സാവിത്രിക്കുട്ടി പെട്ടെന്നു തിരിച്ചുവന്നു മുറിയിൽ കയറി. വാതിലടച്ചില്ല, അതിനു വാതിൽ പാളികളുണ്ടായിരുന്നില്ല. വീഞ്ഞപ്പലകമേശപ്പുറത്തു് തന്റെ പ്രിയപ്പെട്ട കണക്കുബുക്ക് തുറന്നു വച്ചു. വല്ലാത്ത മന:സംഘർഷം വരുമ്പോഴും സന്തോഷം തോന്നുമ്പോഴും കണക്കുബുക്കു തുറക്കും സാവിത്രിക്കുട്ടി… സാവിത്രിക്കുട്ടിക്കു മുന്നോട്ടു പോകാനുള്ള പ്രേരണയോ ഊർജ്ജമോ കൊടുക്കുന്ന എന്തോ ഒന്നു് ആ ബുക്കിലുണ്ടു്… ആ വലിയമുറിയിലെ ഇരുപത്തഞ്ചുവാട്ടിന്റെ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ കണക്കുബുക്കിൽ തന്നെ ശ്രദ്ധയൂന്നി അവളിരുന്നു…
ആ ദിവസം അങ്ങനെ തീർന്നു…
വീടിനു പുറകുവശത്തെ വാഴക്കൂട്ടത്തിൽ ഉണങ്ങിയ വാഴക്കൈകൾ വെട്ടിയെടുക്കുകയായിരുന്നു സാവിത്രിക്കുട്ടി—വല്യമ്മാവനു് കുളിക്കാൻ വെള്ളം ചൂടാക്കണം. നേരം നന്നായി പുലർന്നു കഴിഞ്ഞിരുന്നു. അപ്പോഴാണു് രാധാമണിച്ചേച്ചി മിറ്റത്തിറങ്ങി നിന്നു് വിളിക്കുന്നതു്: ‘നീ വേഗം ചെല്ലു്—മുൻവശത്തു് ആരോ വന്നിരിക്കുന്നു.’
സാവിത്രിക്കുട്ടി സംശയിച്ചു് സംശയിച്ചാണു് മുൻവശത്തെത്തിയതു്. സുശീലാദേവിറ്റീച്ചറും ലീലാമണി റ്റീച്ചറും വലിയമ്മാവനുമായി സംസാരിച്ചിരിക്കുന്നു.
‘ങാ നീ വന്നോ… നിന്നെപ്പറ്റിയാ ഞങ്ങളു പറഞ്ഞോണ്ടിരുന്നേ. നീയിനി പഠിക്കുന്നില്ലാന്നു് സിക്സ്ത് ബിയിലൊണ്ടാരുന്ന ശാരദ വന്നു പറഞ്ഞു. നീയും അവളും തമ്മിലല്ലാരുന്നോ പഠിത്തത്തിനു മത്സരം. അവക്കു ട്യൂഷനുമൊക്കെയൊണ്ടാര്ന്നു. എന്നിട്ടും നിന്നേക്കാൾ മാർക്കു കൊറഞ്ഞുപോയി. പക്ഷേ, അവക്കു അതിനു സങ്കടോന്നില്ല. നീ പഠിക്കുന്നില്ലാന്നു് നിന്റെ ചേച്ചി പറഞ്ഞറിഞ്ഞതാത്രെ… നീ പഠിക്കണം. വലിയ എൻജിനീയറോ, ശാസ്ത്രജ്ഞയോ ഒക്കെയാകണം. ഞങ്ങടെ അഭിമാനമാ നീ… ഡേറ്റു കഴിഞ്ഞു. പക്ഷേ, സാറൊന്നു നോക്കിയാ…’
അവരു പോയി.
വല്യമ്മാവൻ പെട്ടെന്നു് കുളികഴിഞ്ഞു് വന്നു. വല്യമ്മാവൻ പറഞ്ഞതനുസരിച്ചു് പെട്ടിയിൽ നിന്നു് തേച്ചു വച്ചിരുന്ന ഖദർ ഷർട്ടും മുണ്ടും ഖദർ ഷാളും ബനിയനുമൊക്കെ എടുത്തു വച്ചിരുന്നു. സാവിത്രിക്കുട്ടി വന്നതുമുതൽ ‘ഈ വീട്ടിലെ കൊച്ചുകുട്ടിയായ ഇവളാണു് എന്റെ സെക്രട്ടറി’ എന്നു് പറഞ്ഞു് വലിയമ്മാവൻ അവളെ നിയമിച്ചിരുന്നു.
വേഗം ഡ്രസ്സുചെയ്തു് വലിയമ്മാവൻ പുറത്തേക്കുപോയി. സന്തതസഹചാരിയായ വെള്ളികെട്ടിയ വടിയും കയ്യിലുണ്ടായിരുന്നു.
കുറച്ചുനേരത്തേക്കു തർക്കങ്ങളും ചർച്ചകളുമായിരുന്നു. ‘റ്റീച്ചറമ്മാരെ വിളിച്ചോണ്ടു വന്നേക്ക്ണൂ ശുപാർശയ്ക്കു്… മനുഷ്യരെ നാണം കെടുത്താൻ… നീയെന്താ ധരിച്ചേക്കുന്നേ? നാണമില്ലാത്തവൾ!’ വല്യമ്മായി ശുണ്ഠിയെടുത്തു.
‘ഞാനാരോടും പറഞ്ഞിട്ടില്ല.’ സാവിത്രിക്കുട്ടി ആണയിട്ടു.
‘പിന്നെ… നീ പറയാണ്ടാ? അല്ലാണ്ടേ അവർക്കെന്താ നെന്റെ കാര്യത്തീ ഇത്ര ദെണ്ണം?’ പത്മേച്ചി ചീറി.
‘എനിക്കു കാളേജി പോകണ്ടാ; എനിക്കു പഠിക്കണ്ട… എന്നെ ഒരു വണ്ടീ കേറ്റി വിട്ടാമതി, ഞാൻ പൊക്കോളാം.’ സാവിത്രിക്കുട്ടി പൊട്ടിക്കരഞ്ഞു.
ഉച്ചകഴിഞ്ഞു വല്യമ്മാവൻ വന്നപ്പോൾ ആഹാരം കഴിക്കാതെ കരഞ്ഞുതളർന്നു മുറിക്കകത്തു കിടന്ന സാവിത്രിക്കുട്ടിയെ രാധാമണിച്ചേച്ചി വിളിച്ചേഴുന്നേല്പിച്ചു:
“അച്ചൻ വിളിക്കുന്നു നെന്നെ. വേഗം വാ, മൊഖം കഴുകീട്ടു വാ.”
വല്യമ്മാവൻ ഊണു കഴിഞ്ഞിരുന്നു. അപേക്ഷാഫാറത്തിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ സാവിത്രിക്കുട്ടി പരുങ്ങിനിന്നു.
‘ങൂം എന്താ താമസം… നാലുമണിക്കു മുൻപു് എത്തിക്കണം ഇതു്.’ വല്യമ്മാവൻ ഗൗരവത്തിലാണു്.
‘വല്യമ്മാവാ, അതു്… എനിക്കു പഠിക്കണ്ട. വീട്ടിപ്പോണം…’ സാവിത്രിക്കുട്ടി വിക്കിവിക്കിപ്പറഞ്ഞു. വല്യമ്മാവൻ ഇന്നുവരെ ദേഷ്യത്തിൽ ഒരു നോട്ടം പോലും നോക്കിയിട്ടില്ല സാവിത്രിക്കുട്ടിയെ. സൗമ്യമായ, സ്നേഹമൂറുന്ന മുഖത്തോടെയല്ലാതെ ഒരു വാക്കും പറഞ്ഞിട്ടുമില്ല. എന്നാലും സാവിത്രിക്കുട്ടിക്കു് വല്യമ്മാവനോടു് എതിർത്തുപറയാൻ പേടിയാണു്. വല്യമ്മാവന്റെ മുഖം ചുവന്നു:
‘കൂടുതലൊന്നും ചോദിച്ചില്ലല്ലോ; നിന്നോടു് ഒപ്പിടാനാ പറഞ്ഞതു്.’
സാവിത്രിക്കുട്ടി ഒപ്പിട്ടു. ആരോടും ഒന്നും പറയാൻ നിൽക്കാതെ അപേക്ഷാഫാറവും സർട്ടിഫിക്കറ്റുകളും മടക്കിയെടുത്തു് വല്യമ്മാവൻ ഇറങ്ങി.
‘വയസ്സുകാലത്തു് ആ മനുഷ്യന്റെയൊരു സൂക്കേടു് നോക്കണേ; നട്ടപ്ര വെയിലത്തു്… സൊന്തം മക്കടെ കാര്യത്തിലില്ലാത്ത തത്രപ്പാടാ… മാനേജരു് ഫ്രണ്ടാണത്രേ… നടക്കട്ടെ.’
വല്യമ്മായിയുടെ പരാതി സാവിത്രിക്കുട്ടിയെ പൊള്ളിച്ചു. ഇവിടത്തെ അവസ്ഥ മനസ്സിലാക്കണമായിരുന്നു. പഠിക്കുന്നില്ലെന്നു് വല്യമ്മാവനോടു തീർത്തുപറയാമായിരുന്നു; തന്റെ അതിമോഹം!
…കാളേജ് തുറന്നു… ഒരു ദിവസം ദിവാകരേട്ടൻ വൈകിട്ടുവന്നപ്പോൾ ഒരു കവർ സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. രണ്ടു ഹാഫ്സാരിയായിരുന്നു അതു്, ഖട്ടാവു് വോയിലിന്റെ ഭംഗിയുള്ള പ്രിന്റുകൾ!
‘ഇതാണോ ഇപ്പ അത്യാവശ്യം; പത്മയ്ക്കു് ഒന്നും വാങ്ങീല്ലേ? ഇതിനെടേ അവടന്നു വല്ലോരും വരാതിരിക്കില്ല. അവക്കുടുത്തോണ്ടു നിക്കാൻ പുതിയതെന്തേലും വേണ്ടേ?’ വലിയമ്മായി ദേഷ്യപ്പെട്ടു.
‘നാളെ ഉച്ചയ്ക്കു വരാൻ കാറുകാരനോടു പറഞ്ഞിട്ടൊണ്ടു്. എല്ലാർക്കുമുള്ളതു വാങ്ങണം. ഇനി മൂന്നാഴ്ചയല്ലേയുള്ളൂ’, ദിവാകരേട്ടൻ പറഞ്ഞു.
പിറ്റേന്നു രാവിലെ പാവാടയും ബ്ലൗസും ഹാഫ്സാരിയുമണിഞ്ഞു് ഇത്തിരി ഗമയിലാണു് സാവിത്രിക്കുട്ടി അടുക്കളയിലേക്കു വന്നതു്. ‘ആഹാ കേമായിട്ടൊണ്ട്! കാളിപ്പൊലക്കള്ളി മീൻ വാങ്ങാൻ മെടയണ ഓലാംകൊട്ട പോലെ മോന്ത… മൂന്നരയടി പൊക്കം… അതിന്റെ മോളീ സാരീം ചുറ്റിവന്നപ്പ തലേണയ്ക്കൊറയിട്ട പോലുണ്ടു് അല്ലേ അമ്മേ!’ പത്മേച്ചി പൊട്ടിച്ചിരിച്ചു. കേട്ടുനിന്ന വല്യമ്മായിയും വാസുവും ചിരിച്ചു. രാധാമണിച്ചേച്ചി ചിരിച്ചില്ല. സാവിത്രിക്കുട്ടിക്കു് ചായയും പലഹാരവും കൊടുത്തിട്ടു് നേരെ മുറ്റത്തേയ്ക്കിറങ്ങി.
സാവിത്രിക്കുട്ടി സങ്കടപ്പെട്ടില്ല; താനെങ്ങനെയിരുന്നാലെന്താ, തന്നോടു കൂട്ടുകൂടാൻ അരവിന്ദും അച്ചുവും കൃഷ്ണകുമാറും സൗമിനിയും അവളുടെ ചേട്ടൻ കുഞ്ഞനിയൻ നമ്പൂതിരിയുമൊക്കെയുണ്ടല്ലോ. അരവിന്ദനും കൃഷ്ണകുമാറും കുഞ്ഞനിയൻ നമ്പൂതിരിയും വേറെ കാളേജിലാ പഠിക്കുന്നേ. അരവിന്ദൻ അവിടത്തെ ആർട്ടു് ക്ലബ് സെക്രട്ടറിയും കൃഷ്ണകുമാർ മാഗസിൻ എഡിറ്ററുമാണു്. അച്ചു പഠിക്കുന്നില്ല; അച്ചുവിന്റെ അയൽപക്കക്കാരനാണു് കൃഷ്ണകുമാർ. അവരുടെ വായനശാലയുടേതായി പുറത്തിറക്കിയ കയ്യെഴുത്തുമാസിക തയ്യാറാക്കാൻ ഏല്പിച്ചതു് സാവിത്രിക്കുട്ടിയെ. സൗമിനീം അച്ചൂം നിർബന്ധിച്ചിട്ടാണു് താനതു് ഏറ്റെടുത്തതു്. പക്ഷേ, അതൊരു മൃതസഞ്ജീവനിയായിരുന്നു തനിക്കു് കവർപേജ് ഡിസൈനുകൾ ഉണ്ടാക്കിയതും വരച്ചതും സാവിത്രിക്കുട്ടി. ഇലസ്ട്രേഷൻ സാവിത്രിക്കുട്ടി. വ്യത്യസ്ത പേരുകളിൽ കവിതയും ലേഖനങ്ങളും. മാസികയുടെ എഴുത്തും ഓരോന്നിനുമുള്ള വരകളും ലേഔട്ടും എല്ലാം സാവിത്രിക്കുട്ടിയുടെ… ഉടമസ്ഥാവകാശം കൃഷ്ണകുമാറിനു്. എന്നാലെന്താ സാവിത്രിക്കുട്ടി മനസ്സു് നിറഞ്ഞു് സന്തോഷിച്ച കുറച്ചു ദിവസങ്ങൾ; അവരുടെ നല്ല വാക്കുകൾ! അതുമതി, അതുമതി.
മൂന്നരമൈൽ കാളേജിലേക്കും തിരിച്ചു് മൂന്നരമൈൽ വീട്ടിലേക്കുമുള്ള നടത്തം സാവിത്രിക്കുട്ടി ആഘോഷിച്ചു, മനോരാജ്യം കണ്ടു്. പക്ഷേ, കാളേജിന്റെ പകിട്ടിൽ സാവിത്രിക്കുട്ടി ഒറ്റയ്ക്കായി. റ്റീച്ചർ തയ്യാറാക്കി കാളേജിലെ പ്യൂണിനേക്കൊണ്ടു് കല്ലച്ചിൽ അച്ചടിപ്പിച്ചു് മൂന്നു രൂപയ്ക്കു വിൽക്കുന്ന ബോട്ടണി നോട്ടു വാങ്ങാത്തതിനു് ശാന്തറ്റീച്ചർ കുട്ടികളുടെ മുൻപിൽ എഴുന്നേല്പിച്ചു നിർത്തി ചീത്തവിളിച്ചു. ക്രിസ്തുമസു് പരീക്ഷയ്ക്കു് എല്ലാവരേയുംകാൾ മാർക്ക് ആ വിഷയത്തിനും സാവിത്രിക്കുട്ടി നേടി റ്റീച്ചറിനോടു പകരം വീട്ടി. അവളുടെ അരപ്പായക്കടലാസുകളിലെഴുതി തുന്നിക്കെട്ടിയെടുത്ത ലക്ചർനോട്ടുകളും അവളുടെ കണക്കുക്ലാസുകളും, ഫിസിക്സെടുക്കുന്ന സാറാമ്മറ്റീച്ചറിന്റേയും കെമിസ്ട്രിയിലെ മാലതിറ്റീച്ചറിന്റേയും ഇംഗ്ലീഷിലെ ശ്രീദേവിറ്റീച്ചറിന്റേയും കണക്കെടുക്കുന്ന ഇന്ദിരത്തമ്പുരാട്ടിറ്റീച്ചറിന്റെയും പ്രിയങ്കരിയാക്കി സാവിത്രിക്കുട്ടിയെ. വേവലാതികൾ പൊള്ളിക്കുന്ന മനസ്സിനു്, ‘സാവിത്രിക്കുട്ടി ആ കണക്കു് ബോർഡിൽ ചെയ്തു കാണിച്ചുതരും’, ‘ആ സെന്റൻസിന്റെ അനാലിസിസു് സാവിത്രിക്കുട്ടി പറഞ്ഞുതരും…’ എന്നൊക്കെയുള്ള റ്റീച്ചേഴ്സിന്റെ പ്രോത്സാഹനം കുളിർമഴയായി പെയ്തിറങ്ങി.