ആയിടയ്ക്കായിരുന്നു ഗോമതിവല്യമ്മയുടെ മകൻ ബാബുക്കുട്ടേട്ടൻ അവിടെ താമസം തുടങ്ങിയതു്. ഡിഗ്രി മൂന്നു പ്രാവശ്യം എഴുതീട്ടും ഇംഗ്ലീഷുകിട്ടിയില്ലത്രെ. ട്യൂട്ടോറിയലിൽ പഠിക്കാൻ വന്നതാ; അതുവരെ ലോഡ്ജിൽ നിന്നു പഠിച്ചു് ഒഴപ്പും തോന്ന്യാസോമായത്രെ. അതുകൊണ്ടു് നല്ല കുട്ടിയാക്കാൻ ദിവാകരേട്ടനെ ഏല്പിച്ചതാണത്രെ.
സാവിത്രിക്കുട്ടിക്കു് ബാബുക്കുട്ടേട്ടനെ ഇഷ്ടമല്ല. ചെമ്പകശ്ശേരിയിലായിരുന്നപ്പോൾ ഇടയ്ക്കൊക്കെ അവർ വരുമായിരുന്നു. പക്ഷേ, അവരൊക്കെ വലിയ ഗമക്കാരായിരുന്നു. ബാബുക്കുട്ടേട്ടൻ സാവിത്രിക്കുട്ടിയോടു് ഒന്നു ചിരിക്കുക പോലുമില്ലായിരുന്നു. ‘നെന്റൊരു വേഷം! കൂറനാറും… ദൂരെപ്പോ പെണ്ണേ’ എന്നു സാവിത്രിക്കുട്ടിയെ കളിയാക്കും. രാവിലെയും വൈകിട്ടും പകിട്ടുള്ള വസ്ത്രങ്ങൾ മാറിമാറിയണിയുന്ന അവർക്ക് സാവിത്രിക്കുട്ടിയുടെ നരച്ച പാവാടയും ബ്ലൗസും അറപ്പായിരുന്നു.
വന്നയന്നു് സാവിത്രിക്കുട്ടിയെ കണ്ടപ്പോൾ ഒരു ലോഹ്യം: ‘നീയങ്ങു വലുതായല്ലോ പെണ്ണേ… വല്യേ പടിത്തക്കാരിയാണെന്നു കേട്ടു; ഒള്ളതോ അതോ…?’ സാവിത്രിക്കുട്ടി ഉത്തരം പറഞ്ഞില്ല, ലോഹ്യം കൂടാനും നിന്നില്ല; കഴിയുന്നതും ആരുടേയും മുൻപിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചു് വർത്തമാനത്തിനൊന്നും കഴിവതും ഇടകൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു് സാവിത്രിക്കുട്ടി മൂലയ്ക്കൊതുങ്ങി.
അന്നന്നത്തേക്കുള്ള അരിയുമുഴുന്നും അരയ്ക്കാൻ സഹായിക്കുന്ന സാവിത്രിക്കുട്ടിയെ രാധാമണിച്ചേച്ചിക്കു ഇഷ്ടമായിരുന്നു; അപ്പോഴൊക്കെ സാവിത്രിക്കുട്ടിയോടു് വിശേഷങ്ങൾ പറയും. അടുക്കളപ്പണിയുടെ ഭാരം മുഴുവൻ ഒറ്റയ്ക്കു പേറുന്ന രാധാമണിച്ചേച്ചിക്കു് സാവിത്രിക്കുട്ടിയുടെ കൂട്ടു് ആശ്വാസമായിരുന്നു.
എല്ലാവർക്കും ചായ കൊടുത്തു് പിന്നെ തേയിലച്ചണ്ടിയിൽ തിളച്ചവെള്ളമൊഴിച്ചു് ചായക്കൂട്ടിലെ പാത്രത്തിലെ പാലിന്റെ മയവും ഒരു പക്ഷേ, അലിയാതെ ബാക്കി വന്നേക്കാവുന്ന പഞ്ചാരയുടെ മധുരവുമായി മൂന്നു ഗ്ലാസിൽ പകരുന്ന ചായയിലൊന്നു് സാവിത്രിക്കുട്ടിക്കു് എടുത്തുമാറ്റി വച്ചിരിക്കും. മുറ്റമടിക്കാരി നാരായണിക്കും പശുവിനെ നോക്കാനും കടയിൽ പോകാനുമൊക്കെ നിർത്തീരിക്കുന്ന വാസുവിനുമാണു് മറ്റു രണ്ടു ചായ. പലഹാരം റഡിയായാലുടനെ രാധാമണിച്ചേച്ചി സാവിത്രിക്കുട്ടിക്കു പ്രാതൽ കൊടുക്കും; ‘സ്ക്കൂളിൽ പോണ്ടേ അവൾക്കു്?’ എന്നു് തുറിച്ചുനോക്കുന്ന പത്മേച്ചിക്കു് മറുപടിപറയും… ഇറക്കാനും തുപ്പാനും വയ്യാതെ ആ ചായ കുടിക്കുമ്പോൾ നാട്ടിലെ ഒരു ചെറിയ ശർക്കരത്തുണ്ടു കടിച്ചു് മധുരം വരുത്തിക്കുടിക്കുന്ന കട്ടൻചായയുടെ—എന്നല്ല ‘തേയില വെള്ള’ മെന്ന പേരാ ചേരുക—രുചി ഓർമ്മയിൽ വരും… വിശപ്പാണു് രുചിയെന്ന സത്യം അന്നേരം സാവിത്രിക്കുട്ടിക്കു ബോധ്യം വരും.
പരീക്ഷ കഴിഞ്ഞു… നിരാശനും നിസ്സഹായനും അതുകൊണ്ടുതന്നെ പ്രസക്തി നഷ്ടപ്പെട്ടവനുമായ വല്യമ്മാവൻ; സ്വാഭാവികാഗ്രഹങ്ങളെ മനസ്സിൽ ചങ്ങലക്കിടേണ്ടി വന്നതിന്റെ അതൃപ്തിയുമായി ചിലർ; രാപകൽ നാളത്തെ ലോകം പണിയാനുള്ള തിരക്കിട്ട ജോലികളിലാണെങ്കിലും ഇന്നുകൾ ആശ്രിതത്വത്തിന്റെ കയ്പുള്ള ഭാരം പേറുന്നതാണെന്ന ജാള ്യത അന്തർമുഖനാക്കിയ ശശിയേട്ടൻ; എല്ലാ അതൃപ്തികളുടേയും അസ്വസ്ഥതകളുടേയും മൂലകാരണം വല്യമ്മാവനാണെന്നുള്ള പരിഭവത്തിന്റെ കറുപ്പുമുഴുവൻ വെളുത്ത മുഖത്തു പ്രതിഫലിപ്പിച്ചു നടക്കുന്ന വല്യമ്മായി. ഇതിലാരു് ചോദിക്കും സാവിത്രിക്കുട്ടിയോടു്; ‘പരീക്ഷയെങ്ങനെ എഴുതി മോളേ’ന്നു്!
ചോദിച്ചു, വല്യമ്മാവനും ബാലേട്ടനും.
‘എഴുതി’ എന്നുമാത്രം ഉത്തരം പറഞ്ഞു. അത്രയേ പറയാൻ പറ്റൂ.
ഇടയ്ക്കിടെ ജലദോഷവും പനിയും വരാറുണ്ടു്, തലയിൽ കഫം കെട്ടീട്ടാണത്രെ. എന്നും വെളുപ്പിനു് അഞ്ചുമണിക്കു് കുളിമുറിയിലെ ചരുവത്തിൽ കോരിയിട്ടിരിക്കുന്ന ഐസുപോലെ തണുത്ത വെളളത്തിലാണു സാവിത്രിക്കുട്ടിയുടെ കുളി; അതേ പറ്റൂ. ഒരേ ഒരു കുളിമുറി; എങ്ങും പോകണ്ടാത്ത പത്മേച്ചിക്കുവരെ രാവിലെ കുളിക്കണം. ഒൻപതു മണിക്കിറങ്ങണം സാവിത്രിക്കുട്ടിക്കു്… വെളുപ്പിനെ കിണറ്റിലെ വെള്ളത്തിനു ഇളംചൂടാണു്, പക്ഷേ, കോരുമ്പോൾ കപ്പി കരയും. കിണറിനടുത്ത മുറിയിലുറങ്ങുന്ന പത്മേച്ചിയുണരും… പിന്നത്തെ പൂരം! പനി വന്നാലും സാരമില്ല.
സ്റ്റഡിലീവിനും പനി വന്നു… ഏതു പനിവന്നാലും കണക്കും സയൻസും പ്രശ്നമല്ല. ക്ലാസ്സിൽ ശ്രദ്ധിച്ചു് നോട്ടെഴുതുന്നുണ്ടു്; ഏതു് ഉറക്കത്തിൽ വിളിച്ചെഴുന്നേല്പിച്ചു് പരീക്ഷയെഴുതിച്ചാലും കണക്കും സയൻസും ഒരക്ഷരം തെറ്റുകയില്ല. ഇംഗ്ലീഷ് സ്വന്തം ഭാഷയിലെഴുതാനറിയാം… പിന്നെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം കവിതകൾ… പുസ്തകം കയ്യിൽക്കിട്ടുമ്പോഴേ കവിതകൾ കാണാപ്പാഠമാക്കും… പക്ഷേ, പരീക്ഷയെഴുതാൻ കുത്തും കോമയും ഹൈഫനും… രാത്രിയിൽ അരിയും ഉഴുന്നുമരയ്ക്കുമ്പോൾ ഇടത്തേ തുടയിൽ നിവർത്തിവച്ച പാഠപുസ്തകങ്ങളിൽ നിന്നു് കുത്തും കോമയുമൊക്കെ മനസ്സിൽ കോറിയിട്ടിരുന്നു… വേഡ്സ്—വെർത്തിന്റെ ‘ഡാഫൊഡിൽസ്’ എന്ന കവിത സാവിത്രിക്കുട്ടി വിവർത്തനം ചെയ്തു; ആനിവേഴ്സറിക്കു് സ്ക്കൂളിൽ വായിച്ചു. സുശീലാദേവിറ്റീച്ചറിന്റെ അഭിനന്ദനം മനസ്സുനിറച്ചു… അത്രയൊക്കെമതി. ജയിക്കുമെന്നുറപ്പാണു്. കോളേജെന്ന സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത സാവിത്രിക്കുട്ടിക്കെന്തിനു് ഒരുപാടു മാർക്ക് ജയിച്ചാൽ എന്തെങ്കിലും ജോലി ചെയ്യാൻ പറ്റും, അതുമതി.
എന്നാൽ എസ്. എസ്. എൽ. സി. മാർക്കിനു് ഒരുപാടു വിലയുണ്ടാകാം എന്നു മനസ്സിലാക്കാൻ വീണ്ടും കുറച്ചുനാൾ വേണ്ടിവന്നു.
‘റിസൽറ്റുവന്നാലൊടനെ സർട്ടിഫിക്കറ്റുകൾ വാങ്ങീട്ടു് നെന്നെ കൊണ്ടാക്കിയാ മതീന്നു് ഞാൻ ദിവാകരനോടു പറഞ്ഞിട്ടൊണ്ടു്. ഇപ്പക്കൊണ്ടാക്കിയാ ഇനീം വരണ്ടേ അതൊക്കെ വാങ്ങാൻ.’ വല്യമ്മായി പറഞ്ഞു.
സർട്ടിഫിക്കറ്റുകൾ കിട്ടണം, നാട്ടിലെത്തണം, എത്രയും വേഗം. അതുമാത്രമേ സാവിത്രിക്കുട്ടിയുടെ ചിന്തയിലുള്ളൂ. എസ്. എസ്. എൽ. സി. കഴിഞ്ഞവർക്ക് ജോലിക്കു് അപേക്ഷിക്കാം. രവീന്ദ്രൻ ചേട്ടനു പക്ഷേ, ഇതുവരെ ജോലി കിട്ടിയില്ല; അതാ മദ്രാസിനു പോയതു്.
അപ്പോഴാണു് പത്രത്തിൽ ഒരു പരസ്യം കണ്ടതു്. മിലിട്ടറി നഴ്സു് ആയിട്ടു് പതിനേഴുവയസ്സായ പെൺകുട്ടികൾക്കു് അപേക്ഷിക്കാം; എസ്. എസ്. എൽ. സി. പാസ്സായാൽ മതി. സെലക്ടു് ചെയ്താൽ അവർ പഠിപ്പിക്കും, മിലിട്ടറിയിൽ നഴ്സായി ജോലിയിൽ നിയമിക്കും. നല്ല ശമ്പളം, താമസം… പതിനേഴു തികഞ്ഞാലല്ലേ പറ്റൂ… സാവിത്രിക്കുട്ടിയുടെ ഉദ്ദേശം രാധാമണിച്ചേച്ചിയോടു പറഞ്ഞു… അതുപക്ഷേ, ദിവാകരേട്ടൻ അറിഞ്ഞു.
‘മിലിട്ടറി നേഴ്സോ? വേറൊന്നും കണ്ടില്ലാ! അതിനു പോണേൽ പൊക്കോ, പക്ഷേ, പിന്നെ നിന്നെ വീട്ടിലെന്നല്ല നാട്ടിൽ പോലും കാലുകുത്താനനുവദിക്കില്ല… അവടത്തെ നഴ്സിംഗ് എന്താന്നു് ഞാൻ പറയണോ? നിന്റെ മോഹം കൊള്ളാം!’ ദിവാകരേട്ടന്റെ സ്വരത്തിലും ഭാവത്തിലും വെറുപ്പു് നിറഞ്ഞുനിന്നിരുന്നു.
മോഹം കൊണ്ടു പറഞ്ഞതല്ല അതു്; സാവിത്രിക്കുട്ടിയുടെ മോഹം അതല്ല… ഫിസിക്സും കെമിസ്ട്രിയും പഠിക്കണം… ബോംബേയിൽ ആറ്റമിക് എനർജി കമ്മീഷൻ എന്നൊരു സ്ഥാപനത്തേയും ഹോമിഭാഭാ എന്നൊരു ശാസ്ത്രജ്ഞനെയും കുറിച്ചുള്ള വാർത്തകൾ വായിച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നു അവിടെ ഗവേഷണം നടത്തണം, ശാസ്ത്രജ്ഞയായി ഒരുപാടു് കണ്ടുപിടിത്തങ്ങൾ നടത്തണം… ഇല്ല, ഇല്ല. തനിക്കു മോഹങ്ങളൊന്നുമില്ല. ഒന്നും മോഹിക്കാൻ അർഹതയില്ല. വേണ്ടാ… മോഹങ്ങളുണ്ടായാലല്ലേ മോഹഭംഗങ്ങളുണ്ടാകൂ… എല്ലാ മോഹങ്ങളും സാവിത്രിക്കുട്ടി തന്റെ മനസ്സിൽ എന്നേ കുഴിച്ചുമൂടി…
‘അതല്ല, വേഗം എന്തെങ്കിലും ജോലി കിട്ടൂംന്നു വച്ചിട്ടാ…’ അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം സാവിത്രിക്കുട്ടി പറഞ്ഞു.
ആരുമൊന്നും പറഞ്ഞില്ല.
പത്മേച്ചിയുടെ കല്യാണക്കാര്യം തീരുമാനമായിരുന്നു. പത്മേച്ചിക്കു വലിയ സന്തോഷമായി. ‘ഓ സാവിത്രിക്കു് കല്യാണം കൂടാൻ പറ്റില്ലാരിക്കും ഇല്ലേ? എടവത്തിലല്ലേ… അപ്പളത്തേനു് നെനക്കുപോണ്ടെ?’ നാന്നിച്ചേച്ചി പറഞ്ഞു.
ദിവസങ്ങൾ നടന്നു നീങ്ങി.