ദിവസങ്ങൾ കടന്നുപോകുന്നു… സാവിത്രിക്കുട്ടിക്കു വെറുതെയിരിക്കാൻ വയ്യ. മനസ്സിൽ, വായിച്ചു കൂട്ടിയ ചരിത്രങ്ങളും ചരിത്രനായകരും കോരിയിട്ട കനലെരിയുന്നുണ്ടു്… പക്ഷേ, ക്ഷയരോഗം കൊണ്ടു തളർന്ന അച്ഛൻ, കഷ്ടപ്പാടുകൾ രോഗിണിയാക്കിയ അമ്മ, ദൈന്യതയുടെ പ്രതിരൂപങ്ങളായ സഹോദരൻ!അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കടന്നുപോകുന്ന ദിനങ്ങൾ… രവീന്ദ്രൻചേട്ടൻ ജോലിയന്വേഷിച്ചു നടന്നു തളർന്നു…
രാജഭരണത്തിന്റേയും വൈദേശികാധിപത്യത്തിന്റേയും കരാളതകളിൽ നിന്നും, ചൂഷണങ്ങളിൽ നിന്നും വിടുതൽ നേടിയെങ്കിലും ജനാധിപത്യം നടപ്പിലായെങ്കിലും ഭൂരിഭാഗം ജനങ്ങൾക്കും ആഹാരം, വസ്ത്രം, കിടപ്പാടം എന്ന പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിക്കിട്ടാൻ ഇനിയും ഒരുപാടു സമരങ്ങളും സഹനങ്ങളും വേണ്ടിവരുമെന്നു് സാവിത്രിക്കുട്ടിക്കറിയാം. പക്ഷേ, ലെനിനേപ്പോലെയോ ഭഗതു് സിംഗിനേപ്പോലെയോ, എ.കെ.ജിയേപ്പോലെയോ ത്യാഗത്തിന്റെ തീച്ചൂളയിലേക്കു് സ്വന്തം കുടുംബത്തെ മറന്നു് എടുത്തു ചാടേണ്ട അവസ്ഥയല്ലിപ്പോൾ… ഒരുപാടു കാര്യങ്ങൾ ഇനിയും നിവൃത്തിക്കപ്പെടേണ്ടതുണ്ടു്. സ്വാതന്ത്ര്യം കിട്ടിയിട്ടു് കൊല്ലം പത്തായിട്ടും അയിത്താചാരങ്ങൾ നിലനിൽക്കുന്നു… അതുപോലെ എത്രയോ ദുരാചാരങ്ങൾ ഇനിയും മാറാനുണ്ടു്.
സാവിത്രിക്കുട്ടിക്കു് വായനയിൽ നിന്നു കിട്ടിയ ഒരുപാടു് ആശയങ്ങളുണ്ടു്. ആദ്യം കുട്ടികളിൽ നിന്നുതുടങ്ങാം. കുട്ടികളെ—ആവുന്നത്രപേരെ—ഒന്നിച്ചുകൂട്ടണം. ഒരു ബാലസംഘം രൂപീകരിക്കണം. വായനയും, കളികളും, കലാപരിപാടികളും ഒപ്പം പഠിത്തത്തിൽ പുറകോട്ടു നില്ക്കുന്ന കുട്ടികൾക്കു് പ്രത്യേക പരിശീലനം… ആദ്യം ഈ ആശയങ്ങൾ തന്റെ പരിചയക്കാരും ബന്ധുക്കളുമായ മുതിർന്ന കുട്ടികളെ ബോധ്യപ്പെടുത്തണം. അവരുമായി ചേർന്നു് കൊച്ചുകുട്ടികളെ ആകർഷിക്കണം; എന്നുവച്ചാൽ കൊച്ചുകുട്ടികളുടെ രക്ഷകർത്താക്കളെ പറഞ്ഞു മനസ്സിലാക്കിക്കണം…
അച്ഛൻ പറഞ്ഞു; ‘നിന്റെ ആശയം നല്ലതുതന്നെ… പക്ഷേ, നിനക്കാരാ ഇവിടെ കൂട്ടുള്ളതു്?’
അമ്മയ്ക്കു ദേഷ്യം പിടിച്ചു; ‘അരി വാങ്ങാൻ പറ്റുന്ന പണി വല്ലതും നോക്കാനൊള്ളതിനു്…’ സ്വന്തം ജീവിതാനുഭവങ്ങൾ വിദുഷിയായ, പ്രതിഭാധനയായ മീനാക്ഷിയമ്മയെ ഒന്നിലും വിശ്വാസമില്ലാത്തവളാക്കി. ‘അതു ഞാൻ ചെയ്യുന്നുണ്ടല്ലോ അമ്മേ; രണ്ടു സ്ഥലത്തു ട്യൂഷനു പോകുന്നുണ്ടു്. പത്താം ക്ലാസ്സിലെ കുട്ടികളായതുകൊണ്ടു കിട്ടിയതാ. അല്ലാതാരാ ഇവടെ ട്യൂഷനയക്കുന്നേ? മറ്റു ജോലികളെന്തെങ്കിലും കിട്ടുന്നതുവരെ.’ സാവിത്രിക്കുട്ടി അമ്മയെ ആശ്വസിപ്പിച്ചു.
‘തുരുത്തുമ്മേലെ സുരേന്ദ്രനെ നീയറിയില്ലേ, ബന്ധുവാ. അവൻ പത്തിലാ. എന്നാലും നമ്മൾ വിളിച്ചാൽ സംഘമൊണ്ടാക്കാൻ വരും. അവനേം കൂട്ടിപ്പോയാ പരിചയോള്ള കുട്ടികളെകിട്ടും.’ അമ്മ പ്രശ്നം പരിഹരിക്കാൻ വഴി പറഞ്ഞുതന്നു…
അതു ഫലിച്ചു… നാലഞ്ചു കുട്ടികൾ തയ്യാറായി വന്നു. പല ക്ലാസ്സുകളിൽ പഠിക്കുന്നവർ. അവർ വളരെ ആവേശത്തിലാണു്. ആ നാട്ടിലാദ്യമായി കുട്ടികൾ സംഘടിക്കുന്നു… ആ കുട്ടികളിൽ മൂന്നുപേരും അടുത്ത ബന്ധുക്കളായിരുന്നു. പക്ഷേ, സാവിത്രിക്കുട്ടിക്കു് അക്കാര്യം അറിയില്ലായിരുന്നു… ഒന്നു മനസ്സിലായി, നല്ല ആത്മാർത്ഥതയും സ്നേഹവുമുള്ള കുട്ടികൾ.
ബാലസംഘം രൂപം കൊണ്ടു… എക്സിക്യൂട്ടീവു് കമ്മിറ്റി ഉണ്ടാക്കി, ആദ്യംതന്നെ. ആ കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളും പ്രീയൂണിവേഴ്സിറ്റിക്കാരിയുമായ സാവിത്രിക്കുട്ടി തന്നെ സെക്രട്ടറിയാകണമെന്നു് മറ്റു കുട്ടികൾ ഉറപ്പിച്ചു. പത്താം ക്ലാസ്സുകാരൻ സുരേന്ദ്രൻ പ്രസിഡന്റ്, എട്ടാം ക്ലാസുകാരൻ വേണു ജോയന്റ് സെക്രട്ടറിയും ഖജാൻജിയും…
തൈക്കാട്ടുശ്ശേരീൽ പോയി എൻ. ഇ. എസ്. ബ്ലോക്കുകാരെ കണ്ടു് ബാലസംഘങ്ങളുടെ ബൈലോ നിർദ്ദേശങ്ങൾ സംഘടിപ്പിച്ചു. സാവിത്രിക്കുട്ടിയുടെ അച്ഛന്റെ സഹായത്തോടെ ‘ഉദയാ ബാലസംഘം’ എന്നു പേരിട്ട സംഘടനയ്ക്കു് സ്വന്തമായ ബൈലോ ഉണ്ടാക്കി. എന്തൊക്കെയോ ചെയ്തു തുടങ്ങിയെന്നും കളിപ്പിക്കൽ പണിയല്ലെന്നും മനസ്സിലാക്കിയ ചിലരൊക്കെ കുട്ടികളെ വിടാൻ തയ്യാറായി. പക്ഷേ, സാവിത്രിക്കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുക്കളിൽ സുരേന്ദ്രനും വേണുവുമൊഴികെ ആരും എത്തിയില്ല.
വേണ്ട; വന്നവരെ വച്ചു് പ്രവർത്തനം തുടങ്ങണം.
സാവിത്രിക്കുട്ടി എഴുതിത്തയ്യാറാക്കിയ നോട്ടീസ് പലേടത്തും എത്തിച്ചു… രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിൽ തോറ്റു പഠിക്കേണ്ടിവരുന്ന കുട്ടികളെ വിഷയങ്ങൾ നന്നായി പഠിപ്പിച്ചു് ജയിപ്പിക്കാമെന്നായിരുന്നു നോട്ടീസിലെ വാഗ്ദാനം. ഒന്നിനും ഫീസു കൊടുക്കേണ്ടതില്ല. സംഘാംഗങ്ങൾ തന്നെ പഠിപ്പിക്കും…
മടിച്ചു മടിച്ചാണെങ്കിലും പത്തു പന്ത്രണ്ടു പേരായി. അതിൽ രണ്ടുപേർ ഈഴവക്കുട്ടികൾ! അതൊരു വിജയമായി. പക്ഷേ, മറ്റുള്ളവരുമായി കൂടിക്കലർന്നുള്ള പരിപാടിയൊന്നും അവർക്കു സമ്മതമല്ലായിരുന്നു. അവരെ പഠിപ്പിച്ചാൽ മാത്രം മതിയെന്നു് അവരുടെ അച്ഛൻ… ആദ്യം ചെയ്തതു് അവർ വലിയവരായാലും കുട്ടികളായാലും സാവിത്രിക്കുട്ടിയെയും കൂട്ടരെയുമൊക്കെ വിളിക്കുന്ന ‘തമ്പ്രാൻ, തമ്പ്രാട്ടി’ വിളി നിർത്തിക്കലായിരുന്നു. സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തു് ബഞ്ചിട്ടു് അതിലിരുത്തി അവരെ പഠിപ്പിക്കാൻ ശ്രമിച്ചു… ‘അത്യാവശ്യം എഴുതാനും വായിക്കാനും അറിയണം, ഒരു കടേപ്പോയാ കടക്കാരൻ പറ്റിക്കാതെ കണക്കുകൂട്ടിയെടുക്കാനൊള്ള വെവരോം വേണം. അതീകൂടിയ പടിപ്പെന്നാത്തിനാ ഞങ്ങക്കെ’ ന്നാ കുട്ടികളുടെ അച്ഛന്റെ വാദം… നാലിലും മൂന്നിലും പഠിക്കുന്ന അവർക്ക് അക്ഷരങ്ങൾ പോലും നിശ്ചയമില്ലായിരുന്നു…
പ്രസിഡന്റും ജോയിന്റു സെക്രട്ടറിയും കൂടി തുറവൂർ എൻ. ഇ. എസ്. ബ്ലോക്കോഫീസിൽ പോയി. ആദ്യത്തെ മീറ്റിംഗിന്റെ മിനിട്സും സംഘടനക്കിടാനുദ്ദേശിക്കുന്ന പേരും, സംഘം പരിപാടിയിട്ടിരിക്കുന്ന കലാകായിക ഐറ്റങ്ങളുടെ വിവരവുമടങ്ങുന്ന വിശദമായ റെക്കോർഡുകൾ എക്സ്റ്റൻഷൻ ആഫീസർക്കു സമർപ്പിച്ചു… സംഘം സെക്രട്ടറി ഒരു പെൺകുട്ടിയാണെന്നറിഞ്ഞ അദ്ദേഹം അഭിനന്ദിച്ചത്രെ: ‘അതു് അഭിമാനിക്കാവുന്ന ഒരു ചുവടുവയ്പാണല്ലോ കുട്ടികളേ’ എന്നു്.
വളരെ നല്ല മനുഷ്യനായിരുന്നു ആഫീസർ, നല്ല സ്വീകാര്യതയാണു് ബാലസംഘം ഭാരവാഹികൾക്കു കിട്ടിയതു്. ഫുട്ബാൾ, ഷട്ടിൽ, ക്യാരംസ്, ചെസ്സ് തുടങ്ങിയ കളികൾക്കു് അത്യാവശ്യം വേണ്ടതെല്ലാം അവരെത്തിച്ചു തരും… പക്ഷേ, ഒരു ആഫീസും ഉപകരണങ്ങൾ സൂക്ഷിക്കാൻ പറ്റിയ സ്ഥലവും കണ്ടെത്തണം…
…കണ്ടെത്തി. പത്താം ക്ലാസ്സുകാരിയും നർത്തകിയുമായ രത്നവല്ലി ബാലസംഘത്തിൽ ചേരാനാഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് സാവിത്രിക്കുട്ടിയും മറ്റു ഭാരവാഹികളും കൂടി രത്നവല്ലിയുടെ അച്ഛനെ—ചെറുകിട ജന്മിയെങ്കിലും നല്ലവനായ കൃഷ്ണനുണ്ണിത്താനെ—കാണാൻ ചെല്ലുന്നതു്. പ്രവർത്തനഫണ്ടു പിരിവു് അവിടന്നു തുടങ്ങാമെന്നായിരുന്നു പ്ലാൻ. അതുവരെയുള്ള സ്റ്റേഷനറി, യാത്ര തുടങ്ങിയ ചെലവുകൾ അവരവർ കയ്യിൽ നിന്നെടുത്തതാണു്, കയ്യിൽ നിന്നെടുക്കാൻ കഴിവില്ലാത്തവരായിട്ടും.
ബാലസംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ഉണ്ണിത്താൻ രത്നവല്ലിയെ സംഘത്തിൽ ചേർക്കാമെന്നും, പരിപാടികൾക്കു് ഒപ്പം വിടാമെന്നും സന്തോഷത്തോടെ സമ്മതിച്ചു, പക്ഷേ, പഠിത്തത്തിനു് മുടക്കം വരുത്തരുതെന്ന താക്കീതോടെ… ‘സാവിത്രിക്കുട്ടിയെപ്പോലെ റാങ്കും മെറിറ്റുമൊക്കെ വാങ്ങിക്കാൻ മോളെ സഹായിക്കണ’ മെന്നൊരു അഭ്യർത്ഥനയും.
അതിനിടയിൽ സംഘം മീറ്റിംഗ് നടത്തുന്നതു് സാവിത്രിക്കുട്ടീടെ കുടുംബക്ഷേത്രത്തിന്റെ പുരയിടത്തിലെ കരിമ്പനച്ചുവട്ടിലാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം വല്ലാതായി. പ്രായമായ മകളെ വെളിമ്പറമ്പിൽ മീറ്റീംഗിനും മറ്റും അയയ്ക്കുന്നതിലെ വിഷമമാകാമെന്നു തോന്നിയതുകൊണ്ടു് സാവിത്രിക്കുട്ടി പെട്ടെന്നു കേറിപ്പറഞ്ഞു.
‘ഇല്ലാ… അതു തത്കാലത്തേക്കായിരുന്നു… ഞങ്ങൾ ആഫീസിനു് സ്ഥലം അന്വേഷിക്കുകാ… എൻ. ഇ. എസ്. ബ്ലോക്കീന്നു് കളിസാധനങ്ങളെല്ലാം തരും, പക്ഷേ, അടച്ചൊറപ്പുള്ള സ്ഥലം വേണം. ഞങ്ങളതു് നോക്കുന്നുണ്ടു്.’
ഉണ്ണിത്താന്റെ വീട്ടുമുറ്റത്തിനരികിൽത്തന്നെയുള്ള തേങ്ങാപ്പുര ഒഴിഞ്ഞുകിടക്കുകയാണു്. അതായിരിക്കും രത്നവല്ലി അച്ഛന്റെ ചെവിയിൽ മന്ത്രിച്ചതു്.
‘ഈ തേങ്ങാപ്പൊര ഞാൻ വിട്ടുതരാം. സാധനങ്ങൾ സൂക്ഷിക്കാം, മീറ്റീംഗും കൂടാം. പക്ഷേ, വൃത്തിയാക്കിയിടണം. ബഹളമൊന്നും ഒണ്ടാക്കാനും പാടില്ല.’ ഉണ്ണിത്താൻ താക്കോൽ തന്നു.
അടച്ചുറപ്പുള്ള നല്ല ഒരു മുറിയും മരയഴിയിട്ട വലിയ ഹാളും; പ്രത്യേകം പൂട്ടുകളുമുണ്ടു്… ശ്രമദാനം നടത്തി എല്ലാവരും കൂടി അടിച്ചുകഴുകി വൃത്തിയാക്കി. ഉണ്ണിത്താൻ സംഭാവന ചെയ്ത ഷെൽഫിൽ പലരിൽ നിന്നും സംഭരിച്ചതും എൻ. ഇ. എസ്. ബ്ലോക്കുകാർ സ്വന്തം നിലയ്ക്കുതന്നതുമായ പുസ്തകങ്ങൾ അടുക്കി വച്ചു. ബാക്കി സ്ഥലത്തു് കളിസാധനങ്ങളും. ചെസ്സിനും ക്യാരംസിനുമുള്ള മേശകൾ ഹാളിലിട്ടു. പക്ഷേ, കസേരകളും സ്റ്റൂളുമൊന്നും ഇല്ലായിരുന്നു.
ബാലസംഘം പ്രവർത്തനം ഊർജ്ജിതമായി… മധ്യവേനലവധി തുടങ്ങിയിരുന്നു… ചെറിയ മീറ്റീംഗുകളും ക്ലാസ്സുകളും കരിമ്പനച്ചുവട്ടിൽ. നൃത്തക്ലാസ്സുള്ളതുകൊണ്ടു് രത്നവല്ലി ആഫീസിൽ വച്ചുകൂട്ടുന്ന ജനറൽ ബോഡി മീറ്റീംഗിനു മാത്രമെ വരുകയുള്ളൂ എന്നു നേരത്തേ പറഞ്ഞിരുന്നു. ക്യാരംസും ഷട്ടിലും ഉഷാറായി നടക്കുന്നുണ്ടായിരുന്നു. ഫുട്ബാളിനു് ടീം തികയ്ക്കാൻ ആളില്ല. സുരേന്ദ്രനും വേണുവും വേറേ രണ്ടു പത്തുവയസ്സുകാരു കുട്ടികളും മാത്രം. അച്ഛന്റെ നാട്ടിൽ വച്ചു് ഫുട്ബാൾ ഭ്രാന്തനായ ചേട്ടന്റെ കളികാണുകയും വീട്ടുവരാന്തയിൽ ചേട്ടനൊപ്പം പന്തു തട്ടി വീണു ശ്വാസം നിന്നുപോകുകയുമൊക്കെച്ചെയ്ത പരിചയം വച്ചു് സാവിത്രിക്കുട്ടിയും ഫുട്ബാൾ കളിക്കാനിറങ്ങി; ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന സഹകാരികളുടെ ആവേശം തണുപ്പിക്കരുതെന്നു സാവിത്രിക്കുട്ടിക്കു നിർബന്ധമായിരുന്നു. കാവിന്റെ വിശാലമായ മുറ്റത്തെ പൂഴിമണലിൽ ഫുട്ബാൾ കളി ഉദ്ഘാടനം ചെയ്തു.