സമരം ചെയ്ത ക്ഷീണവുമായി സാവിത്രിക്കുട്ടി വീട്ടിലിരുന്നില്ല, തേഡ്ഫാറത്തിലാണു്. ഇക്കൊല്ലം മുതൽ പബ്ലിക് പരീക്ഷയാണു്. പിന്നെ സ്കോളർഷിപ്പു പരീക്ഷയ്ക്കു തെരഞ്ഞെടുത്തിട്ടുണ്ടു്. എല്ലാ വിഷയത്തിനും സാവിത്രിക്കുട്ടിയാണു് ഫസ്റ്റ്, കണക്കിനു നൂറിൽനൂറുമാർക്കു് ക്രിസ്തുമസു് പരീക്ഷയ്ക്കു് ഒരു ക്ലാസ്സിലും മറ്റാർക്കും നൂറിൽ നൂറുകിട്ടിയിട്ടില്ല; ഹെഡ്മിസ്ട്രസ് നേരിട്ടുവന്നു് അഭിനന്ദിച്ചു.
‘അതുമാത്രം കൊണ്ടു കാര്യമില്ല. മെറിറ്റ് സ്കോളർഷിപ്പു പരീക്ഷയല്ലേ, ഒന്നാമതാകണം. സ്കോളർഷിപ്പ് വാങ്ങിയെടുക്കണം, ഫീസിനു വേറെങ്ങും പോണ്ടല്ലോ.’ അമ്മ പറഞ്ഞു… ശരിക്കു ബുദ്ധിമുട്ടിയേ പറ്റൂ.
…ഒത്തുതീർപ്പിന്റെ ഫലമാകും; സമരം കഴിഞ്ഞു് മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ കുറച്ചു നെല്ലുകൊണ്ടുവന്നു, ഇരുന്നൂറു രൂപയും. മുരളിച്ചേട്ടൻ ഒരു ചുമട്ടുകാരനുമായിപ്പോയി അമ്മൂമ്മയുടെ അടുത്തുന്നു വാങ്ങിക്കൊണ്ടുവന്നതാണു്.
‘തത്കാലം ഒരു ചായ്പ്പെങ്കിലും വച്ചുകെട്ടി മാറാം. വാടക കൊടുക്കുന്നതൊണ്ടെങ്കിൽ കൊച്ചുങ്ങക്കു കഞ്ഞികൊടുക്കാം.’ അമ്മ.
വലിയേട്ടൻ ആശാരിമാരെ കൂട്ടിക്കൊണ്ടുവന്നു; സാധനങ്ങൾ വാങ്ങിച്ചു… പാണൻവെളയിലെ വെളിമ്പറമ്പിൽ ആറുകാലിൽ ഉത്തരം വച്ചു് മേൽക്കൂരയുണ്ടാക്കി തെങ്ങോല മേഞ്ഞ രണ്ടുമുറി വീടായി. മൂന്നുവശം പനമ്പുതട്ടി വച്ചുമറച്ചു; ഏതൊക്കെയാ കമ്പുകൾ കഴയാക്കി വലിയേട്ടൻ പനമ്പുമറ കെട്ടിമുറുക്കി. കിഴക്കുഭാഗത്തു് കട്ളവച്ചു് ഒരു തടിവാതിൽ. രണ്ടാമത്തെ മുറിയുടെ മറയ്ക്കാത്ത വശത്തു് സാവിത്രിക്കുട്ടിയുടെ അമ്മ മേലേടത്തു കാവിൽ വീണുകിടന്ന മരത്തിന്റെ കമ്പുകളും ഓലമടലും വച്ചു് ചാർത്തുകെട്ടി മെടഞ്ഞ ഓലകൊണ്ടു് മറച്ചു് അടുക്കളയുണ്ടാക്കി. ആ മുറിക്കും അടുക്കളക്കും കൂടി പടിഞ്ഞാട്ടു് ഒരു വാതിൽ. അമ്മതന്നെ മടലും ഓലയും കയർപാകി പനമ്പുകഷണം ചേർത്തുകെട്ടി വാതിലുപണിതു. പുറത്തുപോകുമ്പോൾ കയർകൊണ്ടു് വാതിൽ തൂണിൽ ചേർത്തുകെട്ടും. അങ്ങനെ വീടു ബന്തവസ്സാക്കി. സാവിത്രിക്കുട്ടിയും മൂന്നു സഹോദരങ്ങളും അച്ഛനമ്മമാരും താമസം തുടങ്ങി. ജോലിയന്വേഷിച്ചു് ബോംബേക്കെന്നും പറഞ്ഞു് നാടുവിട്ട കൊച്ചേട്ടൻ പിന്നെ മടങ്ങിവന്നിട്ടില്ല.
ദുരിതപർവ്വം അങ്ങനെയങ്ങു തീരുമോ! വീടായി, പക്ഷേ, വീടിനുള്ളിൽ തീ പുകയ്ക്കാൻ.! തൊഴിലന്വേഷിച്ചു് വലിയേട്ടൻ അലയാൻ തുടങ്ങീട്ടു നാളേറെയായി. കോളേജിൽ പഠിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴേ കരിഞ്ഞു; രണ്ടുമാസം തുടർച്ചയായും പിന്നെ ഫീസില്ലാതെ എല്ലാ മാസവും പല ദിവസവും ക്ലാസ്സിൽ ഹാജരാകാഞ്ഞിട്ടും നല്ലമാർക്കു വാങ്ങി ജയിച്ചതാണു്.
…അമ്മയും സാവിത്രിക്കുട്ടിയും ദേവികയും കയർ പിരിക്കാൻ പഠിച്ചു. എന്തുകാര്യം! കയർ പിരിക്കണമെങ്കിൽ ചകിരി വേണം; തൊണ്ടു വാങ്ങി ചീയിച്ചെടുക്കണം, അല്ലെങ്കിൽ ചീഞ്ഞ തൊണ്ടുവാങ്ങണം… എങ്ങനെ? ആറുചുറ്റുള്ള ഒരു മുടി കയർ പിരിച്ചു കടയിൽ കൊണ്ടുപോയാൽ അരയണകിട്ടും, കാശായിട്ടല്ല, അരയണയ്ക്കു സാധനം. കാലണയ്ക്കു തേയിലയും, കാലണയ്ക്കു ശർക്കരത്തുണ്ടും വാങ്ങാം, ചായയായി. ഒരു മുടി കയർ കൂടിയുണ്ടെങ്കിൽ അരയണയ്ക്കു കപ്പലണ്ടിപ്പിണ്ണാക്കും വാങ്ങാം… ശർക്കരത്തുണ്ടു് പൊടിച്ചു് കപ്പലണ്ടിപ്പിണ്ണാക്കു കഷണങ്ങളിൽ പുരട്ടിയാൽ ഒന്നാംതരം കടിയായി—പ്രാതൽ ഉഷാർ!
പക്ഷേ, എങ്ങനെ?
അന്നു് സാവിത്രിക്കുട്ടിയുടെ അച്ഛൻ സ്വന്തം നാട്ടിൽ പോയിരിക്കുകയാണു്. മൂന്നാലു ദിവസമായി കട്ടൻചായയും, പച്ചവെള്ളവും മാത്രം… സന്ധ്യയാകുന്നു, ആ നേരംവരെ പച്ചവെള്ളം മാത്രം. കുട്ടികൾ രണ്ടും തളർന്നു മയങ്ങുന്നു.
‘രാത്രിയിലെങ്കിലും… രണ്ടണയൊണ്ടാര്ന്നേൽ ഒരണയ്ക്കു് ഒണക്കക്കപ്പേം അരയണയ്ക്കു തേങ്ങാപ്പൂളും അരയണയ്ക്കു് ഉള്ളീം മൊളകും ഉപ്പും കൂടി വാങ്ങാം. ചമ്മന്തിയരച്ചു്…’ അമ്മ പറഞ്ഞുതീരും മുൻപു് വലിയേട്ടൻ ദേഷ്യപ്പെട്ടു.
‘അതിനു രണ്ടണ ആരുതരും, കക്കാൻ പോണോ?’
അമ്മ തേങ്ങി: ‘ഈ കുഞ്ഞുങ്ങളെ ഞാനെന്തു ചെയ്യും?’
പെട്ടെന്നു് വലിയേട്ടൻ എഴുന്നേറ്റു. പടിഞ്ഞാറെ പറമ്പിലിറങ്ങി മൂന്നാലുമൂടു കപ്പ പിഴുതു. കിഴങ്ങു വലുതായിട്ടില്ല, എന്നാലും പുഴുങ്ങാറായിട്ടുണ്ടു്…
…പാണൻവെള പറമ്പിന്റെ പടിഞ്ഞാറെ പകുതിയിൽ ശേഖരനമ്മാവൻ കപ്പനട്ടിരിക്കയാണു്. ‘വെറുതെ കെടക്ക്വല്ലേ, ഞാനനുഭവിച്ചാലെന്താ ചേതം!’ എന്നു് പറഞ്ഞു് സ്വന്തമായി കൃഷിചെയ്യുകയാണു്. ചെറുപ്പത്തിൽ ജന്മികുമാരനായി, താന്തോന്നിയായി മറ്റുള്ളവർക്കും കൂടിയുള്ള മുതലടിച്ചു മാറ്റി ആർഭാടമായി എല്ലാവരേയും ഭരിച്ചു് ജീവിക്കുകയായിരുന്നു. അളിയനും സ്വന്തം അമ്മയും കൂടി നടത്തുന്ന ഗൂഢാലോചന മനസ്സിലാക്കിയിട്ടും അതിനെതിരു പറഞ്ഞില്ല; മറ്റു സഹോദരങ്ങളെ ചതിക്കുന്നതിനു കൂട്ടുനിൽക്കാൻ മടിച്ചുമില്ല. പക്ഷേ, എല്ലാം കൈവിട്ടുപോകും മുൻപു് ഒറ്റുകാരനാകാതിരിക്കാൻ ഒന്നരയേക്കർ പറമ്പും മറ്റേന്തോ ഒക്കെയും വാങ്ങിയെടുത്തു വീടുംവച്ചു് മാറിത്താമസിച്ചു. അമ്മയുടേയും അനുജത്തി സുനന്ദയുടേയും അളിയൻ കൃഷ്ണൻനായരുടേയും ആനുകൂല്യങ്ങൾ കിട്ടിയാലോ എന്ന വ്യാമോഹത്തിൽ, കുടിച്ചിട്ടു വന്നു മീനാക്ഷിയേയും ഭർത്താവിനേയും മക്കളേയും ചീത്തവിളി പതിവാക്കി…
ശേഖരനമ്മാവൻ നട്ട കപ്പ പറിച്ചെടുത്തു് അന്നു രാത്രിയിൽ അഞ്ചുപേരും സുഖമായി അത്താഴം കഴിച്ചു—ചെണ്ടക്കപ്പയും മുളകരച്ചതും തിളപ്പിച്ച വെള്ളവും…
രാവിലെ ആറുമണിയായപ്പോൾ പടിഞ്ഞാറെ മുറ്റത്തു് ഒരലർച്ച: ‘എറങ്ങിവാടീ, പൊലയാടി മോളേ… നീയൊണ്ടാക്കിയിട്ട കുട്ടിപ്പണ്ടാരങ്ങളെ തീറ്റാൻ ഞാൻ അദ്ധ്വാനിച്ച മൊതലു വേണം അല്ല്യേ… കള്ളവർഗ്ഗം… എടീ കള്ളപ്പന്നീ, ആരാടീ ഞാൻ നട്ട കപ്പ പറിച്ചതു്… ഇറങ്ങിവാടീ… ഇപ്പ വെട്ടിയരിയും ഞാനെല്ലാത്തിനേം, എറങ്ങിവാടീ…’ കയ്യിൽ പൊക്കിപ്പിടിച്ച വെട്ടുകത്തിയുമായി ശേഖരനമ്മാവൻ.
വലിയേട്ടൻ അടുക്കള മൂലയ്ക്കിരുന്ന കോടാലിയുമായി ചാടിയിറങ്ങി:
‘ഏതവനാടാ, എന്റമ്മേ പിരിയാട്ടു വിളിക്കാൻ വളർന്നവനാരാടാ. വെട്ടെടാ നീ, ചൊണയൊണ്ടേ വെട്ടെടാ!’ മുന്നോട്ടു കുതിച്ച വലിയേട്ടനെ അമ്മയും സാവിത്രിക്കുട്ടിയും പൂണ്ടടക്കം പിടിച്ചു; കലികൊണ്ടു കുതറുന്ന അനന്തിരവൻ വെട്ടാൻ മടിക്കില്ലെന്നു തോന്നിയാകണം, ശേഖരനമ്മാവൻ ഒന്നു പുറകോട്ടു വലിഞ്ഞുനിന്നു; വീണ്ടും തെറി.
‘വേണ്ടാ, വഴക്കിടണ്ടാ’ എന്നു വിളിച്ചുകരയുന്ന സാവിത്രിക്കുട്ടിയേയും അമ്മയേയും കുടഞ്ഞുമാറ്റി മുമ്പോട്ടു കുതിച്ച വലിയേട്ടന്റെ കയ്യിലെ കോടാലിയിൽ കയറിപ്പിടിച്ചു ചീരങ്കണ്ടത്തെ അച്യുതമ്മാവൻ, അയാൾ ശേഖരനമ്മാവന്റെ തുള്ളൽ കേട്ടുവന്നതാണു്… തടഞ്ഞില്ലായിരുന്നെങ്കിൽ വലിയേട്ടൻ വെട്ടിയേനെ. പക്ഷേ, സാവിത്രിക്കുട്ടിക്കു തോന്നി ശേഖരനമ്മാവന്റെ വലതുകാൽ വെട്ടിയെടുക്കണമെന്നു്—ഒറ്റത്തോർത്തുടുത്തു് സ്വന്തം അനുജത്തിയുടെ നേരെ വലതുകാൽ ഉയർത്തി ചവിട്ടാനോങ്ങിയ അയാളെ… അപ്പോഴേക്കും ആളുകൾ ഓടിക്കൂടി—കൊല്ലന്റവിടത്തെ സഹദേവനും കല്യാണിയും കിഴക്കേതിലെ ഗോവിന്ദനും പത്മിനിയും…
എല്ലാരുംകൂടി ശേഖരനമ്മാവന്റെ നേരെ തിരിഞ്ഞു:
‘മീനാക്ഷിത്തമ്പ്രാട്ടീടേം പിള്ളാര്ടേം നേരേ തിരിയാൻ നാണോല്ലേ നിങ്ങക്കു്… ഇയ്യാളെന്തവകാശത്തിലാ കപ്പ നട്ടേ ആ പറമ്പിൽ? അതവർക്കും കൂടി കിട്ടണ്ട മൊതലുതന്നെ… ഇയ്യാളെ തമ്പ്രാൻന്നു വിളിക്കാൻ അറപ്പാകണൂ… പോ, പോയി പാര്യേ ചീത്ത വിളി…’ ഗോവിന്ദനാണു്. അയാളെ ജാതീടെ പേരിൽ ഒരുപാടു ചവിട്ടിത്താത്തീട്ടൊണ്ടു് ശേഖരനമ്മാവൻ; അതിന്റെ കലി തീർക്കുകയാ.
പറഞ്ഞുകേട്ടു് ചുറ്റുപാടുള്ള വീടുകളീന്നു് ആരൊക്കെയോ ഓടിക്കൂടി. മൂക്കത്തു വിരൽ വച്ചു് സഹതാപം കാണിക്കുന്നവരോടു് ദേഷ്യം തോന്നിയ സാവിത്രിക്കുട്ടി അകത്തുകയറി…
ഒരുപാടൊരുപാടു നിമിഷങ്ങളും മണിക്കൂറുകളുമായി കാലം മുടന്തി നീങ്ങുന്നുണ്ടായിരുന്നു…
…അമ്മ വെളുപ്പിനെ നാലുമണിക്കു സാവിത്രിക്കുട്ടിയെ വിളിച്ചുണർത്തി, എങ്ങനെയൊക്കെയോ ഒപ്പിച്ച കാപ്പിപ്പൊടീം പഞ്ചാരേം കട്ടൻകാപ്പിയിട്ടു കൊടുത്തു് കാക്കവിളക്കിനു മുൻപിൽ പഠിക്കാനിരുത്തും. സ്കോളർഷിപ്പ് വാങ്ങണം, എന്നും ഒന്നാമതാകണം. സാവിത്രിക്കു കൂട്ടായി അമ്മയും ഉണർന്നിരുന്നു് ആ വെളുപ്പാൻ കാലത്തു് കയർ പിരിക്കും. ചിലപ്പോളൊക്കെ ദേവികയും കട്ടൻകാപ്പിയും കുടിച്ചു് ഉറക്കം തൂങ്ങി കയർപിരിക്കും… കയർ പിരിച്ചു് പിരിച്ചു് ഉള്ളംകൈ പൊട്ടി ചോര പൊടിയും, ദേവികയുടെ. അവളു കൊച്ചല്ലേ… സാവിത്രിക്കുട്ടി തേങ്ങലൊളിപ്പിച്ചു് കയർ പിരിക്കാൻ കൂടും. പക്ഷേ, അമ്മ തടയും; ദേവികയുടെ കയ്യിൽ എണ്ണ പുരട്ടിക്കൊടുത്തു് അമ്മ മാത്രം കയർപിരിക്കും… അപ്പോഴൊക്കെ സാവിത്രിക്കുട്ടി ചിന്തിച്ചു… പഠിത്തം കഴിഞ്ഞു ജോലികിട്ടാൻ എത്രയോ കാലം കഴിയണം… വേണ്ട, പഠിച്ചിട്ടെന്തിനാ… അന്യനാടുകളിൽ ചെറിയ കുട്ടികളെ വീട്ടുജോലിക്കു നിർത്തും, പോകണം… വിശന്നുകരയുന്ന അനുജത്തിയേയും അനുജനേയും കാണാൻ വയ്യ…
ഒരു ദിവസം അമ്മയോടു പറഞ്ഞു; അമ്മ കൈകൊണ്ടു് അഞ്ചാറടി തലങ്ങും വിലങ്ങും… പിന്നെ കരഞ്ഞു… കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്തോ ആലോചിച്ചുറച്ചപോലെ പറഞ്ഞു:
‘അന്യനാട്ടിലെങ്ങും വേണ്ടാ… ഗോമതിച്ചേച്ചീടെ വീട്ടിൽ സഹായത്തിനു് ആളു വേണമെന്നു പറയുന്നതു കേട്ടു. ചേച്ചീം മക്കളും ഒരു പ്ലാവില കുനിഞ്ഞെടുക്കുകേലാ… ദേവികേ വിടാം… നിന്റെ പടിപ്പുകഴിഞ്ഞാ ജോലി കിട്ടും, ഒറപ്പാ. അപ്പോ അവളെ കൊണ്ടന്നു പടിക്കാൻ വിടാം…’
സാവിത്രിക്കുട്ടി പൊട്ടിപ്പൊട്ടിക്കരഞ്ഞു; ‘വേണ്ടാമ്മേ, വേണ്ടാ, ദേവിയെ എങ്ങും വിടണ്ടാ… സ്വന്തം ചേച്ചീടെ വീട്ടിൽ അവളെ… വേണ്ടമ്മേ. എങ്ങനേലും ജീവിക്കാം. ഇല്ലേ, പട്ടിണികിടന്നു ചത്തോട്ടെ. എന്നാലും…’ ഏങ്ങലടിച്ചു കരയുന്ന ചേച്ചിയെ നിർവികാരയായി നോക്കിയിരുന്നു ദേവിക; അവൾക്കൊന്നും മനസ്സിലാകാത്തതുപോലെ.
സാവിത്രിക്കുട്ടി ഫോർത്തു ഫോറത്തിലായി. രണ്ടുമൂന്നു നോട്ടുബുക്കും മലയാളം, കണക്കു്, ഇംഗ്ലീഷ് പുസ്തകങ്ങളും വാങ്ങി, പഴയ പുസ്തകങ്ങൾ കിട്ടി…
ഒരു ദിവസം അറിയിപ്പു വന്നു സ്ക്കൂളിൽ—ആ സ്ക്കൂളിൽ നിന്നും മെറിറ്റ് സ്കോളർഷിപ്പിനു് സാവിത്രിക്കുട്ടി അർഹയായിരിക്കുന്നു. കരയണോ ചിരിക്കണോന്നറിയാതെ സാവിത്രിക്കുട്ടിയുടെ അമ്മ. പിറ്റേന്നു് സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരുടേയും മുൻപിൽ ഉയർന്ന വരാന്തയിൽ സാവിത്രിക്കുട്ടിയെ നിർത്തി ഹെഡ്മിസ്ട്രസ് അനൗൺസുചെയ്തു; ‘ഈ ജില്ലയിൽ ഇത്തവണ വേറൊരു സ്ക്കൂളിനും കിട്ടിയിട്ടില്ല. ഈ വിജയം കൊണ്ടുവന്ന സാവിത്രിക്കുട്ടിക്കു് സ്ക്കൂളിന്റെ വക ഒരു ഫൗണ്ടൻ പേന സമ്മാനം!’ ഫൗണ്ടൻ പേന! സാവിത്രിക്കുട്ടി ഒരു നിമിഷം കോരിത്തരിച്ചുനിന്നുപോയി… ഇതിലും വലിയൊരു സമ്മാനം കിട്ടാനില്ല!
ആദ്യമായി ഫൗണ്ടൻ പേനയ്ക്കു മോഹിച്ചതു് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു്; വെറും പേനയല്ല അച്ഛന്റെ പോക്കറ്റിൽ എപ്പോഴും കുത്തിവച്ചിരിക്കുന്ന ഭംഗിയുള്ള ബ്ളാക്ബേർഡ് പേന. ഇൻസ്പെക്ഷനു വന്ന ഒരു സായിപ്പു് അച്ഛനു സമ്മാനിച്ചതാണു്…
സ്വന്തമായി ചെറുകഥയെഴുതിയ ആത്മവിശ്വാസത്തിൽ അച്ഛനോടു ചോദിച്ചു സാവിത്രിക്കുട്ടി. വലുതാകട്ടെ, തരാമെന്നു് അച്ഛൻ പറഞ്ഞു. പക്ഷേ, പേന മോഷണം പോയി; അച്ഛൻ ആഫീസിൽ ബോധം കെട്ടുവീണപ്പോഴാകണം, എപ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേനയും ചങ്ങലയുള്ള വാച്ചും നഷ്ടപ്പെട്ടതു്.
പിന്നീടു് ഫൗണ്ടൻപേനയ്ക്കു മോഹിച്ചതു് സ്കോളർഷിപ്പു പരീക്ഷയെഴുതാനാണു്. വലിയ ഹൈസ്ക്കൂളിലെ വലിയ ഹാളിൽ സ്ക്കൂൾഫൈനൽ പരീക്ഷയെഴുതുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഇടയിലിരുന്നാണു് പരീക്ഷയെഴുതേണ്ടതു്… അതിനിടയിൽ മഷിക്കുപ്പിയും സ്റ്റീൽ പേനയും… അതുകേട്ടപ്പോൾ അമ്മ പറഞ്ഞു.
‘ചന്ദ്രൻകുട്ടിയോടു് ചോദിക്കു് നീയല്ലേ പറഞ്ഞതു് അവനു് മൂന്നു ഫൗണ്ടൻപേനയുണ്ടെന്നു്. രണ്ടു ദെവസത്തേക്കല്ലേ; നീയൊന്നു ചോദിച്ചുനോക്ക്: ഒടനെ തിരിച്ചുകൊടുക്കാം.’
.അവൻ തന്നില്ല. ‘എന്റെ ചിറ്റപ്പൻ വാങ്ങിച്ചുതന്നതാ. വേറെയാർക്കും എഴുതാൻ കൊടുക്കില്ല. കൈമാറിയെഴുതിയാൽ പേന കേടാകും.’
കൂനൽകുന്നിലെ ചിറ്റമ്മയുടെ മകനാണു് അവൻ. അമ്മൂമ്മയുടെ അനുജത്തിയുടെ മകളുടെ മകൻ. ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം പഠിച്ചുകഴിയുമ്പോൾ എങ്ങനെയോ അടുത്ത ക്ലാസ്സിലാകും. മനസ്സു് ശപിച്ചു; പെട്ടെന്നു തിരുത്തി സാവിത്രിക്കുട്ടി—‘വേണ്ട, വേണ്ട. ആരേം ശപിക്കരുതു്. എല്ലാർക്കും നല്ലതു വരട്ടേന്നും നല്ലതു തോന്നണേന്നും പ്രാർത്ഥിച്ചാൽ മതി;’ അച്ഛൻ പറഞ്ഞിട്ടുണ്ടു്.
മഷിക്കട്ട പൊടിച്ചു് കുപ്പിയിൽ കലക്കി സ്റ്റീൽ പേന മുക്കി സാവിത്രിക്കുട്ടി പരീക്ഷയെഴുതി… എല്ലാ ചോദ്യത്തിനും ഉത്തരം മനസ്സിലുദിച്ചു.
…പക്ഷേ, സമ്മാനം കിട്ടിയ പേന അധികനാൾ സാവിത്രിക്കുട്ടിക്കൊപ്പം നിന്നില്ല. കുട്ടിമാളു വല്യമ്മൂമ്മയുടെ കൊച്ചുമകൾ രഞ്ജിനി അതിന്റെ നിബ്ബ് ഒടിച്ചു കളഞ്ഞു; എന്നും എല്ലാത്തിനും ഒന്നാമതാകുന്ന സാവിത്രിക്കുട്ടിയോടു് കൊച്ചുത്രേസ്യേക്കാളും ദേഷ്യം രഞ്ജിനിക്കാണു്. ഹെഡ്മിസ്ട്രസ് രഞ്ജിനിയെ വഴക്കുപറഞ്ഞു, നിബ്ബുവാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു പേന കയ്യിൽ കൊടുത്തു.
ഒരാഴ്ച കഴിഞ്ഞപ്പോൾ നിബ്ബിന്റെ വിലയായ പതിനാലരച്ചക്രവും പേനയും കൊണ്ടുവന്നു രഞ്ജിനി. ‘ആ പേനേടെ നിബ്ബിനു് ഇറിഡിയം ഒള്ളതാ. ഇവടെ കിട്ടുകേലാ. ബോംബേലോ മദ്രാസിലോ പോണംന്നു് അച്ഛൻ പറഞ്ഞു.’
ഇറിഡിയം ഉള്ള നിബ്ബ് കിട്ടിയതേയില്ല!