images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
സാഹിത്യത്തിലെ പ്രചാരണം
images/mkn-mr5-01.jpg
പാവ്ലോ നെറൂത

ഈ ശതാബ്ദത്തിലെ ഏറ്റവും ശ്രേഷ്ഠനായ കവി ആരെന്നു് ഈ ലേഖകനോടു ചോദിച്ചാൽ പാവ്ലോ നെറൂത എന്നായിരിക്കും ഉത്തരം. ലയത്തിന്റെയും ശൈലിയുടെയും ജീവിതാഭിവീക്ഷണത്തിന്റെയും സാന്ദ്രതകൾ വേർതിരിച്ചെടുക്കാൻ വയ്യാത്തവിധം ഒന്നിച്ചുചേരുമ്പോഴാണു് കവിത മഹനീയമായിബ്ഭവിക്കുന്നതു്. അതിനെ കാവ്യമന്ത്രം എന്നുവരെ വിളിക്കാം. ആ രീതിയിലുള്ള കാവ്യമന്ത്രങ്ങളുടെ രചയിതാവാണു് നെറൂത. എങ്കിലും രാഷ്ട്രവ്യവഹാരത്തിന്റെ കണ്ണാടിയിൽക്കൂടിമാത്രം കാവ്യങ്ങളെ നോക്കുന്നവർ, കവികളെ സംവീക്ഷണം ചെയ്യുന്നവർ അദ്ദേഹത്തെ പ്രചാരകൻ എന്നു വിളിക്കുന്നു. ഈ ലോകത്തുള്ള ഏതിനെക്കുറിച്ചും മനുഷ്യനു വികാരമുണ്ടാകാം; അതു ചിലപ്പോൾ ഉത്കടവികാരവുമാകാം. കാമുകിയെ കണ്ടിട്ടുണ്ടായ കാമാവേശത്തേയോ പ്രേമാവേശത്തേയോ കാമുകൻ—കവി—ആവിഷ്ക്കരിച്ചാൽ ആരും അയാളെ പ്രചാരകൻ എന്നു വിളിക്കുന്നില്ല, ക്രൗഞ്ചപക്ഷികളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തിയപ്പോൾ ഇണപ്പക്ഷി കരഞ്ഞു. ആ രോദനം കേട്ടും ആ കാഴ്ച കണ്ടും ഉത്കടവികാരത്തിനു വിധേയനായ കവി “മാ നിഷാദ” എന്നാരംഭിക്കുന്ന ശ്ലോകം ചൊല്ലി. അതിൽ ഒരനുപത്തിയും ആരും ദർശിക്കുന്നില്ല. എന്നാൽ, ഫ്രാങ്കോയുടെ നൃശംസത കണ്ടു നെറൂത.

Treacherous
generals
look at my dead house,
look at broken Spain:
but from each dead house comes burning metal
instead of flowers,
but from each hollow of Spain
Spain comes forth
but from each dead child comes a gun with eyes,
but from each crime are born bullets
that will one day seek out in you
were the heart lies
(Spain in our Hearts)

എന്നെഴുതുമ്പോൾ അതു പ്രചാരണമെന്നു് അപഹസിക്കപ്പെടുന്നു. എന്നാൽ, അവരെന്തുകൊണ്ടു് വള്ളത്തോളിന്റെ “എന്റെ ഗുരുനാഥൻ” എന്ന കാവ്യത്തെ പ്രചാരണമായി ദർശിക്കുന്നില്ല? നെറൂതയുടെ കാവ്യത്തിലും വള്ളത്തോളിന്റെ കാവ്യത്തിലും കലാപരമായ ആവശ്യകതയ്ക്കുമതീതമായ ഉത്കടവികാരമുണ്ടു്. Spain in our Hearts എന്ന കാവ്യം രചിച്ച നെറൂത പ്രചാരകനാണെങ്കിൽ ‘എന്റെ ഗുരുനാഥൻ’ എഴുതിയ വള്ളത്തോളും പ്രചാരകൻ തന്നെ. അതംഗീകരിക്കാൻ നിഷ്പക്ഷചിന്താഗതിയുള്ളവർക്കുപോലും പ്രയാസം. ഗാന്ധിജിയെക്കുറിച്ചു് ഐൻസ്റ്റൈനും മാർട്ടിൻലൂതർ കിംഗും പറഞ്ഞ വാക്യങ്ങൾ ഉദ്ധരിച്ചിട്ടു് ഏതും സമചിത്തതയോടെ വീക്ഷിക്കുന്ന ശ്രീ. കൈനിക്കര കുമാരപിള്ള പറയുന്നു: “അനപേക്ഷിതമായി അഭിജ്ഞലോകം നടത്തിയ ആ വിധിയെഴുത്തിനെ ഗംഭീരസുന്ദരമായ കാവ്യരൂപമാണു് വള്ളത്തോളിന്റെ “എന്റെ ഗുരുനാഥൻ” കമ്മ്യൂണിസത്തിന്റെ പ്രചാരണമോ? എന്നാലതു നിന്ദ്യം. ഗാന്ധിസത്തിന്റെ പ്രചാരണമോ? എന്നാലതു ശ്രേഷ്ഠം. ഈ ചിന്താഗതി സാഹിത്യനിരൂപണത്തിൽ പ്രവർത്തിക്കുന്ന ഈ ലേഖകനു് സ്വീകരണീയമല്ല.

ചില പ്രതിരൂപങ്ങൾകൊണ്ടു്—കൊടി, സ്മാരകങ്ങൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ ഇവകൊണ്ടു്—ബഹുജനത്തെ ‘മാനിപ്പുലേറ്റു്’ ചെയ്യുന്നതിനേയാണു് പ്രചാരണമെന്നു വിളിക്കുന്നതെങ്കിൽ അതു് രാഷ്ട്രവ്യവഹാരത്തിൽപ്പെട്ടവർമാത്രം അനുഷ്ഠിക്കുന്ന കൃത്യമല്ല, ലെനിന്റെ agitprop എന്ന ചിന്താഗതിയെ ആക്ഷേപിക്കുന്നവർ തന്നെ മറ്റൊരു വിധത്തിലുള്ള പ്രക്ഷോഭണത്തെയും പ്രചാരണത്തെയും അംഗീകരിക്കുന്നവരാണു്. മിഷനറിമാരുടെ പ്രവർത്തനം ഒരുദാഹരണം. ഉദ്ബുദ്ധമായ ആത്മലാഭമാണു്—enlightened self-interest—മിഷനറി പ്രവർത്തനത്തിന്റെ ലക്ഷ്യം; agitprop-ൽ ആ ലക്ഷ്യമില്ല എന്നു ചിലർ പ്രഖ്യാപിച്ചേക്കും. ആ പ്രഖ്യാപനത്തിൽ കഴമ്പില്ല. വിപ്ലവത്തിലൂടെയുള്ള സോഷ്യലിസം “ഉദ്ബുദ്ധമായ ആത്മലാഭം” തന്നെയാണല്ലോ. ഇത്രയും പറഞ്ഞതിൽനിന്നു് നെറൂതയെ മാത്രം പ്രചാരകനെന്നു വിളിക്കുന്നതിൽ ഒരർത്ഥവുമില്ലെന്നു തെളിയുന്നുണ്ടല്ലോ. കത്തോലിക്കാമതത്തിനും രാജാധിപത്യത്തിനും വേണ്ടി റ്റി. എസ്. എല്യറ്റ് എന്തു പ്രചാരവേല ചെയ്തുവോ, അദ്ധ്യാത്മികത്വത്തിനുവേണ്ടി അരവിന്ദഘോഷ് എന്തു പ്രചാരമനുഷ്ഠിച്ചുവോ അതിൽക്കവിഞ്ഞ ഒരു പ്രചാരണവും നെറൂത കമ്മ്യൂണിസത്തിനുവേണ്ടി ചെയ്തിട്ടില്ല. നെറൂതയുടെ കൃത്യം ഗർഹണീയമാണെങ്കിൽ എല്യറ്റിന്റെയും യേറ്റ്സിന്റെയും അരവിന്ദഘോഷിന്റെയും കൃത്യങ്ങൾ ഗർഹണീയങ്ങൾ തന്നെ. ഫ്രാങ്കോയെ നരകത്തിലിടണമെന്നും മറ്റുള്ള യാതനകൾക്ക് അയാൾ വിധേയനാകുന്നതിനുപുറമേ ചോര, മഴയെന്നപോലെ അയാളുടെ പുറത്തു വീണുകൊണ്ടിരിക്കണമെന്നും അയാൾ സ്പെയിനിൽവച്ചു് തുരന്നെടുത്ത കണ്ണുകളുടെ പ്രവാഹം അനന്തമായി അയാളുടെ ശരീരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കണമെന്നും നെറൂത നിർദ്ദേശിക്കുന്നു (… let blood fall upon you like rain, and let a dying river of severed eyes slide and flow over you staring at you endlessly.) ഫ്രാങ്കോ എന്ന രാക്ഷസനോടു് കടുത്ത വെറുപ്പും നെറൂത എന്ന മഹാകവിയോടു് അനിർവാച്യമായ ബഹുമാനവുമുള്ള എനിക്ക് ഇതു് ഉത്കൃഷ്ടകാവ്യമായി അംഗീകരിക്കാൻ വയ്യ. പക്ഷേ ഇതു് വിദ്വേഷമാവിഷ്ക്കരിക്കുന്ന കാവ്യമാണെന്നു് ഞാൻ അറിയുന്നുണ്ടു്. വിദ്വേഷത്തിന്റെ സ്ഫുടീകരണത്തിൽ സ്ഥൂലീകരണം വരും. സൗന്ദര്യമില്ലാത്ത സ്ത്രീയുടെ ശരീരത്തെ “നവനീതത്തിനു നാണമണയ്ക്കും” തനുലതയായി കാണുന്ന കവിയുടെ സ്ഥൂലീകരണപ്രവണതയ്ക്കു സദൃശമായ പ്രവണത തന്നെയാണതു്. My love is like a red red rose എന്നു് ഒരു പെണ്ണിനെക്കുറിച്ചു് പറയാമെങ്കിൽ മനുഷ്യാധമനായ ഫ്രാങ്കോയെ “miserable leaf of salt, dog of the earth, ill-born pall or of shadow” എന്നൊക്കെ നെറൂതയ്ക്കും വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ Canto General എന്ന മഹാകാവ്യത്തിലെ The Heights of Macchu Picchu എന്ന കാവ്യഖണ്ഡവും മറ്റു ഖണ്ഡങ്ങളിലെ ചില കാവ്യങ്ങളും മാത്രമേ എനിക്കു വായിക്കാൻ കിട്ടിയിട്ടുള്ളു. അവയിൽ പലയിടങ്ങളിലും നെറൂത സേച്ഛാധികാരികളെയും മുതലാളിത്തവ്യവസ്ഥിതിയെ സംരക്ഷിക്കുന്നവരെയും ‘Cruel Pig’, ‘Jackal with gloves’, ‘New York wolves’ എന്നൊക്കെ വിളിച്ചിരിക്കുന്നു. Mass communication എന്നതിനെ ലക്ഷ്യമാക്കിയുള്ള സംബോധനകളാണിവ. അവയ്ക്ക് കവിതയുമായി ബന്ധമില്ലെന്നു് നമ്മളെക്കാൾ നെറൂതയ്ക്കുതന്നെ അറിയാം.

കവിത, പുതിയ ഭാഷയിൽ പറഞ്ഞാൽ “ബോധപൂർവ്വം” പ്രചാരണാത്മകമാകുമ്പോൾ അത്യുക്തിയും സ്ഥൂലീകരണവും വരതിരിക്കില്ല. ശുദ്ധമായ കവിതയ്ക്ക് ആ ദോഷമൊട്ടില്ലതാനും. എങ്ങനെയാണു് കവിത, കല ഇവ വിശുദ്ധിയാർജ്ജിക്കുന്നതു്? വികാരം എപ്പോഴും സവിശേഷമായതിനോടു ബന്ധപ്പെട്ടിരിക്കുകയാണു്. കവി അതിനെ സാർവജനീനമാക്കണം. അപ്പോൾ ആവിഷ്ക്കാരത്തിനു് അപരിമേയസ്വഭാവം വരും. നെറൂത Matilde Vrrutia-യെ സ്നേഹിച്ചിരുന്ന കാലത്താണു് The Captains’ Verses എന്ന പ്രേമകാവ്യം രചിച്ചതു്.

Do you remember, my love
Our first steps on the island?
The gray stones knew us,
the rain squalls,
the shouts of the wind in the shadow.
But the fire was
our only friend,
next to it we hugged
the sweet winter love
with four arms
The fire saw our naked kiss grow
until it touched hidden stars,
… … … …

എന്നൊക്കെ നെറൂത എഴുതുമ്പോൾ സ്നേഹം മറ്റിൽഡയോടാണെന്നും ദ്വീപു് കാപ്രീദ്വീപാണെന്നും നമുക്കറിയാം. എങ്കിലും, സവിശേഷതയിൽ നിന്നകന്നു് ആ വികാരത്തിനും ദ്വീപിനും സാർവജനീന സ്വഭാവം കൈവരുന്നു. അതിനാൽ എക്സ്പ്രഷനു്—ആവിഷ്ക്കാരത്തിനു്—അനന്തതയെന്ന ഗുണമുണ്ടാകുന്നു. അല്ലെങ്കിൽ, അപരിമേയസ്വഭാവം സിദ്ധിക്കുന്നു. വികാരം സവിശേഷമായതിൽത്തന്നെ വർത്തിക്കുമ്പോൾ ആവിഷ്ക്കാരത്തിനു് പരിമേയസ്വഭാവമേയുള്ളു. അതു് കലയുടെ ധർമ്മത്തിനു വിരുദ്ധമാണു്.

മലയാള സാഹിത്യത്തിൽ പുരോഗമനത്തിന്റെ പേരുംപറഞ്ഞു് ആവിർഭവിച്ച കാവ്യങ്ങൾക്കും കഥകൾക്കും സാർവജനീന സ്വഭാവമില്ല. അവയുടെ എക്സ്പ്രഷനു് അപരിമേയത്വവുമില്ല. അതുകൊണ്ടാണു് ഇന്നു് അവ വിസ്മരിക്കപ്പെട്ടിരിക്കുന്നതു്.

“പുണ്യശാലിനി നീ പകർന്നിടുമി
ത്തണ്ണീർ തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം.”
(ആശാൻ)

എന്ന വരികൾക്കു സദൃശങ്ങളായ എന്തെങ്കിലും വരികൾ പുരോഗമന സാഹിത്യത്തിന്റെ കാലത്തുണ്ടായ കാവ്യങ്ങളിൽനിന്നു് എടുത്തുകാണിക്കാനാകുമോ? കമ്മ്യൂണിസ്റ്റായ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായ Window എന്നൊരു നാടകം രചിച്ചിട്ടുണ്ടു്. സർക്കാർ സൂര്യപ്രകാശത്തിനു് കരം ചുമത്തുന്നു. തൊഴിലാളികൾ അതു കൊടുക്കാത്തതുകൊണ്ടു് സർക്കാർ അവരുടെ വീടുകളിലെ കണ്ണാടി ജനലുകളിൽ കീലു പുരട്ടുന്നു. തൊഴിലാളികൾ ഒരുമിച്ചു കൂടി ആലോചിച്ചതിനുശേഷം കണ്ണാടികൾ കൈകൊണ്ടു് ഇടിച്ചുപൊളിക്കുന്നു. അപ്പോൾ ഇളംചുവപ്പുനിറമുള്ള സൂര്യരശ്മികൾ അവരുടെ ഭവനങ്ങളിലേക്കു് കടന്നുവരുന്നു. ഈ നാടകത്തിനുള്ള ശക്തി മലയാളസാഹിത്യത്തിൽ പുരോഗമനത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഏതു കൃതിയ്ക്ക് ലഭിച്ചിട്ടുണ്ടു്?

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.