ആരും സാവിത്രിക്കുട്ടിയോടു് ഒന്നും ചോദിച്ചില്ല, അന്നുച്ചയ്ക്കു എന്താണുണ്ടായതെന്നു്. സാവിത്രിക്കുട്ടിക്കു് ആരോടും പറയാനും വയ്യ ആ കടുത്ത അപമാനത്തെപ്പറ്റി, അറപ്പുളവാക്കുന്ന സംഭവത്തെപ്പറ്റി… അതിനുള്ള വാക്കുകളില്ല അവളുടെ പക്കൽ.
…ആ വീടു് പണ്ടത്തേക്കാൾ ഗൗരവം എടുത്തണിഞ്ഞു. സാധാരണ തന്നെ ആ വീട്ടിലെ അംഗങ്ങൾ തമ്മിൽ കുടുംബചർച്ചകളോ തമാശയോ വിശേഷങ്ങളോ പറയുന്നതോ ഒന്നും സാവിത്രിക്കുട്ടി കേട്ടിട്ടില്ല, അവരൊത്തു കൂടുന്നതു കണ്ടിട്ടുമില്ല… പക്ഷേ, പണ്ടു് തന്നെ തീരെ ശ്രദ്ധിക്കാത്ത ദിവാകരേട്ടന്റെ ഇപ്പോഴത്തെ ഭാവം മനസ്സിലാക്കാനാകുന്നില്ല. താൻ കാണാതെ തന്നെ ശ്രദ്ധിക്കുന്നതുപോലെ. ബാബുക്കുട്ടേട്ടൻ ദിവാകരേട്ടനോടു് എന്താണു് വിളമ്പിയതാവോ! ശശിച്ചേട്ടനുമായി കണ്ടുമുട്ടാറു തന്നെയില്ല, വലിയ തിരക്കിലാണത്രെ. നാന്നിച്ചേച്ചിയും നാത്തൂനും കൂടി ഇടയ്ക്കു് വന്നു് വലിയമ്മായിയുമായി അടുക്കളയിൽ രഹസ്യചർച്ച നടന്നു… ബാബുക്കുട്ടൻ നാന്നിച്ചേച്ചിയോടും ബാലേട്ടനോടും പരാതി പറഞ്ഞത്രെ… പക്ഷേ, സാധാരണപോലെയുള്ള കാരണവത്തി ഉപദേശത്തിനൊന്നും സാവിത്രിക്കുട്ടിയുടെ അടുത്തു് നാന്നിച്ചേച്ചി വന്നില്ല.
പക്ഷേ, ആ സംഭവത്തോടെ വല്യമ്മാവനു വാത്സല്യം കൂടിയതേയുള്ളൂ. പണ്ടത്തേക്കാൾ പരിഗണിക്കുന്നു. അധികം സംസാരിക്കാറില്ലാരുന്ന വല്യമ്മാവൻ കോളേജ് വിശേഷങ്ങളും പുതിയതായി വന്ന പുസ്തകങ്ങളെപ്പറ്റിയും ചോദിക്കുന്നു…
ദിവാകരേട്ടന്റെ പുതിയ ഭാവത്തിന്റെ അർത്ഥം പിടികിട്ടി; കണക്കുപരീക്ഷ കഴിഞ്ഞ അന്നു രാത്രിയിൽ. ഇനി മൂന്നുമാസം മതി. തന്റെ വീട്ടിലെ നിസ്സഹായതകളുടെ സാന്ത്വനത്തിലേക്കു തനിക്കു തിരിച്ചുപോകാമെന്നുള്ള സന്തോഷം ജന്നലരികിൽ നിന്നു് ആകാശത്തിലെ നക്ഷത്രങ്ങളുമായി പങ്കിടുമ്പോഴുണ്ടു് ഒരു കാൽപെരുമാറ്റം… മുറ്റത്തു് ജനലരികിൽ ദിവാകരേട്ടൻ!
‘ആരോടാ വർത്തമാനം പറഞ്ഞെ? ഇനിയാരെയാ നോട്ടം? ഞാൻ മതിയോ? എനിക്കുമുണ്ടു് മോഹം’, ദിവാകരേട്ടന്റെ ശബ്ദത്തിനു വിറയൽ.
സാവിത്രിക്കുട്ടി നിന്നു കത്തി… നിന്നിടത്തു നിന്നിളകാനാകുന്നില്ല… ഈശ്വരാ… അച്ഛനേപ്പോലെ കണ്ടയാൾ! ഇനിയാരാ തന്നോടിതു ചോദിക്കുക… വലിയമ്മാവനോ!!
…നോക്കെത്താത്ത വിജനമായ ഒറ്റയടിപ്പാതയിലൂടെയാണു് സാവിത്രിക്കുട്ടി നടക്കുന്നതു്. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല… മൂന്നുമാസം. നീണ്ട കാലയളവ്! വാക്കുകൾ എത്ര കുറയ്ക്കാമോ അത്രയ്ക്കും കുറച്ചു. ദിവാകരേട്ടന്റേയും രാധാമണിച്ചേച്ചിയുടേയും കല്യാണാലോചനകളും അതിന്റെ ഒരുക്കങ്ങളിലുമായിരുന്നു എല്ലാവരും. സാവിത്രിക്കുട്ടി അപ്രസക്തയായിക്കഴിഞ്ഞിരുന്നു.
പരീക്ഷ കഴിഞ്ഞു. എന്താണെഴുതിയതെന്നു സാവിത്രിക്കുട്ടിക്കറിയില്ല… എന്തായാലെന്താ… സർക്കാർ ജോലിക്കു് എസ്. എസ്. എൽ. സി. മതി… ഇനി എങ്ങനെയെങ്കിലും നാട്ടിലെത്തണം.
മാർച്ചു് 31, കോളേജടച്ചു… ‘ദിവാകരേട്ടന്റെ കല്യാണം ഏപ്രിൽ അഞ്ചിനു്. ചോറ്റാനിക്കരയാണു് പെണ്ണിന്റെ വീടു്… ചോറ്റാനിക്കര അമ്പലത്തിൽ വച്ചു കല്യാണം… രാധാമണിച്ചേച്ചിയുടെ ചെറുക്കൻ തുറവൂർക്കാരൻ, കല്യാണം ആറാം തീയതി… ആദ്യത്തെ കല്യാണം കഴിഞ്ഞു് അന്നു നാട്ടിൽ തങ്ങി പിറ്റേന്നു രാധാമണിച്ചേച്ചിയുടെ കല്യാണം… അവിടന്നു തിരുവനന്തപുരത്തേക്കു് രാധാമണിച്ചേച്ചിയുടെ വരനു് ഭീലായിലാണു് ജോലി. ലീവ് കുറവു്. ആറാം തീയതി കഴിഞ്ഞാൽ അവർക്കു പറ്റിയ മുഹൂർത്തം ഇല്ല, ആ മാസം.’ രാധാമണിച്ചേച്ചി സന്തോഷത്തോടെ വിവരിച്ചതു് സാവിത്രിക്കുട്ടി കേട്ടുനിന്നു.
അന്നുരാത്രിയിൽ ആരും കാണാതെ രാധാമണിച്ചേച്ചി സാവിത്രിക്കുട്ടിയുടെ മുറിയിൽ വന്നു. ഒരു ചെറിയ കടലാസുപൊതി നീട്ടി. ‘ഇതു നീയെടുത്തോ, നാന്നീടെ നാത്തൂൻ തന്നതാ… നിന്റെ കയ്യിൽ കോളേജീന്നു കിട്ടിയ കാശിന്റെ ബാക്കി കാണുവല്ലോ. ഇതിന്റെ വെല എനിക്കറിയില്ല. നീ എന്തെങ്കിലും തന്നാമതി. എനിക്കു കൺമഷീമൊക്കെ വാങ്ങാനാ… നിനക്കു എന്തെങ്കിലും സമ്മാനമായി തരണംന്നുണ്ടാരുന്നു… എന്റെ കയ്യിലൊന്നുമില്ല മോളേ, അതുകൊണ്ടാ… നീ വെഷമിക്കണ്ട. അന്നെന്താ ഒണ്ടായേന്നൊക്കെ എനിക്കറിയാം, നീ കുറ്റക്കാരിയല്ലാന്നുമറിയാം… ആ ബാബുക്കുട്ടൻ എന്താണ്ടൊക്കെ അമ്മോടു പറഞ്ഞിട്ടൊണ്ടു്.’ സാവിത്രിക്കുട്ടി മൂന്നുരൂപയെടുത്തു് രാധാമണിച്ചേച്ചിക്കു കൊടുത്തു. ‘അയ്യോ, ഇത്രേന്നും ഇതിനു വെലയില്ല മോളെ. എനിക്കൊരൊന്നര രൂപേടെ കാര്യേള്ളൂ, അതുമതി!’ രാധാമണിച്ചേച്ചി.
‘അല്ല രാധാമണിച്ചേച്ചി. അതിരിക്കട്ടെ. എന്തിനെങ്കിലും എടുക്കാം. എന്റെ കയ്യിൽ കാശൊണ്ടു്.’
പിറ്റേന്നു സാവിത്രിക്കുട്ടി തന്റെ തുണികളും കവിതാനോട്ടുബുക്കും ഒരു കൊല്ലം കോളേജിൽ പഠിച്ചപ്പോൾ അവൾക്കുവേണ്ടി ചിലവാക്കിയ പൈസയുടെ കണക്കെഴുതിയ ബുക്കും (രണ്ടു ഹാഫ്സാരിയുടേയും, നവംബർ ഒന്നിനു ഉടുക്കാൻ വാങ്ങിച്ച വെള്ളസാരിയുടേയും ബ്ലൗസ്സിന്റേയും തുക ഊഹിച്ചെഴുതാനേ പറ്റിയുള്ളൂ) സഞ്ചിയിൽ കുത്തിനിറച്ചു. കോളേജിലെ കണക്കുബുക്കിൽ നിന്നു് കവിതാബുക്കിലേക്കു സ്ഥലം മാറിയ ഫോട്ടോകൾ എടുത്തുകൊണ്ടുചെന്നു് രാധാമണിച്ചേച്ചിയുടെ കയ്യിൽ കൊടുത്തു. അതു മറിച്ചും തിരിച്ചും നോക്കി രാധാമണിച്ചേച്ചി വാപൊളിച്ചു: ‘ഇതാരാടീ സാവിത്രീ… ഈ കെളവൻ കഷണ്ടിത്തലയന്റെ ഫോട്ടോയാണോ നീ ഒളിച്ചുവച്ചിരുന്നേ?’ ‘ങൂം. അതേ… അതു് വെറുമൊരു മനുഷ്യനല്ല. റഷ്യയിലെ ബോൾഷെവിക് വിപ്ലവം നയിച്ച ആളാണു്. ഇന്നത്തെ കമ്യൂണിസ്റ്റു രാജ്യം, സോവിയറ്റു് സോഷ്യലിസ്റ്റ് റിപ്പബ്ലിക്… ഇതാണു് മഹാനായ ലെനിൻ.’
‘മതി മോളേ എനിക്കൊന്നും മനസ്സിലാകുകേലാ. ഈ പടം എനിക്കെന്തിനാ?’ രാധാമണിച്ചേച്ചി പരിഭ്രമിച്ചതുപോലെ.
‘അതു് ശശിച്ചേട്ടനു് കൊടുക്കണം. ആരോടും പറയാതെ ഞാൻ ‘സോവിയറ്റുയൂണിയ’ നിന്നു വെട്ടിയെടുത്തതാ… ഞാനെന്നും നോക്കീരുന്നതു് ഈ ഫോട്ടോകളാ… ലോകത്തിലേക്കും വച്ചു് ഏറ്റവും ഇഷ്ടം ലെനിനോടാ… ഞാനും ലെനിനെപ്പോലെയാകും… ആ പടം കണ്ടുപിടിക്കാനാ ബാബുക്കുട്ടനും, പത്മേച്ചിയും…’
സാവിത്രിക്കുട്ടിയുടെ തൊണ്ടയിടറി. മറ്റു രണ്ടു പടങ്ങൾ കൂടിയെടുത്തു് സാവിത്രിക്കുട്ടി രാധാമണിച്ചേച്ചിയെ കാണിച്ചു.
‘ഇതു് വ്ളാഡിമിർ കുടുംബം… ആ നടുക്കിരിക്കുന്ന രണ്ടുമൂന്നു വയസ്സുള്ള കുഞ്ഞുപയ്യനില്ലേ, അതാണു് ലെനിൻ… ഈ പടം ഞാനെടുത്തൂന്നു പറയണം ശശിച്ചേട്ടനോടു്’
ഏപ്രിൽ മൂന്നാം തീയതി രാവിലെ എല്ലാവരും പുറപ്പെട്ടു. പൂവത്തുംപറമ്പിൽ വീട്ടിലെത്തിയപ്പോൾ മണി രണ്ടു്. വിശന്നുതളർന്നുപോയി എല്ലാവരും… ചെന്നു കയറിയപാടെ അമ്മൂമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു… ഒന്നരക്കൊല്ലം മുൻപു് അപ്പൂപ്പന്റെ മരണത്തിനു വന്നപ്പോൾ കണ്ടതിൽ നിന്നു് കാര്യമായ മാറ്റം ഒന്നുമില്ല. അതേ തലയെടുപ്പു്. ധാർഷ്ട്യത്തിന്റെ ശബ്ദം: ‘ങാ, എല്ലാരുമൊണ്ടല്ലോ… പത്മാവതീടെ ചെറുക്കൻ വന്നില്ലേ… ഓ, ഇവളുമൊണ്ടോ നിങ്ങടെ കൂടെ! ഇവടെ പടിത്തമൊന്നും ഇതുവരേം കഴിഞ്ഞില്ലേ?’
‘ങാ, അവൾടെ പരീക്ഷ കഴിഞ്ഞു. വീട്ടിലാക്കാൻ പോകുവാ… എന്നാ നീ പൊക്കോ, സാവിത്രി. അമ്മ നെന്നെ നോക്കിയിരിക്ക്യാരിക്കും… വേഗം ചെല്ലു്.’ വലിയമ്മായി പറഞ്ഞു.
‘ഇവളു വരുന്നില്ലേ കല്യാണത്തിനു്’ അമ്മൂമ്മ.
‘ഓ ഇല്ല. കാറിൽ സ്ഥലമൊണ്ടാകുകേല’ വലിയമ്മായി.
സാവിത്രിക്കുട്ടി തുണിസഞ്ചിയുമായി പെട്ടെന്നിറങ്ങി. തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു. ഒരു ഗ്ലാസു് വെള്ളം ചോദിക്കണമെന്നുണ്ടായിരുന്നു, വേണ്ടാ… പടിക്കലെത്തി തിരിഞ്ഞുനോക്കി. ഉവ്വു്. ചിറ്റമ്മ എല്ലാവർക്കും ഗ്ലാസ്സിൽ എന്തോ കൊടുക്കുന്നുണ്ടു്… നന്നായിവരട്ടെ… ക്ഷേത്രപ്പറമ്പിലെത്തിയപ്പോൾ കാവിലെ കുളത്തിലിറങ്ങി രണ്ടു കൈ കൊണ്ടും വയറുനിറയെ വെള്ളം കോരിക്കുടിച്ചു…
വീട്ടിലെത്തിയപ്പോൾ വിചാരിച്ചതുപോലെ തന്നെ. കഞ്ഞിവച്ചിട്ടില്ല. രാവിലെ പുഴുങ്ങിയ ഉണക്കക്കപ്പയുടെ ഒരു പങ്ക് അമ്മ മകൾക്കു കരുതി വച്ചിട്ടുണ്ടു്… അമ്മ തേയില വെള്ളമുണ്ടാക്കി. അതുമാത്രം കുടിച്ചു സാവിത്രിക്കുട്ടി… ആഹാരം കയ്യിലെടുത്തിരുന്നെന്നും വഴിയിൽ വച്ചു കഴിച്ചെന്നും അവൾ പറഞ്ഞു. അമ്മ അതു വിശ്വസിച്ചില്ലെന്നു് ആ മുഖം വ്യക്തമാക്കി, അമ്മയ്ക്കറിയുന്നതുപോലെ ആ മകളെ മറ്റാർക്കറിയാം.
രാധാമണിച്ചേച്ചിക്കു കൊടുത്ത മൂന്നുരൂപയുടെ ബാക്കി പതിനേഴുരൂപയോളം സാവിത്രിക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നു. കയ്യിൽ അതു വച്ചുകൊടുത്തപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞു… ഉണക്ക കപ്പ പുഴുങ്ങിയതു് അനുജനും അനുജത്തിക്കും എടുത്തുകൊടുത്തു അമ്മ. പിന്നെ രണ്ടു കൈതോല വട്ടിയും അഞ്ചുരൂപയും കൊടുത്തു് അവരെ കടയിലയച്ചു…
നാലുമണിയായപ്പോൾ സാവിത്രിക്കുട്ടിയുടെ അമ്മയുടെ ഉത്സാഹം നിറഞ്ഞ വിളിവന്നു: ‘എല്ലാരും ഉണ്ണാൻ വാ… മണിനാലായി.’
രണ്ടുമൂന്നു തരം കറികളും കൂട്ടി എല്ലാവരും കൂടിയിരുന്നു് ഉരുളയുരുട്ടി ഉണ്ണുന്നു… വിശന്നിരുന്ന അച്ഛൻ ഒരു ഉരുളയുണ്ടപ്പോൾ ഇറക്കാൻ വിഷമിക്കുന്നതുപോലെ. ചൂടുള്ള ജീരകവെള്ളമെടുത്തു കൊടുത്തു അമ്മ… അച്ഛൻ ആശ്വാസത്തോടെ സാവകാശം ഉണ്ണാൻ തുടങ്ങി… ‘താനും ഇരിക്കു്’ സാവിത്രിക്കുട്ടിയുടെ അച്ഛൻ അമ്മയോടു പറഞ്ഞു…
തന്റെ അമ്മയുടെ ഓരോ ഉരുളയിലും കണ്ണീരിന്റെ നനവൂറി വീഴുന്നതു് വിങ്ങലോടെ നോക്കിയിരുന്ന സാവിത്രിക്കുട്ടി ഒരു തീരുമാനമെടുത്തു—ഈ വീട്ടിൽ ഒരു നേരമെങ്കിലും കഞ്ഞിവയ്ക്കണം; അച്ഛനു് പാലും മരുന്നും വേണം… ഒരു ജോലി നേടണം; അതെന്തു ജോലിയായാലും ശരി…
ഒന്നും നടന്നില്ല; അതിനു മുൻപുതന്നെ സാവിത്രിക്കുട്ടി വീണ്ടും വല്യമ്മാവന്റെ, അല്ല ദിവാകരേട്ടന്റെ വീട്ടിലെത്തി… അഭയാർത്ഥിയായാണോ അഗതിയായാണോ… ജോലിക്കാരിയായാണോ… അറിയില്ല, സാവിത്രിക്കുട്ടിക്കറിയില്ല.