പലകതറച്ച വാടകവീടിന്റെ മുറിയിൽ അനുജത്തിക്കും അനുജനുമൊപ്പം ഉറങ്ങാൻ കിടന്ന സാവിത്രിക്കുട്ടിക്കു് ഉറങ്ങാനായില്ല.
നാട്ടിൽ ചികിത്സയ്ക്കു പോയിരുന്ന അച്ഛൻ അന്നു തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. നാടുവാഴിയായിരുന്നയാളുടെ ഓമനപ്പുത്രൻ, വിദ്യാസമ്പന്നൻ; അതീവബുദ്ധിശാലിയും അഭിമാനിയും… അങ്ങനെയൊരാൾ ഇന്നു് രോഗാതുരനും നിസ്സഹായനുമായി അലയുന്നതിലെ വേദനയും അപമാനവും യാത്രചെയ്തു തളർന്നു കയറിവന്ന അച്ഛന്റെ കൈരണ്ടും കൂട്ടിപ്പിടിച്ചുകൊണ്ടു കരയുന്ന അമ്മയുടെ ഏങ്ങലടിയിൽ നിന്നു് സാവിത്രിക്കുട്ടി വായിച്ചെടുത്തു; സാവിത്രിക്കുട്ടി മാത്രമേ അതു കാണാനുണ്ടായിരുള്ളൂ. വല്യേട്ടൻ പുറത്തെവിടെയോ പോയിരുന്നു; വിശപ്പിന്റെ വേദനയിലായിരുന്ന അനുജനും അനുജത്തിയും അച്ഛൻ കൊണ്ടുവന്ന പൊതിയിലെ വടയും പഴവും വയറ്റിലാക്കുന്ന തിരിക്കിലായിരുന്നു. അല്ലെങ്കിലും അവർ കുട്ടികളാണു്, ഇതൊന്നും മനസ്സിലാക്കാറായിട്ടില്ല.
ദിവസങ്ങൾ കഴിഞ്ഞു. അമ്മയും അച്ഛനും രാത്രി ഏറെ നേരമായി വരാന്തയിൽ വിരിച്ച പായയിലിരുന്നു് ഗൗരവതരമായ ആലോചനയും വർത്തമാനവും. സാവിത്രിക്കുട്ടി എഴുന്നേറ്റിരുന്നു് ശ്രദ്ധിച്ചു; ഒന്നും മനസ്സിലാകുന്നില്ല. ഇടയ്ക്കു് വർത്തമാനത്തിന്റെ ശബ്ദമുയരുമ്പോൾ അച്ഛൻ അമ്മയെ വിലക്കുന്നു: ‘കുട്ടികളുണരും.’
സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു് ചാരിയിരുന്ന വാതിലരികിൽ ഒരു വിരൽപാളി പതുക്കെ തുറന്നു ശ്രദ്ധിച്ചു. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അച്ഛൻ സംസാരിക്കുന്നതു്, നിർത്തി നിർത്തി… എന്നിട്ടും സാവിത്രിക്കുട്ടി കേട്ടു: ‘ഒന്നിച്ചു മരിക്കാം… മക്കളെ… വേണ്ട, അവരെ അനാഥരാക്കിയിട്ടേക്കണ്ട; വല്ലവരുടേം അടുക്കളപ്പുറത്തു തെണ്ടിത്തിന്നാൻ വിടണ്ട നമ്മുടെ മക്കളെ…’ അച്ഛന്റെ ദീർഘനിശ്വാസവും സാവിത്രിക്കുട്ടി വ്യക്തമായും കേട്ടു… കരച്ചിൽ വന്നുമുട്ടിയിട്ടും ശബ്ദം പുറത്തുവരാതെ വായ്പൊത്തിപ്പിടിച്ചു… ഇത്തിരി നേരം കഴിഞ്ഞാണു് അമ്മ മറുപടി പറഞ്ഞതു്. അമ്മ കരയുന്നില്ല, ഉറച്ച ശബ്ദം:
‘കുറച്ചു കാശു കയ്യിലൊണ്ടന്നല്ലേ പറഞ്ഞതു്. രണ്ടു മാസത്തെ വാടക കൊടുക്കണം. ഗോവിന്ദന്റെ കടേലൊരു ആറുചക്രം. അതും കൊടുക്കണം. ബാക്കിയൊള്ളതിനു് അരി വാങ്ങണം… ഒരുനേരം സുഖമായി ഉരുളയുരുട്ടിയുണ്ണട്ടെ മക്കൾ, നമ്മളും… പിന്നെയൊന്നുമറിയരുതു്—ഈ നാണംകെട്ട ജീവിതം തീരുമല്ലോ… സുഖിച്ചു വാഴുന്ന സൊന്തക്കാര്ടെയിടയിൽ നമ്മടെ മക്കളിങ്ങനെ…’ അമ്മ തേങ്ങി.
പെട്ടെന്നു് സാവിത്രിക്കുട്ടിയുടെ തൊണ്ടയിലെന്തോ കുരുങ്ങി, അറിയാതെ വന്ന തേങ്ങലടക്കിയതു് ഒരിക്കിളായി വല്ലാത്ത ശബ്ദമായി പുറത്തുചാടി. പുറത്തെ വർത്തമാനം നിന്നു. അനങ്ങാതെ വന്നു പായിൽ കിടന്ന സാവിത്രിക്കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന കരച്ചിൽ ഏങ്ങലടിയായി. ആരും അനങ്ങിയില്ല…
പക്ഷേ, പിറ്റേന്നു് വേറെ ഗതിയിലാണു് സംഭവങ്ങൾ പോയതു്.
സാവിത്രിക്കുട്ടിയുടെ അച്ഛൻ രാവിലെതന്നെ അവളുടെ നോട്ടുബുക്കിൽ നിന്നും പേപ്പർ കീറിയെടുത്തു് എന്തൊക്കെയോ എഴുതുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ വലിയേട്ടനെ എവിടെയോ പറഞ്ഞുവിട്ടു. വൈകിട്ടായപ്പോൾ കുറച്ചു പ്രായമുള്ള രണ്ടാളുകളും, രണ്ടുമൂന്നു ചെറുപ്പക്കാരും വലിയ ചേട്ടനൊപ്പം വന്നു. അതിലൊരാൾ സാവിത്രിക്കുട്ടിയുടെ അമ്മയുടെ അമ്മാവന്റെ മകൻ മുരളിയാണു്. മുരളിച്ചേട്ടൻ—സ്വാർത്ഥിയും പണക്കാരനും, പ്രശസ്തനുമായ ഹരിനാരായണൻ അമ്മാവന്റെ മനുഷ്യപ്പറ്റുള്ള മകൻ മുരളി… ഇതിനുമുൻപും വന്നിട്ടുണ്ടു് മധ്യസ്ഥനായിട്ടു്; സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്.
വന്നവർ ചാണകം മെഴുകിയ വരാന്തയിൽ ഇരുന്നുകൊണ്ടു് ഒരുപാടുനേരം സംസാരിച്ചു. അച്ഛൻ കാര്യങ്ങൾ പറയുകയും എഴുതിയ പേപ്പറുകൾ അവരെ കാണിക്കുകയും ചെയ്തു. അവർക്ക് കട്ടൻ കാപ്പിയും പഴവും കൊടുത്തു, അമ്മ. സന്ധ്യയായപ്പോൾ റാന്തലിന്റെ വെളിച്ചത്തിലിരുന്നും അവർ സംസാരിച്ചു. സാവിത്രിക്കുട്ടി ശ്രദ്ധിച്ചതേയില്ല; ശ്രദ്ധിച്ചാലും ഒന്നും മനസ്സിലാകുന്ന കാര്യങ്ങളല്ലെന്നു ആദ്യമേ പിടികിട്ടിയതുകൊണ്ടു് അടുക്കളയിൽ ഒതുങ്ങിക്കൂടി.
അങ്ങനെ സാവിത്രിക്കുട്ടിയുടെ കുടുംബം വീണ്ടും ജീവിക്കുവാൻ തീരുമാനമെടുത്തു. ജീവിതം തിരിച്ചുപിടിക്കാനുള്ള തീരുമാനം; ‘അവകാശപ്പെട്ടതു നേടിയെടുക്കണം, തോറ്റുപിന്മാറരുതു്’, പോകാനിറങ്ങുമ്പോൾ മുരളിച്ചേട്ടൻ പറയുന്നതുകേട്ടു.
മൂന്നാലുദിവസം വീട്ടിൽ ചിലയാളുകൾ വരികയും അച്ഛനുമമ്മയുമായി സംസാരിക്കയും ചെയ്യുന്നുണ്ടായിരുന്നു.
നാലാം ദിവസം ഒരാൾ കുറച്ചു നോട്ടീസുകളും പത്രത്താളിൽ ബ്രഷുകൊണ്ടു് വലിയ അക്ഷരങ്ങളിലെഴുതിയ ബോർഡും കൊണ്ടുവന്നു. സ്ക്കൂളിൽ പരീക്ഷയ്ക്കു തരുന്ന ചോദ്യപേപ്പറുപോലെ കല്ലച്ചിലെടുത്ത ആ നോട്ടീസിൽ എന്താണെന്നു നോക്കാൻ പറ്റിയില്ല. അച്ഛനെ കാണിച്ചിട്ടു് വലിയേട്ടനൊപ്പം അതെല്ലാമെടുത്തു് അവർ പോയി.
ചെറിയേട്ടൻ ജോലിയന്വേഷിച്ചെന്നു പറഞ്ഞു നാടുവിട്ടിട്ടു് ഒരു വർഷമായി, ഒരു വിവരവും കിട്ടാതെ കുറേനാൾ അമ്മ കരഞ്ഞു. കരയാൻ വേറേയും ഒരുപാടു കാര്യങ്ങളുള്ളതുകൊണ്ടു് പിന്നീടു് വല്ലപ്പോഴുമേ കരച്ചിലുള്ളൂ.
അതിന്റെ പിറ്റേന്നു രാവിലെ, ‘കുളിച്ചു കാപ്പികുടിച്ചാലുടനെ നമ്മൾ ഒരിടത്തുപോകുന്നു; വേഗമാകട്ടെ’ യെന്നു് അച്ഛൻ പറഞ്ഞു. അച്ഛനും അമ്മയും സാവിത്രിക്കുട്ടിയും അനുജനും അനുജത്തിയും കൂടി വീടുപൂട്ടി ഇറങ്ങി. വല്യേട്ടൻ അതിരാവിലെ തന്നെ പോയിരുന്നു.
വഴിയിലിറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു:
‘നമ്മൾ നിങ്ങളുടെ അമ്മയ്ക്കു കിട്ടാനുള്ള സ്വത്തിനു വേണ്ടി സമരം ചെയ്യാൻ പോകുന്നു. അച്ഛനു ജോലിചെയ്യാൻ വയ്യ; പക്ഷേ, നമ്മൾക്കു ജീവിക്കണം, നിങ്ങളെ പഠിപ്പിക്കണം… അപ്പൂപ്പനും അമ്മൂമ്മയും താമസിക്കുന്ന വീടിനു മുന്നിൽ…’ അച്ഛൻ പറഞ്ഞുതീരും മുൻപു് വഴിയിൽ ഒരു മരത്തിൽ ഒട്ടിച്ചിരിക്കുന്ന നോട്ടീസുകണ്ടു് സാവിത്രിക്കുട്ടി വിളിച്ചുപറഞ്ഞു:
‘ദേ നോട്ടീസ്… നിരാഹാര സത്യഗ്രഹം, അവകാശപ്പെട്ടതു തന്നില്ലെങ്കിൽ ഞാനും കുട്ടികളും മരണം വരെ നിരാഹാര സത്യാഗ്രഹം—മീനാക്ഷി…’
‘എല്ലാരും?’ സാവിത്രിക്കുട്ടി അച്ഛനെ നോക്കി.
‘ഇല്ല, എല്ലാരുമല്ല. അമ്മയും നീയും ദേവിയും മാത്രം—അച്ഛനു അവരോടു സ്വത്തു ചോദിക്കാനെന്താ അധികാരം? പിന്നെ ഗോപു കൊച്ചല്ലേ. രവീന്ദ്രനു് ഈ കാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും ഓടണ്ടേ?’ അച്ഛൻ ആരുടേയും മുഖത്തുനോക്കാതെയാണു് പറയുന്നതു്. പിന്നെ പെട്ടെന്നു നിന്നിട്ടു് സാവിത്രിക്കുട്ടിയെ നോക്കി ചോദിച്ചു:
“നിങ്ങൾ തന്നെ കിടക്കുന്നതിൽ വിഷമമുണ്ടോ?” നിറഞ്ഞകണ്ണുകൾ തുളുമ്പി വീഴും മുൻപു് സാവിത്രിക്കുട്ടി പെട്ടെന്നു പറഞ്ഞു: ‘ഇല്ല, ഇല്ലച്ഛാ… ദേവിക്കും വിഷമമില്ല.’
ഒരു മകളെ തോല്പിക്കാൻവേണ്ടി മുപ്പത്തെട്ടു കൊല്ലമായി കൈവശമുണ്ടായിരുന്ന പറമ്പും പണിയിച്ച തറവാടും വിട്ടുകളഞ്ഞു് ചെമ്പകശ്ശേരി നീലകണ്ഠപ്പണിക്കരും മേലാംകോടു് കേശവപ്പണിക്കരുടെ പുന്നാരമോൾ ശങ്കരിപ്പിള്ളയും ഇറങ്ങി. ‘ഈ മഹാപാപത്തിനു ഞാൻ കൂട്ടുനിൽക്കില്ല, ന്യായമായിട്ടു തോന്നുന്നതെന്താന്നുവച്ചാൽ അതുകൂടി തന്നാൽ മതി. ഞാനെവടെയെങ്കിലും ഒരു കെടപ്പാടം ഒണ്ടാക്കിക്കോളാ’ മെന്നു നിർബ്ബന്ധമായി നേരിട്ടും വക്കീലിനെ കൊണ്ടും മധ്യസ്ഥന്മാരെക്കൊണ്ടും പറയിച്ച തിട്ടേൽ ഗംഗാധരക്കുറുപ്പിനോടു് അമ്മൂമ്മയും ശേഖരനും വിദ്യാധരനും കൂടി പറഞ്ഞു: ‘വേണ്ടാ ഞങ്ങൾക്കു വീടുവേണ്ടാ… ഈ തെണ്ടികളെ ഇറക്കിവിടാൻ ഇതേ മാർഗ്ഗമുള്ളൂ.’
അങ്ങനെ ‘തെണ്ടികളെ’ ഇറക്കിവിട്ടു. അമ്മൂമ്മ അപ്പൂപ്പനെ കൊണ്ടു് ബലമായി മരുമകൻ കൃഷ്ണൻനായരുടെ പേരിൽ ഇഷ്ടദാനമെഴുതിച്ച ഒരുപാടു പുരയിടങ്ങളിലെ കണ്ണായ പൂവത്തുംപറമ്പിൽ ‘അച്ഛനുമമ്മയ്ക്കും താമസിക്കാ’ നായി അമ്മയുടെ സഹോദരന്മാർ വലിയൊരു വീടുപണി തുടങ്ങിയിട്ടുണ്ടത്രെ; സുനന്ദച്ചിറ്റമ്മയ്ക്കു വേണ്ടിയെന്നുള്ളതു് പരസ്യമായ രഹസ്യം.
അമ്മൂമ്മയുടെ അനുജത്തിയുടെ മരുമകന്റെ പറമ്പിൽ രണ്ടുമുറിയും വരാന്തയും മാത്രമുള്ള, ഒരു വലിയ കുടിലിനേക്കാൾ മെച്ചമെന്നവകാശപ്പെടാനില്ലാത്ത തേങ്ങാപ്പുരയുടെ മുറ്റത്തു് മേലാംകോടുകാരണവരായിരുന്ന ചെമ്പകശ്ശേരി നീലാണ്ടപ്പണിക്കരെന്ന വയോവൃദ്ധന്റെ തളർന്ന നില്പു്, സമരവീര്യവുമായെത്തിയ അമ്മയെ, സ്വന്തം ഗതികേടിനേക്കാൾ തളർത്തിക്കളഞ്ഞു: ‘എന്റച്ഛനു് ഈ ഗതി വന്നല്ലോ’ അമ്മ പൊട്ടിക്കരഞ്ഞു.
ആ വീടിന്റെ വേലിക്കെട്ടിനു പുറത്തു് പടിവാതിൽക്കൽ നിന്നു മാറി മഴയും വെയിലും കൊള്ളാതിരിക്കാൻ വല്യേട്ടനൊപ്പം വന്നവർ ചായ്ച്ചുകെട്ടിയ ഓലപ്പന്തലിൽ ഒരു പനമ്പായിൽ അമ്മയും പെൺമക്കളും ഇരുന്നു… തണുപ്പു് അരിച്ചുകയറുന്നു. തലേന്നു മഴപെയ്തിരുന്നു, നനഞ്ഞമണ്ണു്…
നിരാഹാരം തുടങ്ങി… തൊട്ടയൽപക്കമെല്ലാം ബന്ധുക്കളാണു്, ആരും അങ്ങോട്ടടുത്തില്ല. പക്ഷേ, ചെമ്പകശ്ശേരീലെയും മൂത്തേടത്തേയും പണിക്കാരും അവരുടെ വീട്ടുകാരും മറ്റു് അയൽപക്കക്കാരുമൊക്കെ സങ്കടത്തോടെ നോക്കിനിന്നു.
അതിനിടെ നാലഞ്ചുപേർ അവിടെ ഒരിടത്തു് നിൽക്കുന്നുണ്ടായിരുന്നു. ചിലർ വന്നു പോയുമിരുന്നു. അവർ കമ്യൂണിസ്റ്റുകാരാണെന്നും നോട്ടീസൊക്കെ ഒട്ടിച്ചതും പന്തലിട്ടതും അവരാണെന്നും വല്യേട്ടൻ പറഞ്ഞു. അവർ കാവൽ നിൽക്കുകയാണത്രെ. കാരണമുണ്ടു്. അമ്മയുടെ അനിയൻ വിദ്യാധരൻ പലതവണയായി പടിക്കൽ വന്നു് ആക്രോശിക്കുന്നു, കയ്യിൽ വെട്ടുകത്തിയും: ‘പന്തലും പൊളിച്ചു് കെട്ടിപ്പെറുക്കി കൊണ്ടുപൊക്കോണം. ഇല്ലേ, നല്ല വാക്കത്തിയൊണ്ടിവിടെ തെണ്ടികളേ. അരിഞ്ഞുതള്ളും, പറഞ്ഞേക്കാം.’
അവിടെ നിൽക്കുന്നവരുമായും പലതവണ വാക്കുതർക്കമുണ്ടായി. രണ്ടാം ദിവസമായപ്പോഴേക്കും ദേവികയ്ക്കു വയറ്റിളക്കമായി; ഒൻപതു വയസ്സേ ആയിട്ടുള്ളൂ അവൾക്കു് ഉപ്പിട്ട വെള്ളം മാത്രമാണു് ആഹാരം, നിരാഹാരസമരമല്ലേ… അച്ഛൻ വന്നതിനുശേഷം മൂന്നാലു ദിവസം അടുപ്പിച്ചു കഞ്ഞികുടിക്കാൻ കിട്ടിയതിന്റെ ഉശിരൊക്കെ രണ്ടാം ദിവസമായപ്പോഴേക്കും തീർന്നിരുന്നു… സാവിത്രിക്കുട്ടിയുടെ അച്ഛൻ പന്തലിനു പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു; ഇടയ്ക്കിടെ പന്തലിൽ കയറി ഇരിക്കും… ഇടയ്ക്കു് വീട്ടിൽ പോയി ഗോപുവിനു് ആഹാരം കൊടുത്തിട്ടു വരും… ആകെ അവശനായിക്കഴിഞ്ഞിരുന്നു.
മൂന്നാം ദിവസമായപ്പോൾ അമ്മയ്ക്കും ദേവികയ്ക്കും എഴുന്നേറ്റിരിക്കാൻ കൂടി വയ്യാണ്ടായി; പക്ഷേ, സാവിത്രിക്കുട്ടി പട്ടിണി സാധകം ചെയ്തു ശീലിച്ചവളാണു്, തളർച്ചയിലും പിടിച്ചുനിന്നു.
ഉച്ചത്തിൽ നാമം ജപിച്ചും എന്തൊക്കെയോ വിളിച്ചുപറഞ്ഞു് തലയ്ക്കടിച്ചും, ആരെയോ രണ്ടു കയ്യും ചേർത്തു് തലയിൽ കൈവച്ചു് ശപിച്ചും തലയ്ക്കു വെളിവില്ലാത്തതുപോലെ നീലാണ്ടപ്പണിക്കർ മുറ്റത്തു തെക്കുവടക്കു നടന്നു… ഇടയ്ക്കിടെ ശങ്കരിപ്പിള്ളയും വിദ്യാധരനും അദ്ദേഹത്തെ അകത്തുപോകാൻ നിർബ്ബന്ധിക്കുന്നുണ്ടായിരുന്നു.
ഉച്ചയായപ്പോൾ മുരളിച്ചേട്ടനും മറ്റു ചിലരും വീടിനകത്തേക്കു പോയി… അവരെന്തൊക്കെയോ പറഞ്ഞുകാണും. ഉടനെ ചാടിയിറങ്ങി പടിക്കലേക്കു ഓടിയെത്തിയ വിദ്യാധരൻ അലറി:
‘നീയൊക്കെ അവടെക്കെടന്നു ചാകെടീ… ചത്താൽ വലിച്ചെടുത്തു കുഴിച്ചിട്ടോളാം… ഇവ്ടെ നല്ലൊന്നാംതരം തൂമ്പയൊണ്ടു്, പറമ്പുണ്ടു്!’ നല്ല അനിയൻ, നല്ല അമ്മാവൻ!
വൈകുന്നേരമായി; പന്തലിനു ചുറ്റും നാട്ടുകാർ! മുരളിച്ചേട്ടനും കൂട്ടരും അകത്തുപോയി. സ്വരം കടുപ്പിച്ചത്രെ… പ്രശ്നം വഷളാകും; മുന്നറിയിപ്പുകൊടുത്തു…
രാത്രിയായപ്പോഴേക്കും ഒത്തുതീർപ്പുണ്ടായി; കരാർ ഉറപ്പിച്ചു.
…ചെമ്പകശ്ശേരിപ്പുരയിടം തിട്ടേൽ ഗംഗാധരക്കുറുപ്പു് ജീവിക്കാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ മേലാംകോടു് നീലാണ്ടപ്പണിക്കർക്കു് ഒറ്റിക്കൊടുത്തു പണം വാങ്ങി കൊളംബിനു പോയി; മറ്റു പലരേയും പോലെ തൊഴിലന്വേഷിച്ചു്. അക്കാലത്തെ നാട്ടുനടപ്പായിരുന്നു ഈ ഒറ്റിപരിപാടി. തീറുവെലയ്ക്കു വാങ്ങാൻ ജന്മിമാർക്കു താല്പര്യമില്ല; അതൊരു കാരണം… പിന്നെ, കരാറനുസരിച്ചു് കാലാവധി തീരുംമുമ്പു് തിരിച്ചുവന്നാലോ മറ്റു കിടപ്പാടമില്ലാതെ വന്നാലോ ഒക്കെ ഒറ്റിക്കാശു് മടക്കിക്കൊടുത്തു് പറമ്പുതിരിച്ചെടുക്കാമെന്ന ഉടമസ്ഥന്റെ മോഹം. പക്ഷേ, ഇത്തരം കേസുകളിൽ ഒട്ടുമുക്കാലും ഉടമസ്ഥന്മാർക്കു് തിരിച്ചെടുക്കാൻ പാങ്ങുണ്ടാവാറില്ല. അതല്ല, പണക്കാരായവരാണെങ്കിൽ അവരൊട്ടു് വരുകയുമില്ല… ഒറ്റിക്കാശിനു് ഭൂമി സ്വന്തം… ഗംഗാധരക്കുറുപ്പിന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണത്രെ നീലാണ്ടപ്പണിക്കർ ഒറ്റിവാങ്ങിയതു്… അക്കാര്യം പാടേ മറന്നു് മാധവപ്പണിക്കരുടെ ഉപദേശം കേട്ടയുടൻ അന്നവിടെ വലിയ വീടും പണിതു. ഭാര്യയുടെ തറവാടിനു് തൊട്ടടുത്തെന്ന ആകർഷണമായിരിക്കണം ആദ്യം ഒറ്റിയെടുക്കാനും പിന്നെ തറവാടാക്കാനും തയ്യാറായതു്…
അതൊരു വലിയ കെണിയായി… പക്ഷേ, ഊരിപ്പോരാൻ ഒരു വിഷമവുമില്ലാതിരുന്നിട്ടും ഗംഗാധരക്കുറുപ്പിനോടു കേസു പറഞ്ഞു. അവസാനം അയാൾക്കനുകൂലമായി വിധിയായി. വിധി വന്നതും അതിന്റെ മറവിൽ മീനാക്ഷിയേയും മക്കളേയും ഇറക്കിവിട്ടു. അന്നുണ്ടാക്കിയ കരാർ, കോടതിവിധി പ്രകാരം കിട്ടുന്ന തുക നീലാണ്ടപ്പണിക്കർക്കും ശങ്കരിപ്പിള്ളയ്ക്കും പതിനൊന്നു മക്കൾക്കും തുല്യമായി വീതിക്കുമെന്നാണു്…
അതുണ്ടായില്ല… മീനാക്ഷിയമ്മയും മക്കളും വാടകവീട്ടിൽ താമസം തുടങ്ങിയിട്ടു് ഒരു വർഷം കഴിഞ്ഞു. മീനാക്ഷിയമ്മയുടെ വിഹിതമായി അവർ പറഞ്ഞ എണ്ണൂറുരൂപയിൽ നിന്നു് നൂറു രൂപയും രണ്ടു പ്രാവശ്യമായി ഓരോ പറനെല്ലും കൊണ്ടുവന്നു കൊടുത്തു. അതും മുരളിയും മാധവപ്പണിക്കരുടെ ഇളയമകൻ ബാലുവും കൂടി നിർബ്ബന്ധമായി വാങ്ങിയെടുത്തു കൊണ്ടുവന്നതാണു്.
അന്നു രൂപ കിട്ടിയ ഉടനെ പശുക്കച്ചവടക്കാരൻ അറയ്ക്കപ്പറമ്പിൽ മത്തായി വഴി ഒരു കറവപ്പശുവിനേം കുട്ടിയേം വാങ്ങി… ‘ഒറപ്പായിട്ടും നാലുനാഴി രാവിലേം മൂന്നുനാഴി വൈകിട്ടും’ കറക്കാമെന്നു ഉറപ്പുതന്നു വാങ്ങിയ പശുവിനു് മൊത്തം ഒരു ദിവസം മൂന്നുനാഴിപോലും കിട്ടിയില്ല. അവസാനം പശുവിനെ വിറ്റു, കയർ പിരിക്കുന്ന റാട്ടു വാങ്ങിച്ചു. അന്നാട്ടിൽ കയറുകച്ചവടക്കാരൻ ഗോവിന്ദനു മാത്രമേയുള്ളൂ അന്നു് റാട്ടു്. അയൽപക്കത്തുള്ളവർ റാട്ടിൽ കയർ പിരിക്കാൻ വന്നു… മീനാക്ഷിയമ്മ കുറച്ചു ചീഞ്ഞതൊണ്ടു വാങ്ങിച്ചു കുളത്തിലിട്ടു… കുറേശ്ശെയെടുത്തു തല്ലി ചകിരിയാക്കി കയറുപിരിച്ചു, അയൽപക്കക്കാർ പോയിക്കഴിയുമ്പോൾ… ചകിരി തീർന്നു, കുളത്തിലെ തൊണ്ടും തീർന്നു… വീട്ടുചെലവും, സ്ക്കൂൾ ഫീസും എല്ലാമായി പൈസ തീർന്നു… അവസാനം റാട്ടു് ഗോവിന്ദനു് കിട്ടിയ വിലക്കുവിറ്റു… പട്ടിണികിടക്കാം, പക്ഷേ, വാടക, സ്ക്കൂൾഫീസ്…
അതാണവസ്ഥ. അതുകൊണ്ടു് പറഞ്ഞുവച്ച തുകയിൽ ബാക്കിയുള്ളതു് ഒന്നിച്ചു കിട്ടണം… വീടുവയ്ക്കണം അതിനു സ്ഥലം വേണം… അർഹമായ വീതം കിട്ടണം… സ്വത്തുമുഴുവൻ കൃഷ്ണൻനായരുടെ പേരിലല്ലേ, പിന്നെന്തു് ‘അർഹമായതു്’ എന്നതിനു പ്രസക്തി?
സമരം തീർക്കാൻ കരാറെഴുതി… കൊടുത്ത നൂറു രൂപയും നെല്ലിന്റെ വിലയും കഴിച്ചു ബാക്കി രണ്ടുമാസത്തിനകം കൊടുക്കും. നെടുമ്പുറത്തു കിടക്കുന്ന രണ്ടു സെന്റു് കണ്ടോം, പാണൻവെളേലെ എൺപതു സെന്റിൽ കിഴക്കേഭാഗത്തെ നാല്പതു സെന്റു പുരേടോം വീതമായിട്ടു് കൊടുക്കും, പക്ഷേ, അമ്മയുടെ സ്വത്തിൽ അവകാശം വേണ്ടെന്നു് എഴുതിക്കൊടുക്കണം, മീനാക്ഷിയമ്മ.
പാണൻവെള വെറും മരുഭൂമിയാണു്; ചൊരിമണലുമാത്രം. പടിഞ്ഞാറു ഭാഗത്തു് നന്നായി കായ്ക്കുന്ന മൂന്നു തേക്കും, ഇലതിരിഞ്ഞു തുടങ്ങിയ ആറേഴു തൈത്തെങ്ങും. മീനാക്ഷിയമ്മയ്ക്കു കിട്ടിയതു കിഴക്കുഭാഗം—ഇല തിരിഞ്ഞു തുടങ്ങിയ രണ്ടു തെങ്ങുംതൈ, ഒരു കശുമാവു് കായ്ക്കാറായതു്, ഒരു കൊച്ചുകുളം… കുളമല്ല ഒരു കുഴി. വർഷക്കാലത്തുമാത്രം കുറച്ചു വെള്ളം കെട്ടിക്കിടക്കും… പക്ഷേ, പടിഞ്ഞാറു ഭാഗത്തോടു ചേർന്നു് അച്യുതൻമാമന്റെ വകയെന്നു പറയുന്ന വലിയ കുളമുണ്ടു്… നെടുമ്പുറത്തെ കണ്ടം വെറും ചോലയാ. പച്ചക്കറിപോലും നടാൻ കൊള്ളില്ല; എന്നേ തരിശിട്ടേക്കുന്നു!
എന്താ ചെയ്യുക? ഒന്നും ചെയ്യാനില്ല. സാവിത്രിക്കുട്ടിയുടെ അച്ഛനു് പിടിച്ചു നില്ക്കാൻ പറ്റാത്തത്ര അവശതയായിക്കഴിഞ്ഞിരിക്കുന്നു. സ്വതവേ അനാരോഗ്യമുള്ള മീനാക്ഷിയമ്മയും കുട്ടികളും പട്ടിണികൊണ്ടു് പൊറുതിമുട്ടിയിരിക്കുന്നു… അതെങ്കിലതു്, കേറിക്കിടന്നു ചാകാനൊരു കുടിലെങ്കിലും…
അങ്ങനെ കരാറായി… രാത്രിയിൽ കമ്യൂണിസ്റ്റുപാർട്ടിക്കാരെന്നു പറഞ്ഞവരും മുരളിയും നാരങ്ങാവെള്ളം കൊണ്ടുവന്നു കൊടുത്തു് സമരം അവസാനിപ്പിച്ചു.
വാടകവീട്ടിൽ, അവരാരോ തയ്യാറാക്കി കൊണ്ടു വച്ചിരുന്ന പച്ചക്കപ്പ ചെണ്ടപുഴുങ്ങിയതും മുളകു ചമ്മന്തിയും മധുരമുള്ള കട്ടൻചായയും കുടിച്ചു്, ജീവിക്കാനുറച്ചു് ആ കുടുംബം കിടന്നു…