ഫസ്റ്റ് പ്രീയൂണിവേഴ്സിറ്റി കോഴ്സിന്റെ ഫസ്റ്റ് ടേംപരീക്ഷയ്ക്കു് മൂന്നു ബാച്ചുകളിലായി ആകെയുള്ള ഇരുന്നൂറ്റി നാല്പത്തിയെട്ടു കുട്ടികളിൽ ഒന്നാമതെത്തിയ, കണക്കിനു് മുഴുവൻമാർക്കും നേടിയ, ഇരുന്നൂറ്റി നാല്പത്തിയെട്ടിൽ മൂന്നുപേർ മാത്രം ജയിച്ച ഫിസിക്സിനു് ഫസ്റ്റുക്ലാസ് വാങ്ങിയ സാവിത്രിക്കുട്ടിയെ, ഉച്ചയ്ക്കു് ഡൈനിംഗ് ഹാളിൽ അലിവോടെ നോക്കിനിന്നവരാരോ ചതിച്ചു… അടുത്ത ചായക്കടയിൽ നിന്നു് സ്വീപ്പർ ലീലാമ്മ വാങ്ങിക്കൊണ്ടു വരുന്ന രണ്ടണയുടെ പഴംകേക്കിലും ഉണ്ണിയപ്പത്തിലും ഉച്ചയാഹാരം ഒതുക്കുന്നതിൽ സാവിത്രിക്കുട്ടി തൃപ്തയായിരുന്നു; തനിക്കതെങ്കിലുമുണ്ടല്ലോ. എന്തു് ആഹാരം കഴിക്കുമ്പോഴും തന്റെ വീടിനെപ്പറ്റി ചിന്തിച്ചു പരിസരം മറന്നിരിക്കാറുള്ള സാവിത്രിക്കുട്ടി തന്നെ ശ്രദ്ധിച്ചുനിന്ന ശാരദയെയും കൂട്ടുകാരികളേയും കണ്ടില്ല.
പക്ഷേ, പിറ്റേന്നു മുതൽ സുശീലാദേവിറ്റീച്ചർ സ്വന്തം അനുജത്തി ദേവകുമാരിക്കു് ഹോട്ടലിൽ നിന്നു് ഏർപ്പാടാക്കിയ പകർച്ചയൂണിന്റെ പങ്കുകാരിയാക്കി സാവിത്രിക്കുട്ടിയെ; ഓരോ ഉരുളയിലും നാണക്കേടിന്റെ കണ്ണീരുപ്പു ചേർത്തു് സാവിത്രിക്കുട്ടി ഊണുകഴിച്ചു… നിഷേധിക്കാൻ വയ്യ, ‘അന്നം ദൈവമാണു്, നിഷേധിക്കരുതു്.’ അപ്പൂപ്പൻ പറയാറുള്ളതാണു്… മേലാംകോട്ടു കാരണവരായിരുന്ന സാക്ഷാൽ നീലകണ്ഠപ്പണിക്കർ…
…സാവിത്രിക്കുട്ടിക്കു മടുത്തു. നാട്ടിലേക്കു് അയക്കണമെന്നു് കെഞ്ചിയാലും ഈ അവസ്ഥയിൽ വിടില്ല. വീട്ടിൽ ചെന്നിട്ടോ? സാവിത്രിക്കുട്ടി തന്റെ ചേട്ടന്റെ വീട്ടിൽ രാജകുമാരിയായിട്ടാണു കഴിയുന്നതെന്നാണു് അമ്മ വിശ്വസിച്ചിരിക്കുന്നതു്; അങ്ങനെ തന്നെയെന്നു് അച്ഛനും കരുതിയിട്ടുണ്ടാകും… താനെന്തു പറഞ്ഞാലും അവർ വിശ്വസിക്കില്ല, തന്റേടിയെന്നു് തള്ളിക്കളഞ്ഞാലോ!. വേണ്ട ആരോടും പറയാതെ എങ്ങോട്ടെന്നില്ലാതെ യാത്രയാകണം. പ്രിയപ്പെട്ടവർക്ക് അത്താണിയാകണമെന്ന സ്വപ്നമേയുള്ളൂ… പക്ഷേ, വയ്യ, അതിനു വേണ്ടിയായാലും ഇങ്ങനെ മുന്നോട്ടു പോകാൻ വയ്യ…
അല്ലെങ്കിലും ഒരു കൊല്ലത്തെ കാളേജുജീവിതം കൊണ്ടെന്തു നേടാനാണു്! തീരുമാനിച്ചാണു് വീട്ടിൽ നിന്നിറങ്ങിയതു്; കൈവശമുണ്ടായിരുന്ന ചില്ലറനാണയങ്ങൾ ഒരു പേപ്പറിൽ പൊതിഞ്ഞു സഞ്ചിയിലിട്ടു. കവിതകളെഴുതിയ നോട്ടുബുക്കിൽ, സ്ക്കൂൾഫൈനൽ ക്ലാസ്സിലെ കണക്കുബുക്കിൽ നിന്നു് പുതിയ കണക്കുബുക്കിലേക്കു് സ്ഥലം മാറിയെത്തിയ തന്റെ പ്രിയപ്പെട്ട സ്വത്തായ ഫോട്ടോകൾ വച്ചു. ആ ബുക്കും മറ്റു പുസ്തകങ്ങൾക്കൊപ്പം സഞ്ചിയിലെടുത്തു… മതി… ഒരു ഭിക്ഷാംദേഹിക്കിതിൽക്കൂടുതലെന്തു വേണം! വീട്ടിൽ നിന്നിറങ്ങിയ സാവിത്രിക്കുട്ടിക്കു കരയണോ ചിരിക്കണോ എന്നറിയാതെയായി; താനിനി ഇവർക്കാരുമല്ല. തനിക്കു് ആരുമില്ല…
തന്റെ പ്രിയപ്പെട്ട ശ്രീദേവിറ്റീച്ചറിനെ അവസാനമായൊന്നു കാണണം. മൂന്നാമത്തെ പിരിയഡാണു് റ്റീച്ചറിന്റെ ഇംഗ്ലീഷ് ഗ്രാമർ. എല്ലാത്തിനും ഉത്തരം പറയണം… റ്റീച്ചറിന്റെ പ്രസന്നമായ മുഖം കണ്ടുകൊണ്ടുവേണം കോളേജിനോടു് അവസാനമായി യാത്രപറയാൻ!
ഫസ്റ്റ് പിരിയഡിനിടയിൽ പ്യൂൺ വന്നു, പ്രിൻസിപ്പാൾ സാവിത്രിക്കുട്ടിയെ വിളിക്കുന്നുവെന്ന കുറിപ്പുമായി.
പ്രിൻസിപ്പാളിന്റെ ബോട്ടണി നോട്ട് വാങ്ങിക്കാത്തതിനു് ഇനിയും വഴക്കുപറയാനാണോ! പറയട്ടെ; തനിക്കിനിയെന്തു് നോട്ട്; നിസ്സംഗയായാണു് സാവിത്രിക്കുട്ടി ചെന്നതു്.
‘സാവിത്രിക്കുട്ടിക്കു് സ്കോളർഷിപ്പുണ്ടു്, രണ്ടെണ്ണം. ഒന്നേ, പക്ഷേ, വാങ്ങാൻ പറ്റൂ. ഏതു വേണംന്നു തീരുമാനിച്ചോളൂ. കോളേജ് മെറിറ്റ് ഇരുന്നൂറു രൂപയാ.’
സാവിത്രിക്കുട്ടി സ്തബ്ധയായി നിന്നു; കേട്ടതു സത്യം തന്നെയോ! ഇരുന്നൂറു രൂപാ!
‘ഇതെന്താ കൊച്ചേ കുന്തം വിഴുങ്ങിയപോലെ; ഇത്രേം നല്ലവാർത്ത കേട്ടിട്ടും?’
സാവിത്രിക്കുട്ടി ഉണർന്നു: ‘കോളേജ് മെറിറ്റിന്റെ മതി… താങ്ക്യൂ റ്റീച്ചർ.’
സാവിത്രിക്കുട്ടി പുറത്തിറങ്ങി ഒരു നിമിഷം നിന്നു, ശ്വാസം നേരെ വിട്ടു. പ്യൂൺ നോട്ടീസ് ബോർഡിൽ എന്തോ ഒട്ടിക്കുന്നു… ‘ഉവ്വു്, തന്റെ നേട്ടത്തിന്റെ വാർത്തയാണു്.’
സാവിത്രിക്കുട്ടിയുടെ മനസ്സു് ചഞ്ചലമായി… പ്രിയപ്പെട്ടവരുടെ വാടിത്തളർന്ന മുഖങ്ങൾ മനസ്സിലെത്തി… എങ്ങനേയും നാലഞ്ചു മാസങ്ങൾ കൂടി തള്ളി നീക്കണം; എവിടേക്കും ഓടിപ്പോകാൻ തനിക്കാവില്ല; ഇതൊരു പിടിവള്ളിയാണു്…
വീട്ടിലെത്തിയ വഴിയെ വല്യമ്മാവനോടു പറഞ്ഞു. കോളേജു മെറിറ്റിനുള്ള സ്കോളർഷിപ്പ് തനിക്കാണെന്നു്; ഒരു സ്കോളർഷിപ്പു മാത്രമേ ഒരാൾക്കു് വാങ്ങാൻ പറ്റൂ എന്നും.
അപൂർവ്വമായി മാത്രം കാണുന്ന പുഞ്ചിരി വിരിഞ്ഞു വല്യമ്മാവന്റെ ചുണ്ടുകളിൽ:
‘കൊള്ളാം… ഇനിയും…’ എന്തോ പറയാനാഞ്ഞ വല്യമ്മാവൻ പെട്ടെന്നു നിശ്ശബ്ദനായി.
വല്യമ്മായിയും പത്മേച്ചിയും രാധാമണിച്ചേച്ചിയും കേൾക്കുന്നുണ്ടായിരുന്നു താൻ പറഞ്ഞ വിശേഷം.
അടുക്കളയിൽ ചായ കുടിക്കാൻ ചെന്നപ്പോൾ വല്യമ്മായി പറഞ്ഞു: ‘അതെങ്കിലതു്. ഇങ്ങോട്ടു തന്നോണം… അവരൊന്നും അറിയണ്ട.’
വേദനകളെ ചങ്ങലയ്ക്കിട്ടു് സാവിത്രിക്കുട്ടി സന്തോഷം എടുത്തണിഞ്ഞു. രാത്രിയുടെ ഏകാന്ത നിശ്ശബ്ദതയിൽ കെട്ടുപൊട്ടിക്കുന്ന വിഹ്വലതകളെ അക്ഷരങ്ങളിൽ തളച്ചിടാൻ പാടുപെട്ടു. ചങ്ങലപൊട്ടിക്കാൻ വെമ്പുന്ന വേദനകളുടെ മുരൾച്ച അസഹനീയമാകുന്ന രാത്രികളിൽ കണക്കു ബുക്കിന്റെ റാപ്പറിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്വപ്നനായകനെ പുറത്തെടുത്തു് ആകാശക്കോട്ടകൾ തീർക്കും… ഒരിക്കൽ താനും തന്റെ വീടിനുമാത്രമല്ല നാടിനും രക്ഷകയാകും; സാവിത്രിക്കുട്ടി ആവർത്തിച്ചുറപ്പിക്കും… ഒരുപക്ഷേ, ശശിച്ചേട്ടനു മനസ്സിലാകും… വേണ്ട, ആരോടും പറയണ്ട; അവർക്കതു തമാശാകും… അതിനുള്ള കാലം വരും, അപ്പോളറിഞ്ഞാൽ മതി… മനോഹരമായ ഒരു സ്വപ്നം രഹസ്യമായി സൂക്ഷിക്കുന്നതിന്റെ ആത്മനിർവൃതി എന്തിനു കളഞ്ഞു കുളിക്കണം…
ഒരു തിങ്കളാഴ്ച വൈകിട്ടു് വീട്ടിലെത്തിയപ്പോഴുണ്ടു് ബാബുക്കുട്ടേട്ടൻ! ‘എനിക്കു ജോലി കിട്ടിയെടീ… ഇവിടെ ട്രെയിനിംഗാ.’ വലിയ ആഹ്ലാദത്തോടെ സാവിത്രിക്കുട്ടിയോടു പറഞ്ഞു. ‘എന്റെ അച്ഛന്റെ മിടുക്കു്, അല്ലാണ്ടെന്താ!’ കൂട്ടിച്ചേർത്തു് ബാബുക്കുട്ടേട്ടൻ പൊട്ടിച്ചിരിച്ചു.
ചോദിച്ചാൽ പോലും വീട്ടിലെ കാര്യങ്ങൾ ഒന്നും പറയാത്തയാൾ അനുജൻ ഗോപുവിന്റെ വിശേഷങ്ങൾ പറഞ്ഞു. ഗോപുവും സാവിത്രിയും സമപ്രായക്കാരാണു്, വലിയ കൂട്ടായിരുന്നുതാനും. ഗോപു ഹൈദരാബാദിൽ അച്ഛനൊപ്പം താമസിച്ചു പഠിക്കുന്നു. ഇന്ദ്രാണിച്ചേച്ചി ഹയർ സ്റ്റഡീസിനു് ബോംബയിലാണു്… സാവിത്രിക്കുട്ടി വെറുതെ കേട്ടുനിന്നതേയുള്ളൂ.
ട്യൂട്ടോറിയലിൽ പഠിക്കാൻ ഇവിടുണ്ടായിരുന്ന ആളല്ല ഇപ്പോൾ ബാബുക്കുട്ടേട്ടൻ; അന്നു് ബാബുക്കുട്ടേട്ടൻ അവിടെ താമസിക്കുന്നതിൽ വലിയ താല്പര്യമൊന്നും അവിടാർക്കും ഇല്ലായിരുന്നു… മിടുക്കു കാണിക്കാൻ വല്ല വിഡ്ഡിത്തരമൊക്കെ വിളമ്പും, ചെറിയ ഏഷണിപ്പരിപാടിയൊക്കെയുണ്ടായിരുന്നു; പ്രധാന കാര്യമതല്ല… നാണക്കേടാണു് അതുപറയാൻ എന്നാ രാധാമണിച്ചേച്ചി പറഞ്ഞതു്.
അന്നന്നു് രാവിലത്തെ ഇഡ്ഡലിക്കോ ദോശയ്ക്കോ ഉള്ള അരിയുമുഴുന്നുമേ അരയ്ക്കൂ… അവിടെയെല്ലാരും മിതാഹാരികളാണു്. കൃത്യമായ ശീലങ്ങളും രീതികളുമുണ്ടു് എല്ലാവർക്കും കൃത്യമായ ക്വോട്ടയുമുണ്ടു്. പക്ഷേ, ബാബുക്കുട്ടേട്ടനു ആ നോട്ടമില്ലായിരുന്നു. കാപ്പികുടിക്കാനെത്തുന്നതു് ദിവാകരൻചേട്ടൻ വരുന്ന സമയം നോക്കിയാണു്. കഴിക്കാനിരിക്കുമ്പോഴേ അന്വേഷണമാണു് ഉച്ചയ്ക്കെന്താ കറീന്നു്. അയാൾക്കു് ഇഷ്ടമില്ലാത്ത കറിയാണെങ്കിൽ,
‘ന്നാപ്പിന്നെ ഉച്ചയ്ക്കു് ഞാനുണ്ണാൻ വരുന്നില്ലാ കേട്ടോ. മണിച്ചേച്ചീ. ദാ ഉച്ചയ്ക്കത്തേക്കും കൂടിയൊള്ളതിനു് ഇഡ്ഡലി തിന്നോളാം’ എന്നു പറഞ്ഞു പാത്രം കാലിയാക്കും. താമസിച്ചുമാത്രം കാപ്പികുടിക്കാൻ വരുന്ന ശശിച്ചേട്ടനും അടുക്കളക്കാരിയായ രാധാമണിച്ചേച്ചിക്കും സ്വാഹാ.
അതുപക്ഷേ, പണ്ടാണു്; ഇപ്പോളങ്ങനെയല്ല. തരംപോലെ സേവ പറഞ്ഞും പാവത്തം കാണിച്ചു് അടുത്തുകൂടിയും വീട്ടിലുള്ളവരെ കയ്യിലെടുത്തു ബാബുക്കുട്ടേട്ടൻ. വല്യമ്മായിക്കാണെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘ബാബുക്കുട്ടാ’ വിളിയായി, പണ്ടു് ബാബുക്കുട്ടേട്ടൻ അവിടെയുണ്ടായിരുന്നപ്പോൾ ‘ഇവനൊന്നു പോയിക്കിട്ടീരുന്നേൽ മതിയായിരുന്നു’ എന്നാ പറയാറു്. ആരോടും അത്ര അടുക്കാത്ത ദിവാകരൻ ചേട്ടനോടും അടുത്തുകൂടി ബാബുക്കുട്ടേട്ടൻ. വല്യമ്മാവന്റെയടുത്തുമാത്രം അയാളുടെ വേലത്തരമൊന്നും ചെലവായില്ലെന്നു തോന്നുന്നു. ശശിച്ചേട്ടൻ ബാബുക്കുട്ടേട്ടനെ അകറ്റിത്തന്നെ നിർത്തി. അയാളുടെ സ്വാർത്ഥതയും കള്ളത്തരവും പൊങ്ങച്ചവുമൊക്കെ സാവിത്രിക്കുട്ടിയെപോലെ തന്നെ ശശിച്ചേട്ടനും അറിയാമായിരുന്നു. പക്ഷേ, പിണക്കവും ദേഷ്യവുമൊന്നും കാണിക്കാറില്ല; കാരണമുണ്ടു്. ശശിച്ചേട്ടന്റെ മുറിയിലാണു് ബാബുക്കുട്ടേട്ടനും.