images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
കുട്ടിക്കൃഷ്ണമാരാർ
images/mkn-mr3-01.jpg
കുട്ടികൃഷ്ണമാരാർ

കുട്ടികൃഷ്ണമാരാരുടെ ഗ്രന്ഥങ്ങൾ എന്റെ മേശപ്പുറത്തു കിടക്കുന്നു. അവ ഓരോന്നും ഞാൻ വീണ്ടും വായിച്ചുകഴിഞ്ഞു. അവയിലെ ആശയസാഗരത്തിന്റെ അഗാധതയിൽനിന്നു് അദ്ദേഹം ഉയർന്നുവന്നു് എന്റെ മുമ്പിൽ നിൽക്കുകയാണു്. ഇരുപത്തിമൂന്നു കൊല്ലം മുമ്പു് തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹത്തെത്തന്നെയാണു് ഞാനിപ്പോഴും കാണുന്നതു്. ബുദ്ധിശക്തി വിളിച്ചു പറയുന്ന കണ്ണുകൾ. മുഖഭാവമാകെ ചിന്തകന്റേതു്. പക്ഷേ ചിന്തയുടെ ഔദ്ധത്യമില്ല, പ്രശാന്താവസ്ഥയേയുള്ളു. ഗ്രന്ഥങ്ങളിലെ കുട്ടിക്കൃഷ്ണമാരാർ ഉദ്ധതനാണു്. നേരിട്ടു കാണുമ്പോൾ, അദ്ദേഹം ശിശുവിനെപ്പോലെ നിഷ്കളങ്കൻ. ചിന്തകനായ കെസ്ലറോടു ഞാൻ സംസാരിച്ചിട്ടുണ്ടു്. നമ്മുടെ ആത്മാവിന്റെ തന്ത്രികളെ അദ്ദേഹം പിടിച്ചു സ്പന്ദിപ്പിക്കുന്ന പ്രതീതിയുണ്ടാകും. കുട്ടികൃഷ്ണമാരാർക്കു് അങ്ങനെയൊരു ചലനാത്മകമായ സ്വത്വമില്ല. കുഞ്ഞിനെപ്പോലെ നിർമ്മലഹൃദയനായ അദ്ദേഹം എങ്ങനെയാണു് ആത്മാവിന്റെ തന്ത്രികളിൽ കൈവെക്കുന്നതു്? സംസ്കൃത കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി. കെ. നാരായണപിള്ളയോടു് അദ്ദേഹം സംസാരിക്കുകയായിരുന്നു. ഞാൻ മൗനമവലംബിച്ചു് തൊട്ടടുത്തുള്ള കസേരയിലിരുപ്പാണു്. അദ്ദേഹം കുറേ നേരം എന്തൊക്കെയോ പറഞ്ഞിട്ടു് എന്നെ നോക്കി ചോദിച്ചു: “എന്താ കൃഷ്ണൻനായർ ഒന്നും മിണ്ടാത്തതു്?” ഞാൻ ചിരിച്ചതേയുള്ളു. അപ്പോൾ കുട്ടികൃഷ്ണമാരാർ പി. കെ.നാരായണപിള്ളയോടു് പറഞ്ഞു: “എന്നെ കിരീടം, ചൂടിച്ച ആളാണു് കൃഷ്ണൻനായർ.” അക്കാലത്തു് അദ്ദേഹത്തെക്കുറിച്ചു് ഞാൻ ‘കൗമുദി’ വാരികയിലെഴുതിയ ഒരു ലേഖനത്തിനു് അങ്ങനെ അദ്ദേഹം നന്ദിപറഞ്ഞു. സമ്മേളനം തുടങ്ങി.

തന്റെ സംസ്ക്കാരത്തിൽ പി. കെ. അവർകൾക്കുള്ള വിശ്വാസത്തെ പ്രകീർത്തിക്കുന്ന മട്ടിൽ കുട്ടിക്കൃഷ്ണമാരാർ വ്യാജസ്തുതി നിർവഹിച്ചു കൊണ്ടായിരുന്നു പ്രഭാഷണം ആരംഭിച്ചതു്. ഞാൻ ഇവിടെ ഈ സമ്മേളനത്തിനു് ഇന്ന തീയതി എത്തണമെന്നു കാണിച്ചു് നിങ്ങളുടെ പ്രിൻസിപ്പൽ എനിക്കു കത്തയച്ചു. പിന്നെ എഴുത്തൊന്നും കണ്ടില്ല. ഞാൻ സംസ്ക്കാരമുള്ള ആളായതുകൊണ്ടു് എത്തിക്കൊള്ളും എന്നു് അദ്ദേഹം വിചാരിക്കും. അങ്ങനെ എന്റെ സംസ്ക്കാരത്തിൽ അദ്ദേഹത്തിനെ ഒന്നു ക്ഷണിച്ചിട്ടു് പിന്നീടു് കത്തു് അയയ്ക്കുകയോ പണം അയയ്ക്കുകയോ ചെയ്യാത്ത മര്യാദകേടിനു് ഒരടികൊടുക്കുകയായിരുന്നു അദ്ദേഹം. തുടർന്നുള്ള പ്രസംഗം ചിന്തോദ്ദീപകമായിരുന്നുവെങ്കിലും വർണ്ണോജ്വലമല്ലായിരുന്നു. കുട്ടിക്കൃഷ്ണമാരാർ ‘പ്ലാറ്റ്ഫോം സ്പീക്കറ’ല്ല. ശാന്തനായിട്ടേ അദ്ദേഹം സംസാരിക്കു. ഞാൻ പറയുന്നതു ശരി എന്നമട്ടില്ല. പാണ്ഡിത്യം പ്രകടിപ്പിച്ചേ അടങ്ങൂ എന്നില്ല. വിമാനത്തിൽ കയറുന്നതിനുമുമ്പു് അതുതൊട്ടു കണ്ണിൽ വച്ചു എന്നു് അദ്ദേഹം പറഞ്ഞപ്പോൾ ആധ്യാത്മികത്വത്തെ ആദരിക്കാത്ത കുറെ വിദ്യാർത്ഥികൾ ചിരിച്ചു. എങ്കിലും അവർക്കും ആ നിഷ്കളങ്കത്വം ആദരണീയമായി തോന്നിയിരിക്കും. മീറ്റിങ്ങ് കഴിഞ്ഞു് വീണ്ടും പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയപ്പോൾ രഘുവംശത്തിന്റെ ഗദ്യപരിഭാഷയുടെ ഒരു പ്രതി (ഗദ്യപരിഭാഷ കുട്ടിക്കൃഷ്ണമാരാരുടേതു്) ഞാൻ അദ്ദേഹത്തിന്റെ നേർക്കു നീട്ടി കൈയൊപ്പു് ചോദിച്ചു. അദ്ദേഹം അതിലെഴുതി: ‘സുദുർല്ലഭമായ പരോക്ഷ സ്നേഹത്താൽ ആദരാവനതനായി കുട്ടിക്കൃഷ്ണമാരാരു്, 12-8-57.’ ഈ ഗ്രന്ഥം ഞാനിന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു. അദ്ദേഹം എന്തെഴുതിയാലും സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കും. ആ വാക്യം നോക്കു. അതിലുമുണ്ടു് വ്യക്തിപ്രഭാവം.

പിന്നീടു് ഒരിക്കൽകൂടി ഞാൻ അദ്ദേഹത്തെ കണ്ടു. ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂർത്തി തൃശ്ശൂരിൽവച്ചു് ആഘോഷിക്കുന്നു. അന്നു് നിരൂപണത്തെക്കുറിച്ചു് സമ്മേളനമുണ്ടു്. അദ്ധ്യക്ഷൻ കുട്ടിക്കൃഷ്ണമാരാർ. അനേകം പ്രഭാഷകരുടെ കൂട്ടത്തിൽ ഞാനുമുണ്ടു്. മീറ്റിങ്ങ് തുടങ്ങുന്നതിനു മുൻപു് അദ്ദേഹവും ഞാനും മുണ്ടശ്ശേരിയുടെ വീട്ടിലിരിക്കുകയായിരുന്നു. കുട്ടിക്കൃഷ്ണമാരാർ അസ്വസ്ഥനാകുന്നതു കണ്ടു് ഞാൻ ചോദിച്ചു: ‘എന്താ സാർ സുഖമില്ലേ?’ മറുപടി: ‘സുഖക്കേടു് ഒന്നുമില്ല. തണുപ്പാണെന്നു് വിചാരിച്ചു് സ്വെറ്റർ ബനിയന്റെ പുറത്തെടുത്തിട്ടു. ഇപ്പോൾ ഉഷ്ണിച്ചു് ഇരിക്കാൻ വയ്യ’അതങ്ങു് ഊരിക്കളഞ്ഞുകൂടെ? എന്നു് എന്റെ ചോദ്യം. അദ്ദേഹം ഷർട്ട് മാറ്റി. സ്വെറ്ററും മാറ്റി. ചിരിച്ചുകൊണ്ടു് ചോദിച്ചു: ‘ജനയുഗത്തിലെ വഴക്കെന്തായി?’ ജനയുഗം വാരികയിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ ‘സ്ഥായിഭാവം’ എന്നൊരു സമസ്ത പദമുണ്ടായിരുന്നു. അതു് അച്ചടിച്ചുവന്നപ്പോൾ ‘സ്ഥായീഭാവം’ ആയി. തുടർന്നു് വാദപ്രതിവാദം. സ്ഥായിഭാവമണോ ശരി, അതോ സ്ഥായീഭാവമോ? കാമ്പിശ്ശേരി കരുണാകരൻ പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞു. സ്ഥായീഭാവം ശരിയല്ല, സ്ഥായിഭാവമാണു് ശരി എന്നു് കുട്ടികൃഷ്ണമാരാർ ജനയുഗത്തിനെഴുതി. അതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചതു്. ഞാൻ അറിയിച്ചു: ‘സാർ, അതൊക്കെ വാരിക ചെലവാകാനുള്ള ഉപായമല്ലേ? കാമ്പിശ്ശേരിക്കുതന്നെ അറിയാം സ്ഥായിഭാവമാണു് ശരിയെന്നു്. കാമ്പിശ്ശേരിയും സംസ്കൃതപണ്ഡിതനാണു്.’

‘സ്ഥായിനു് എന്നതിനോടു് ഭാവം ചേരുമ്പോൾ നകാരം ലോപിക്കും. ശരിയല്ലേ കൃഷ്ണൻനായർ?’

എനിക്കതു കേട്ടു് വല്ലായ്മയുണ്ടായി. മഹാപണ്ഡിതനായ കുട്ടികൃഷ്ണമാരാർ അല്പജ്ഞനായ എന്നോടു് സംശയം ചോദിക്കുകയാണു്. ഞാൻ വൈഷമ്യത്തോടെ പറഞ്ഞു: ‘സാർ, എന്നോടാണോ ചോദ്യം. അങ്ങാരു്? ഞാനാരു്?’ അദ്ദേഹം: ‘അല്ല ഞാനിതൊക്കെ മറന്നിട്ടു് കാലം വളരെയായി. അത്രേയുള്ളു.’ഇവിടെയും ആദരാവനതനായി നിൽക്കുന്ന കുട്ടികൃഷ്ണമാരാർ. വിനയം പലപ്പോഴും അസത്യാത്മകമാണു്. എന്നാൽ കുട്ടിക്കൃഷ്ണമാരാരുടെ കാര്യത്തിൽ അതു് എപ്പോഴും സത്യാത്മകമാണു്.

ആ നിരൂപകന്റെ ഗ്രന്ഥങ്ങൾ മാത്രം വായിച്ചിട്ടു് “ഇതാ ഒരു ഉദ്ധതൻ!” എന്നുപറയുന്നവർ അദ്ദേഹത്തെ അറിഞ്ഞിട്ടില്ല. ഒരിക്കൽ 1945-ൽ ഡോക്ടർ കെ. ഗോദവർമ്മ വിദ്യാർത്ഥിയായിരുന്ന എന്നോടു ചോദിച്ചു: “മാരാർ ഉദ്ധതനല്ലേ?” ഗുരുനാഥന്റെ ചോദ്യം ശരിയായിരിക്കുമെന്നു ശിഷ്യനായ ഞാൻ വിചാരിച്ചു. പിന്നെയും പന്ത്രണ്ടു കൊല്ലം കഴിഞ്ഞിട്ടേ എനിക്കു മനസ്സിലായുള്ളു മാരാർ വിനയത്തിന്റെ ഉടലെടുത്ത രൂപമാണെന്നു്. വേറൊരു സാഹിത്യകാരനും അദ്ദേഹത്തെപ്പോലെ നന്മയുള്ളവനല്ലെന്നു്. എന്റെയും നിങ്ങളുടെയും മാരാരുടെയും ശരീരങ്ങൾ കളിമണ്ണുകൊണ്ടു് നിർമ്മിക്കപ്പെട്ടവയായിരിക്കാം. പക്ഷേ മാരാരുടെ മൃണ്‍മയശരീരത്തിനകത്തു് നന്മയുടെ രത്നമിരുന്നു തിളങ്ങുന്നുണ്ടായിരുന്നു. ആ ശരീരം ഇന്നില്ല. പക്ഷേ രത്നം മയൂഖമാലകൾ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.

സാഹിത്യകാരന്മാരിൽ പലരും അന്ധവിശ്വാസികളാണു്. താൻ വലിയ അന്ധവിശ്വാസിയാണെന്നു് ആർജറീനയിലെ ബോർഹെസ് പല തവണ പറഞ്ഞിട്ടുണ്ടു്. ശാസ്ത്രകാരന്മാരിൽപ്പോലും അന്ധവിശ്വാസികളുണ്ടു്. ദാർശനികരുടെ കാര്യം പിന്നെ പറയാനുമില്ല. ഭാരതത്തിലെ പ്രമുഖനായ ഒരു ഫിലോസഫർ കാലത്തു പരുന്തിനെ കണ്ടതിനുശേഷമേ പ്രഭാത ഭക്ഷണം കഴിക്കുമായിരുന്നുള്ളു. അദ്ദേഹം പരുന്തിനെ കാണാൻ അന്തരീക്ഷത്തിൽ നോക്കിക്കൊണ്ടു കന്യാകുമാരി കടപ്പുറത്തു നിൽക്കുന്നതു് ഞാൻ ഒരിക്കൽ കണ്ടു. കേരളത്തിലെ ഒരു മഹാപണ്ഡിതൻ എന്നോടു ചോദിച്ചു: ‘വള്ളത്തോൾ കാതുകേൾക്കാൻ വയ്യാത്തവനായില്ലേ ചെറുപ്പകാലത്തു്. കാരണമറിയാമോ?’ ഞാൻ അറിഞ്ഞുകൂടെന്നു പറഞ്ഞു. അദ്ദേഹം അറിയിച്ചു: ‘വാല്മീകീരാമായണം വിലക്ഷണമായി തർജ്ജമ ചെയ്തതുകൊണ്ടാണു്.’ ഒരു മാസത്തിനുമുൻപു് ഇവിടത്തെ പ്രമുഖനായ ഒരു നിരൂപകൻ എന്നോടു പറഞ്ഞു: ‘മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളെ ‘ട്വിസ്റ്റ്’ ചെയ്തു് എഴുതിയതുകൊണ്ടാണു് കുട്ടിക്കൃഷ്ണമാരാർ ജീവിതാന്ത്യത്തിൽ ഉന്മാദത്തോളം എത്തിയതു്. (മാരാരുടെ അവസാനകാലം അങ്ങനെയായിരുന്നോ എന്നു് എനിക്കറിഞ്ഞുകൂടാ. അങ്ങനെയല്ലായിരുന്നെങ്കിൽ ഈ സാഹിത്യകാരനെ വിശ്വസിച്ചു് ഇവിടെ ഇങ്ങനെ എഴുതിയതിനു് മാപ്പു്.)

വള്ളത്തോൾ രാമായണം തർജ്ജമ ചെയ്തതിനാലാണു് ബധിരനായതെന്നു് ഞാൻ വിശ്വസിക്കുന്നില്ല, മാരാർ ‘ഭാരതപര്യടനം’ എഴുതിയതുകൊണ്ടാണു് ജീവിതത്തിന്റെ അവസാനകാലത്തു് യാതന അനുഭവിച്ചതെന്നും വിശ്വസിക്കുന്നില്ല. പക്ഷേ ‘ഭാരതപര്യടനം’ ഉത്കൃഷ്ടമായ ഗ്രന്ഥമാനെന്നു എനിക്കു പറയാൻ വയ്യ. വാല്മീകിയുടെ രാമായണവും വ്യാസന്റെ മഹാഭാരതവും പരമോൽകൃഷ്ടങ്ങളായ സാഹിത്യകൃതികളാണെങ്കിലും സാഹിത്യത്തിന്റെ ഉപകാരകത്വത്തെക്കാൾ വലിയ ഒരു ഉപകാരകത്വം അവയ്ക്കുണ്ടെന്നുള്ളതു് നമ്മൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ല. ഭാരതീയരുടെ ആധ്യാത്മികത്വത്തിന്റെ വളർച്ചയ്ക്കു സഹായിച്ചിട്ടുള്ള കൃതികളാണു് അവ. കലയും സാഹിത്യവും ആധ്യാത്മികത്വത്തിന്റെ വികാസത്തിനു സഹായിക്കുമ്പോഴാണു് അവ ഉൽകൃഷ്ടങ്ങളാകുന്നതു്. മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും പരമ സത്യത്തിലേക്കു് അടുപ്പിച്ചിട്ടു് അവനു സത്യസാക്ഷാത്കാരമുളവാക്കിയ ഗ്രന്ഥങ്ങളാണു് രാമായണവും മഹാഭാരതവും. വാല്മീകിയും വ്യാസനും മനുഷ്യനിലേക്കു് ഒഴുകിക്കൊടുത്ത അമൃതത്തെ കാകോളമാക്കി മാറ്റുവാനേ കുട്ടിക്കൃഷ്ണമാരാർക്കു കഴിഞ്ഞുള്ളു. അപ്പോൾ മഹാഭാരതത്തിൽ ധർമ്മമെവിടെയുണ്ടോ അതൊക്കെ അധർമ്മമായി അദ്ദേഹത്തിനു്, അധർമ്മമെവിടെയുണ്ടോ അതൊക്കെ ധർമ്മമായി ദർശിച്ചു ആ യുക്തിവാദി. താർക്കികന്റെ മട്ടിൽ ഏതും വാദിച്ചു സമർത്ഥിക്കാം. പാഞ്ഞുപോകുന്ന അമ്പു് പാഞ്ഞു പോകുന്നില്ലെന്നും അതു് ഒരു സ്ഥലത്തുതന്നെ നിൽക്കുകയാണെന്നും തത്ത്വചിന്തകനായ സീനോ തെളിയിച്ചു. അതുപോലെ നിശ്ചലമായ അമ്പു് പാഞ്ഞുപോകുന്നതായും തെളിയിക്കാം. യുക്തിയുടെ കഴിവാണതു്. ദുര്യോധനൻ ധർമ്മപുത്രരെക്കാൾ ധർമ്മനിഷ്ഠനാണെന്നോ സദ്ഗുണസമ്പന്നനാണെന്നോ വാദിക്കാനോ തെളിയിക്കാനോ ഒരു പ്രയാസവുമില്ല. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ആദികാവ്യത്തിലും ഇതിഹാസത്തിലും മാനസികോന്നമനം ജനിപ്പിക്കുന്നതായി എന്തുണ്ടോ, ജീവിതത്തെ ഉത്കൃഷ്ടമാക്കുന്നതായി എന്തുണ്ടോ അതിനെ നമ്മൾ ക്രൂരമായി നിഷേധിക്കുകയാവും. ആ നിഷേധമാണു് കുട്ടിക്കൃഷ്ണമാരാരുടെ “ഭാരതപര്യടന”ത്തിലുള്ളതു്.

ലോകരുടെ ഭിന്നരുചിയെക്കുറിച്ചു് ഭാരതീയനും പാശ്ചാത്യനും പറഞ്ഞിട്ടിണ്ടെങ്കിലും സാഹിത്യത്തിന്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചുമുള്ള സാമാന്യധാരണകൾ വെല്ലുവിളിക്കപ്പെടാറില്ല. കാളിദാസൻ നല്ല കവിയാണു് എന്ന പ്രസ്താവത്തോടു് വിപ്രതിപത്തിയുള്ളവരായി ആരും കാണില്ല. ക്ഷമാപണത്തോടെ ഒരുദാഹരണം. എം. പി. അപ്പൻ കവിയാണു്. കാളിദാസനും കവിയാണു്. ആരെങ്കിലുമൊരാൾ കാളിദാസനെക്കാൾ നല്ല കവിയാണു് എം. പി. അപ്പൻ എന്നു പറഞ്ഞതായി കരുതു. അപ്പോൾ അങ്ങനെ പ്രസ്താവിച്ച ആളുടെ സാഹിത്യാഭിരുചി വികലമാണെന്നു് ചൂണ്ടിക്കാണിക്കേണ്ടതായി വരുമല്ലോ. പാശ്ചാത്യന്റെ (ഡോക്ടർ ജോണ്‍സണ്‍) the wild Vicissitudes of taste എന്ന പ്രയോഗം കൊണ്ടുപോലും ഇത്തരം അഭിപ്രായങ്ങൾക്കു് നീതിമത്കരണം നൽകാൻ സാദ്ധ്യമല്ല. സാഹിത്യത്തെ സംബന്ധിച്ച അഭിരുചിക്കു അത്രകണ്ടു് ഭിന്നത്വം വരാമെങ്കിലും അതിന്നൊരു അടിത്തട്ടുണ്ടു്. അതാണു് സാർവജനീനത്വം. ആ സാർവ്വജനീന സ്വഭാവത്തിനു് എതിരാണു് അപ്പൻ കാളിദാസനെക്കാൾ ശ്രേഷ്ഠനാനെന്നുള്ള സങ്കല്പം. ടോൾസ്റ്റോയിയുടെ ‘വാർ ആന്റ് പീസി’നേക്കാൾ ഉത്കൃഷ്ടമാണു വിക്തർ യൂഗോയുടെ “ലേ മീസേറബ്ള്” (പാവങ്ങൾ) എന്നു് കുട്ടിക്കൃഷ്ണമാരാർ എഴുതിയപ്പോൾ അദ്ദെഹത്തിന്റെ സാഹിത്യാഭിരുചിക്ക്‍ സാർവജനീന സ്വഭാവമില്ലെന്നു് ചിലർക്കെങ്കിലും തോന്നിക്കാണും. ടോൾസ്റ്റോയിക്കു് വാർദ്ധക്യത്തിൽ മാനസാന്തരം സംഭവിച്ചു. അതിനുശേഷം, ക്രൈസ്തവപ്രേമത്തെ സ്ഫുടീകരിക്കാത്ത സാഹിത്യകൃതികൾ ഉത്കൃഷ്ടങ്ങളല്ലെന്നു് അദ്ദേഹം പറഞ്ഞു തുടങ്ങി. അപ്പോഴാണു് ടോൾസ്റ്റോയി യൂഗോയുടെ “പാവങ്ങളെ” വാഴ്ത്തിയതു്. പക്ഷേ സാർവജനീന സ്വഭാവമാർന്ന സാഹിത്യാഭിരുചി ആ നോവലിനെ ‘സെന്റിമെന്റൽ’ (അതിഭാവുകത്വമാർന്നതു്) എന്നേ വിശേഷിപ്പിച്ചിട്ടുള്ളു. അതിലെ കഥാ പാത്രങ്ങളെക്കുറിച്ചു് ബോദലേറും ഫ്ളോബറും പറഞ്ഞതു് they are not human beings-അവർ മനുഷ്യരല്ല എന്നാണു്. കാലം വളരെക്കഴിഞ്ഞു. ‘ലേ മീസേറബ്ള്’ ഉത്കൃഷ്ടമായ നോവലായി ഇന്നും പരിഗണിക്കപ്പെടുന്നില്ല. അതല്ല ‘വാർ ആന്റ് പീസി’ന്റെ സ്ഥിതി. ‘മാനുഷികപ്രതിഭയുടെ ഉച്ചസ്ഥാനം’ ‘ഇലിയഡിനെക്കാൾ ശ്രേഷ്ടം’ എന്നൊക്കെയാണു് ഇന്നും അതിനെപ്പറ്റി പറയാറു്. കുട്ടികൃഷ്ണമാരാർ ഈ കലാശില്പത്തെ പുറംകൈകൊണ്ടു് തട്ടിക്കളഞ്ഞിട്ട് യൂഗോയുടെ നോവലിനെ അതിന്റെ സ്ഥാനത്തു് പ്രതിഷ്ഠിക്കുന്നു. അദ്ദേഹം ചിന്തിക്കുന്നുവെന്നു ഭാവിച്ചുകൊണ്ടു് തന്നിലുള്ള പക്ഷപാതങ്ങളെയും വക്രീഭാവങ്ങളെയും സംവിധാനം ചെയ്തു് പ്രദർശിപ്പിക്കുകയായിരുന്നോ? യൂഗോയെപ്പോലെ നെപ്പോളിയനെ ആരാധിക്കാൻ ടോൾസ്റ്റോയിക്കു് കഴിയുമായിരുന്നില്ല. സമരഭൂമികളിലെ ശവശരീരങ്ങളെയും മുറിവേറ്റ ഭടന്മാരെയും കണ്ടു് ഹർഷപുളകിതനായ നെപ്പോളിയനെ ടോൾസ്റ്റോയി പുച്ഛിച്ചു. ‘An insignificant tool of history who never, anywhere, even in exile, displayed any human dignity’—ചരിത്രത്തിന്റെ ക്ഷുദ്രോപകരണം; ഒരിക്കലും ഒരിടത്തും—നാടുകടത്തപ്പെട്ടിരുന്നപ്പോൾപോലും—മനുഷ്യന്റെ അന്തസ്സു് കാണിക്കാത്തവൻ എന്നാണു് ടോൾസ്റ്റോയി ‘വാർ ആന്റ് പീസി’ൽ നെപ്പോളിയനെക്കുറിച്ചെഴുതിയതു്. യൂഗോയോ? നെപ്പോളിയനെ ധീരനായി, വീരനായി, ലോകജേതാവായി മാത്രം കണ്ടു. കുട്ടിക്കൃഷ്ണമാരാർക്കും ആ കാഴ്ചയാണു്. അതുകൊണ്ടാവണം സാഹിത്യത്തിന്റെ ഉന്നതങ്ങളായ മാനദണ്ഡങ്ങൾ അദ്ദേഹം മറന്നുപോയതു്.

ആത്മജ്ഞാനത്തിനു് പ്രയോജനപ്പെടുത്തുന്നതത്രയും സാഹിത്യ സൃഷ്ടിയിലെ കലാംശം: ശേഷമുള്ളതെല്ലാം കലർപ്പു്—ഇതായിരുന്നു കുട്ടിക്കൃഷ്ണമാരാരുടെ ചിന്താഗതി. അപ്പോൾ സാഹിത്യ സൃഷ്ടിയുടെ മൂല്യം നിർണ്ണയിക്കാൻ സാഹിത്യബാഹ്യമായിട്ടുള്ള അംശങ്ങളും ഉപയോഗിക്കണം എന്നുവരുന്നു. അദ്ദേഹം അങ്ങനെ സംവീക്ഷണം ചെയ്തപ്പോൾ മനോഹരമായ ‘ഉണ്ണുനീലിസന്ദേശം’ ഒരു ‘മുഴുത്ത ചിരി’യായി. ഉണ്ണായിവാര്യരുടെ ‘നളചരിത’ത്തിനു് ശ്രീ ഹർഷന്റെ ‘നൈഷധീയ ചരിതത്തെ’ക്കാൾ മേന്മയുണ്ടായി. ജീനിയസ്സായ കുഞ്ചൻനമ്പ്യാർ അധമകവിയായി. ‘മലയാള ഭാഷയെ പാടാൻ പഠിപ്പിച്ച’ ചങ്ങമ്പുഴ മോശപ്പെട്ട കാവ്യങ്ങൾ രചിച്ചവനായി. താൻ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തോടു് ബന്ധപ്പെട്ടവരെല്ലാം മാരാർക്ക് ഉത്കൃഷ്ടസാഹിത്യകാരന്മാരുമായി. വളരെക്കുറച്ചേ മാരാർ മലയാളസാഹിത്യത്തിലെ സൃഷ്ടികളെക്കുറിച്ചു് എഴുതിയിട്ടുള്ളു. അവയൊക്കെ പനിനീർപ്പൂക്കളാണെന്നു് ചിലർ പറയുന്നു. അവരോടു് യോജിക്കാൻ പ്രയാസം. സൂക്ഷ്മ നിരീക്ഷണത്തിന്റെ ചൂടേറ്റാൽ നിറംമങ്ങുന്ന കടലാസുപൂക്കളാണു് മാരാരുടെ നിരൂപണ പ്രബന്ധങ്ങൾ. ക്ഷുദ്രകീടങ്ങൾ കുത്തിമുറിവേല്പിക്കുന്നതു് വെറുപ്പുകൊണ്ടല്ല. അവയ്ക്കു ജീവിക്കണം എന്നതിനാലാണു്. നിരൂപകർക്കു വേണ്ടതു് നമ്മുടെ രക്തമാണു്; വേദനയല്ല എന്നു് നീഷേ പറഞ്ഞതു് എനിക്കും യോജിക്കുന്നുവോ? അന്തരിച്ച ഒരു നല്ല മനുഷ്യന്റെ ശരീരത്തിൽനിന്നു് ചോരയോഴുക്കാൻ ശ്രമിക്കുകയാണോ ഞാൻ? ക്ഷമിക്കു. സത്യദർശനകൗതുകമല്ലാതെ ഈ എളിയവനു് വേറൊരു ലക്ഷ്യവുമില്ല.

പിന്നെ കുട്ടിക്കൃഷ്ണമാരാരുടെ മഹത്വമെവിടെയിരിക്കുന്നു? അദ്ദേഹത്തിന്റെ “ശൈലീവല്ലഭത്വ”ത്തിൽ. മാരാരെപ്പോലെ മനോഹരമായ മലയാളമെഴുതിയവർ വേറെയില്ലതന്നെ. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ, വാക്യത്തിന്റെ ദീർഘതയും ഹ്രസ്വവും നിർണ്ണയിക്കുന്നതിൽ, കുറിക്കുകൊള്ളുന്ന അലങ്കാരങ്ങൾ പ്രയോഗിക്കുന്നതിൽ, ലക്ഷ്യവേധികളായ പരിഹാസ ശാസ്ത്രങ്ങൾ പ്രയോഗിക്കുന്നതിൽ അദ്ദേഹത്തെ അതിശയിച്ചു വേറൊരു എഴുത്തുകാരൻ ഇല്ലതന്നെ. മലയാള ഭാഷയുടെ ‘ജീനിയസ്’ അദ്ദേഹത്തിന്റെ ഗദ്യത്തിൽ ദർശിക്കാം. ഇതിൽ മാത്രമല്ല അദ്ദേഹത്തിന്റെ മഹത്ത്വം നമ്മൾ കാണേണ്ടതു്. മാരാരുടെ ‘വൃത്തശില്പം’ ഉജ്ജ്വലമായ ഒരു ശാസ്ത്രഗ്രന്ഥമാണു്. പാശ്ചാത്യദേശത്തെങ്ങാനുമാണു് ഇതു് ആവിർഭവിച്ചതെങ്കിൽ ഉടനെ അതിന്റെ കർത്താവിനെ അവിടെയുള്ളവർ സർവകലാശാലയുടെ വൈസ് ചാൻസലർ ആക്കുമായിരുന്നു. അത്രകണ്ടുണ്ടു് അതിലെ പ്രജ്ഞയുടെ വിലാസം. ബുദ്ധിയുണ്ടായിരുന്നാൽ മാത്രം പോര. അതു് ഉപയോഗിക്കുകയും വേണമല്ലോ. മാരാർ അതു് ഉപയോഗിച്ചു. ഫലം, മലയാളികൾക്കു എല്ലാക്കാലത്തേക്കും അഭിമാനിക്കാവുന്ന ഒരു ശാസ്ത്രഗ്രന്ഥം. തർജ്ജമ ചെയ്താൽ ഏതു ഭാഷയുടെയും ചക്രവാളം വികസിപ്പിക്കുന്ന കൃതി.

കുട്ടിക്കൃഷ്ണമാരാർക്കു് താർക്കികന്റെ മട്ടുണ്ടു്. അദ്ദേഹൻ തർക്കം അഭ്യസിച്ചോ എന്നെനിക്കു് അറിഞ്ഞുകൂടാ. ‘വ്യക്തി വിവേകം’ എഴുതിയ മഹിമ ഭട്ടനെപ്പോലെയാണു് അദ്ദേഹം. ധ്വനി ധ്വംസനം നിർവഹിച്ച ആ ആചാര്യനെപ്പോലെ അദ്ദേഹം ‘വാർ ആന്റ് പീസി’ന്റെ കലാസൗന്ദര്യം ധ്വംസിച്ചു കാണിക്കും. മഹാകവി വള്ളത്തോളിന്റെ കവിത രൂപശില്പപ്രധാനം മാത്രമാണെന്നു സ്ഥാപിക്കും. കുട്ടിക്കൃഷ്ണമാരാർക്കു് വിമർശനം ചതുരംഗക്കളിയാണു്. അദ്ദേഹത്തിന്റെ കൂടെ കളിക്കുവാൻ വായനക്കാരനാണു്. രണ്ടുമൂന്നു കരുക്കൾ നീക്കിയിട്ടു് ‘അടിയറവു്’ എന്നു് അദ്ദേഹം വിളിച്ചുപറയും.അടിയറവു് തന്നെ. വായനക്കാരനു് തോറ്റില്ലെന്നു് പറയാൻ വയ്യ. എങ്കിലും ‘ഞാൻ തോൽക്കേണ്ടവനല്ലല്ലോ’ എന്നൊരു തോന്നൽ അയാൾക്കു്.

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.