ അച്ഛനു ഇടയ്ക്കെല്ലാം മുട്ടയും, പിന്നെ അച്ഛനുവേണ്ടിമാത്രം വെട്ടിക്കഴുകി വൃത്തിയാക്കി കോട്ടയത്തുനിന്നു് ലൈൻബസ്സിൽ കൊണ്ടുവന്നു തരുന്ന ഏതോ പ്രത്യേകതരം മീനും അമ്മ, എരിവുചേർക്കാതെ തയ്യാറാക്കി കൊടുക്കും. അമ്മയ്ക്കു് വലിയ അറപ്പാണു് മുട്ടയും മീനുമൊക്കെ; പക്ഷേ, അച്ഛന്റെ അസുഖം മാറാൻ അതുവേണമെന്നു ഡോക്ടർ നിർബ്ബന്ധം പറഞ്ഞു. അതൊക്കെ പാകം ചെയ്ത പാത്രം പോലും അമ്മ പ്രത്യേകമായി മാറ്റിവച്ചേക്കും. സാവിത്രിക്കുട്ടിക്കും അതൊന്നും ഇഷ്ടമല്ല. വല്യേട്ടനും കുഞ്ഞേട്ടനും അനുജത്തിയും അച്ഛനൊപ്പം അതൊക്കെ കഴിക്കും. അതൊക്കെ കഴിഞ്ഞുപോയകാലം… ഇനിയെന്തു്? അച്ഛന്റെ മരുന്നും തെറ്റിത്തുടങ്ങി. കുട്ടികളുടെ ഫീസ് കുടിശ്ശികയായി. എല്ലാമാസവും ഒരാഴ്ച ക്ലാസ്സിനു പുറത്തുനിൽക്കും ചിലപ്പോൾ അതു കഴിഞ്ഞും…
പത്തായം നിറച്ചു് നെല്ലുണ്ടു്, അതു് വീട്ടുചെലവിനു്. ബാക്കിയുള്ളതു് കുറെ ലോറിയിൽ കയറ്റും, ബാക്കി വിൽക്കും. തേങ്ങാക്കച്ചവടക്കാരനിൽ നിന്നും തേങ്ങയുടെ വിലയും വാങ്ങും. എല്ലാം കാര്യസ്ഥൻ ഗോവിന്ദൻചെട്ട്യാർ സുനന്ദചിറ്റമ്മേടെ ചിറ്റപ്പന്റെ പേരിലയക്കും. അയാളാണത്രെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു്. ‘വലിഞ്ഞുകേറി വന്നവർക്കൊക്കെ ചെലവിനു് കൊടുക്കണേലും അയാടെ സമ്മതം വേണം’ എന്നു അമ്മൂമ്മ.
അപ്പൂപ്പൻ എന്നൊരു ജീവി ആ വീട്ടിലുണ്ടെന്നറിയുന്നതു് വെളുപ്പിനേ എഴുന്നേറ്റുപോയി രണ്ടുമൈലകലെയുള്ള തറവാട്ടുകുളത്തിൽ കുളിച്ചു് തറവാട്ടമ്പലത്തിൽ തൊഴുതു് തിരിച്ചെത്തി ഈറനോടെ കൂവളത്തറയ്ക്കു വലംവയ്ക്കുന്ന നേരത്തെ നാമജപത്തിൽ കൂടി; പിന്നെ മിറ്റത്തെ അമ്പലത്തിനുമുൻപിലെ മിനുട്ടുകൾ നീണ്ട തൊഴൽ. പതിനൊന്നു മണിക്കുള്ള കഞ്ഞികുടി… അതുകഴിഞ്ഞാൽ സന്ധ്യാദീപം കൊളുത്തുമ്പോൾ മുതലുള്ള ദേവീഭാഗവത വായനയും ആരേയോ ചീത്തവിളിയും. ‘ഓടടാ’ എന്നു് ആരെയോ ഉദ്ദേശിച്ചു് അലറി വിളിച്ചു് പല പ്രാവശ്യം പടിക്കൽ വരെ ഓടുകയും, ‘ദ്രോഹീ, നീയെന്റെ മക്കളെ ചതിച്ചില്ലേടാ, പിടിക്കെടാ അവനെ, അവനെ വിടരുതു്, അടിക്കെടാ അവനെ, ചതിയൻ… എന്നെ ചതിച്ചൂ…’ അങ്ങനെ ആരേയോ എന്തിനേയോ ഉദ്ദേശിച്ചുള്ള ചീത്തവിളിയും കരച്ചിലും. ഇടയ്ക്കിടയ്ക്കു് ആരോടും പറയാതെ ആരുമറിയാതെയുള്ള തീർത്ഥയാത്രയും… ദീർഘമായ യാത്രകൾ. ക്ഷേത്രങ്ങളിലാണത്രെ… ആകെ മനസ്സിന്റെ പിടിവിട്ടമട്ടു്.
ഒന്നുകൂടി സാവിത്രിക്കുട്ടി ശ്രദ്ധിച്ചു. പണ്ടു്, ഏഴെട്ടു വയസ്സുള്ളപ്പോൾ അവധിക്കു വരുമ്പോൾ സാവിത്രിക്കുട്ടിയുടെ കയ്യിലാണു് വൈകിട്ടു് സൂചിഗോതമ്പുറവയിട്ടു കാച്ചിയ പാൽ തേച്ചുമിനുക്കിയ ഓട്ടുമൊന്തയിൽ ‘അപ്പൂപ്പനു് കൊടുക്കുമോളേ’ എന്നുപറഞ്ഞു് കൊച്ചുചിറ്റമ്മ കൊടുത്തയക്കുന്നതു്; അപ്പൂപ്പൻ കാപ്പി കുടിക്കുകയേയില്ല. ചായയെന്നൊരു വസ്തു അന്നൊന്നും സാവിത്രിക്കുട്ടി കേട്ടിട്ടു പോലുമില്ല. മൊന്തയിൽ നിന്നു് ഒന്നുരണ്ടു വായ പാൽ അപ്പൂപ്പൻ നിർബന്ധമായി സാവിത്രിക്കുട്ടിയുടെ വായിലൊഴിച്ചു കൊടുക്കും. എന്നിട്ടു് ചിരിക്കും ‘മതിയോ മോളെ’ എന്നു ചോദിച്ചു്. മധുരമായ ചിരിയായിരുന്നു. പക്ഷേ, ഇത്തവണ വന്നിട്ടു് ഒരിക്കൽ പോലും അപ്പൂപ്പൻ ചിരിച്ചു കണ്ടിട്ടില്ല. ആരും ഗോതമ്പുറവയിട്ടു കാച്ചിയ പാൽ കൊടുക്കാറില്ല അപ്പൂപ്പനു്. ആരേയും മോളേ, മോനേ എന്നൊന്നും വിളിക്കാറില്ല. സാവിത്രിക്കുട്ടിയെന്ന പത്തുവയസ്സുകാരിയുടെ വിഹ്വലമായ മനസ്സിനു് പക്ഷേ, അന്നു് അതൊന്നും മനസ്സിലാക്കാനായില്ലെങ്കിലും എല്ലാ മാറ്റങ്ങളും എല്ലാ പുതുമകളും അവളുടെ ഉള്ളിലെ തേങ്ങലിനു കൂട്ടായി.
അമ്മവീട്ടിലെ താമസം ദുസ്സഹമായിത്തുടങ്ങി. അച്ഛൻ അവശനായി. ഗതികെട്ടു് സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷി സ്വന്തം അമ്മയോടു ചോദിച്ചു:
‘ഞാനും അമ്മയുടെ മകളല്ലേ. ഞങ്ങളോടെന്തിനാ ഈ അവഗണന?’ ‘നീ ഞങ്ങളുടെ മകളുതന്നെ, തർക്കമില്ല. ഞങ്ങളു കല്യാണം കഴിപ്പിച്ചു വിട്ടതുമാ. പക്ഷേ, നീ മാത്രമല്ല ഇവിടത്തേ. കല്യാണം കഴിപ്പിച്ചു വിട്ടപ്പം നീ ഒറ്റത്തടിയാ. അയാളൊണ്ടാക്കിയ മക്കളല്ലേ; അയാളേം മക്കളേം നോക്കേണ്ടയാവശ്യം ഞങ്ങക്കില്ല. അയാളും പിള്ളേരും അയാടെ വീട്ടിൽ പോട്ടെ. നീ ഇവിടെ നിന്നാൽ ഞങ്ങൾ നോക്കിക്കോളാം.’
പതിനൊന്നു മക്കളെ പ്രസവിച്ച ഒരമ്മ സ്വന്തം മകളുടെ മുഖത്തുനോക്കിപ്പറഞ്ഞു. അമ്മൂമ്മ പതിനൊന്നു മക്കളേയും പതിനൊന്നു തരത്തിലാണു് കണ്ടിരുന്നതു്!
സാവിത്രിക്കുട്ടിയുടെ അച്ഛൻ ചിരിച്ചു. എത്ര ക്രൂരനായ ശത്രുവിന്റെ മുൻപിലും, ഏതു ഭീഷണിയുടേയും പരിഹാസത്തിന്റേയും മുൻപിലും സമനിലവിടാതെ ചെറിയ ചിരിയോടെ സൗഹൃദത്തിന്റെ സമാധാനത്തിന്റെ ഭാഷമാത്രമേ സാവിത്രിക്കുട്ടിയുടെ അച്ഛൻ സംസാരിക്കൂ… ‘ബുദ്ധനും, യേശുക്രിസ്തുവും, മഹാത്മാഗാന്ധിയുമാണു് വഴികാട്ടികൾ; പിന്നെങ്ങനെ നന്നാകാനാ!’ അമ്മ പരിഹസിക്കും. സാവിത്രിക്കുട്ടിക്കു ഇഷ്ടപ്പെടാറില്ല, തന്റെ അച്ഛൻ മാതൃകാ പുരുഷനാണു്; അമ്മയോടു നീരസം തോന്നിയിരുന്നു… പക്ഷേ, പ്രായമായതിനുശേഷം പലപ്പോഴായി അമ്മ പറഞ്ഞ കഥകൾ… അച്ഛന്റെ സത്യസന്ധതയും ക്ഷമാശീലവും ദയയും സഹനവും ഈശ്വരന്റെ നീതിയിലുള്ള ഉറച്ച വിശ്വാസവും ഒന്നിനു പുറകേ ഒന്നായി ഒരുപാടു് ഗതികേടുകളുടെ നിലയില്ലാക്കയത്തിലേയ്ക്കാണു് തങ്ങളെ തള്ളിയിട്ടതു്. അച്ഛന്റെ ഉറച്ച നിലപാടിൽ അമർഷമുണ്ടായിരുന്ന സ്വന്തം സഹോദരങ്ങളുടെ അവഗണന കൂനിന്മേൽ കുരുവായി…
ചുണ്ടിലെ ചിരിവാടാതെ അച്ഛൻ പറഞ്ഞു:
‘ഞാൻ നാട്ടിലേക്കു പോകാം. കുറച്ചു നാട്ടുചികിത്സയാകാം അവടെ. അതിനിടയിൽ എന്താ പോംവഴിയെന്നു നോക്കാം. മീനാക്ഷി മകളാണെന്നു് അമ്മ സമ്മതിച്ച സ്ഥിതിക്കു് ഉടനെ ഇറക്കിവിടാനിടയില്ല; തന്റേയുംകൂടി മക്കളാണെന്ന പരിഗണന കുട്ടികൾക്കും കൊടുത്തേക്കും. ഞാൻ നോക്കട്ടെ.’
അച്ഛൻ തനിയെ പോയി, തീരെ അവശനായിരുന്നിട്ടും. വല്യേട്ടന്റെ പഠിപ്പുമുടക്കേണ്ട എന്നു് അച്ഛൻ നിർബ്ബന്ധം പിടിച്ചു.
രക്തബന്ധത്തേക്കാളേറെ സുഹൃദ്ബന്ധമുള്ള ഗോവിന്ദക്കൈമളെന്ന ഡോക്ടർ, അച്ഛനയച്ച കത്തിനു മറുപടിയായി ഉടനടി അച്ഛനവിടെച്ചെന്നു് ചികിത്സ തുടരണമെന്നു് നിർദ്ദേശിച്ചിരുന്നു.
മീനാക്ഷിയമ്മ സാവിത്രിക്കുട്ടിയോടു പറഞ്ഞു:
‘നിന്റച്ഛന്റെ ചികിത്സയ്ക്കു് എല്ലാ ഏർപ്പാടും ചെയ്തിട്ടൊണ്ടു് കൈമൾ. നിന്റച്ഛൻ അദ്ദേഹത്തിന്റെ അമ്മാവന്റെ മകനല്ലേ. പക്ഷേ, അതൊന്നുമല്ല കാര്യം. അവരുതമ്മീ അത്രയ്ക്കടുപ്പാരുന്നേ. നിന്റച്ഛനേക്കാൾ ആറേഴുവയസ്സിനു മൂപ്പാ. എന്നാലെന്താ എന്തിനും ഏതിനും നിന്റച്ഛനായിരുന്നു കൂട്ടു്, നിന്റച്ഛനോടു ചോദിച്ചേ എന്തും ചെയ്യൂന്നാരുന്നു. ബാങ്കിൽ ജോലിയായിട്ടു പോന്നതോടെ ആ ബന്ധം വിട്ടില്ലേ. എന്നിട്ടും അറിഞ്ഞപ്പം അങ്ങോട്ടു വിളിച്ചല്ലോ.’
മീനാക്ഷിയമ്മ സ്വയം സമാധാനിക്കാൻ പറഞ്ഞതാണു്. അതുകഴിഞ്ഞു് ഉരപ്പുരയുടെ മൂലയ്ക്കൽ പോയിരുന്നു് കുഞ്ഞാവയ്ക്കു മുലകൊടുക്കുന്ന അമ്മയുടെ കവിളുകൾ നനഞ്ഞു കുതിരുന്നതു സാവിത്രിക്കുട്ടി കണ്ടു.
ഉള്ളിലെ തേങ്ങലിനു് തിടം വച്ചുവരുന്നതു് സാവിത്രിക്കുട്ടി അറിഞ്ഞു.