നെല്ലിമുറ്റത്തു ശ്രീധരപ്പണിക്കർ നാട്ടിലെ ആഢ്യകുടുംബമായ പുന്നശ്ശേരീൽ പെട്ടയാളാണു്. വേണുവിന്റെ ഏതോ ബന്ധുവുമാണത്രെ. പണിക്കർ ആളൊരു നല്ലമനുഷ്യനാണെന്നു കേട്ടിട്ടുണ്ടു്. അതുകൊണ്ടു് ഫണ്ടു പിരിവു് അവിടെനിന്നു തുടങ്ങാമെന്നു വച്ചു.
നോട്ടീസ് കൊടുത്തു കാര്യങ്ങളൊക്കെ സംസാരിച്ചു. അപ്പോഴാണു് അദ്ദേഹം ചോദിക്കുന്നതു് അദ്ദേഹത്തിന്റെ മൂത്തമകൾ ചന്ദ്രികയെ ബാലസംഘത്തിൽ ചേർത്തുകൂടേ എന്നു്. സാവിത്രിക്കുട്ടി പെട്ടെന്നു് നോട്ടുബുക്കിൽ കരുതിയിരുന്ന മെമ്പർഷിപ്പു് ഫാറം എടുത്തുകൊടുത്തു. അപ്പോഴുണ്ടു് അവിടത്തെ സ്ത്രീകളുമായി സംസാരിക്കാൻ അകത്തേക്കു പോയ രത്നവല്ലി ചന്ദ്രികയേയും കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു് പുറത്തേക്കു വന്നതു്… ‘ദേ ഇവളാ, നമ്മടെ നാടകത്തിലെ നായിക. അമ്മാവനും അമ്മായീമൊക്കെ സമ്മതിച്ചു. പക്ഷേ, അവൾക്കെന്തൊരു നാണമാ.’ രത്നവല്ലിയുടെ ആഹ്ലാദം നിറഞ്ഞ പ്രഖ്യാപനം… സുന്ദരിയായ പതിനൊന്നുകാരി ചന്ദ്രിക… അങ്ങനെ രണ്ടു് അത്ഭുതം മാത്രമല്ല, നാടകം പരിശീലിക്കാനുള്ള സൗകര്യവും അവർ ചെയ്തു.
പകൽ ബാലസംഘം ആഫീസിൽ വച്ചു് പാട്ടു മത്സരങ്ങളും ചെസു്, ക്യാരംസ് മത്സരങ്ങളും, കാവിന്റെ മൈതാനത്തു് കായിക മത്സരങ്ങളും. സന്ധ്യയ്ക്കു് ആറരമണിക്കു് വിശാലമായ പടിഞ്ഞാറെ മുറ്റത്തു് നാടക റിഹേഴ്സലും, രത്നവല്ലിയുടെ നൃത്ത റിഹേഴ്സലും. രണ്ടു വലിയ മേശവിളക്കുകൾ വരാന്തയുടെ രണ്ടറ്റത്തായി കത്തിച്ചുവയ്ക്കും. രാത്രി റിഹേഴ്സൽ കഴിഞ്ഞാൽ ചന്ദ്രികയുടെ അച്ഛൻ തന്നെ രത്നവല്ലിയെ വീട്ടിൽ കൊണ്ടാക്കിക്കോളും. അങ്ങനെ പരിപാടി നിശ്ചയിച്ചാണു് അവിടെ നിന്നിറങ്ങിയതു്.
മൂന്നു ദിവസം മുഴുവൻ ഫണ്ടുപിരിവായിരുന്നു. പക്ഷേ, മൂന്നാം തീയതി വൈകിട്ടു് തന്നെ നാടകവും നൃത്തവും പരിശീലനം തുടങ്ങി.
പിരിവു വാങ്ങുന്നതും ബുക്കിൽ പേരും തുകയും എഴുതുന്നതും ഖജാൻജിയായ വേണുതന്നെയായിരുന്നു. പക്ഷേ, കിട്ടുന്ന കാശു് വൈകിട്ടു് സാവിത്രിക്കുട്ടിയെ ഏല്പിക്കും, ‘ചേച്ചി കയ്യിൽ വച്ചാൽ മതി. ഓരോ ആവശ്യത്തിനു ചോദിച്ചോളാം… ഞങ്ങടെ കയ്യിലിരുന്നാൽ ശരിയാകത്തില്ല’ എന്നു പറഞ്ഞു.
നാടകം സംവിധാനം ചെയ്യുന്നതു് സാവിത്രിക്കുട്ടിയാണു്. നാടകങ്ങൾ ഒരുപാടു വായിച്ചിട്ടുണ്ടു്. പിന്നെ റേഡിയോ നാടകങ്ങൾ കേട്ടിട്ടുണ്ടു്. ശശിച്ചേട്ടന്റെയൊപ്പം പോയി കമ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിന്റെ നാടകവും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ യും ‘മുടിയനായ പുത്രനും’ കണ്ടിട്ടുണ്ടു്. അതാണു് സംവിധായികയുടെ നാടകപരിചയം…
പിരിവുകഴിഞ്ഞു് പിറ്റേന്നു രാത്രിയിൽ നാടകപരിശീലനവും കഴിഞ്ഞുവന്നു് സാവിത്രിക്കുട്ടി പിരിവുകിട്ടിയ പണം സഞ്ചിയിൽ സൂക്ഷിച്ചിരുന്നതും ബുക്കും എടുത്തു് ആദ്യം കാശു് എണ്ണിവച്ചു, പിന്നെ ബുക്കിലെഴുതിയതു് കൂട്ടിയെടുക്കാൻ തുടങ്ങുമ്പോഴാണു് സാവിത്രിക്കുട്ടിയുടെ അമ്മ വന്നു ചോദിക്കുന്നതു്:
‘മോളേ, ഒരു രണ്ടണ അതീന്നു താ… നാളത്തേക്കു് ഒന്നുമില്ല. അച്ചനാണെ തീരെവയ്യ. നാഴിയരി വാങ്ങിക്കട്ടെ; കഞ്ഞിയെങ്കിലും കൊടുക്കാമല്ലോ. വെറുതെയല്ല, തിരിച്ചുതരാം.’ അമ്മയുടെ തൊണ്ടയിടറി… വിളറിയ ആ മുഖത്തേക്കു് നോക്കാൻ സാവിത്രിക്കുട്ടിക്കു ധൈര്യം വന്നില്ല… സാവിത്രിക്കുട്ടി ധർമ്മസങ്കടത്തിലായി. ഒരു കാലണപോലും അതിൽ നിന്നെടുക്കാൻ തനിക്കു വയ്യ. താൻ സെക്രട്ടറിയാണു്, സംഘത്തിന്റെ മൂത്തയാൾ… മറ്റുള്ളവർക്കു മാതൃകയാകേണ്ടയാൾ! അല്ലെങ്കിലും അതു തെറ്റാണു്, ഉടനെ തിരിച്ചു വയ്ക്കാൻ പറ്റിയില്ലെങ്കിലോ…
പക്ഷേ, അച്ഛൻ! ഈയിടെയായി അസുഖം കൂടുതലാണു്. പാലും മുട്ടയും പഴങ്ങളും കൊടുക്കണം, മരുന്നു മുടങ്ങരുതു് എന്നൊക്കെയാണു് ഡാക്ടർ പറഞ്ഞിരിക്കുന്നതു്. പക്ഷേ, മുടങ്ങാതെ കൊടുക്കാൻ സാധിക്കുന്നില്ല… ആഹാരം പോലും ഇല്ലാതായാൽ! ഇല്ല, എന്നാലും ആ പണത്തിൽ നിന്നെടുക്കാൻ തനിക്കു വയ്യാ…
‘അതീന്നു കാശെടുക്കുന്നതു് ശരിയല്ല അമ്മേ’, സാവിത്രിക്കുട്ടി എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്ന അമ്മയുടെ തേങ്ങൽ സാവിത്രിക്കുട്ടിയെ പൊള്ളിച്ചു; തന്റെ നിസ്സഹായതയിൽ വിറങ്ങലിച്ചു് ഏറെനേരമിരുന്നു.
കണക്കെഴുതിയ ബുക്ക് കൂട്ടിനോക്കുന്നതിനിടയിൽ ഉയർന്ന തേങ്ങലുകൾ തൊണ്ടയിൽ തടഞ്ഞു… വീണ്ടും വീണ്ടും കൂട്ടി നോക്കി… ഇല്ല, എണ്ണിവച്ച കാശുമായി വ്യത്യാസമുണ്ടു്. വീണ്ടും കാശു് പായിൽ നിരത്തിയിട്ടു് എണ്ണി… അരയണയും, ഒരണയും മുതൽ ചുരുക്കമായി എട്ടണയും ഒരുരൂപയും തരം തിരിച്ചു് വീണ്ടും എണ്ണി… കണക്കുബുക്കിലെ കണക്കിനേക്കാൾ രണ്ടണ കൂടുതലുണ്ടു്. അതെ, കണക്കിൽ പെടാത്ത രണ്ടണ!
സ്ക്കൂളിലും കോളേജിലും സ്കോളർഷിപ്പ് തുക വാങ്ങിച്ചപ്പോഴെന്നല്ല പിന്നീടു് സർക്കാർ ശമ്പളം എണ്ണിവാങ്ങിച്ചപ്പോൾ പോലും സാവിത്രിക്കുട്ടി അത്രയും സന്തോഷിച്ചിട്ടില്ലത്രെ. അമ്മയ്ക്കു് രണ്ടണ കൊടുത്തു, ‘ഞാൻ വെറുതെ പറഞ്ഞതാ’ എന്നൊരു ക്ഷമാപണത്തോടെ…
അമ്മയോടും തന്റെ വിശ്വസ്തരായ സഹപ്രവർത്തകർ സുരേന്ദ്രനോടും വേണുവിനോടുപോലും ആ സംഭവം സാവിത്രിക്കുട്ടി പറഞ്ഞില്ല; ജാള ്യത കൊണ്ടു്… ജീവിതത്തിൽ ആദ്യമായും അവസാനമായും ചെയ്ത ഒരു ചതി എന്നാണു് സാവിത്രിക്കുട്ടി സത്യം ചെയ്തു പറയുന്നതു്.
എല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
അതിവിശാലമായ പുരയിടം, ഒരു മണൽപ്പരപ്പുപോലെ… നടുവിൽത്തന്നെ ഒരു ചെറിയ മണൽക്കുന്നു്; മഠത്തിൽ നിന്നു് അല്പം മാറിയുള്ള ആ മണൽക്കുന്നു് സ്റ്റേജാക്കി മാറ്റാൻ തീരുമാനിച്ചു. പണിക്കാരും സാധനങ്ങളും വന്നു. തൂണും വാരിയും പലകകളും ഓലയും… കുട്ടികളും വലിയവരും ശ്രമദാനം ചെയ്യാനെത്തി. പിരിവിന്റെ കാര്യത്തിലെ പോലെ തന്നെ. താരതമ്യേന പാവപ്പെട്ടവർ—അവർക്ക് കാര്യമായി സംഭാവന തരാനൊന്നുമില്ലായിരുന്നു; പക്ഷേ, അവരുടെ ഉത്സാഹപൂർണമായ സഹകരണം, പൂർണ മനസ്സോടെ…
ഏപ്രിൽ പതിനെട്ടെന്നു പറഞ്ഞാൽ മേടമാസം തുടങ്ങിയിട്ടല്ലേയുള്ളൂ; മഴപെയ്യാൻ ഒരു സാധ്യതയുമില്ല… പൊള്ളുന്ന വേനൽ… അതുകൊണ്ടു് സ്റ്റേജിനു മുകളിൽ വാരികെട്ടി പേരിനു് ഓലമേഞ്ഞാൽ മതിയെന്നു് മേസ്തിരിയും കാർന്നോന്മാരും… സ്റ്റേജിന്റെ പുറകുവശം ഗ്രീൻറൂം. സ്റ്റേജിന്റെ മൂന്നുവശവും ഓലവച്ചു മറച്ചു… അത്യാവശ്യം സംവിധാനങ്ങളെല്ലാം റെഡിയാക്കി…
അഞ്ചുമണിയായി.
ആളുകൾ വന്നുതുടങ്ങി. വിചാരിച്ചതുപോലെയല്ല. ആറുമണി ആയപ്പോഴേക്കും മൈതാനം നിറഞ്ഞു് ആളുകൾ. എൻ. ഇ. എസ്. ബ്ലോക്കിൽ നിന്നു് എല്ലാം സാധനങ്ങളുമായി മൂന്നു മണിക്കേ ആഫീസർമാർ എത്തിയിരുന്നു. മഠത്തിന്റെ വരാന്തയിൽ ജനറേറ്ററും റെക്കോർഡുപ്ലെയറുമൊക്കെ വച്ചു. നാട്ടുകാരുടെ സഹായത്തോടെ വയർ വലിച്ചു് മൂന്നുവശത്തേക്കും തെങ്ങുകളിൽ കോളാമ്പി കെട്ടിവച്ചു. നാലരമണിക്കേ പാട്ടുകൾ തുടങ്ങി… നല്ല നല്ല ഹിന്ദിപ്പാട്ടുകൾ, നാടകഗാനങ്ങൾ. നാട്ടുകാർക്കു് കമ്യൂണിസ്റ്റുപാർട്ടിയുടെ മീറ്റിംഗ് വല്ലപ്പോഴും ഉണ്ടാകുമ്പോൾ മാത്രമാണു് ഇത്ര നല്ല പാട്ടുകൾ കേൾക്കാൻ പറ്റുന്നതു്. പിന്നെ നാട്ടിലുള്ള ആഘോഷം ശബരിമല സീസണിലെ അയ്യപ്പൻപാട്ടാണു്. മലയ്ക്കുപോകാൻ മാലയിട്ട ആരുടെയെങ്കിലും വീട്ടിൽ—കുറെ ശരണം വിളി, അയ്യപ്പൻപാട്ടു്… ബന്ധുക്കൾ കുറച്ചുപേർ—ഇഡ്ഡലീം കാപ്പീം പ്രലോഭനം…