SFNസായാഹ്ന ഫൌണ്ടേഷൻ
images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
ഇരു​ട്ടിൽ നി​ന്നു വെ​ളി​ച്ച​ത്തി​ലേ​ക്കു്
images/mkn-mr13-01.jpg
ലേ​യോ​പോൾ​ഡ് സേഡർ സങ്ഗോർ

ഇന്നു് ആഫ്രി​ക്ക​യി​ലെ പല രാ​ജ്യ​ങ്ങ​ളും സ്വ​ത​ന്ത്ര​ങ്ങ​ളാ​ണു്. അമ്പ​തു​കൊ​ല്ലം മുൻ​പു് അതാ​യി​രു​ന്നി​ല്ല സ്ഥി​തി. കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ പി​ടി​യിൽ​പ്പെ​ട്ടു് ആഫ്രി​ക്കൻ ജന​ത​യ്ക്ക് ശ്വാ​സം മു​ട്ടി​യി​രു​ന്നു. ഫ്ര​ഞ്ച് കൊ​ളോ​ണി​യൽ നയം ആഫ്രി​ക്ക​ക്കാ​ര​നെ കറു​ത്ത ഫ്ര​ഞ്ചു​കാ​ര​നാ​ക്കാ​നാ​ണു് ശ്ര​മി​ച്ച​തു്. ഒര​ള​വിൽ ആ നയം വിജയം പ്രാ​പി​ക്കു​ക​യും ചെ​യ്തു. ഫ്ര​ഞ്ച് ക്ലാ​സ്സി​ക് കൃ​തി​ക​ളെ മാ​തൃ​ക​ക​ളാ​ക്കി​ക്കൊ​ണ്ടു് കൃ​തി​കൾ രചി​ക്കു​വാൻ യജ​മാ​ന​ന്മാ​രായ ഫ്ര​ഞ്ചു​കാർ ആഫ്രി​ക്ക​ക്കാ​രോ​ടു് ആജ്ഞാ​പി​ച്ചു. പി​ല്ക്കാ​ല​ത്തു​ണ്ടയ നെ​ഗ്രി​റ്റൂ​ഡ് (negritude) എന്ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന്റെ ഉദ്ഘോ​ഷ​ക​നായ ലേ​യോ​പോൾ​ഡ് സേഡർ സങ്ഗോർ (Leopold SEdar Senghor) പോലും ആദ്യ​കാ​ല​ത്തു് ഈ നിർ​ദ്ദേ​ശം കൈ​ക്കൊ​ള്ളാൻ നിർ​ബ​ന്ധി​ത​നാ​യി​പ്പോ​യി. Because we are culture half-​castes, because, although we feel as Africans, we express our selves as Frenchmen… എന്നൊ​ക്കെ​യാ​യി​രു​ന്നു സാ​ങ്ഗോ​റി​ന്റെ വദം. പക്ഷേ, 1930-ൽ ഫഞ്ച് നയ​ത്തി​നു തി​രി​ച്ച​ടി കൊ​ടു​ത്തു ആഫ്രി​ക്ക​യി​ലെ ചില യു​വാ​ക്ക​ന്മാർ. അവർ നെ​ഗ്രി​ട്ടൂ​ഡ് എന്ന സാ​ഹി​ത്യ​പ്ര​സ്ഥാ​ന​ത്തി​നു രൂപം നല്കി. ഫ്ര​ഞ്ച് ധി​ഷ​ണാ​ശാ​ലി​ക​ളു​ടെ സം​സ്ക്കാര സമ​ന്വ​യ​ത്തി​നെ​തി​രേ അവർ സമരം പ്ര​ഖ്യാ​പി​ച്ചു. ആഫ്രി​ക്കൻ​രാ​ജ്യ​ങ്ങൾ സ്വാ​ത​ന്ത്ര്യം നേ​ടി​യി​ട്ടും നെ​ഗ്രി​റ്റൂ​ഡ് നശി​ച്ചു​പോ​യി​ട്ടി​ല്ല. ലി​ലി​യൻ കെ​സ്റ്റ്ലൂ​ട്ട് (Lilyan Kesteloot) എന്ന എഴു​ത്തു​കാ​രി അതൊ​രി​ക്ക​ലും നശി​ക്കി​ല്ലെ​ന്നു അഭി​മാ​ന​ത്തോ​ടെ പറ​യു​ന്ന​തു് കേ​ട്ടാ​ലും.

“Survival of their own culture values in writers using a foreign language is not exclusive to the Negro race. The poems of Rabindranath Tagore have retained all the grace and wisdom of India and the ‘Prophet” of Khalil Gibran is full of eastern mysticism. So much so that these works, written in English of French, belong in style to the literature of their countries and not ours. The Negro soul revealed here belongs to all time, and will not be superseded, as Sartre and his followers have maintained, any more than will the Slav or Arab souls or the French spirit.”

നീ​ഗ്രോ—ആഫ്രി​കൻ സാം​സ്ക്കാ​രിക മൂ​ല്യ​ങ്ങൾ​ക്ക് പ്രാ​ധാ​ന്യം കല്പി​ക്കു​ന്ന ‘നെ​ഗ്രി​ട്ട്യൂ​ഡി’ന്റെ തത്ത്വ​ങ്ങൾ​ക്ക് യോ​ജി​ച്ച വി​ധ​ത്തിൽ​ത്ത​ന്നെ​യാ​ണു് സ്വ​ത​ന്ത്ര ആഫ്രി​ക്കൻ രാ​ജ്യ​ങ്ങ​ളി​ലെ സാ​ഹി​ത്യ​സൃ​ഷ്ടി​കൾ ആവിർ​ഭ​വി​ക്കു​ന്ന​തു്. ലി​ലി​യൻ കെ​സ്റ്റ്ലൂ​ട്ടി​ന്റെ ‘ഭാ​വി​ക​ഥ​നം’ സാർ​ത്ഥ​ക​മാ​യി​രി​ക്കു​ന്നു. ആ രീ​തി​യിൽ സം​ജാ​ത​മായ ഒരു ചേ​തോ​ഹ​ര​മായ നാ​ട​ക​ത്തെ​ക്കു​റി​ച്ചാ​ണു് ഞാൻ വാ​യ​ന​ക്കാ​രോ​ടു് പറ​യു​ന്ന​തു്. ഏതൽ​ഫു​ഗാർ​ഡി​ന്റെ (Athol Fugard 1932—)The Blood Knot—രക്ത​ബ​ന്ധം. വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ മഹാ​ന്മാ​രായ നാ​ട​ക​കർ​ത്താ​ക്ക​ന്മാർ​ക്ക് സമ​ശീർ​ഷ​നാ​ണു് ഫു​ഗാർ​ഡെ​ന്നു് ബ്രി​ട്ടീ​ഷ് നി​രൂ​പ​ക​രും അമേ​രി​ക്കൻ നി​രൂ​പ​ക​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ നാലു നാ​ട​ക​ങ്ങൾ എനി​ക്കു വാ​യി​ക്കാൻ കഴി​ഞ്ഞു. വായന കഴി​ഞ്ഞ​പ്പോൾ ആദ​രാ​വ​ന​ത​നാ​യി ഞാൻ ഫു​ഗാർ​ഡി​നു കത്തെ​ഴു​തി. വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്താൻ അദ്ദേ​ഹ​ത്തി​ന്റെ ഫോ​ട്ടോ അയ​ച്ചു​ത​ര​ണ​മെ​ന്നു് അഭ്യർ​ത്ഥി​ക്കു​ന്ന​താ​ണു് ആ കത്തു്. പ്ര​തി​ഭാ​ശാ​ലി​ക​ളെ നേ​രി​ട്ടു​ക​ണ്ടാൽ​പ്പോ​ലും എനി​ക്ക​വ​രോ​ടു് വി​ശേ​ഷി​ച്ചൊ​രു ആദരം തോ​ന്നാ​റി​ല്ല. നേ​രി​ട്ടു കാ​ണാ​ത്ത ഫു​ഗാർ​ഡി​നോ​ടു് എന്തെ​ന്നി​ല്ലാ​ത്ത ബഹു​മാ​നം തോ​ന്നി. അദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ഭ​യും രച​ന​യി​ലെ ആർ​ജ്ജ​വ​വും അത്ര​ക​ണ്ടു് ഉന്ന​ത​മാ​ണു്.

തെ​ക്കേ ആഫ്രി​ക്ക​യി​ലെ പോർ​ട്ടു് ഇലി​സ​ബ​ത്തു് പട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഒരു സ്ഥ​ല​ത്തു​വ​ച്ചാ​ണു് കഥ നട​ക്കുക. നാ​ട​ക​ത്തിൽ രണ്ടു കഥാ​പാ​ത്ര​ങ്ങ​ളേ​യു​ള്ളു; സക്ക​റി​യ​യും മോ​റി​സും.അവർ സഹോ​ദ​ര​ന്മാ​രാ​ണു്. സക്ക​റിയ തി​ക​ച്ചും കറു​മ്പൻ​ത​ന്നെ. മോ​റി​സി​നു് അത്ര​ത്തോ​ളം കറു​പ്പി​ല്ല ശരീ​ര​ത്തി​നു്. അല്പം വെ​ളു​ത്തി​ട്ടാ​ണു് അയാ​ളെ​ന്നു പറയാം. ഒര​മ്മ​യു​ടെ മക്ക​ളാ​ണു് രണ്ടു​പേ​രും. എന്നി​ട്ടും മോ​റി​സ് എന്തു​കൊ​ണ്ടാ​ണു് വർ​ണ്ണ​ത്തിൽ ലഘുത നേ​ടി​യ​തു്. സക്ക​റി​യ​യെ അത്ഭു​ത​പ്പെ​ടു​ത്തു​ന്ന വസ്തു​ത​യാ​ണ​തു്. ആ സഹോ​ദ​ര​ന്മാർ വി​ര​സ​വും ഏകാ​ന്തത നി​റ​ഞ്ഞ​തു​മായ ജീ​വി​തം നയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ജോ​ലി​ക്കു് എപ്പോ​ഴും പോ​കു​ന്ന​വൻ സക്ക​റി​യ​യാ​ണു്. മോ​റി​സ് അയാളെ അതി​ലേ​ക്കു പറ​ഞ്ഞ​യ​യ്ക്കു​ന്ന​തിൽ തൽ​പ​ര​നാ​ണു്. അങ്ങ​നെ പണം സമ്പാ​ദി​ച്ചാൽ എവി​ടെ​യെ​ങ്കി​ലും നല്ലൊ​രു കൃ​ഷി​സ്ഥ​ലം വാ​ങ്ങാം എന്നാ​ണു് മോ​റി​സി​ന്റെ വി​ചാ​രം.അയാൾ സക്ക​റി​യ​യോ​ടു് പറ​യു​ന്നു; “This is not just talk you know. It’s serious. I’m not smiling. One fine day, you wait and see. We’ll pack our things in something and get to hell and gone out of here. പക്ഷേ ഇതൊ​ക്കെ വെറും മനോ​ര​ഥ​ങ്ങൾ മാ​ത്ര​മാ​ണെ​ന്നും അവ​യ്ക്കു് സാ​ഫ​ല്യം ലഭി​ക്കു​ക​യി​ല്ലെ​ന്നും സഹോ​ദ​ര​ന്മാർ എല്ലാ​ക്കാ​ല​ത്തും ആ ജീ​വി​തം​ത​ന്നെ നയി​ക്കു​മെ​ന്നും നാ​ട​ക​ക്കാ​രൻ അടു​ത്ത ക്ഷ​ണ​ത്തിൽ അഭി​വ്യ​ഞ്ജി​പ്പി​ക്കു​ന്നു. സക്ക​റിയ ജന​ലിൽ​ക്കൂ​ടി പു​റ​ത്തേ​ക്കു് നോ​ക്കി​യി​ട്ടു് ചി​രി​ക്കാൻ തു​ട​ങ്ങി.

മോ​റി​സ്:
എന്തു് ഇത്ര നേ​ര​മ്പോ​ക്കാ​യി?
സക്ക​റിയ:
ഇവിടെ വരു.
മോ​റി​സ്:
എന്താ​ണി​വി​ടെ?
സക്ക​റിയ:
രണ്ടു കഴു​ത​കൾ!

മോ​റി​സ് അന​ങ്ങു​ന്നി​ല്ല. സക്ക​റിയ റോ​ഡിൽ​ക്കൂ​ടെ പോ​കു​ന്ന കഴു​ത​ക​ളെ നോ​ക്കി കൂ​ടെ​ക്കൂ​ടെ ചി​രി​ക്കു​ന്നു​ണ്ടു്. ആ സഹോ​ദ​ര​ന്മാ​രു​ടെ ജീ​വി​തം ഗർ​ദ്ദ​ഭ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നു് സദൃ​ശ​മാ​ണെ​ന്നു് വ്യ​ഞ്ജി​പ്പി​ക്കു​ക​യാ​ണു് ഫു​ഗാർ​ഡ്. ഇതിനെ evocative writing എന്നു നി​രൂ​പ​കർ വി​ളി​ക്കു​ന്നു അർ​ത്ഥാ​ന്ത​ര​ങ്ങ​ളെ വ്യ​ഞ്ജി​പ്പി​ക്കു​ന്ന ഈ രചന ഫു​ഗാർ​ഡി​ന്റെ നാ​ട​ക​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​യ​ത്രെ.

സക്ക​റി​യ​യ്ക്കു വി​ദ്യാ​ഭ്യാ​സം ലഭി​ച്ചി​ട്ടി​ല്ല. വാ​യി​ക്കാൻ​പോ​ലും അറി​ഞ്ഞു​കൂ​ടാ അയാൾ​ക്കു്. ശൂ​ന്യത നി​റ​ഞ്ഞ ആ ജീ​വി​ത​ത്തിൽ നി​ന്നു രക്ഷ​പ്രാ​പി​ക്കാൻ മോ​റി​സ് ഒരു മാർ​ഗ്ഗം കണ്ടു​പി​ടി​ച്ചു. ഒരു തൂ​ലി​കാ​മി​ത്രം വേണം. ജോ​ലി​ക്കു പോ​യി​ട്ടു തി​രി​ച്ചു​വ​ന്ന സക്ക​റിയ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​തു വെ​ള്ള​ക്കാ​ര​ന്റെ പത്ര​മാ​ണു്. അതിൽ മൂ​ന്നു​പെണ്‍കു​ട്ടി​കൾ പര​സ്യം കൊ​ടു​ത്തി​ട്ടു​ണ്ടു്; എതേൽ, നെലി, ബെ​റ്റി. മോ​റി​സ് വാ​യി​ച്ചു: എതേൽ, 10 ദെ വീയെ സ്ട്രീ​റ്റ്, ഒ ഊട്സ് ഹൂണ്‍. എന്റെ വയസു് പതി​നെ​ട്ടു് വളർ​ച്ച​യെ​ത്തിയ ശരീരം. ജീ​വി​ത​ത്തെ​സ്സം​ബ​ന്ധി​ച്ചു് നല്ല വീ​ക്ഷ​ണ​വും സ്വ​ഭാ​വ​ത്തിൽ നി​യ​ത​ത്വ​വു​മു​ള്ള മാ​ന്യ​ന്മാ​രു​മാ​യി കത്തി​ട​പാ​ടു നട​ത്താൻ ആഗ്ര​ഹ​മു​ണ്ടു്. എന്റെ താ​ല്പ​ര്യ​ങ്ങൾ—പ്ര​കൃ​തി, റോ​ക്ക് ആന്റ് റോൾ, നീ​ന്തൽ, സന്തോ​ഷം നി​റ​ഞ്ഞ ഭാവി. എന്റെ മു​ദ്ര​വാ​ക്യം ‘ഉരു​ളു​ന്ന കല്ലിൽ പായൽ പടി​ക്കി​ല്ല’ എന്നാ​ണു്. മോ​റി​സി​ന്റെ നിർ​ബ​ന്ധ​ത്തി​നു വഴ​ങ്ങി സക്ക​റിയ അവൾ​ക്കു് അയാ​ളെ​ഴു​തി​ക്കൊ​ടു​ത്ത കത്തു് അയ​ച്ചു: തൂ​ലി​കാ​മി​ത്ര​ങ്ങ​ളാ​യി കഴി​ഞ്ഞു​കൂ​ടാ​മെ​ന്നു് അറി​യി​ക്കു​ന്ന കത്തു്. അവ​ളു​ടെ മറു​പ​ടി വന്നു. ‘പ്രി​യ​പ്പെ​ട്ട സക്ക​റിയ, കത്തി​നു വളരെ നന്ദി. എന്റെ ഫോ​ട്ടോ ചോ​ദി​ച്ചി​ല്ലേ? അതു​കൊ​ണ്ടു് അയ​യ്ക്കു​ന്നു. ഇഷ്ട​മാ​യോ? വശ​ത്തു​ള്ള ബഞ്ചി​ന്റെ പിറകെ ഉന്തി​നി​ല്ക്കു​ന്ന​തു് എന്റെ സഹോ​ദ​ര​ന്റെ കാ​ലാ​ണു്.’ അവൾ വെ​ള്ള​ക്കാ​രി​യാ​ണു്; സഹോ​ദ​രൻ പോ​ലീ​സു​കാ​ര​നാ​ണു്. സക്ക​റി​യ​യ്ക്കു പേ​ടി​യാ​യി. പോ​ലീ​സു​കാ​ര​നു് മോ​ട്ടോർ സൈ​ക്കി​ളു​ണ്ടെ​ന്നു് മോ​റി​സി​ന​റി​യാം. ഒ ഊട്സ് ഹൂണ്‍ നഗരം വളരെ ദൂ​ര​ത്ത​ല്ല. നൂറു നാ​ഴി​ക​യേ​യു​ള്ളു അവി​ട​ത്തേ​ക്കു്. പോ​ലീ​സു​കാ​ര​നു് ഏതു് സമ​യ​ത്തു​വേ​ണ​മെ​ങ്കി​ലും സക്ക​റി​യ​യെ കാണാൻ പകരം വീ​ട്ടാൻ വന്നെ​ത്താം. ഭയം സക്ക​റി​യ​യെ മാ​ത്ര​മ​ല്ല മോ​റി​സി​നെ​യും പി​ടി​കൂ​ടി. ജീ​വി​ത​ത്തി​ന്റെ നി​ര​ന്ത​രാ​യാ​സ​ത്തിൽ​നി​ന്നും നി​ത്യ​ക്ലേ​ശ​ത്തിൽ​നി​ന്നും മോചനം നേ​ടാൻ​വേ​ണ്ടി​യാ​വാം അവർ മോ​ട്ടോർ കാ​റിൽ​ക​യ​റി സവാരി നട​ത്തു​ന്ന​താ​യി സങ്ക​ല്പി​ച്ചു. അവർ ഭവ​ന​ങ്ങൾ താ​ണ്ടി​പ്പോ​വു​ക​യാ​ണു്. ജന​ങ്ങ​ളെ​യും തെ​രു​വു​ക​ളെ​യും പി​ന്നി​ട്ടു് സങ്ക​ല്പ​ത്തി​ലു​ള്ള കാർ ഒന്നി​നൊ​ന്നു വേ​ഗ​മാർ​ജ്ജി​ക്കു​ന്നു. വേഗം 24 & 34, 50 മോ​റി​സ് പറ​ഞ്ഞു. എന്തൊ​രു വേഗം. നി​ങ്ങൾ പൂ​ച്ച​യെ കൊ​ന്നു; തവളയെ ചത​ച്ചു; പട്ടി​യെ പേ​ടി​പ്പി​ച്ചു. 60; 80 പക്ഷി​കൾ പറ​ക്കു​ന്നു. കാളകൾ, ആടുകൾ… 100. നദി​ക​ട​ന്നു. കു​ന്നി​ലേ​ക്കു കയറി. താ​ഴോ​ട്ടു പോ​രു​ന്നു. താ​ഴ​ത്തേ​ക്കു്, താ​ഴ​ത്തേ​ക്കു് നിർ​ത്തു, നിർ​ത്തു. ബ്രേ​ക്ക്—ഈ, ഈ, ദാ, ദാ, ആ, ആ…

മോ​റി​സ്:
എന്തു്?
സക്ക​റിയ:
നോ​ക്കു ചി​ത്ര​ശ​ല​ഭം!

അവർ​ക്കു ചു​റ്റും ശല​ഭ​ങ്ങൾ. ചി​ത്ര​ശ​ല​ഭ​ങ്ങൾ ഒരു​മി​ച്ചു​ചേർ​ന്നു​നി​ന്നി​രു​ന്നി​ട​ത്താ​ണു് അവ​രു​ടെ സാ​ങ്ക​ല്പി​ക​വാ​ഹ​നം ചെ​ന്നു കയ​റി​യ​തു്. ചേ​തോ​ഹ​ര​മായ ബാ​ല്യ​കാ​ല​ത്തു് അവർ മന​സ്സി​ന്റെ വാ​ഹ​ന​ത്തിൽ കയ​റി​ചെ​ന്നു​വെ​ന്നാ​ണു് ഇതിൽ​നി​ന്നു നമ്മൾ ഗ്ര​ഹി​ക്കേ​ണ്ട​തു്. ‘ഇവോ​കേ​റ്റീ​വു് റൈ​റ്റി​ങ്ങി​നു്’—ധ്വ​ന്യാ​ത്മക രച​ന​യ്ക്കു്—വേ​റൊ​രു ഉദാ​ഹ​ര​ണ​മാ​ണി​തു്.

വെ​ള്ള​ക്കാ​രി പെണ്‍കു​ട്ടി​യു​മാ​യു​ള്ള കത്തി​ട​പാ​ടു മു​റ​യ്ക്കു നട​ന്നു​കൊ​ണ്ടി​രു​ന്നു. പക്ഷേ സക്ക​റി​യ​യു​ടെ കി​നാ​ക്കൾ ഇരു​ട്ടിൽ​ത്ത​ന്നെ (കറു​ത്ത വർ​ഗ്ഗ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു ഇരു​ട്ടു് എന്ന പ്ര​സ്താ​വം) തകർ​ന്നു പോ​വു​ക​യി​ല്ലേ? വെ​ളു​ത്ത ആശയം വച്ചു​ക​ളി​ക്കു​ന്ന കറു​ത്ത യു​വാ​വി​നെ—സക്ക​റി​യ​യെ—കയ്യിൽ കി​ട്ടി​യാൽ പെ​ണ്ണി​ന്റെ സഹോ​ദ​രൻ എന്തു ചെ​യ്യും. കറു​മ്പൻ ഇരു​മ്പ​ഴി​ക്ക​ക​ത്താ​കു​കി​ല്ലേ?

സക്ക​റിയ:
എതേൽ എത്ര​യെ​ത്ര വെ​ളു​ത്തി​ട്ടാ​ണു്. മഞ്ഞു​പോ​ലെ വെ​ളു​ത്ത​വൾ.

…ഞാൻ എത്ര​യെ​ത്ര കറു​ത്തി​ട്ടാ​ണു്. അതു​കൊ​ണ്ടു് സക്ക​റി​യ​യ്ക്കു ഒരു നിർ​ദ്ദേ​ശ​മു​ണ്ടു്. വെ​ളു​പ്പി​നോ​ടു് അടു​ക്കു​ന്ന നി​റ​മു​ള്ള മോ​റി​സി​നു് എതേ​ലി​നെ സ്വീ​ക​രി​ക്കം. മോ​റി​സ് ബ്ര​സ്റ്റ് പോ​ക്ക​റ്റു​ള്ള സമ്പൂർ​ണ്ണ​മായ സ്യൂ​ട്ടു് വാ​ങ്ങ​ണം. വെ​ളു​ത്ത ഷർ​ട്ടു് വേണം: അതൊ​ക്കെ ധരി​ച്ചു​കൊ​ണ്ടു് അയാൾ വെ​ള്ള​ക്കാ​രി​പ്പെണ്‍കു​ട്ടി​യെ കാണണം. അവ​ളെ​ത്തു​മ്പോൾ മോ​റി​സി​നു പറയാം:—‘മിസ് എതേൽ ഞാൻ എന്റെ വെ​ളു​ത്ത കൈ​കൊ​ണ്ടു് ഭവ​തി​യു​ടെ വെ​ളു​ത്ത കൈ പി​ടി​ച്ചു കു​ലു​ക്ക​ട്ടെ​യോ?’ ആ സഹോ​ദ​ര​ന്മാർ ഇരു​ട്ടിൽ​നി​ന്നു്, കറു​പ്പിൽ​നി​ന്നു്, ഏകാ​ന്തത നി​റ​ഞ്ഞ രാ​ത്രി​യിൽ നി​ന്നു്, വി​ള​ക്കി​ലേ​ക്കു്, അഗ്നി​യി​ലേ​ക്കു പോകാൻ ശ്ര​മി​ക്കു​ക​യാ​ണു്. പ്ര​കാ​ശ​ത്തി​ന്റെ ധവ​ളി​മ​യ്ക്കു​വേ​ണ്ടി​യു​ള്ള പരി​ദേ​വ​ന​മാ​ണു് അവ​രു​ടേ​തു്. മര​ങ്ങ​ളും മറ്റു​ള്ള​വ​യും വെ​ളി​ച്ച​ത്തി​നു​വേ​ണ്ടി യാ​ചി​ക്കു​ന്നു. നി​ശാ​ശ​ല​ഭ​ങ്ങൾ പ്ര​കാ​ശം തേ​ടു​ന്നു. എല്ലാ​വ​രും ഇരു​ട്ടിൽ നി​ന്നു് വെ​ളി​ച്ച​ത്തി​ലേ​ക്കു്, കറു​പ്പിൽ​നി​ന്നു് വെ​ളു​പ്പി​ലേ​ക്കു്. കറു​ത്ത നീ​ഗ്രോ​യു​ടെ മാ​ന​സി​ക​വ്യ​ഥ​യെ ഇതി​നെ​ക്കാൾ ഭം​ഗി​യാ​യി ആർ​ക്കു് ആവി​ഷ്ക്ക​രി​ക്കാൻ കഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു് ഞാൻ സവി​ന​യം ചോ​ദി​ക്ക​ട്ടെ.

അങ്ങ​നെ​യി​രി​ക്കു​മ്പോൾ എതേ​ലി​ന്റെ കത്തു​വ​ന്നു. അവൾ എഴു​തു​ക​യാ​ണു്. ‘പ്രി​യ​പ്പെ​ട്ട തൂ​ലി​കാ മി​ത്ര​മേ, ഇതു നി​ങ്ങൾ​ക്കു വി​ഷാ​ദ​മു​ള​വാ​ക്കു​ന്ന വാർ​ത്ത​യാ​ണു്. പക്ഷേ എനി​ക്കു നല്ല വാർ​ത്ത​യും. ഞാൻ വി​വാ​ഹം കഴി​ക്കാൻ തീ​രു​മാ​നി​ച്ചു. ആ ഭാ​ഗ്യ​വാൻ സ്റ്റോ​ഫ​ലാ​ണു്… അദ്ദേ​ഹം ഇവി​ടി​രി​ക്കു​ന്നു. ഇതു പറ​യ​ണ​മെ​ന്നു സ്റ്റോ​ഫ​ലി​നു് ആഗ്ര​ഹ​മു​ണ്ടു്: നി​ന​ക്കു നല്ല​തു വര​ണ​മെ​ങ്കിൽ എന്റെ പെ​ണ്ണി​നെ വി​ട്ടേ​ക്കു്… ഓർ​മ്മ​യ്ക്കാ​യി എന്റെ ഫോ​ട്ടോ നി​ങ്ങൾ​ക്കു സൂ​ക്ഷി​ച്ചു​വ​യ്ക്കാം.’

പുതിയ സ്യൂ​ട്ടു് ധരി​ച്ചു് സു​ന്ദ​ര​നാ​യി നിന്ന മോ​റി​സ് അതു് അഴി​ച്ചി​ട്ടു. ഇപ്പോൾ സഹോ​ദ​ര​ന്മാർ രണ്ടു​പേ​രും സദൃശർ. ബാ​ഹ്യ​മായ വേഷം—ആവരണം—പോ​യ​പ്പോൾ രണ്ടു​പേർ​ക്കും വ്യ​ത്യാ​സ​മി​ല്ല. അവർ നീ​ഗ്രോ​കൾ മാ​ത്രം. ‘നമ്മൾ രണ്ടു​പേ​രും ബന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു സക്ക​റിയ ഇതി​നെ​യാ​ണു് രക്ത​ബ​ന്ധം എന്നു പറ​യു​ന്ന​തു്… സഹോ​ദ​ര​ന്മാർ തമ്മി​ലു​ള്ള ബന്ധം’ എന്നു മോ​റി​സ് പറ​യു​മ്പോൾ നാ​ട​ക​ത്തിൽ യവനിക വീ​ഴു​ന്നു. ആഫ്രി​ക്ക​ക്കാ​ര​നെ മാ​ത്രം അല​ട്ടു​ന്ന ഒരു കാ​ര്യം ഫു​ഗാർ​ഡ് നാ​ട​ക​ത്തി​ലൂ​ടെ സ്ഫു​ടീ​ക​രി​ക്കു​ക​യാ​ണെ​ന്നു ചി​ലർ​ക്കു തോ​ന്നി​യേ​യ്ക്കാം. ആ തോ​ന്ന​ലിൽ അർ​ത്ഥ​മി​ല്ല. മർ​ദ്ദി​ക്ക​പ്പെ​ടു​ന്ന, വർ​ണ്ണ​ത്തി​ന്റെ പേരിൽ അക​റ്റി​നിർ​ത്ത​പ്പെ​ടു​ന്ന എല്ലാ​വ​രു​ടേ​യും രക്ത​ബ​ന്ധ​ത്തെ​യാ​ണു് മഹാ​നായ ഈ കലാ​കാ​രൻ ഊന്നി​പ്പ​റ​യു​ന്ന​തു്. ചി​ന്താ​ശ​ക്തി​യും കലാ​ശ​ക്തി​യും ഒരു​മി​ച്ചു​ചേർ​ന്ന ഒരു അപൂർ​വ്വ​ക​ലാ​സൃ​ഷ്ടി​യാ​ണി​തു്.

1956-ൽ സൊർ​ബ​ന്നിൽ വച്ചു് നീ​ഗ്രോ കലാ​കാ​ര​ന്മാ​രു​ടേ​യും എഴു​ത്തു​കാ​രു​ടേ​യും സമ്മേ​ള​നം നട​ന്ന​പ്പോൾ സങ്ഗോർ പ്ര​ഖ്യാ​പി​ച്ചു: African literature is politically committed-​ ആഫ്രി​ക്കൻ സാ​ഹി​ത്യം രാ​ഷ്ട്രീ​യ​മായ വി​ധ​ത്തിൽ പ്ര​തി​ബ​ദ്ധ​മാ​ണു്. ആഫ്രി​ക്കൻ ചി​ന്ത​ക​നായ ഫ്രാ​ങ്റ്റ​സ് ഫനാങ് (Frants Fanon)തന്റെ വി​ശ്വ​വി​ഖ്യാ​ത​മായ The wretched of the Earth എന്ന ഗ്ര​ന്ഥ​ത്തി​ലൂ​ടെ കൊ​ളോ​ണി​യ​ലി​സ​ത്തെ അക്ര​മം കൊ​ണ്ടു് അമർ​ത്താൻ ആഹ്വാ​നം ചെ​യ്തു. ആഹ്വാ​ന​ത്തി​നു സാർ​ത്രി​ന്റെ അനു​ഗ്ര​ഹ​വും ഉണ്ടാ​യി​രു​ന്നു. സാ​ഹി​ത്യം പ്ര​തി​ബ​ന്ധ​മാ​കാ​തെ​ത​ന്നെ സു​ശ​ക്ത​മാ​യി​ത്തീ​രാ​മെ​ന്നു ഫു​ഗാർ​ഡ് തെ​ളി​യി​ച്ചു. കല​യു​ടെ പൂ​ക്കൾ വാ​രി​യെ​റി​ഞ്ഞു് കൊ​ളോ​ണി​യ​ലി​സ​ത്തെ ശ്വാ​സം മു​ട്ടി​ക്കാ​മെ​ന്നും അദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എക്സി​സ്റ്റെൻ​ഷ്യ​ലി​സ്റ്റു​കൾ പറ​യു​ന്ന ഏകാ​ന്ത​ത​യു​ടെ ദുഃ​ഖ​മ​ല്ല ഫു​ഗാർ​ഡി​ന്റെ നാ​ട​ക​ത്തി​ലു​ള്ള​തു്. ഓരോ മനു​ഷ്യ​നും സ്വ​ന്തം വി​ഭാ​ഗ​ത്തി​ലോ പരി​ച്ഛേ​ദ​ത്തി​ലോ ഒതു​ങ്ങി​ക്കൂ​ടി വൈ​ര​സ്യ​പൂർ​ണ്ണ​മായ ജീ​വി​തം നയി​ക്കു​മ്പോൾ ഉണ്ടാ​കു​ന്ന ഏകാ​ന്ത​യു​ടെ ബോ​ധ​മു​ണ്ട​ല്ലോ അതാ​ണു് ഫു​ഗാർ​ഡ് ആലേ​ഖ​നം ചെ​യ്യു​ന്ന​തു്. അങ്ങ​നെ ആഫ്രി​ക്ക​ക്കാ​ര​നെ ഒതു​ക്കി​ക്ക​ള​യു​ന്ന​തു് വെ​ള്ള​ക്കാ​ര​ന്റെ വി​വേ​ച​ന​മാ​ണു്. നീ​ഗ്രോ​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും അവൻ പീ​ഡി​പ്പി​ക്കു​ന്നു. അപ്പോൾ ഏകാ​ന്ത​ത​യു​ടെ ദുഃ​ഖ​മു​ണ്ടാ​കു​ന്നു. അതിൽ നി​ന്നു രക്ഷ​പ്രാ​പി​ക്കാൻ പലരും പല മാർ​ഗ്ഗ​ങ്ങ​ളും നോ​ക്കും. ദെ​സ്തേ​യേ​വ്സ്കി​യു​ടെ കഥാ​പാ​ത്ര​മായ റസ്കോൽ നി​ക്കോ​ഫി​നു് ഏകാ​ന്ത​യു​ടെ ദുഃ​ഖ​മു​ണ്ടാ​യ​തു് വർ​ണ്ണ​വ്യ​വ​സ്ഥ​കൊ​ണ്ട​ല്ല. അയാ​ളു​ടെ ജീ​വി​ത​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാ​ലാ​ണു്; പരി​ത​സ്ഥി​തി​ക​ളാ​ലാ​ണു്. അതു ഭഞ്ജി​ക്കാൻ അയാൾ കൊ​ല​പാ​ത​കം ചെ​യ്തു. ഫു​ഗാർ​ഡി​ന്റെ രണ്ടു കഥാ​പാ​ത്ര​ങ്ങ​ളും വി​ദൂ​ര​ത്തിൽ​നിൽ​ക്കു​ന്ന അപ്രാ​പ്യ​മായ ഒരാ​ദർ​ശ​ത്തെ സാ​ക്ഷാ​ത്ക​രി​ച്ചു് ഏകാ​ന്ത​ത​യെ അവ​സാ​നി​പ്പി​ക്കാ​മെ​ന്നു് വി​ചാ​രി​ച്ചു. എതേൽ വി​ദൂ​ര​സ്ഥി​ത​മായ ആ ആദർ​ശ​ത്തി​ന്റെ പ്ര​തി​രൂ​പ​മാ​ണു്. ആദർശ സാ​ക്ഷാ​ത്കാ​രം വി​ഫ​ല​മാ​കു​ന്നു. വർ​ഗ്ഗ​പ​ര​വും സാം​സ്ക്കാ​രി​ക​വും ആയ അപ​കർ​ഷത അനു​ഭ​വ​പ്പെ​ടു​ന്ന ചില നീ​ഗ്രോ​കൾ സം​സ്ക്കാ​ര​സ​മ​ന്വ​യം എന്ന​തി​ന്റെ പേരിൽ വെ​ള്ള​ക്കാ​ര​ന്റെ സം​സ്ക്കാ​ര​വും ആചാ​ര​വും സ്വീ​ക​രി​ക്കാൻ മടി​കാ​ണി​ച്ചി​ല്ല. അതു തെ​റ്റാ​ണെ​ന്നു് യു​വാ​ക്ക​ന്മാർ പ്ര​ഖ്യാ​പി​ച്ചു. അങ്ങ​നെ​യാ​ണു് ‘നെ​ഗ്രി​റ്റൂ​സ്’ എന്ന പ്ര​സ്ഥാ​ന​മു​ണ്ടാ​യ​തു്. വെ​ള്ള​ക്കാ​രി​യെ സ്നേ​ഹി​ക്കാ​നും വെ​ള്ള​ക്കാ​ര​ന്റെ വസ്ത്രം ധരി​ച്ചു് അവ​നെ​പ്പോ​ലെ ആകാ​നും ഈ നാ​ട​ക​ത്തി​ലെ കഥാ​പാ​ത്ര​ങ്ങൾ ശ്ര​മി​ക്കു​മ്പോൾ ആ അപ​കർ​ഷ​ബോ​ധ​മ​ല്ലേ ഫു​ഗാർ​ഡ് അതി​ലൂ​ടെ സൂ​ചി​പ്പി​ക്കു​ന്ന​തു്. ആയി​രി​ക്കാം; അല്ലാ​യി​രി​ക്കാം. എന്താ​യാ​ലും ആദർശ സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള യത്നം പരാ​ജ​യ​പ്പെ​ടു​മ്പോൾ വ്യ​ക്തി​കൾ ദാർ​ഢ്യം കാ​ണി​ച്ചു മു​ന്നോ​ട്ടു​വ​രും. റസ്കോൽ നി​ക്കോ​ഫ് ഒരു വൃ​ദ്ധ​യെ കൊ​ന്നു് അതു പ്ര​ദർ​ശി​പ്പി​ച്ചു. ഞങ്ങൾ നി​ങ്ങ​ളു​ടെ ദൃ​ഷ്ടി​യിൽ ജാ​തി​ഭ്ര​ഷ്ട​രാ​യി​രി​ക്കാം. പക്ഷേ കറു​ത്ത വർ​ഗ്ഗ​ക്കാ​രായ ഞങ്ങൾ​ക്കു് നി​ങ്ങ​ളു​ടെ സം​സ്ക്കാ​ര​മോ ആചാ​ര​ക്ര​മ​മോ വേണ്ട. നി​ങ്ങ​ളു​ടെ വസ്ത്ര​ധാ​രണ ക്രമം പോലും ഞങ്ങൾ​ക്കാ​വ​ശ്യ​മി​ല്ല. ഞങ്ങ​ളു​ടെ രക്ത​ബ​ന്ധ​മാ​ണു് ഉത്കൃ​ഷ്ടം. അതാ​ണു് പാവനം. നി​ങ്ങ​ളെ ഞങ്ങൾ പരാ​ജ​യ​പ്പെ​ടു​ത്തും. എന്നാ​ണു് ഫു​ഗാർ​ഡി​ന്റെ നാ​ട​ക​ത്തി​ലെ കഥാ​പാ​ത്ര​ങ്ങൾ ഉദ്ഘോ​ഷി​ക്കുക. കറു​ത്ത വർ​ഗ്ഗ​ത്തി​ന്റെ ഇച്ഛാ​ശ​ക്തി സ്വ​ത​ന്ത്ര​മാ​യി പ്ര​ത്യ​ക്ഷ​മാ​കും എന്ന മഹ​നീ​യ​മായ സന്ദേ​ശം ഈ നാടകം വി​ളം​ബ​രം ചെ​യ്യു​ന്നു. തന്റെ അതു​ല്ല്യ​മായ കലാ​വൈ​ഭ​വം​കൊ​ണ്ടു് ഈ ആഫ്രി​ക്കൻ കലാ​കാ​രൻ മറ്റു രാ​ജ്യ​ങ്ങ​ളി​ലെ സഹൃ​ദ​യ​രേ​യും തന്നി​ലേ​ക്കു് അടു​പ്പി​ക്കു​ന്നു. അങ്ങ​നെ അദ്ദേ​ഹം അവർ​ക്കും ആരാ​ധ്യ​പു​രു​ഷ​നാ​യി മാ​റു​ന്നു.

Colophon

Title: Magical Realism (ml: മാ​ജി​ക്കൽ റി​യ​ലി​സം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാ​ജി​ക്കൽ റി​യ​ലി​സം, എം കൃ​ഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.