‘ഇന്നുകൂടി നോക്കാം; മരുന്നു കഴിച്ചു തുടങ്ങീട്ടു് ഒരുദിവസം പോലുമായില്ലല്ലോ’, ദിവാകരേട്ടനും വലിയമ്മായിയും പറഞ്ഞു.
പക്ഷേ, അഞ്ചാം ദിവസം രാവിലെ ആരോടും ചോദിക്കാൻ നിൽക്കാതെ വല്യമ്മാവൻ സാവിത്രിക്കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു് ഒരു റിക്ഷാവണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോയി… ‘സീരിയസ്സാണു്. ഇത്രയും ദിവസം പനിവച്ചുകൊണ്ടിരുന്നതു്? നൂറ്റിയഞ്ചിലെത്തി ടെംപറേച്ചർ! അഡ്മിറ്റു ചെയ്യണം’ ഡോക്ടർ. അല്പനേരത്തെ മൗനത്തിനുശേഷം വല്യമ്മാവൻ പറഞ്ഞു: ‘കൂടെ നിർത്താൻ ആരുമില്ല. ആഹാരം കൊണ്ടുവരാനും…’
‘അതൊന്നും പ്രശ്നമേയല്ല. കൂടെയാരും വേണ്ടാ, നഴ്സു് നോക്കിക്കോളും. ഭക്ഷണം ക്യാന്റീനിൽ നിന്നുകൊടുക്കും… ഞങ്ങളും കാന്റീനിൽ നിന്നാണു് കഴിക്കുന്നതു്. അതിലൊന്നും വിഷമിക്കണ്ട.’ ഡാക്ടർ സമാധാനിപ്പിച്ചു.
‘അതുവേണ്ട. കിടത്തിയിട്ടു പോകാൻ സമാധാനമില്ല. വീട്ടിൽ നന്നായി നോക്കിക്കോളാം. മരുന്നു തന്നാൽ മതി.’ വല്യമ്മാവന്റെ സ്വരത്തിലെ വേവലാതി ഡാക്ടർക്കു മനസ്സിലായിക്കാണും. ഡോക്ടർ ഒന്നുകൂടി പരിശോധിച്ചു. നഴ്സിനെ വിളിച്ചു് രക്തം പരിശോധനയ്ക്കെടുത്തു… പിന്നെ ഒന്നോ രണ്ടോ ഇൻജെക്ഷനെടുത്തു. കഴിക്കാൻ മരുന്നുകൊടുത്തു.
‘കുറച്ചുനേരം കുട്ടി കിടന്നോട്ടെ, എന്നിട്ടുപോയാൽ മതി. തലചുറ്റലുണ്ടായേക്കും’, ഡോക്ടർ മരുന്നു കുറിപ്പടി കൊടുത്തു കൊണ്ടു തുടർന്നു: ‘ലക്ഷണങ്ങളെല്ലാം ടൈഫോയ്ഡിന്റെയാണു്, ബ്ലഡ് റിസൽട്ടുകിട്ടാൻ മൂന്നു ദിവസമെടുക്കും. പക്ഷേ, ടൈഫോയ്ഡിനുള്ള മരുന്നു് ഇന്നുതന്നെ സ്റ്റാർട്ടു ചെയ്യണം… പിന്നെ അടുത്തു പെരുമാറുന്നവർ സൂക്ഷിക്കണം. ഒരാൾ മാത്രമാകുന്നതാ നല്ലതു്. വീട്ടിലെല്ലാവരും പ്രിവന്റീവു് ഇൻജെക്ഷൻ എടുക്കണം. ക്ലോറോമൈസെറ്റിൻ എഴുതീട്ടുണ്ടു് കുട്ടിക്കു് സാറു വിഷമിക്കണ്ട. ഞാൻ വരുന്നതും പോകുന്നതും സാറിന്റെ വീടിനു മുന്നിലൂടെയാണു്. ഞാൻ വീട്ടിൽ വന്നു നോക്കിക്കോളാം. നന്നായി സൂക്ഷിക്കണം.’
ഡോക്ടർ വീണ്ടും കുറേ നിർദ്ദേശങ്ങൾ കൊടുത്തു…
ഡോക്ടറും വല്യമ്മാവനുമൊക്കെ പറഞ്ഞ കാര്യങ്ങൾ പിന്നീടാരോ ഒക്കെ പറഞ്ഞുകേട്ടതാണു് സാവിത്രിക്കുട്ടി. ആശുപത്രിയിൽ നിന്നുപോന്നതോ തിരിച്ചു വീട്ടിലെത്തിയതോ സാവിത്രിക്കുട്ടി അറിഞ്ഞില്ല. ഡാക്ടർ പറഞ്ഞതനുസരിച്ചു് ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന ഹാളിന്റെ ജന്നലരികിൽ കട്ടിലിട്ടാണു് കിടത്തിയതത്രെ.
വൈകിട്ടു ദിവാകരേട്ടൻ മരുന്നുകളും വാങ്ങിയെത്തിയപ്പോഴേയ്ക്കും ഡോക്ടറുമെത്തി. ഡോക്ടർ പനിനോക്കി, നാഡിമിഡിപ്പുമൊക്കെ പരിശോധിച്ചു. ദിവാകരേട്ടന്റെ കയ്യിൽനിന്നും മരുന്നുകൾ വാങ്ങിനോക്കി. ഉടനെ കൊടുക്കേണ്ടതു് എടുത്തു് ഡോക്ടർ തന്നെ സാവിത്രിക്കുട്ടിയെ തുടർച്ചയായി വിളിച്ചുണർത്തി മരുന്നു കൊടുത്തു. ശരിക്കും ബോധത്തിലേക്കെത്തും വരെ കൃത്യസമയത്തു് എങ്ങനെയെങ്കിലും വിളിച്ചുണർത്തി മരുന്നു കൊടുക്കണം, ഇറക്കുന്നുണ്ടെന്നു് ഉറപ്പു് വരുത്തുകയും വേണം… ഇല്ലെങ്കിൽ കൈവിട്ടുപോകും എന്നൊക്കെ പറഞ്ഞത്രെ.
പോകാൻ നേരത്തു് ഡോക്ടർ ചോദിച്ചു: ‘സ്ത്രീകളാരും ഈ വീട്ടിലില്ല, അല്ലേ? ബന്ധുക്കൾ ആരെയെങ്കിലും വന്നു നിൽക്കാനുണ്ടെങ്കിൽ…’
‘അല്ല, ആളുണ്ടു്. ഗർഭിണിയായതുകൊണ്ടു് അടുത്തുവരാത്തതാ.’ ദിവാകരേട്ടൻ പറഞ്ഞു.
‘ഓ, ശരി ശരി… സൂക്ഷിക്കണം. അവരൊന്നും അടുത്തുവരണ്ട.’
ഡോക്ടർ പോയി. അന്നുതന്നെ ആരെയോ പറഞ്ഞേല്പിച്ചുവിട്ടു. നാട്ടിൽനിന്നു് രവീന്ദ്രൻചേട്ടനോടു വരാൻ പറയാൻ.
പിറ്റേന്നു രാവിലെയും വൈകിട്ടും കൃത്യസമയത്തു ഡോക്ടർ വന്നു പരിശോധിച്ചു; അന്നു വൈകിട്ടു രവീന്ദ്രൻചേട്ടൻ വന്നു. അപ്പോൾ ഡോക്ടർ കാൽമുട്ടുകൾ മടക്കിയും നിവർത്തിയും നോക്കുകയായിരുന്നു. ഡോക്ടർ ചിരിച്ചു:
‘ബ്രദറാണല്ലേ… നന്നായി കൈകാലുകളുടെ ജോയിന്റുകൾ സ്റ്റിഫാകാൻ തുടങ്ങിയിരിക്കുന്നു. അനക്കാതിരുന്നാൽ പിന്നെ ചലനശേഷി വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണു്. നാളെ വരുമ്പോൾ ഒരു ഓയിന്റുമെന്റു് കൊണ്ടുവരാം. അതു കുറേശ്ശെയിട്ടു കൈമുട്ടും കാൽമുട്ടും തിരുമ്മിക്കൊടുക്കണം, പലതവണ.’
രാത്രിയായപ്പോഴേക്കും സാവിത്രിക്കുട്ടിക്കു പനിയുടെ ചൂടല്പം കുറഞ്ഞു. ചുറ്റുപാടും കേൾക്കുന്ന സ്വരങ്ങൾ തിരിച്ചറിയാറായി. വല്യമ്മായിയുടെ ദേഷ്യപ്പെട്ടുള്ള സംസാരം.
‘ദ്ന്തൊരു നാശമാന്നു നോക്കിക്കേ. രണ്ടു വയറ്റുകണ്ണികളാ. അതിനെടേ… നീ പറയണപോലെ ഇത്രേം വെലപിടിച്ച ഗുളികേടൊന്നും ആവശ്യമില്ല. പനിക്കൊള്ള വല്ല ഗുളികേം മതി. അയ്യാളു വെറുതെ വലുതാക്കിപ്പറയുന്നതാ കാശുതട്ടാൻ. അല്ലേൽ അയാളെന്തിനാ രണ്ടുനേരേം കേറിവരുന്നേ. നാണമില്ലേ അയാക്കു് ചെറുപ്പക്കാരനല്ലേ, കൊച്ചുപെമ്പിള്ളാരെ തൊടാനും പിടിക്കാനുമൊക്കെ രസമാണേ. അല്ലേൽ പ്രൈവറ്റാശുപത്രീലെ ഡാക്ടറമ്മാരു് വീട്ടിൽ വന്നു നോക്ക്വോ. നാണം കെട്ടവൻ! നാളെ വരുമ്പം പറഞ്ഞു വിട്ടോണം. ഇല്ലേ ഞാൻ പറയും, പറഞ്ഞേക്കാം.’
പിറ്റേന്നു രാവിലെ ഡോക്ടർ വന്നു. ഇപ്പോൾ സാവിത്രിക്കുട്ടിക്കു ഡോക്ടറെ കാണാം. കുറച്ചപ്പുറത്തു് കസേരയിൽ തളർന്നു് മൗനിയായിരിക്കുന്ന വല്യമ്മാവൻ. ഡോക്ടറെ നോക്കി സാവിത്രിക്കുട്ടി ചിരിക്കാൻ ശ്രമിച്ചു.
‘ങാഹാ ചിരിക്കുന്നല്ലോ. സാവിത്രിക്കെന്നെ മനസ്സിലായോ? ഞാൻ ഡോക്ടർ തോമസ് മാത്യു. കുട്ടീടെ പനി കുറഞ്ഞല്ലോ. ഇപ്പോ കാണാനും കേക്കാനും പറ്റുന്നുണ്ടല്ലോ.’ ഡോക്ടർ സാവിത്രിക്കുട്ടിയുടെ ടെംപറേച്ചർ എടുത്തുകൊണ്ടു് വിവരങ്ങൾ ചോദിച്ചറിഞ്ഞു. എന്നിട്ടുതിരിഞ്ഞു് വല്യമ്മാവനോടായി പറഞ്ഞു:
‘പനി കൺട്രോളിലായി… എന്നാലും കട്ടിയുള്ള ആഹാരം കൊടുക്കണ്ട. നേർപ്പിച്ച പാലു് ഒന്നോ രണ്ടോ തവണ. വെള്ളം ധാരാളം കൊടുക്കണം. രണ്ടു ദിവസം കൂടിക്കഴിഞ്ഞു് മോഷനുണ്ടായില്ലെങ്കിൽ കൊടുക്കാൻ ഒരു മരുന്നെഴുതീട്ടൊണ്ടു്. വയറു ക്ലിയറായാൽ കുറേശ്ശെ പാലും റസ്ക്കും കൊടുക്കാം. പിന്നെ ക്ലോറോമൈസെറ്റിൻ കോഴ്സു് മിസ്സാകരുതു്.’
ഡോക്ടർ എഴുന്നേറ്റപ്പോൾ ദിവാകരേട്ടൻ പറഞ്ഞു: ‘ഇനിയിപ്പം ഡോക്ടർ വരണമെന്നില്ല. വിശേഷം വല്ലതുമുണ്ടെങ്കിൽ അവിടെ വന്നു പറയാം’ എന്നിട്ടു് ഒരു കവർ ഡോക്ടർക്കു നേരെ നീട്ടി:
‘ഡാക്ടറുടെ ഫീസ്.’
‘ഫീസോ, ആരു ഫീസു ചോദിച്ചു? ഫീസിനു വേണ്ടിയാണു് ഈ രോഗിയെ നോക്കാൻ വന്നതെന്നു വിചാരിച്ചോ?’ ഡോക്ടർ വികാരാധീനനായി. ഡോക്ടർ പറഞ്ഞുതീരും മുൻപു് അതുവരെ ഡോക്ടറുള്ളപ്പോൾ മുൻവശത്തെങ്ങും വരാത്ത വല്യമ്മായി ചാടിവന്നു.
‘പിന്നേ… കാശിനു വേണ്ടിയല്ലെങ്കിൽ പിന്നെ പ്രൈവാറ്റാശുപത്രീലെ എത്ര ഡാക്ടമ്മാരാ ഇങ്ങനെ വീടുകേറിയെറങ്ങണേ. ഡാക്ടറു ചെറുപ്പമാ. പെമ്പിള്ളാരെ ചികിത്സിക്കാൻ ഒരുപാടു് താല്പര്യം കാണിക്കുന്നതു അത്ര നല്ല കാര്യമൊന്നുമല്ല. പറഞ്ഞില്ലാന്നു വേണ്ടാ!’
ഡോക്ടർ പെട്ടെന്നൊന്നു പകച്ചു; വല്യമ്മാവൻ ചാടിയെഴുന്നേറ്റു. ‘സരസ്വതി നീയകത്തു പോ’, പിന്നെത്തിരിഞ്ഞു് ഡോക്ടറോടും പറഞ്ഞു:
‘ക്ഷമിക്കണം ഡോക്ടർ, വിവരക്കേടാ… ഡോക്ടർ അവളെ രക്ഷിച്ചതിനു് ഒരുപാടു് നന്ദിയുണ്ടു്.’
അല്പസമയമെടുത്തു ഡോക്ടർ സാധാരണ നിലയിലെത്താൻ. രണ്ടുകാര്യം കൊണ്ടാണു് ഞാനിവിടെ വന്നതു്… ആ കുട്ടിയുടെ അവസ്ഥ വളരെ ക്രിട്ടിക്കലായിരുന്നു; ആരോഗ്യനിലയും വളരെ മോശം, രക്ഷപ്പെടാനുള്ള ചാൻസു് കുറവു്, അതാണു് അഡ്മിറ്റു് ചെയ്യാനാവശ്യപ്പെട്ടതു്. പക്ഷേ, മാന്യനായ ഈ സാറിന്റെ നിസ്സഹായാവസ്ഥ എനിക്കു മനസ്സിലായി. എനിക്കു് ആദ്യകാഴ്ചയിൽത്തന്നെ ഇദ്ദേഹത്തോടു് വലിയ ബഹുമാനം തോന്നി. ഈ വഴിയെ കാറിൽ രണ്ടുനേരവും പോകുന്ന എനിക്കു് ഒരു പത്തുമിനിട്ടു വീതം ക്രിട്ടിക്കലായ ഒരു രോഗിക്കുവേണ്ടി ചിലവഴിക്കുന്നതു് ഫീസുവാങ്ങിക്കേണ്ട ജോലിയാണെന്നോ ത്യാഗമാണെന്നോ തോന്നിയില്ല. ജോലി പ്രൈവറ്റാശുപത്രീലായിപ്പോയതു കൊണ്ടു് എത്തിക്സു് മറന്നുപോകണമെന്നില്ലല്ലോ.
പിന്നൊരുകാര്യം. ഈ കുട്ടി നിങ്ങക്കു വേണ്ടപ്പെട്ടവരാരോ ആണെന്നു ധരിച്ചു. ചേതമില്ലാത്ത മുതലാണല്ലേ. എന്നാലും മരുന്നുകൾ മുടക്കാതിരുന്നാൽ കൊള്ളാം… ഒന്നുകൂടി: കൂട്ടി രക്ഷപ്പെടും. പക്ഷേ, എന്തെങ്കിലും ഡിഫോർമിറ്റി ഉണ്ടായേക്കാം. ഓർമ്മക്കുറവോ, ചെവികേക്കാതെയോ… അങ്ങനെ എന്തെങ്കിലും… ഉറപ്പായും വരണമെന്നില്ല… ശരി, സാറേ ഇറങ്ങുന്നു. ഇനിയും ആവശ്യമുണ്ടെങ്കിൽ എന്റടുത്തുവരാം; പ്രശ്നമൊന്നുമില്ല.
ഡോക്ടർ പോയി. വല്യമ്മാവൻ ഒന്നും പറയാനാകാതെ തലകുനിച്ചു നിന്നു.
മരുന്നിന്റെ വിലയുടെ പ്രശ്നം വീണ്ടും ചർച്ചയാകുന്നതുകേട്ടു. ഏതായാലും ആ മരുന്നു നിന്നു… പിന്നെ ചില മരുന്നുകൾ… ഇരുപത്തൊന്നാം ദിവസം ഒരു ചായക്കപ്പിൽ ഉപ്പിട്ട പൊടിയരിക്കഞ്ഞി തന്നുതുടങ്ങി. ഇരുപത്തിയേഴാം ദിവസം കഞ്ഞിയും ചമ്മന്തിയും. ‘ദാ എഴുന്നേക്കാറായാൽ നിന്നെ കൊണ്ടുപോകാൻ വരാൻ രവീന്ദ്രനോടു പറഞ്ഞിട്ടുണ്ടു്. അന്നു മീനാക്ഷി താണുകേണു പറഞ്ഞിട്ടാ നെന്നെ ഇങ്ങോട്ടുവിട്ടേക്കാൻ പറഞ്ഞേ… ബാക്കി ഒള്ളോർക്കു് എന്തു ദുരിതാ നീ വരുത്തി വച്ചേ, അശ്രീകരം… വേഗം എഴുന്നേറ്റുനടക്കാൻ നോക്കു്’ ആ അശ്രീകരം ഭിത്തിയിലേക്കു തിരിഞ്ഞുകിടന്നു. മുഖമൊളിക്കാൻ!
ഇരുപത്തേഴു ദിവസത്തെ കിടപ്പു്… ആറേഴു ദിവസം 104, 105 ഡിഗ്രി പനിയിൽ… തലയിൽ പേനുകളുടെ ഒൻപതാമുത്സവം. രാത്രിയും പകലും ഒരുപോലെ തലയണയിലും വിരിപ്പിലും തേരോട്ടം. തലചൊറിഞ്ഞു ചൊറിഞ്ഞു സാവിത്രിക്കുട്ടിക്കു പ്രാന്തുപിടിക്കുന്നു. രാത്രിയിൽ തലയിണവിരിച്ച തോർത്തു് അതിരാവിലെ അതിർത്തിയിലെ തെങ്ങും ചോട്ടിൽ കുടഞ്ഞിട്ടു. എന്നിട്ടും പറ്റാഞ്ഞു് അടുത്ത തിലഹോമത്തിനൊരുങ്ങി.