സൂര്യനുദിച്ചുവരുന്നതേയുള്ളൂ; അപ്പോഴേക്കും സാവിത്രിക്കുട്ടി പുറമ്പറമ്പിലെത്തി.
പടിക്കലെ തേന്മാവിൽ നിന്നും കൊഴിഞ്ഞുവീണ ഓറഞ്ചുനിറത്തിലെ കുഞ്ഞുപന്തുകൾ പോലുള്ള ചക്കരച്ചിമാങ്ങകൾ അവൾ കണ്ടില്ല; എങ്ങും പരന്ന അതിന്റെ വാസന അവളറിഞ്ഞില്ല. അണ്ണാനും കിളികളും കൊത്തിയിട്ട കശുമാങ്ങകളും അവൾ കണ്ടില്ല… സാവിത്രിക്കുട്ടിയുടെ കണ്ണും മനസ്സും അതിനപ്പുറത്തേക്കു് കുതിക്കുകയായിരുന്നു… സ്വപ്നാടനക്കാരിയെപ്പോലെ നടന്നു് പാത്രക്കുളത്തിന്റെ തെക്കേക്കരയിലെ കൊച്ചുമൺകൂനയ്ക്കരുകിലെത്തി അവൾ നിന്നു… മൺകൂനയിലേക്കു് കുനിഞ്ഞു സൂക്ഷിച്ചു നോക്കിനോക്കി…
ഇല്ല… ഇന്നും മണ്ണിളകി മാറിയിട്ടില്ല… മണ്ണിൽ വിള്ളൽ വീണിട്ടില്ല.
നിറയെ പൂത്തുനിൽക്കുന്ന എരിക്കിൻ ചെടിയുടെ ഇത്തിരി നിഴലുകൾ തണൽകൊടുത്ത, അടർന്നുവീണ പൂക്കൾ പുഷ്പവൃഷ്ടി നടത്തിയ കൊച്ചുമൺകൂനയിൽ സാവിത്രിക്കുട്ടിയുടെ കണ്ണുനീർ നനവിന്റെ കൊച്ചുകൊച്ചു വൃത്തങ്ങൾ തീർത്തു.
“ങ്ഹാ ഹാ… കൊള്ളാമല്ലോ… ഇതാപ്പോ പണി അല്ലേ? രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു് എങ്ങോട്ടാ ഓടണേന്നു നോക്കി വര്വേ ഞാൻ… രണ്ടു ദെവസായി ഞാൻ ശ്രദ്ധിക്കുന്നു… നെനക്കെന്തിന്റെ കേടാ പെണ്ണേ… നാട്ടുകാരു കൊണ്ടുപോണേനു മുൻപേ ആ കശുവണ്ടിയെങ്കിലും പെറുക്കിയെടുക്കാൻ തോന്നീല്ലല്ലോ… അതെങ്ങനാ മൊതലിനു ദെണ്ണോണ്ടെങ്കിലല്ലേ… ഇപ്പ സങ്കടം കാണിക്കുന്നു! കൊച്ചിനേക്കൊണ്ടെ വെള്ളത്തിമുക്കീട്ടിപ്പ സങ്കടം കാണിക്കുന്നു! ചെയ്ത തെറ്റിനു വല്ല പശ്ചാത്താപോണ്ടേലു് പോയി ആ ചെറുക്കനെ ഒന്നെടുത്തൂടെ സാവിത്രീ നെനക്കു്? കൊറേ നേരായില്ലേ അതുകെടന്നലയ്ക്കണു്; ബാക്കിള്ളോര്ക്കു് ചെവീം തലേം കേക്കണ്ടെ. അതിന്റെ കണ്ണുമുഴ്‌വോൻ പീളയടിഞ്ഞേക്ക്ണു്. ആ കൊളത്തികൊണ്ടുപോയി കഴുകിക്കൊടു് പെണ്ണേ.”
സുമിത്രച്ചിറ്റമ്മയുടെ ശകാരം അവളുടെ മനസ്സിലെത്താൻ വൈകി… എത്തിയതാകട്ടെ അനിയനെ എടുത്തു കുളത്തിൽ കൊണ്ടുപോയി കണ്ണുകഴുകാനുള്ള നിർദ്ദേശം… സാവിത്രിക്കുട്ടിക്കു് അവനെ എടുത്തുപൊക്കാൻ വയ്യ, വലിച്ചെടുത്തു് എളിയിൽവയ്ക്കുമ്പോൾ കാലു് നിലത്തുമുട്ടും. അവനാണേൽ ഭയങ്കര വാശിക്കാരൻ. ദേഷ്യം വന്നാൽ എളിയിലിരുന്നു ഞെളിയും, പുളയും. കൈകൊണ്ടു് തള്ളുകയും മാന്തുകയും ചെയ്യും… എത്ര പ്രാവശ്യം അനിയനേയും കൊണ്ടു് വീണിരിക്കുന്നു… സുമിത്രച്ചിറ്റയ്ക്കു് അതൊന്നും അറിയാത്തതല്ലല്ലോ… സാവിത്രിക്കുട്ടി നിന്നിടത്തു നിന്നു് അനങ്ങിയില്ല…
ഇതു് മൂന്നാം ദിവസമാണു്… കുഞ്ഞാവയെ കുഴിച്ചിട്ടിട്ടു്… സാവിത്രിക്കുട്ടിക്കു സങ്കടം അണപൊട്ടി…
ദിവസങ്ങളായി രാത്രിയും പകലും ഇടതടവില്ലാതെ കുഞ്ഞാവ കരയുകയായിരുന്നു. അമ്മ മുലകൊടുക്കാനെടുത്താൽ ഒന്നുവലിച്ചിട്ടു് ഉടൻ വാവിട്ടു കരയാൻ തുടങ്ങും.
‘വലിച്ചിട്ടു പാലുകിട്ടാഞ്ഞിട്ടാ… ഞാനെന്നാ ചെയ്യാനാ… പാലൊണ്ടാകണേൽ അതിനു തക്കോണം വല്ലതും എന്റയുള്ളിൽ ചെല്ലണ്ടേ!’ അമ്മ പതം പറഞ്ഞു.
‘മോളേ സാവിത്രീ… നീയിത്തിരി കഞ്ഞിയെടുത്തോണ്ടു വാ… ഇന്നു രാത്രീലെങ്കിലും അതൊന്നടങ്ങിക്കെടക്കട്ടെ.’ കുഞ്ഞിനു മുലകൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട അമ്മ സാവിത്രിക്കുട്ടിയോടു പറഞ്ഞു: ‘ഇതിനെ തീപോലെ പനിക്കുന്നൊണ്ടു്, ഞാനെന്നാ ചെയ്യാനാ ന്റെ ഭഗവതീ.’ അമ്മ കരയുന്നുണ്ടായിരുന്നു.
ഈയം പൂശിയ വലിയ ചെമ്പുകലത്തിൽ എന്നത്തേയും പോലെ അത്താഴത്തിനുള്ള കഞ്ഞി വേവിച്ചു വാങ്ങി വച്ചിട്ടുണ്ടായിരുന്നു കുട്ടികൃഷ്ണൻ… സാവിത്രിക്കുട്ടി ഒരു ഓട്ടുകിണ്ണമെടുത്തു് കുട്ടികൃഷ്ണന്റെ കയ്യിൽ കൊടുത്തു: ‘കുഞ്ഞാവയ്ക്കു് ഇത്തിരി കഞ്ഞി.’
കാൽക്കയിൽ ചോറുപോലും വേണ്ട കുഞ്ഞാവയ്ക്കു് ഇത്തിരി വറ്റും വെള്ളവും ഉപ്പുവെള്ളം ചേർത്തു് പ്ലാവില കുത്തിയിട്ടതു കൊണ്ടിളക്കി പുറത്തേക്കിറങ്ങുമ്പോൾ കേട്ടു അമ്മൂമ്മയുടെ ദേഷ്യപ്പെടുന്ന ശബ്ദം:
‘അടുപ്പേന്നു് വാങ്ങിവയ്ക്കുമ്പോളേക്കും കയിലിട്ടു വറ്റുകോരിയെടുത്താൽ പിന്നെ കഞ്ഞി പൊലിക്കുവോടാ… അതും ത്രിസന്ധ്യയ്ക്കു്?’ വെപ്പുകാരൻ കുട്ടികൃഷ്ണന്റെ ഏറ്റുപറച്ചിലും സാവിത്രിക്കുട്ടി കേട്ടു: ‘എന്നത്തേയും പതിവാ വല്യകൊച്ചമ്മേ, ഞാൻ പറഞ്ഞാ ആ പെണ്ണു കേക്കത്തില്ല.’ സാവിത്രിക്കുട്ടി സ്തംഭിച്ചുനിന്നു…
തെക്കേ വരാന്തയിലെ വലിയ പത്തായം നിറയെ നെല്ലുണ്ടു്. മെതിച്ചുണക്കി ചാക്കുകളിലാക്കിയ നെല്ലു് കാര്യസ്ഥൻ ഗോവിന്ദൻചെട്ട്യാർ പണിക്കാരെക്കൂട്ടി ലോറിയിൽ നിറച്ചു, തൃശൂർക്കു കൊണ്ടുപോകാൻ; സുനന്ദച്ചിറ്റമ്മേടെ വീട്ടിലേക്കു് അമ്മൂമ്മ പാൽപ്പെരേലെ പെട്ടിതുറന്നു് നോട്ടുകെട്ടെടുത്തു് ഗോവിന്ദൻചെട്ട്യാര്ടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു: ‘തെങ്ങേടേം മാങ്ങേടേം ഒക്കേം കൂടി ഇത്തവണ ഇത്രേള്ളെന്നു പറഞ്ഞേക്കു്… ഈ പരാതീനത്തിനേക്കെ തീറ്റിപ്പോറ്റണ്ടേ…’ സാവിത്രിക്കുട്ടി കണ്ടും കേട്ടും നിന്നു. അതിന്നലെയായിരുന്നു… ‘എന്നിട്ടാണു് കുഞ്ഞാവയ്ക്കു് ഒരു സ്പൂൺ കഞ്ഞിക്കു്…’ സാവിത്രിക്കുട്ടിയുടെ കണ്ണുനിറഞ്ഞു.
‘നിന്റമ്മൂമ്മയ്ക്കു് പതിനൊന്നു മക്കളാ, പതിനൊന്നിനേം പതിനൊന്നു തട്ടിലാ ചേച്ചി കാണുന്നേ. സരസ്വതി കളപ്പുരയ്ക്കൽ തറവാട്ടിലേയാ, എന്നുവച്ചാ പ്രഭുക്കന്മാരു്. ആ മരുമോൾടെ വീട്ടിന്നു കൊണ്ടുവന്നപോലെ മൊതലു് ഒരു മരുമക്കളും കൊണ്ടുവന്നു കാണുകേലാ… അതുപോലെ നിന്റച്ചൻ… ആഭിജാത്യമൊള്ള തറവാട്ടിലേയല്ല്യോ… ഓരോ തവണേം നാരായണൻനായരും മീനാക്ഷിം വരുന്നതു് പൊറകേ ചൊമടും ചൊമട്ടുകാരുമായിട്ടാരുന്നു. എന്താര്ന്നു അന്നവര്ടെ വെല; എന്തൊരു സ്വീകരണമാര്ന്നു. അവർക്കൊരു കാലക്കേടു വന്നപ്പം അവരു് തെണ്ടികളു്. ഇപ്പ നിങ്ങളനുഭവിക്കുന്നേനേക്കാൾ വല്യപോരാര്ന്നൂ സരസ്വതിയോടും മക്കളോടും… ഏഷണീം സ്തുതിപാടലുമായി ഇവടെ തമ്പടിച്ചുകെടന്നു തിന്നു മുടിച്ചവരു് കേമന്മാർ… ചതിക്കുഴി കുഴിച്ചു് എല്ലാം വാരിയെടുക്കാൻ ചേച്ചിതന്നെ അരുനിന്നു; ആ പൊട്ടൻ ശേഖരനും വേണൂം ഗോപീമെല്ലാം കളിയറിയാതെ ആട്ടം കണ്ടുനിന്നു, ഏഭ്യമ്മാർ. പാവം നിന്റപ്പൂപ്പൻ! ഭീഷണിപ്പെടുത്തി എല്ലാം അവർ കൈക്കലാക്കിയിട്ടും പ്രതികരിക്കാനായില്ല. ചേച്ചി വാമൂടിക്കെട്ടി… എന്നിട്ടിപ്പോ ദേവീഭാഗവതോം പ്രാക്കും പിരിയാട്ടും തീർത്ഥാടനോം… സമനിലതെറ്റിയ മട്ടല്ലേ.’ ദാക്ഷായണിയമ്മൂമ്മ ഒരിക്കൽ വിളിച്ചിരുത്തി പറഞ്ഞതെല്ലാമൊന്നും സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.
പക്ഷേ, ഒന്നറിയാം, തങ്ങളെ തെണ്ടികളായിട്ടാണു് അമ്മൂമ്മ കരുതുന്നതെന്നു്. സാവിത്രിക്കുട്ടി നിറഞ്ഞ കണ്ണുകൾ തുടച്ചു, സങ്കടം ഒരു ദീർഘനിശ്വാസത്തിലൊതുക്കി… കുഞ്ഞാവ കഞ്ഞിവെള്ളം പോലും ഇറക്കിയില്ല. ആർത്തിയോടെ വാതുറക്കും. ഇത്തിരി വെള്ളം വായിൽ കൊടുക്കുമ്പോഴേക്കും തട്ടിയെറിഞ്ഞു കരയും.
‘എറക്കാൻ പറ്റാഞ്ഞിട്ടാരിക്കും, അമ്മേ’ അവൾ പറഞ്ഞു.
‘കഫം നെറഞ്ഞേരിക്കാ… നീ സൂക്ഷിക്കാഞ്ഞിട്ടല്ലേ… മൂധേവി, അതിന്റെ മൂക്കിലൊക്കെ വെള്ളം കേറിക്കാണും. കുളിപ്പിക്കുമ്പം സൂക്ഷിക്കണംന്നു് എത്ര പ്രാവശ്യം പറഞ്ഞിട്ടൊണ്ടു്… എന്നിട്ടെന്താ ഏതുനേരോം സ്വപ്നം കാണലല്ലേ, അസത്തു്’, അമ്മ ദേഷ്യപ്പെട്ടു.
സാവിത്രിക്കുട്ടി കരച്ചിലടക്കി മടിയിൽ ഇടയ്ക്കിടയ്ക്കു പുളഞ്ഞു കരയുന്ന കുഞ്ഞാവയെ മുലകൊടുക്കാൻ വിഫലമായി ശ്രമിക്കുന്ന അമ്മയ്ക്കു് കൂട്ടിരുന്നു. അലറിക്കരയുന്ന കുഞ്ഞാവയേയുമെടുത്തു് അമ്മ മുറ്റത്തും വരാന്തയിലും തെക്കുവടക്കുനടന്നു, രാത്രി മുഴുവൻ. തളർന്നുറങ്ങുമ്പോൾ അമ്മ നടക്കല്ലിലിരിക്കും. മിനിട്ടുകൾ കഴിയുമ്പോൾ കുഞ്ഞാവ ഉണർന്നു കരച്ചിലാകും… അമ്മ ക്ഷീണിച്ചപ്പോളൊക്കെ സാവിത്രിക്കുട്ടി കുഞ്ഞാവയെ എടുത്തുനടന്നു… ചേച്ചിയുടെ കയ്യിലെത്തിയാൽ ഏതു കരച്ചിലും വാശിയും മാറ്റി കളിക്കുകയും ചിരിക്കുകയും ചെയ്യാറുള്ള കുഞ്ഞാവ പക്ഷേ, ചേച്ചിയുടെ കയ്യിലിരുന്നു പുളഞ്ഞുകരഞ്ഞു… ചേച്ചിയുടെ താരാട്ടു കേൾക്കുമ്പോൾ കൂടുതൽ അലറിക്കരഞ്ഞു… കുഞ്ഞാവയുടെ ശരീരത്തിലെ പനിച്ചൂടു് സാവിത്രിക്കുട്ടിയെ പൊള്ളിച്ചു…
അമ്മൂമ്മയും ചെറിയമ്മൂമ്മയും പറഞ്ഞ പോലെ ഏതൊക്കെയോ പച്ചിലകൾ വാട്ടിപ്പിഴിഞ്ഞു് കുഞ്ഞാവയ്ക്കു കൊടുത്തു അമ്മ… കണിയാൻ വൈദ്യന്റടുത്തുപോയി ഗോവിന്ദൻചെട്ട്യാർ വാങ്ങിക്കൊണ്ടുവന്ന എന്തോ മരുന്നു് തുള്ളിതുള്ളിയായി… എല്ലാ കുഞ്ഞാവയുടെ കടവായിലൂടെ പുറത്തേക്കൊഴുകി. കരഞ്ഞുകരഞ്ഞു തളർന്നുറങ്ങും, ഉടനുടൻ ഉണർന്നു കരച്ചിലാകും.
…നാലുമൈൽ ദൂരമുണ്ടു് ആശുപത്രിയിലേക്കു് അമ്മയ്ക്കു് ആരു തുണപോകും. ഒന്നേകാൽ വയസ്സുള്ള കൊഴുത്തു തുടുത്ത കുഞ്ഞാവയെ അമ്മ അത്രദൂരം… അമ്മ തന്നെ നടക്കുന്നതുപോലും ഏങ്ങിവലിച്ചു്… അല്ലെങ്കിലും പുറത്തിറങ്ങാൻ പറ്റിയ ഒരു നല്ല സാരിയോ… അമ്മ പതം പറഞ്ഞു് ഏങ്ങിക്കരഞ്ഞു. നന്ദിനിച്ചിറ്റമ്മയുടെ പെട്ടിയിൽ അടുക്കടുക്കായി സാരിയിരിക്കുന്നുണ്ടു്, സിൽക്കുസാരികളാണത്രെ. ഓരോ പ്രാവശ്യവും വേണൂമ്മാവനും, ഗോപിമ്മാവനും അവധിക്കു വരുമ്പോൾ കൊണ്ടുവന്നു കൊടുക്കുന്നതാണു്… നന്ദിനിച്ചിറ്റമ്മ ഇടയ്ക്കിടയ്ക്കെടുത്തു് കുടഞ്ഞുമടക്കി വയ്ക്കുന്നതു് സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്… നന്ദിനിച്ചിറ്റമ്മ ഇങ്ങനെയായിരുന്നില്ലല്ലോ…
‘പിന്നേ, ആശൂത്രീപോയിട്ടാ ഇപ്പം… കണിയാൻ വൈദ്യന്റെ മരുന്നുകൊണ്ടു മാറാത്ത സൂക്കേടൊന്നും ഈ കൊച്ചിനില്ല. നാളെ രാവിലെ അയാളോടിങ്ങോട്ടു വരാൻ പറഞ്ഞിട്ടൊണ്ടു് ശേഖരൻ… എല്ലാ വിവരോം അവൻ പറഞ്ഞിട്ടൊണ്ടു്.’ അമ്മ കുഞ്ഞാവയെ ആശുപത്രീൽ കൊണ്ടുപോകണമെന്നു് പറഞ്ഞപ്പോ അമ്മൂമ്മ സമ്മതിച്ചില്ല. നന്ദിനിച്ചിറ്റമ്മയും കൊച്ചമ്മാവനും ശേഖരനമ്മാവനും ഒരഭിപ്രായവും പറഞ്ഞില്ല. ഒരു മാസത്തെ മരുന്നു സേവയ്ക്കെന്നും പറഞ്ഞു വന്ന സുമിത്രച്ചിറ്റമ്മ: ‘കഫക്കെട്ടലൊണ്ടു കേട്ടോ, വേണങ്കി ആശുപത്രീ പോകാരുന്നു’ എന്നൊരഭിപ്രായം പറഞ്ഞു… ആരും ഒന്നും പറഞ്ഞില്ല.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തളർന്നിരുന്നു അമ്മ…
അന്നു രാത്രിയിൽ കുഞ്ഞാവ അധികമൊന്നും കരഞ്ഞില്ല. കഞ്ഞിവെള്ളം തുള്ളിപോലും ഇറക്കിയില്ല; മുല കുടിച്ചില്ല… എന്നിട്ടും അനങ്ങാതെ കിടന്നുറങ്ങുന്നു. കുഞ്ഞാവയുടെ അടുത്തു് കട്ടിൽപ്പടിയിൽ തലചായ്ചു് അമ്മ… ആ സമാധാനത്തിൽ സാവിത്രിക്കുട്ടി അന്തം വിട്ടുറങ്ങി, അഞ്ചുദിവസത്തെ ഉറക്കം ഒന്നിച്ചുറങ്ങി.
സുമിത്രച്ചിറ്റമ്മ തട്ടിവിളിച്ചുണർത്തി സാവിത്രിക്കുട്ടിയെ; നേരം വെളുത്തിരിക്കുന്നു. സാവിത്രിക്കുട്ടി കുഞ്ഞാവ കിടക്കുന്ന മുറിയിലേക്കോടി. കുഞ്ഞാവ ഉറങ്ങുക തന്നെയാണു്. അമ്മയെ മുറിയിൽ കണ്ടില്ല. കട്ടിലിന്നരികിൽ ശേഖരനമ്മാവൻ നില്ക്കുന്നുണ്ടു്.
സാവിത്രിക്കുട്ടി മുറ്റത്തിറങ്ങി… കുളത്തിലെ വെള്ളത്തിൽ മുട്ടിനൊപ്പം ഇറങ്ങിനിന്നു… ഇങ്ങനെ നിന്നാണു് എന്നും കുഞ്ഞാവയെ കുളിപ്പിക്കാറു്… പക്ഷേ… സാവിത്രിക്കുട്ടിക്കു സങ്കടം അണപൊട്ടി… പെട്ടെന്നു് കുനിഞ്ഞുനിന്നു് വെള്ളം ധാരകോരി കണ്ണും മുഖവും കഴുകി. അപ്പോഴുണ്ടു് സുമിത്രച്ചിറ്റമ്മ വിളിക്കുന്നു:
‘സാവിത്രീ ഇങ്ങു കേറിവാ, വേഗം…’
മുറ്റത്തു് ശേഖരനമ്മാവനും രാജിച്ചിറ്റമ്മയും ചെറിയമ്മൂമ്മയും പിന്നെയുമാരൊക്കെയോ…
മുറ്റത്തരികിൽ എന്തൊക്കെയോ പൂജാസാമഗ്രികളുടെ നടുവിൽ കൊച്ചുകിട്ടൻ കണിയാർ. അയാളുടെ കയ്യിൽ ഉയർത്തിപ്പിടിച്ച കത്തി. രണ്ടുകാലിനുമിടയിൽ ഇറുക്കിപ്പിടിച്ച കറുകറുത്ത പൂവൻകോഴിയുടെ കറുത്തപൂവിനുനേരെ കണിയാരുടെ കയ്യിലെ കത്തി ഉയർന്നു… സാവിത്രിക്കുട്ടി കണ്ണുപൊത്തി ഓടി. വടക്കേപ്പുറത്തെ വരാന്തയിൽ വെറും നിലത്തു് ആകെത്തളർന്നു് കോച്ചിവലിച്ചു് അവശയായി അമ്മ കിടക്കുന്നു… അമ്മയുടെ വായ ഒരു വശത്തേക്കുകോടി… പേടിച്ചു് അമ്മയെ നോക്കിനിന്ന സാവിത്രിക്കുട്ടിയെ ശേഖരമ്മാവൻ വിളിച്ചു:
‘ഇങ്ങടു് വാ സാവിത്രീ, നീ ഇവടെ ഈ കുഞ്ഞിന്റടുത്തു് നില്ലു്.’
കട്ടിലിന്നരികിൽ, ഉറങ്ങുന്ന കുഞ്ഞാവയെത്തന്നെ സൂക്ഷിച്ചുനോക്കി സാവിത്രിക്കുട്ടി നിന്നു. തല ഒരു വശത്തേക്കു ചരിച്ചുവച്ചു് മലർന്നുകിടന്നുറങ്ങുന്നു കുഞ്ഞാവ: ഗ്ലാക്സോ ബേബിഫുഡിന്റെ ടിന്നിലെ കുഞ്ഞിനെക്കാൾ ഭംഗിയുണ്ടു് കുഞ്ഞാവയ്ക്കു്… ‘കണ്ണുതുറക്കൂ വാവേ, ചേച്ചിയാ വിളിക്കുന്നേ, കണ്ണുതുറക്കു്’ എന്നു മനസ്സിലാവർത്തിച്ചുരുവിട്ടു്. ദാ കുഞ്ഞാവ കണ്ണു പാതിതുറന്നു… ഇടത്തുകാൽ പതുക്കെ രണ്ടുമൂന്നു പ്രാവശ്യം ചലിപ്പിച്ചു. സാവിത്രിക്കുട്ടിക്കു സന്തോഷമായി; കുഞ്ഞു് എഴുന്നേൽക്കാൻ നോക്കുന്നു:
‘ദാ വാവ ഉണർന്നൂ, കുഞ്ഞാവ ഉണർന്നൂ… അമ്മേ വാ. കുഞ്ഞാവ…’ സാവിത്രിക്കുട്ടി ഉത്സാഹത്തോടെ വിളിച്ചുപറഞ്ഞു.
ജനാലയ്ക്കരികിൽ നോക്കിനിന്നിരുന്ന ശേഖരനമ്മാവൻ കണിയാർകൊണ്ടുവന്നു കൊടുത്ത ചെറിയ കിണ്ണവുമായി മുറിക്കകത്തുവന്നു. സാവിത്രിക്കുട്ടി നോക്കി—കിണ്ണത്തിൽ കറുത്ത എന്തോ വെള്ളം… കരിങ്കോഴിയുടെ ചോര! വാവയെ നോക്കി ഒരിടനിന്ന ശേഖരനമ്മാവൻ കയ്യിലിരുന്ന കിണ്ണം ജന്നൽപ്പടിയിൽ വച്ചു… കുഞ്ഞാവയുടെ മൂക്കിൽ കൈവച്ചു… പിന്നെ പാതിതുറന്ന കുഞ്ഞാവയുടെ കണ്ണുകൾ കൈകൊണ്ടു് തിരുമ്മിയടച്ചു. കുഞ്ഞാവ അനങ്ങിയതേയില്ല…
സാവിത്രിക്കുട്ടി പെട്ടെന്നു് മുറിക്കു പുറത്തിറങ്ങി… വാതിക്കൽനിന്നു് വീണ്ടും എത്തിനോക്കി. കുഞ്ഞാവ ഉറങ്ങുകയാണല്ലോ. എന്തിനാണു് ശേഖരനമ്മാവൻ… സാവിത്രിക്കുട്ടിയുടെ നെഞ്ചിലെന്തോ ഉരുണ്ടുകൂടി.
‘മാ യേ… മാ… യേ… ഠേ… ഠേ… മാ… യേ… ഠേ… ഠേ…’ എട്ടുനാടും പൊട്ടത്തക്ക ശബ്ദം… എത്രയൊക്കെ ഉറക്കത്തിലായാലും ചേച്ചിയുടെ ശബ്ദം കേട്ടാൽ കുഞ്ഞാവ ഉണരും… മാ… യേ കല്ലുപോലും അലിയുന്ന വിളി… ആരുടേയും ശബ്ദമെത്താത്തിടത്തു് ചേച്ചിയുടെ കുഞ്ഞാവ എത്തിക്കഴിഞ്ഞിരുന്നു.
ആരൊക്കെയോ കുടികിടപ്പുകാരും ചുരുക്കം ബന്ധുക്കളും മുറ്റത്തു്.
‘മതി നിർത്തു്, നിന്റെ അലർച്ച… നിന്റെ അമ്മ അവടെ ബോധല്ല്യാണ്ടേ കെടക്കണു്. ഇനി നെന്റെ വീളീംകൂടായാ മതി.’ ശേഖരനമ്മാവൻ ശാസിച്ചു. ‘ങൂം. മതി… മതി… നിർത്തു് കരച്ചിലു്.’
നിർത്തി. അമ്മയുടെ അടുക്കലേക്കു് ഓടി സാവിത്രിക്കുട്ടി… അമ്മ ബോധമില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുന്നു; ഇടയ്ക്കു് കുഞ്ഞാവയ്ക്കു് കഞ്ഞികൊടുക്കാനും പറയുന്നുണ്ടു്. ചിറ്റമ്മമാർ അമ്മയെ വീശുന്നു. കലവറമുറിക്കും പാൽപുരയ്ക്കും മുമ്പിലായി വരാന്തയിൽ കാലുനീട്ടിയിരുന്നു് പിച്ചളച്ചെല്ലം തുറന്നുവച്ചു് ഒന്നും സംഭവിക്കാത്ത മട്ടിൽ അമ്മൂമ്മ, വെറ്റില ഞരമ്പുകീറി ചുണ്ണാമ്പുതേയ്ക്കുന്നു… തളത്തിൽ നിന്നു് തെക്കുവടക്കു് ഓടിക്കൊണ്ടിരിക്കുന്ന അപ്പൂപ്പന്റെ ശബ്ദം: ‘സുകൃതക്ഷയം, സുകൃതക്ഷയം… എന്റെ മൂകാംബികേ… എന്തിനു നീ…?’
സാവിത്രിക്കുട്ടി അടുക്കളയുടെ കിഴക്കേപ്പടി കടന്നോടി കശുമാവിൻ ചോട്ടിലെ പാറക്കല്ലിലിരുന്നു് ഏങ്ങലടിച്ചു കരഞ്ഞു. പുറകേ വന്ന ശേഖരനമ്മാവൻ സാവിത്രിക്കുട്ടിയെ വിളിച്ചുകൊണ്ടുവന്നു.
മുറ്റത്തു് അടിയാത്തികൾ ചെറിയ ശബ്ദത്തിൽ എന്തൊക്കെയോ പതം പറഞ്ഞു് കരയുന്നു…
അപ്പോളാണു് സാവിത്രിക്കുട്ടി ഓർമ്മിച്ചതു്. കുഞ്ഞാവ ഒറ്റയ്ക്കു് കട്ടിലിൽ, തിരിയുകോ മറിയുകോ ചെയ്താൽ താഴെ വീണാലോ. മുറിയിലേക്കു് ഓടാൻ തുടങ്ങിയ സാവിത്രിയെ ശേഖരമ്മാവൻ കൈപിടിച്ചു് മുറിയിലേക്കു കൊണ്ടുവന്നു; അമ്മാവൻ ഗൗരവത്തിൽ പറഞ്ഞു:
‘നീ കൊച്ചിനെ എടുത്തു് എന്റെ കൂടെ വാ.’
സാവിത്രിക്കുട്ടിക്കു മിണ്ടാൻ വയ്യ, കാലുകൾ തറയിലുറച്ചുപോയി, കൈകൾ രണ്ടു കമ്പുകൾ പോലെ രണ്ടു വശത്തും തൂങ്ങിക്കിടന്നു…
‘നിന്നോടല്ലേ പറഞ്ഞതു് സാവിത്രീ, അതിനെ എടുത്തോണ്ടു് എന്റൂടെ വരാൻ. നെനക്കെന്നാ ചെവികേക്കില്ലേ. അസത്തു്.’ ശേഖരനമ്മാവന്റെ വെറുപ്പു മുഴുവൻ ആ ശബ്ദത്തിലുണ്ടായിരുന്നു… ആ വേദനക്കിടയിലും സാവിത്രിക്കു് എന്തെങ്കിലും പറയണമെന്നു തോന്നി. ‘താമിച്ചോന്റെ ചെറ്റേലു് വെളുപ്പിനെ ചെത്തിയിറക്കിയ കള്ളു് സേവിക്കാൻ പോകാൻ പറ്റാത്തതിന്റെ ദേഷ്യമാ.’
സാവിത്രിക്കുട്ടിയുടെ നെഞ്ചിലാരോ ഒരു പാറകയറ്റി വച്ചു. തന്റെ ശരീരത്തോടു ചേർത്തുപിടിച്ച കുഞ്ഞാവയുടെ ശരീരത്തിലെ ചൂടു് തണുപ്പിനു വഴിമാറി. ആ തണുപ്പു് സാവിത്രിക്കുട്ടിയിലേക്കു് അരിച്ചു കേറി… അവളുടെ ഹൃദയം മഞ്ഞുകട്ടയായി…
കശുമാവിനപ്പുറം പാത്രക്കുളത്തിന്റെ മറുകരയിൽ കയ്യിലിരുന്ന മൺവെട്ടികൊണ്ടു് ശേഖരനമ്മാവൻ കുഴികുഴിച്ചു; പിന്നെ സാവിത്രിക്കുട്ടിയുടെ കയ്യിൽ നീണ്ടുനിവർന്നു കിടന്ന കുഞ്ഞാവയുടെ അരയിൽ നിന്നും വെള്ളിയരഞ്ഞാണം അഴിച്ചെടുത്തു് സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു് കുഞ്ഞാവയെ വാങ്ങി…
സാവിത്രിക്കുട്ടിയുടെ ഹൃദയം മിടിക്കാൻ മറന്നു… കുഞ്ഞാവ, അച്ഛന്റെ മായ… ആശുപത്രിയിൽ നിന്നു് അച്ഛൻ വരുമ്പോൾ…
ശേഖരനമ്മാവൻ പോയതു സാവിത്രിക്കുട്ടി അറിഞ്ഞില്ല.
‘ആ വെയ്ലത്തു് അങ്ങനെ നിക്കാതെ, കൊച്ച്മ്പ്രാട്ട്യേ… പോയതുപോയി. കൊച്ചമ്പ്രാട്ടി വീട്ടീപ്പോ.’ വേലിക്കപ്പുറത്തു നിന്നു് ആരോ വിളിച്ചുപറഞ്ഞു.
കുഴിച്ചിട്ടാലും ജീവൻ വച്ചുവരും ചിലപ്പോൾ… മരിച്ചുപോലെ തോന്നിയാലും ശരിക്കും മരിച്ചതായിരിക്കില്ല. ആണെങ്കിൽത്തന്നെ ശരിക്കു പ്രാർത്ഥിച്ചാൽ മരിച്ചയാൾ തിരിച്ചുവരും, സാവിത്രിക്കുട്ടിക്കറിയാം… അതിനു തെളിവുകാണും. പിറ്റേന്നു രാവിലെ കുഴി വിണ്ടിട്ടുണ്ടാകും, മണ്ണിളകിയിട്ടുണ്ടാകും… ഉടനെ കുഴിമാന്തി… അങ്ങനെ മൂന്നാം ദിവസം മണ്ണിളകി മാറി ജീവിച്ചുവന്ന കഥകളുണ്ടത്രെ. ഭാർഗ്ഗവി പറഞ്ഞിട്ടുണ്ടു്… തെളിവുകളുണ്ടു്… സാവിത്രിക്കുട്ടി തപസ്സു ചെയ്തുതുടങ്ങി…
…ഇന്നു് മൂന്നാം ദിവസമായി… ഒരു നിമിഷവും പ്രാർത്ഥന മുടക്കിയില്ല; കഴിഞ്ഞ മൂന്നുദിവസവും അതിരാവിലെ തന്നെ സാവിത്രിക്കുട്ടി കുഴിക്കരികെ എത്തിയതാണു്, വെയിൽ പരക്കുംവരെ നോക്കിനിന്നു… ഉച്ചയ്ക്കും വൈകിട്ടും… കുഴി വിണ്ടിട്ടില്ല, മണ്ണിളകിയിട്ടില്ല… കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്നു അരഞ്ഞാണം കുഞ്ഞാവയെ മൂടിയ കുഴിയുടെ കാൽക്കൽ കുഴിച്ചിട്ടു… കുഞ്ഞാവ ഉണർന്നെഴുന്നേറ്റുവരുമ്പോൾ കുളിപ്പിച്ചു് അരഞ്ഞാണമിടീച്ചു് സുന്ദരിയാക്കി അമ്മയുടെയടുത്തു് സാവിത്രിക്കുട്ടിക്കു തന്നെ കുഞ്ഞാവയെ കൊണ്ടെക്കൊടുക്കണമെന്നു് ദൈവത്തോടു് പ്രാർത്ഥിച്ചിട്ടു്…
‘എടീ സാവിത്രീ, നെന്നോടല്ലേ പറഞ്ഞേ ആ ചെറുക്കന്റടുത്തേക്കു ചെല്ലാൻ, ഒന്നിനെ കൊലയ്ക്കു കൊടുത്തിട്ടു് അവളുടേരു…’
“എന്റെ സുമിത്രേ… ഇത്തിരീല്ലാത്ത ഈ പെങ്കൊച്ചിനോടു് ഇത്രേം ക്രൂരത വേണോ? അവളു് മനപ്പൂർവ്വം വല്ലതും ചെയ്തതാണോ? എന്നും നന്ദനേം കുഞ്ഞിനേം കുളിപ്പിച്ചിരുന്നതൊക്കെ അവളുതന്നെയല്ലേ. ഏതുനേരോം അതിനേം ചൊമന്നു്… എന്നിട്ടിപ്പളല്ലേ കുഞ്ഞിനു പനിവന്നുള്ളൂ… മഹാപാപം കിട്ടും, പറഞ്ഞില്ലാന്നു വേണ്ടാ.”
അതാരാണു പറഞ്ഞതെന്നു സാവിത്രിക്കുട്ടി കണ്ടില്ല. പത്തുവയസ്സുകാരിയുടെ തലച്ചോറിൽ ആയിരം വിഷമുള്ളുകളായി സുമിത്രച്ചിറ്റമ്മയുടെ ശബ്ദം തുളച്ചുകയറിക്കഴിഞ്ഞിരുന്നു. ‘സാവിത്രിക്കുട്ടി വാവയെ കൊന്നു, വാവയെ കൊന്നു…’