അവിടെച്ചെന്നു് ദിവസങ്ങൾക്കുള്ളിൽ സാവിത്രിക്കുട്ടിയുടെ മനസ്സിൽ അമ്പരപ്പിന്റെ, തിരിച്ചറിയാൻ വയ്യാത്ത വേദനകളുടെ, ഒറ്റപ്പെടലിന്റെ മാറാല പടർന്നു… ആ വീട്ടിൽ ഓരോരുത്തരും ഓരോ വ്യത്യസ്ത ലോകങ്ങളിലാണു് ജീവിക്കുന്നതെന്ന സത്യം ഒറ്റപ്പെടലിനു് ആക്കം കൂടി.
ദിവാകരേട്ടനു് എല്ലാം വലിയ ചിട്ടയാണു്—വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ആഹാരരീതിയിലും എല്ലാം തനതായ ശാഠ്യങ്ങളുണ്ടു്. ഷേവു ചെയ്തു മിനുങ്ങുന്ന സുന്ദരമായ മുഖം; പക്ഷേ, ആ മുഖത്തു് ചിരി പ്രത്യക്ഷപ്പെടുന്നതു് തീരെ അപൂർവം… വീടിന്റെ ഉത്തരവാദിത്വം മുഴുവനും ദീവാകരേട്ടന്റെ ചുമലിലാണു്; ആ ഭാരത്തിന്റെ ഗൗരവം മുഖത്തു് എപ്പോഴുമുണ്ടു്…
വല്യമ്മാവനു് നിസ്സാരപെൻഷൻ മാത്രമേ ഉള്ളൂ. ഖദർ മാത്രമേ ധരിക്കൂ എന്നല്ലാതെ മറ്റു വാശികളോ നിർബ്ബന്ധങ്ങളോ സാവിത്രിക്കുട്ടി കണ്ടിട്ടില്ല. എല്ലാം വൃത്തിയും വെടിപ്പുമായിരിക്കണം, ശബ്ദമുയർത്തി സംസാരിക്കുന്നതും വഴക്കിടുന്നതും ഇഷ്ടമല്ലാന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായിട്ടുണ്ടു്. എന്തു് വിഷമമുണ്ടെങ്കിലും സ്വയം സഹിച്ചിരിക്കാറാണു് പതിവു് എന്നു തോന്നിയിട്ടുണ്ടു്. ‘അച്ഛൻ ഭയങ്കര നിരാശനാ. മക്കൾക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന കുറ്റബോധം… പാവം; തന്നിലേക്കു തന്നെ ഒതുങ്ങുകാ അച്ഛൻ.’ ഒരു ദിവസം രാധാമണിച്ചേച്ചി പറഞ്ഞു.
അതു ശരിയാണെന്നു തോന്നി സാവിത്രിക്കുട്ടിക്കു് എപ്പോഴും നിശ്ശബ്ദനായി. ഒറ്റപ്പെട്ടവനെപ്പോലെ ചാരുകസേരയിൽ കിടക്കും; അല്ലെങ്കിൽ വായന… വല്യമ്മാവൻ വായിക്കാത്ത പുസ്തകങ്ങളുണ്ടാവില്ല. അതിലായിരിക്കും സമാധാനം കണ്ടെത്തുക!
വല്യമ്മായിക്കു് സ്നേഹവർത്തമാനം ഒന്നും പറയാനില്ലെന്നു തോന്നിയിട്ടുണ്ടു്. എപ്പോഴും, എന്തിലും ഏതെങ്കിലും കുറ്റം കണ്ടുപിടിക്കും; എന്തെങ്കിലും പരാതി പറയും. ഇളയമകളായ പത്മച്ചേച്ചിയോടൊഴിച്ചു് ആരോടും വാത്സല്യം കാണിക്കാറില്ല, പ്രകടമായ അതൃപ്തി കാണിക്കുകയും ചെയ്യും. ദിവാകരേട്ടനോടു ദേഷ്യപ്പെടാറില്ല; ദിവാകരേട്ടനും ശശിച്ചേട്ടനും ഇല്ലാത്തപ്പോൾ കുറ്റം പറയുകയും പരിഭവിക്കുകയും ചെയ്യും. പാവം! അതിസമ്പന്നമായ തന്റെ വീടും കേമനായിരുന്ന ഭർത്താവിന്റെ കേമപ്പെട്ട വീടും തനിക്കു സമ്മാനിച്ചതു് ദുരിതങ്ങളാണു്; ഒപ്പം ഭർത്താവിന്റെ തനിക്കൊരിക്കലും ക്ഷമിക്കാൻ പറ്റിയിട്ടില്ലാത്ത പിടിപ്പുകേടു്… പിടിപ്പുകേടൊന്നുമല്ല, ഉത്തരവാദിത്വമില്ലായ്മ. അഹങ്കാരം, അല്ലാണ്ടെന്താ! എന്നു് പലപ്പോഴും വല്യമ്മായി പതം പറഞ്ഞു് ശപിക്കുന്നതുകേട്ടിട്ടുണ്ടു്.
ശശിച്ചേട്ടനെ വളരെ ചുരുക്കമായേ വീട്ടിൽ കാണാറുള്ളൂ; സംസാരിക്കുന്നതും ചുരുക്കം. എപ്പോഴും തിരക്കിലാണു്. കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകനാണത്രെ. ‘കണ്ട ചോന്റേം പൊലേന്റേം മാപ്പളെടേം കൂടാ… അവര്ടെ ആര്ടേങ്കിലും മിറ്റത്തോ പൊരയ്ക്കാത്തോ അവരു് കൊറേപ്പേരു് പണീം കഴിഞ്ഞു് കൂട്ടംകൂടും. അപ്പോ അവരെ പടിപ്പിക്കണതു് ശശിയാണത്രെ. അവനേപ്പോലെ വീടും കുടീം നോക്കണ്ടാത്ത വേറേം ചെറുപ്പക്കാരൊണ്ടത്രെ പടിപ്പിക്കാൻ… വല്ല ജോലീം നോക്കി കുടുംബത്തെ സഹായിക്കണ്ടവരാ… പറഞ്ഞിട്ടെന്താ! കലികാലം!’ വല്യമ്മായി തലയ്ക്കടിക്കും.
ശശിച്ചേട്ടനു പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവാ. പക്ഷേ, സ്നേഹവും കരുതലും ഉണ്ടുതാനും. പാർട്ടീടെ വല്യേ മീറ്റിംഗു നടക്കുമ്പം നാടകമോ കലാപരിപാടികളോ ഉണ്ടെങ്കിൽ സാവിത്രിക്കുട്ടിയെ കൊണ്ടുപോകും. ഏതോ വലിയ കേസിൽപ്പെടുത്തി ജയിലിലാക്കിയ പാർട്ടിക്കാരെ ജയിലീന്നു വിട്ടപ്പോൾ ചുവന്ന റോസാപ്പൂ കൊടുത്തു സ്വീകരിച്ചതു് സാവിത്രിക്കുട്ടിയാണു്. ദിവാകരേട്ടനറിയാതെയാണു് സാവിത്രിക്കുട്ടിയെ പാർട്ടിപ്പരിപാടികളിൽ കൊണ്ടുപോകുന്നതു്. പക്ഷേ, പെട്ടെന്നൊരു ദിവസം സാവിത്രിക്കുട്ടിക്കു ആ സ്വാന്ത്വനവും നഷ്ടപ്പെട്ടു. അതൊരു കഥ, അതു പിന്നെപ്പറയാം.
നളിനിച്ചേച്ചി—നാന്നി എന്നാണു് ശശിച്ചേട്ടനും രാധാമണിച്ചേച്ചീമൊക്കെ വിളിക്കുക—ഭയങ്കര അക്ഷരവിരോധിയാണു്. നാലാംക്ലാസുവരെ പഠിച്ചെന്നു പറയുന്നുണ്ടു്, പക്ഷേ, പത്രം പോലും തുറന്നു നോക്കുന്നതു കണ്ടിട്ടില്ല; പത്രോം വാരികേം പുസ്തകോമൊക്കെ വാങ്ങിച്ചു കാശു കളയുന്നതിനു് എതിരാണു താനും. സാവിത്രിക്കുട്ടി ചെന്നു് അധികദിവസം കഴിയും മുമ്പായിരുന്നു നാന്നിച്ചേച്ചീടെ കല്യാണം. അവിടെയാണു് തമാശ. നാന്നിച്ചേച്ചീടെ ഭർത്താവു് സ്ക്കൂളിൽ അദ്ധ്യാപകനാണു്, എഴുത്തുകാരനുമാണു്; രണ്ടു ധ്രുവങ്ങൾ. പക്ഷേ, ആ ചേട്ടൻ പാവമായിരുന്നു. നാന്നിച്ചേച്ചി വഴക്കുപറഞ്ഞാലും ഒന്നും പറയാതെ ചിരിച്ചോണ്ടിരിക്കും. നാന്നിച്ചേച്ചീടെ കുശുമ്പുപറച്ചിലിനേം സ്വാർത്ഥതയേയും പക്ഷേ, ആ ചേട്ടൻ എതിർത്തിരുന്നു.
പത്മച്ചേച്ചി ഏതുനേരവും മുറിയിലടച്ചിരിക്കും; വായിക്കുകേമൊന്നുമല്ല. പക്ഷേ, എഴുതുന്നതും കീറിക്കളയുന്നതും കാണാം. ചില സമയത്തു് കമിഴ്‌ന്നുകിടന്നു കരയും. ആരോടും അധികമൊന്നും സംസാരിക്കില്ല. എപ്പോഴും ദേഷ്യമാണു്.
രാധാമണിച്ചേച്ചി ഒരു മിണ്ടാപ്രാണിയാണു്… എപ്പോഴും ചിരിച്ച മുഖമാണു്. വീടു വൃത്തിയാക്കലും അടുക്കള ജോലികളും പശുവിന്റെ തീറ്റിയന്വേഷിക്കലും വരെ രാധാമണിച്ചേച്ചിയുടെ പണിയായിരുന്നു. ഒരു പരിഭവവുമില്ല. ദുർമുഖത്തോടെ ആ ചേച്ചിയെ കണ്ടിട്ടില്ല. ചേച്ചിക്കും കല്യാണപ്രായം എന്നേ ആയിരിക്കുന്നു. പക്ഷേ, ഒരു പരിഭവവും പിണക്കവുമില്ല.
സാവിത്രിക്കുട്ടി രാധാമണിച്ചേച്ചിക്കു സഹായിയായി. ‘സാവിത്രിക്കുട്ടിക്കു നല്ല വൃത്തിയൊണ്ടു്. അവളടിച്ചുവാരിക്കോളും. നീയാ ചൂലങ്ങുകൊടുത്തേക്കു്’ എന്നു വല്യമ്മായി.
ആരും പറയാതെ തന്നെ പൂമുഖവും വരാന്തയും അടിച്ചുവൃത്തിയാക്കുന്നതും, മേശയും ടീപോയിയുമൊക്കെ തുടയ്ക്കുന്നതും വല്യമ്മായി ശ്രദ്ധിച്ചു. വാരികകളും പത്രങ്ങളുമൊക്കെ വൃത്തിയായി മടക്കി പഴയതു മാറ്റി ഷെൽഫിൽ അടുക്കി വയ്ക്കുന്നു ദിവസവും. മുറ്റത്തരികിൽ നിന്ന മാതളത്തയ്യിന്റെയും തുളസിയുടേയും പിച്ചിയുടേയുമൊക്കെ ചോടിളക്കി ചാണകപ്പൊടിയിട്ടു് വെള്ളമൊഴിച്ചു സാവിത്രിക്കുട്ടി. ദിവസങ്ങൾക്കകം എവിടെന്നെന്നറിയാതെ തളിരും പൂവുമണിഞ്ഞു മാതളവും പിച്ചിയും. വല്യമ്മാവൻ അമ്മായിയോടു പറഞ്ഞു:
‘നോക്കു സരസൂ… ഇവടാർക്കേലും തോന്ന്യോ ആ ചെടികൾക്കു് ആഹാരോം വെള്ളോം കൊടുക്കാൻ! അവളാ ഷെൽഫും മേശയുമൊക്കെ അടുക്കിവച്ചിരിക്കുന്നതുകണ്ടോ?’ വല്യമ്മാവൻ ദീർഘശ്വാസമെടുത്തു. വലിയമ്മായി ഒന്നും മിണ്ടിയില്ല, പക്ഷേ, സാവിത്രിക്കുട്ടി മിടുക്കിയാണെന്നു് അംഗീകരിച്ചു, എങ്ങനെയെന്നോ, ‘എന്റെ പത്മേ, നീയതിലുരുമ്മിയുരുമ്മി ഇന്നു നേരം വെളുക്കൂലോ. ദാ, സാവിത്രീടെ കയ്യിലോട്ടു കൊടുത്തേ; ഇന്നലെ ആ കിണ്ടി അവളു നല്ല തേച്ചുമിനുക്കി നല്ല സ്വർണ്ണം പോലാക്കി. അങ്ങോട്ടുകൊടുത്തോ.’
ആ വീട്ടിൽ പത്മച്ചേച്ചി ആകെ ചെയ്യാറൊള്ള ജോലിയാരുന്നു പാൽപാത്രങ്ങളും നിലവിളക്കുകളും മൊന്തയും കിണ്ടിയുമൊക്കെ തേച്ചെടുക്കുക എന്നതു്. ‘ഇന്നാ തേയ്ക്കു്… ങാ, അകത്തൂന്നു് പാലുകാച്ചുന്ന കലോം കൂടെ എടുത്തോണ്ടു പോരേ.’ പത്മച്ചേച്ചി കൈകഴുകി സ്ഥലം വിട്ടു. സാവിത്രിക്കുട്ടി ആ ജോലിയും സന്തോഷത്തോടെ ഏറ്റെടുത്തു.
വെക്കേഷൻ തീർന്നു; സ്ക്കൂൾ തുറന്നു… നാട്ടിൽ നിന്നു് സ്ക്കൂൾ സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകി…
സാവിത്രിക്കുട്ടിയെ സ്ക്കൂളിൽ ചേർക്കാൻ ലോക്കൽ ഗാർഡിയനായി ശശിച്ചേട്ടനാണു വന്നതു്…
‘ക്ലാസ്സുതുടങ്ങീട്ടു രണ്ടാഴ്ച കഴിഞ്ഞു. അല്ലെങ്കിൽ തന്നെ സ്ട്രെങ്തു് കഴിഞ്ഞിരിക്കുന്നു. ഇനി ചേർക്കാൻ ബുദ്ധിമുട്ടാണു്.’ ഹെഡ്മിസ്ട്രസ് മിറാൻഡാ സിൽവസ്റ്റർ.
ശശിച്ചേട്ടന്റെ മുഖം ചുവന്നു; സാവിത്രിക്കുട്ടിക്കു പേടിയായി. ദേഷ്യപ്പെടുമോ! ശശിച്ചേട്ടൻ ദേഷ്യമടക്കി ചോദിച്ചു: ‘സാഹചര്യം ഞാൻ ആദ്യമേ പറഞ്ഞല്ലോ. ഇതു് സർക്കാർ സ്ക്കൂളല്ലേ. നിങ്ങൾ നിഷേധിച്ചാൽ?’
ഹെഡ്മിസ്ട്രസ് എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അടുത്ത കസേരയിലിരുന്നു സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകൾ മറിച്ചുനോക്കിയ റ്റീച്ചർ കയ്യെടുത്തു വിലക്കിക്കൊണ്ടു് ആവേശത്തോടെ പറഞ്ഞു: ‘ഇല്ല റ്റീച്ചർ… ഇവളെ നമുക്കു് വേണം. ദാ, ഞാനിപ്പം നോക്കീല്ലാര്ന്നേ നമ്മക്കു വല്യേ നഷ്ടായേനെ… നോക്കിക്കേ, മെറിറ്റ് സ്കോളർഷിപ്പു വാങ്ങുന്ന കുട്ടിയാ. ഫോർത്തുഫാമിലെ മാർക്കുലിസ്റ്റുനോക്കിയേ. കണക്കിനു നൂറിൽ നൂറു്… എന്റെ കർത്താവേ, പറ്റിപ്പോയേനേല്ലോ.’
സാവിത്രിക്കുട്ടി ഫിഫ്ത്ത് എ ഡിവിഷനിലെ കുട്ടിയായി… റ്റീച്ചറന്മാരുടെ കണ്ണിലുണ്ണിയായി. ഒരാളുടെയൊഴിച്ചു്—ജോളി ജേക്കബ് എന്ന ഇംഗ്ലീഷ് സെക്കന്റ് പേപ്പർ പഠിപ്പിക്കുന്ന റ്റീച്ചർ—സ്ക്കൂളിലെ ഫാഷൻ ലേഡി; അന്നനട, വിലപിടിപ്പുള്ള വേഷം; ഇംഗ്ലീഷേ സംസാരിക്കൂ… ദിവസവും വിലകൂടിയ വസ്ത്രങ്ങൾ മാറിമാറിയുടുത്തുവരുന്ന സ്റ്റൈലുകാരി പെൺകുട്ടികളെ മാത്രമേ ഇഷ്ടമുള്ളൂ… റ്റീച്ചർ ഓരോ കോംപോസിഷനും മാറ്ററിനൊപ്പം ഉത്തരവും ബോർഡിലെഴുതിക്കൊടുക്കും. നോൺഡീറ്റെയിൽ പുസ്തകങ്ങളിലെ കഥകളുടെ ചോദ്യോത്തരങ്ങളും എഴുതിയിടും. അതു പകർത്തി വള്ളിപുള്ളിതെറ്റാതെ കാണാതെ പഠിച്ചെഴുതണം… സാവിത്രിക്കുട്ടി, റ്റീച്ചർ തന്ന മാറ്റർ വച്ചു് സ്വന്തമായെഴുതിക്കൊണ്ടുവന്നു. മൂന്നുപേജ് കോംപോസിഷനിൽ മൂന്നു തെറ്റ്… റ്റീച്ചർ കലിതുള്ളി; ‘കോംപോസിഷനും ചോദ്യോത്തരോമെല്ലാം അവൾക്കു് സ്വന്തം വാചകത്തിലെഴുതണമത്രെ. പിന്നെ ഞാനെന്തിനാ ഇവിടെ? അവൾടെ ബുക്ക് ഞാൻ നോക്കില്ല.’ റ്റീച്ചർ ഇനിഷ്യൽ ചെയ്യാതെ സീറ്റിലേക്കു വലിച്ചെറിഞ്ഞു.
മറ്റേതോ ബുക്കുകളെടുക്കാൻ സ്റ്റാഫ്റൂമിൽ ചെന്നപ്പോൾ ക്ലാസ് മോണിറ്ററായ സാവിത്രിക്കുട്ടിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ച കണക്കു റ്റീച്ചർ കാര്യമന്വേഷിച്ചു. സാവിത്രിക്കുട്ടി ഒന്നും പറഞ്ഞില്ല. പക്ഷേ, മറ്റാരോടോ ചോദിച്ചു മനസ്സിലാക്കിക്കാണും. ഇന്റർവെല്ലിനു ഹെഡ്മിസ്ട്രസ് സാവിത്രിക്കുട്ടിയെ വിളിപ്പിച്ചു… ആഫീസ് റൂമിൽ ജോളിറ്റീച്ചർ ദേഷ്യത്തിൽ നിൽക്കുന്നു. സാവിത്രിയെ കണ്ടതും ജോളി റ്റീച്ചർ.
‘അവൾടെ അഹങ്കാരമാ. സ്വന്തമായിട്ടെഴുതിയാലേ ഭാഷ നന്നാകൂന്നു്! മലയാളം മീഡിയത്തി പഠിക്കണ കുട്ടിയാ സ്വന്തമെഴുതുന്നേ!’ സാവിത്രിക്കുട്ടിയെ നോക്കി പുച്ഛിച്ചു് ചിരിച്ചു. അവർ ഇംഗ്ലീഷ് മീഡിയം കോൺവെന്റ് എഡ്യുക്കേറ്റഡ് ആണെന്നു് പലതവണ ക്ലാസ്സിൽ പറയാറുണ്ടു്.
ഹെഡ്മിസ്ട്രസ് ചിരിച്ചു; സാവിത്രിക്കുട്ടിയോടു ചോദിച്ചു:
‘സ്വന്തമായെഴുതിയ കോംപോസിഷനിലും ഉത്തരത്തിലുമൊക്കെ ഒരുപാടു തെറ്റു വരുത്തീട്ടൊണ്ടോ?’
‘ഇല്ല റ്റീച്ചർ… അച്ഛൻ പറഞ്ഞു സ്വന്തമായെഴുതാനൊള്ളതാ കോംപോസിഷനും, ആൻസറുമൊക്കേന്നു്. അങ്ങനെ പഠിക്കാൻ പറഞ്ഞു. സെക്കന്റ്ഫോറം മൊതലങ്ങനെയാ… അവിടത്തെ സിസ്റ്ററിനൊക്കെ സന്തോഷായിരുന്നു. അങ്ങനെ തന്നെ മതീന്നും പറഞ്ഞു… അതാ.’
‘എനിക്കങ്ങനെ പോരാ; അമ്പത്തിനാലു പിള്ളേര്ടെ നോട്ടു തിരുത്താനെനിക്കെന്താ വട്ടാ!’ ജോളിറ്റീച്ചർ.
ഹെഡ്മിസ്ട്രസ് ശബ്ദമുയർത്തി, ഉറച്ച വാക്കുകളിൽ പറഞ്ഞു:
‘ജോളിറ്റീച്ചറിനു് അങ്ങനെ മതി. സാവിത്രിക്കുട്ടി എഴുതുന്നതു കറക്റ്റു ചെയ്തുകൊടുത്തേ മതിയാകൂ. അതാ ശരി.’
ഇംഗ്ലീഷ് സെക്കന്റു പേപ്പറിനു മാത്രം സാവിത്രിക്കുട്ടി ഒരിക്കലും ഫസ്റ്റായില്ല…