വിശ്വവിഖ്യാതങ്ങളായ മൂന്നു മൂക്കുകളുടേയും പരശുരാമക്ഷേത്ര വിഖ്യാതമായ ഒരു മൂക്കിന്റെയും കഥയാണു് ഇവിടെ പറയുന്നതു്. അങ്ങനെ നാലു മൂക്കുകൾ. ഓരോ മൂക്കും അതിനുമുൻപുണ്ടായ മൂക്കിൽ നിന്നു ജനിച്ചതാണെന്നു ഞാൻ പറയുന്നില്ല. സ്വതന്ത്രമായി, മൗലികമായി, അവതാരം കൊണ്ടവയാണു് മൂക്കുകളാകെ എന്നു പ്രഖ്യാപിക്കാനും എനിക്കു ധൈര്യം പോരാ. ഒരു മൂക്കു് ഒരിടത്തു ജനിച്ചു എന്നതുകൊണ്ടു് വേറൊരു മൂക്കിനു വേറൊരിടത്തു ജനിച്ചുകൂടേ എന്ന ചോദ്യമുണ്ടാകും. മാത്രമല്ല, അങ്ങനെ പറഞ്ഞാൽ “സ്റ്റുപിഡ് മങ്കൂസ്” എന്ന അമാന്യമായ സംബുദ്ധി കേൾക്കേണ്ടതായും വരും. (ഈ പ്രയോഗത്തിനു് ‘പപ്പു’ മാസികയോടു കടപ്പാടു്.) അക്കാരണത്താൽ ഓരോ മൂക്കിനെയും ഇവിടെ അവതരിപ്പിക്കാനേ ഉദ്ദേശ്യമുള്ളു. തീരുമാനത്തിലെത്താൻ പ്രിയപ്പെട്ട വായനക്കാരോടു അപേക്ഷിക്കുന്നതേയുള്ളു. തീരുമാനങ്ങളും പ്രയാസങ്ങൾ ഉൾക്കൊള്ളുന്നവയാണെന്നു് എനിക്കറിയാം. ‘എ’ യും ‘ബി’യും ശണ്ഠകൂടിയെന്നിരിക്കട്ടെ. ‘എ’ യോടു സ്നേഹമുള്ളവർ പറയും ‘ബി’യാണു് തെറ്റുചെയ്തതെന്നു്. ‘ബി’ യോടു സ്നേഹമുള്ളവർ ഉദ്ഘോഷിക്കും ‘എ’യാണു് തെറ്റുകാരനെന്നു്. ഇതു മനസ്സിലാക്കിക്കൊണ്ടു് മൂക്കുകളുടെ സവിശേഷത കാണാൻ ഞാൻ വായനക്കാരെ സാദരം ക്ഷണിക്കുന്നു.
1713-ൽ ജനിക്കുകയും 1768-ൽ ലണ്ടനിൽവച്ചു മരിക്കുകയും ചെയ്ത ലോറൻസ് സ്റ്റേണ്‍ എന്ന നോവലെഴുത്തുകാരൻ അവതരിപ്പിച്ച മൂക്കാണു് ആദ്യമായി നമ്മുടെ മുൻപിലെത്തുന്നതു്. പുകച്ചിലെടുക്കുന്ന ഒരു ദിവസത്തിന്റെ സുഖശീതളമായ സായാഹ്നത്തിൽ ഇരുണ്ട കോവർകഴുതയിൽ കയറി അയൾ സ്രാസ്ബൂർ നഗരത്തിലെത്തി. താൻ മൂക്കുകളുടെ ‘ഭൂമിനാസിക’യിലായിരുന്നുവെന്നും (Promontory of Noses) ഫ്രാങ്ക്ഫൂർട്ടിലേക്കു് പോകുകയാണെന്നും തിരിച്ചു് സ്രാസ്ബൂറിൽ എത്തുമെന്നും കാവൽപ്പട്ടാളക്കാരനോടു് അയാൾ പറഞ്ഞു. പട്ടാളക്കാരൻ അയാളുടെ മുഖത്തേയ്ക്കു നോക്കി. അതുപോലൊരു മൂക്കു് അയാൾ ജീവിതകാലത്തിലൊരിക്കലും കണ്ടിട്ടില്ല. കാവൽപ്പടയാളി യഥാർത്ഥത്തിൽ കത്തോലിക്കനാണെങ്കിൽ വന്നവന്റെ മൂക്കിനു് അയാളുടെ മൂക്കിന്റെ ആറിരട്ടി നീളം വരും. ആ നാസിക ‘പടപട’ എന്നു ശബ്ദം കേൾപ്പിച്ചുവെന്നു് പട്ടണത്തിലെ ചെണ്ടക്കാരൻ. അതിൽനിന്നു രക്തമൊലിച്ചുവെന്നു് കാവൽപ്പടയാളി. അതൊന്നു തൊട്ടുനോക്കാതെ അയാളെ പോകാൻ അനുവദിച്ചതു കഷ്ടമായിപ്പോയെന്നു് ചെണ്ടക്കാരൻ.
ആഗതൻ കോവർകഴുതയുടെ പുറത്തിരുന്നു പട്ടണത്തിലൂടെ പതുക്കെ നീങ്ങിയപ്പോൾ കുഴലൂത്തുകാരന്റെ ഭാര്യ ഉറക്കെപറഞ്ഞു: ‘എന്തൊരു മൂക്കു്! കുഴലിനെപ്പോലെതന്നെ ഇതിനു നീളമുണ്ടു്.’
‘തുമ്മുന്നതു കേട്ടാലറിയാം കുഴലുണ്ടാക്കിയ ലോഹം കൊണ്ടു തന്നെയാണു് ഈ മൂക്കും ഉണ്ടാക്കിയിട്ടുള്ളതെന്നു്’ എന്നു കുഴലൂത്തുകാരൻ അഭിപ്രായപ്പെട്ടു. ‘ഇതൊരു പുല്ലാങ്കുഴലുപോലെ മൃദുലമാണെന്നു്’ അവൾ വീണ്ടും.
‘ഇതു് ലോഹമാണു്’ എന്നു് അയാൾ. ഇതൊക്കെ കേട്ട നവാഗതൻ മനസ്സിൽ കരുതി.
‘എന്റെ മൂക്കിനെ തൊടാൻ ആരെയും സമ്മതിക്കില്ല.’ അയാൾ ചന്തസ്ഥലത്തുള്ള ഭക്ഷണശാലയിലെത്തി കോവർകഴുതപ്പുറത്തുനിന്നിറങ്ങി. ഭക്ഷണശാലയുടെ ഉടമസ്ഥന്റെ ഭാര്യ ആ മൂക്കു കണ്ടു് അത്ഭുതം കൂറി.
‘ഇതു് അന്തസുള്ള മൂക്കല്ലേ?’ ഭർത്താവു് മറുപടി നൽകി: ‘ഇതൊരു വഞ്ചനയാണു്, കള്ളമൂക്കു്.’
‘സത്യസന്ധമായ മൂക്കാണാതു്’ എന്നു് അവൾ.
‘ഫേർമരത്തിന്റെ തടികൊണ്ടുണ്ടാക്കിയതാണിതു്. ടർപ്പന്റൈൻ മണക്കുന്നു’ എന്നു് അയാൾ.
‘ഇതിലൊരു മുഖക്കുരു ഉണ്ടു്’ എന്നു് അവൾ. ‘മരിച്ച മൂക്കാണിതു്’ എന്നു് അയാൾ. ‘ജീവനുള്ള മൂക്കു്. എനിക്കു ജീവനുണ്ടെങ്കിൽ ഞാനിതു തൊടും’ എന്നു് അവൾ.
ഇതു കേട്ടു തന്റെ മൂക്കിനെ തൊടാൻ ആരെയും സമ്മതിക്കില്ലെന്നു് അയാൾ വീണ്ടും ഉള്ളിൽ പറഞ്ഞു. പട്ടണത്തിലാകെ ബഹളം. നഗരത്തിലെത്തിയ മഠാദ്ധ്യക്ഷയുടെ തലച്ചോറിലെ ‘പൈനിയ’ൽ ഗ്രന്ഥിയുടെ അഗ്രഭാഗത്തിരിക്കുകയാണു് ആ നീണ്ട നാസിക. അവർക്കും അവരുടെ കൂടെയെത്തിയ മറ്റു കന്യാസ്ത്രീകൾക്കും രാത്രി ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു് അവർ. വേറെ ചില കന്യാസ്ത്രീകൾ കുറേക്കൂടി ബുദ്ധിയോടുകൂടി പ്രവർത്തിച്ചു. അവർ കിടക്കാനേ പോയില്ല.
തർക്കം ശിശു ഗർഭാശയത്തിൽ കിടക്കുമ്പോൾ ഭ്രൂണത്തിന്റെ സമനില തെറ്റിച്ചുകൊണ്ടു് അതിന്റെ ശിരസ്സിലിങ്ങനെ ഒരു ഭാരം വരുമോ? രക്തധമനികളും സിരകളുമില്ലാതെ; രക്തത്തിലൂടെ പോഷകാംശങ്ങൾ ലഭിക്കാതെ മൂക്കിനു വളർച്ച കിട്ടുമോ എന്നു വേറൊരു ചോദ്യം. തർക്കത്തോടു തർക്കം തന്നെ. സത്യാത്മകമായ മൂക്കാണു് അതെങ്കിൽ പൗരന്മാർക്കിടയിൽ അതിനു വിഷമാവസ്ഥ വരില്ല. അതു് അസത്യാത്മകമാണെങ്കിൽ ഒരു കാരുണ്യവും അതിനോടു കാണിച്ചുകൂടാ. സർവ്വകലാശാലകൾ ഈ തർക്കമേറ്റെടുത്തു. എന്തിനു്, ഏഴായിരം കുതിരവണ്ടികളിൽ കയറിയ ആളുകൾ, സെനറ്റംഗങ്ങൾ, വിധവകൾ, ഭാര്യമാർ, അവിവാഹിതകൾ, വെപ്പാട്ടികൾ, മഠാദ്ധ്യക്ഷകൾ, കന്യാസ്ത്രീകൾ ഇവരെല്ലാം മൂക്കിനെ കാണാൻ എത്തി. എന്തിനു് ഏറെപ്പറയുന്നു? മൂക്കു് കണ്ടു് സ്രാസ്ബൂർ നിവാസികൾക്കാകെ അസ്വസ്ഥത.
സ്റ്റേണ്‍ അവതരിപ്പിച്ച മൂക്കു കണ്ടില്ലേ? ഇനി നമുക്കു അമേരിക്കൻ സാഹിത്യകാരൻ എഡ്ഗാർ അലൻപോ പ്രത്യക്ഷമാക്കിത്തന്ന മൂക്കു കാണാം. 1809-ലാണു് പോയുടെ ജനനം. 1849-ൽ മരണവും. അദ്ദേഹത്തിന്റെ Lionizing എന്ന കഥയിലെ കഥാപാത്രം എന്നും കാലത്തു മൂക്കു പിടിച്ചു വലിച്ചു് അതിനെ വലുതാക്കും. ഒരു ദിവസം അയാളുടെ അച്ഛൻ ചോദിച്ചു: ‘എന്റെ മോനേ, നിന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്തു്?’
‘അച്ഛാ, നാസികാശാസ്ത്രം പഠിക്കൽ.’
‘നാസികയുടെ അർത്ഥമെന്താണുമോനേ?’
മകൻ തന്റെ പാണ്ഡിത്യം മുഴുവൻ പ്രദർശിപ്പിച്ചു. അച്ഛൻ അതുകണ്ടു് സംതൃപ്തനായി. മകൻ മൂക്കിനു് രണ്ടു വലികൂടെ കൊടുത്തു; നാസികാശാസ്ത്രത്തെക്കുറിച്ചു് ലഘുലേഖ എഴുതുകയും ചെയ്തു. അയാളുടെ മൂക്കും അതിനെ സംബന്ധിച്ച ലഘുലേഖയും പ്രസിദ്ധിയാർജ്ജിച്ചു. നൃത്തം നടക്കുന്ന സ്ഥലത്തു് മൂക്കോടുകൂടി അയാൾ ചെല്ലുമോ എന്നു് ഒരു സ്ത്രീ ചോദിച്ചു. ഹൃദയപൂർവ്വം ചെല്ലാമെന്നു് അയാളുടെ മറുപടി. ഹൃദയപൂർവ്വം ചെല്ലേണ്ടതില്ല, നാസികാപൂർവ്വം ചെന്നാൽ മതിയെന്നു് അവൾ. അയാൾ പോയി. അവൾ അയാളെ പിടിച്ചു് മൂന്നു തവണ മൂക്കിൽ ചുംബിച്ചു. എല്ലാവർക്കും അസൂയയായി. ശണ്ഠ; ദ്വന്ദ്വയുദ്ധത്തിനു് ഒരുത്തൻ സന്നദ്ധനായി. അടുത്ത ദിവസം കാലത്തു് നീണ്ട മൂക്കുള്ളവൻ പ്രതിയോഗിയുടെ മൂക്കിടിച്ചു തകർത്തു. ‘മണ്ടൻ’, ‘കഴുത’, ‘പോടാ’ എന്നുള്ള വാക്കുകൾ ഉയർന്നു. അയാൾ അച്ഛന്റെ അടുക്കലെത്തി ചോദിച്ചു: ‘അച്ഛാ, എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്താണു്?’ അച്ഛൻ മറുപടി പറഞ്ഞു:
‘മോനെ, നാസികാശാസ്ത്രം പഠിക്കൽ തന്നെ. പക്ഷേ, അയാളുടെ മൂക്കിടിച്ചു തകർത്ത നീ അതിരുകടന്നു പ്രവർത്തിച്ചു. നിനക്കു നല്ല മൂക്കുണ്ടു്. എന്നാൽ അയാൾക്കു് ഇപ്പോൾ മൂക്കില്ല. നീ നശിച്ചു അയാൾ ഇന്നത്തെ ജനനായകനാവുകയും ചെയ്തു.’
അടുത്ത നാസിക റഷ്യൻ സാഹിത്യകാരൻ ഗൊഗൽ (Gogal, 1809—1852) അവതരിപ്പിച്ചതാണു്. ഒരു ക്ഷുരകൻ പ്രഭാതഭക്ഷണത്തിനിരുന്നപ്പോൾ റൊട്ടിയിൽ ഒരു മൂക്കു കണ്ടു. അയാൾ ഷേവു ചെയ്തുകൊടുക്കുന്ന ‘കോളീജിയേറ്റ് അസ്സസ്സർ’ കോവാലേഫിന്റെ നാസികയായിരുന്നു അതു്. ക്ഷുരകൻ അതു പൊതിഞ്ഞെടുത്തു നദിയിൽ കൊണ്ടിട്ടു. പക്ഷേ, ആ നാസിക പീറ്റർസ്ബർഗ്ഗിൽ സ്റ്റേറ്റ് കൗണ്‍സിലറുടെ യൂണിഫോം ധരിച്ചു നടന്നുതുടങ്ങി. കോവാലേഫ് മൂക്കിനെക്കണ്ടു തന്റെ മുഖത്തുവന്നിരിക്കാൻ അപേക്ഷിച്ചു. പക്ഷേ, മൂക്കു് അതു ‘ചെവി’ കൊണ്ടില്ല. രണ്ടുപേരുടേയും ഔദ്യോഗികപദവിയുടെ വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടു് നാസിക നടന്നു കളഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു് ഒരു പോലീസുകാരൻ കോവാലേഫിനു് അയാളുടെ മൂക്കു് കൊണ്ടുകൊടുത്തു. ഫലമെന്തു്?
നാസിക അയാളുടെ മുഖത്തു് ഒട്ടിയിരിക്കുകയില്ല. ഡോക്ടർ ശസ്ത്രിക്രിയ ചെയ്തു് അതു് ഒട്ടിച്ചുകൊടുക്കുകയുമില്ല. തന്നെക്കൊണ്ടു് അതു സാദ്ധ്യമല്ലെന്നാണു് ഡോക്ടറുടെ നിലപാടു്. ഒരു ദിവസം കോവാലേഫ് ഉണർന്നപ്പോൾ,അത്ഭുതങ്ങളിൽ അത്ഭുതം, മൂക്കു് അയാളുടെ മുഖത്തു് ഇരിക്കേണ്ട സ്ഥാനത്തു് ഉറച്ചിരിക്കുന്നു.
ഇനിയാണു് ഭാർഗ്ഗവക്ഷേത്രവിഖ്യാതമെങ്കിലും സാക്ഷാൽ വിശ്വവിഖ്യാതമായ മൂക്കിനെ നാം കാണുന്നതു്. അവതാരകൻ സാക്ഷാൽ ബേപ്പൂർ സുൽത്താൻ—വൈക്കം മുഹമ്മദുബഷീർ. ഒരടുളക്കാരന്റെ മൂക്കിനു നീളംവച്ചു തുടങ്ങി. വളർന്നു വളർന്നു് അതു് പൊക്കിൾ വരെ എത്തി. എന്നാൽ അസൗകര്യമൊന്നുമില്ല. ശ്വാസോച്ഛ ്വാസം ചെയ്യാം. പൊടിവലിക്കാം. വാസന തിരിച്ചറിയാം. മൂക്കിനു നീളംകൂടിയതുകൊണ്ടു് അയാളെ വീട്ടുകാർ ജോലിയിൽനിന്നു പിരിച്ചുവിട്ടു. പക്ഷേ, അയാളും മൂക്കും വിശ്വപ്രശസ്തിയാർജ്ജിച്ചു. പലരും വന്നു് മൂക്കു തൊട്ടുനോക്കി. മൂക്കു കാണാൻവേണ്ടി അയാളുടെ അമ്മയ്ക്കു കൈക്കൂലികൊടുത്തു. അങ്ങനെ ആറുകൊല്ലം കൊണ്ടു് ആ ദരിദ്രൻ ലക്ഷപ്രഭുവായി. സാഹിത്യകാരന്മാർ അയാളുടെ ജീവചരിത്രമെഴുതി പണക്കാരായി. മൂക്കനു് സുന്ദരികളായ രണ്ടു സെക്രട്ടറികളുണ്ടായിരുന്നു. രണ്ടുപേരും അയാളെ സ്നേഹിച്ചു. വിശ്വവിഖ്യാതനായ അയാളുടെ അഭിപ്രായങ്ങൾ എല്ലാവരും ആരാഞ്ഞു. സർക്കാർ അയാളെ ‘നാസികാപ്രമുഖൻ’ എന്നു പേരു നൽകി ബഹുമാനിച്ചു. ഓരോ രാഷ്ട്രീയ കക്ഷിയും അയാളെ നേതാവായിക്കിട്ടാൻ പരിശ്രമം ചെയ്തു. കിട്ടാതെ വന്നപ്പോൾ മൂക്കന്റേതു റബ്ബർമൂക്കാണെന്നു് എല്ലാവരും പറഞ്ഞുതുടങ്ങി. അതോടെ ബഹളം. ബഹളം ശമിപ്പിക്കാൻ സർക്കാർ അയാളെ പരിശോധിപ്പിക്കാൻ തീരുമാനിച്ചു. ഡോക്ടർമാർ മൂക്കിന്റെ തുമ്പടച്ചു. അപ്പോൾ അയാൾ വായ് പൊളിച്ചു. വേറൊരു ഡോക്ടർ മൊട്ടുസൂചികൊണ്ടു മൂക്കിൽ ഒരു കുത്തു കൊടുത്തു. ചോര പൊടിഞ്ഞു നാസികയിൽനിന്നു്. മൂക്കൻ സിന്ദാബാദ്, നാസികാപ്രമുഖൻ സിന്ദാബാദ് എന്നു വിളിയുയർന്നു. പ്രസിഡന്റ് മൂക്കനെ പാർലമെന്റിലേയ്ക്കു നോമിനേറ്റു ചെയ്തു. അപ്പോഴും എതിർകക്ഷികൾ ബഹളം കൂട്ടിക്കൊണ്ടിരുന്നു.
സ്റ്റേണിന്റെ Tristram Shandy എന്ന നോവലിലാണു് ദീർഘനാസികയെ നമ്മൾ ആദ്യമായി കണ്ടതു്. ആ നോവലിന്റെ പ്രമേയങ്ങളിൽ ഒന്നു് ധ്വജഭംഗമാണു്. (impotence.) ധ്വജഭംഗം പ്രധാനപ്പെട്ട പ്രമേയമായ നോവലിൽ പുരുഷന്റെ ജനനേന്ദ്രിയത്തിനു് പ്രാധാന്യം വരുന്നതു സ്വാഭാവികവുമത്രേ. നാസിക എല്ലാക്കാലത്തും ജനനേന്ദ്രിയത്തിന്റെ പ്രതീകമായിരുന്നിട്ടുണ്ടു്. നാസികയ്ക്കു നീളം കൂടുതലാണെങ്കിൽ ജനനേന്ദ്രിയത്തിനും നീളം കൂടിയിരിക്കുമെന്നാണു് സങ്കല്പം. നേർപ്പാസിലെ രാജ്ഞിയായിരുന്ന ജോവന്ന നീണ്ട മൂക്കുള്ള പുരുഷന്മാരെയാണു് തിരഞ്ഞെടുത്തിരുന്നതു്. ഇംഗ്ലണ്ടിൽ കന്യൂട്ടിന്റെ കാലത്തു് വ്യഭിചാരത്തിനുള്ള ശിക്ഷ നാസിക മുറിക്കലായിരുന്നു. ജനനേന്ദ്രിയവും നാസികയും തമ്മിലുള്ള ബന്ധം ഇതു സ്പഷ്ടമാക്കിത്തരും. സ്രാസ്ബൂറിലെത്തിയ പുരുഷന്റെ നീളംകൂടിയ മൂക്കുകണ്ടു് കന്യാസ്ത്രീകൾ ഉൾപ്പടെയുള്ള സ്ത്രീകൾ വികാരപരവശരായതും ക്ഷോഭിച്ചതും അതു തൊട്ടുനോക്കാൻ ആഗ്രഹിച്ചതും ഏതിന്റെ പേരിലാണെന്നതു് വ്യക്തം. ഇപ്പോൾത്തന്നെ ഉചിതജ്ഞതയുടെ അതിരു ഞാൻ ലംഘിച്ചു കഴിഞ്ഞു. അതുകൊണ്ടു കൂടുതൽ അതിനെക്കുറിച്ചു് പറയേണ്ടതില്ല,
എഡ്ഗാർ അലൻപോയുടെ കഥ സ്റ്റേണിന്റെ നോവലിൽ നിന്നു കടംകൊണ്ടതാണെന്നു് മണ്ടന്മാരായ, മഹാശയസ്കരായ, നിരൂപകർ പറയുന്നുണ്ടെങ്കിലും ബുദ്ധിമാനായ ഞാൻ അതു വിശ്വസിക്കുന്നില്ല. വിശ്വാസമെന്തായാലും അതിന്റെയും പ്രമേയം ധ്വജഭംഗംതന്നെ. അർഹതയില്ലാത്തവിധം സ്ഥൂലികരിക്കപ്പെട്ട തന്റെ യശസ്സിനെ ഒന്നു കളിയാക്കുകയാവാം അലൻപോ. പ്രതിയോഗിയുടെ മൂക്കു് ഇടിച്ചുതകർക്കുന്നതിനും രണ്ടു വ്യാഖ്യാങ്ങൾ നൽകാം. ഒന്നു്, ശത്രുവിനെ വൃഷണച്ഛേദം നടത്തി എന്നതു്. രണ്ടു്, സാഹിത്യത്തിലെ പ്രതിയോഗിയെ തകർത്തു തരിപ്പണമാക്കിക്കളഞ്ഞു എന്നതു്.
ഗൊഗൽ ആലേഖനം ചെയ്ത മൂക്കിനു് ദൈർഘ്യമില്ല. സാധാരണമായ നാസികമാത്രമാണിതു്. നദിയിൽ ക്ഷുരകൻ കൊണ്ടു താഴ്ത്തിയ മൂക്കു് പിന്നീടു് യൂണിഫോം ധരിച്ചു് പട്ടണത്തിൽ നടക്കുമ്പോൾ അതിന്റെ ഉടമസ്ഥനെ കാണുന്നു. അപ്പോൾ ഉടമസ്ഥന്റെ ‘ഔദ്യോഗിക’ പദവി തന്റെ പദവിയേക്കാൾ കുറഞ്ഞതാണെന്നു മൂക്കു സൂചിപ്പിക്കുന്നുണ്ടു്. ഇതുവച്ചുകൊണ്ടു് ഗൊഗൽ ബ്യൂറോക്രസിയെ കളിയാക്കുകയാണെന്നു മോസ്കോ പ്രസാധകർ തങ്ങളുടെ അവതാരികകളിൽ പറഞ്ഞിട്ടുണ്ടു്. ശരിയാവാം. എങ്കിലും ധ്വംജഭംഗമുണ്ടായിരുന്ന ഗൊഗൽ ജനനേന്ദ്രിയത്തിന്റെ പ്രതീകമായ നാസികയെ സ്ത്രീകളുടെ ഉടുപ്പുകളെയും മറ്റും സ്പർശിക്കാനായി തെരുവിലൂടെ നടത്തിയതായിട്ടുവേണം വിചാരിക്കാണെന്നു് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ത്രോയ പറയുന്നതിനോടു് യോജിക്കാനാണു് എനിക്കു കൗതുകം. അങ്ങനെ ഗൊഗൽ തന്റെ ഒരു ഒബ്സഷനെ (ധ്വജഭംഗത്തെ സംബന്ധിച്ച ഒബ്സഷനെ) അബോധാത്മകമായി ഒഴിവാക്കുകയായിരുന്നുപോലും.
ലൈംഗികമായ പ്രതിരൂപാത്മകത്വം ഇവിടെ സംഗതമാണോ? സാംഗത്യമുണ്ടെന്നു പ്രഖ്യാപിക്കാം. സുന്ദരികളായ രണ്ടു സെക്രട്ടറിമാരും അയാളുടെ നീണ്ട മൂക്കിനെ കണ്ടാണല്ലോ അയാളെ കാമിച്ചതു് എങ്കിലും ജന്മനാ മണ്ടനായവൻ വെറും ഭാഗ്യംകൊണ്ടു് യശസ്സാർജ്ജിക്കുന്നതിന്റെയും അതിനു് അയാളറിയാതെ വ്യാപ്തിയുണ്ടാകുന്നതിന്റെയും പൊള്ളത്തരമല്ലേ കഥാകാരൻ ഇവിടെ കളിയാക്കുന്നതു്? അതേ എന്നു് ഉത്തരം നൽകുന്നതാണു് യുക്തിക്കു ചേർന്നതു്. പക്ഷേ, ഒരു വ്യത്യാസം. സ്റ്റേണിന്റെയും പോയുടെയും ഗൊഗലിന്റെയും കഥകൾ കലാശില്പങ്ങളാണു്. ബഷീറിന്റെ കഥ അതല്ല. കൂർത്ത പേനകൊണ്ടാണു് സായ്പന്മാർ കഥകളെഴുതിയതു്. ബേപ്പൂർസുൽത്താൻ സുൽത്താനാകുന്നതിനുമുൻപുതന്നെ രചിച്ച ഈ കഥ മുനയില്ലാത്ത തൂലികകൊണ്ടെഴുതിയതാണു്. അതുകൊണ്ടു് ആകെക്കൂടി ഒരു ‘ഡിഫ്യൂസ്നെസ്സ്’—പരന്ന അവസ്ഥ.
‘വലിയ കാര്യ’ത്തിൽകൊളുത്തിവിട്ട അമിട്ടു് അന്തരീക്ഷത്തിൽ രസക്കുടുക്കകൾ ചിതറാതെ ‘ശ്ശൂ’ എന്ന ശബ്ദത്തോടെ കെട്ടുപോകുന്ന പ്രതീതി. സ്റ്റേണിന്റെയോ പോയുടെയോ ഗൊഗലിന്റെയോ കഥകളിൽനിന്നു് ഒരു വാക്കെടുത്തുമാറ്റാൻ വയ്യ. അതല്ല കേരളത്തിലെ കഥാകാരന്റെ കഥയുടെ അവസ്ഥ. ഏകാഗ്രതയില്ലാതെ രചിക്കപ്പെട്ട ലഘുലേഖമാത്രമാണതു്.
ഇത്രയും എഴുതി കഴിഞ്ഞപ്പോൾ എനിക്ക് ഉറക്കം വന്നു. ഞാനുറങ്ങി. ഉറക്കത്തിൽ കണ്ട സ്വപ്നംകൂടെ ഇവിടെ വിവരിക്കട്ടെ.
ലോറൻസ് സ്റ്റേണ്‍ വന്നുനില്ക്കുന്നു എന്റെ മുൻപിൽ. അദ്ദേഹം പറയുന്നു:“നീ എന്റെ കഥയെക്കുറിച്ചു് എഴുതിയതു ശരി. തികച്ചും ഒറിജിനലായ കഥയാണതു്.” സ്റ്റേണ്‍ മറഞ്ഞപ്പോൾ അലൻപോ വന്നുനിന്നു. അദ്ദേഹം പറഞ്ഞു: നീ പരിഹാസത്തിന്റെ മട്ടിൽ എന്റെ കഥ മോഷണമാണെന്നു പറഞ്ഞല്ലോ. ശരിയല്ല അതു്. ഞാൻ സ്റ്റേണിന്റെ നോവൽ വായിച്ചിട്ടില്ല.”
അതാ ഗൊഗൽ വന്നുനില്ക്കുന്നു. അദ്ദേഹം പറയുന്നു: “എടാ ഞാൻ ഒരിടത്തുനിന്നും എടുത്തതല്ല ഈ കഥ. പ്രമേയത്തിലും പ്രതിപാദനരീതിയിലും അതു് സ്റ്റേണിന്റെയും പോയുടെയും കഥകളിൽ നിന്നു മാറിനില്ക്കുന്നു. ഞാനും പോയും സമകാലികരായിരുന്നു. ആരാണു മൂക്കിനെക്കുറിച്ചു് ആദ്യമെഴുതിയതെന്നു നിനക്കറിയാമോ?”
ഗൊഗൽ മറഞ്ഞപ്പോൾ ബേപ്പൂർ സുൽത്താൻ. അദ്ദേഹം പറയുന്നു:“സ്റ്റുപിഡ് മങ്കൂസേ, നീ പറഞ്ഞതൊക്കെ തെറ്റു്. എന്റെ മൗലിക പ്രതിഭയിൽനിന്നും ജനിച്ച ഇക്കഥയുടെ മനോഹാരിത ആസ്വദിക്കാൻ നിനക്കു കെല്പില്ല. ഞാൻ സ്റ്റോണിനേയും അറിയില്ല. പോയേയും അറിയില്ല. ആരെടാ ഈ പെരിഞ്ചക്കോടൻ ഗൊഗൽ.”
എല്ലാവരും മറഞ്ഞു. നീണ്ട ഒരുമൂക്കു സ്രാസ്ബൂറിൽനിന്നു ബോസ്റ്റണിലേയ്ക്ക് അന്തരീക്ഷത്തിലൂടെ ഒഴുകുന്നു. അവിടെനിന്നു് അതു് റഷ്യയിലേക്കു ഒഴുകുന്നു. പിന്നീടു് നീളം കൂടിയ ആ മൂക്കു തന്നെ വൈക്കത്തേക്കു് ഒഴുകുന്നു… ഞാൻ കണ്ണു തുറന്നു. ആരുമില്ല. എന്തൊരു സ്വപ്നം!