പാവ്ലോ നെറൂത, സെസാർ ബായേഹോ, ഒക്ടോവ്യാ പാസ് ഇവർ ലാറ്റിനമേരിക്കയിലെ മഹാന്മാരായ കവികളാണു്. പ്രതിപാദ്യവിഷയത്തിന്റെ സ്വീകാര്യത്തിലും പ്രതിപാദനരീതിയിലും ഇവരുടെ കാവ്യങ്ങൾ വൈവിദ്ധ്യം പുലർത്തുന്നുണ്ടെങ്കിലും മാർക്സിസത്തോടു് ബന്ധപ്പെട്ട സമൂഹപരിഷ്കരണവാഞ്ഛ മൂന്നുപേരെയും കൂട്ടിയിണക്കുന്നു. A Chilean Poet of great power എന്നു നിരൂപകന്മാരാൽ എപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന നെറൂത ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു. സെസാർബായേഹോ സമുദായത്തിലെ അധഃസ്ഥിതർക്കുവേണ്ടി വാദിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി കാരാഗൃഹത്തിൽ കിടക്കുകയും ചെയ്ത ലോലഹൃദയനായ മഹാകവിയത്രേ. മാർക്സിസ്റ്റായിരുന്ന അദ്ദേഹം സ്പാനിഷ് ആഭ്യന്തര സമരത്തിൽ പങ്കുകൊണ്ടു് തന്റെ മനുഷ്യസ്നേഹത്തെ വിളംബരം ചെയ്തു. ഒക്ടോവ്യാ പാസാകട്ടെ ഈ ലോകത്തിന്റെ ഇന്നത്തെ വ്യവസ്ഥിതിയോടു് അസംതൃപ്തി പ്രകടിപ്പിച്ചു് അതിനു പരിവർത്തനം വരുത്തും എന്നു പ്രഖ്യാപിക്കുന്നു. “പാശ്ചാത്യദേശത്തെ സംഘട്ടനങ്ങളിൽ ഇന്നത്തെ പരിഷ്കാരത്തിന്റെ തകർച്ച ദർശിച്ച അദ്ദേഹം എല്ലാക്കാലത്തും മാർക്സിസ്റ്റായിരുന്നു. 1962 തൊട്ടു് 1968 വരെ ഇന്ത്യയിലെ മെക്സിക്കൻ അംബാസിഡറായിരുന്ന അദ്ദേഹം ഭാരതസംസ്ക്കാരത്താൽ ആകർഷിക്കപ്പെട്ടെങ്കിലും അടിസ്ഥാനപരങ്ങളായ മാർക്സിസ്റ്റ് തത്വങ്ങളിലുള്ള ദൃഢവിശ്വാസം ഒരിക്കലും പരിത്യജിച്ചിരുന്നില്ല.
വ്യക്തിവാദം (Individualism) മാർക്സിസത്തിനു് അംഗീകരിക്കാൻ വയ്യ. വ്യക്തി സമൂഹബന്ധങ്ങളുടെ ആകത്തുകയായതുകൊണ്ടു് സമൂഹത്തിന്റെ ചരിത്രപരമായ അവസ്ഥയാണു് അവന്റെ അസ്തിത്വത്തിനു് കാരണമെന്നു് മാർക്സിസം കരുതുന്നു. അതിനാൽ സമൂഹത്തിൽ നിന്നും രാഷ്ട്രത്തിൽ നിന്നും സ്വതന്ത്രനായി നിന്നു് കേവലാധികാരങ്ങൾക്കുവേണ്ടി വാദിക്കുന്ന വ്യക്തിക്കു് മാർക്സിന്റെ തത്വചിന്തയിൽ സ്ഥാനമില്ല. ശതാബ്ദങ്ങളായി ആധിപത്യം പുലർത്തിയ “സ്വകാര്യ സ്വത്തു്” എന്ന സങ്കല്പമാണു് വ്യക്തിവാദത്തിനു ഹേതുവെന്നു് ആ തത്വചിന്ത (മാർക്സിസം) യുക്താധിഷ്ഠിതമായി തെളിയിച്ചു. അതിനാൽ മാർക്സിസം അംഗീകരിച്ച ഈ മൂന്നു് കവികളും വ്യക്തിവാദികളല്ല; സമൂഹവാദികളാണു്. അതിനുയോജിച്ച കാവ്യസിദ്ധാന്തങ്ങളും അവർക്കുണ്ടു്. നമുക്കു പാസ്സിന്റെ സിദ്ധാന്തം മാത്രം പരിഗണിക്കാം.
കവിതയ്ക്കാകെ ഒരു ഐക്യമുണ്ടെന്നാണു് പാസ് ആദ്യമായി ചൂണ്ടിക്കാണിക്കുന്നതു്. മോസ്കോ തൊട്ടു് സാൻഫ്രാൻസിസ്കോവരെയും, സാന്തിയാഗോ തൊട്ടു സിഡ്നിവരെയും അതു് വ്യാപിക്കുന്നു. ജർമ്മനിയിലും പോളണ്ടിലും റൂമേനിയയിലും കവികളെഴുതുന്നതു് ഒരു കാവ്യം തന്നെ. ഇന്നല്ല എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ഫ്രഞ്ച് കവിത, ഇറ്റാലിയൻ കവിത, സ്പാനിഷ് കവിത, ഇംഗ്ലീഷ് കവിത എന്നീ വിഭജനങ്ങൾ പ്രമാദത്താലുണ്ടായതാണു്. യഥാർത്ഥത്തിൽ നവോത്ഥാനത്തിന്റെ കവിത, ബാരേക്ക് കവിത. റൊമാന്റിക്‍ കവിത എന്നീ വിഭജനങ്ങളേയുള്ളു. പാശ്ചാത്യ ദേശത്തെ വിഭിന്ന ഭാഷകളിൽ രചിക്കപ്പെടുന്ന സമകാലികമായ ഒറ്റക്കവിതയേ ഇന്നുള്ളു. മറ്റൊരു തരത്തിൽ പാസ് പറയുന്നു, സമൂഹത്തിന്റെ പ്രച്ഛന്നങ്ങളും വൈയക്തികങ്ങളല്ലാത്തതുമായ ശക്തിവിശേഷങ്ങൾ കൂട്ടിമുട്ടുന്ന സ്ഥലമാണു് കവിയുടെ മനസ്സു്. ഒരു കവിയിൽ ആ ശക്തിവിശേഷങ്ങൾ ചെന്നടിയുമ്പോൾ അയാളങ്ങു് മരിച്ചുപോയാൽ? മറ്റൊരു കവിയിൽ അവ (ശക്തി വിശേഷങ്ങൾ) കൂട്ടിമുട്ടുകയും അവ അനുരഞ്ജനത്തിലോ സംഘട്ടനത്തിലോ പര്യവസാനിക്കുകയും ചെയ്യുമെന്നു് പാസ് വിശ്വസിക്കുന്നതായി നമുക്ക് തെറ്റുകൂടാതെ വിശ്വസിക്കാം. ഇങ്ങനെ വ്യക്തിവാദത്തിനു് എതിരായി വർത്തിക്കുന്നു സമൂഹവാദിയായ ഒക്ടോവ്യാ പാസ്.
മാർക്സിസത്തിന്റെ സിദ്ധാന്തങ്ങളനുസരിച്ചു് വസ്തുക്കൾ പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണു്. Transition from quantity to quality എന്നതു് ഡയലക്ടിക്സിലെ അടിസ്ഥാനതത്വമാണു്. ഒക്ടോവ്യാ പാസ്സിന്റെ പ്രഖ്യാതമായ കാവ്യം “സൂര്യശില”—Sunstone എന്നതത്രെ. അതു വായിച്ചാൽ “പരിമാണ” ത്തിൽനിന്നു് ഗുണത്തിലേയ്ക്കുള്ള പരിവർത്തനം ദർശിക്കാം. വിഖ്യാതമായ “ആസ്റ്റെക് കലണ്ടർ സ്റ്റോണാ”ണു് പാസ്സിന്റെ “സൂര്യശില” അതിൽ ജ്യോതിഃശാസ്ത്രം, ചരിത്രം, പരമ്പരാഗതങ്ങളായ കഥകൾ ഇവയെക്കുറിച്ചുള്ള രേഖകൾ കൊത്തിവെച്ചിട്ടുണ്ടു്. മദ്ധ്യത്തിൽ “സൂര്യദേവന്റെ” ചിത്രവും. ആസ്റ്റെക് പ്രപഞ്ചത്തിനു പ്രതിനിധീഭവിക്കുന്നു പാസ്സിന്റെ സൂര്യശില. ജഡതയാർന്ന ആ സൂര്യകലയെ കവിത ദ്രവിപ്പിക്കണമെന്നാണു് കവിയുടെ സങ്കല്പം. ജഡതയാർന്ന ആസ്റ്റെക് സംസ്ക്കാരത്തെ ചലനാത്മകശക്തിയാക്കിമാറ്റാൻ കവിതയ്ക്കു കഴിയണം എന്നു് വേറൊരു വിധത്തിൽ പറയാം. അതിനു കഴിഞ്ഞില്ലെങ്കിൽ കവിതകൊണ്ടു് ഒരു പ്രയോജനവുമില്ല. കല്ലിനെ ദ്രവിപ്പിക്കാൻ സൂര്യനെ അതിലേക്കു് ആനയിക്കുകയാണു് വേണ്ടതു്. അപ്പോൾ അതു് ഉരുകിത്തുടങ്ങും. സൂര്യനില്ലാതെ—കവിതയില്ലാതെ—ചലനാത്മകമായ സംസ്ക്കാരമില്ലെന്നു് സാരം.
സ്വപ്നം കാണാത്ത കല്ലിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഞാൻ സ്വപ്നം കണ്ടു
സംവത്സരങ്ങളുടെ അന്ത്യത്തിൽ കല്ലുകളെപ്പോലെ
എന്റെ, തടവിലാർന്ന രക്തം പാടുന്നതു ഞാൻ കേട്ടു.
പ്രകാശത്തിന്റെ മർമ്മരത്തോടെ സമുദ്രം പാടി.
ഭിത്തികൾ ഒന്നൊന്നായി വീഴുകയായിരുന്നു.
ഓരോ വാതായനവും തകരുന്നുണ്ടായിരുന്നു.
സൂര്യനാകട്ടെ എന്റെ നെറ്റിത്തടത്തിലൂടെ അതിന്റെ മാർഗ്ഗം
പിടിച്ചെടുക്കുകയായിരുന്നു.
എന്റെ അടഞ്ഞ കണ്‍പോളകൾ തുറന്നുകൊണ്ടു്
എന്റെ ഉണ്മയുടെ ചുറ്റിക്കെട്ടിയ വസ്ത്രങ്ങളെ അനാവരണം
ചെയ്തുകൊണ്ടു്
എന്നിൽനിന്നു് എന്നെ വലിച്ചുകീറിയെടുത്തുകൊണ്ടു്
കല്ലിന്റെ മൃഗീയവും നിദ്രാലോലുപവുമായ ശതാബ്ദങ്ങളെ
എന്നിൽനിന്നു വേർപെടുത്തിക്കൊണ്ടു്
സൂര്യൻ മാർഗ്ഗം പിടിച്ചെടുക്കുകയായിരുന്നു.
എന്നു ‘സൂര്യശില’യിലെ ഒരു ഭാഗം മർമ്മ പ്രകാശികയാണു്. ഇവിടെ സൂര്യൻ കവിതയുടെ സിംബലാണു്. ശതാബ്ദങ്ങളുടെ നിദ്രയാകുന്ന കല്ലു് ജഡതയാർന്ന സംസ്ക്കാരത്തിന്റെ പ്രതിരൂപമാണു്. കവിത പ്രകാശിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ജാഡ്യം നശിക്കുന്നു. കല്ലുകൾ സൂര്യപ്രകാശത്തിൽ നിലവിളിക്കുമെന്നു് പോലും പാസ് പറയുന്നുണ്ടു്. മറ്റൊരു ചേതോഹരമായ സങ്കല്പം കാണുക. അതും കല്ലിനോടു് ബന്ധപ്പെടുത്തിയതാണു്.
Sulphur-coloured rocks, tall-stern stones. You are at my side. Your thoughts are black and golden. If I stretched out my hand I could cut a cluster of untouched truths. Below, among sparking rock, the sea, full of arms, comes and goes. Vertigos. The light rushes forward. I looked into your face, I leaned out over the abyss: mortality is transparency. ഇങ്ങനെ പാസ് കല്ലുകൾക്കു് പ്രകാശം നൽകി അവയെ സുതാര്യങ്ങളാക്കുന്നു. ഇതു തികച്ചും മൗലികവും അന്യാദൃശവുമായ സങ്കല്പമാണു്. അതേസമയം അതു മാർക്സിസത്തിന്റെ മൂലതത്ത്വങ്ങളോടു് യോജിച്ചിരിക്കുകയും ചെയ്യുന്നു. മാർക്സിസത്തിൽ വിശ്വസിക്കാത്തവർക്കും ഈ സങ്കല്പത്തിന്റെ മനോഹാരിതയേയും ശക്തിയേയും നിഷേധിക്കാനൊക്കുകയില്ല.
മഹാന്മാരായ എല്ലാ കവികൾക്കും കലാകാരന്മാർക്കും ഉള്ള സവിശേഷത ഒക്ടോവ്യാപാസിനും ഇല്ലാതില്ല. വിപ്ലവത്തിന്റെ പ്രലോഭനത്തിനു വിധേയനായ ആന്ദ്രേ മൽറോ കിഴക്കിന്റെ ആദ്ധ്യാത്മിക ശോഭ കണ്ടു് പുളകം കൊണ്ടിട്ടുണ്ടു്. ഇരുപതാം ശതാബ്ദത്തിലെ അത്യുജ്ജ്വല കലാശില്പമെന്നു് ഏവരും വാഴ്ത്തുന്ന ത്രീസ്ത് ത്രൂപ്പിക് എന്ന ആത്മകഥാപരമായ യാത്രാവിവരണമെഴുതിയ ക്ലോദ് ലവി സ്റ്റ്രോസ് മാർക്സിസത്തെ ആദരിച്ചുകൊണ്ടു് ബുദ്ധമതത്തിലേയ്ക്കു് തിരിയുന്നു. മാർക്സിസ്റ്റായ ഒക്ടോവ്യാപാസ് പൗരസ്ത്യമായ ആധ്യാത്മിക ചിന്തയാൽ ആകർഷിക്കപ്പെടുന്നുണ്ടു്. എങ്കിലും മനുഷ്യനെ സ്വതന്ത്രനാക്കാൻ ശ്രമിക്കുന്ന മനുഷ്യസ്നേഹിയുടെ നാദമാണു് അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ നിന്നുയരുന്നതു്. “കന്യാകുമാരിക്കടുത്തു്” Near Cape comorin എന്ന കാവ്യത്തിൽ പാസ് ചോദിക്കുന്നു:
The king fisher is a flash
Of topaz. Carbon dominates.
The drowned landscape dissolves.
Am I a lost soul or a wandering body?
ഒക്ടോവ്യാപാസ് നഷ്ടപ്പെട്ട ആത്മാവുമല്ല “അലഞ്ഞുതിരിയുന്ന ശരീരവുമല്ല” സമൂഹത്തിന്റെ ശക്തിവിശേഷങ്ങൾ ആശ്രയസ്ഥാനം കണ്ടെത്തുന്ന മഹാകവിയാണു്. അദ്ദേഹത്തിന്റെ ആത്മാവു് കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതു വേദനിക്കുന്ന മനുഷ്യനുവേണ്ടിയാണു്. അദ്ദേഹം അലഞ്ഞുതിരിഞ്ഞെങ്കിൽ അതു് സത്യം തേടിയാണു്.