നമ്മുടെ പിതാമഹന്മാരെയും പ്രപിതാമഹന്മാരെയും ആഹ്ലാദിപ്പിക്കുകയും അന്നു് യൗവനദശയിലായിരുന്ന അവർക്കു് കപോലരാഗമുളവാക്കുകയുംചെയ്ത സാഹിത്യകാരനായിരുന്നു സി. വി. രാമൻ പിള്ള. ആദരാത്ഭുതങ്ങൾകൊണ്ടു വിടർന്ന നേത്രങ്ങളാലാണു് അവർ ആ പ്രതിഭാശാലിയെ നോക്കിയതു്. സി. വി. രാമൻ പിള്ളയെ വിമർശിച്ച ഏതൊരു വിമർശകനെയും കോപത്തോടെയല്ലാതെ അവർക്കു നേരിടാൻ കഴിഞ്ഞില്ല. രാജവാഴ്ചയോടു ചേർന്ന മാലിന്യങ്ങളെ ചൂണ്ടിക്കാണിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭക്തരായ ബഹുജനം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. രാജവാഴ്ചയ്ക്കും രാജാവിന്റെ പാർശ്വവർത്തികൾക്കും അനുകൂലനായിനിന്ന സി. വി. രാമൻ പിള്ളയെ രാമകൃഷ്ണപിള്ള വിമർശിച്ചപ്പോൾ അവർക്കു് അതു സഹിക്കാനാവാത്തതായി. ഈ അസഹിഷ്ണുത മറ്റു സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രതികൂലാഭിപ്രായങ്ങളിൽ ബഹുജനം പ്രദർശിപ്പിച്ചില്ല. കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ചന്തുമേനോൻ ഇവരെക്കുറിച്ചു് എത്രയെത്ര വിമർശനങ്ങളാണു് ആവിർഭവിച്ചതു്! അങ്ങിങ്ങായി ചിലർ പ്രതിഷേധ പ്രകടനം നടത്തിയെന്നല്ലാതെ ജനരോഷം ആളിക്കത്തിയതേയില്ല. അതായിരുന്നില്ല സി. വി. രാമൻ പിള്ളയുടെ നോവലുകളെ വിമർശിക്കുന്നവരോടു ജനതക്കുള്ള മനോഭാവം. “അക്കളി തീക്കളി” എന്ന എന്താവാം ഇതിനു കാരണം? സി. വി. രാമൻ പിള്ള നല്ല നോവലിസ്റ്റായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. ചന്തുമേനോനും നല്ല നോവലിസ്റ്റായിരുന്നല്ലോ. അദ്ദേഹത്തെ സംബന്ധിച്ചു് അനുവാചകർക്കു് ഉണ്ടാകാത്ത അതിരുകടന്ന ആഭിമുഖ്യം സി. വി. രാമൻ പിള്ളയെക്കുറിച്ചു് ഉണ്ടായതെങ്ങനെ? അതിനു് ഉത്തരം നൽകുന്നതിനുമുമ്പ് സി. വി.-യുടെ കൃതികളിലെ സവിശേഷത എന്താണെന്നു നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. പൂർവ്വകാലം അതിന്റേതായ മൂല്യമാർജ്ജിച്ചതാണെന്നും കാലം കഴിഞ്ഞപ്പോൾ ആ മൂല്യത്തിനു നാശം സംഭവിച്ചുപോയെന്നും ആ കാലയളവിനെ മൂല്യത്തോടുകൂടി ചിത്രീകരിക്കേണ്ടതാണെന്നും വിചാരിച്ച റൊമാൻറിസിസ്റ്റ് ആയിരുന്നു സി. വി. രാമൻ പിള്ള. ആ വിചാരത്തിനു യോജിച്ചവിധത്തിൽ അദ്ദേഹം മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജാവിന്റേയും ഭരണകാലത്തെ ആവിഷ്ക്കരിച്ചു. മാർത്താണ്ഡവർമ്മ തനിക്കു് എതിരായി പ്രവർത്തിച്ച വിധ്വംസകശക്തികളെ തച്ചുടച്ചു് സ്വന്തമധികാരം പ്രതിഷ്ഠാപനം ചെയ്തു. ധർമ്മരാജാവു് ഹൈദരിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങളെ സുധീരം നേരിട്ടു. മൂല്യവത്തായ, ആ രണ്ടു കാലയളവുകളെ സി. വി. രാമൻ പിള്ള ചിത്രീകരിച്ചപ്പോൾ തന്റെ കാലത്തെ മഹാരാജാവിനെ—ശ്രീമൂലംതിരുനാൾ രാമവർമ്മയെ—ഭംഗ്യന്തരേണ വാഴ്ത്തുകയായിരുന്നു. മൂല്യമാർന്ന പ്രാചീനകാലം അതിനെക്കാൾ മൂല്യമുള്ള ശ്രീമൂലംതിരുനാളിന്റെ കാലമായി വികസിച്ചു എന്നു് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ഈ ചിന്താഗതി അദ്ദേഹത്തിനു് ഉണ്ടായിരുന്നതുകൊണ്ടാണു് ‘മാർത്താണ്ഡവർമ്മ’ എന്ന നോവൽ ഒരു നാലാംമുറ തമ്പുരാന്റെ തൃപ്പാദങ്ങളിൽ അദ്ദേഹം സമർപ്പിച്ചതു്. ‘ധർമ്മരാജാ’ എന്ന നോവൽ മൂലംതിരുനാളിന്റെ ‘തൃപ്പാദഭൃത്യ’നായ ഗ്രന്ഥകാരൻ ‘കൈക്കുറ്റപ്പാടു ചെയ്തു്’ ആ മഹാരാജാവിനു സമർപ്പണം ചെയ്തതു്. തന്റെ ‘മാഗ്നം ഓപസ്’ (മഹനീയമായ കൃതി) ആയ ‘രാമരാഹബഹദൂർ’ സി. വി. സമർപ്പിച്ചതോ? ‘പൊന്നു തിരുമേനിയുടെ തിരുവുള്ളപ്രഭാവത്താൽ അനുഗ്രഹീതനായ’ ടി. ശങ്കരൻതമ്പിക്കും. ഈ ശങ്കരൻതമ്പിയെയാണു് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്നത്തെ സകല ജീർണ്ണതകൾക്കും കാരണക്കാരനായി കണ്ടതു്. ഇതിലൊന്നും ഈ ലേഖകൻ തെറ്റു കാണുകയല്ല. രാജവാഴ്ച നിലവിലിരിക്കുമ്പോൾ ഇങ്ങനെയൊക്കെ മാത്രമേ സാഹിത്യകാരന്മാർക്കു പെരുമാറാൻ പറ്റൂ. എത്രയെത്ര പടിഞ്ഞാറൻ സാഹിത്യകാരന്മാരാണു് തങ്ങളുടെ രാജാക്കന്മാരുടെ മുൻപിൽ ഭക്തി പ്രശ്രയപരവശരായി നിന്നിട്ടുള്ളതു്. ഒന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. താൻ അഭിനന്ദിച്ച ഒരു കാലഘട്ടത്തിന്റെ വൈശിഷ്ട്യത്തെ അവിടെനിന്നു് ഉയർത്തിയെടുത്തു് സമകാലിക രാജവാഴ്ചയിൽ പരോക്ഷമായി നിവേശനം ചെയ്ത നോവലിസ്റ്റായിരുന്നു സി. വി. രാമൻ പിള്ള. അതുകൊണ്ടുതന്നെയാണു് ‘സി. വി. ഈശ്വരഭക്തനും രാജഭക്തനും സദാചാര നിരതനുമായിരുന്നു’ എന്നു് ഉള്ളൂർ പ്രഖ്യാപിച്ചതു്. (കേരള സാഹിത്യചരിത്രം, വാല്യം 5, പുറം 1017.)
ഭാവനയുടെ സൃഷ്ടികളാണു് മാർത്താണ്ഡവർമ്മ’യും ’ധർമ്മരാജാ’യും ‘രാമരാജ ബഹദൂറും.’ ചരിത്രസംഭവങ്ങളാണു് അവയിലുള്ളതു്. ചരിത്രകാരനു് ആ സംഭവങ്ങളെ സ്ഥലകാലങ്ങളിൽ പ്രതിഷ്ഠിക്കേണ്ടതുണ്ടു്. നോവലിസ്റ്റിനു് ആ ചുമതലയില്ല. അദ്ദേഹത്തിന്റേതു് ഭാവനയുടെ ലോകമാണു്. ആ ലോകത്തെ സി. വി. രാമൻ പിള്ള ആകർഷകമായി ആലേഖനം ചെയ്തു. അതിലാണ്‍ അദ്ദേഹം നല്ല നോവലിസ്റ്റാണെന്നു് ആദ്യമേ പറഞ്ഞതു്. ഇതൊക്കെ സത്യമാണെങ്കിലും സി. വി. യുടെ ഭാവനാലോകം യഥാർത്ഥമായ ഒരു ലോകത്തിലാണു് അടിയുറച്ചിരിക്കുന്നതു് അതു് മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജാവിന്റെയും ലോകങ്ങൾ തന്നെ. അവയുടെ സ്വാഭാവികവികാസം ശ്രീമൂലംതിരുനാളിന്റെ ലോകവും. അതിനാൽ രാജഭക്തരായ തിരുവിതാംകൂറുകാർക്കു് ആ നോവലുകൾ വായിച്ചാലുണ്ടാകുന്ന സവിശേഷാനുഭൂതി ആ ഗ്രന്ഥങ്ങൾ വായിക്കുന്ന കൊച്ചിക്കാർക്കും മലബാറുകാർക്കും അതേയളവിൽ ഉളവാകുകയില്ല. ചരിത്രപരമായ ജ്ഞാനം കൂടുന്തോറും രാജഭക്തി കൂടുന്തോറും ‘മാർത്താണ്ഡവർമ്മ’യും ‘ധർമ്മരാജാ’യും ‘രാമരാജബഹദൂരും’ കൂടുതൽ ആസ്വാദ്യങ്ങളാവും, തിരുവിതാംകൂറിൽ ഉള്ളവർക്കു്. നോവലുകളുടെ ഉള്ളടക്കം ചരിത്രപരമായ ചിന്തനത്താലാണു് നിയന്ത്രിക്കപ്പെട്ടതു്; ഭാവനയുടെ ആധിപത്യം അതിലുണ്ടെങ്കിലും. ഈ രാജഭക്തി പ്രാചുര്യമാണു് സി. വി. രാമൻ പിള്ളയുടെ നോവലുകൾക്കു് ഓവർ എസ്റ്റിമേഷൻ—അധികമായ മതിപ്പു്—നൽകിയതെന്നു ഞാൻ വിചാരിക്കുന്നു. തിരുവിതാംകൂറിനു വടക്കുള്ള അനുവാചകർ ‘ഭൂതരായർ’ എന്ന ആഖ്യായിക വായിച്ചു രസിച്ചതു പോലെ തിരുവിതാംകൂറിലുള്ള വായനക്കാർ അതു വായിച്ചു രസിച്ചില്ല എന്ന വസ്തുതയും നമ്മൾ ഓർമ്മിക്കണം.
ചരിത്രത്തെ ചരിത്രപരമായ റൊമാൻസാക്കി മാറ്റിയ സാഹിത്യകാരനാണു് സി. വി. അതുകൊണ്ടു് രാജ്യം ഭരിച്ച മാർത്താണ്ഡവർമ്മയേയോ ധർമ്മരാജാവിനേയോ വിചാരിക്കുമ്പോഴെല്ലാം തിരുവിതാംകൂറിലുള്ളവരുടെ മുൻപിൽ വന്നുനിൽക്കുന്നതു് രാമനാമത്തിൽ പിള്ളയും സുന്ദരയ്യനും പാറുക്കുട്ടിയും അനന്തപത്മനാഭനും മാമാവെങ്കിടനും ഹരിപഞ്ചാനനുമാണു്. അവർ വിഹരിച്ച ആ കാലഘട്ടത്തിന്റെ പ്രാധാന്യമെന്തു് എന്ന ചോദ്യത്തിനു് ഉത്തരം സി. വി. യുടെ നോവലുകളിൽനിന്നു ലഭിക്കുകയില്ല. അവരെക്കണ്ടു് ആഹ്ലാദിച്ചിട്ടു് വായനക്കാർ സി. വി. രാമൻ പിള്ള അവതരിപ്പിച്ച രാജാക്കന്മാരുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നില്ക്കുന്നു. അവരെ—ആ രാജാക്കന്മാരെ—കാണിച്ചുകൊടുത്ത സി. വി. യെ അവർ തലയിലേറ്റി നടക്കുന്നു. നിരൂപണത്തിന്റെയോ വിമർശനത്തിന്റെയോ മാനദണ്ഡവുമായും അങ്ങോട്ടുമ് ചെല്ലാമെന്നേ വിചാരിക്കേണ്ട. സി. വി. യുടെ ഗദ്യശൈലി ഇരുമ്പുകുടംപോലെ നിഷ്പന്ദവും അഭേദകവുമാനെന്നു് പരിണതപ്രജ്ഞനായ എം. പി. പോൾ പറഞ്ഞപ്പോൾ അറ്റൊരു പരിണത പ്രജ്ഞനായ പി. കെ. പരമേശ്വരൻനായർ ചന്ദ്രഹാസമിളക്കിയതു് നമ്മളാരും മറന്നിട്ടില്ല.
സി. വി. രാമൻ പിള്ളയുടെ നോവലുകളെ വിമർശിക്കുമ്പോൾ ടോൾസ്റ്റോയിയുടെ കൃതികളെയോ ദസ്തേയേവ്സ്കിയുടെ കൃതികളെയോ തോമസ് മന്നിന്റെ കൃതികളെയോ സങ്കല്പിച്ചു കൊണ്ടു് ആ കൃത്യം അനുഷ്ഠിക്കുന്നതു് തെറ്റാണു്. സി. വി. ക്കു മുൻപുണ്ടായിരുന്ന നോവലുകളെയാണു് നമ്മൾ മനസ്സിൽ കരുതേണ്ടതു്. അതിനു ശ്രമിക്കുമ്പോൾ ശൂന്യതയാണു് അനുഭവം. ‘മാർത്താണ്ഡവർമ്മ’യുടെ ആവിർഭാവത്തിനുമുൻപു് മലയാളസാഹിത്യത്തിൽ പരിഗണനാർഹമായ ഒരു നോവലേയുള്ളൂ. അതു് പ്രതിപാദ്യവിഷയമായ സ്വീകാര്യത്തിലും പ്രതിപാദനരീതിയിലും വിഭിന്നത പുലർത്തുന്ന ‘ഇന്ദുലേഖ’യാണു്. അതിനാൽ ആ താരതമ്യവിവേചനം അർത്ഥരഹിതമായിത്തീരുന്നു. അപ്പോൾ എന്താണു് ചെയ്യാനുള്ളതു്? സി. വി. രാമൻ പിള്ളയുടെ രചനകൾക്കു് പ്രചോദനം നല്കിയ പടിഞ്ഞാറൻ സാഹിത്യകാരന്മാരുടെ നോവലുകൾ പരിഗണനാർഹങ്ങളാവണം. അവരിൽ പ്രധാനന്മാർ വാൾട്ടർ സ്കോട്ടും ബുൾവർ ലിറ്റനുമത്രേ. ആ രണ്ടു സാഹിത്യകാരന്മാരുടെ കൃതികൾക്കുള്ള ഗുണങ്ങളും ദോഷങ്ങളും സി. വി. രാമൻ പിള്ളയുടെ കൃതികളിലും ദർശിക്കാം. സി. വി. സ്കോട്ടിനെപ്പോലെ, ലിറ്റനെപ്പോലെ ഭൂവിഭാഗങ്ങൾ വർണ്ണിക്കുന്നു; കഥാപാത്രങ്ങളുടെ സാമൂഹികാചാരങ്ങൾ ആലേഖനം ചെയ്യുന്നു; ഉത്തേജകങ്ങളായ സംഭവങ്ങൾ പ്രഗത്ഭമായി ആവിഷ്ക്കരിക്കുന്നു. ഉള്ളൂർ എടുത്തുകാണിക്കുന്ന ഭാഗങ്ങൾതന്നെ നമുക്കും പരിശോധിക്കാം. മാങ്കോയിക്കൽ ഭവനം തീപിടിക്കുന്നതു്; ചിലമ്പിനേത്തു ചന്ത്രക്കാരന്റെ ആകൃതിവർണ്ണന; വസൂരിക്കാരന്റെ മൃതദേഹവർണ്ണന; കേശവദാസന്റെ വിടവാങ്ങൽ. ഡോക്ടർ കെ. ഭാസ്കരൻനായർ ചൂണ്ടിക്കാണിക്കുന്ന മല്ലയുദ്ധവർണ്ണനയും നോക്കൂ. ഇവയെല്ലാം ഉത്കൃഷ്ടങ്ങൾ തന്നെ; വർണ്ണോജ്വലങ്ങൾ തന്നെ. എങ്കിലും സൂക്ഷിച്ചുനോക്കിയാൽ വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതു് ഉപരിതലത്തിലെ വർണ്ണവിന്യാസമാണെന്ന പരമാർത്ഥം ബോധ്യപ്പെടും. ഏതു വർണ്ണനയിലും ആഴത്തിലെത്തുന്ന മാനുഷികാനുഭവം വേണമല്ലോ. സി. വി. യുടെ ഒരു വർണ്ണനയിലും അതു ദൃശ്യമല്ല. വർണ്ണനകൾ വർണ്ണനകൾക്കു വേണ്ടി മാത്രം നിലകൊള്ളുന്നു. അവ നേത്രാനന്ദകരങ്ങളും ശ്രോത്രാനന്ദകരങ്ങളുമാണെന്നു സമ്മതിക്കാം. പക്ഷേ ഒന്നിനും ആത്മാവില്ല. ആ ആത്മാവില്ലായ്മ കഥാപാത്രങ്ങൾക്കുമുണ്ടു്. അനന്തപത്മനാഭന്റെ പരാക്രമങ്ങളും ഹരിപഞ്ചാനന യുഗ്മത്തിന്റെ കൗടില്യങ്ങളും പ്രകടനാത്മകങ്ങൾ തന്നെ. എന്നാൽ ആ കഥാപാത്രങ്ങളോ അവയുടെ പ്രവർത്തനങ്ങളോ അനുവാചക മനസ്സിന്റെ അഗാധതന്ത്രികളെ സ്പർശിക്കുന്നില്ല. ഇവിടെ മുൻപു പറഞ്ഞതിനു വിരുദ്ധമായി ഞാൻ പ്രവർത്തിക്കുകയാണു്. ദസ്തേയേവ്സ്കിയുടെ കഥാപാത്രമായ റ്സ്ക്കൽ നിക്കഫ് വേറൊരു കഥാപാത്രമായ വൃദ്ധയെ കൊല്ലുന്ന രംഗം കാണുന്ന നമ്മൾ ത്രാസിനു വിധേയരാകുന്നു. നോവൽ അടച്ചുവച്ചാലും അതു നമ്മളെ ‘ഹോണ്‍ട്’ ചെയ്യുന്നു. ‘മാർത്താണ്ഡവർമ്മ’യിൽ ക്ഷതാംഗനായിക്കിടക്കുന്ന അനന്തപത്മനാഭനെ കണ്ടാൽ ആർക്കെന്തു് ചേതോവികാരം? ‘ധർമ്മരാജാ’ യിലെ അണ്ണവയ്യന്റെ അന്ത്യം ആരെ സ്പർശിക്കുന്നു? ചന്ത്രക്കാരന്റെ ദുരന്തം ഏതു വായനക്കാരനെയാണു് ചലിപ്പിക്കുന്നതു്? ഹരിപഞ്ചാനനൻ അനുജനെ നശിപ്പിച്ചിട്ടു് വെടിമരുന്നു നിറച്ച അറയ്ക്കു തീകൊളുത്തി ആത്മാഹൂതി ചെയ്യുമ്പോൾ ആർക്കെന്തു ചാഞ്ചല്യം? നാടകത്തിന്റെ ബാഹ്യപ്രകടനമേയുള്ളൂ ഇവയിലെല്ലാം. കലാത്മകമായ ആശയമില്ല, ആത്മാവില്ല.
ജീവിതം സങ്കീർണ്ണമാണു്. സങ്കീർണ്ണങ്ങളായ വികാരങ്ങളുടെ കെട്ടാണു്. അതിൽനിന്നു് ഓരോ വികാരത്തെയും പിരിച്ചെടുക്കൂ. ഒടുവിൽ ഒരു വികാരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു വിചാരിക്കൂ. ആ ഒറ്റവികാരത്തെ തീക്ഷ്ണതയോടെ ആവിഷ്ക്കരിക്കുന്നതിനേയാണു് ‘ലിറിക്ക്’ എന്നു വിളിക്കുന്നതു്. ലൈംഗിക വികാരത്തിനുമാത്രം തീക്ഷ്ണത നല്കിയ നോവലാണു് നാബോകോഫിന്റെ ലോലീറ്റ. (ജീവിതത്തിന്റെ) അബ്സേഡിറ്റി എന്ന ഏക വികാരത്തിനു് സാന്ദ്രത നൽകിയ അൽബേർ കമ്യുവിന്റെ The outsider. ‘എപ്പിക്കി’ന്റെ രീതിയിൽ എഴുതിയ നോവലിൽ പല വികാരങ്ങളെയും സാന്ദ്രതയോടെ സ്ഫുടീകരിക്കും. സി. വി. രാമൻ പിള്ളയുടെ നോവലുകളിൽ വികാരങ്ങളുടെ സാന്ദ്രതകളില്ല. അനന്തപത്മനാഭനും പാറുക്കുട്ടിയും സംസാരിക്കുമ്പോൾ ‘കാർഡ്ബോർഡ്’ കൊണ്ടുണ്ടാക്കിയ രണ്ടു രൂപങ്ങൾ സംസാരിക്കുകയാണെന്നേ തോന്നുകയുള്ളു. മീനാക്ഷി കമിതാവിനു് ആശയങ്ങൾ കൈമാറുമ്പോഴും എന്റെ പ്രതീതി ഇതുതന്നെ. ഇംഗ്ലീഷിൽ ‘പാഷൻ’ എന്നു വിളിക്കുന്ന ഉത്കട വികാരം സി. വി. വളരെ വിരളമായേ ചിത്രീകരിച്ചിട്ടുള്ളൂ. ഇതിനു ഹേതു ചരിത്രസംഭവങ്ങളുടെ രംഗപ്പകിട്ടിലാണു് അദ്ദേഹത്തിന്റെ ശ്രദ്ധ എന്നതാണു്. രംഗപ്പകിട്ടിൽ മനസ്സിരുത്തുന്ന ഏതു സാഹിത്യകാരനും ആ സംഭവത്തിന്റെ ആത്മാവിലേക്കു ചെല്ലുകില്ല.
ഒരു രത്നം അമൂല്യമാണെന്നു് ഒരു തലമുറയിലെ ആളുകൾ പറഞ്ഞെന്നു കരുതൂ. അടുത്ത തലമുറയിലെ ആളുകൾ അതു് വാസ്തവമാണോ എന്നു ചിന്തിച്ചുനോക്കാതെ ആ രത്നം കൈയിലെടുത്തു് ‘ഹാ ഹാ മനോഹരം’ എന്നു് ഉദ്ഘോഷിച്ചു് പിന്നീടുള്ള തലമുറയ്ക്കു നൽകുന്നു. അവരും പരിശോധന കൂടാതെ അഭിനന്ദന വചസ്സുകൾ പൊഴിക്കുന്നു. ഇന്നാരും സി. വി. രാമൻ പിള്ളയുടെ നോവലുകൾ വായിക്കുന്നില്ല. അവ കൈയിലെടുത്തുവച്ചു് ‘ഹാ, ഹാ മനോഹരം’ എന്നു് പ്രഖ്യാപിക്കുന്നതേയുള്ളു. പലർക്കും സി. വി. യുടെ നോവലുകൾ വെറും ‘പ്രിന്റഡ് മാറ്റർ’ മാത്രമാണു്.
മലയാള നോവൽസാഹിത്യത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ച ഒരു വലിയ സാഹിത്യകാരന്റെ യശോ ലാവണ്യത്തിൽ ഞാൻ മാലിന്യം വാരിയെറിഞ്ഞോ? ഒരസുലഭവിഹംഗമത്തിന്റെ ഗാനാ‘ലാപ’ത്തിനിടയ്ക്ക് ഭേകാരവം ഉയർത്തിയോ? അങ്ങനെ തോന്നുന്നെങ്കിൽ ക്ഷമിക്കൂ. സത്യമെന്നു കരുതുന്നതു പറയാതിരിക്കുന്നതല്ലേ ഭീരുത്വം?