ഒരു രാത്രി സാവിത്രിക്കുട്ടിയെ പത്മേച്ചി മുറിയിൽ നിന്നു പുറത്താക്കി. ആ മുറിയിൽ കട്ടിലിൽ പത്മേച്ചി, താഴെ പായവിരിച്ചു് സാവിത്രിക്കുട്ടി കിടക്കും; ഒരു മൂലയ്ക്കിട്ട വീഞ്ഞപ്പലകകൊണ്ടുള്ള മേശയാണു് സാവിത്രിക്കുട്ടിയുടെ സ്റ്റഡിടേബിൾ…
‘പന്ത്രണ്ടുമണിവരെ ലൈറ്റുമിട്ടോണ്ടു്… ഒരു പടിത്തം; വേറാരും പടിക്കാത്തപോലല്ലേ… മനുഷ്യർക്കു രാത്രീ കെടന്നൊറങ്ങണം. എവടാന്നു വച്ചാ പോയി വായിക്ക്വോ തലകുത്തി നിക്ക്വോ…’ അതും പറഞ്ഞു് പത്മേച്ചി പായും തലയണയും ചുരുട്ടിയെടുത്തു് നാലുകെട്ടിന്റെ ഇടനാഴിയിലേക്കിട്ടു, പുറകേ പുസ്തകങ്ങളും നോട്ടുബുക്കുകളും… വാതിൽ കൊട്ടിയടച്ചു സാക്ഷയിട്ടു.
കുറേനേരം കാത്തു സാവിത്രിക്കുട്ടി. പത്മേച്ചി വാതിൽ തുറന്നില്ല. എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു… നടുമിറ്റത്തു വീഴുന്ന നാട്ടുവെളിച്ചത്തിൽ പുസ്തകങ്ങളടുക്കിയെടുത്തു. തെക്കേയറ്റത്തു് ആരും ഉപയോഗിക്കാതെ കിടക്കുന്ന വലിയ ഒരു മുറിയുണ്ടു്. ജനലുകൾക്കു് ജനൽ പാളികളില്ല, മച്ചു് ഇട്ടിട്ടില്ല, കതകില്ല. സാവിത്രിക്കുട്ടി പുസ്തകക്കെട്ടു് ആ മുറിയിൽകിടന്ന പഴയ വീഞ്ഞപ്പെട്ടിപ്പുറത്തു് അടുക്കി വച്ചു; മങ്ങിക്കത്തുന്ന ബൾബിന്റെ വെളിച്ചം നേർത്ത നിലാവെളിച്ചം പോലുണ്ടായിരുന്നു. സാവിത്രിക്കുട്ടിക്കു പേടിയായി. മച്ചിനുപകരം പനമ്പുതട്ടി കൊണ്ടുണ്ടാക്കിയ തട്ടാണു്… തട്ടിൻ മുകളിൽ നടക്കുകയും ഓടുകയും ചെയ്യുന്ന ശബ്ദം… എലികളോ മരപ്പട്ടികളോ ആകുമെന്നു സാവിത്രിക്കുട്ടിക്കറിയാം. പക്ഷേ, പത്മേച്ചി പറഞ്ഞിട്ടുണ്ടു് രാത്രിയിൽ തട്ടിൻമുകളിൽക്കൂടി വീട്ടുടമസ്ഥനായ ശിവരാമക്കർത്താവിന്റെ പതിനാറു വയസ്സുണ്ടായിരുന്ന മകളുടെ പ്രേതമാണു് ഓടുന്നതെന്നു്. ആ മുറീലാണത്രെ ആ കുട്ടി തൂങ്ങിച്ചത്തതു്. അതുകൊണ്ടാണത്രെ വലിയ പ്രമാണിയായിരുന്ന കർത്താവു് അത്ര നല്ല വീടു് ഉപേക്ഷിച്ചുപോയതു്… ആ മുറി നന്നാക്കാതെ ഇട്ടിരിക്കുന്നതു് പ്രേതത്തിനു വേണ്ടിയാണത്രെ. ആദ്യമായിട്ടാണത്രെ ആ വീടു് വാടകയ്ക്കു കൊടുക്കുന്നതു്.
സാവിത്രിക്കുട്ടിക്കു ആ മുറിയിൽ കിടക്കാൻ പേടിയായി. തിരിച്ചു് ഇടനാഴിയിൽ പായ വിരിച്ചു കിടന്നു, ഉറക്കം വരാതെ. നടുമിറ്റത്തേക്കു് കള്ളന്മാരാരെങ്കിലും ചാടി വീണാൽ ആദ്യം കാണുക സാവിത്രിക്കുട്ടിയെ! നടുമിറ്റത്തെ സിമന്റു തറയിൽ നിന്നു് മഴവെള്ളം തെറിച്ചു വീണു് പായുടെ അറ്റം നനച്ചു…
പിറ്റേന്നു് വല്യമ്മായി കണ്ടു നാലുകെട്ടിന്റെ ഇടനാഴിയിൽ—ഇനി ഇതു പരസ്യമാക്കി ഇവിടെ ഒരനർത്ഥമൊണ്ടാക്കണ്ട. വല്യമ്മാവൻ കാണാണ്ടെ കെടന്നോണം ഇടനാഴീലു്. അല്ലേലു് ആ മുറീ പോയി കെടന്നൂടെ നെനക്കു്… വല്യമ്മാവനും വല്യമ്മായീം ഉറങ്ങിയതിനുശേഷം മാത്രമേ സാവിത്രിക്കുട്ടി പായവിരിക്കൂ. വെളുപ്പിനു് നാലരയ്ക്കു് ക്ഷേത്രത്തിലെ ശംഖുവിളി കേൾക്കുമ്പോളുണർന്നു് പായ ചുരുട്ടിയെടുത്തു് മുറിയിൽ കൊണ്ടുവയ്ക്കും.
ഒരു രാത്രി ആരോ വിതുമ്പിക്കരയുന്നതു കേട്ടുണർന്ന സാവിത്രിക്കുട്ടി പേടിച്ചു… ശ്രദ്ധിച്ചപ്പോൾ മനസ്സിലായി പത്മേച്ചിയുടെ മുറിയിൽ നിന്നാണു്… താക്കോൽപഴുതിലൂടെ നോക്കി. ലൈറ്റ് കത്തുന്നുണ്ടു്. കസേരയിലിരുന്നു് എന്തോ എഴുതുകയും ഇടയ്ക്കു് കരയുകയും കണ്ണും മൂക്കും തുടയ്ക്കുകയും… എഴുതിയ കടലാസു് നനുനനാ കീറിയെറിഞ്ഞു് കരഞ്ഞുകൊണ്ടു് വീണ്ടും എഴുതുന്നു… കരയുന്നുമുണ്ടു്…
സാവിത്രിക്കുട്ടിക്കു പേടിയായി. പത്മേച്ചിക്കു് എന്തു പറ്റി! തന്നോടു ദേഷ്യം കാണിക്കുമെങ്കിലും പത്മേച്ചിയെ സാവിത്രിക്കുട്ടിക്കു് ഇഷ്ടമാണു്… പത്മേച്ചിയെ കാണുമ്പോൾ അപ്പൂപ്പനെ ഓർമ്മവരും—അതേ മുഖം… സൗമ്യമായ, ഭംഗിയുള്ള മുഖം അങ്ങനെ തന്നെ കിട്ടിയിട്ടുണ്ടു് പത്മേച്ചിക്കു്… പാവം, പഠിക്കാൻ പറ്റാത്ത സങ്കടം കൊണ്ടു് വല്ലതും കടുംകൈ…
സാവിത്രിക്കുട്ടി ഉറങ്ങാതെ കാവലിരുന്നു. കുറെയേറെക്കഴിഞ്ഞപ്പോൾ മുറിയിൽ ലൈറ്റണഞ്ഞു, കരച്ചിലും പിന്നെ കേട്ടില്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ച സാവിത്രിക്കുട്ടി ഓടിപ്പോയി രാധാമണിച്ചേച്ചിയോടു പറഞ്ഞു. വല്യമ്മായിയോടു പറയാൻ സാവിത്രിക്കുട്ടിക്കു ധൈര്യമില്ല… പക്ഷേ, കുഴപ്പമായി. രാധാമണിച്ചേച്ചി ഉടനെതന്നെ വല്യമ്മായിയോടു പറഞ്ഞു.
വല്യമ്മായി പാഞ്ഞുവന്നു് പത്മേച്ചിയുടെ മുറിയിൽ തട്ടി എഴുന്നേല്പിച്ചു. ശബ്ദം പുറത്തുകേൾക്കാതെ രഹസ്യമായി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു… അതിനിടേൽ ദിവാകരേട്ടൻ എവടെന്നോ പൊട്ടിവീണു… തീർന്നില്ലേ! എന്താ ഏതാ? ചോദ്യവും ബഹളവും കേട്ടു് വല്യമ്മാവനും ശശിച്ചേട്ടനുമെത്തി… എന്താ കാര്യമെന്നു് എല്ലാരും ചോദിക്കുന്നു… പത്മേച്ചി ഒരിഞ്ചു തോറ്റുകൊടുക്കുന്ന കൂട്ടത്തിലല്ല. ചോദ്യങ്ങൾക്കു മറുപടിയല്ല ധിക്കാരപൂർവ്വം മറുചോദ്യങ്ങൾ… എപ്പോഴോ ദിവാകരേട്ടൻ പത്മേച്ചിയുടെ നേർക്കു കയ്യുയർത്തി—
‘തൊട്ടുപോകരുതവളെ… ഒരച്ചനും ആങ്ങളമാരും! വയസ്സു് ഇരുപത്തിയഞ്ചായി അവക്കു്; പ്രായായ രണ്ടു പെമ്പിള്ളാരാ… ആർക്കേലും വിചാരോണ്ടോ… രണ്ടിനേം വെട്ടിനുറുക്കി പുഴുങ്ങിത്തിന്നു്… ശിക്ഷിക്കാൻ നടക്ക്ണൂ… തു്ഭൂ.’ അമ്മായി ഭദ്രകാളിയായി.
വല്യമ്മായി പറഞ്ഞുതീരും മുൻപേ ദിവാകരേട്ടൻ ശശിച്ചേട്ടന്റെ നേരെ തിരിഞ്ഞു:
‘എല്ലാരേം ഒരു വഴിക്കു് ആക്കാൻ ഞാനൊരാളു കെടന്നു പെടാപ്പാടുപെടുകയാ. നളിനീടെ കാര്യത്തിനു ഞാനോടിയ ഓട്ടം! ആരുമുണ്ടായില്ലല്ലോ സഹായിക്കാൻ… എനിക്കും മേലോട്ടു പഠിക്കണംന്നൊക്കെ ഒണ്ടാര്ന്നു, എന്നിട്ടോ… എനിക്കിപ്പ വയസ്സു് മുപ്പത്തിനാലാ. ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ എനിക്കുമില്ലേ? അതാരും കാണാത്തതെന്താ? ഇവൻ പഠിത്തം ഇട്ടെറിഞ്ഞു പോന്നിട്ടു് കൊല്ലമെത്രയായി? പാർട്ടീം, സമരോം! നാടുനന്നാക്കലാണത്രേ. വീടു് നന്നാക്കാൻ നോക്കാത്തവനാ, ഇനി നാടു്… ഇനി രണ്ടു പേരെ ഇറക്കിവിടണെങ്കിലും ഞാൻ തന്നെ… എന്റെ ക്ഷമയ്ക്കുമൊണ്ടു് അതിരു്, പറഞ്ഞേക്കാം.’
ദിവാകരേട്ടനും ശശിച്ചേട്ടനും തമ്മിലുള്ള വാക്കുതർക്കം പടിപ്പുരമുറ്റത്തേക്കു നീണ്ടു. ബഹളം ഉന്തും തള്ളുമായി. പതിവില്ലാതെ വല്യമ്മാവന്റെ ശബ്ദമുയർന്നു… എന്തൊക്കെയോ ബഹളങ്ങൾ കേട്ടു…
ഭയന്നുപോയ സാവിത്രിക്കുട്ടി ഇടനാഴിയുടെ മൂലയ്ക്കൊതുങ്ങി. അങ്ങോട്ടുവന്ന വല്യമ്മായി സാവിത്രിക്കുട്ടിയുടെ നേരെ തിരിഞ്ഞു: ‘സന്തോഷായോ നെനക്കു്? മൂശേട്ട. എന്റെ മക്കളെത്തമ്മിത്തല്ലിച്ചു് സ്വൈരം കെടുത്താനാണോ ഇങ്ങോട്ടെഴുന്നള്ളിയേ! വേലിയെ കെടന്ന പാമ്പിനെയെടുത്തു്…’ എന്നു പറഞ്ഞപോലായല്ലോ. എന്റെ ആമ്മക്കളെ കൊലയ്ക്കു കൊടുത്തേ അടങ്ങൂന്നാ? പ്രായം ഇത്രല്ലേ ആയൊള്ളൂ. ഉളിഞ്ഞുനോക്കീം പൊറകേ നടന്നും ഓരോന്നു കണ്ടുപിടിച്ചു കൊണ്ടുവരുന്നതേ! അശ്രീകരം… ബാക്കീള്ളോര്ടെ കാലനാകാനാ ഇങ്ങോട്ടുകെട്ടിയെടുത്തേ; അസത്തു്!
സാവിത്രിക്കുട്ടി സ്തബ്ധയായി നിന്നു. അമ്മയുടെ പിന്തുണ ഉറപ്പായ പത്മേച്ചിയുടെ ഊഴമാരുന്നു അടുത്തതു്:
‘അട്ടേപ്പിടിച്ചു മെത്തേക്കെടത്ത്യാ എറങ്ങിപ്പോക്വോ പിന്നെ? സുഖിച്ചുപോയില്ലേ! ഇപ്പ ശശിച്ചേട്ടന്റെ പൊറകെയാ നടപ്പു്… അമ്മ നോക്കിക്കോ ഒരു ദെവസം തലേലിരിക്കും!’ പിന്നെയും എന്തൊക്കെയോ പിറുപിറുത്തു് പത്മേച്ചി വാതിലടച്ചു.
പക്ഷേ, സാവിത്രിക്കുട്ടി അപ്പോൾ ആലോചിച്ചതു് പത്മേച്ചി പഴഞ്ചൊല്ലിൽ വരുത്തിയ പിഴവിനെക്കുറിച്ചാണു്… അതിൽ കൂടുതലൊന്നും ആലോചിക്കാൻ സാവിത്രിക്കുട്ടിയുടെ നിസ്സഹായത അനുവദിച്ചില്ല.
സാവിത്രിക്കുട്ടി അന്നുതന്നെ പനമ്പുതട്ടിക്കു മുകളിൽ പ്രേതമോടിക്കളിക്കുന്ന, ജനൽപാളികളില്ലാത്ത മങ്ങിയ ലൈറ്റുള്ള മറ്റാർക്കും വേണ്ടാത്ത മുറിയിലേക്കു താവളം മാറ്റി.