പരീക്ഷാഫലം വന്നു… സാവിത്രിക്കുട്ടിക്കു് അതു മറ്റൊരു പരീക്ഷയായി. സർട്ടിഫിക്കറ്റു വാങ്ങാൻ ചെന്ന സാവിത്രിക്കുട്ടിയെ അദ്ധ്യാപകരും കുട്ടികളും അഭിനന്ദിക്കാൻ മത്സരിക്കുകയായിരുന്നു; റെക്കോർഡു മാർക്കല്ലേ; സ്ക്കൂളിന്റെ ചരിത്രത്തിലാദ്യമാണത്രെ! ‘ഏതു കോളേജിലാ ചേരുന്നേ?’ ആ ചോദ്യം സാവിത്രിക്കുട്ടിയെ തളർത്തി.
‘എവിടെയാന്നു ചോദിക്കണതെന്നാത്തിനാ സാറേ? കാളേജുകാരു് അവളെ കൊത്തിയെടുക്കത്തില്ലേ. ഇരുപത്തേഴു കൊല്ലായി ഞാൻ ബയോളജി പഠിപ്പിക്കുന്നു; ഇന്നുവരെ എഴുപത്തഞ്ചു ശതമാനം മാർക്കു വാങ്ങിച്ചവർ തന്നെ വെരലേലെണ്ണാനില്ല. ഇതിപ്പം എൺപതു ശതമാനം മാർക്കേ! കർത്താവിനു സ്തുതി! എന്റെ വക ഒരു സ്പെഷ്യൽ സമ്മാനം തരുന്നൊണ്ടു് നെനക്കു്’ ബയോളജി പഠിപ്പിക്കുന്ന അന്നമ്മ അലക്സാണ്ടർ റ്റീച്ചർ.
‘കോളേജീ ചേർന്നിട്ടു ഒരു ദിവസം നീ വരണം. ദിവസം ഞാനറിയിക്കാം. നെനക്കുള്ള സമ്മാനങ്ങൾ വാങ്ങണ്ടെ? സുശിലാദേവിറ്റീച്ചറിന്റെ സ്വർണമെഡൽ മാത്ത്സിനു് നൂറിൽ നൂറു വാങ്ങിയതിനു്, ഗോപീകൃഷ്ണൻ സാറിന്റെ ഓക്സ്ഫോർഡ് ഡിക്ഷണറി, അന്നമ്മറ്റീച്ചറിന്റെ സമ്മാനം, സ്ക്കൂൾ ഫസ്റ്റിനുള്ള സമ്മാനം… ഒരു ചെറിയ ഫങ്ഷൻ; അങ്ങനെയല്ലേ സാറേ?’ ഹെഡ്മിസ്ട്രസ് മെറ്റിൽഡാ ഡിസിൽവ ഉത്സാഹത്തോടെ പറഞ്ഞു.
സാവിത്രിക്കുട്ടി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല; അവളുടെ മനസ്സു് ശൂന്യമായിരുന്നു.
സർട്ടിഫിക്കറ്റുകളുമായി ഗേറ്റിനരികിലെത്തിയപ്പോഴായിരുന്നു സുശീലാദേവിറ്റീച്ചർ പുറകിൽ നിന്നു വിളിച്ചതു്:
‘സാവിത്രി നീയിങ്ങുവന്നേ…’ അടുത്തുവന്ന സാവിത്രിക്കുട്ടിയെ സൂക്ഷിച്ചുനോക്കി റ്റീച്ചർ: ‘എന്താ കുട്ടീ നെനക്കു്… ഞാൻ നേരത്തേ മുതൽ ശ്രദ്ധിക്കുന്നു. ഈ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാ ഇത്രേം മാർക്ക് കിട്ടുന്നേ. ഞങ്ങക്കൊക്കെ എന്തു സന്തോഷമായെന്നോ… നീയൊന്നു ചിരിക്കുന്നു പോലുമില്ലല്ലോ. എന്തുപറ്റി കുട്ടീ? ഓ ഒരു കാര്യം പറയാനാ നിന്നെ വിളിച്ചേ. ഞാനിപ്പം മറന്നേനേ. നിന്റെ നോട്ടുബുക്കുകളില്ലേ—കണക്കിന്റെ വർക്ക് ബുക്ക്, സയൻസിന്റെ എല്ലാ ബുക്സും—നിന്റെ നോട്ടുകൾ എക്സലന്റാണെന്നു റ്റീച്ചേഴ്സു പറഞ്ഞു—പിന്നെ ഇംഗ്ലീഷ് കോംപോസിഷൻ ബുക്കും കൊണ്ടുവന്നു തരണം… പറ്റിയാ നാളെത്തന്നെ. പരീക്ഷ കഴിഞ്ഞപ്പളേ വാങ്ങിവയ്ക്കാൻ അവരെന്നോടു പറഞ്ഞിരുന്നതാ, മറക്കല്ലേ.’
ഫിഫ്ത്ത് ഫോറത്തിലും സിക്സ്ത് ഫോറത്തിലും തന്റെ ക്ലാസ് ടീച്ചറായിരുന്ന പ്രിയപ്പെട്ട സുശീലാദേവിറ്റീച്ചറിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു സാവിത്രിക്കുട്ടി. പിന്നെ പെട്ടെന്നു തിരിഞ്ഞുനടന്നു. സ്ക്കൂളിനോടു വിടപറയുന്നതിലെ സങ്കടമാണെന്നു റ്റീച്ചർ ധരിച്ചുകൊള്ളും.
സാവിത്രിക്കുട്ടി പിന്നെ സ്ക്കൂളിലേക്കു പോയതേയില്ല. സമ്മാനം വാങ്ങാനും പോയില്ല. നോട്ടുബുക്കുകൾ അടുത്ത വീട്ടിലെ കുട്ടിയുടെ കയ്യിൽ കൊടുത്തയച്ചു; ആരുടേയും സമ്മാനങ്ങൾ വേണ്ടാ, ആരേയും നേരിടാനും വയ്യ.
സർട്ടിഫിക്കറ്റുബുക്കു വാങ്ങി മറിച്ചുനോക്കിയ ദിവാകരേട്ടൻ ‘ങാ കൊള്ളാം… ചരിത്രോം ഭൂമിശാസ്ത്രോം മലയാളോം ഒഴപ്പി, അല്ലേ, അതു ശ്രദ്ധിച്ചിരുന്നേ അഞ്ഞൂറുതെകയ്ക്കാരുന്നല്ലോ… അതെങ്ങനാ, മറ്റു പലതിലുമല്ലേ താല്പര്യം!’ എന്നു് ഊന്നിപ്പറഞ്ഞതെന്തിനാണെന്നു് സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല; വായനയാണോ, അതോ കവിതയെഴുത്തോ!
ശശിച്ചേട്ടൻ വലിയ തിരക്കിലാണു്. ഒരുപാടു് രാഷ്ട്രീയ മാറ്റങ്ങളുടെ കാലഘട്ടമായിരുന്നല്ലോ; വീട്ടിൽ വരുന്നതുതന്നെ അപൂർവ്വം. അതും രാത്രിയേറെച്ചെന്നിട്ടായിരിക്കും; വെളുപ്പിനേ പോവുകയും ചെയ്യും. പത്മേച്ചി സർട്ടിഫിക്കറ്റ് നോക്കി ഒരു പുച്ഛച്ചിരിയോടെ തിരിച്ചുതന്നു: ‘പൊസ്തകം മുഴ്‌വോൻ കരണ്ടുതിന്നിട്ടും ഇത്രേള്ളൂ അല്ലേ!’ന്നു് ഒരു ചോദ്യവും. വല്യമ്മായിയും രാധാമണിച്ചേച്ചിയും അഭിപ്രായം പറഞ്ഞില്ല. തോറ്റോ ജയിച്ചോ എന്നു മാത്രം… അറിഞ്ഞാൽ മതി അവർക്ക് ബാലേട്ടൻ പക്ഷേ, തോളിൽത്തട്ടി അഭിനന്ദിച്ചു…
സാവിത്രിക്കുട്ടി തന്റെ സ്വത്തുവകകൾ എല്ലാം ഒതുക്കി വച്ചു—കവിതപ്പുസ്തകം, പ്രിയപ്പെട്ട ചില വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു കവർ, സർട്ടിഫിക്കറ്റ്, പിന്നെ വസ്ത്രങ്ങൾ; ഒരു സഞ്ചിയിൽ കൊള്ളാനുള്ളതു്. പത്മേച്ചിയുടെ കല്യാണത്തിനു് മൂന്നാഴ്ചയുണ്ടു്, അതു കഴിഞ്ഞാൽ ആരെങ്കിലും സാവിത്രിക്കുട്ടിയെ കൊണ്ടുചെന്നാക്കുമെന്നു് വല്യമ്മായി പറഞ്ഞിട്ടുണ്ടു്…
സാവിത്രിക്കുട്ടിക്കു യാത്ര പറയേണ്ടവരായി രണ്ടുമൂന്നു പേരേയുള്ളൂ. അവരോടു മുൻകൂട്ടി യാത്ര പറഞ്ഞു; പെട്ടെന്നു പോകേണ്ടി വന്നാൽ ഒന്നും പറയാൻ തരപ്പെട്ടില്ലെങ്കിലോ—മുറ്റത്തരുകിൽ നിറയെ തളിരും കൊച്ചുകായകളുമായി നിൽക്കുന്ന മാതളച്ചെടി, കിണറ്റുകരയിലേക്കുള്ള പടിപ്പുരയിൽ പടർന്നു കയറിയ നിറയെ പൂത്തുനിൽക്കുന്ന പിച്ചകം, പിന്നെ മാടൻതറയ്ക്കു ചുറ്റുമുള്ള വേലിയിൽ പടർന്നു കിടക്കുന്ന നക്ഷത്രപ്പൂക്കൾ വിരിയുന്ന പേരറിയാത്ത വള്ളിച്ചെടി! തന്റെ കൂട്ടുകാർ.
കുറച്ചുനാളായി സ്ഥലത്തില്ലാതിരുന്ന വല്യമ്മാവൻ എത്തിയപാടെ സാവിത്രിക്കുട്ടിയെ വിളിച്ചു് ബുക്കു വാങ്ങിനോക്കി: ‘മിടുക്കി… ഇത്രേം മാർക്കുണ്ടല്ലേ. കൊള്ളാം ഇങ്ങനെ വേണം കുട്ടികൾ!’
വൈകിട്ടു് ദിവാകരേട്ടൻ വന്നപ്പോൾ വല്യമ്മാവൻ വിളിച്ചു: ‘ഏതു കോളേജിലാ ദിവാകരാ, ഇവൾക്കു് ആപ്ലിക്കേഷൻ കൊടുത്തേ?’ ആരും മിണ്ടിയില്ല.
വല്യമ്മാവനു ദേഷ്യം വന്നു: ‘ആരും ഇതുവരെ അനങ്ങാതിരുന്നതെന്താ? അവളിനി ഇവ്ടെ പഠിക്കട്ടേന്നു് തീരുമാനിച്ചതു് നീയും കൂടല്ലേ? ഈ രണ്ടു കൊല്ലത്തേക്കാരുന്നേ എന്തിനാ കൊണ്ടുവന്നേ? അവൾക്കു ഫീസിനൊള്ള കാശു് സ്കോളർഷിപ്പൊണ്ടാര്ന്നു, അവടെത്തന്നെ പഠിച്ചാ പോരാര്ന്നോ?’
പിന്നെ ഒരു ബഹളമായിരുന്നു. ദിവാകരേട്ടൻ പ്രാരാബ്ധങ്ങൾ നിരത്തി; ഒപ്പം വലിയമ്മായിയും പരാതിയും പരിഭവങ്ങളും. വലിയ ഒരു കുടുംബത്തിന്റെ ഭാരം താങ്ങണം. ഒരു കല്യാണം നടത്തി. ഇനി രണ്ടു പെങ്ങന്മാരുടെ കല്യാണം നടത്തണം. സ്വന്തം ജീവിതത്തിനു് ഇനിയെങ്കിലും അർത്ഥം കണ്ടെത്തണം. അതിനിടെ ഒരുത്തരവാദിത്വവുമെടുക്കാതെ തെക്കുവടക്കു് രാഷ്ട്രീയം കളിച്ചു തെണ്ടിനടക്കുന്ന അനുജൻ. ദിവാകരേട്ടൻ പൊട്ടിത്തെറിച്ചു:
‘ഞാനെന്തുവേണം? എന്റെ ശമ്പളോം അച്ഛന്റെ നിസ്സാര പെൻഷനുമല്ലാതെ മറ്റെന്തു കണ്ടോണ്ടാ ഇനീം ഒരോ ഭാരങ്ങളെടുത്തു തലവയ്ക്കുന്നേ?’
വലിയമ്മായിയും പത്മേച്ചിയും ദിവാകരേട്ടനെ പിൻതാങ്ങി.
കൂടുതലൊന്നും കേൾക്കാൻ നില്ക്കാതെ സാവിത്രിക്കുട്ടി പടിപ്പുര കടന്നു് തെക്കേത്തൊടിയിലേക്കിറങ്ങി; അതിർത്തിക്കരികിലെ മാടൻതറയുടെ മുളവേലിയിൽ പിടിച്ചു സംശയിച്ചു നിന്നു… സന്ധ്യമയങ്ങിത്തുടങ്ങി—വേലിനൂണ്ടു് അകത്തുകയറാം. രാധാമണിച്ചേച്ചി പറഞ്ഞിട്ടുണ്ടു് രാത്രിയിൽ അതിനടുത്തെങ്ങാനും ചെന്നാൽ മാടൻ തലയ്ക്കടിച്ചു് കൊല്ലുമെന്നു്; കൊല്ലട്ടെ… പക്ഷേ, സാവിത്രിക്കുട്ടിക്കു മരിക്കാൻ പറ്റില്ലല്ലോ. ജീവിച്ചേ പറ്റൂ… എത്രയും വേഗം തന്റെ വീട്ടിലെത്തണം…