സാവിത്രിക്കുട്ടിക്കു് അറപ്പായി, തലനിറയെ ഒരു വൃത്തികെട്ട ജീവിയുടെ നിരന്തരമായ ആക്രമണം… സ്വന്തമായുണ്ടായിരുന്ന ചീപ്പിൻ കഷണം കാണാനില്ല… ശശിച്ചേട്ടന്റെ മേശപ്പുറത്തു് ബ്രഷിനു മുകളിൽ രണ്ടു ചീപ്പു്. ഒന്നെടുത്തു. അത്രയ്ക്കും ഭ്രാന്തു പിടിക്കുന്നു. തെങ്ങിൻ ചോട്ടിൽ സ്റ്റൂളിട്ടു് അതിനരികിൽ കരിയിലകൾ കത്തിച്ചു; അതിലേക്കു ചീകിയിട്ടു, തുടരെത്തുടരെ… ചീപ്പിനൊപ്പം ചീപ്പുകൊള്ളുന്നിടത്തു നിന്നെല്ലാമുള്ള മുടിയും പേനിനൊപ്പം തീയിൽ വീണുകൊണ്ടിരുന്നു…
‘ഇതെന്തു്; ശവം കരിയുന്ന മണം! നീയവ്ടെ എന്തു ചെയ്യുവാ സാവിത്രീ? എന്തിനാ തീയിട്ടേക്ക്ണേ?’ ഉത്തരത്തിനു കാക്കാതെ വല്യമ്മായി പോയി.
ചീകൽ നിർത്തി പാവാട അഴിച്ചു കുടഞ്ഞു തോർത്തുകൊണ്ടു തലമുഴുവൻ തുടച്ചു. മുടി ഏതാണ്ടു മുക്കാലും ഊരിപ്പോയെങ്കിലും പേൻ നശിച്ചിരിക്കുന്നു… തലയ്ക്കു് എന്തൊരാശ്വാസം… ശുണ്ഠിക്കാരനും അതിവൃത്തിക്കാരനുമായ ശശിച്ചേട്ടന്റെ ചീപ്പാണു്; സാവിത്രിക്കുട്ടിക്കു പേടി തോന്നി. വേഗം കുളിമുറിയിൽ കയറി സോപ്പിട്ടു തേച്ചു കഴുകിത്തുടച്ചു് ബ്രഷിൽ കുത്തിവച്ചു.
പക്ഷേ, പിറ്റെന്നത്തെ കാഴ്ച!
ശശിച്ചേട്ടന്റെ മേശപ്പുറത്തിരുന്ന രണ്ടു ചീപ്പുകൾക്കു് ഒരൊറ്റ പല്ലു് ബാക്കിയില്ല. മുഴുവൻ ഒടിച്ചു കളഞ്ഞിരിക്കുന്നു; തനിക്കുള്ള ശിക്ഷ! പക്ഷേ, താനതു് ഉപയോഗിച്ചുവെന്നു് ശശിച്ചേട്ടനെങ്ങനെയറിഞ്ഞു; ഒരു ലക്ഷണവും അവശേഷിപ്പിച്ചിരുന്നില്ലെന്നാണു് ഓർമ്മ.
ദിവാകരേട്ടൻ പറഞ്ഞ ‘മോഹം’ പോലെ തന്നെ ശശിച്ചേട്ടന്റെ ക്രോധവും സാവിത്രിക്കുട്ടിയുടെ മനസ്സിനെ കീറിമുറിച്ചു… ഒരു നികൃഷ്ട കീടമായിത്തീർന്നു താൻ!
തീരാത്ത അപമാനഭാരവും പേറി സാവിത്രിക്കുട്ടി രവീന്ദ്രൻചേട്ടനൊപ്പം വീട്ടിലേക്കു മടങ്ങി; ഇതിലും വലിയ ഒരു ആറ്റംബോംബു തന്നെ നാട്ടിലേയ്ക്കയച്ചിട്ടുണ്ടെന്നറിയാതെ. മകളെ കണ്ടതും സാവിത്രിക്കുട്ടിയുടെ അമ്മ വിതുമ്പി… സാവിത്രിക്കുട്ടി പക്ഷേ, കരഞ്ഞില്ല… അല്പം കഴിഞ്ഞപ്പോൾ അമ്മ ചോദിച്ചു: ‘നെനക്കെങ്ങനെയാ പനി വന്നേ?’
‘പകർച്ചപ്പനി, ഫ്ളൂ… പുതിയതരം… രവീന്ദ്രൻചേട്ടൻ പറഞ്ഞില്ലാര്ന്നോ. അതിനു മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ല.’
‘അതെന്തുപനിയാ, ഇത്രേം ദെവസം?’ അമ്മയുടെ ശബ്ദത്തിൽ അവിശ്വാസം.
‘അതു് ഫ്ളൂകൂടി ടൈഫോയ്ഡായി. വരാന്തേമുട്ടി വെള്ളാര്ന്നു. പാത്രം കഴുകേമൊക്കെച്ചെയ്യുമ്പം മഴേം നനഞ്ഞു. പിന്നാണേ മുട്ടോളം വെള്ളത്തിലെറങ്ങിയാ കക്കൂസിലും കുളിമുറീലും പോണേ. അഴുക്കുവെള്ളല്ലേ…’ അച്ഛൻ എല്ലാം കേട്ടുകൊണ്ടു് നിശ്ശബ്ദനായി നിൽക്കുന്നുണ്ടായിരുന്നു. അമ്മ പിന്നൊന്നും ചോദിച്ചില്ല.
കുറച്ചു ദിവസം കഴിഞ്ഞാണു്, സാവിത്രിക്കുട്ടി പുറത്തായി. അമ്മ പറഞ്ഞു: ‘നീയാരോടും പറയാനൊന്നും പോണ്ട; കാവിന്റങ്ങോട്ടു പോകാതിരുന്നാ മതി… ഇതിനു മുൻപു് നെനക്കെന്നാര്ന്നു?’
‘ആലപ്പൊഴയ്ക്കു പോണേനും ഒരു മാസം മുമ്പല്ലാര്ന്നോ?’
‘നെനക്കു പനി വന്നപ്പം വല്യേട്ടത്തി ഒണ്ടാര്ന്നോ അവടെ?’ ‘ഇല്ല. കോട്ടേത്തു് പത്മേച്ചീടടുത്തേക്കു പോയതാരുന്നു. അടുക്കളേലൊക്കെ ഞാനാര്ന്നു. പനി വന്നപ്പം ശശിച്ചേട്ടൻ പോയിക്കൊണ്ടുവന്നു.’ ‘വല്യേട്ടത്തി വന്നപ്പം നീയെന്തേലും പറഞ്ഞാര്ന്നോ?’
‘എനിക്കപ്പം തലവേദനേം ചൂടുംകൊണ്ടു് ഒരോർമ്മേല്ലാത്ത പോലാര്ന്നു. എന്നാലും വല്യമ്മായി ചോദിച്ചപ്പം പറഞ്ഞു. വല്യമ്മായി ചോദിച്ചു നെനക്കെങ്ങനെയാ പനിവന്നേന്നു്. തലവേദനയാര്ന്നു, പക്ഷേലു് പൊറന്നാളായതുകൊണ്ടു കുളിച്ചൂന്നു പറഞ്ഞു. കുളിച്ചു കഴിഞ്ഞപ്പം വയറെളകീന്നും പറഞ്ഞു. കണ്ടമാനം വല്ലതും വാരിത്തിന്നാരിക്കുംന്നു് വല്യമ്മായി പറഞ്ഞപ്പം എനിക്കു സങ്കടം വന്നു. ഞാനൊരിക്കലും ആവശ്യത്തിനുപോലും കഴിക്കാറില്ലെന്നു് അമ്മയ്ക്കറിയില്ലേ… ഞാൻ പറഞ്ഞു എനിക്കു് രണ്ടുമൂന്നു മാസം കൂടുമ്പഴാ തീണ്ടാരിവരുന്നേ. അപ്പം അതുകെട്ടിക്കെടന്നിട്ടു എളകിപ്പോയതാരിക്കും, കറുകറാന്നിരുന്നു എന്നു്.’ സാവിത്രിക്കുട്ടി പറഞ്ഞു നിർത്തീതും, ‘എന്റെ ഭഗവതീ’ എന്നു സാവിത്രിക്കുട്ടിയുടെ അമ്മ തലയ്ക്കു കൈതാങ്ങി നിലത്തിരുന്നു കരയാൻ തുടങ്ങി.
‘എന്തു മഹാപാപമാ വല്യേടത്തി പറഞ്ഞൊണ്ടാക്ക്യേ, എന്റീശ്വരാ.’ പിന്നെ സാവിത്രിക്കുട്ടിയുടെ നേരെ തിരിഞ്ഞു് അമ്മ ദേഷ്യപ്പെട്ടു: ‘ശവം, നീയിതൊക്കെ എന്നാ പടിക്കുന്നേ! ഇത്രേം പ്രായായിട്ടും ഇങ്ങനത്തെ വിവരക്കേടു് വെളമ്പിയല്ലോ! തീണ്ടാരിയൊണ്ടായില്ലേലു് അതൊക്കെ കെട്ടിക്കെടന്നു് വളറെളകിപ്പോകുംന്നു് എവടെ പടിച്ചതാടീ! നെനക്കെപ്പഴും രണ്ടും നാലും മാസൊക്കെ കൂടുമ്പഴല്ലേ ഒണ്ടാകൂ… രക്തക്കൊറവാന്നു വൈദ്യൻ പറഞ്ഞിട്ടു് എള്ളും കരിപ്പട്ടീം കൂടെ ഇടിച്ചുതന്നതോർമ്മയില്ലേ? എന്റെ ഭഗവതീ ഇതൊക്കെയാരാ ഇനി പറഞ്ഞുകൊടുക്കാൻ!’
സാവിത്രിക്കുട്ടി അമ്പരന്നു നിന്നു. വലിയമ്മായി എന്തു മഹാപാപം പറഞ്ഞെന്നാണു് അമ്മ പറയുന്നതു്! അമ്മ കരയാൻ മാത്രം അപകടകരമായ കാര്യമെന്താണ്?
‘എന്താ കാര്യം, അമ്മേ? വല്യമ്മായി എന്തു പറഞ്ഞെന്നാ; ഒരുപാടു തിന്നിട്ടാ അസുഖം വന്നേന്നാണോ?’ സാവിത്രിക്കുട്ടി നിർബന്ധിച്ചു.
അമ്മ പണിപ്പെട്ടു് വിക്കി വിക്കിപ്പറഞ്ഞു:
‘നെനക്കു് ഗർഭം അലസീതാന്നു്!’ അമ്മ പൊട്ടിക്കരഞ്ഞു.
സാവിത്രിക്കുട്ടിയുടെ മനസ്സിലൊരു ഇടിവാൾ മിന്നി; അവളൊരു ശിലയായി…
അടുത്തനിമിഷം, പക്ഷേ, സാവിത്രിക്കുട്ടി ഉണർന്നു… ‘തനിക്കു ശരീരശാസ്ത്രത്തെക്കുറിച്ചൊന്നുമറിയില്ല; ശരീരത്തിലെ ജൈവപ്രക്രിയകളെക്കുറിച്ചും… സെക്കന്റ്ഫോമിൽ പഠിക്കുമ്പോൾ ആണുങ്ങളെ തൊടരുതെന്നു് കൊച്ചു സിസ്റ്റർ ഉപദേശിച്ചു; തൊട്ടാലെന്താ കുഴപ്പമെന്നു ചോദിച്ചപ്പോൾ കൂടെ പഠിച്ചിരുന്ന മൂന്നാം കൊല്ലക്കാരി മാധവി പേടിപ്പിച്ചു: ‘ഗർഭമൊണ്ടാകും, അല്ലാണ്ടെന്താ’ എന്നു്. വീട്ടിൽ വന്നു് അതുപറഞ്ഞു കരഞ്ഞപ്പോൾ ‘ഓരോ ചോദ്യം, പോടീ അപ്പറത്തെങ്ങാനും’ന്നു് അമ്മ ഭദ്രകാളിയായി. അച്ഛൻ പറഞ്ഞു അതൊക്കെ തെറ്റായ വിവരമാണു്, മോളു് വലുതാകുമ്പം എല്ലാം മനസ്സിലാകുമെന്നു്. താൻ ആവശ്യത്തിനു വലുതായില്ല, വിവരം വച്ചില്ല… വല്യമ്മായിയുടെ തെറ്റല്ല, പത്മേച്ചിയുമുണ്ടായിരുന്നല്ലോ… എല്ലാം വച്ചൊരു കഥ മെനഞ്ഞു. സാരമില്ല… സാവിത്രിക്കുട്ടി തളരില്ലാ…’
‘വലിയമ്മാവനു സാവിത്രിക്കുട്ടിയെ അറിയാം: ആ നല്ലവനായ ഡാക്ടർ രോഗം അറിഞ്ഞു ചികിത്സിച്ചു… താൻ രക്ഷപ്പെട്ടല്ലോ. സാവിത്രിക്കുട്ടിക്കു് ആരോടും പരിഭവമില്ല, പിണക്കമില്ല… നന്ദി മാത്രം. തന്നെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുത്തല്ലോ; അവർക്കു പോലും അപകടം വന്നേക്കാവുന്ന മഹാരോഗമാണെന്നറിഞ്ഞിട്ടും വഴിയിലുപേക്ഷിച്ചില്ലല്ലോ… എല്ലാവർക്കും നന്ദി.’
സാവിത്രിക്കുട്ടിക്കു ജീവിക്കണം, സാവിത്രിക്കുട്ടിക്കു് ജയിക്കണം. ശരീരശാസ്ത്രത്തെക്കുറിച്ചു് അറിവു കുറവായിരിക്കാം… പക്ഷേ, സാവിത്രിക്കുട്ടി ജീവിതത്തെക്കുറിച്ചു് ഒരുപാടു പഠിച്ചു; ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചു് ഒരുപാടറിഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിനു് അതുമതി, അതുമതി.