മെയ് മാസം തീരാറായിരുന്നു. പ്രീയൂണിവേഴ്സിറ്റി പരീക്ഷയുടെ റിസൽറ്റുവന്നു…
സാവിത്രിക്കുട്ടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല; എന്നിട്ടും റിസൽറ്റു കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു—ഫസ്റ്റ് ക്ലാസില്ല. രവീന്ദ്രൻ ചേട്ടനു ദേഷ്യം വന്നു: ‘അവൾടെ അഹങ്കാരമാ… എപ്പോഴും പിന്നെ അവളാരിക്കും ഒന്നാമതെന്നു വിചാരിച്ചോ!’
മാർക്ക്ലിസ്റ്റു വന്നു, മാർക്കല്ല ഗ്രേഡാണു്: കണക്കിനും സയൻസു് വിഷയങ്ങൾക്കും ‘ഏ പ്ലസ്’, ഇംഗ്ലീഷിനു് ‘എ’ പിന്നെ ‘ബി പ്ലസും’ ‘ബി’ യും പിന്നൊരു ‘സി പ്ലസും…’ ടെക്സ്റ്റുബുക്കുപോലുമില്ലാതെ വെറുതെയിരുന്നു സ്വപ്നം കണ്ടുഴപ്പിയ ഹിന്ദിക്ലാസ്; റ്റീച്ചറിനു പറയാനുള്ളതു് ഒരേ താളത്തിലങ്ങു പറഞ്ഞുപോകും… തോൽക്കുമെന്നാ വിചാരിച്ചതു്; എന്നിട്ടും ‘സി പ്ലസ്…’ തനിക്കു ഒരു പ്രയോജനവുമില്ലാത്ത മാർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റും… എന്നിട്ടും സാവിത്രിക്കുട്ടി വെറുതെ ദുഃഖിച്ചു.
പക്ഷേ, ദുഃഖിച്ചിരിക്കാൻ സമയം കിട്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓർക്കാപ്പുറത്തു് അമ്മയുടെ അറിയിപ്പു്.
‘സാവിത്രീ, നെന്റെ തുണിയൊക്കെ നനച്ചിടു് നാളെ ആലപ്പുഴയ്ക്കു പോകണം. രവീന്ദ്രൻ നെന്നെ കൊണ്ടാക്കും.’
എന്തിനു് ആലപ്പുഴ? സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. ദിവാകരേട്ടനു് സ്ഥലം മാറ്റമാണെന്നറിഞ്ഞിരുന്നു… പക്ഷേ, തന്നെയെന്തിനു് അങ്ങോട്ടയയ്ക്കണം?
‘ഞാനിനി അങ്ങോട്ടു പോകില്ല. എനിക്കു വയ്യാ അമ്മേ!’ സാവിത്രിക്കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ടുപറഞ്ഞു.
‘ഇതവൾടെ ധിക്കാരമാ അമ്മേ… മൂന്നുകൊല്ലം അവടെ സുഖിച്ചു കഴിഞ്ഞപ്പ ഇതൊന്നും തോന്നീല്ലല്ലോ. സിക്സ്ത് കഴിഞ്ഞപ്പ ഇങ്ങോട്ടുപോരുകാന്നു പറഞ്ഞിട്ടു്… അപ്പോ അവക്കു കോളേജീ പടിക്കണം… അതിനവരു വേണം… ഇപ്പോന്താ? ഇതവൾടെ അഭിനയമാ അമ്മേ!’ രവീന്ദ്രൻചേട്ടൻ അമ്മയെ എരിവുകേറ്റി.
‘ഇവളെ അങ്ങോട്ടൊന്നു വിടാമോന്നു ചോദിച്ചപ്പം ഞാൻ സന്തോഷിച്ചു. ഒരു വയറു കൊറഞ്ഞുകിട്ട്വല്ലോന്നു വച്ചിട്ടല്ല, പത്തുപതിനേഴു വയസ്സായ ഒരു പെണ്ണിനെ അടച്ചൊറപ്പില്ലാത്ത വീട്ടിലു് വച്ചോണ്ടിരിക്കുമ്പോള്ള വേവലാതി ആർക്കും മനസ്സിലാകുകേലാ… ദിവാകരന്റെ പെണ്ണിനു് ഗർഭത്തിന്റെ ക്ഷീണോം ഛർദ്ദീമൊക്കെയാ. സരസ്വതിച്ചേട്ടത്തി മാത്രായിട്ടു് എല്ലാംകൂടെ… ഒരു കൈസഹായത്തിനാകൂല്ലോന്നു വച്ചിട്ടാ അവരു പറഞ്ഞതു്. അപ്പോ ദാ, അവൾടെയൊരു നെഗളിപ്പു്! എന്റെയൊരു വിധി എന്റെ ഭഗവതീ…’ അത്രേം പറഞ്ഞു് പൊട്ടിക്കരഞ്ഞു് സാവിത്രിക്കുട്ടീടമ്മ സ്വയം അഞ്ചാറു നെഞ്ചത്തടി; ‘ഞാനിങ്ങനെ തീരട്ടെ, ആർക്കും ചേതം!’ പതം പറഞ്ഞു് വിതുമ്പി…
…സാവിത്രിക്കുട്ടി പാവാടയും ബ്ലൗസും നനച്ചിട്ടു.
പിറ്റേന്നു് ഒരു സഞ്ചിയിൽ സ്വന്തമായുള്ള രണ്ടു സെറ്റുപാവാടയും ബ്ലൗസും കവിതാനോട്ടുബുക്കും മാത്രം എടുത്തുവച്ചു് രവീന്ദ്രൻ ചേട്ടനൊപ്പം ഇറങ്ങി…
ദിവാകരൻ ചേട്ടന്റെ ഭാര്യ ശ്യാമളച്ചേട്ടത്തിയെ ആദ്യമായിട്ടു കാണുകയാണു്… ചെറിയ ക്ഷീണമുണ്ടു്. വലിയ ഛർദ്ദിയുമൊന്നും കണ്ടില്ല. ദിവാകരൻ ചേട്ടൻ ആഫീസിൽ പോയിക്കഴിഞ്ഞാലും ആ മുറിയിൽ നിന്നു് ആഹാരം കഴിക്കാൻ മാത്രമെ ശ്യാമളച്ചേട്ടത്തി ഇറങ്ങിവരൂ. ഇടനേരത്തു് ഹോർലിക്സും നാരങ്ങാവെള്ളവുമൊക്കെ തയ്യാറാക്കിക്കൊണ്ടുചെന്നു് വാതിൽ മുട്ടിവിളിച്ചാൽ അരമണിക്കൂറെടുക്കും ഒന്നു വിളികേൾക്കാൻ… പറയാതെ കേറിച്ചെല്ലുന്നതു് ചേട്ടത്തിക്കു ഇഷ്ടമല്ല. ദിവാകരേട്ടനോടല്ലാതെ മറ്റുള്ളവരോടു ചിരിക്കുന്നതു് കളിയാക്കാൻ മാത്രമായിരുന്നു…
വല്യമ്മാവന്റെ നിശ്ശബ്ദത, ഒരുപക്ഷേ, കൂടിയിട്ടുണ്ടു്. ശശിച്ചേട്ടൻ കൂടുതൽ ഗൗരവം എടുത്തണിഞ്ഞിട്ടുണ്ടു്. എന്നാൽ പണ്ടത്തേപ്പോലെ ഒരുപാടു വാരികകളും, വയലാറിന്റേയും, ഓഎൻവിയുടേയും പുതുതായിറങ്ങുന്ന കവിതാ പുസ്തകങ്ങളും, ചങ്ങമ്പുഴക്കൃതികളും… അങ്ങനെയങ്ങനെ ഒരുപാടു വിഭവങ്ങൾ മുൻവശത്തെ ടീപോയിയിൽ കൊണ്ടുവയ്ക്കും… സാവിത്രിക്കുട്ടിക്കു സ്വർഗ്ഗം കിട്ടി! പക്ഷേ, ശശിച്ചേട്ടൻ സാവിത്രിക്കുട്ടിയെ കണ്ട ഭാവം വയ്ക്കാറില്ല.
സാവിത്രിക്കുട്ടി ഹൈസ്കൂളിൽ ചേരാൻ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നപ്പോഴുള്ള ആദ്യത്തെ ഓണം… അത്തത്തിന്റെയന്നു രാവിലെ സാവിത്രിക്കുട്ടി മുൻവശത്തെ മുറ്റത്തു വട്ടത്തിൽ മണ്ണിട്ടുറപ്പിച്ചു് ചാണകം മെഴുകി പറമ്പിൽ നിന്നും പറിച്ചുകൊണ്ടുവന്ന തുമ്പക്കുടവും കാട്ടുപൂക്കളും കൊണ്ടു് പൂവിട്ടു. വീട്ടിലെല്ലാവർക്കും സന്തോഷമായി; പത്മേച്ചിപോലും പറഞ്ഞു: ‘നീയാളു കൊള്ളാമല്ലോ. എത്ര കൊല്ലമായി നമ്മടെ വീട്ടിൽ അത്തപ്പൂവിട്ടിട്ടു്!’
ശശിച്ചേട്ടൻ അഭിപ്രായം ഒന്നും പറഞ്ഞില്ല, പക്ഷേ, പിറ്റേന്നു മുതൽ കൂട്ടുകാരന്റെ വീട്ടിൽ നിന്നു് ചെമ്പരത്തിപ്പൂവും വാടാമല്ലിപ്പൂവും ഒക്കെ കൊണ്ടുവന്നു കൊടുത്തു… വിഷുവടുത്തപ്പോൾ സാവിത്രിക്കുട്ടിയോടു് പത്മേച്ചിയാണു് ചോദിച്ചതു് ‘നീ വിഷുക്കണി വയ്ക്കുന്നില്ലേ സാവിത്രീ’ എന്നു്. സാധനങ്ങൾ കിട്ടിയാൽ കണിവയ്ക്കാമെന്നു് സാവിത്രിക്കുട്ടി. ‘അതിനിപ്പം എന്തു ചെയ്യാനാ!’ എന്നു് രാധാമണിച്ചേച്ചി സങ്കടപ്പെട്ടു.
വിഷുവിന്റെ തലേന്നു് വൈകിട്ടു് ശശിച്ചേട്ടൻ വന്നപ്പോൾ ഒരു സഞ്ചി സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. എല്ലാവരേയും അത്ഭുതപ്പെടുത്തി ആ സഞ്ചിയിൽ നിന്നും പുറത്തെടുത്ത സാധനങ്ങൾ! ഒരു ഞെട്ടിൽ തൂങ്ങിക്കിടക്കുന്ന ഒരു കുലമാങ്ങ, ഒരു കുല കൊന്നപ്പൂ മുതൽ വെള്ളരിയും ചക്കയും വരെ.
‘അതുശരി, കമ്യൂണിസ്റ്റുകാരനു് ഓണോം വിഷൂമൊക്കെ ആഘോഷിക്കാം അല്ലേ?’ എന്നു് ദിവാകരേട്ടൻ ശശിച്ചേട്ടനിട്ടു് ഒരു കുത്തു കൊടുക്കാൻ മറന്നില്ല… എല്ലാവരും കിടന്നതിനു ശേഷമാണു് സാവിത്രിക്കുട്ടി കണി ഒരുക്കിയതു്… വെളുപ്പിനെ ഉണർന്നു് കുളിച്ചുവന്നു് വിളക്കുകത്തിച്ചു് എല്ലാവരേയും വിളിച്ചുണർത്തിയതും സാവിത്രിക്കുട്ടിയാണു്…
‘കൊള്ളാം… ഇവളൊരു കലാകാരിയാണല്ലോ… നന്നായിരിക്കുന്നു.’ ദിവാകരേട്ടൻ അഭിനന്ദിച്ചു. വല്യമ്മാവൻ എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുത്തു… ‘എത്ര കൊല്ലത്തിനുശേഷമാ ഇങ്ങനൊരു വിഷു’ വല്യമ്മായി ദീർഘനിശ്വാസമെടുത്തു. ശശിച്ചേട്ടൻ മാത്രം വിഷുക്കണി തൊഴാനും കൈനീട്ടം വാങ്ങാനും വന്നില്ല. കണിവച്ചതു കുറേനേരം നോക്കിനിന്നു. അന്നും ഓണത്തിന്റെയന്നത്തേപ്പോലെ വല്യമ്മാവനാണു് പായസം വച്ചതു്, ശശിച്ചേട്ടൻ സഹായിക്കാനൊക്കെ കൂടി… അന്നു സാവിത്രിക്കുട്ടിയായിരുന്നു താരം… തുറന്നു പറയാറില്ലെങ്കിലും തന്നോട്ടു ശശിച്ചേട്ടനു വാത്സല്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ!
ജൂൺ പകുതിയായി മഴ തുടങ്ങിയപ്പോൾ. മഴ പെയ്താൽ വെള്ളം കെട്ടുന്ന പ്രദേശമാണു്. റോഡിൽ നിന്നു് രണ്ടുമൂന്നു പടി ഉയരത്തിലാണു് വീടിന്റെ മതിൽക്കെട്ടു്. മുറ്റത്തുനിന്നും വീണ്ടും മൂന്നുപടി ഉയരത്തിലാണു് വീടു് മതിൽക്കെട്ടിനകത്തു വെള്ളം കേറില്ലെന്നാണു് മുറ്റമടിക്കുന്ന മേരി പറഞ്ഞതു്.
പക്ഷേ, ജൂലൈ ഒന്നാം തീയതിയായപ്പോൾ മട്ടുമാറി, തുള്ളിക്കൊരു കുടം… രാപകൽ നിന്നു പെയ്യുകതന്നെ. വലിയമ്മായി ഒരാഴ്ചയായി കോട്ടയത്തു് പത്മേച്ചിക്കൊപ്പമാണു്; പത്മേച്ചി ഗർഭിണിയാണു്; ആ ചേട്ടൻ ടൂറിലാണത്രെ.
സാവിത്രിക്കുട്ടിക്കാണു് അടുക്കളയുടെ പൂർണചുമതല… ജൂലൈ മൂന്നാം തീയതി… തന്റെ പുറന്നാളാണു്. അച്ഛന്റെ നാട്ടിൽനിന്നു പോന്നതിനുശേഷം ആരുടേയും പുറന്നാൾ ആഘോഷിക്കാറില്ല. പക്ഷേ, ഈ പുറന്നാൾ സാവിത്രിക്കുട്ടിക്കു സന്തോഷത്തിന്റെ ദിവസമാണു്; മറ്റൊന്നുമല്ല—ഇനിയും ഒരു പുറന്നാൾ കൂടിയായാൽ തനിക്കു് ജോലിക്കപേക്ഷിക്കാം, സർക്കാർ ജോലി!
മുറ്റം മുഴുവൻ വെള്ളം കെട്ടി നിൽക്കുന്നു മഴവെള്ളവും ഓടവെള്ളവും കൂടിക്കലർന്നു്. മുട്ടോളം വെള്ളത്തിൽക്കൂടി നടന്നു് കക്കൂസിൽ പോയി വന്നപ്പോൾ തന്നെ കുളിരു തോന്നിയിരുന്നു. വേഗം വന്നു് കാപ്പിയും ചോറും കറികളും തയ്യാറാക്കി. ചെറിയ തലവേദനയും കുളിരും. സാരമില്ല, കുളിക്കണം… വീണ്ടും ആ ഓടവെള്ളത്തിലിറങ്ങി കുളിമുറിയിൽക്കയറി… തിരിച്ചെറങ്ങിയപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗം വന്നു് വേഷം മാറി… വയ്യ, തലപൊളിയുന്നു… ഉച്ചയായപ്പോൾ കലശലായ തലവേദനയും പനിയും; വിറയ്ക്കുന്നു, ദേഹം മുഴുവൻ വേദന. ആരോടും ഒന്നും പറഞ്ഞില്ല…
പിറ്റേന്നു രാവിലെ എഴുന്നേറ്റു് അടുക്കളയിലെ ജോലികൾ ചെയ്തു. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടു് കിണറ്റുവെള്ളം ഉപയോഗിക്കാൻ വയ്യ. മഴവെള്ളം പിടിച്ചു് പാത്രങ്ങൾ കഴുകി. മേരി എവിടെ നിന്നോ രണ്ടുകുടം നല്ല വെള്ളം പതിവുപോലെ നീന്തിപ്പിടിച്ചു കൊണ്ടുവന്നതു് വാങ്ങി ഒഴിച്ചു വച്ചു. ഉച്ചയായപ്പോഴേക്കും സാവിത്രിക്കുട്ടി കിടന്നുപോയി… രണ്ടുമൂന്നുതവണ വെള്ളം നീന്തി കക്കൂസിൽ പോയതായി ഉള്ളിൽ ഓർമ്മയുണ്ടു്; പക്ഷേ, എങ്ങനെ തപ്പിപ്പിടിച്ചു് പടികൾകയറി പോകുകയും വരികയും ചെയ്തെന്നു് സാവിത്രിക്കുട്ടിക്കറിയില്ല, ആകെ ഒരു മൂടൽ…
വയറിളകുകയായിരുന്നെന്നു മനസ്സിലായി. രാത്രിയായപ്പോൾ ദേഹത്തുനിന്നു തീപറക്കുന്നതുപോലെ… വല്യമ്മാവൻ വന്നു തൊട്ടുനോക്കി. ‘ഇവൾക്കു് പൊള്ളുന്ന ചൂടു്… ഇന്നലെത്തന്നെ പനി തുടങ്ങിയല്ലേ? നീയെന്താ പറയാതിരുന്നതു്? എന്തായാലും നേരം വെളുക്കട്ടെ.’ വല്യമ്മാവൻ പറഞ്ഞു.
രാവിലെ ആരോ പിടിച്ചെഴുന്നേല്പിച്ചു് ചായ കയ്യിൽക്കൊടുത്തു. വായിൽ വച്ചതും കയ്ക്കുന്നുവെന്നു പറഞ്ഞു താഴെ വച്ചു. അടുത്തു നിൽക്കുന്നതാരാണെന്നറിയില്ല; സാവിത്രിക്കുട്ടി കൈപൊക്കാൻ പണിപ്പെട്ടു, കഴിഞ്ഞില്ല. എന്തൊക്കെയോ സംസാരിച്ചു… പിന്നീടു് ദിവാകരേട്ടൻ പറഞ്ഞറിഞ്ഞു തന്റെ തലയ്ക്കു മീതെ വലിയ പരുന്തുകൾ വട്ടമിട്ടു പറക്കുന്നു, ആകാശത്തിനു ഭയങ്കര ചുവപ്പുനിറം എന്നൊക്കെയായിരുന്നത്രെ പറഞ്ഞതു്; അടുത്തു നിൽക്കുന്നവർക്കുപോലും ചൂടു് തട്ടുമായിരുന്നത്രെ.
ആ പനി, പുതുതായി തലേക്കൊല്ലം മുതൽ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഫ്ളൂ ആണത്രെ; അതൊരു മഹാമാരിയാണെന്നു് എല്ലാവരും പറഞ്ഞു. അതു പകരുന്ന പനിയാണു്. അതുകൊണ്ടാണു് ചേട്ടത്തി അടുത്തേക്കു വരാതിരുന്നതു്; ഫ്ളൂവിനു മരുന്നില്ല. മരുന്നു കടക്കാരൻ പല പല മരുന്നുകൾ ചേർത്ത മിക്സ്ചർ തരും. മിക്കവാറും ആ മിക്സ്ചറും അഞ്ചോ ആറോ ദിവസവും കൊണ്ടു പനി പോകും, പോയില്ലെങ്കിൽ അതു് മാരകമായ അസുഖമാകും… മിക്സ്ചറിൽ അടങ്ങുന്നില്ല; പനിയും ഓർമ്മക്കേടും അങ്ങനെ തന്നെ തുടർന്നു. വെള്ളംപോലും കുടിക്കുന്നില്ല. മൂന്നാം ദിവസം വൈകിട്ടു് വലിയമ്മായി എത്തി; കൂടെ പത്മേച്ചിയും. ശശിച്ചേട്ടൻ പോയി കൊണ്ടുവന്നതാണു്…
സാവിത്രിക്കുട്ടിക്കു ചുറ്റും ഏതൊക്കെയോ നിഴലുകൾ അടുത്തും അകന്നും പോകുന്നു… പല പല ഏറ്റക്കുറച്ചിലുകളിലുള്ള ശബ്ദം വിദൂരതയിൽ നിന്നു് ഒരു ഇരമ്പലായി സാവിത്രിക്കുട്ടിയുടെ ചെവിയിൽ…