ജോലി ചെയ്യുമ്പോഴും പഠിക്കാനിരിക്കുമ്പോഴും കൂട്ടുകാരായി കിട്ടിയ മുയൽക്കുഞ്ഞുങ്ങൾക്കു കൂട്ടായി പറമ്പിൽ നടക്കുമ്പോഴും അവയ്ക്കു വലിയ മുള്ളുമുരിക്കിൽ നിന്നു് ഇല പറിക്കുന്ന തിരക്കിലുമെല്ലാം സാവിത്രിക്കുട്ടിയുടെ മനസ്സിൽ വേവലാതികളുടെ കടന്നൽക്കൂടു് ഇളകിയാർക്കുന്നുണ്ടായിരിക്കും… അകലെ നാട്ടിൽ നാല്പതു സെന്റു് മരുഭൂമിക്കു നടുവിലെ ഒറ്റപ്പനമ്പു മറച്ച ഓലക്കുടിലിനു ചുറ്റും അലയുന്ന മനസ്സു് അതിനുള്ളിലെ തളർന്ന മുഖങ്ങളെ തലോടി വിതുമ്പി.
പക്ഷേ, സ്ക്കൂളിൽ സാവിത്രിക്കുട്ടിക്കു എപ്പോഴും തിരക്കാണു്. ക്ലാസ് മോണിട്ടറാണു്. പഠിത്തത്തിൽ പുറകോട്ടു നില്ക്കുന്ന കുട്ടികൾക്കു് ഇന്റർവെല്ലിനോ ഒഴിവു പിരിയഡിലോ പാഠം പറഞ്ഞുകൊടുക്കണം. ‘പഠിത്തോം സാഹിത്യോം മാത്രമായാൽ പറ്റില്ലല്ലോ… എല്ലാ ആക്റ്റിവിറ്റീസും വേണം’ ഹെഡ്മിസ്ട്രസ് പറഞ്ഞു. ക്ലാസ് റ്റീച്ചറായ സുശീലാദേവിറ്റീച്ചർ നിർബ്ബന്ധമായി ബാൾബാറ്റ്മിന്റനു ചേർത്തു. ഒരു ദിവസത്തെ പ്രാക്ടീസിൽ കളിച്ചു, രണ്ടാം സമ്മാനം… കാരണം ആകെ രണ്ടു ടീമേ ഉണ്ടായിരുന്നുള്ളൂ മത്സരത്തിനു്. കവിതാരചനയ്ക്കു സമ്മാനം കിട്ടി. കവിത ചൊല്ലാനും, ലളിതഗാനത്തിനുമെല്ലാം നാട്ടിലെ സ്ക്കൂളിൽ വച്ചുചേരുമായിരുന്നു; ഒന്നാം സമ്മാനം വാങ്ങിച്ചിരുന്നു… ഇവിടെ ഒരു മത്സരത്തിനും ചേരാൻ സാവിത്രിക്കുട്ടിക്കു് ഉത്സാഹമില്ല… സമ്മാനം കിട്ടീട്ടെന്തിനാ, ആരുണ്ടു്, അതുകണ്ടു് സന്തോഷിക്കാൻ… അമ്മയേപ്പോലെ മകളെ നോക്കി സന്തോഷം കൊണ്ടു് കണ്ണു നിറയ്ക്കാൻ.
സിക്സ്തു ഫാറത്തിലെ ലേബർവീക്കിനും ഗ്രൂപ്പുലീഡറായിരുന്നു സാവിത്രിക്കുട്ടി; പക്ഷേ, ഗാർഡനിങ്ങിൽ പങ്കെടുത്തില്ല. ‘കഴിഞ്ഞ വർഷം നിന്റെ നല്ല വർക്കാര്ന്നു. നിന്റെ ടീമിനാ ഒന്നാം സമ്മാനം കിട്ടീതും… പക്ഷേ, നെനക്കു പനിപിടിച്ചതിനു നിന്റെ ചേട്ടൻ ഞങ്ങളോടു ദേഷ്യപ്പെട്ടു. അതുകൊണ്ടു് ഇത്തവണ പനിക്കാരി വെയിലുകൊള്ളണ്ട. അകത്തിരുന്നൊള്ള പണി മതി’, സുശീലാദേവിറ്റീച്ചർ പറഞ്ഞു. ലേബർവീക്കിന്റെ ചാർജ്ജുള്ള ഗോമതിയമ്മാൾറ്റീച്ചർ സാവിത്രിക്കുട്ടിക്കു് വാട്ടർകളറും ബ്രഷുകളും ഡ്രായിംഗ് പേപ്പറുമൊക്കെ വാങ്ങിച്ചുകൊടുത്തു: ‘നീ സീനറി വരയ്ക്കു്… എനിക്കറിയാം നീ ചിത്രകാരിയാണു്. ശങ്കേഴ്സ് വീക്ക്ലീടെ മത്സരത്തിനൊക്കെ നീ പടമയച്ചാര്ന്നില്ലേ; എനിക്കറിയാം. നീ വരയ്ക്കു് നല്ലതാണേ ക്ലാസ്സിൽ ബയന്റു ചെയ്തു തൂക്കാം; സമ്മാനോം കിട്ടും.’
നാലുപടം വരച്ചു. ഹെഡ്മിസ്ട്രസ് പടം നോക്കീട്ടു് സാവിത്രിക്കുട്ടിയുടെ പുറത്തുതട്ടി ചേർത്തു പിടിച്ചു് അഭിനന്ദിച്ചു. ഗോമതിയമ്മാൾ റ്റീച്ചർ പ്യൂൺ തിലോത്തമനെ വിളിച്ചു, പടം ബയന്റിലൊട്ടിച്ചു. മൂന്നെണ്ണം സിക്സ്ത് എ—യിലെ മതിലിൽ ആണിയടിച്ചു തൂക്കി. ഒരെണ്ണം ആഫീസുമുറിയിലും…
സാവിത്രിക്കുട്ടിയുടെ ബാല്യകൗമാരങ്ങളിലെ അസുലഭമായ ആനന്ദനിമിഷങ്ങളിൽ ചിലതായിരുന്നു അതു്!
രാത്രിയേറെച്ചെന്നും ഇരുന്നെഴുതുന്നതും വരയ്ക്കുന്നതും നളിനിച്ചേച്ചിയുടെ ഭർത്താവു് ബാലേട്ടൻ കണ്ടുപിടിച്ചു. ബാലേട്ടൻ നിർബന്ധിച്ചപ്പോൾ സാവിത്രിക്കുട്ടി മടിച്ചുമടിച്ചു് കവിതകൾ കൊടുത്തു ബാലേട്ടന്റെ കയ്യിൽ. ബാലേട്ടൻ ചായപ്പെട്ടിയും ഇന്ത്യൻ ഇങ്കും വാങ്ങിക്കൊടുത്തു പടം വരയ്ക്കാൻ… അങ്ങനെ വാരികയുടെ ബാലപംക്തിയിൽ കവിതകളും വരച്ച പടങ്ങളും അച്ചടിച്ചുവന്നു; അന്നും പെയ്തു ആഹ്ലാദത്തിന്റെ കുളിർമഴ ഒരു നിമിഷനേരത്തേക്കു് സാവിത്രിക്കുട്ടിയുടെ മനസ്സിൽ.
വലിയമ്മാവനും ശശിച്ചേട്ടനും അനുമോദനം നല്ല ഒരു ചിരിയിലൊതുക്കി.
‘പഠിക്കാനൊള്ള സമയത്തു് ഇതൊക്കെയാണോ പണി?’ എന്നൊരു ചോദ്യമായിരുന്നു ദിവാകരേട്ടന്റെ. ‘അയ്യട ഒരു പടം! ഇതവളു് എങ്ങാണ്ടൂന്നു് കോപ്പിയടിച്ചതാ… ഇതു കവിതയാണോ! ഏതാണ്ടു പൊട്ടത്തരം വൃത്തത്തിലെഴുതി വച്ചൂന്നുവച്ചു് കവിതയാകുമോ.’ പത്മേച്ചിയുടെ കമന്റു്.
‘പൊക്കിപ്പറയാനാളൊണ്ടേ എല്ലാം കേമപ്പെട്ടതാകും, അല്ലാണ്ടെന്താ!’ നളിനിച്ചേച്ചി. വലിയമ്മായി അതിനെ പിൻതാങ്ങി: ‘ഒരുപാടങ്ങു തലേ കേറ്റണ്ടാ, നെലത്തു നിന്നാമതി!’
‘എന്റെ സാവിത്രിക്കുട്ടീ, നിന്റെ കുടുംബത്തിലെങ്ങനെയാ ഇത്രേം അക്ഷരവിരോധികളൊണ്ടായേ! ഞാനെഴുതുന്നതൊന്നു വായിച്ചുനോക്കാൻ തയ്യാറല്ലെന്നു മാത്രമല്ല, തുടർച്ചയായി കുറ്റപ്പെടുത്തുകേം ചെയ്യും നളിനി… പുസ്തകം വാങ്ങുന്നേനു് എന്താ പരാതീന്നോ! പേപ്പറു വരുത്തുന്നതുപോലും എന്റെ ഭാര്യയ്ക്കിഷ്ടമല്ല.’ ബാലേട്ടന്റെ അഭിപ്രായ പ്രകടനം ഒരു വഴക്കിനു തിരികൊളുത്തി. വല്യമ്മായിയും, നളിനിച്ചേച്ചിയും പത്മേച്ചിയും ഒരു വശത്തു്. എതിർവശത്തു് ബാലേട്ടൻ… സാവിത്രിക്കുട്ടി പെട്ടെന്നു് രംഗം വിട്ടു.
…അതുവരെ മൂന്നുനാലു പേപ്പറുകളും ഒന്നു രണ്ടു വാരികകളുമേ അവിടെ വരുത്തിയിരുന്നുള്ളൂ. വലിയമ്മാവനു് ഹിന്ദുപേപ്പറും ബ്ളിറ്റ്സു് വാരികയുമൊന്നും ഒരു വരിപോലും ഒഴിവാക്കാൻ പറ്റില്ലായിരുന്നു. മലയാളം പേപ്പറുകളും അങ്ങനെ തന്നെ. അക്കാലത്തു് പ്രായമായവരുടെ പ്രധാന വിനോദമായിരുന്നെന്നു തോന്നുന്നു പദപ്രശ്നം പൂരിപ്പിച്ചയക്കുക. വലിയമ്മാവനു വലിയ താല്പര്യമായിരുന്നു. ഇടയ്ക്കിടെ സമ്മാനം കിട്ടാറുമുണ്ടു്. വലിയമ്മാവൻ എല്ലാ എഴുത്തുകുത്തുകളും ഇംഗ്ലീഷിലാണു്. സാവിത്രിക്കുട്ടി ചെന്നതിൽ പിന്നെ സാവിത്രിക്കുട്ടിയാണു് കത്തെഴുതുക. വലിയമ്മാവൻ പറഞ്ഞുകൊടുക്കും… നല്ല കയ്യക്ഷരത്തിൽ, സ്പെല്ലിംഗ് തെറ്റാതെ പാരഗ്രാഫ് തിരിച്ചു് എഴുതും സാവിത്രിക്കുട്ടി. എഴുതിയതു് വായിച്ചുനോക്കിയിട്ടു് അനന്തിരവളെ നോക്കി ഒരു ചിരിയുണ്ടു്. വാത്സല്യത്തിന്റേയും അലിവിന്റേയും ഒരു മഹാസമുദ്രം ഒതുക്കിയിട്ടുണ്ടു് ആ ചിരിയിൽ.
ആ ആശ്വാസത്തിനു പുറകേ മറ്റൊരു മഹാഭാഗ്യം കൂടികിട്ടി സാവിത്രിക്കുട്ടിക്കു് മാതൃഭൂമി കൂടാതെ നവയുഗം, ജനയുഗം, ദേശാഭിമാനി, സോവിയറ്റുനാടു്, സോവിയറ്റു യൂണിയൻ അങ്ങനെ വിലപ്പെട്ട ഒരുപാടു് അറിവുകൾ അടക്കം ചെയ്ത വാരികകളും പുരോഗമന സാഹിത്യകാരന്മാരുടെ കവിത പുസ്തകങ്ങളും ലോകക്ലാസിക് കൃതികളുടെ വിവർത്തനങ്ങളായ നോവലുകളും ശശിച്ചേട്ടൻ കൊണ്ടുവന്നു് മുൻവശത്തെ ടീപ്പോയിയിൽ ഇടും. ആ വാരികകളും പുസ്തകങ്ങളും തന്റെ നാടിന്റെ മാത്രമല്ല ലോകചരിത്രത്തിലേക്കും മനുഷ്യസംസ്കാരങ്ങളിലേക്കുമുള്ള വാതിൽ തുറന്നു വച്ചു സാവിത്രിക്കുട്ടിക്കു മുന്നിൽ. അന്നന്നു കിട്ടിയതൊക്കെ വായിച്ചു തീർക്കാതെ സാവിത്രിക്കുട്ടിക്കു ഉറക്കം വരില്ല… വായിക്കുന്തോറും ഉറങ്ങാനുമായില്ല… വിപ്ലവകാരികളുടെ ചിത്രങ്ങൾ വാരികകളിൽ നിന്നു് സാവിത്രിക്കുട്ടിയുടെ കണക്കുബുക്കിൽ കയറിയിരുന്നു…
സാർചക്രവർത്തിമാരുടെ റഷ്യ, ബോൾഷെവിക്ക് വിപ്ലവം, ലോകത്തെമ്പാടും നടന്ന അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനു് വേണ്ടിയുള്ള വിപ്ലളവങ്ങൾ; ലക്ഷക്കണക്കിനാളുകളുടെ ജീവത്യാഗം… ലോകമെമ്പാടുമുള്ള മനുഷ്യസംസ്കാരത്തിന്റെ കറുപ്പും വെളുപ്പും വിശദമാക്കുന്ന പുസ്തകങ്ങൾ; ആഭ്യന്തരസംഘർഷങ്ങളും, ലോകമഹായുദ്ധങ്ങളും നിസ്സഹായരായ സാധാരണ ജനതതികളെ എങ്ങനെ കശക്കിയെറിയുന്നു എന്ന നേരറിവുകൾ… രണ്ടാം ലോകമഹായുദ്ധത്തിന്റെ വിദൂരമായതെങ്കിലും കെടുതികൾ നന്നായനുഭവിച്ച സാവിത്രിക്കുട്ടിയുടെ ബാല്യം… സാവിത്രിക്കുട്ടിയെ ആവേശം കൊള്ളിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരകഥകൾ… ഒരു പക്ഷേ, ചരിത്രത്തിലിടം നേടാത്ത പതിനായിരക്കണക്കിനാളുകളുടെ രക്തസാക്ഷിത്വം… പന്ത്രണ്ടും പതിമൂന്നും വയസ്സുമാത്രമുള്ള കൊച്ചുവാളണ്ടിയർമാർ; അതിലേറെയും പെൺകുട്ടികൾ! ഒളിസങ്കേതങ്ങളിലും സമരമുഖങ്ങളിലും വരെ രഹസ്യസന്ദേശങ്ങളും രഹസ്യരേഖകളും ലഘുലേഖകളും മാത്രമല്ല, യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു് കൈത്തോക്കുകൾ വരെ കൈമാറി അവർ… അതിനായി കാടും മലയും മഴയും പുഴയും താണ്ടി. മർദ്ദനങ്ങളും തോക്കും ബയണറ്റും അവർ പേടിച്ചില്ല… സഹനസമരത്തേക്കാൾ ഒരുപക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വഹുങ്കിനെ പരുക്കേല്പിച്ചതു് ഇത്തരം സമരങ്ങളും എണ്ണമറ്റ സമരഭടന്മാരുമായിരുന്നില്ലേ! എല്ലാം കഴിഞ്ഞപ്പോഴുണ്ടായ ഇന്ത്യാ—പാകിസ്ഥാൻ വിഭജനം! കൂട്ടക്കൊലകൾ! ആർക്കുവേണ്ടി? ഒഴിവാക്കാമായിരുന്നില്ലേ അതൊക്കെ! മനുഷ്യമനസ്സാക്ഷിക്കു് ഒരിക്കലും മാപ്പുകിട്ടാത്ത ക്രൂരതകൾ! സാവിത്രിക്കുട്ടിയുടെ മനസ്സിൽ രോഷം പുകഞ്ഞു.
വിപ്ലവകാരിയാകണം; ലെനിനെപ്പോലെ, ഭഗത്സിംഗിനെപ്പോലെ… പക്ഷേ, സാവിത്രിക്കുട്ടിക്കു് ബോംബും തോക്കും കത്തിയുമൊന്നും ഇഷ്ടമല്ല. ആരേയും ഒന്നിനേയും കൊല്ലരുതു്, ഉപദ്രവിക്കരുതു്. ഒരുറുമ്പു ചാകുന്നതു പോലും സാവിത്രിക്കുട്ടിക്കു സങ്കടമാണു്… സാവിത്രിക്കുട്ടിയുടെ മനസ്സു് ആർദ്രമായി… എന്തായാലും വിപ്ലവകാരിയാകണം, അതുപക്ഷേ, ബുദ്ധനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെ…
അങ്ങനെ ഒരു ദിവസം, ശശിച്ചേട്ടന്റെയൊപ്പം ആരോ രണ്ടുമൂന്നു പേർ വന്നു. കാപ്പിവേണമെന്നു് ശശിച്ചേട്ടൻ വന്നുപറഞ്ഞു; വല്യമ്മായിക്കു് അവരെ അറിയാമെന്നു തോന്നി. ശശിച്ചേട്ടനൊപ്പം അവരുടെയടുത്തുപോയി വർത്തമാനം പറയുന്നതു സാവിത്രിക്കുട്ടി കണ്ടു. തിരിച്ചുവന്നു് രാധാമണിച്ചേച്ചിയുണ്ടാക്കിയ കാപ്പിയും ഒരു പ്ലേറ്റിൽ ഉപ്പേരിയും സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു: ‘കൊണ്ടെക്കൊടു് പ്രായായ പെമ്പിള്ളാരൊള്ള വീട്ടിലാ കണ്ടവമ്മാരെക്കൊണ്ടു് വന്നു് കാപ്പീം ചായേം’, എന്നൊരു കമന്റും.
അവർ കാപ്പികുടിച്ച പാത്രങ്ങളെടുത്തുകൊണ്ടുവന്നു കഴുകുന്നതു് പത്മേച്ചി കണ്ടു. ‘ഇതാരു് കഴിച്ച പാത്രാടീ, ശശിച്ചേട്ടന്റെ കൂടെ വന്നവര്ടെയാ? കഷ്ടം നെനക്കറപ്പില്ലല്ലോ… മൂത്തേടത്തു തറവാട്ടിലെ പെണ്ണു് കണ്ട ചോന്റേം പെലേന്റേമൊക്കെ എച്ചിപ്പാത്രം കഴുകുന്നു! ഇവളെ ഇനി അടുക്കളേലേ പാത്രമൊന്നും തൊടീച്ചേക്കരുതു്, പറഞ്ഞേക്കാം.’ എന്തൊരു വെറുപ്പായിരുന്നു ആ സ്വരത്തിൽ! പെട്ടെന്നു് സാവിത്രിക്കുട്ടിക്കു വെളിപാടുണ്ടായി—ദാ, സാവിത്രിക്കുട്ടി ഒരു വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു! വളരെച്ചെറിയതാകാം, എന്നാലും… സാവിത്രിക്കുട്ടിക്കു സന്തോഷമായി.
അപ്പോളാണു് രാധാമണിച്ചേച്ചി ചോദിച്ചതു്: ‘നെനക്കു് പേടിയില്ലേ സാവിത്രീ, ആണുങ്ങളിരിക്കുന്ന മുറീലു് ഒറ്റയ്ക്കു പോകാൻ?’
സാവിത്രിക്കുട്ടി ഒന്നു ഞെട്ടി. കൊച്ചുസിസ്റ്റർ പണ്ടു പറഞ്ഞതു് ആണുങ്ങളെ തൊടരുതെന്നു മാത്രമാണല്ലോ. മുറീൽ പോയാലെന്താ; അല്ലെങ്കിലും അവിടെ സ്വന്തം ചേട്ടനും കൂട്ടുകാരുമല്ലേ! എന്തിനാണു് അവരെ പേടിക്കുന്നതു്? സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.
…പക്ഷേ, സാവിത്രിക്കുട്ടി എല്ലാ മുറികളേയും പേടിക്കാൻ തുടങ്ങി; മുറികളെ മാത്രമല്ല എല്ലാ ആണുങ്ങളുടെ കൈകളേയും എന്തിനെന്നറിയാതെ പേടിക്കാൻ തുടങ്ങി, വലിയ എട്ടുകാലിയെ മുൻപിൽ കാണുംപോലെ!
അതുപക്ഷേ, കുറച്ചുനാൾ കഴിഞ്ഞിട്ടാണു്.