- എന്റെ അഭിപ്രായത്തിൽ നമ്മുടെ കാലത്തെ ഏറ്റവും നല്ല നോവലുകളിൽ ഒന്നു്—ഗ്രേയം ഗ്രീൻ.
- ഉജ്ജ്വലം, സന്താപകം… അദ്ദേഹത്തിന്റെ മാസ്റ്റർപീസ്—ദി ഒബ്സർവർ.
- അത്ഭുതാവഹമായ ഗ്രന്ഥം—സ്പെക്ക്ടേറ്റർ.
ഷുസാക്കോ എൻഡോ എന്ന ജാപ്പനീസ് നോവലിസ്റ്റ് 1967-ൽ പ്രസിദ്ധപ്പെടുത്തിയ “മൗനം” (silence) എന്ന നോവലിനെക്കുറിച്ചു് പാശ്ചാത്യവിമർശകർ ഉതിർത്ത പ്രശംസാവചനങ്ങളിൽ ചിലതാണു് മുകളിൽ കുറിച്ചിട്ടിരിക്കുന്നതു്. ജപ്പാനിലെ ഗ്രേയം ഗ്രീൻ എന്നു വിളിക്കപ്പെടുന്ന എൻഡോ 1923-ൽ ടോക്കിയോവിൽ ജനിച്ചു. അവിടെത്തന്നെയാണു് അദ്ദേഹം ഇപ്പോഴും താമസിക്കുന്നതു്. “മൗനം” എഴുതുന്നതിനുമുമ്പും അതിനുശേഷവും അദ്ദേഹം പല നോവലുകളും രചിച്ചു. അവയെല്ലാം കലാശില്പങ്ങൾ തന്നെ. ഓരോന്നും യൂറോപ്യൻ ഭാഷകളിലേക്കു തർജ്ജമ ചെയ്യപ്പെട്ടു. റോമൻ കാത്തലിക്കാണു് ഷുസാക്കോ എൻഡോ. അതുകൊണ്ടു് അദ്ദേഹത്തിന്റെ മതപരങ്ങളായ വിശ്വാസങ്ങൾ കൃതികളിൽ ആവിർഭവിക്കാതിരിക്കില്ല എന്നിട്ടും റഷ്യൻഭാഷയിലേക്കു എൻഡോയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ സൗന്ദര്യത്തിനു് എതിരായി വർത്തിക്കുന്നില്ലെന്നുവേണം നമ്മൾ അതിൽനിന്നു മനസ്സിലാക്കേണ്ടതു്. മഹാനായ ഈ സാഹിത്യകാരന്റെ ചേതോഹരങ്ങളായ നോവലുകളിൽ പ്രാധാന്യമർഹിക്കുന്നതു് “മൗനം” എന്ന കൃതിയാണു് പ്രശംസയോടൊപ്പം തർക്കങ്ങളും വാക്കലഹങ്ങളും ഉളവാക്കിയ ഈ നോവലിന്റെ സൗന്ദര്യം കാണേണ്ടതുതന്നെ.
“മൗനം” എന്ന നോവൽ ശരിയായി മനസ്സിലാകണമെങ്കിൽ അതിന്റെ ചരിത്രപശ്ചാത്തലം നമ്മൾ അറിയണം. 1549-ൽ സെയിന്റ് ഫ്രാൻസിസ് സേവർ ജപ്പാനിലെ കാഗോഷീമ തുറമുഖത്തു വന്നിറങ്ങി. അദ്ദേഹവും സഹപ്രവർത്തകരും രണ്ടുകൊല്ലത്തിലധികം കാലം ജപ്പാനിൽ താമസിച്ചു് മിഷനറി പ്രവർത്തനങ്ങൾ നടത്തി. അനേകം ക്രൈസ്തവസംഘങ്ങൾക്കു രൂപംകൊടുത്ത ഫ്രാൻസിസ് സേവ്യറാനു് ജപ്പാനിൽ ക്രിസ്തുമതം പ്രചരിപ്പിച്ചതെന്നു പറയാം. പിന്നീടു്, സൂക്ഷ്മമായിപ്പറഞ്ഞാൽ 1579-ൽ ആലേസാന്ദ്രോ വാലിഗ്നേനോ എന്ന ഇറ്റലിക്കാരൻ ജപ്പാനിൽ മിഷനറിയായി എത്തിയപ്പോൾ അവിടെ 150,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ഡിക്ടേറ്ററന്മാരായിരുന്നു അക്കാലത്തു് ജപ്പാൻ ഭരിച്ചിരുന്നതു്. നോബൂനാഗ, (Nobunaga 1534-82) ഹീഡോയേഷീ, (Hideyoshi 1536-98) ഈയേയാസു (Ieyasu 1542-1616) എന്നീ സ്വേച്ഛാധിപതികൾ പല കാലങ്ങളിലായി ജപ്പാൻ അടക്കി ഭരിച്ചു. ബുദ്ധമതത്തെ വെറുക്കുകയും പോർട്ടുഗീസുമായുള്ള വാണിജ്യബന്ധത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഈ ഡിക്ടേറ്ററന്മാർ ആദ്യമൊക്കെ ക്രിസ്ത്യൻ മിഷണറിമാരെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ ഹീഡോയേഷീ ഒരു ദിവസം മതിയായ കാരണമൊന്നും കൂടാതെ കോപിഷ്ഠനായി. 1597 ഫെബ്രുവരിയിൽ ഒരു ദിവസം കാലത്തു് അയാൾ ജപ്പാനീസും യൂറോപ്യന്മാരുമായ ഇരുപത്തിയാറു ക്രിസ്ത്യാനികളെ കുരിശിൽതറച്ചു കൊന്നു. ഇന്നും നാഗസാക്കി സ്റ്റേഷനടുത്തായി ഈ രക്തസാക്ഷികളുടെ സ്മരണക്കായി നിർമ്മിച്ച മണ്ഡപം കാണാം. ഹീഡോയേഷിക്കുശേഷം ഈയേയാസൂ ഭരണകർത്താവായപ്പോൾ “ക്രൈസ്തവപീഡനം” വളരെക്കൂടി. 1614-ൽ അയാൾ ക്രിസ്തുമതപ്രചാരണത്തെ നിരോധിക്കുന്ന ആജ്ഞ പുറപ്പെടുവിച്ചു. ജപ്പാനിലെ ഗവണ്‍മെന്റിനെ തകിടം മറിക്കാനും ആ രാജ്യം പിടിച്ചെടുക്കാനുമാണു് മിഷനറിമാർ വന്നിരിക്കുന്നതെന്നു് അയാൾ കരുതി. അവരെ മർദ്ദിച്ചൊതുക്കാൻ ഈയേയാസു ആജ്ഞാപിച്ചു. മിഷനറി പ്രവർത്തനങ്ങൾ അതോടെ ‘അന്തർഭൗമ’ങ്ങളായി. (Underground) ഈയേയാസുവിനുശേഷം ഭരണാധികാരികളായവർ ക്രൈസ്തവപുരോഹിതരേയും ക്രിസ്ത്യാനികളെയും വേട്ടയാടി. അവരെ ജീവനോടെ അഗ്നിക്കു് ഇരയാക്കുക എന്നതായിരുന്നു ആദ്യത്തെ രീതി. ജപ്പാനിലെ ക്യോട്ടോ നഗരത്തിൽക്കൂടെ കാമോ നദി ഒഴുകുന്നുണ്ടു്. അതിന്റെ ഉണങ്ങിവരണ്ട തടത്തിൽ, 1619 ഒക്ടോബറിൽ 55 ക്രിസ്ത്യാനികളെ ജീവനോടെ ചുട്ടു. പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ചേർന്ന ഒരു സംഘം. കുഞ്ഞുങ്ങൾ അമ്മമാരുടെ കൈയ്യിലിരുന്നു “യേശുവേ ഇവരുടെ ആത്മാക്കളെ സ്വീകരിക്കേണമേ” എന്നു വിളിക്കുന്നുണ്ടായിരുന്നു. ഈ പീഡനമുറകൾ ഫലപ്രദങ്ങളാവുന്നില്ലെന്നു കണ്ടപ്പോൾ മറ്റൊരു മർദ്ദനമാർഗ്ഗം അധികാരികൾ പ്രയോഗത്തിൽ കൊണ്ടുവന്നു. പുരോഹിതനെ കാലുതൊട്ടു നെഞ്ചുവരെ വരിഞ്ഞിറുക്കിക്കെട്ടും. ഏതെങ്കിലും ഒരു കൈ സ്വതന്ത്രമായി വിട്ടേക്കും. (സ്വധർമ്മത്തിനു സന്നദ്ധനാണെന്നു തോന്നിയാൽ ആ കൈകൊണ്ടു് അടയാളം കാണിക്കാനാണു് അങ്ങനെ ചെയ്യുന്നതു്) എന്നിട്ടു് അയാളെ തൂക്കുമരത്തിൽ കെട്ടി തലകീഴായി കുഴിയിലേക്കു തൂക്കിയിടും. കുഴിയുടെ അടിയിൽ മലം നിരത്തിയിരിക്കും. പുരോഹിതന്റെ കാൽമുട്ടുകളും കുഴിയുടെ മുകൾഭാഗവും ഒരേ നിരപ്പായിരിക്കും. അയാളുടെ നെറ്റിയിൽ ചെറുതായ മുറിവുണ്ടാക്കും. രക്തം തുള്ളിത്തുള്ളിയായി നിർഗ്ഗമിക്കും. ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന രക്തസാക്ഷികൾ ഒന്നോ രണ്ടോ ദിവസംകൊണ്ടു മരിക്കും. ശക്തന്മാരാണെങ്കിൽ ഒരാഴ്ച കിടന്നെന്നും വരും. ഒരു ചെറുപ്പക്കാരി രണ്ടാഴ്ചയോളം ഈ നിലയിൽ കിടന്നിട്ടാണു് അന്ത്യശ്വാസം വലിച്ചതു്.
1632-വരെ ഒരു മിഷനറിയും സ്വധർമ്മത്യാഗത്തിനു (apostasy) തയ്യാറായില്ല. പക്ഷേ ഈ പീഡനം എങ്ങനെ സഹിക്കാനാണു്? പോർട്ടുഗീസിൽനിന്നു വന്ന മിഷനറി ഫെറീറ (Christovao Ferreira) ആറു മണീക്കൂർനേരം കുഴിയിൽ കിടന്നിട്ടു് സ്വധർമ്മത്യാഗത്തിന്റെ അടയാളം കാണിച്ചു. ഇതൊക്കെ നടന്നിട്ടും പുരോഹിതന്മാർ ജപ്പാനിൽ രഹസ്യമായി വന്നുചേർന്നു. 1643-ൽ പത്തുപേർ ജപ്പാനിലെത്തി. അവരിലൊരാളായിരുന്നു ഗൂസപ്പി കിയാറ. ജപ്പാനീസ് ഭരണാധികാരികൾ ഇവരെയെല്ലാം പിടികൂടി. ദീർഘവും അവാച്യവുമായ പീഡനങ്ങൾക്കു് വിധേയരായ അവർ സ്വധർമ്മത്യാഗം ചെയ്തു. (apostatized.) അസഹനീയങ്ങളായ മർദ്ദനങ്ങളാലാണു് തങ്ങൾ മതവിശ്വാസം ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞതെന്നു് അവർ പിന്നീടു് പ്രഖ്യാപിക്കുകയുണ്ടായി. കിയാറാ സ്വധർമ്മത്യാഗത്തിനുശേഷം നാല്പതുവർഷംകൂടി ജീവിച്ചിരുന്നു. താൻ ക്രിസ്ത്യാനിയാണെന്നു് മരിക്കുന്ന സന്ദർഭത്തിൽ പ്രഖ്യാപിച്ചുകൊണ്ടാണു് അദ്ദേഹം ഈ ലോകം വിട്ടുപോയതു്. ഫെറീറയുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ചു് അറിവില്ല. നാഗസാക്കിക്കു് അടുത്തുള്ള ഒരു ദേവാലയത്തിൽ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും കാണാം. ആറ്റംബോംബിട്ടതിന്റെ ഫലമായി അതിലെ ചരമക്കുറിപ്പുകൾ മാഞ്ഞുപോയെന്നു മാത്രം. ഫെറീറ സ്വധർമ്മത്യാഗത്തെ പിന്നീടു് നിഷേധിച്ചെന്നും അധികാരികൾ അദ്ദേഹത്തെ കുഴിയിൽ തല കീഴാക്കിയിട്ടുവെന്നും അദ്ദേഹം വീരചരമം വരിച്ചുവെന്നുമാണു് ചില ചൈനീസ് നാവികർ പറയുന്നതു്. അതിന്റെ സത്യാവസ്ഥയെക്കുറിച്ചു് നമുക്കു ഒന്നുമറിഞ്ഞുകൂടാ. (ചരിത്രപരങ്ങളായ ഈ വസ്തുതകൾക്കു് നോവൽ തർജ്ജമ ചെയ്ത വില്യം ജോണ്‍സ്റ്റണോടു് ഈ ലേഖകൻ കടപ്പെട്ടിരിക്കുന്നു.)
ജപ്പാനിലെത്തിയ ഗുസപ്പി കിയാറയുടെ പ്രതിരൂപമായിട്ടാണു് എൻഡോ “മൗനം” എന്ന നോവലിലെ പ്രധാന കഥാപാത്രമായ സെബാസ്റ്റിൻ റോഡ്രീഗസിനെ അവതരിപ്പിച്ചിട്ടുള്ളതു്. (റോത്രീഗേസ് എന്നു സ്പാനിഷ് ഉച്ചാരണം)നോവൽ ആരംഭിക്കുന്നു. പോർട്ടുഗലിലെ Society of Jesus ജപ്പാനിലേക്കു് അയച്ച ഫെറീറ നാഗസാക്കിയിലെ ഒരു കുഴിയിൽ കിടന്നു പീഡനമനുഭവിച്ചതിന്റെ ഫലമായി സ്വധർമ്മത്യാഗം ചെയ്തു എന്ന വാർത്ത റോമിലെത്തി. അതിനുശേഷമാണു് റോഡ്രീഗസ് കൂട്ടുകാരനായ ഫ്രാൻസിസ് ഗാർപ്പയോടൊരുമിച്ചു് ജപ്പാനിൽ രഹസ്യമായി എത്തിയതു്. അവർക്കു സഹായം നൽകുന്നതു ജപ്പാൻകാരനായ കീച്ചിജിറോയാണു്. ഉപകർത്താവായി ഭാവിക്കുന്ന അയാൾ യഥാർത്ഥത്തിൽ ചതിയനത്രേ. ദുർബ്ബലമനസ്കനും കുടിയനും ആയ അയാൾ തന്നെയാണു് റോഡ്രീഗസിനെയും ഗാർപ്പയേയും ചതിച്ചതു്. ജപ്പാനിലെ ഒരു പർവതമായ പ്രദേശത്തു് രണ്ടു് പുരോഹിതന്മാരും താമസമാക്കി. അവിടെ എളുപ്പത്തിൽ ആരുടേയും കണ്ണിൽപ്പെടാത്ത ഒരു കുടിലിൽ പാർത്തുകൊണ്ടു് അവർ കുഞ്ങ്ങളെ ജ്ഞാനസ്നാനം ചെയ്യിച്ചു. ക്രിസ്തുമതവിശ്വാസികളുടെ കുമ്പസാരം കേട്ടു. അവർക്കു കൂദാശകൾ നൽകി. യേശുവിന്റെ പാവനകാന്തി പ്രസരിക്കുന്ന മുഖവും അദ്ദേഹത്തിന്റെ പാവനങ്ങളായ വചനങ്ങളുമാണു് റോഡ്രീഗസിനെ പ്രചോദിപ്പിച്ചിരുന്നതു്. ലോകം മുഴുവൻ സഞ്ചരിച്ചു് ഓരോ ജീവിയോടും സുവിശേഷം പ്രസംഗിക്കും. വിശ്വസിക്കുന്നവൻ, ജ്ഞാനസ്നാനം ചെയ്യപ്പെട്ടവൻ രക്ഷിക്കപ്പെടും. വിശ്വാസമില്ലാത്തവൻ ദണ്ഡനാർഹനാകും. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വചനങ്ങളായിരുന്നു അവ. ഈ അനുശാസനം കേട്ട റോഡ്രീഗസ് ക്രിസ്തുവിന്റെ മുഖം എപ്പോഴും മുന്നിൽ കണ്ടു. പക്ഷേ എവിടേയും പീഡനങ്ങളേയുള്ളു. ജപ്പാനിലെ ക്രിസ്തുമതവിരോധികൾ ക്രിസ്തുമതവിശ്വാസികളെ തിളച്ച വെള്ളം കോരിയൊഴിച്ചു് അല്പാല്പമായി കൊന്നു. മലം നിറച്ച കുഴിയിൽ തലകീഴായി കെട്ടിത്തൂക്കിയും നെറ്റിയിലെ ഞരമ്പു മുറിച്ചു് ചോര ഒഴുക്കിയും കൊന്നു. അവർക്ക് രക്ഷപ്പെടണമെങ്കിൽ ക്രിസ്തുവിന്റെ പടം ചവിട്ടിത്തേച്ചുകൊണ്ടു് ഞാൻ മതധർമ്മം കൈവെടിഞ്ഞിരിക്കുന്നു എന്നു പറയണം. അപ്പോഴൊക്കെ ഈശ്വരൻ നിശ്ശബ്ദൻ! എന്താണു് ഈ നിശ്ശബ്ദതയ്ക്കു് അർത്ഥം? എൻഡോ നോവലിലെ ഈ പ്രമേയത്തെ റോഡ്രീഗസിന്റെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കുന്നു. “ഈശ്വരന്റെ നിശ്ശബ്ദത മർദ്ദനം പൊട്ടിപ്പുറപ്പെട്ടിട്ട് ഇരുപതുവർഷം കഴിഞ്ഞു. ജപ്പാനിലെ കറുത്ത മണ്ണു് അസംഖ്യം ക്രിസ്ത്യാനികളുടെ പരിദേവനം കൊണ്ടു നിറഞ്ഞു; പുരോഹിതരുടെ ചുവന്ന രക്തം ധാരാളമൊഴുകി; പള്ളികളുടെ ഭിത്തികൾ ഇടിഞ്ഞുവീണു. ഭയജനകവും കാരുണ്യശൂന്യവുമായ ഈ ത്യാഗം ഈശ്വരനുവേണ്ടി അനുഷ്ഠിക്കപ്പെടുമ്പോൾ അദ്ദേഹം നിശബ്ദനായിരിക്കുന്നു.” (പുറം 96, 97. “Silence Peter Owen London.)
റോഡ്രീഗസിന്റെയും ഗാർപ്പയുടേയും അനുയായികളായ ജാപ്പനീസ് ക്രിസ്ത്യാനികളാണു് മൊക്കിച്ചിയും ഇചീസോയും. അവരെ രണ്ടുപേരെയും കീചിജീറോയോടൊരുമിച്ചു് അധികാരികൾ അറസ്റ്റുചെയ്തു. യേശുവിന്റെ പടം മുന്നിൽവച്ചു് അതിൽ ചവിട്ടാൻ അധികാരികൾ ആജ്ഞാപിച്ചു. മൊക്കിച്ചിയും ഇചീസോയും പ്രാണൻ രക്ഷിക്കുന്നതിനുവേണ്ടി അതു ചെയ്തു. പക്ഷേ അധികാരികൾ വെറുതെ വിടുമോ? “ഞങ്ങളെ അങ്ങനെ പറ്റിക്കാമെന്നാണോ നിങ്ങളുടെ വിചാരം? നിങ്ങളുടെ ശ്വാസോച്ഛ ്വാസത്തിനു് കനം കൂടിയതു് ഞങ്ങൾ കണ്ടില്ലെന്നാണോ?” എന്നായി ഉദ്യോഗസ്ഥൻ. അതുകൊണ്ടു ഒരു പരീക്ഷണം കൂടി. ക്രിസ്ത്യാനികൾ കുരിശിൽ തുപ്പണം. മൊക്കിച്ചിയും ഇചീസോയും അതിനു വിസമ്മതിച്ചു. അവരെ അധികാരികൾ ക്രൂരമായി വധിച്ചു. രണ്ടു പാപകർമ്മങ്ങളും ചെയ്ത കീചിജീറോ രക്ഷപ്പെട്ടു. ഈശ്വരന്റെ നിശബ്ദത! മനുഷ്യൻ യാതനയിൽ ശബ്ദമുയർത്തുമ്പോൾ ഈശ്വരൻ മൗനം അവലംബിക്കുന്നു. എന്താണിതു്?
ഈ സംശയത്തിനു പരിഹാരം ലഭിക്കാതെ റോഡ്രീഗസ് വിദൂരമായ ഒരു പർവ്വതപ്രദേശത്തു് എത്തിച്ചേർന്നു. അവിടെ നിൽക്കുന്നു പിശാചിന്റെ രൂപമാർന്ന കീചിജീറോ. അയാൾ റോഡ്രീഗസിനെ അറസ്റ്റു ചെയ്യിച്ചു അദ്ദേഹം എളുപ്പത്തിലൊന്നും ധർമ്മത്യാഗം ചെയ്യുകയില്ല. അതുകൊണ്ടു് അധികാരികൾ അദ്ദേഹത്തെ കുറെ പാതിരിമാരുടെയും കർഷകരുടെയും മുൻപിൽ കൊണ്ടുചെന്നു നിർത്തി. അവരെ മുക്കിക്കൊല്ലാൻ ഭാവിക്കുകയണു്. അകലെ കൂർക്കംവലിക്കുന്ന ശബ്ദം. ഇല്ല. അതു കുഴിയിൽ തലകീഴായി കിടക്കുന്ന പുരോഹിതന്മാരുടെ, ക്രിസ്ത്യാനികളായ കർഷകരുടെ രോദനമാണു്. അവർ സ്വധർമ്മത്യാഗം ചെയ്തുകഴിഞ്ഞു. എങ്കിലും അവരെ മോചിപ്പിച്ചിട്ടില്ല. റോഡ്രീഗസ് യേശുവിന്റെ പടത്തിൽ ചവിട്ടി ധർമ്മത്യാഗം ചെയ്താലേ അവർ രക്ഷപ്പെടൂ. വേദനിക്കുന്ന ക്രിസ്തു! ക്ഷമാശീലനായ ക്രിസ്തു! തന്റെ മുഖം ആ പാവനമുഖത്തോടു് അടുക്കേണമേ എന്നു റോഡ്രീഗസ് പ്രാർത്ഥിച്ചു. അധികാരികൾ അദ്ദേഹത്തെ കുതിരപ്പുറത്തു കയറ്റി അവിടെയെല്ലാം സഞ്ചരിപ്പിച്ചു. ആളുകൾ അദ്ദേഹത്തെ കല്ലെറിഞ്ഞു. പക്ഷേ അവരുടെ കൂട്ടത്തിലും ആരെങ്കിലും കാണുകില്ലേ അദ്ദേഹത്തിനുവേണ്ടി നിശബ്ദമായി പ്രാർത്ഥിക്കാൻ?
ഫെറീറ ജപ്പാനീസ് അധികാരികളുടെ ചട്ടുകമാണിപ്പോൾ. അയാൾ യുക്തികൾ റോഡ്രീഗസിന്റെ മുൻപിൽ നിരത്തിവച്ചു. അയാൾ പറഞ്ഞു. “എന്നിട്ടും ഞാൻ നിങ്ങളെപ്പോലെയായിരുന്നു. തണുത്ത, ഇരുണ്ട ആ രാത്രിയിൽ, ഇന്നു നിങ്ങളെങ്ങനെയോ അങ്ങനെതന്നെയായിരുന്നു ഞാനും… പുരോഹിതൻ ക്രിസ്തുവിനെ അനുകരിച്ചു ജീവിക്കണം. യേശു ഇവിടെ ഉണ്ടായിരുന്നെങ്കിൽ…” ഒരു നിമിഷം ഫെറീറ നിശബ്ദനായിരുന്നു. എന്നിട്ടു സുശക്തമമായ ശബ്ദത്തിൽ ഉദ്ഘോഷം ചെയ്തു: “തീർച്ചയായും ക്രിസ്തു അവർക്കുവേണ്ടി സ്വധർമ്മത്യാഗം ചെയ്യുമായിരുന്നു.” യേശുവിന്റെ പടം റോഡ്രീഗസിന്റെ കാലിനടുത്തു്. ആ പുരോഹിതൻ കാലുയർത്തി. എന്തൊരു വേദന! പടത്തിലെ ക്രിസ്തു അദ്ദേഹത്തോടു പറഞ്ഞു: “ചവിട്ടു! ചവിട്ടു. നിന്റെ കാലിലെ വേദന മറ്റാരെക്കാളും എനിക്കറിയാം. ചവിട്ടു്, ആളുകളുടെ ചവിട്ടേൽക്കാനാണു് ഞാൻ ഈ ലോകത്തു് ജനിച്ചതു് മനുഷ്യരുടെ വേദനകളിൽ പങ്കുകൊള്ളാനാണു് ഞാൻ എന്റെ കുരിശു ചുമന്നതു്.” റോഡ്രീഗസ് പടത്തിൽ കാലുവച്ചു. പ്രഭാതമായി. ദൂരെ കോഴി കൂവി.
ഉജ്ജ്വലമായ ഈ കലാശില്പത്തിന്റെ വ്യാഖ്യാനത്തിൽ നിരൂപകർ വിഭിന്ന ചിന്താഗതിക്കാരായി വർത്തിക്കുന്നു. പതിനേഴാം ശതാബ്ദത്തിൽ ജപ്പാനിൽ പരാജയമടഞ്ഞ ക്രിസ്തുമത്തിന്റെ പ്രതിരൂപങ്ങളായി ഫെറീറയേയും റോഡ്രീഗസിനെയും കാണണമെന്നു് ഒരു കൂട്ടർ വാദിക്കുന്നു. ക്രിസ്തുമതം തികച്ചും പാശ്ചാത്യമാണത്രേ. ജപ്പാന്റെ അനൂപപ്രദേശത്തു് (swamp) അതു വേരോടുകില്ലപോലും. ഇതാണു് എന്ഡോയുടെ അഭിപ്രായമെന്നു് അവർ കരുതുന്നു. അതിനു ഉപോത്ബലകമായി അവരെടുത്തു കാണിക്കുന്നതു് റോഡ്രീഗസിനെ ശിക്ഷിക്കാൻ ഭാവിച്ച ഈനായെ എന്ന മജിസ്ട്രേട്ടിന്റെ വാക്യങ്ങളാണു്. “Father you were not defeated by me. You were defeated by the swamp, of Japan”—“അച്ഛാ നിങ്ങളെ പരാജയപ്പെടുത്തിയതു് ഞാനല്ല. ജപ്പാന്റെ ചതുപ്പുപ്രദേശമാണു് നിങ്ങളെ തോല്പിച്ചതു്.” ജപ്പാനിൽ പ്രചരിപ്പിച്ച തരത്തിലുള്ള ക്രിസ്തുമതത്തെ അതിനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നാണുപോലും ഈനായേ പറഞ്ഞതു്. ഫെറീന പറയുന്ന വാക്യങ്ങളും ഈ ചിന്താഗതിക്കു് അനുരൂപമായി നിരൂപകൻ ഉദ്ധരിക്കുന്നു. “ഇല്ല അതു് ഈശ്വരനല്ല. ചിലന്തിവലയിൽപ്പെട്ട ചിത്രശലഭത്തെപ്പോലെയാണതു്. ആദ്യം അതു തീർച്ചയായും ചിത്രശലഭംതന്നെ. പക്ഷേ അടുത്ത ദിവസം ബാഹ്യാവയവങ്ങളേ ഉള്ളു. ചിറകും ഉടലും ചിത്രശലത്തിന്റേതുതന്നെ. എന്നാൽ അതിന്റെ സത്യാത്മകത പോയി. വെറും അസ്ഥിപഞ്ജരമായി അതു്. ജപ്പാനിൽ നമ്മുടെ ഈശ്വരൻ ചിലന്തിവലയിൽപ്പെട്ട ചിത്രശലഭമാണു്. ഈശ്വരന്റെ ബാഹ്യരൂപമേയുള്ളു. പക്ഷേ അതു വെറും എല്ലിൻകൂടായി കഴിഞ്ഞു.” (പുറം 240.)
ചിത്രശലഭം ചിത്രശലഭമായിത്തന്നെ ഇരിക്കണമെങ്കിൽ, ഈശ്വരൻ ഈശ്വരനായിത്തന്നെ ഇരിക്കണമെങ്കിൽ ജപ്പാന്റെ സവിശേഷതകൾക്കു് അനുരൂപമായി ക്രിസ്തുമതത്തിനു രൂപം നൽകണമെന്നു് എൻഡോ വാദിക്കുന്നതായി ആ നിരൂപകർ വിചാരിക്കുന്നു.
ഈ വിചാരഗതി സർവാബദ്ധമാണു്. നോവലിനെ, കലാസൃഷ്ടിയെ ഇങ്ങനെ വളച്ചൊടിക്കുന്നതു് ശരിയല്ലെന്നു ഗ്രേയം ഗ്രീൻ അസന്ദിഗ്ദ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചിട്ടുണ്ടു്. “ഞാൻ കിയോളജിയല്ല എഴുതുന്നതു്: സാഹിത്യം രചിക്കുകയാണു്” എന്നു എൻഡോയും പറഞ്ഞു. ക്രിസ്തുമതവിശ്വാസികളെ കുഴിയിൽ തലകീഴായിട്ടു കൊന്ന ഈനായേയും സ്വധർമ്മനിരാസത്തിനുശേഷം ജപ്പാനീസ് വിധവയെ ഭാര്യയായി സ്വീകരിച്ചു് കഴിഞ്ഞുകൂടിയ ഫെറീറയും (നോവലിൽ അങ്ങനെയാണു് കാണുന്നതു്) പറയുന്ന വാക്കുകൾ നോവലിസ്റ്റിന്റെ വാക്കുകളായി സ്വീകരിക്കുന്നതു് ഉചിതജ്ഞതയുടെ ലക്ഷണമല്ല. തികഞ്ഞ ക്രിസ്തുമത വിശ്വാസമുള്ള സാഹിത്യകാരനാണു് എൻഡോ. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു എന്നതിന്റെ അർത്ഥം ജപ്പാൻ അതു സ്വീകരിച്ചു എന്നതുതന്നെ. അതുകൊണ്ടു ജപ്പാന്റെ ദേശീയസ്വഭാവത്തിനു യോജിച്ച ക്രിസ്തുമതം വേണമെന്നു് എൻഡോ കരുതുന്നതായി വിചാരിക്കാൻ നോവലിൽ ഒരു തെളിവുമില്ല. നോവൽ ശ്രദ്ധിച്ചു വയിക്കു. റോഡ്രീഗസും ഫെറീറയും ഉറച്ച വിശ്വാസമുള്ളവരല്ല. ഉറച്ച വിശ്വാസമുള്ള ക്രിസ്ത്യാനികൾ മലം നിറഞ്ഞ കുഴിയിൽക്കിടന്നു മരിച്ചു. അവർ യേശുദേവന്റെ പടത്തിൽ ചവിട്ടിയില്ല. കുരിശിൽ തുപ്പിയില്ല. അവർക്കുണ്ടായിരുന്ന വിശ്വാസം ഈ രണ്ടു പുരോഹിതന്മാർക്കും ഉണ്ടായിരുന്നെങ്കിൽ! അതുതന്നെയാണു് എൻഡോയുടെ ആഗ്രഹം. ആ വിശ്വാസത്തോടെ അവർ പ്രവർത്തിച്ചിരുന്നെങ്കിൽ ഈശ്വരൻ നിശ്ശബ്ദനാണെന്നു് അവർക്കു തോന്നുമായിരുന്നില്ല. ജീവൻ ത്യജിച്ചവർ ഈശ്വരന്റെ ശബ്ദം കേട്ടുകൊണ്ടാണു് സ്വർഗ്ഗത്തേക്കു പോയതു്. വിശ്വാസരാഹിത്യമുള്ള ആ രണ്ടു പുരോഹിതന്മാരും ഈശ്വരന്റെ ശബ്ദം കേട്ടില്ല. ഇതാണു് നോവലിന്റെ പ്രമേയം. വിശ്വാസത്തോടു ജീവിക്കൂ. എന്നതാണു് അതിന്റെ പ്രമേയം. പൗരസ്ത്യവും പാശ്ചാത്യവുമായ ആശയങ്ങളുടെ സംഘട്ടനം ഇതിലുണ്ടെന്നു പറയുന്നവർ നോവൽ എന്താണെന്നു മനസ്സിലാക്കിയിട്ടില്ല. ഈശ്വരൻ, പാപം, മരണം ഇവയെക്കുറിച്ചു ഗഹനമായി ചിന്തിച്ച ഒരു മഹാന്റെ കലാസൃഷ്ടിയാണു് “നിശബ്ദത” എന്ന നോവൽ.