images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
പേരയ്ക്കയുടെ സൗരഭ്യം

1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കൊളമ്പിയൻ നോവലിസ്റ്റ് ഗാബ്രീയൽ ഗാർസീ ആ മാർകേസിന്റെ (Gabriel Garcia Marques) ഉത്കൃഷ്ടമായ കൃതി “നൂറു വർഷങ്ങളുടെ ഏകാന്തത”യാണെന്നു നിരൂപകർ പറയുന്നു. മാർകേസിനു് ആ അഭിപ്രായത്തോടു യോജിപ്പില്ല. ആ നോവൽ വെറുമൊരു നേരമ്പോക്കാണെന്നും അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചുള്ള കാവ്യമായി താൻ കരുതുന്ന “വംശാധിപതിയുടെ വീഴ്ച” (The Autumn of the Patriarch) എന്ന തന്റെ നോവലിനാണു് ഉത്ക്കൃഷ്ടതയുള്ളതെന്നും അദ്ദേഹം ഉദ്ഘോഷിക്കുന്നു. നോവലിസ്റ്റിന്റെ ഈ മതത്തിനു് എന്തു സാധുതയുണ്ടെന്നു് നമ്മൾ ഈ സന്ദർഭത്തിൽ അന്വേഷിക്കേണ്ടതില്ല. അതിനോടു ബന്ധമില്ലാത്ത മറ്റൊരു കാര്യമാണു് ഇവിടെ പരിഗണിക്കുന്നതു്. “നൂറു വർഷങ്ങളുടെ ഏകാന്തത”യിലെ പ്രധാനപ്പെട്ട കഥാപാത്രമാണു് കേണൽ ഒറീലിയാനോ ബ്വേന്തിയ. അയാൾ ആഭ്യന്തരയുദ്ധവീരനായിരിക്കണമെന്നും ഒരു മരത്തിന്റെ ചുവട്ടിൽനിന്നു മൂത്രമൊഴിച്ചുകൊണ്ടു നിൽക്കുമ്പോൾ മരിച്ചുവീഴണമെന്നുമാണു് മാർകേസ് ആദ്യമായി സങ്കല്പിച്ചതു്. അദ്ദേഹത്തിനു് അയാളെ കൊല്ലാൻ ധൈര്യമുണ്ടായില്ല. കേണൽ വൃദ്ധനായി. ഒരുദിവസം ഉച്ചയ്ക്ക് മാർകേസ് വിചാരിച്ചു അയാളെ കൊല്ലണമെന്നു്. ആ അദ്ധ്യായം എഴുതിത്തീർത്തിട്ടു് അദ്ദേഹം വിറച്ചുകൊണ്ടു് ഭാര്യ മെർതിഡസിന്റെ (Mercedes) അടുക്കലെത്തി. മാർകേസിന്റെ മുഖം കണ്ടയുടനെ അവരൂഹിച്ചു എന്തുസംഭവിച്ചുവെന്നു്. “കേണൽ മരിച്ചു” എന്നു മെർതിഡസ് പറഞ്ഞു. മാർകേസ് കിടക്കയിലേക്കു വീണു. രണ്ടു മണിക്കൂർനേരം അദ്ദേഹം കരഞ്ഞു. കലാകാരന്മാർക്കു തങ്ങളുടെ കഥാപാത്രങ്ങൾ ജീവനാർന്ന മനുഷ്യരെക്കാൾ ചൈതന്യമാർന്നവമാണു്. അവയെ അവർ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ആ കഥാപാത്രങ്ങൾ നോവലുകളിലും നാടകങ്ങളിലും മരിക്കുമ്പോൾ അവയുടെ ജനയിതാക്കൾ വിലപിക്കും. “നോവലെഴുതുമ്പോൾ എഴുത്തുകാരൻ ജീവനുള്ള ആളുകളെയാണു് സൃഷ്ടിക്കേണ്ടതു്; ആളുകളെയാണു് കഥാപാത്രങ്ങളെയല്ല. കഥാപാത്രം ഹാസ്യചിത്രം മാത്രമാണു്” എന്നു് ഹെമിങ്വേ Death in the Afternoon എന്ന കൃതിയിൽ പറഞ്ഞിട്ടുണ്ടു്. ഹെമിങ്വേയെ ബഹുമാനിക്കുന്ന മാർകേസ് ജീവനുള്ള ബ്വേന്തിയയെ സൃഷ്ടിച്ചപ്പോൾ അയാളെ എന്തെന്നില്ലാതെ സ്നേഹിച്ചു. അയാളുടെ മരണം അനിവാര്യം. അയാൾ മരിച്ചപ്പോൾ മാർക്കേസ് കിടക്കയിൽ കിടന്നു രണ്ടുമണിക്കൂർ നേരം കരഞ്ഞു. ഇതുപോലുള്ള രസകരങ്ങളായ വസ്തുതകൾ വായനക്കാർക്ക് കൂടുതലായി അറിയണമെന്നുണ്ടോ? ഉണ്ടെങ്കിൽ “പേരയ്ക്കയുടെ സൗരഭ്യം” എന്ന അതിസുന്ദരമായ ഗ്രന്ഥം വായിച്ചാലും. (The Fragrance of Guava—Plinio Apuleyo Mendoza in conversation with Gabriel Garcia Marquez—Translated by Ann wright—Verso Editions, Greek Street, London W1-4-50) കൊളംബിയയിലെ വേറൊരു നോവലിസ്റ്റും മാർകേസിന്റെ ആപ്തമിത്രവുമായ പ്ലീനിയോ അപ്യൂലിയോമേൻ ഡോതാ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ “ലേഖപ്രമാണ”മാണു് ഈ ഗ്രന്ഥം. വായനക്കാരുടെ കണ്ണുകളിലേക്കുനോക്കി പുഞ്ചിരി പൊഴിക്കുന്ന മാർകേസ് കവർപേജിൽ അമ്പത്തിമൂന്നാമത്തെ വയസ്സിലെടുത്ത ഫോട്ടോയാണതു്. ഗ്രന്ഥം തുറക്കൂ. മാർകേസിന്റെ രണ്ടാമത്തെ വയസ്സിലെടുത്ത ചിത്രം. പതിന്നാലു വയസ്സുള്ളപ്പോഴുള്ള ചിത്രം. വിശ്വവിഖ്യാതരായ ആർജന്റൈൻ നോവലിസ്റ്റ് ഹൂല്യോ കോർട്ടാസാർ (Julio Cortazar) പെറുവ്യൻ നോവലിസ്റ്റ് മാര്യോ വാർഗാസ് യോസാ (Mario Vargas Liosa) ഇവരോടൊരുമിച്ചു് മാർക്കേസ് ഇരിക്കുന്ന പടമൊരിടത്തു്. ചെക്ക് നോവലിസ്റ്റ് മിലാൻകൂൻഡേരയോടും ഫ്രഞ്ച് ദാർശനികൻ ഷ്യൂൾ റേഷീസ് ദബ്രേയോടുംകൂടി മാർകേസ് നില്ക്കുന്ന ചിത്രം വേറൊരിടത്തു്. ദബ്രേ അദ്ദേഹത്തിന്റെ തോളിൽ മുഖമമർത്തി നില്ക്കുകയാണു്. കൂൻഡേര തെല്ലകലെ. മൂന്നുപേരും ചിരിക്കുന്നു. ഫീഡൽ കാസ്ട്രേയോടൊരുമിച്ചു് മാർകേസ് നടന്നുപോകുന്ന പടം ഇനിയൊരിടത്തു കാണാം.

വെള്ള നീരാളം ധരിച്ച സുന്ദരിയായ യുവതിയെപ്പോലെ ഈ ഗ്രന്ഥം എന്റെ മേശയുടെ പുറത്തു കിടക്കുന്നു. സ്പർശിക്കു. അവളിൽനിന്നു പ്രതികരണമുണ്ടാകും.

തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള റിപ്പബ്ലിക്കാണല്ലോ കൊളമ്പിയ. അവിടെ ആരക്കാറ്റക്ക എന്നൊരു പട്ടണമുണ്ടു്. വാഴക്കൃഷികൊണ്ടു് സമ്പന്നമായി ഭവിച്ചതാണു് ആ നഗരം. മാർകേസ് ജനിച്ചപ്പോൾ ആരക്കാറ്റക്ക പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. വാഴക്കൃഷി നടത്തുന്ന സമ്പന്നന്മാരുടെ മുൻപിൽ ഉടുതുണിയില്ലാതെ യുവതികൾ നൃത്തം ചെയ്യും. അവർ ബാങ്ക് നോട്ടു് കത്തിച്ചു് ചുരുട്ടിനു് തീ പിടിപ്പിക്കും. പുഷ്പങ്ങളുടെ സൗരഭ്യവും ചീവീടിന്റെ ശബ്ദവും തങ്ങിനിൽക്കുന്ന ഉഷ്ണമേഖലായാമിനി ഭവനത്തിൽവന്നു് ആഘാതമേല്പ്പിക്കുമ്പോൾ അഞ്ചുവയസ്സായ മാർകേസിനെ കസേരയിൽ ഉറപ്പിച്ചിരുത്തിയിട്ടു് അവന്റെ മുത്തശ്ശി പറയും “നീ അനങ്ങുകയാണെങ്കിൽ പെട്രാ അമ്മായി മുറിയിൽനിന്നു പുറത്തുവരും. ചിലപ്പോൾ ലാസറോ അമ്മാവനായിരിക്കും.” രണ്ടുപേരും മരിച്ചവർ. ഇന്നും മാർകേസ് റോമിലോ ബാങ്കോക്കിലോ ഉള്ള ഏതെങ്കിലും ഹോട്ടൽ മുറിയിൽ അർദ്ധരാത്രിയിൽ പെട്ടെന്നുണരുമ്പോൾ ശൈശവത്തിലെ ആ ഭീതി അദ്ദേഹത്തിനു ഉണ്ടാകും. മരിച്ച ബന്ധുക്കൾ ഇരുട്ടിൽ ഉണ്ടെന്നു തോന്നും.

മാർകേസ് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും (അമ്മവഴിക്കുള്ള ബന്ധം) വീട്ടിലാണു് താമസിച്ചതു്. കാരണമുണ്ടു്. മാർകേസിന്റെ അമ്മ ലൂയിസ ആ പട്ടണത്തിലെ സുന്ദരികളിൽ ഒരുവളായിരുന്നു. ഒരു ‘ടെലിഫോണ്‍ ഓപ്പറേറ്റർ’ അവരെക്കണ്ടു പ്രേമത്തിൽ വീണു. നിസ്സാരമായ ജോലിയുള്ള അയാൾക്കു ലൂയിസയെ വിവാഹം കഴിച്ചുകൊടുക്കാൻ വീട്ടുകാർക്കു സമ്മതിമില്ല. പക്ഷേ, ലൂയിസ എവിടെ പോകുമോ അവിടെയൊക്കെ ടെലിഫോണ്‍ ഓപ്പറേറ്ററുടെ കമ്പിസന്ദേശം—പ്രേമാഭ്യർത്ഥന നടത്തുന്ന കമ്പിസന്ദേശം—ചിത്രശലഭത്തെപ്പോലെ പറന്നുചെല്ലും. ആ ഭക്തി കണ്ടു് വീട്ടുകാർക്കു കീഴടങ്ങേണ്ടതായി വന്നു. ഓപ്പറേറ്റർ ലൂയിസയെ വിവാഹം കഴിച്ചു. ആരകാറ്റക്കയിൽ മാർകേസ് ജനിച്ചപ്പോൾ ലൂയിസ കുഞ്ഞിനെ മുത്തശ്ശിയേയും മുത്തച്ഛനെയുമാണു് വളർത്താനേല്പിച്ചതു്. ടെലിഫോണ്‍ ഓപ്പറേറ്ററുമായുള്ള ബന്ധം ജനിപ്പിച്ച കയ്പു് അങ്ങനെ തെല്ലൊന്നു കുറയ്ക്കാമെന്നു് ലൂയിസ വിചാരിച്ചിരിക്കാം.

കൊളമ്പിയ തലസ്ഥാനമായ ബൊഗൊട്ടിയിലാണു് മാർകേസ് സെക്കന്ററി സ്ക്കൂൾ വിദ്യാഭ്യാസം നിർവഹിച്ചതു് ‘മാജിക്‍മൗണ്ടൻ’ (തോമസ്മൻ) ‘ലേട്രവാ മൂസ്കറ്റർ’ (The three Musketeers)—എലക്‍സാങ്ങ്ദ്ര ദ്യുമാ, നോത്ര ദം ദ പറീ’ The Hunch back of Notre Dame വിക്‍തോർ യൂഗോ) ഈ നോവലുകൾ ഉറക്കെ വായിക്കുന്നതു് മാർകേസ് കേൾക്കും. ഫ്രഞ്ച് നോവലിസ്റ്റ് ഷ്യൂൾ വെറന്റെ കൃതികൾ വായിക്കും. യുവാക്കളായ ചില കൊളമ്പിയൻ കവികളുടെ സ്വാധീനശക്തിയിൽ മാർകേസ് അമർന്നു. സെക്കൻഡറി സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ബൊഗൊട്ടയിലെ നാഷനൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിച്ചു അദ്ദേഹം. നിയമഗ്രന്ഥങ്ങൾ പഠിക്കുന്നതിനുപകരം മാർകേസ് കാവ്യഗ്രന്ഥങ്ങളാനു് ഏറെ വായിച്ചതു്. നോവലിൽ കൗതുകമുൻടായതു് കാഫ്കയുടെ Metamorphosis എന്ന കഥ ഒരു രാത്രിയിൽ വായിച്ചതോടെയാണു്. “ഗ്രിഗർ സാംസ അസ്വസ്ഥങ്ങളായ സ്വപ്നങ്ങൾ കണ്ടിട്ടു് ഒരു ദിവസം കാലത്തുണർന്നപ്പോൾ താനൊരു വലിയ ഷട്പദമായി മാറി കിടക്കയിൽ കിടക്കുന്നതായി കണ്ടു.” വിറച്ചുകൊണ്ടു് മാർകേസ് പുസ്തകമടച്ചു. “ക്രിസ്തുവേ, അപ്പോൾ ഇതാണു് നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതു്” എന്നു് അദ്ദേഹം വിചാരിച്ചു. അടുത്ത ദിവസം മാർകേസ് ആദ്യമായി കഥയെഴുതി.

ഇരുപതു വയസുള്ള ആ യുവാവു് യൂണിവേഴ്സിറ്റി വിട്ടു. ഒരു വർത്തമാനപ്പത്രത്തിന്റെ സബ് എഡിറ്ററായി. ദസ്തേയേവ്സ്കി, ടോൾസ്റ്റോയി, ഡിക്കൻസ് ഫ്ളോബർ, വെൽസാക്‍, സൊല ഇവരുടെ നോവലുകളിൽ അദ്ദേഹം മുഴുകി.

നോവലുകൾ

ദിനപത്രത്തിന്റെ ശൂന്യമായ എഡിറ്റോറിയൽ ഓഫീസിലിരുന്നു് ഒരുതരം നിശ്ശബ്ദമായ ആവേശത്തോടുകൂടിയാണു് മാർകേസ് Leaf Storm എന്ന ആദ്യത്തെ നോവൽ രചിച്ചതു്. അതു ശക്തിയാർന്ന ഗ്രന്ഥമാണെങ്കിലും അദ്ദേഹം പ്രശസ്തനായില്ല. അഞ്ചാമത്തെ നോവലായ “ഏകാന്തങ്ങളായ നൂറു വർഷങ്ങൾ” പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണു് മാർകേസ് വിശ്വവിഖ്യാതി നേടിയതു്.

Leaf Storm-നു ശേഷം In Evil Hour എന്ന നോവൽ. ഇതിനിടയ്ക്കു് No one writes to the Colonel എന്ന ദീർഘമായ കഥയും. അതെല്ലാം കാത്തിരിപ്പിന്റെ കാലമായിരുന്നു. വരാത്ത പെൻഷനു വേണ്ടി കാത്തിരുന്ന കേണലിന്റെ അവസ്ഥയായിരുന്നു അദ്ദേഹത്തിനു്. ‘ഏകാന്തങ്ങളായ നൂറു വർഷങ്ങൾ’ ബ്വേനേസ് ഐറിസിലെ ഒരു ഗ്രന്ഥ പ്രസാധക സംഘം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ആദ്യം പതിനായിരം കോപ്പിയാണു് അവർ അച്ചടിക്കാമെന്നു് കരുതിയതു്. നോവലിന്റെ പ്രൂഫ് കണ്ട അവരുടെ വിദഗ്ദ്ധന്മാർ ഉപദേശിച്ചതനുസരിച്ചു്, ഗ്രന്ഥത്തിന്റെ കോപ്പികൾ ഇരുപതിനായിരമാക്കി വർദ്ധിപ്പിച്ചു.

ഇന്നു്

ഇന്നു മാർകേസ് വളരെ മാറിയിരിക്കുന്നു. ദിവസം നാല്പതു സിഗരറ്റ് വലിച്ചിരുന്ന അദ്ദേഹം ഇന്നു സിഗററ്റ് തൊടുന്നില്ല. മാർകേസിനെ മുൻപ് അറിഞ്ഞിരുന്നവർക്കു് അത്ഭുതം ജനിപ്പിക്കുന്ന മട്ടിൽ ഇന്നു് അദ്ദേഹം പ്രശാന്തനാണു്, ഗംഭീരനാണു്. അദ്ദേഹത്തിന്റെ ഭാര്യ മെർതിഡസും ലിറ്റററി ഏജന്റും കൂടി അഭിമുഖസംഭാഷണത്തിനു് ആഗ്രഹിക്കുന്നവരിൽ നിന്നു് അദ്ദേഹത്തെ രക്ഷിക്കുന്നു. “ഏകാന്തങ്ങളായ നൂറു വർഷങ്ങൾ” എഴുതുന്നതിനുമുൻപു് അദ്ദേഹം ധാരാളം കത്തുകൾ മറ്റുള്ളവർക്കു് എഴുതിയിരുന്നു. ഇപ്പോൾ മാർകേസ് കത്തെഴുതുകയില്ല. വേണ്ടിവന്നാൽ ടെലിഫോണിൽ കൂട്ടുകാരെ വിളിച്ചു് സംസാരിക്കും. ആരോ ഒരാൾ അദ്ദേഹത്തിന്റെ കത്തു് പത്രത്തിൽ പരസ്യപ്പെടുത്തി. അതിനുശേഷമാണു് മാർകേസ് ഈ തീരുമാനത്തിലെത്തിയതു്. ടെലിഫോണിനു് ഭീമമായ തുക കൊടുക്കുന്ന എഴുത്തുകാരനാണു് അദ്ദേഹം. ചിലപ്പോൾ അദ്ദേഹം സ്നേഹിതന്മാരെ ഒന്നു കാണാൻ മാത്രമായി അന്യരാജ്യങ്ങളിലേക്കു പോകുകയും ചെയ്യും. ഒരുകാലത്തു് തന്റെ ജീവിതരഹസ്യങ്ങളാകെ അദ്ദേഹം അന്യരോടു പറഞ്ഞിരുന്നു. ഇപ്പോൾ അങ്ങിനെ ചെയ്യാറില്ല. വലിയ ആളുകളുമായി അദ്ദേഹം കൂട്ടുകൂടാറുണ്ടെങ്കിലും ലോകമൊട്ടാകെയുള്ള മഹാവ്യക്തികൾ അദ്ദേഹത്തെ കാണാൻ അനുവാദം ചോദിക്കാറുണ്ടെങ്കിലും കീർത്തി അദ്ദേഹത്തെ ഉന്മത്തനാക്കിയിട്ടില്ല. പഴയ കൂട്ടുകാരിൽ ചിലരൊക്കെ മരിച്ചു. മറ്റുചിലർ—അദ്ദേഹത്തിനു് ജോയിസിന്റെയും ഫോക്നറുടെയും നോവലുകൾ വായിക്കാൻ കൊടുത്തവർ—മുമ്പുള്ള മട്ടിൽത്തന്നെ സുഹൃത്തുക്കളായി വർത്തിക്കുന്നു. അവർക്കു് അദ്ദേഹം മാർകേസല്ല; ‘ഗേബോ’യാണു്, അല്ലെങ്കിൽ ‘ഗേബിറ്റോ’യാണു്.

ദാമ്പത്യം, രാഷ്ട്രവ്യവഹാരം

മാർകേസും മെർതിഡസും ഐക്യമാർന്ന ദമ്പതികളാണു്. അവർക്കു രണ്ടാണ്‍മക്കൾ; റോത്രീഗോയും ഗൊണ്‍താലോയും. (Rodrigo and Gonzalo) അവർ വീട്ടിലെത്തുമ്പോൾ “പ്രസിദ്ധനായ എഴുത്തുകാരനെവിടെ?” എന്നു ചോദിക്കും. അച്ഛനമ്മമാർ മക്കളെ ബഹുമാനിക്കാത്ത രീതിയാണു് ലാറ്റിനമേരിക്കയിൽ. അതിൽനിന്നു വിഭിന്നമായ രീതിയിലാണു് മാർകേസ് പുത്രന്മാരെ വളർത്തിയിട്ടുള്ളതു്.

മഹാനായ ഈ എഴുത്തുകാരന്റെ രാഷ്ട്രീയ വിശ്വാസം എന്താണു്? സെക്കന്ററി സ്ക്കൂളിൽ പഠിച്ച കാലത്തു് അധ്യാപകരിൽ ചിലർ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ മാർകേസിനു രഹസ്യമായി നൽകിയിരുന്നു. അവ വായിച്ചു് മനുഷ്യന്റെ ഭാവി സോഷ്യലിസത്തിലാണെന്നു് അദ്ദേഹം വിശ്വസിച്ചു. യാഥാർത്ഥ്യത്തിന്റെ—സത്യത്തിന്റെ—കാവ്യാത്മകമായ ആവിഷ്ക്കാരങ്ങളാണു് നല്ല നോവലുകളെന്നും മാർകേസ് സ്ക്കൂൾ വിട്ടപ്പോൾ കരുതിയിരുന്നു. ക്യൂബ സോവിയറ്റ് റഷ്യയുടെ ഉപഗ്രഹമാണെന്ന വാദത്തോടു് അദ്ദേഹം യോജിക്കുന്നില്ല. കാസ്റ്റ്ട്രോയുടെ സ്നേഹിതനാണു് മാർകേസെന്നു പറഞ്ഞല്ലോ. പക്ഷേ, 1968-ൽ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്യയിൽ ഇടപെട്ടപ്പോൾ കാസ്റ്റ്ട്രോ അതിനെ അനുകൂലിച്ചു. മാർകേസ് പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു.

കലാജീവിതം—പേരയ്ക്കയുടെ മണം

ഇനി മേൻഡോതായുടെ ചോദ്യങ്ങളിലൂടെയും അവയ്ക്കു മാർകേസ് നൽകുന്ന ഉത്തരങ്ങളിലൂടെയും നമ്മൾ അദ്ദേഹത്തിന്റെ കലാജീവിതത്തിലേക്കു കടക്കുകയാണു്. ചില കലാകാരന്മാർക്കു് ഏതെങ്കിലും ഒരാശയമായിരിക്കും നോവൽ രചനയ്ക്ക് അവലംബമരുളുന്നതു്. മാർകേസിനാകട്ടെ അതു് എപ്പോഴും ഒരു ഇമേജാണു്. ഒരു വിജനപ്രദേശത്തു് ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു സ്ത്രീയും ഒരു പെണ്‍കുട്ടിയും കറുത്ത വസ്ത്രങ്ങൾ ധരിച്ചു് കറുത്ത കുടയുമെടുത്തു് പോകുന്നതു മാർകേസ് കണ്ടു. ഇതാണു് Tuesday Siesta എന്ന മാർകേസിന്റെ ചെറുകഥയ്ക്കു് അവലംബമായതു്. തന്റെ ഏറ്റവും നല്ല കഥ അതാണെന്നു് അദ്ദേഹം കരുതുന്നു. ഒരു വൃദ്ധൻ തന്റെ പേരക്കുട്ടിയെ ശവസംസ്ക്കാരം നടക്കുന്ന ഒരിടത്തേക്കു് കൊണ്ടു പോയതാണു് Leaf Storm എന്ന കൃതിയുടെ ആവിർഭാവത്തിനു ഹേതു. ബാരാൻകീയാ (Barranquilla) തുറമുഖത്തു് ഒരുത്തൻ നിശ്ശബ്ദമായ ഉത്കണ്ഠയോടുകൂടി ബോട്ടു് കാത്തിരുന്നതിന്റെ ഇമേജാണു് No one writes to the colonel എന്ന കൃതിയുടെ രചനയ്ക്കു് ആധാരമായി ഭവിച്ചതു്. വർഷങ്ങൾക്കുശേഷം പാരീസിൽ ഒരെഴുത്തോ മണിയോർഡറോ കാത്തിരുന്ന മാർകേസിനു് അതേ ഉത്കണ്ഠയുണ്ടായി. ആ ഉത്ക്കണ്ഠയെ അദ്ദേഹം പണ്ടുകണ്ട മനുഷ്യന്റെ സ്മരണയോടു കൂട്ടിയിണക്കി. (പെൻഷൻ പറ്റിയ ഒരു ഭടൻ വരാത്ത പെൻഷൻ തുകയ്ക്കുവേണ്ടി എന്നും പോസ്റ്റാഫീസിൽച്ചെന്നു കാത്തിരിക്കുന്നതാണു് ഈ നീണ്ട കഥയുടെ പ്രതിപാദ്യവിഷയം) ഒരു വൃദ്ധൻ ഒരു കൊച്ചുകുട്ടിയെ മഞ്ഞുകട്ടി കാണാൻ കൊണ്ടുപോയി. (മാർകേസിന്റെ മുത്തച്ഛൻ ആ ബാലനെ നേന്ത്രവാഴക്കമ്പനിയിലേക്കു കൊണ്ടുപോയതിന്റെ സ്മരണ) ഈ വിഷ്വൽ ഇമേജാണു് “ഏകാന്തങ്ങളായ നൂറുവർഷങ്ങ”ളുടെ രചനയ്ക്കു് ആധാരം. ഈ രചനകളിലെല്ലാം നോവലിസ്റ്റ് ഗ്രേയം ഗ്രീനിന്റെ ഉപദേശങ്ങൾ മാർകേസിനു വളരെ പ്രയോജനപ്പെട്ടിട്ടുണ്ടു്. സത്യത്തിന്റെ കാവ്യാത്മകങ്ങളായ ആവിഷ്ക്കാരങ്ങളാണു് നോവലുകളെന്നു് അദ്ദേഹം വിശ്വസിക്കുന്നതായി മുൻപു് എഴുതിയല്ലോ. ഉഷ്ണമേഖലയിലെ കാവ്യോദ്ഗ്രഥനാംശങ്ങളെ വേർതിരിച്ചെടുക്കാൻ പ്രയാസമായിരുന്നു മാർകേസിനു്. കോണ്‍റഡിന്റെ നോവലുകൾ വായിച്ചുനോക്കിയിട്ടും പ്രയോജനമുണ്ടായില്ല. അപ്പോഴാണു് ഗ്രീനിന്റെ ഉപദേശം ഫലപ്പെട്ടതു്. അദ്ദേഹത്തിന്റെ നിർദ്ദേശം അംഗീകരിച്ചു പ്രവർത്തിച്ചാൽ ഉഷ്ണമേഖലകളുടെ സമസ്യ മുഴുവൻ അഴുകിയ പേരയ്ക്കയുടെ മണമായി ലഘൂകരിക്കാമെന്നു മാർകസ് മനസ്സിലാക്കി.

മാജിക്കൽ റിയലിസം

സത്യത്തിന്റെ കാവ്യാത്മകമായ സ്ഥാനവിപര്യയമാണു് നല്ല നോവലെന്നു് മാർകേസ് പറഞ്ഞതിനു വിശദീകരണം ആവശ്യപ്പെട്ടു മേൻഡോതാ. ഒരു ഗൂഢാർത്ഥഭാഷയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന സത്യമാണു് നോവലെന്നു മാർകേസ് മറുപടി നൽകി. തക്കാളിയുടെയും മുട്ടയുടെയും വിലയിലാണു് സത്യമിരിക്കുന്നതെന്നു് വിചാരിക്കുന്ന യുക്തിവാദമുണ്ടല്ലോ, അതു തെറ്റാണു്. ലാറ്റിനമേരിക്കയിലെ ദൈനംദിന ജീവിതം മുഴുവൻ അസാധാരണത്വമുള്ളതാണു്. അമേരിക്കൻ ‘എക്സ്പ്ലോററാ’യ അപ്ഡി ഗ്രാഫ് കഴിഞ്ഞ ശതാബ്ദത്തിൽ ആമസോണ്‍ കാടുകളിൽ സഞ്ചരിച്ചപ്പോൾ തിളച്ചുമറിയുന്ന ഒരു നദി കണ്ടു. മനുഷ്യന്റെ ശബ്ദം പുറപ്പെട്ടാലുടനെ മഴ കോരിച്ചൊരിയുന്ന ഒരു സ്ഥലം ദർശിച്ചു. ആർജ്ജെൻറ്റൈനയുടെ തെക്കേയറ്റത്തു് ഒരിക്കൽ ദക്ഷിണധ്രുവത്തിൽനിന്നു് ഒരു കൊടുങ്കാറ്റു വീശി. അതിൽപ്പെട്ടു് ഒരു സർക്കസ് കമ്പനി മുഴുവൻ അപ്രത്യക്ഷമായി. അടുത്ത ദിവസം കാലത്തു് മീൻപിടുത്തക്കാർ തങ്ങളുടെ വലകളിൽ ചത്ത സിംഹങ്ങളും ചത്ത ജിറാഫുകളും വന്നുപെട്ടിരിക്കുന്നതു കണ്ടു. “ഏകാന്തങ്ങളായ നൂറു വർഷങ്ങൾ” രചിച്ചതിനുശേഷം ബാരാൻകീയായിൽ പന്നിവാലോടുകൂടി ഒരു കുട്ടി പ്രത്യക്ഷനായി. ഇതൊക്കെ സർവ്വസാധാരണങ്ങളായ സംഭവങ്ങളായതുകൊണ്ടു് “ഏകാന്തങ്ങളായ നൂറുവർഷങ്ങൾ” വായിക്കുന്നവർക്കു് ഒരത്ഭുതവും ഉണ്ടാകാറില്ല. സത്യത്തിൽ അടിയുറച്ചിട്ടില്ലാത്ത ഒരു വരിപോലും ആ നോവലിൽ ഇല്ലെന്നാണു് മാർകേസിന്റെ വാദം. ഒരു ഇലക്ട്രീഷ്യൻ, മാർകേസ് ശിശുവായിരുന്നപ്പോൾ കൂടക്കൂടെ വീട്ടിൽ വരുമായിരുന്നു. അയാൾ എപ്പോൾ വന്നാലും പിറകെ മഞ്ഞ ചിത്രശലഭങ്ങൾ ഉണ്ടായിരിക്കും.ഇതാണു് നോവലിലെ ഒരു കഥാപാത്രത്തിന്റെ ചുറ്റും മഞ്ഞ ശലഭങ്ങൾ പറക്കുന്നു എന്ന പ്രസ്താവത്തിനു് അവലംബം.

ഇമേജാണല്ലോ ഏതു നോവലിന്റെയും രചനയ്ക്കു ഹേതു. “വംശാധിപതിയുടെ വീഴ്ച” എന്ന നോവലിന്റെ രചന ഏതു് ഇമേജിൽ തുടങ്ങി എന്നു മേൻഡോതാ മാർകേസിനോടു ചോദിച്ചു. “സങ്കല്പിക്കാൻ വയ്യാത്ത വിധത്തിൽ വൃദ്ധനായ ഒരു ഡിക്ടേറ്റർ പശുക്കൾ നിറഞ്ഞ കൊട്ടാരത്തിൽ കിടക്കുന്ന ഇമേജ്” എന്നായിരുന്നു മാർകേസിന്റെ മറുപടി. ഒറ്റ വാക്യത്തിൽ ആ നോവലിനെ നിർവചിക്കാമോ എന്നു വീണ്ടും ചോദ്യം. “അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചുള്ള കാവ്യം” മാർകേസ് ഈ നോവലിനെ കവിതയായി എഴുതുന്നു. തന്റെ മാസ്റ്റർപീസാണു് അതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അന്ധവിശ്വാസം

അസുലഭസിദ്ധികളുള്ള ഈ കലാകാരൻ, ഇടതുപക്ഷ ചിന്താഗതിയുള്ള ഈ പ്രതിഭാശാലി ചില കാര്യങ്ങളിൽ അന്ധവിശ്വാസിയാണെന്നുംകൂടി നമ്മൾ അറിയേണ്ടതുണ്ട്. മെർതിഡസ് എന്നും മഞ്ഞ റോസാപ്പൂ അദ്ദേഹത്തിന്റെ മേശയുടെ പുറത്തു വയ്ക്കാറുണ്ടു്. ഒരുദിവസം മാർകേസ് എഴുതിയിട്ടും എഴുതിയിട്ടും രചന ശരിപ്പെടുന്നില്ല. നോക്കിയപ്പോൾ മേശപ്പുറത്തു പുഷ്പഭാജനത്തിൽ പൂവില്ല. പൂ കൊണ്ടുവരാൻ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. പൂകൊണ്ടു വന്നു. അതോടെ അദ്ദേഹത്തിനു ശരിയായി എഴുതാൻ കഴിഞ്ഞു. തന്റെ ചുറ്റും പൂക്കളോ സ്ത്രീകളോ ഉണ്ടെങ്കിൽ ഒരു ദൗർഭാഗ്യവും സംഭവിക്കുകയില്ലെന്നു് മാർകേസ് വിശ്വസിക്കുന്നു. മഞ്ഞയോടു പ്രതിപത്തി ഉള്ളതുകൊണ്ടു് അദ്ദേഹം സ്വർണ്ണം ഇഷ്ടപ്പെടുന്നുവെന്നു് ധരിക്കാൻ പാടില്ല. മാർകേസിന്റെ വീട്ടിൽ ഒരു തരി സ്വർണ്ണംപോലുമില്ല.

തെക്കേ അമേരിക്കയിലെ വേറൊരു റിപ്പബ്ലിക്കാണു് വെനിസ്വേല. മാർകേസും മെൻഡോതായും ആ രാജ്യത്തുനിന്നു ഒരു കാര്യം മനസ്സിലാക്കി; ചില ആളുകളും വസ്തുക്കളും വാക്കുകളും ദൗർഭാഗ്യം കൊണ്ടുവരുമെന്നു്. വെനിസ്വേലക്കാർക്കു് ഇതിനൊരു വാക്കുണ്ടു്, പാവ (Pava) വീട്ടിനകത്തെ അക്വേറിയം, പ്ലാസ്റ്റിക്ക് പൂക്കൾ, മാനിലഷാൾ ഇങ്ങനെ നീണ്ടുപോകുന്നു ദൗർഭാഗ്യം ആനയിക്കുന്ന വസ്തുക്കളുടെ പട്ടിക. കൈയില്ലാത്തവൻ കാലുകൊണ്ടു മദ്ദളമടിക്കുന്നതു്, കണ്ണില്ലാത്തവൻ പാടുന്നതു് ഇവയെല്ലാം Pava തന്നെ. and/or, in order to, over and above ഈ പ്രയോഗങ്ങളൊക്കെ മാർകേസ് ഒഴിവാക്കും. അവയും ദൗർഭാഗ്യം വരുത്തുമത്രേ. സഹജാവബോധംകൊണ്ടു് ഭാവികാര്യങ്ങളറിയാൻ മാർകേസിനു വൈഭവമുണ്ടു്. ഒരുദിവസം അദ്ദേഹത്തിന്റെ മകൻ റോത്രീഗോ കാറിൽ ആക്കാപുൾക്കോ തുറമുഖത്തേക്കു പോയി. എന്തോ സംഭവിക്കാൻ പോകുന്നുവെന്നു് മാർകേസിനു് ഒരു തോന്നൽ. അദ്ദേഹം വീട്ടിലേക്കു “ഫോണ്‍ ചെയ്യാൻ” ഭാര്യയോടു പറഞ്ഞു. താൻ ഷൂലേസ് കെട്ടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ എന്തോ സംഭവിച്ചു എന്നാണു് അദ്ദേഹത്തിനു തോന്നിയതു് വീട്ടിലെ പരിചാരിക ആ സമയത്തു് പ്രസവിച്ചെന്നു് അറിവുകിട്ടി. മാർകേസ് ആശ്വസിച്ചു. തന്റെ പൂർവ്വജ്ഞാനത്തിനു് റോത്രീഗോയുടെ യാത്രയുമായി ഒരു ബന്ധവുമില്ലല്ലോ.

ഇങ്ങനെയെത്രയെത്ര രസകരങ്ങളായ കാര്യങ്ങൾ! ഈ ഗ്രന്ഥം വായിച്ചുകഴിഞ്ഞപ്പോൾ മാർകേസിനെ നേരിട്ടു കണ്ട പ്രതീതി എനിക്കു്. ശിശുവിനെപ്പോലെ നിഷ്കളങ്കനെങ്കിലും സങ്കീർണ്ണസ്വത്വമാർന്ന മഹാനായ സാഹിത്യകാരൻ. അദ്ദേഹം എന്റെ സുഹൃത്തായിരിക്കുന്നു എന്നു് എനിക്കൊരു തോന്നൽ. അദ്ദേഹത്തിന്റെ കൃതികളെ ശരിയായി മനസ്സിലാക്കാനും ഇതെന്നെ സഹായിക്കുന്നു. “ഫാസിനേറ്റിങ്” എന്ന ഇംഗ്ലീഷ് പദംകൊണ്ടാണു് മേൻഡോതായുടെ ഈ പുസ്തകത്തെ വിശേഷിപ്പിക്കേണ്ടതു്.

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.