ഇതു് നാട്ടുകാരുടെ മുഴുവൻ ആഘോഷമാണു്, അവരുടെ കുട്ടികൾ അവർക്കുവേണ്ടി അവരുടെ ചെലവിൽ ഒരുക്കുന്ന ആഘോഷം!
കൃത്യം ആറുമണിക്കു തന്നെ മീറ്റിംഗ് തുടങ്ങി. അദ്ധ്യക്ഷനെ പ്രസിഡന്റും സെക്രട്ടറിയും കൂടി ആനയിച്ചു. കാര്യപരിപാടി എഴുതിയ പേപ്പർ, സെക്രട്ടറി അദ്ധ്യക്ഷന്റെ മുൻപിൽ വച്ചു.
അദ്ധ്യക്ഷൻ മാധവപ്പണിക്കർ ഘനഗംഭീരനായി സദസ്യരെ മുഴുവനൊന്നു് ഉഴിഞ്ഞുനോക്കി കാര്യപരിപാടി കയ്യിലെടുത്തു പറഞ്ഞു: ‘സ്വാഗത പ്രസംഗത്തിനു് ബാലസംഘം സെക്രട്ടറി സാവിത്രിക്കുട്ടിയെ ക്ഷണിക്കുന്നു.’
സുരേന്ദ്രൻ സ്വാഗതം പറയാമെന്നേറ്റിരുന്നതാണു്. ഉച്ചയായപ്പോൾ ആളുപിന്മാറി. സ്വാഗതപ്രസംഗം എഴുതി തയ്യാറാക്കാൻ പറ്റാതെ വന്നതിൽ തെല്ലു വിഷമത്തോടെ സാവിത്രിക്കുട്ടി മൈക്കിനടുത്തു ചെന്നു. എല്ലാവരേയും അഭിവാദനം ചെയ്തു. ബാലസംഘം രൂപീകരിച്ചതിലെ ഉദ്ദേശലക്ഷ്യങ്ങൾ പറഞ്ഞു. ബാലസംഘം പ്രവർത്തനം തുടങ്ങിയതു മുതൽ ആറേഴുമാസം കൊണ്ടു് ചെയ്യാൻ സാധിച്ച കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. പക്ഷേ, വിചാരിച്ചിരുന്നിടത്തോളം മുൻപോട്ടു പോകാനായില്ല, ഔപചാരികമായ ഉദ്ഘാടനം തന്നെ നടത്താൻ ഇപ്പോഴേ പറ്റിയുള്ളൂ. അതിനു പ്രധാനകാരണം സാമ്പത്തിക ബുദ്ധിമുട്ടും ചില കോണുകളിൽ നിന്നുള്ള സഹകരണമില്ലായ്മയും ആണെന്നും സാവിത്രിക്കുട്ടി പറഞ്ഞു.
സാവിത്രിക്കുട്ടി വികാരഭരിതയായി കൂട്ടിച്ചേർത്തു: ‘ഇതുവരെയുള്ള പ്രവർത്തനത്തിനു് ഞങ്ങൾക്കു സഹായം ചില നല്ലവരായ നാട്ടുകാരും സർക്കാർ സംവിധാനവും മാത്രമാണു്. ഇപ്പോൾത്തന്നെ ഉദ്ഘാടനത്തിനും ഭാവിപരിപാടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമുള്ള കാശുണ്ടാക്കാൻ നാട്ടുകാരുടെ മുൻപിൽ കൈനീട്ടിയ ഞങ്ങൾ കുട്ടികൾ ഒരുപാടു് ബുദ്ധിമുട്ടും അപമാനവും നേരിട്ടു. ഏറെ സങ്കടം ഈ നാട്ടിലെ വലിയവരുടെ വീടുകളിൽ നിന്നാണു് കൂടുതലും മോശം അനുഭവം ഉണ്ടായതെന്നതാണു്.’
പെട്ടെന്നു് മാധവപ്പണിക്കർ ചാടിയെഴുന്നേറ്റു് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു് ഒരു നോട്ടെടുത്തു് സെക്രട്ടറിയുടെ കയ്യിൽ കൊടുത്തിട്ടു് മൈക്കിൽ പറഞ്ഞു: ‘ഇതൊന്നും ഞാനറിഞ്ഞില്ല. എന്നോടാരും പറഞ്ഞില്ല. ഇവർക്ക് പ്രവർത്തനത്തിനു് ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞാൽ ഞാൻ കൊടുക്കുമായിരുന്നല്ലോ… ഇതാ ഞാൻ കൊടുത്തിട്ടുണ്ടു്.’
എന്തുപറയണമെന്നറിയാതെ സാവിത്രിക്കുട്ടി ഒരു നിമിഷം ശങ്കിച്ചു നിന്നു. അദ്ദേഹത്തെ ക്ഷണിക്കാനും ഫണ്ടു പിരിവിനുമായി പോയപ്പോൾ എല്ലാക്കാര്യവും അദ്ദേഹത്തോടു് വിശദമായി പറഞ്ഞതാണു്… അടുത്ത കസേരയിലിരുന്നു് തളിർവെറ്റിലയിൽ നൂറുതേയ്ക്കുന്ന ഭാര്യയോടു് കണ്ണുകാണിച്ചു… അവർ കുറച്ചു സമയമെടുത്തു് അകത്തുപോയി വന്നു് ഒരു എട്ടണത്തുട്ടു് സുരേന്ദ്രന്റെ നേരെ നീട്ടി. അപ്പോഴും അവർ സുരേന്ദ്രന്റെ മുഖത്തേക്കു നോക്കിയില്ല. ‘ശരി’ എന്നു് അദ്ദേഹം പോയ്ക്കൊള്ളാൻ പറഞ്ഞു. എന്നിട്ടും ഒന്നും അറിഞ്ഞില്ലത്രേ!
സാവിത്രിക്കുട്ടി പെട്ടെന്നു് ആ ഒരു രൂപാ നോട്ട് ഉയർത്തിക്കാണിച്ചു് നാട്ടുകാരോടു പറഞ്ഞു: ‘നമ്മുടെ അദ്ധ്യക്ഷൻ തന്ന കാശാണിതു്. അദ്ദേഹത്തിനു നന്ദി പറയുന്നു.’ സാവിത്രിക്കുട്ടിക്കു് അതു് ഒരു രൂപാ നോട്ടാണെന്നു പറഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു; പക്ഷേ, ലജ്ജയും അപമാനവും തോന്നിയതുകൊണ്ടു് പറഞ്ഞില്ല. പെട്ടെന്നു തന്നെ അദ്ധ്യക്ഷനും ആശംസ അർപ്പിക്കാനെത്തിയ രണ്ടു നാട്ടുപ്രമാണിമാർക്കും, എല്ലാ സാങ്കേതികസഹായങ്ങളും ബാലസംഘം പ്രവർത്തനത്തിനുള്ള ഉപകരണങ്ങളും കൊടുത്ത എൻ. ഇ. എസ്. ബ്ലോക്ക് ആഫീസർമാർക്കും നാട്ടുകാർക്കും സ്വാഗതം പറഞ്ഞു് അവസാനിപ്പിച്ചു.
അപ്പോഴേക്കും സദസ്സിൽ നിന്നു് വിളിയുയർന്നു. ‘നാടകം തൊടങ്ങണം. ആദ്യം നാടകം.’ അദ്ധ്യക്ഷൻ മറ്റൊന്നും പറയാൻ നിൽക്കാതെ ‘പരിപാടി ഉദ്ഘാടനം ചെയ്യുന്നു’ എന്നു പറഞ്ഞു് വിളക്കുകൊളുത്തി ഉടൻ സ്ഥലം വിട്ടു.
പെട്ടെന്നു തന്നെ സ്റ്റേജ് ഒരുക്കി; കർട്ടനെല്ലാം ഇട്ടു. രത്നവല്ലിയുടെ നൃത്തമാണു് ആദ്യം. സ്റ്റേജിനു് ഏറ്റവും മുന്നിലെ കർട്ടനുയർന്നതും സദസ്സിൽ കയ്യടി… ഉടുത്തൊരുങ്ങി ചുവടുവച്ചെത്തി രത്നവല്ലി. മൈക്കിൽക്കൂടി ഒഴുകിയെത്തിയ പാട്ടിനൊപ്പം രത്നവല്ലി തകർത്താടി… വമ്പൻ കയ്യടിയുയർന്നു. അടുത്തതായി ഒരു കുട്ടിയുടെ പാട്ടു്.
അപ്പോഴാണു് കിഴക്കേതിലെ കുമാരേട്ടൻ വന്നുപറയുന്നതു് കിഴക്കൂന്നും തെക്കൂന്നും മഴക്കാറു കേറുന്നു, തണുത്ത കാറ്റടിച്ചുതുടങ്ങി… ‘ഇതുവരെ തെളിഞ്ഞ ആകാശമായിരുന്നല്ലോ, ചുട്ടുപൊള്ളുന്ന വെയിലും’, സാവിത്രിക്കുട്ടി ആശങ്കപ്പെട്ടു. ‘ഇല്ലന്നേ, നമ്മടെ മീറ്റിംഗ് നടക്കുമ്പം ചെമ്മാനം കണ്ടതല്ലേ, പിന്നെങ്ങനാ മഴ!’ വേണു അക്ഷമയോടെ ചോദിച്ചു. ‘പഴഞ്ചൊല്ലിലൊന്നും കാര്യമില്ല. വേഗം നാടകം തുടങ്ങണം’ കുമാരേട്ടൻ പറഞ്ഞു. ‘ഇല്ലേ, നാട്ടുകാരു് വെറുതെ വിടത്തില്ല.’
ഗ്രീൻറൂമിൽ പോയി പെട്ടെന്നു നാടകം തുടങ്ങാൻ പറഞ്ഞു സാവിത്രിക്കുട്ടി. എല്ലാവരും റഡിയായി നിൽക്കുകയായിരുന്നു. കർട്ടനുയർന്നതും സദസ്സിൽ നിന്നു് ആരവമുയർന്നു. സൂത്രധാരൻ രംഗത്തു വന്നതും വലിയ ഒരു മിന്നലും ഇടിയും ഒപ്പം. പെട്ടെന്നു തന്നെ മഴവീണു. എല്ലാരും പരക്കം പാഞ്ഞു് എവിടൊക്കെയോ കയറി നിന്നു, നനഞ്ഞും നനയാതെയും.
‘വേനൽമഴയാണു്… പക്ഷേ, ഇന്നു് ഇതുവരെ മഴയുടെ ഒരു ലക്ഷണവുമില്ലാര്ന്നല്ലോ… പെട്ടെന്നു് മഴക്കാറു കേറി’ ‘ഒന്നൂല്ല, ഇതു് കുരുത്തദോഷാ… ഇവടിപ്പ സങ്കോം കൂട്ടോമൊണ്ടാക്കാഞ്ഞിട്ടു് എന്തിന്റെ കൊറവാർന്നു; ഏറെ നെഗളിച്ചിട്ടാ.’ പല പല അഭിപ്രായങ്ങൾ…
എല്ലാവരേയും സമാധാനിപ്പിച്ചു് ഓടിനടന്ന സാവിത്രിക്കുട്ടി മഠത്തിന്റെ വരാന്തയിൽ ചെന്നപ്പോൾ കരഞ്ഞുപോയി—തങ്ങളെ സഹായിക്കാൻ വന്ന എൻ. ഇ. എസ്. ബ്ലോക്ക് ഉദ്യോഗസ്ഥർ രണ്ടുപേരും നനഞ്ഞു കുതിർന്നു്… കവറുകളിട്ടു മറച്ചിട്ടും ജനറേറ്ററും മോട്ടോറും, റെക്കോർഡുകളുമെല്ലാം നനഞ്ഞിരിക്കുന്നു, നല്ല കാറ്റുണ്ടായിരുന്നതുകൊണ്ടു്. ആഫീസറന്മാർ സുരേന്ദ്രനേം സാവിത്രിക്കുട്ടിയേം സാന്ത്വനിപ്പിച്ചു: ‘നിങ്ങൾ വിഷമിക്കണ്ട… നമ്മക്കു നോക്കാം മഴയൊന്നു കുറഞ്ഞാൽ… വേഗം നിക്കുമെന്നു തോന്നുന്നു… ആര്ടേം കുറ്റമല്ലല്ലോ. ഒരപകടം പറ്റി; മഴ പ്രതീക്ഷിച്ചില്ല. ഞങ്ങളും സൂക്ഷിക്കണ്ടതായിരുന്നു.’
മഴ പെട്ടെന്നു കുറഞ്ഞു… നാട്ടുകാരെല്ലാം പോയിക്കാണും, അതുകൊണ്ടു് സാധനങ്ങളെല്ലാം ഒതുക്കാൻ നോക്കുമ്പോഴുണ്ടു് നാട്ടുകാരെല്ലാം തിരിച്ചെത്തിയിരിക്കുന്നു! ഇനി എന്തു ചെയ്യും! സാവിത്രിക്കുട്ടി നെട്ടോട്ടം ഓടി… എങ്ങനെയോ സ്റ്റേജിലെ ലൈറ്റുകളും മൈക്കും അവർ പ്രവർത്തിപ്പിച്ചു. ഒരുങ്ങിനിന്ന ചന്ദ്രിക ആകെ നനഞ്ഞിട്ടുണ്ടു്. പെട്ടെന്നു് രണ്ടാമത്തെ രംഗത്തിടാനുള്ള ഡ്രസ്സുടുത്തു… ആ സമയം കൊണ്ടു് രത്നവല്ലിയെ രംഗത്തയച്ചു…
രത്നവല്ലി നൃത്തം തുടങ്ങി; പക്ഷേ, അക്ഷമരായ നാട്ടുകാർ ‘നാടകം കാണണം’, ‘അടുത്ത മഴവരും മുമ്പു് നാടകം തുടങ്ങടോ’ എന്നൊക്കെ വിളിച്ചുപറയാൻ തുടങ്ങി.
നൃത്തം വേഗം തീർന്നു… നൃത്തത്തിനിടയ്ക്കു തന്നെ “ഇതുകഴിഞ്ഞാലുടൻ നാടകം തുടങ്ങുന്നതാണു്” എന്നു് മൈക്കിൽ ആവർത്തിക്കുന്നുണ്ടായിരുന്നു, നാട്ടുകാരെ അടക്കി നിർത്താൻ.
നാടകത്തിനായി കർട്ടൻ മെല്ലെ ഉയർന്നു… സദസ്സിൽ കയ്യടിയും ആരവവും… സ്റ്റേജിന്റെ ഒരറ്റത്തു് സൂത്രധാരൻ നിൽക്കുന്നു. അയാൾ ഉച്ചത്തിൽ സദസ്യരെ നോക്കി വിളിച്ചു പറഞ്ഞു: ‘ഹേയ് നാട്ടുകാരേ, അതാ നോക്കൂ. സന്തോഷവതിയായി ഓടിവരുന്നതാരാണെന്നു് നോക്കൂ (സ്റ്റേജിന്റെ മറ്റേ അറ്റത്തേക്കു കൈചൂണ്ടി) അതാ അവളെത്തിക്കഴിഞ്ഞു… നമ്മുടെ രാജകുമാരി…’
ആഹ്ലാദിച്ചു് ഓടിവരുന്ന ചന്ദ്രിക; സാവിത്രിക്കുട്ടിയും രത്നവല്ലിയും കൂടിയിട്ടുകൊടുത്ത മേക്കപ്പു് മാഞ്ഞുപോയിരുന്നെങ്കിലും അവളൊരു സ്വർണ്ണവിഗ്രഹം പോലെ തിളങ്ങി. (ഭയങ്കര കയ്യടിയും സന്തോഷാരവവും). സ്റ്റേജിന്റെ നടുവിലെത്തി നിന്ന ചന്ദ്രിക കയ്യിലിരുന്ന മനോഹരമായ ഒരു ചെപ്പുയർത്തിക്കാട്ടി എന്തോ പറയാൻ തുടങ്ങിയതും എടുത്തൊഴിച്ചതുപോലെ മഴവീണു. ജനറേറ്ററും മോട്ടോറും മൈക്കും എല്ലാം നിന്നു. ഗ്രീൻറൂമിൽ കത്തിച്ചു വച്ചിരുന്ന റാന്തൽ വിളക്കും ടോർച്ചുകളും സഹായത്തിനെത്തി…
ചന്ദ്രികയും രത്നവല്ലിയും തേങ്ങിക്കരയുന്നുണ്ടായിരുന്നു. സാവിത്രിക്കുട്ടിക്കു കരയാൻ വയ്യ, കരഞ്ഞാൽ സുരേന്ദ്രനും വേണുവും തളർന്നുപോകും… ഇത്രനാളത്തെ കഠിനപ്രയത്നം, പ്രതീക്ഷകൾ…
നനഞ്ഞു കുളിച്ച എല്ലാവരും പിരിഞ്ഞു. മൂന്നാമതൊരു പരീക്ഷണത്തിനു് ഒന്നും ശേഷിച്ചിട്ടില്ല; ഉപകരണങ്ങൾ നാശമായിരിക്കുന്നു.
സാവിത്രിക്കുട്ടി എൻ. ഇ. എസ്. ബ്ലോക്ക് ഉദ്യോഗസ്ഥരോടു് തൊഴുതു മാപ്പു പറഞ്ഞു. അവർ കുട്ടികളെ സമാധാനിപ്പിച്ചു; ‘നിങ്ങളുടെ കുറ്റമല്ലല്ലോ.’
പിറ്റേന്നു് സ്റ്റേജ് പൊളിച്ചു നീക്കാനും മൺതിട്ട നേരെയാക്കാനും മറ്റുമായി കയ്യിലിരുന്ന കാശും പിന്നെ കടവും… സാവിത്രിക്കുട്ടിയും സുരേന്ദ്രനും വേണുവും നിരാശരായിരുന്നു… സാവിത്രിക്കുട്ടി പറഞ്ഞു:
‘നിങ്ങൾ കുട്ടികളാണു്… ഈയൊരു കാര്യം കൊണ്ടു് തോറ്റുപോയെന്നു കരുതണ്ട… ഒരു വീഴ്ച ആർക്കും സംഭവിക്കാം. കണക്കുകൂട്ടലിൽ നമുക്കു് ഒരു പിഴവുപറ്റി, അത്രതന്നെ. പക്ഷേ, നാട്ടുകാരുടേയും കുട്ടികളുടേയും മനസ്സിൽ ചെറിയൊരു ചലനമുണ്ടാക്കാൻ ഇതിനകം നമ്മടെ പ്രവർത്തനങ്ങൾക്കു സാധിച്ചിട്ടുണ്ടു്. അതൊരു വിജയമല്ലേ… പിന്നെ നിങ്ങൾക്കറിയാമല്ലോ എന്റെ അവസ്ഥ. ജീവിക്കാനെന്തെങ്കിലും നോക്കണം. എന്നെ വിട്ടേക്കൂ. നിങ്ങൾ പക്ഷേ, ഇതു് മുന്നോട്ടു കൊണ്ടുപോകാൻ നോക്കണം.’
ഉത്തരം പറയാതെ സുരേന്ദ്രനും വേണുവും തിരിഞ്ഞു നടന്നു.