സാവിത്രിക്കുട്ടിക്കു് സ്വയം വെറുപ്പുതോന്നി; എന്താണിങ്ങനെ! ആരാണു്, എന്തിനാണു് തനിക്കുചുറ്റും സംശയത്തിന്റെ വല നെയ്യുന്നതു്! ഈ വലക്കണ്ണികളിൽ കുരുങ്ങി എത്രനാൾ!
മടുപ്പിന്റെ, അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ ഇഴഞ്ഞുനീങ്ങി. ക്രിസ്തുമസു് പരീക്ഷ. തുറന്നുവച്ച പുസ്തകങ്ങൾക്കു മുൻപിൽ ശൂന്യമായ മനസ്സുമായി മണിക്കൂറുകൾ. മനസ്സിലെന്നല്ല, കണ്ണുകളിൽ പോലും അക്ഷരങ്ങൾ തങ്ങുന്നില്ല… വെറുതെ ഇരുന്നും കിടന്നും…
അഞ്ചു ദിവസത്തെ പരീക്ഷകൾ കഴിഞ്ഞു, എന്തൊക്കെയോ എഴുതി… ‘എങ്ങനെയുണ്ടായിരുന്നു’, ‘നല്ലവണ്ണമെഴുതിയോ’ എന്നൊന്നും ആരും ചോദിച്ചില്ല… വേണ്ടാ… ഇനി കണക്കു പരീക്ഷ മാത്രമേയുള്ളൂ… ഒന്നും പഠിക്കാനില്ല, ഏതു് ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചോദിച്ചാലും കണക്കും സയൻസും തെറ്റുകയില്ല… ശനിയും ഞായറുമാണു്… കഴിഞ്ഞ ദിവസങ്ങളിലെ മടുപ്പുകൾ ഉറങ്ങിത്തീർക്കണം.
…അടിച്ചുവാരലും കുളിയും അലക്കുമെല്ലാം കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു തരി ഉത്സാഹം തളിർനാമ്പുനീട്ടി… കാപ്പി കുടിച്ചു് മണി പത്തര… ആണുങ്ങളാരും വീട്ടിലില്ലെന്നു തോന്നുന്നു. രാധാമണിച്ചേച്ചിയും വലിയമ്മായിയും അടുക്കളയിൽ… എത്രയോ ദിവസങ്ങളായി ഈ തളത്തിലും വരാന്തയിലുമൊക്കെ സമാധാനത്തോടെ നടന്നിട്ടു്… അത്യാവശ്യത്തിനു പുറത്തിറങ്ങും; ആർക്കും മുഖം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു… താനെന്തിനു മുഖമൊളിക്കണം, എന്തിന്റെ പേരിൽ എന്നു സ്വയം ചോദിച്ചുകൊണ്ടു തന്നെ ഒതുങ്ങിക്കൂടി… ഇന്നു പക്ഷേ, ആത്മവിശ്വാസം തോന്നുന്നു.
തളത്തിൽ നിന്നു് പൂമുഖത്തേക്കു് എത്തിനോക്കി… ഉവ്വു്, പതിവുപോലെ വല്യമ്മാവൻ കസേരയിൽ തലചായ്ചു് കിടക്കുന്നു, വായിക്കുകയല്ല… സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ പൂമുഖത്തേക്കു കയറി. ഇന്നലെ വൈകിട്ടു ഗേറ്റുകടന്നപ്പോളാണു് കണ്ടതു് വല്യമ്മാവൻ നിവർത്തിപ്പിടിച്ചു വായിച്ചുകൊണ്ടിരിക്കുന്നു ഒരു വാരിക. പേരുവായിക്കാൻ പറ്റിയില്ല. കുറച്ചു നാളായി കൃത്യമായൊന്നും കിട്ടുന്നില്ല… ദാ ഉണ്ടു്, ടീപ്പോയിയിൽ കിടക്കുന്നു. സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ വാരിക കയ്യിലെടുത്തു.
പെട്ടെന്നു് വലിയമ്മാവൻ കണ്ണുതുറന്നു… ‘അപ്പോൾ ഉറക്കമല്ലായിരുന്നു അല്ലേ.’ സാവിത്രിക്കുട്ടി മനസ്സിലോർത്തതല്ലാതെ ഒന്നും പറഞ്ഞില്ല; വെറുതെ വലിയമ്മാവനെ നോക്കി നിന്നു. കസേരയിൽ നേരേ ഇരുന്നു് സാവിത്രിക്കുട്ടിയെ നോക്കി; അപൂർവ്വമായ ആ പുഞ്ചിരി മുഖത്തു വിരിഞ്ഞു: ‘ങൂം… ഇനീം മാത്ത്സ് എക്സാം മാത്രേള്ളൂ അല്ലേ? നല്ല ഒരു ലേഖനമുണ്ടതിൽ, സയൻസാ… വായിച്ചോളൂ.’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് ആത്മനിന്ദയുടെ കാർമേഘം പറന്നകന്നു… മനസ്സിൽ സന്തോഷം നുരകുത്തി; വലിയമ്മാവനു സാവിത്രിക്കുട്ടിയെ മനസ്സിലാകും… അതുമതി… അതുമതി.
ചെറിയ വരാന്തയുടെ അറ്റത്തു് പൂത്തുലഞ്ഞു നിൽക്കുന്ന പിച്ചകത്തിന്റെ തണലിലിരുന്നു വാരിക തുറന്നു… ഒറ്റയിരുപ്പിൽ വാരിക വായിച്ചു തീർത്തു… മനസ്സിനെന്തൊരു കുളിർമ!
ഓ… തളത്തിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. ഉണ്ണാൻ ചെല്ലാനുള്ള സമയം… രാധാമണിച്ചേച്ചി വിളമ്പിക്കൊടുത്ത ചോറും കറികളും സ്വാദോടെ കഴിച്ചു.
എന്തൊരാശ്വാസം! സാവിത്രിക്കുട്ടി മുറിയിൽ വന്നു് കസേരയിലിരുന്നു. മേശപ്പുറത്തു് തുറന്നുവച്ച ആൾജിബ്ര നോട്ട്… If a2 + b2 =…; ഇല്ല, മനസ്സിലേക്കു കയറുന്നില്ല… ഏതോ മധുരഗാനത്തിന്റെ നേർത്ത ഈണം മനസ്സിനെ ആർദ്രമാക്കിക്കൊണ്ടേയിരിക്കുന്നു… കൺപോളകൾ തനിയെ അടഞ്ഞുപോകുന്നു… കഴിഞ്ഞ ദിവസങ്ങളിലെ മടുപ്പിന്റെ ഭാരം ഒഴിഞ്ഞുപോയ മനസ്സാണു്… നന്നായിട്ടൊന്നുറങ്ങണം… എത്ര ദിവസങ്ങളിലെ ഉറക്കമാണു് ബാക്കി കിടക്കുന്നതു്… ഉറങ്ങണം. നോട്ടുബുക്കിനുമുകളിൽ മടക്കിവച്ച കൈകളിലേക്കു തല ചായ്ച്ചു സാവിത്രിക്കുട്ടി…
…ഒരു മധുരസ്വപ്നത്തിന്റെ അലകളിലങ്ങനെ അലിഞ്ഞലിഞ്ഞു്… ആൾക്കൂട്ടത്തിന്റെ ആരവം… അതിനിടയിൽ ഉയർന്നുകേൾക്കുന്ന പ്രസംഗം… വശ്യമായ ശബ്ദം, തീക്ഷ്ണമായ വാക്കുകൾ… നടന്നിട്ടും നടന്നിട്ടും അങ്ങോട്ടെത്തുന്നില്ല… ആ ശബ്ദം… ആ വാക്കുകൾ… അതു് അരവിന്ദനാണു്… അരവിന്ദനടുത്തെത്തണം… കാലുകൾ മുമ്പോട്ടു പോകുന്നില്ല… പെട്ടെന്നു് തന്റെ തോളിൽ തൊട്ടതാരാണു്… ഓ അതു് അരവിന്ദനാണു്. കറുത്തു മെലിഞ്ഞ അരവിന്ദൻ; നീലസമുദ്രം പോലുള്ള കണ്ണുകൾ, സൗമ്യമായ നോട്ടം… രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ… ഗൗരവത്തോടെയേ ഇടപെട്ടിട്ടുള്ളൂ… എന്നാലും ജീവിതത്തിലാദ്യമായി സാവിത്രിക്കുട്ടിയുടെ മുരടിച്ച മനസ്സിലൊരു ആമ്പൽപൂവായി വിരിഞ്ഞതു് ആരും അറിഞ്ഞില്ലല്ലോ… എന്നിട്ടിപ്പോൾ അരവിന്ദൻ! ഇല്ല, ഇതാരാ അരവിന്ദൻ തന്നെ തൊട്ടില്ല… അനങ്ങാൻ വിടാതെ തന്റെ തലയും മുതുകും ആരോ അമർത്തിപ്പിടിച്ചിരിക്കുന്നു. കഴുത്തനക്കാൻ വയ്യ. നിലത്തമർത്തിപ്പിടിച്ച തല തിരിക്കാൻ വയ്യ. എന്തൊരു വേദന…
പാതിയുണർച്ചയിൽ സാവിത്രിക്കുട്ടി കുതറാൻ നോക്കി; പിടിമുറുകുന്നു. അമർത്തിപ്പിടിച്ച വായ തുറക്കാനാകുന്നില്ല. ഞരങ്ങിയിട്ടു് ശബ്ദം പുറത്തേക്കു വരുന്നില്ല. വീണ്ടും ശക്തിയോടെ കുതറാൻ ശ്രമിച്ചു്. പൂണ്ടടക്കം പിടിച്ചിരിക്കുന്നയാൾ കൂടുതലമർത്തി. തൊണ്ടയിൽ നിന്നു വന്ന ശബ്ദം പാതി വഴിയിൽ തടഞ്ഞു. സാവിത്രിക്കുട്ടിയുടെ വലതു കക്ഷത്തിനിടയിൽക്കൂടി എന്തോ കട്ടിയുള്ള തടിപോലെന്തോ സാധനം കടത്തി മുമ്പോട്ടും പിമ്പോട്ടും വലിക്കുന്നു… ഒപ്പം അയാൾ കിതയ്ക്കുകയും… സാവിത്രിക്കുട്ടിക്കു ശർദ്ദിക്കണമെന്നു തോന്നി. തലയനക്കാനും കുതറാനും പറ്റുന്നില്ല… അപ്പോഴൊക്കെ വല്ലാതെ വേദനിപ്പിക്കുന്ന മട്ടിൽ അമർത്തുന്നു… ഓ ഇതവനാണു്—ബാബുക്കുട്ടേട്ടൻ… അറപ്പു് മനസ്സിലും ശരീരത്തിലും ആയിരം കാലുള്ള അട്ടകളായിഴഞ്ഞു. സാവിത്രിക്കുട്ടിയുടെ ബ്ലൗസിന്റെ കക്ഷത്തിലും സൈഡിലും എന്തോ നനവു് അവശേഷിപ്പിച്ചു് അയാൾ പിടിവിട്ടു…
ഒച്ചയുണ്ടാക്കാൻ പോയ സാവിത്രിക്കുട്ടിയുടെ വാപൊത്തി അയാൾ പറഞ്ഞു: ‘നീ വിളിച്ചുകേറ്റിയതാണെന്നു ഞാൻ പറയും, അവരതു വിശ്വസിക്കും… നമ്പൂരിച്ചെക്കനുമായി ചുറ്റിക്കളിക്കാനാ നീ കമ്പയിൻഡ് സ്റ്റഡിക്കു പോണേന്നും പറയും; വിശ്വസിപ്പിക്കും… ആരോടേലും പറഞ്ഞാൽ അന്നു നീ വിവരമറിയും.’
അയാളിറങ്ങിപ്പോയി; ഒന്നും സംഭവിക്കാത്തതുപോലെ.
പുറകെ രാധാമണിച്ചേച്ചിയുടെ വിളിവന്നു; ‘സാവിത്രീ വേഗമിങ്ങോട്ടൊന്നു വന്നേ… വേഗം വേണം.’
എന്തോ വൃത്തികെട്ട നനവു് ബ്ലൗസിൽ… അറപ്പാകുന്നു… മാറിയിടാനുള്ള ബ്ലൗസില്ല മുറിയിൽ… എല്ലാം നനച്ചിട്ടിരിക്കുന്നു… തോർത്തെടുത്തു തോളിലിട്ടുകൊണ്ടു് ഓടിച്ചെന്നു കുളിമുറിയിൽ കയറി. മഗ്ഗിൽ വെള്ളമെടുത്തു് ബ്ലൗസിന്റെ അഴുക്കുപറ്റിയ ഭാഗത്തു് കൈകൊണ്ടു് വെള്ളമൊഴിച്ചു് തേച്ചുകഴുകി. ബ്ലൗസിന്റെ നനവിനു വൃഥാമറയിട്ടു് തോർത്തു തോളിൽ ചുറ്റി ഹാഫ്സാരിയാക്കി. സാവിത്രിക്കുട്ടി അടുക്കളയിൽ ചെന്നു.
രാധാമണിച്ചേച്ചി നേരെ നോക്കിയില്ല. വലിയമ്മായി കറുത്ത മുഖവുമായി അടുക്കളയിലെ സ്റ്റൂളിൽ ഇരിപ്പുണ്ടു്. ചിരവയും തേങ്ങാമുറിയും ഒരു പ്ലേറ്റും കൂടി സാവിത്രിക്കുട്ടിയുടെ മുൻപിലേക്കു നിരക്കി നീക്കി വച്ചു് രാധാമണിച്ചേച്ചി പറഞ്ഞു: ‘ഇതൊന്നു് ചെരണ്ടിക്കേ.’ ഉവ്വു്, എന്തോ സംഭവിച്ചെന്നു് ഇവർ അറിഞ്ഞിട്ടു തന്നെയാണു് തന്നെ വിളിച്ചതു്… ആരും ഒന്നും ചോദിച്ചില്ല; പക്ഷേ, താൻ തെറ്റുകാരിയാക്കപ്പെട്ടിരിക്കുന്നു… അവരുടെ നോട്ടം…
തേങ്ങ ചിരകി വച്ചു് സാവിത്രിക്കുട്ടി മിറ്റത്തിറങ്ങി. അയയിൽ നിന്നു് നനച്ചിട്ട തുണികളെടുത്തു മുറിയിൽ കയറി ശരീരം കഴുകിത്തുടച്ചു പുതിയ ബ്ലൗസിട്ടു.
ഓർക്കുന്തോറും അടിവയറ്റിൽ നിന്നു് എന്തോ ഉരുണ്ടുകൂടുന്നു, ശർദ്ദിച്ചു പോകും… അയാൾ തന്നെ എന്താ ചെയ്തതെന്നു് എങ്ങനെ പറയാനാണു്. എന്താണു പറയേണ്ടതു്… ആരോടാ പറയാൻ പറ്റുക. തന്നെ ആരും വിശ്വസിക്കില്ല; തന്നെ മനസ്സറിയാത്ത ഏതോ അപവാദത്തിന്റെ പുകമറയിലാക്കിയിട്ടുണ്ടു് അയാൾ… ഇപ്പോളിതും… അയാളെന്തായിരിക്കും മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുക… എന്തായാലെന്താ… താനായിട്ടു് തെറ്റൊന്നും ചെയ്തിട്ടില്ല.
സാവിത്രിക്കുട്ടി മുറിയിൽ കയറി തുറന്നുവച്ച കണക്കുബുക്കിൽ തന്നെ ദൃഷ്ടിയുറപ്പിച്ചിരുന്നു, വരാൻ പോകുന്ന കൊടുങ്കാറ്റുകളെ നേരിടാനുറച്ചു്…
സന്ധ്യകഴിഞ്ഞപ്പോൾ ഊണു മുറിയിൽ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം… ദിവാകരേട്ടൻ വന്നയുടനെ വലിയമ്മായി പരാതി പറഞ്ഞുകാണും… ബാബുക്കുട്ടേട്ടൻ ഇപ്പോൾ വന്നേയുള്ളൂന്നു തോന്നുന്നു. അയാളെന്തോ വാശിയോടെ തർക്കിക്കുന്നുണ്ടു്… ഒന്നും വ്യക്തമല്ല. പക്ഷേ, ആ ബഹളത്തിന്റെ കേന്ദ്രബിന്ദു താനാണു്… സാവിത്രിക്കുട്ടി വേദനയോടെ ചെവിയോർത്തു. ഇപ്പോ ദാ, കൂടുതലുച്ചത്തിൽ കേൾക്കുന്ന ശബ്ദം ശശിച്ചേട്ടന്റെയാണു്. ദേഷ്യം വന്നാൽ കടുവയാണു്. അതിനിടെ അടിയുടെ ശബ്ദം… സാവിത്രിക്കുട്ടി തളർന്നുപോയി. ഇതിനെല്ലാം കാരണം താനാണു്: പക്ഷേ, താനെന്തു തെറ്റാണു് ചെയ്തതു്! ഭൂമി പിളർന്നു താഴോട്ടു പോകാനായെങ്കിൽ!
സാവിത്രിക്കുട്ടി അന്നു നാലുമണിച്ചായ കുടിക്കാൻ ചെന്നില്ല, രാത്രിയിൽ കഞ്ഞികുടിക്കാനും പോയില്ല… ആരും അന്നു് അവിടെ അത്താഴം കഴിച്ചിട്ടില്ലെന്നു പിന്നീടറിഞ്ഞു… രാത്രിയിൽ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല, ഒന്നു മയങ്ങാൻ തുടങ്ങുമ്പോഴേക്കും ദുഃസ്വപ്നങ്ങളുടെ ഘോഷയാത്ര… കാളുന്ന വയറിന്റെ മുരളൽ… നേരം വെളുക്കുന്നതിനും വളരെ മുൻപേ റാന്തലും കത്തിച്ചെടുത്തു്, തിരിതാഴ്ത്തി വച്ചു് പേടികൊണ്ടു ചൂളിയ, സാവിത്രിക്കുട്ടി മാടൻതറയുടെ മുന്നിലൂടെ ഒരേക്കർ പുരയിടത്തിന്റെ തെക്കുകിഴക്കേ അതിരിലെ കക്കൂസിൽ പോയി വന്നു; മറ്റു മാർഗ്ഗമില്ലായിരുന്നു.
രാവിലെ കാപ്പികുടിക്കാനും സാവിത്രിക്കുട്ടി പോയില്ല… ആരുടേയും അനക്കമൊന്നും പുറത്തു കേട്ടതുമില്ല. പത്തുപതിനൊന്നു മണിയായിക്കാണും, രാധാമണിച്ചേച്ചി വന്നു് സാവിത്രിക്കുട്ടിയെ വിളിച്ചു.
സാവിത്രിക്കുട്ടി അടുക്കളയിൽ ചെന്നു; കൊരണ്ടിപ്പലകയെടുത്തിട്ടു് ഇരുന്നു. രാധാമണിച്ചേച്ചി വച്ചുകൊടുത്ത ദോശയും ചായയും നോക്കി അനങ്ങാതിരുന്നു അവൾ. എന്തിനെന്നറിയാതെ കരച്ചിൽ വന്നു മുട്ടിനിൽക്കുന്നു. അപ്പോഴാണു് വലിയമ്മായി അടുക്കളയിലോട്ടു വന്നതു്. വന്ന വഴിയെ സാവിത്രിയുടെ നേരെ ഒരു ചാട്ടം:
‘നീയെന്തു ഭാവിച്ചാ ഈ തൊടങ്ങ്യേക്കണേ… എന്റെ ആമ്പിള്ളേരെ കൊലയ്ക്കു കൊടുത്തേ അടങ്ങൂന്നാ? അടങ്ങിയൊതുങ്ങി കഴിഞ്ഞോണംന്നു് അന്നേ പറഞ്ഞതല്ലേ നെന്നോടു്’
ദോശയിൽ ചട്ണി ഒഴിക്കേണ്ടി വന്നില്ല. കണ്ണുനീരിന്റെ ഉപ്പും നനവും ധാരാളമായി…
‘ഞാൻ പൊക്കോളോം… എന്നെ ബസ്സിക്കേറ്റിവിട്ടാമതി.’ സാവിത്രിക്കുട്ടി ഏങ്ങിക്കരഞ്ഞു.
‘അതെ, എന്റെ പിള്ളേരു ചീത്ത കേട്ടോട്ടെന്നു്! ഇപ്പ നെന്നെ അങ്ങോട്ടുകെട്ടിയെടുത്താ ആളുകളോടെന്താ പറയ്യാ? ഇപ്പത്തന്നെ ആ ഗോമതി എന്തൊക്കെയാ ഗുലുമാലൊണ്ടാക്ക്വാന്നു് ആർക്കറിയാം. ബാബു രാവിലെ തന്നെ ഭാണ്ഡോം കെട്ടും മുറുക്കി എറങ്ങിപ്പോയി. പാവം, അവന്റെ സങ്കടം കാണണം… അവനെന്നോടു് ആണയിട്ടു പറഞ്ഞു അവൻ തെറ്റൊന്നും ചെയ്തില്ലാന്നു്; നീ കാരണമാണു്. അതെങ്ങനാ, എന്തുപറഞ്ഞാലും ശശീടെ തലേക്കേറണ്ടേ. കോമരം തുള്ളി നിക്ക്വാരുന്നില്ലേ… ആ ചെറുക്കന്റെ രണ്ടു കരണത്തും മാറിമാറി അടിച്ചില്ലേ. ദിവാകരൻ കേറിപ്പിടിച്ചില്ലാരുന്നേ… ഒരാളെ മാത്രം പറഞ്ഞിട്ടെന്താ… ആമ്പിള്ളാര്ടെ മുമ്പീ കൊഞ്ചാൻ നിക്കരുതെന്നു പറഞ്ഞിട്ടൊള്ളതല്ലാരുന്നോ… അസത്തു്!’ വലിയമ്മായി കൂടുതൽ രൗദ്രയായി.
‘ഞാനാര്ടെയടുത്തും കൊഞ്ചാൻ ചെന്നിട്ടില്ലാ… എനിക്കു പോകണം. ഞാൻ വല്യമ്മാവനോടു പറയാം എന്നെ ബസ്സീക്കേറ്റിവിടാൻ!’ സാവിത്രിക്കുട്ടി തലയുയർത്തിനിന്നു പറഞ്ഞു. അവൾ തുടർന്നു: ‘ആരു ചോദിച്ചാലും പറഞ്ഞോളൂ സാവിത്രി ചീത്തത്തരം കാണിച്ചതുകൊണ്ടു് എറക്കി വിട്ടതാണു്… ഞാനും അതുതന്നെ പറഞ്ഞോളാം… വല്യമ്മായീടെ മക്കളെയാരേം പറയില്ല, സത്യം.’
പെട്ടെന്നു് പകച്ചുപോയ വലിയമ്മായി അല്പസമയമെടുത്തു ശാന്തയാകാൻ; എന്നിട്ടും ഒട്ടും മയമില്ലാതെ പറഞ്ഞു: ‘അതുവേണ്ടാ… നീയിപ്പ പോണ്ടാ… ഇനീം എന്റെ പിള്ളേരേം അവരടച്ചനേം തമ്മിത്തെറ്റിക്കാനാ… വേണ്ടാ… ഏതിനും മൂന്നുമാസല്ലേ ഒള്ളൂ… പരീക്ഷ കഴിഞ്ഞോട്ടെ.’