സ്കോളർഷിപ്പ് തുക പാസ്സായി വരാൻ കുറച്ചുനാളാകും, ഹെഡ്മിസ്ട്രസ് ആഫീസ് റൂമിൽ വിളിപ്പിച്ചാണു് പറഞ്ഞതു്. ‘എങ്ങനെയെങ്കിലും ഫീസ് സമയത്തിനു് അടയ്ക്കണം, കഴിഞ്ഞ വർഷത്തേപ്പോലെ ക്ലാസ്സുകളയാതെ നോക്കണം. താൻ വലിയ വീട്ടിലെ കുട്ടിയല്ലേ. പിന്നെന്താണിങ്ങനെ?’
സാവിത്രിക്കുട്ടിക്കു് ഒന്നും പറയാനില്ല. ഫോർത്തു ഫോറത്തിലും ചരിത്രം ആവർത്തിക്കും; ആവർത്തിച്ചു… ഓണപ്പരീക്ഷയടുത്തു. കഴിഞ്ഞ മാസത്തെ ഫീസ് കൊടുത്തിട്ടില്ല. ഫൈനോടുകൂടിയുള്ള അവധി കഴിഞ്ഞു. രണ്ടുദിവസമായി സ്ക്കൂളിൽ പോയിട്ടു്… അമ്മ നിർബ്ബന്ധിച്ചു അച്യുതൻ അമ്മാവനോടു് ചോദിക്കാൻ… ‘ആറേകാൽ രൂപ… അടുത്ത മാസം അതുവരെയുള്ള സ്കോളർഷിപ്പു തുക ഒന്നിച്ചുകിട്ടും, കിട്ടിയാലുടനെ തിരിച്ചു തരാം’, മനസ്സില്ലാമനസ്സോടെയെങ്കിലും അച്യുതനമ്മാവനോടു് സാവിത്രിക്കുട്ടി ചോദിച്ചു.
അച്യുതനമ്മാവൻ സങ്കടം അഭിനയിച്ചു; ‘ഒരു കാശും കയ്യിലില്ലാതെ പോയല്ലോ, കൊപ്ര വിറ്റകാശൊന്നും കയ്യിൽ കിട്ടിയില്ലല്ലോ’ എന്നൊക്കെ നിരാശപ്പെട്ടു കാണിച്ചു… പൂത്തകാശു് അയാളുടെ പെട്ടിയിൽ വച്ചു പൂട്ടിയിട്ടുണ്ടു്; സാവിത്രിക്കുട്ടിക്കറിയാം. ഇതിനു മുൻപു് ഒരു തവണ ഫീസിനുള്ള കാശു് കടം വാങ്ങിയിട്ടുണ്ടു്; കൃത്യമായി തിരിച്ചുകൊടുക്കുകയും ചെയ്തു… സ്വന്തം അമ്മാവന്മാർ ചൂതുകളിയും കുതിരപ്പന്തയവുമായി നടക്കുന്നു, വെട്ടിക്കൊല്ലാൻ നടക്കുന്നു, ചത്താൽ കുഴിച്ചിടാൻ തയ്യാറായി നിൽക്കുന്നു… പിന്നെ ബന്ധത്തിലുള്ള അമ്മാവനെന്തു് ഉത്തരവാദിത്വം! മറുവശത്തു് തറവാടിനോടുള്ള കടംവീട്ടാൻ കുടുംബസ്വത്തിലെ സ്വന്തം അവകാശം പോലും പെങ്ങൾക്ക് വിട്ടു നൽകിയ തന്റെ അച്ചൻ… എന്താണിങ്ങനെ? ഇതെന്തുബന്ധങ്ങൾ! സാവിത്രിക്കുട്ടിക്കു് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു…
അമ്മ പറഞ്ഞു. ‘ഇനിയും ക്ലാസ്സു പോയാൽ? നീ വല്യമ്മാവനൊന്നു് എഴുതി നോക്കു് അവർക്കിപ്പം വലിയ ബുദ്ധിമുട്ടു കാണില്ലായിരിക്കും.’ സാവിത്രിക്കുട്ടി ഒരു പോസ്റ്റുകാർഡിൽ കഥയെല്ലാമെഴുതി. ഒരു മാസത്തെ ഫീസുമാത്രം മതി… അപ്പോഴേക്കും സ്കോളർഷിപ്പു കിട്ടുമെന്നു പ്രത്യേകം എഴുതി. പക്ഷേ, അമ്മാവന്റെ മേൽവിലാസമില്ലായിരുന്നു. ദിവാകരേട്ടൻ വലിയ ഒരു കമ്പനിയിലാണു് ജോലി ചെയ്യുന്നതു്. കമ്പനിയുടെ പേരറിയാം. ദിവാകരേട്ടന്റെ മേൽവിലാസത്തിൽ കാർഡിട്ടു.
പത്തുരൂപ മണിയോർഡർ വന്നു…
പക്ഷേ, സാവിത്രിക്കുട്ടി പോസ്റ്റു കാർഡിലെഴുതി അയച്ച ആ കത്തു് അവളുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരദ്ധ്യായം കൂടി എഴുതിച്ചേർത്തു…
അക്കൊല്ലം കൊല്ലപ്പരീക്ഷ കഴിഞ്ഞു് സ്ക്കൂളടച്ചു് ഒരുമാസം കഴിഞ്ഞൊരു ദിവസം…
വല്യമ്മാവന്റെ മകൻ ശശിയേട്ടൻ സാവിത്രിക്കുട്ടിയുടെ വീട്ടിൽ വന്നു. പൂവത്തുംപറമ്പിൽ പോയി അമ്മൂമ്മയേയും അപ്പൂപ്പനേയും കണ്ടിട്ടാണു് വന്നതു്. അപ്പൂപ്പനു് തീരെ സുഖമില്ലാന്നറിഞ്ഞു് വല്യമ്മാവൻ വിവരമറിയാൻ വിട്ടതാണു്. അതിനൊപ്പം ഒന്നുകൂടിപ്പറഞ്ഞു ശശിയേട്ടൻ:
‘ദിവാകരേട്ടൻ പറഞ്ഞു സാവിത്രിക്കുട്ടിയേക്കൂടി കൊണ്ടുചെല്ലാൻ, അവളിനി അവടെ പഠിക്കട്ടെ… നാളെ രാവിലെ പോകണം; ഞാൻ വരാം.’ അമ്മയ്ക്കു സമാധാനമായി, ഒന്നല്ല രണ്ടു സമാധാനം—‘ഈ അടച്ചൊറപ്പില്ലാത്ത വീട്ടിൽ പത്തുപതിമൂന്നു വയസ്സായ പെണ്ണിനേം കൊണ്ടു്… പിന്നൊന്നു് ഒരാളുടെ ആവശ്യങ്ങൾ കുറഞ്ഞു കിട്ടിയാൽ അത്രേമായില്ലേ മോളേ’ എന്നും.
അച്ഛനു് അസുഖം കൂടിയതുകൊണ്ടു് രണ്ടുമാസമായി അച്ഛന്റെ നാട്ടിലാണു്; ഗോവിന്ദക്കൈമളുടെ ചികിത്സ, അദ്ദേഹത്തിന്റെ ഔട്ടു് ഹൗസിലാണു് താമസം…
പിറ്റേന്നു രാവിലെ പോകാനൊരുങ്ങുമ്പോൾ അമ്മ ഒന്നുകൂടി പറഞ്ഞു: ‘അവടെ നെനക്കു സുഖമായിരിക്കും, ഒരാളെങ്കിലും സുഖമായിരിക്കട്ടെ.’
ചങ്കുപറിയുന്ന വേദന കടിച്ചമർത്തി സാവിത്രിക്കുട്ടി ഇറങ്ങി, മറ്റൊരു കനൽ നടത്തത്തിലേക്കു്…
…ശശിച്ചേട്ടനു പിറകേ ചെറിയൊരു ജാള ്യതയോടെ വരാന്തയിലേക്കു കാലെടുത്തു വച്ചപ്പോളാണു് ഒരു പ്രായമായ സ്ത്രീ അകത്തുനിന്നും ഇറങ്ങിവന്നതു്:
‘അല്ല ഇതാരായീ വന്നേക്കണേ… ഗോമതീടെ മോളല്ലേ. കല്യാണം കൂടാൻ നേരത്തേ തന്നെ പോര്വേ? കൊള്ളാം, കൊള്ളാം; സഹായിക്കാനൊരാളും കൂടിയായി. ബാ, കേറിപ്പോരേ.’ അമ്മായി അതുപറഞ്ഞു് കൈപിടിച്ചു് ആകെയൊരവലോകനം നടത്തി.
‘അല്ലാ സരസ്വതീ, ഇതാരാന്നാ പറഞ്ഞേ? ഗോമതീടെ മോളു് വലിയ പെണ്ണല്ലേ, ഇന്നാളു നീ കണ്ടതല്ലേ അവളെ, എന്താത്ര ഒർമ്മക്കൊറവു്! ഇതു് സാവിത്രിക്കുട്ടി, നമ്മടെ മീനാക്ഷീടെ മോള്; ഇനി നമ്മടെ മോളു്… ദിവാകരൻ പറഞ്ഞു അവളിനി ഇവ്ടെ പഠിക്കട്ടേന്നു്… എന്നാ നീ പോരുമ്പം അവളേക്കൂടി കൂട്ടിക്കോന്നു് ശശിയോടു ഞാനാ പറഞ്ഞേ.’ വല്യമ്മാവന്റെ സ്വരത്തിൽ ഒരു ക്ഷമാപണത്തിന്റെ ഛായയുണ്ടെന്നു സാവിത്രിക്കുട്ടിക്കു തോന്നി.
‘ഇവടങ്ങനെ നിന്നുകളഞ്ഞതെന്താ, അകത്തോട്ടു കേറിവാ’ എന്നു വിളിച്ചു അകത്തേക്കു നടന്ന വലിയമ്മായിക്കൊപ്പം വാതിൽപ്പടി കടന്നു് തളത്തിലിറങ്ങി. തലയുയർത്താൻ പേടിയായി. ആരേയും കണ്ടതായി ഓർമ്മപോലുമില്ല. തലകുനിച്ചുതന്നെ വല്യമ്മായിക്കു പുറകേ ഒരുവാതിൽകൂടി കടന്നു് വളവും തിരിവുമായി കുറച്ചുദൂരം നടന്നാണു് അടുക്കളയിലെത്തിയതു്.
നിലത്തു പലകയിട്ടു് ഊണുകഴിക്കാനിരിക്കുമ്പോൾ വലിയമ്മായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഊണു വിളമ്പിത്തന്ന ചേച്ചിയുടെ പേരു് രാധാമണിയെന്നാണെന്നു് വല്യമ്മായി പറഞ്ഞിരുന്നു. ഊണു കഴിഞ്ഞു് പാത്രം കഴുകി വച്ചു് ഊണുമുറിയുടെ മുൻപിലെ വരാന്തയിലെത്തിയപ്പോഴാണു് മറ്റു രണ്ടുപേർ അങ്ങോട്ടുവന്നതു്… രാധാമണിച്ചേച്ചി അവരിൽ പ്രായം കൂടിയ ആളെ ചൂണ്ടിക്കാട്ടി പറഞ്ഞു: ‘ഇതാണു് നളിനിച്ചേച്ചി; ചേച്ചീടെ കല്യാണം ക്ഷണിക്കാൻ കൂടിയാ ശശിയേട്ടൻ വന്നതു്. ദാ, അതാണു് പത്മ; അമ്മേടെ പുന്നാരമോളു്.’
‘നെനക്കാരേം ഓർമ്മേണ്ടാവില്ല, അല്ലേ സാവിത്രീ?’ വലിയമ്മായി ചോദിച്ചു.
‘ആവശ്യമില്ലാത്തതൊക്കെ ഓർത്തുവയ്ക്കാണ്ടിരിക്കുന്നതു തന്നെ നല്ലതു്.’ സാവിത്രിക്കുട്ടിയെ അടിമുടി നിരീക്ഷിച്ചു് പത്മേച്ചി പറഞ്ഞു. അവരുടെ മുഖത്തു് ആ പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്ന ഒരു ചെറുചിരിപോലും ഉണ്ടായിരുന്നില്ല.
‘അപ്പോ നീയാ, സാവിത്രിക്കുട്ടി… ഇവളെ ഞാൻ കുഞ്ഞിലേ കണ്ടിട്ടൊണ്ടു്… എന്താടീ പടിക്കാൻ കൊള്ളുകേലാഞ്ഞിട്ടോ അതോ വല്ല കുരുത്തക്കേട്ടും കാണിച്ചിട്ടോ നാടുകടത്തീതു്?’ ഒരു പുച്ഛച്ചിരിയോടെ നളിനിച്ചേച്ചി.
സാവിത്രിക്കുട്ടിയുടെ മനസ്സിലൊരു തേങ്ങലുയർന്നമർന്നു.
‘അയ്യടാ… മൂന്നാം ക്ലാസ്സീ മൂന്നുതവണ തോറ്റു അവസാനം സുല്ലിട്ടു പോന്ന ആളാ നാന്നി… എന്നിട്ടൊരു ചോദ്യം കേട്ടില്ലേ. അതേ, സാവിത്രിക്കു മാർക്ക് നൂറിൽ നൂറാ. മെറിറ്റ് സ്കോളർഷിപ്പുമുണ്ടു്; എന്നുവച്ചാൽ മത്സരപ്പരീക്ഷയെഴുതി പാസ്സായപ്പം സർക്കാരു് മാസാമാസം കൊടുക്കുന്ന കാശ്. മൂന്നുകൊല്ലോം കിട്ടും.’ അപ്പോഴങ്ങോട്ടു വന്ന ശശിച്ചേട്ടനാണതു പറഞ്ഞതു്.
ഉടനെ വാതിൽപ്പടിയിൽ രൗദ്രഭാവത്തിൽ തന്നെ നിന്നിരുന്ന പത്മേച്ചി കേറിപ്പറഞ്ഞു: ‘പിന്നേ… ഒരു വല്യേ കാര്യം! ഒരു പണീമില്ലാതെ കുത്തിരുന്നു പുസ്തകം കരണ്ടാൽ ആർക്കാ പറ്റാത്തെ. ഈ പറയുന്ന ചേട്ടൻ ഡിഗ്രിക്കാരനാകാൻ പോയിട്ടെന്തായി? അവടെക്കെടന്നു വഴക്കൊണ്ടാക്കിയപ്പം പറഞ്ഞുവിട്ടു. അതോടെ ദിവാകരേട്ടൻ എന്റെ കോളേജിപ്പോക്കും നിർത്തിച്ചു; എന്നേം തൊലച്ചു. എന്നിട്ടിപ്പോരു വല്യേകാര്യം!’
പത്മേച്ചി ചവിട്ടിത്തെറിപ്പിച്ചു് അകത്തേക്കു പോയി.
‘ഇനീം അതുതന്നെ പറഞ്ഞാലൊണ്ടല്ലോ… എല്ലാർക്കും അറിയാലോ ഞാനല്ലാ വഴക്കൊണ്ടാക്ക്യേന്നു്. ദിവാകരേട്ടൻ ഒരു കാരണം കാത്തിരുന്നൂന്നു മാത്രം.’ ശശിയേട്ടനു ദേഷ്യം വന്നു.
‘ഒന്നു നിർത്തൂ ശശീ… അച്ഛനോ ചേട്ടനോ കേട്ടോണ്ടു വന്നാൽ തീർന്നു.’ നളിനിച്ചേച്ചി.
‘അവടെ സങ്കടം കൊണ്ടല്ലേ പറയണേ… ദിവാകരനാണേൽ എല്ലാ ഭാരോംകൂടെ… നെന്റെ അച്ചനാണേ കല്ലിനു കാറ്റുപിടിച്ചപോലാ… നീയാണേ പാർട്ടീം ജാഥേം…’ വല്യമ്മായി പറഞ്ഞതു മുഴുവൻ കേൾക്കാൻ നിക്കാതെ ശശിയേട്ടൻ മിറ്റത്തിറങ്ങിപ്പോയി.
സാവിത്രിക്കുട്ടി പതുക്കെ മുറ്റത്തിറങ്ങി. വളരെ വലിയ ഇടമുറ്റം. വടക്കേ സൈഡിൽ മതിലും പടിപ്പുരയും. അടുക്കളയോടു ചേർന്ന തൊഴുത്തുവരെയുണ്ടു് മതിൽ. തൊഴുത്തിൽ ഒരു സുന്ദരി തന്നെത്തന്നെ നോക്കിനിൽക്കുന്നു. ഒരു കൊച്ചുകറമ്പിപ്പശു, നെറ്റിയിൽ ഒരു വലിയ വെള്ളപ്പൊട്ടു്. അവൾക്കു ചുറ്റും കുത്തിമറിയുന്ന ഒരു കുസൃതിക്കിടാവു്… ഒരു നിമിഷം സാവിത്രിയുടെ മനസ്സു് തുള്ളിത്തുളുമ്പി… പെട്ടെന്നു തന്നെ മനസ്സിനെ അടക്കി… താനിവിടെ വെറുമൊരു ആശ്രിതയാണു്; നിമിഷങ്ങൾക്കു മുൻപു് വല്യമ്മായി തന്നെ കടുത്ത ശബ്ദത്തിലുള്ള മുന്നറിയിപ്പു്: ‘മൂന്നാലു് ആണുങ്ങളൊള്ള വീടാ. അടക്കോമൊതുക്കോമായിട്ടു നിന്നോണം. കൊച്ചാണെന്നും പറഞ്ഞു് എല്ലാര്ടേം മുമ്പീ കൊഞ്ചാൻ ചെല്ലണ്ട. എന്തേലും വേണേൽ എന്നോടു പറഞ്ഞാമതി.’
രാധാമണിച്ചേച്ചി ചോറുവിളമ്പിത്തന്നപ്പോൾ സ്നേഹത്തോടെ ചിരിച്ചു. പിന്നേം പിന്നേം വിളമ്പാൻ നോക്കി. വേണ്ടാന്നു പറഞ്ഞപ്പോൾ ‘കൊറച്ചുകൂടി കഴിക്കൂ, ഇത്തിരിച്ചോറെ ഞാനാദ്യം വെളമ്പിയൊള്ളൂ’ എന്നു നിർബന്ധിച്ചു. വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു…
സാവിത്രിക്കുട്ടി ഓരോന്നാലോചിച്ചു് ഇടമുറ്റത്തിന്റെ പടിപ്പുര കടന്നു. അവിടെയും മുറ്റമുണ്ടു്; ആ മുറ്റത്തിനും പടിപ്പുര വാതിൽ… തുറന്നു കിടന്ന ആ വാതിലിനപ്പുറം ഒരുപാടു് പച്ചപ്പു നിറഞ്ഞ പറമ്പു്…
സാവിത്രിക്കുട്ടിക്കു പുറകേ വന്ന രാധാമണിച്ചേച്ചി പറഞ്ഞു: ‘ദാ ഈ പടിപ്പുര കടന്നു് അങ്ങേയറ്റം വരെപ്പോണം, അവടാ കക്കൂസു്, ആ മതിലിനടുത്തു്… അങ്ങോട്ടൊള്ള വഴീടെ എടത്തേയ്ക്കൊന്നും കേറിപ്പോണ്ട, അഞ്ചാറു കഴവച്ചു് വേലി കെട്ടിയേക്കണ കണ്ടില്ലേ… അതിനാത്തു് മാടനാ… ആ കല്ലു് കണ്ടില്ലേ… അവടെ മാടനാ. നമ്മളെയൊന്നും ചെയ്യില്ല. പശൂനേം കാവിനേം അവടെ കെട്ടാൻ പറ്റുകേല. മാടനടിച്ചു കൊല്ലും… ബാ അകത്തേക്കു പോരേ… പടിഞ്ഞാപ്രത്തു് കുളിമുറിയൊണ്ടു്. നെനക്കു് മൂത്രോഴിക്കണേ അവടെപ്പൊക്കോ.’
അങ്ങനെ സാവിത്രിക്കുട്ടിയുടെ പുതുജീവിതം തുടങ്ങി.