ഇനിയെന്തു് എന്നു തീരുമാനിക്കാനാകാതെ രണ്ടു മൂന്നുദിവസം കടന്നുപോയി. അപ്പോളാണു് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റു കിട്ടുന്നതു്, രവീന്ദ്രൻചേട്ടനും സാവിത്രിക്കുട്ടിക്കും… ജനുവരിയിൽ പരസ്യം വന്നപ്പോഴാണു് അപേക്ഷിച്ചതു്. പതിനേഴര വയസ്സായാവർക്ക് അപേക്ഷിക്കാമെന്ന നിയമം സാവിത്രിക്കുട്ടിക്കും സഹായകമായി.
മേയ് പത്തും പതിനൊന്നുമാണു് പരീക്ഷ… പഠിക്കാൻ പ്രത്യേകിച്ചു സംവിധാനങ്ങളൊന്നുമില്ല. ടൗണിൽ വായനശാലയിൽ പോകുമ്പോൾ ഇംഗ്ലീഷ് പേപ്പറിൽ നിന്നു് എന്തെങ്കിലും പ്രധാന വാർത്തയുണ്ടെങ്കിൽ രവീന്ദ്രൻചേട്ടൻ കുറിച്ചെടുക്കും. കൂട്ടുകാരന്റെ കയ്യിൽ നിന്നു് ജനറൽ നോളഡ്ജ് പുസ്തകം വാങ്ങിക്കൊണ്ടുവന്നു, ഒരു ദിവസത്തേക്കു്… അച്ഛൻ പറഞ്ഞു: ‘അതൊക്കെ മതി. കണക്കും ലാംഗ്വേജസും നിങ്ങൾക്കു് ഒരു സംശയവുമില്ല. പിന്നെന്താ… ആത്മവിശ്വാസമുണ്ടായാൽ മതി.’
ആത്മവിശ്വാസമുണ്ടു്… പക്ഷേ, ഇതൊരു മത്സരപ്പരീക്ഷയാണു്; ആദ്യമാദ്യം എത്തുന്നവർക്കേ സ്ഥാനമുള്ളൂ…
പരീക്ഷയെഴുതി. ഒരു കൊല്ലം വരെയാകുമത്രെ ഫലമറിയാൻ. ‘അതല്ല, കമ്യൂണിസ്റ്റു സർക്കാരാണു്; ഇട്ടു നീട്ടില്ല. കഴിയുന്നതും വേഗം ഒഴിവുകൾ നികത്താൻ നടപടിയുണ്ടാകും.’ മുരളിച്ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു…
സാവിത്രിക്കുട്ടിയുടെ അച്ഛൻ, ഗോവിന്ദക്കൈമളെ കണ്ടു് അത്യാവശ്യം മരുന്നുകൾ വാങ്ങാൻ നാട്ടിലേക്കു പോയി. രവീന്ദ്രൻചേട്ടൻ മൂന്നുമാസത്തെ താത്കാലിക ഒഴിവിൽ ജോലിയായി കോട്ടയത്താണു്…
കാലവർഷം വല്ലാതെ കനത്തിരിക്കുന്നു. കിഴക്കൻ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. അതുകാരണം സാവിത്രിക്കുട്ടിയുടെ അച്ഛനു തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല… കർക്കിടകമഴ നാശം വിതച്ചു തിമിർത്താടുന്നു.
സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തെ ഇത്തിരിക്കുളം മഴകുടിച്ചു വീർത്തു് മുറ്റത്തേക്കു കടന്നാക്രമണം നടത്തുന്നു. ദ്രവിച്ചു തീർന്നു് ഈർക്കിലിയും കഴുക്കോലും മാത്രമായ മേൽക്കൂരയിലൂടെ പെയ്യുന്ന മഴയിൽ നിന്നൊളിക്കാൻ വീടിന്റെ മൂലകൾ തപ്പിനടന്ന സാവിത്രിക്കുട്ടിയുടെ അമ്മ പെട്ടെന്നു നിലവിളിച്ചുപോയി… ചൊരിമണൽ വെള്ളത്തിൽ കുതിർന്നപ്പോൾ ഇളക്കം തട്ടിയ തൂണു് ചരിഞ്ഞുനിൽക്കുന്നു! വീശിയടിക്കുന്ന കാറ്റിൽ ആ ആറുകാൽപ്പുര തെക്കോട്ടു ചരിയുന്നു… ഉത്തരങ്ങളും മോന്തായവും താഴേക്കു പോന്നാൽ ഒരമ്മയും മൂന്നു മക്കളും സ്വർഗ്ഗം പൂകും…
സമയം ഇരുട്ടിത്തുടങ്ങി; ഇടതടവില്ലാതെ മഴ കോരിച്ചൊരിയുന്നു… പായകളും തുണികളും കുട്ടികളുടെ പുസ്തകങ്ങളും ചുരുട്ടിയെടുത്തു് ആ അമ്മ മക്കളേയും കൊണ്ടു് അടുത്ത പറമ്പിലെ കൊപ്രാ അട്ടിയുടെ അകത്താക്കി. മഴക്കാലമായതുകൊണ്ടു് കൊപ്രവെട്ടില്ല. അട്ടികൾ കൂടാരം പോലെ ചാരിവച്ചതിനകത്തു് മഴയും കാറ്റും എത്തില്ല. വെള്ളമെങ്കിലും തിളപ്പിച്ചു കുടിക്കണമെങ്കിൽ പാത്രങ്ങൾ വേണം, മൂന്നു അടുപ്പുകല്ലുകൾ വേണം, തീപ്പെട്ടിയും ചൂട്ടുമെങ്കിലും വേണം. വരുന്നതു വരട്ടെയുന്നറപ്പിച്ചു് അമ്മയ്ക്കൊപ്പം ചരിഞ്ഞുനിൽക്കുന്ന വീട്ടിനകത്തു കയറി ഉള്ളതെല്ലാം പെറുക്കിയെടുത്തു് കൊപ്രാ അട്ടിക്കകത്തു അഭയം പ്രാപിച്ചു. ആ പേമാരിയിൽ അവിടന്നുമിവിടന്നും തപ്പിപ്പെറുക്കിയെടുത്തുകൊണ്ടു വന്ന കമ്പുകളും കയർത്തുമ്പുകളും ചേർത്തുകെട്ടി അട്ടിയുടെ കിഴക്കേ വാതിൽക്കൽ അമ്മ മറതീർത്തു—പട്ടികളോ പട്ടികളേക്കാൾ നാറികളായ മനുഷ്യജന്മങ്ങളോ വന്നാൽ അവർക്കൊരുതടയിട്ടു. തുണിയിൽ പൊതിഞ്ഞുണക്കിയെടുത്ത തീപ്പെട്ടിയുരച്ചു് റാന്തൽ കത്തിച്ചു തിരിതാഴ്ത്തി വച്ചു. മക്കൾക്കു കാവലായി പടിഞ്ഞാറുഭാഗത്തു് ആ അമ്മ ഉണർന്നിരുന്നു…
മൂന്നുദിവസം ആ കൊപ്ര ഉണക്കുന്ന അട്ടിക്കടിയിൽ നാലു ജീവികൾ കഴിഞ്ഞു. വിളിച്ചാൽ വിളികേൾക്കാൻ മാത്രം ദൂരത്തിലുള്ള ബന്ധുജനങ്ങളെയാരേയും വിളിച്ചില്ല; അന്ധരും ബധിരരും ആയ ബന്ധുജനങ്ങൾ. ഓ തെറ്റി. ഒരാൾ വന്നു അച്യുതമ്മാവൻ. കൊപ്രാ അട്ടിയുടെ ഉടമസ്ഥൻ. പിറ്റേന്നു് ഉച്ചയ്ക്കു മഴയൊന്നു കുറഞ്ഞുനിന്നപ്പോൾ അയാൾ വന്നു, അകത്തേക്കു് ആകെയൊന്നു നോക്കി: ‘തീ കത്തിക്കുന്നതു സൂക്ഷിച്ചു വേണം, ഓലത്തട്ടിലൊന്നും കേറിപ്പിടിക്കരുതു്…’ നനഞ്ഞ ഓലയും ചുള്ളിക്കമ്പുകളും വച്ചു് തീയൂതിയൂതി പിടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സാവിത്രിക്കുട്ടി പുകയേറ്റു ചുമയ്ക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കി. ഉപദേശം കൊടുത്തു അച്യുതനമ്മാവൻ തിരിഞ്ഞുപോലും നോക്കാതെ നടന്നുപോകുന്നതു് പുകയേറ്റു നീറുന്ന കണ്ണുകളുയർത്തി നോക്കിക്കൊണ്ടിരുന്നു… ഉണക്കമടലുകളും വിറകും കുന്നുകൂട്ടിയിട്ടിരിക്കുന്നു, ഇറമ്പിലെല്ലാം കെട്ടുകണക്കിനു ചൂട്ടുകറ്റകൾ തൂക്കിയിട്ടിരിക്കുന്ന വിറകുപുര അവിടെയിരുന്നാൽ കാണാമായിരുന്നു—അമ്മാവന്റെ തറവാട്ടിലെ വിറകുപുര. സാവിത്രിക്കുട്ടി മാത്രമല്ല അനുജത്തി ദേവികയും അതു കാണുന്നുണ്ടായിരുന്നു…
ബാല്യംവിടും മുൻപുമുതൽ അനീതികളുടെ ഘോഷയാത്രകൾക്കിടയിൽ അർഹിക്കുന്നതെല്ലാം നിഷേധിക്കപ്പെട്ടു് പട്ടിണിയിലും അപമാനത്തിലും വെന്തുനീറേണ്ടി വന്ന ദേവിക കർക്കശക്കാരിയാക്കാനുള്ള അവസാന അടിയും അന്നു കിട്ടിയിരിക്കണം… സമയത്തു് ഫീസടയ്ക്കാൻ പറ്റാത്തതുകൊണ്ടു് പലപ്പോഴും ക്ലാസ്സിനു പുറത്തു നിൽക്കേണ്ടിവന്നിട്ടും, പല ദിവസങ്ങളിലും ക്ലാസ്സിൽ പോകാൻ പറ്റാതിരുന്നിട്ടും പഠിത്തത്തിൽ അവളെന്നും ഒന്നാമതായിരുന്നു. ഏതു പാട്ടും ഒരു തവണ കേട്ടാൽ അതിമനോഹരമായി പാടുമായിരുന്നു. അനിതരസാധാരണമായ അഭിനയവാസനയും അനുകരണശേഷിയുമുള്ള അവൾക്കായിരുന്നു കലാപരിപാടികളിലും ഒന്നാം സ്ഥാനം. സ്നേഹനിധിയായിരുന്നു അവൾ, ഒപ്പം അങ്ങേയറ്റം ത്യാഗശീലയും. പട്ടിണിയും വിശപ്പും വകവയ്ക്കാതെ അമ്മയ്ക്കൊപ്പം ജോലിചെയ്തിരുന്നതു് അനുജത്തിയാണു്, സാവിത്രിക്കുട്ടിയല്ല; സാവിത്രിക്കുട്ടി അന്യനാട്ടിൽ സുഖമായി ജീവിക്കുകയായിരുന്നു അപ്പോഴൊക്കെ. ദേവിക അനുഭവിച്ചിട്ടുള്ളത്രയും പട്ടിണിയും അവമതിയും സാവിത്രിക്കുട്ടി അനുഭവിച്ചിരിക്കില്ല.
പക്ഷേ, ദേവിക തീരെ മാറിപ്പോയി; അസഹിഷ്ണുതയും ദേഷ്യവും വെറുപ്പും അവളുടെ മുഖമുദ്രയായി. തന്റെ പഠിത്തം, തന്റെ ജയം അതുമാത്രമായി ലക്ഷ്യം. പാട്ടും, അഭിനയവും എല്ലാം ഉപേക്ഷിച്ചു.
എന്നാൽ അന്നുവരെ തിന്ന ഓരോ വേദനയും നേരിട്ട ഓരോ അപമാനവും പീഡനവും അവഗണനകളും മനുഷ്യനെങ്ങനെയാകരുതെന്നു സാവിത്രിക്കുട്ടിയെ പഠിപ്പിക്കുകയായിരുന്നു. ആ പാഠം സാവിത്രിക്കുട്ടിക്കു് ആവർത്തിച്ചു് ഓതിക്കൊടുത്തു കൊപ്രഅട്ടിക്കടിയിലെ മൂന്നുദിനരാത്രങ്ങൾ.
സാവിത്രിക്കുട്ടി സ്വയം അന്നൊരു പ്രതിജ്ഞയെടുത്തു—അച്ഛനമ്മമാരേയും സഹോദരങ്ങളേയും കൊണ്ടു് എത്രയും വേഗം ഒരു പുതുജീവിതം കണ്ടെത്തുമെന്നു്; അവരെ ഈ അപമാനകരമായ ജീവിതം സമ്മാനിച്ച നാട്ടിൽ നിന്നു് രക്ഷിക്കുമെന്നു്; എന്നെന്നേക്കുമായി ഈ നാടുപേക്ഷിക്കുമെന്നു്… അതുവരെയുള്ള അനുഭവങ്ങളെ സാവിത്രിക്കുട്ടി തന്റെ മനസ്സിന്റെ കോണിലൊരു നിലവറയിലിട്ടുപൂട്ടി… ദുരനുഭവങ്ങൾ ഓരോ മനുഷ്യന്റേയും സ്വത്വത്തെ ബാധിക്കുന്നതും മാറ്റിമറിക്കുന്നതും ഓരോ രീതിയിലായിരിക്കുമല്ലോ.