സ്വയം മറന്നു് എഴുതിക്കൊണ്ടിരുന്ന ഒരു പാതിരാത്രി… എന്തോ ഒരു തോന്നലിൽ തലയുയർത്തി. വടക്കേ ജനൽക്കർട്ടനിടയിലൂടെ രണ്ടു കണ്ണുകൾ! പേടി മിന്നർപ്പിണർപോലെ ശരീരം പൊള്ളിച്ചു… അടുത്ത നിമിഷം പേടി വെറുപ്പിനു വഴിമാറി… ഇതു കള്ളന്മാരൊന്നുമല്ല… പതുക്കെയെഴുന്നേറ്റു് ലൈറ്റ് ഓഫ് ചെയ്തു തിരിഞ്ഞതും ജനൽക്കർട്ടനിളകി; ആരോ പെട്ടെന്നു മുറ്റത്തേക്കു ചാടിയോടി… ഓടുന്നയാളുടെ രൂപം നാട്ടുവെളിച്ചത്തിൽ ഒരു മിന്നായം പോലെ കണ്ടു: അതു് വാസുവാണു്; അവനെന്തിനു് തന്റെ ജനലരികിൽ, തന്നെ നിരീക്ഷിച്ചു്… ഛേ വൃത്തികെട്ടവൻ…
സാവിത്രിക്കുട്ടി ബാബുക്കുട്ടേട്ടനെയാണു് സംശയിച്ചതു്. കാരണമുണ്ടു്—തന്നെ കാണുമ്പോളൊക്കെ അളന്നു തിട്ടപ്പെടുത്തുന്ന ഒരു നോട്ടം, മുറികൾ അടിച്ചുവാരുമ്പോൾ ബാബുക്കുട്ടേട്ടനവിടെങ്ങാനുമുണ്ടെങ്കിൽ ‘ങൂം എന്താടീ’ എന്നൊരു ചോദ്യവും അർത്ഥം വച്ചൊരു മൂളലും… സാവിത്രിക്കുട്ടിക്കു വെറുപ്പുതോന്നും… എന്തുകൊണ്ടെന്നറിയാതെ ആണുങ്ങളുടെ മുറികളെ സാവിത്രിക്കുട്ടി പേടിക്കാൻ തുടങ്ങിയതു് അന്നുമുതൽക്കാണു്.
പിറ്റേന്നു രാവിലെ കാളേജിലേക്കു പോകാനൊരുങ്ങുമ്പോളാണു് ബാബുക്കുട്ടേട്ടൻ മുറിയിലേക്കു വന്നതു്.
‘ങാ… നെനക്കു പരീക്ഷയടുത്തില്ലേ; സംശയം വല്ലതുമൊണ്ടേൽ ചോദിച്ചോണം. എനിക്കൊഴിവൊള്ളപ്പോ പറഞ്ഞുതരാം.’ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു… സാവിത്രിക്കുട്ടി ഒന്നും പറഞ്ഞില്ല, ശ്രദ്ധിക്കാത്തമട്ടിൽ പുസ്തകങ്ങൾ സഞ്ചിയിലേക്കിടുകയായിരുന്നു.
‘ചിറ്റപ്പന്റെ ഫോട്ടോയൊണ്ടല്ലോ നിന്റെ കയ്യിലു്; അതിങ്ങുതന്നേ… ഛായേം കൂടി ഓർക്കുന്നില്ല. എത്ര കൊല്ലായി കണ്ടിട്ടു്!’
സാവിത്രിക്കുട്ടി സംശയത്തോടെ നോക്കി. ഇയാൾക്കിപ്പോഴെന്തിനാ തന്റെ അച്ഛന്റെ ഫോട്ടോ! മനസ്സിൽ വെറുപ്പുനുരഞ്ഞു:
‘ഇല്ല. എന്റെ കയ്യിലാര്ടേം ഫോട്ടോയില്ല.’
‘ഒണ്ടു്. നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടെന്നു് പത്മേച്ചീം പറഞ്ഞു, വാസൂം പറഞ്ഞു… അതുപിന്നെ ആര്ടെ ഫോട്ടായാ? എടുക്കു്, കാണട്ടെ.’
സാവിത്രിക്കുട്ടി ആകെ പുകഞ്ഞു… പണിപ്പെട്ടു വരുത്തിയ നിസ്സംഗതയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി: ‘ഇല്ലാന്നു പറഞ്ഞില്ലേ, എന്റെ കയ്യിൽ ഫോട്ടോയില്ല, ആര്ടേം.’
അപ്പോൾ അതാണു്; തന്നെ നിരീക്ഷിക്കാൻ വാസുവിനേം ഏർപ്പാടാക്കിയിരിക്കുന്നതോ അതോ…
കുറച്ചുദിവസമായി ആ വീട്ടിൽ എന്തോ പുകയുന്നുണ്ടു്, എന്താണെന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല: ശശിച്ചേട്ടൻ സ്വതവേ സംസാരിക്കുന്നതു കുറവാണു്; ഈയിടെയായി സാവിത്രിക്കുട്ടിയോടു മിണ്ടുന്നതുതന്നെ വളരെച്ചുരുക്കം. പഴയപോലെ പുസ്തകങ്ങളും വാരികകളും കൊണ്ടുവരാറില്ല; പതിവുള്ള ചില വാരികകൾ മാത്രം പേപ്പറുകാരൻ കൊണ്ടുവരും. ഒരു പരിപാടിക്കും സാവിത്രിക്കുട്ടിയെ വിളിക്കാറില്ല. അത്യാവശ്യം വല്ലതും സംസാരിച്ചാൽ തന്നെ ഒട്ടും മയമില്ലാത്ത സ്വരവും ഭാവവും… രാധാമണിച്ചേച്ചിയും വല്യമ്മാവനുമൊഴിച്ചെല്ലാവരും എന്തോ കള്ളം കണ്ടുപിടിക്കാൻ പോകുന്നതുപോലെ ചില നോട്ടവും വർത്തമാനവും.
ബാബുക്കുട്ടേട്ടൻ ഫോട്ടോ ചോദിച്ചതിന്റെ പിറ്റേന്നു് കാളേജിൽ നിന്നു വരുന്ന വഴി ചിറ്റിലക്കാട്ടമ്പലത്തിന്റെ വളവിൽ വച്ചു് കുഞ്ഞനിയൻ നമ്പൂരി തടഞ്ഞുനിർത്തി പരിഭവിച്ചപ്പോഴാണു് പ്രശ്നം ഗുരുതരമാണെന്നു സാവിത്രിക്കുട്ടിക്കു് ഉറപ്പായതു്.
അന്നുച്ചയ്ക്കു് കാളേജിൽ സൗമിനിയെ കാണാൻ അവളുടെ ചേട്ടൻ കുഞ്ഞനിയൻനമ്പൂരി വന്നിരുന്നു. കുഞ്ഞനിയനും തന്റെ സുഹൃത്താണു്; തനിക്കു മുഖം തരാതെ കുഞ്ഞനിയൻ പോയപ്പോൾ മിനിയോടു ചോദിച്ചതാണു് ‘ഇന്നു് മിനിയും ചേട്ടനും കൂടി വഴക്കിട്ടാണോ പോന്നതു്’ എന്നു്. അവൾ വെറുതെ ചിരിച്ചതേയുള്ളൂ. ഇപ്പോളിതാ കുഞ്ഞനിയൻ:
‘തന്നേക്കൊണ്ടു കയ്യെഴുത്തു മാസിക എഴുതിച്ചൂന്നൊള്ളതു നേരാ. അതിന്റെ മുഴുവൻ വർക്കും താനാ ചെയ്തതു്; സമ്മതിച്ചു. അതൊന്നും പക്ഷേ, ഞാനല്ലല്ലോ തന്നെ ഏല്പിച്ചതു്. അരവിന്ദനല്ലേ? തന്റെ കയ്യക്ഷരം നല്ലതാ, തനിക്കു വരയ്ക്കാനറിയാം, എന്റെ അനീത്തീടെ ക്ലാസ്മേറ്റും ബസ്റ്റുഫ്രണ്ടുമാണു് എന്നു പറഞ്ഞതു നേരാ. അവൻ തന്നെ പേപ്പറുമൊക്കെ കൊണ്ടെത്തന്നതും തന്റെ കവിതേമൊക്കെ പത്രമാഫീസിൽ കൊടുത്തതുമൊക്കെ തന്നോടുള്ള സ്നേഹോം ബഹുമാനോം കൊണ്ടാ… അതിനു വേറെ അർത്ഥമൊന്നുമില്ല…’
കുഞ്ഞനിയന്റെ തൊണ്ടയിടറി; എപ്പോഴും പുഞ്ചിരിക്കുന്ന മുഖം കാറുകൊണ്ട മാനം പോലെ.
‘കുഞ്ഞനിയൻ നമ്പൂരി പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ലാ… ന്താപ്പോ ഇങ്ങനേക്കെപ്പറയാൻ?’ സാവിത്രിക്കുട്ടി പരിഭ്രമിച്ചു.
‘ഈ പെരുവഴീ വച്ചൊന്നും വിസ്തരിക്കാൻ വയ്യെടോ. അതാകും അടുത്ത ഗുലുമാലു്. നാളെ ശനിയാഴ്ചയല്ലേ. താൻ വീട്ടിലേയ്ക്കു വാ. മിനീം കൂടിയൊണ്ടാകുല്ലോ.’
നടന്നിട്ടും നടന്നിട്ടും തീരാത്തത്ര ദൂരം വീട്ടിലേക്കു്… അവസാനിക്കാത്ത രാത്രി… ഏതു കനലിലേക്കാണു് ഇനി ചാടേണ്ടതു്! പിറ്റേന്നു് സൗമിനിയുടെ വീട്ടിൽ സാവിത്രിക്കുട്ടി എത്തിയപ്പോൾ അവൾ മാത്രമേയുള്ളൂ.
‘എങ്ങാണ്ടു് ഗണപതിഹോമം… വല്യേപൂജാരി കുഞ്ഞേട്ടനേം നിർബ്ബന്ധിച്ചുകൊണ്ടുപോയി… വരാൻ വൈകും.’ മിനി പറഞ്ഞു. വീട്ടിലെ മറ്റുള്ളവർ ഏതോ കല്യാണത്തിനു പോയി. കമ്പയിൻഡ്സ്റ്റഡി എന്ന ഒഴിവുകഴിവിൽ മിനി സാവിത്രിക്കുട്ടിയെ കാത്തിരിക്കുകയായിരുന്നു… മിനി കാര്യം വിവരിച്ചു:
‘രാത്രി മുഴുവൻ സാവിത്രിക്കുട്ടി എഴുത്തെഴുതുന്നു. അതൊക്കെ കോളേജിൽ പോകുമ്പോൾ ബുക്കിലൊളിപ്പിച്ചു് കൊണ്ടുപോകുന്നു. ഏതോ ഫോട്ടോ ബുക്കിനകത്തു് ഒളിപ്പിച്ചു വച്ചിട്ടുണ്ടു്. എല്ലാവരും ഉറക്കം പിടിക്കുമ്പോൾ അതെടുത്തുവച്ചു നോക്കിയിരിക്കും… ദിവസവും അമ്പലത്തിൽ പോകുന്നതു് കുഞ്ഞനിയനെ കാണാനാണു്; അയാളാണല്ലോ കീഴ്ശാന്തി. ബാലേട്ടനു് സാവിത്രിക്കുട്ടി കത്തയച്ചു, അതു് കുഞ്ഞനിയന്റെ കാര്യത്തിൽ സഹായം ചോദിക്കാനല്ലെങ്കിൽ പിന്നെന്തിനാണു്…’
അതുമാത്രമല്ല, ബാബുക്കുട്ടേട്ടൻ നളിനിച്ചേച്ചിയുടെ വീട്ടിൽപോയി ബാലേട്ടനെ കണ്ടത്രെ; സാവിത്രിക്കുട്ടിയുടെ കത്തിലെന്താരുന്നൂന്നു ചോദിച്ചു. ‘അക്ഷരവിരോധികൾ അതൊന്നും അറിഞ്ഞിട്ടൊരു കാര്യോമില്ല. ആ കൊച്ചിനെ വെറുതെ വിട്ടേക്കുന്നതല്ലേ നല്ലതു്’ എന്നു ആക്ഷേപിച്ചു വിട്ടു. ‘ഇതൊക്കെ ഞങ്ങളെങ്ങനെ അറിഞ്ഞൂന്നാരിക്കും നീയിപ്പോ ചിന്തിക്കുന്നേ’ സൗമിനി തുടർന്നു:
‘ബാബുക്കുട്ടേട്ടൻ ഇന്നലെ കുഞ്ഞേട്ടനെ കാളേജീന്നു് വിളിച്ചിറക്കി ചോദ്യം ചെയ്തു. അയാൾ പറഞ്ഞ കാര്യങ്ങളാ ഇതൊക്കെ. നീയയച്ച കത്തുകൾ കുഞ്ഞേട്ടൻ ബാബുക്കുട്ടേട്ടനെ ഏല്പിക്കണമത്രെ. ഇല്ലെങ്കിൽ കാണിച്ചു തരാമെന്നൊരു ഭീഷണിയും’, കുഞ്ഞേട്ടൻ പറഞ്ഞു ‘എന്റെ ഫോട്ടോയും കത്തുകളും സാവിത്രിക്കുട്ടീടെ കയ്യീന്നു വാങ്ങിച്ചുതന്നാ ഞാനും തരാമെന്നു്. ദേഷ്യത്തിലാ പോയതത്രെ.’
അപ്പോൾ അതാണു കാര്യം! മേശപ്പുറവും പെട്ടിയുമൊക്കെ ആരോ പരിശോധിക്കുന്നുണ്ടെന്നു തോന്നീട്ടുണ്ടു്. താൻ രാത്രിയിലിരുന്നു് എഴുതുന്നതും, ആലോചിച്ചിരിക്കുന്നതും, ഫോട്ടോയെടുത്തു നോക്കുന്നതും ആരോ നിരീക്ഷിക്കുന്നുണ്ടു്. സാവിത്രിക്കുട്ടിക്കു ചിരി വന്നു. ഇതിന്റെ ഭാഗമാകണം പത്മേച്ചി ഒരിക്കൽ ചോദിച്ചു: ‘എന്നും രാത്രീ കത്തെഴുന്നതാർക്കാ സാവിത്രീ?’
‘എന്നുമില്ല. വല്ലപ്പോഴും എന്റെ വീട്ടിലേക്കു കത്തെഴുതാറൊണ്ടു്.’
‘വല്ലപ്പോഴുമേയൊള്ളല്ലേ, ഇവിടൊള്ളോരൊക്കെ കണ്ണുപൊട്ടമ്മാരാ?’ പത്മേച്ചി ഭീഷണിയുടെ സ്വരത്തിൽ ഇരുത്തി മൂളി. ഭർത്താവുമൊത്തു് വിരുന്നു വന്ന പത്മേച്ചി പോകാനിറങ്ങിയ വഴിയാരുന്നു.