പത്തുപതിനേഴുവയസ്സായ പെണ്ണു് കാൽപന്തു കളിക്കുന്നു, അതും ആൺപിള്ളേർക്കൊപ്പം. തലപ്പന്തു കളി ചെറിയ ആൺകുട്ടികളും പെൺകുട്ടികളും ഒപ്പം കളിക്കാറുണ്ടു് ഓണക്കാലത്തു്. അതുപക്ഷേ, സ്വന്തക്കാരു കുട്ടികൾ മാത്രമാകും. ആ കുഗ്രാമക്കാർക്കു് ഒരു പെണ്ണു് കാൽപന്തു തട്ടുന്നതു് ഒരു പുതിയ കാഴ്ചയായി. പാവപ്പെട്ട അയൽപക്കത്തുകാർ കൗതുകത്തോടെയും ബന്ധുക്കൾ അരിശത്തോടെയും പ്രതികരിച്ചു. അതൊന്നും സാവിത്രിക്കുട്ടിയെ ഏശുന്നതായതു കൊണ്ടല്ല സാവിത്രിക്കുട്ടിക്കു കളി നിർത്തേണ്ടിവന്നതു്…
സർക്കാർ ജോലി കിട്ടണമെങ്കിൽ ടൈപ്പും ഷോർട്ഹാൻഡും പഠിച്ചിരിക്കണം. രവീന്ദ്രൻ ചേട്ടൻ പഠിക്കുന്നുണ്ടു്. സാവിത്രിക്കുട്ടിയും ചേർന്നിട്ടുണ്ടായിരുന്നു ടൈപ്പിനു്. മാസം അതിനുതന്നെ ആറുരൂപാ ഫീസ്. ട്യൂഷനെടുക്കലും, ടൗണിൽപോയുള്ള പഠിത്തവും ബാലസംഘം കാര്യങ്ങളും; സമയം തീരെ കുറവു്. പെട്ടെന്നു് കളി നിർത്തേണ്ടിവന്നതിനു കാരണം, ഫുട്ബാൾ കളിക്കിടെ അവൾ ആവേശം കൊണ്ടു ബാൾ നീട്ടിയടിച്ചു. പൂഴിമണലിൽ കാലിടറി. വലതുകാലിന്റെ നടുവിരൽ വളഞ്ഞുപോയി… തൈലം കെട്ടിവച്ചു നടക്കേണ്ടിവന്നു കുറച്ചുനാൾ…
മൂന്നുമാസത്തെ ടൈപ്പു് പഠിത്തത്തിന്റെ ഒരു സർട്ടിഫിക്കറ്റു വാങ്ങിച്ചുവച്ചു സാവിത്രിക്കുട്ടി, അമ്മയുടെ നിർബ്ബന്ധം കൊണ്ടു്. പതിനെട്ടു വയസ്സു തികഞ്ഞാലേ ജോലിക്കെടുക്കൂ എന്നു നിയമമുണ്ടെന്നുള്ളതു് അമ്മ സമ്മതിച്ചുകൊടുത്തില്ല. ‘പതിനേഴു തികഞ്ഞാൽ പിന്നെ പതിനെട്ടല്ലേ? പിന്നെ നിന്റത്രേം മാർക്കൊള്ളയാൾക്കു് അവരു് പതിനെട്ടു തികയട്ടേന്നും പറയുകേല’, സാവിത്രിക്കുട്ടിയുടെ അമ്മ ഉറപ്പിച്ചു.
അങ്ങനെ ഒരു ദിവസം മാതൃഭൂമി പത്രത്തിൽ കണ്ട ജോലിക്കു് അപേക്ഷ അയച്ചു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഇന്റർവ്യൂ കാർഡ്! അമ്മ പറഞ്ഞു, ‘കണ്ടില്ലേ ഇപ്പം ഞാൻ പറഞ്ഞതെന്തായി!’ അച്ഛൻ തിരുത്തി: ‘തീരുമാനിക്കാൻ വരട്ടെ. എന്നാലും ഇതു് ബോർഡായതുകൊണ്ടു് ചിലപ്പോൾ ഇളവുണ്ടായിരിക്കും.’
രണ്ടുപേർക്കുള്ള വണ്ടിക്കൂലിയൊണ്ടാക്കാൻ പാടുപെട്ടു. പാവാടയും ബ്ലൗസും എത്ര നനച്ചിട്ടും പുതുമ മാറാത്ത ഖട്ടാവു് വോയിലിന്റെ ഹാഫ്സാരിയുമിട്ടു് തിരുവനന്തപുരത്തിനു്. എത്തിയപ്പോൾ രാത്രിയായി. സാവിത്രിക്കുട്ടിയെ കൂട്ടുകാരി അച്ചുവിന്റെ വീട്ടിലാക്കി. രവീന്ദ്രൻ ചേട്ടൻ ബസ് സറ്റാൻഡിലാണത്രെ കിടന്നതു്.
…സിവിൽ ലെയിൻ കെട്ടിടത്തിലെ രണ്ടാം നിലയിൽ ഖാദിബോർഡിന്റെ ഇന്റർവ്യൂ നടക്കുന്നു. മുറിക്കുമുൻപിൽ സാവിത്രിക്കുട്ടി തന്റെ ഊഴം കാത്തുനിന്നു… ഒരാൾ പേരുവിളിച്ചു. മുറിയിലേക്കുള്ള ഇടനാഴിയിൽ കസേരയിലിരുന്നയാൾ അയാളുടെ മുൻപിലെ മേശപ്പുറത്തു് വച്ചിരുന്ന മഷിക്കുപ്പിയും സ്റ്റീൽപേനയും ഒരുപായ പേപ്പറും ചൂണ്ടിക്കാണിച്ചു. അയാൾ തന്ന നീണ്ട മൂന്നുനാലു വാചകങ്ങളടച്ചടിച്ച പേപ്പറിലുള്ളതു് എഴുതാൻ പറഞ്ഞു: ‘ഹാൻഡ് റൈറ്റിംഗ് ടെസ്റ്റ്.’
കുനിഞ്ഞുനിന്നുകൊണ്ടു് സാവിത്രിക്കുട്ടി എഴുതി… ‘തനിക്കു ജോലി ഒറപ്പായല്ലോ; എന്തു നല്ല കയ്യക്ഷരം’, അയാൾ ചിരിച്ചു.
സാവിത്രിക്കുട്ടി അകത്തു കയറി. അവിടെ മൂന്നുപേർ ഇരിക്കുന്നുണ്ടു്. ആദ്യമായി ഒരു ഇന്റർവ്യൂ നേരിടുകയാണു്, പക്ഷേ, സാവിത്രിക്കുട്ടിക്കു പേടിയും വിറയലും ഇല്ലായിരുന്നു: ഇരിക്കുന്നവരെ സാവിത്രിക്കുട്ടി അഭിവാദനം ചെയ്തു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും; പേപ്പറിൽ കണ്ടിട്ടുള്ള മുഖങ്ങളാണു് രണ്ടെണ്ണം.
സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകളും കയ്യക്ഷരം പരിശോധിക്കാനെഴുതിച്ച പേപ്പറും അപേക്ഷാഫോറവും മറിച്ചുനോക്കിയിരുന്ന വയസ്സായ ആൾ വിഷണ്ണനായി സാവിത്രിക്കുട്ടിയെ നോക്കി, പിന്നെ സ്ത്രീയേയും… ആ സ്ത്രീ വിഷാദസ്വരത്തിൽ പറഞ്ഞു: ‘കുട്ടിക്കു തന്നെ ഈ ജോലി കിട്ടേണ്ടതായിരുന്നു. എടുത്താൽ കൊള്ളാമെന്നു ഞങ്ങൾക്കാഗ്രഹമൊണ്ടു്. പക്ഷേ, വയ്യല്ലോ… പതിനെട്ടു വയസ്സു തികഞ്ഞിട്ടു് അപ്ലെ ചെയ്യ്. അന്നു ജോലി തരാം.’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ വെറുപ്പു നുരഞ്ഞു… ‘ഇവരൊക്കെ എന്താണിങ്ങനെ! അപേക്ഷിച്ചതു് ഉദ്യോഗാർത്ഥിയുടെ തെറ്റു്. പക്ഷേ, നിയമപ്രകാരമല്ലാത്ത അപേക്ഷ തള്ളുകയല്ലാരുന്നോ വേണ്ടതു്; തന്നേപ്പോലുള്ള പാവപ്പെട്ടവരുടെ വേവലാതിയോ വണ്ടിക്കൂലി സംഘടിപ്പിക്കുന്നതിലെ അപമാനമോ എന്തുകൊണ്ടു മനസ്സിലാകുന്നില്ലാ!’
തിരിച്ചുള്ള യാത്രയിലുടനീളം തന്നോടുതന്നെ പുച്ഛം തോന്നിയ സന്ദർഭങ്ങൾ തികട്ടിവന്നു. അതിലൊന്നു് തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നു പറയപ്പെട്ട ഒരാളുമായി നാട്ടിൽവച്ചുണ്ടായ കൂടിക്കാഴ്ചയായിരുന്നു…
ആലപ്പുഴെ നിന്നു തിരിച്ചു വന്നു് അധികദിവസം കഴിയുന്നതിനു മുൻപാണു്. അമ്മയുടെ നിർബ്ബന്ധം സഹിക്കാതെയാണു് അമ്മയുടെ കസിന്റെ വീട്ടിൽ പോയതു്. കസിന്റെ ഭർത്താവു് അമ്മയോടു് സാവിത്രിക്കുട്ടിയെ അങ്ങോട്ടയക്കാൻ ആവശ്യപ്പെട്ടതാണു്; ‘ആ ചിറ്റപ്പന്റെ സ്വന്തം അമ്മാവനും അയൽവാസിയുമായ ആൾ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണു്. അയാളെ അവൾ വന്നൊന്നു കണ്ടാൽ മതി. അയാൾ പറഞ്ഞാൽ പുഷ്പം പോലെ സാവിത്രിക്കുട്ടിക്കു ജോലി കിട്ടും. സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി കൊണ്ടുവരികയേ വേണ്ടൂ.’
രാവിലെ ചിറ്റപ്പന്റെ പത്തുവയസ്സുകാരൻ മകനുമൊത്തു് സാവിത്രിക്കുട്ടി അടുത്ത പുരയിടത്തിലുള്ള ആ കേമനായ അമ്മാവന്റെ വീട്ടിന്റെ പുറകുവശത്തെ മുറ്റത്തിനരികിലെത്തി. വീതികൂടിയ വരാന്തയിലെ മേശപ്പുറത്തു് ഒരു സ്ത്രീ ഒരു പ്ലേറ്റിൽ കുറേ ഇഡ്ഡലിയും മറ്റൊരു പ്ലേറ്റും കൊണ്ടുവന്നുവച്ചിട്ടു തിരിഞ്ഞപ്പോളാണു് കുട്ടികളെ കണ്ടതു്. കൈകഴുകി മുഖം തുടച്ചുകൊണ്ടിരുന്ന തലനരച്ചു തുടങ്ങിയ മനുഷ്യനോടു് ആ സ്ത്രീ എന്തോ പറഞ്ഞു. അയാൾ തിരിഞ്ഞു് വലിയ യജമാനഭാവത്തിൽ ചോദിച്ചു:
‘ങൂം… എന്താ?’
സാവിത്രിക്കുട്ടി മിണ്ടിയില്ല. അപ്പുവാണു് മറുപടി പറഞ്ഞതു്:
‘അച്ഛൻ പറഞ്ഞ കാര്യത്തിനാ’
‘ഓഹോ ജോലി… ഇപ്പം അവടെ വേക്കൻസിയൊന്നുമില്ലാ കേട്ടോ… ശരി, എന്നാ പൊക്കോ.’
അയാളുടെ മുഖഭാവവും പ്രകൃതവും അരോചകമായിത്തോന്നി സാവിത്രിക്കുട്ടിക്കു്… അപ്പുവിനോടുപോലും അയാളൊന്നു ചിരിച്ചില്ല… പാവാടയും ബ്ലൗസുമിട്ട, പതിനഞ്ചു വയസ്സുപോലും തോന്നാത്ത ഒരു പെൺകുട്ടിയോടു് ഒരു സാന്ത്വനവാക്കെങ്കിലും പറയാമായിരുന്നു അയാൾക്കു്; ‘അതിനു കുട്ടിക്കു പ്രായമായിട്ടില്ലല്ലോ. പതിനെട്ടു വയസ്സാകട്ടെ. അന്നു് അപേക്ഷിക്കാം എന്താ!’
‘പതിനെട്ടു വയസ്സെന്ന കടമ്പ കടന്നേ ജോലികിട്ടൂ എന്നു്…’ സാവിത്രിക്കുട്ടിക്കു് വല്ലാത്ത ആത്മനിന്ദ തോന്നി. തനിക്കൊരു ജോലി കിട്ടാൻ ഇത്തരം ശുംഭന്മാരുടെയൊന്നും ഓശാരം വേണ്ടാ… അമ്മയുടെ വേവലാതി തീർക്കാനായാലും ഇനിയിങ്ങനെ ഇറങ്ങിപ്പുറപ്പെടരുതെന്നു് അന്നേ ഉറപ്പിച്ചതാണു്… ‘മാർക്കുവച്ചായാലും, അതല്ല, മത്സരപ്പരീക്ഷയെഴുതിയാലും താൻ ജോലി നേടുകതന്നെ ചെയ്യും…’
അന്നു് തിരിച്ചു വീട്ടിലെത്തിയതു് ചില തീരുമാനങ്ങളോടെയായിരുന്നു. രണ്ടു കുട്ടികൾക്കു ട്യൂഷൻ ശരിയാക്കി, ടൈപ്പ്റൈറ്റിംഗ് പഠനം, ബാലസംഘം പ്രവർത്തനം അങ്ങനെ തന്റെ ദിവസങ്ങളെ സാവിത്രിക്കുട്ടി സാർത്ഥകമാക്കി വരുമ്പോഴായിരുന്നു ഈ തിരുവനന്തപുരം യാത്ര. അതും വൃഥാവിലായി.
തിരിച്ചെത്തിയതിന്റെ പിറ്റേന്നു രാവിലെ തന്നെ സുരേന്ദ്രനും വേണുവും പാഞ്ഞെത്തി; അവർ ആവേശത്തിലായിരുന്നു. ബാലസംഘത്തിന്റെ പ്രവർത്തനത്തിനുള്ള കാര്യങ്ങൾ ശരിയായിട്ടുണ്ടു്; പക്ഷേ, ‘നാട്ടുകാർക്കു് ഒരു മതിപ്പുവന്നാലേ കുട്ടികളെ അവർ മടികൂടാതെ അയക്കൂ. അതിനു നിങ്ങൾ ഉദ്ഘാടനം നടത്തണം, ആഘോഷമായിട്ടു തന്നെ. ഒരു ഫങ്ഷൻ, എന്നുവച്ചാൽ കലാകായിക മത്സരങ്ങൾ, ഉദ്ഘാടനത്തിനോടനുബന്ധിച്ചു് കലാപരിപാടികൾ… നോട്ടീസടിച്ചു് നാട്ടുകാരെ വിളിക്കണം. കുട്ടികളെയെല്ലാം മത്സരങ്ങളിലുമൊക്കെ പങ്കെടുപ്പിക്കുകയും വേണം. ഒരു നാട്ടുപ്രമാണിയെ ഉദ്ഘാടനത്തിനുകൊണ്ടു വരണം, എന്നാലേ നാട്ടുകാർക്കൊരു വിശ്വാസം വരൂ’, എൻ. ഇ. എസ്. ബ്ലോക്ക് ആഫീസർ അവരോടു പറഞ്ഞത്രെ.
‘സ്റ്റേജ് നമ്മൾ ഉണ്ടാക്കണം. ലൈറ്റുകൾ, ജനറേറ്റർ, സ്റ്റേജിലേക്കാവശ്യമായ കർട്ടനുകൾ, മൈക്ക് സെറ്റ് എല്ലാം അവർ കൊണ്ടുവരും, ഓപ്പറേറ്റു ചെയ്യും. മീറ്റിംഗു കഴിഞ്ഞു് അഴിച്ചെടുത്തു കൊണ്ടുപോകുകേം ചെയ്യും. നമ്മൾ കാശൊന്നും കൊടുക്കണ്ട. അഴിക്കാനും കെട്ടാനുമൊക്കെ സഹായിക്കണം. പരിപാടിയുടെ തീയതിയും എന്തൊക്കെ വേണെന്നും നേരത്തേ അറിയിക്കണം.’ സുരേന്ദ്രനു് സന്തോഷം കൊണ്ടു് വാക്കുകൾ വിക്കി.
‘മറ്റു ചെലവുകളുണ്ടല്ലോ. അതിനുള്ളതു് ആദ്യം കണ്ടെത്തണ്ടെ?’ സാവിത്രിക്കുട്ടി ചോദിച്ചു.
‘ങാ… അതും ആ സാറു പറഞ്ഞു. ഓരോ വീട്ടിലും കയറി പിരിക്കണം. അപ്പോൾ അതൊരു നല്ല പ്രചാരണം ആകും. പിരിവു തരുമ്പോൾ അവർക്കും പങ്കുണ്ടല്ലോ പരിപാടീൽ, എന്നാ വന്നുകളയാം എന്ന വിചാരോംണ്ടാവൂന്നു്.’ വേണു പറഞ്ഞു.
മാർച്ചു് മുപ്പത്തൊന്നിനു സ്ക്കൂളടച്ചു. ഏപ്രിൽ രണ്ടാം തീയതി തന്നെ പിരിവു തുടങ്ങി… വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വീടുകളും കയറി, നോട്ടീസ് കൊടുത്തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു… എന്നിട്ടും തറവാട്ടുകാർ എന്ന ഗമയിലുള്ളവരുടെ സഹകരണം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു; പ്രത്യേകിച്ചും സാവിത്രിക്കുട്ടിയുടെ ബന്ധുവീട്ടുകാരുടെ.
കലാപരിപാടികളിൽ ഒരു നാടകം, രണ്ടു നൃത്തങ്ങൾ, നാലഞ്ചു പാട്ടുകൾ, ഒരു നാലാം ക്ലാസുകാരന്റെ പ്രഭാഷണം ഒക്കെ ഉൾപ്പെടുത്തിയിരുന്നു. പഴയ ഒരു വാരികയുടെ വിശേഷാൽപ്രതിയിൽ കണ്ട ഒരു കഥ സാവിത്രിക്കുട്ടി നേരത്തേ തന്നെ കാച്ചിക്കുറുക്കി ഒരു ലഘുനാടകമാക്കി തിരക്കഥയും സംഭാഷണവും എഴുതി വച്ചിരുന്നു. ആകെ നാലു കഥാപാത്രങ്ങളിലൊതുക്കി—പഴയകാല പുണ്യപുരാണ നാടകങ്ങളിലേപ്പോലെ ഒരാൾ സൂത്രധാരൻ; പിന്നെ മൂന്നു കഥാപാത്രങ്ങളും—രണ്ടു സ്ത്രീകൾ, ഒരു പുരുഷൻ. രത്നവല്ലിയും സുരേന്ദ്രനും വേണുവും അഭിനയിക്കാമെന്നു് ഒരു വിധം സമ്മതിച്ചു. ഒരാളെ കൂടി കണ്ടെത്തണം… പിന്നെ രണ്ടു നൃത്തങ്ങളും, രത്നവല്ലിയുടെ; പാട്ടിനു് കുട്ടികളെ തിരഞ്ഞെടുക്കണം.
ഏപ്രിൽ പതിനെട്ടിനു ഉദ്ഘാടനം തീരുമാനിച്ചാണു് നോട്ടീസ് അടിച്ചതു്… ആകെ കുറച്ചുദിവസമേയുള്ളൂ. പിരിവു്, മത്സരങ്ങൾ നടത്തുക, നാടകത്തിനു് ഒരു പെൺകുട്ടിയെ കണ്ടെത്തണം, നാടകം റിഹേഴ്സൽ വേണം… ആകെ തിരക്കിലായിരുന്നു… ആ വെപ്രാളത്തോടെയായിരുന്നു ഏപ്രിൽ രണ്ടിനു് പിരിവു തുടങ്ങിയതു്…
പിരിവിന്റെ തുടക്കത്തിൽത്തന്നെ രണ്ടു് അത്ഭുതങ്ങൾ സംഭവിച്ചു.