images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.10
മെത്രാൻ ഒരജ്ഞാതതേജസ്സിനെ കണ്ടുമുട്ടുന്നു

മുൻഭാഗങ്ങളിൽ കാണിച്ച കത്തിന്റെ കാലത്തിന് അല്പം മുൻപ് അദ്ദേഹം ഒരു കാര്യം പ്രവർത്തിക്കയുണ്ടായി; അത്, പട്ടണത്തിലെങ്ങുമുള്ള സംസാരം വിശ്വസിക്കയാണെങ്കിൽ, തട്ടിപ്പറിക്കാരെക്കൊണ്ട് നിറഞ്ഞ മലംപ്രദേശങ്ങളിലൂടെയുണ്ടായ അദ്ദേഹത്തിന്റെ ആ ചെറുയാത്രയേക്കാൾ അപകടമുള്ളതായിരുന്നു.

ഡി.ക്കടുത്തുള്ള നാട്ടുപുറത്ത് ഒരാൾ തനിച്ചു താമസിച്ചിരുന്നു. ഈ മനുഷ്യൻ, ഞങ്ങൾ ആദ്യംതന്നെ പറഞ്ഞുവെക്കുന്നു, പണ്ടത്തെ പ്രതിനിധിയോഗത്തിലെ43 ഒരംഗമായിരുന്നു. അയാളുടെ പേർ ജി. എന്നാണ്.

പ്രതിനിധിയോഗാംഗമായ ജി.യെപ്പറ്റി ഡി. എന്ന ആ ചെറിയ ലോകത്തിലെ ആളുകൾ ഏതാണ്ടു വിറയോടുകൂടിയാണ് സംസാരിച്ചിരുന്നത്. പ്രതിനിധിയോഗത്തിലെ ഒരംഗം–അങ്ങനെയൊന്ന് നിങ്ങൾക്കാലോചിച്ചുനോക്കാമോ? ആളുകൾ തമ്മിൽത്തമ്മിൽ നീ എന്നു വിളിച്ചിരുന്ന കാലം മുതൽ – അതേ, അവർ ‘പൗരൻ’ എന്നു സംബോധനം ചെയ്തിരുന്ന അന്നു മുതൽ–അതുണ്ട്. ഈ മനുഷ്യൻ ഏതാണ്ട് ഒരു രാക്ഷസനായിരുന്നു. അയാൾ രാജാവിന്റെ തല വെട്ടുവാൻ സമ്മതം കൊടുത്തിട്ടില്ല. പക്ഷേ, കൊടുത്തപോലെയാണ്. അയാൾ അർദ്ധരാജഹന്താവത്രേ. അയാൾ ഒരു ഭയങ്കരമനുഷ്യനായിരുന്നു. വാസ്തവാവകാശികളായ രാജാവിനും പ്രഭുസംഘത്തിനും വീണ്ടും രാജ്യഭരണം കിട്ടിയപ്പോൾ, ഇയ്യാളെ എന്തുകൊണ്ട് നഗരമുഖ്യന്റെ മുൻപിൽ വരുത്തി വിചാരണ ചെയ്തില്ല? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ, അവർ അയാളുടെ തല എടുക്കേണ്ട, പോട്ടെ; ദയ കാണിക്കണം. സമ്മതിച്ചു, പക്ഷേ, ജീവപര്യന്തം നാടുകടത്താമായിരുന്നു. ചുരുക്കത്തിൽ, മറ്റുള്ളവർക്കൊരു പാഠം. അത് ഇത്, മുതലായവ. അതിനുംപുറമേ, ആ വകക്കാരെയൊക്കെപ്പോലെ തന്നെ ഇയ്യാളും ഒരു നിരീശ്വരമതക്കാരനാണ്. കഴുകനെപ്പറ്റിയുള്ള താറാവുകളുടെ ഞായം.

ആകപ്പാടെ ജി. ഒരു കഴുകനായിരുന്നുവോ? ഉവ്വ്; ഈ ഏകാന്തവാസത്തിലുള്ള അയാളുടെ ഭയങ്കരസമ്പ്രദായംകൊണ്ടു നോക്കുകയാണെങ്കിൽ, രാജാവിനെ കൊല്ലുവാൻ അനുമതി കൊടുത്ത ആളല്ലാതിരുന്നതുകൊണ്ടു, നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ അയാളുടെ പേർ പെട്ടില്ല; അയാൾക്കു ഫ്രാൻസിൽത്തന്നെ താമസിക്കുവാൻ സാധിച്ചു.

പട്ടണത്തിൽനിന്ന് ഒരു മുക്കാൽ മണിക്കൂറുനേരം യാത്ര ചെയ്യേണ്ട ദൂരത്ത്, ഒരു ഗ്രാമത്തിനും അടുത്തല്ലാതെ, ഒരു നിരത്തിനും അടുത്തിട്ടല്ലാതെ, ഒരു വല്ലാത്ത മലയിടുക്കിന്റെ ഏതോ ആരും കാണാത്ത ഒരു വളവിൽ–ഇന്ന ദിക്കിലെന്നു സൂക്ഷ്മം പറവാൻ ആർക്കും അറിഞ്ഞുകൂടാ–അങ്ങനെ ഒരിടത്തായിരുന്നു അയാളുടെ താമസം. കേൾവി ഇതാണ്. അവിടെ അയാൾക്ക് ഒരുമാതിരി വയലുണ്ട്–ഒരു ദ്വാരം–ഒരു ഗുഹ. അവിടെ അടുത്തെങ്ങും ആൾപ്പാർപ്പില്ല; ആൾസ്സഞ്ചാരംപോലുമില്ല. അയാൾ ആ മലയിടുക്കിൽ താമസമായതോടുകൂടി, അങ്ങോട്ടുള്ള വഴി മുഴുവനും പുല്ലുകെട്ടി കാടുപിടിച്ചു കാണാതായി. മരണശിക്ഷ നടത്തുന്നവനോ മറ്റോ താമസിക്കുന്ന സ്ഥലംപോലെയാണ് അതിനെപ്പറ്റി ആളുകൾ സംസാരിക്കാറ്.

എന്തായാലും, മെത്രാൻ ആ കാര്യത്തെപ്പറ്റി ആലോചിച്ചു; ആ പണ്ടത്തെ പ്രതിനിധിയോഗാംഗം താമസിക്കുന്ന മലയിടുക്കിനെ കുറിക്കുന്ന ആ മരക്കൂട്ടത്തിനു മുകളിലായി അദ്ദേഹം ഇടയ്ക്കിടയ്ക്ക് ആകാശത്തേക്കു നോക്കും; അദ്ദേഹം പറയും; ‘അവിടെ ഒരു ജീവാത്മാവ് ഏകാന്തവാസം ചെയ്യുന്നു.’

അദ്ദേഹം ഹൃദയത്തിന്റെ അന്തർഭാഗത്തുനിന്നു തുടർന്നുപറഞ്ഞു: ‘ഞാൻ അയാളെ ചെന്നു കാണേണ്ടിയിരിക്കുന്നു.’

എന്നാൽ ആദ്യത്തെ മൂളയിൽ വെറും സാധാരണമായി തോന്നിയ ഈ വിചാരം, ഒരു നിമിഷനേരം ആലോചിച്ചപ്പോൾ, അത്ഭുതകരവും അസാധ്യവും ഏതാണ്ട് അസഹ്യവുമായി അദ്ദേഹത്തിനു തോന്നി എന്നു ഞങ്ങൾ പരസ്യമായി സമ്മതിക്കട്ടെ. എന്തുകൊണ്ടെന്നാൽ, ആന്തരമായി നോക്കുമ്പോൾ അദ്ദേഹവും ആ പൊതുജനധാരണയിൽ പങ്കുകൊണ്ടിരുന്നു; പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗം–വാസ്തവത്തിൽ തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നു തനിക്കു നല്ല നിശ്ചയമില്ലാതെയാണെങ്കിലും-ഏതാണ്ട് ദ്വേഷത്തിന്റെ വക്കത്തെത്തിയ ഒരു മനോവൃത്തിയെ–അന്യത്വം എന്ന വാക്കാണ് അതിന് അധികം 43 ഭരണ പരിവർത്തനക്കാലത്തു് അധികാരം നടത്തിയ സംഘം. യോജിച്ചത്–അദ്ദേഹത്തിൽ അങ്കുരിപ്പിച്ചു.

എന്നാലും ആടിനുള്ള ചൊറി ആട്ടിടയനെ സങ്കോചപ്പെടുത്താമോ? വയ്യാ. പക്ഷേ, എന്തൊരാട്!

ആ സുശീലനായ മെത്രാൻ അമ്പരന്നു. ചിലപ്പോൾ അദ്ദേഹം ആ വഴിക്കു നടന്നുതുടങ്ങും; ഉടനെ മടങ്ങിപ്പോരും.

ഒടുവിൽ ആ പ്രതിനിധിയോഗാംഗത്തെ അയാളുടെ ഗുഹയിൽ താമസിച്ചു ശുശ്രുഷിച്ചിരുന്ന ഒരിടയക്കുട്ടി വൈദ്യനെ അന്വേഷിച്ചു ചെന്നിരുന്നു എന്നൊരു സംസാരം ഒരു ദിവസം പട്ടണത്തിലെങ്ങും പരന്നു; ആ വയസ്സൻകഴു ചാവുകയായി എന്നും, പക്ഷവാതം അയാളെ കടന്നു കൈയിലാക്കുന്നുണ്ടെന്നും, അന്നത്തെ രാത്രി കഴിയില്ലെന്നുമായിരുന്നു വർത്തമാനം– ‘ഈശ്വരാനുഗ്രഹം!’ ചിലർ തുടർന്നു പറഞ്ഞു. മെത്രാൻ തന്റെ വടിയെടുത്തു; ഞങ്ങൾ മുൻപു പറഞ്ഞതുപോലെ സ്വതേയുള്ള കുപ്പായം വല്ലാതെ പിഞ്ഞിയിരുന്നതുകൊണ്ടും, വൈകുന്നേരത്തെ തണുത്തകാറ്റു പുറപ്പെടാറായതുകൊണ്ടും, തന്റെ നിലയങ്കിയെടുത്തു മേലിട്ടു. പുറത്തേക്കിറങ്ങി.

നേരം അസ്തമിക്കുന്നു; മെത്രാൻ ആ ‘വരഞ്ഞിട’പ്പെട്ട സ്ഥലത്തെത്തിയപ്പോഴേക്കും സൂര്യൻ നല്ലവണ്ണം ചക്രവാളാന്തത്തിന്മേൽ മുട്ടി. ഒരുമാതിരി നെഞ്ഞിടിപ്പോടുകൂടി താൻ ഗുഹയുടെ അടുത്തെത്തി എന്നദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഒരു കുഴി കവച്ചുവെച്ച്, ഒരു കുറ്റിക്കാട് എടുത്തുചാടി, ഉണങ്ങിയ മരക്കൊമ്പുകൾ കൊണ്ടുള്ള ഒരു വേലിയിലൂടെ ചൂളിക്കടന്നു, കാലടി തട്ടിയിട്ടില്ലാത്ത ഒരു പുല്പറമ്പിലെത്തി; ഒരു നല്ല ധൈര്യം പിടിച്ചു മുൻപോട്ടു നടന്നു; പെട്ടെന്ന് ആ വെളിമ്പറമ്പിന്റെ അങ്ങേ അറ്റത്തു മുതിർന്ന മുൾച്ചെടികളുടെ പിന്നിലായി അദ്ദേഹം ആ ഗുഹാദ്വാരം കണ്ടെത്തി.

അതു ദാരിദ്ര്യം പിടിച്ചു ചെറുതായി ഉയരം കുറഞ്ഞു വൃത്തിയുള്ള ഒരു ചെറ്റക്കുടിലാണ്; പുറത്തു മുൻപിലായി ഒരു മുന്തിരിവള്ളി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

വാതില്ക്കരികേ ഒരു പഴയ ഉരുളുകസാലയിൽ–പാവങ്ങളായ കൃഷിക്കാർക്കുള്ള ഒരു ചാരുകസാലയിൽ–സൂര്യനെ നോക്കി പുഞ്ചിരിയിട്ടുകൊണ്ടു തലനരച്ച ഒരാൾ ഇരിക്കുന്നു.

ആ ഇരിക്കുന്നാളുടെ അടുക്കൽ ഒരു കുട്ടി നില്ക്കുന്നുണ്ട്–ആ ഇടയക്കുട്ടി. ആ കുട്ടി ഒരു പാത്രത്തിൽ അയാൾക്കു പാൽ കൊടുക്കുകയാണ്.

മെത്രാൻ നോക്കിക്കാണുമ്പോൾ, ആ വയസ്സൻ പറഞ്ഞു; ‘ഞാൻ നന്ദി പറയുന്നു; എനിക്കൊന്നും വേണ്ട.’ അയാളുടെ മുഖത്തുള്ള പുഞ്ചിരി സൂര്യനെ വിട്ടു കുട്ടിയിൽ പതിഞ്ഞു.

മെത്രാൻ മുൻപോട്ടു ചെന്നു. നടക്കുമ്പോഴത്തെ ശബ്ദം കേട്ട്, ആ വയസ്സൻ തിരിഞ്ഞു നോക്കി. ഒരു നീളമേറിയ ജീവകാലത്തിനുശേഷം, പിന്നേയും ഒരു മനുഷ്യന്നുണ്ടാകാവുന്ന അത്ഭുതഭാവത്തിന്റെ ആകത്തുക അയാളുടെ മുഖത്തു പ്രകാശിച്ചു.

‘ഞാൻ ഇവിടെ താമസമായതിനുശേഷം,’ അയാൾ പറഞ്ഞു, ‘ഇന്നൊന്നാമതായിട്ടാണ് ഒരാൾ ഇവിടെ കടന്നുവരുന്നത്. സേർ നിങ്ങളാരാണ്?”

മെത്രാൻ മറുപടി പറഞ്ഞു: ‘എന്റെ പേർ ബിയാങ് വെന്യു മിറിയേൽ എന്നാണ്.’

‘ബിയാങ് വെന്യു മിറിയേൽ? ഈ പേർ ഞാൻ കേട്ടിട്ടുണ്ട്. ജനങ്ങൾ മോൺസിന്യേർ വെൽക്കം എന്നു വിളിക്കാറുള്ള ആൾ നിങ്ങളാണോ?’

‘ഞാനാണ്.’

ആ വൃദ്ധൻ ഒരർദ്ധമന്ദസ്മിതത്തോടുകുടി പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ നിങ്ങൾ എന്റെ മെത്രാനാണ്?’

‘അങ്ങനെ ഒന്നാണ്.’

‘സേർ, വരു.’

ആ പ്രതിനിധിയോഗാംഗം മെത്രാന്നു തന്റെ കൈ നീട്ടിക്കാണിച്ചു. പക്ഷേ, മെത്രാൻ അതു സ്വീകരിച്ചില്ല. അദ്ദേഹം ഇങ്ങനെ പറയുകമാത്രം ചെയ്തു; ‘ഞാൻ കേട്ടതു ശരിയല്ലെന്നു കാണുന്നതിൽ സന്തോഷിക്കുന്നു. നിങ്ങൾക്കു ദീനമുള്ളപോലെ തോന്നുന്നില്ല.’

‘മൊസ്സ്യു,’ ആ വയസ്സൻ മറുപടി പറഞ്ഞു: ‘എനിക്കു ദീനം മാറാൻ പോകുന്നു.’

അയാൾ കുറച്ചിട മിണ്ടാതിരുന്നു; പിന്നെ പറഞ്ഞു: ‘ഞാൻ മൂന്നു മണിക്കൂർ കഴിഞ്ഞാൽ മരിക്കും.’ പിന്നെ അയാൾ തുടർന്നു: ‘ഞാൻ ഏതാണ്ടൊരു വൈദ്യനാണ്, മരണം അടുത്തുകൂടുന്ന മട്ട് എനിക്കറിയാം. ഇന്നലെ എന്റെ കാലടി മാത്രമേ തണുത്തിരുന്നുള്ളു; ഇന്ന് ആ തണുപ്പു മുട്ടുവരെ കയറി; ഇപ്പോൾ അതെന്റെ അരവരെ എത്തിയതായി തോന്നുന്നു; അതു ഹൃദയത്തിലോളമായാൽ, കഴിഞ്ഞു. സൂര്യനെ കാണാൻ നല്ല കൗതുകമുണ്ട്. ഇല്ലേ? നാലുപുറവും ഒടുവിലത്തേതായ് ഒന്നു നോക്കിക്കാണാൻവേണ്ടി ഞാൻ ഈ ഉരുളുകസാല ഇങ്ങോട്ടു വലിച്ചുകൊണ്ടുവന്നിടുവിച്ചു. നിങ്ങൾക്ക് എന്നോട് സംസാരിക്കാം; എനിക്കതുകൊണ്ട് ക്ഷീണമേറുകയില്ല. മരിക്കാറായ ഒരാളെ നിങ്ങൾ കാണാൻ വന്നതു നന്നായി. ആ സമയത്തു സാക്ഷികളുണ്ടായിരിക്കുന്നതു നന്ന്. ഓരോരുത്തർക്ക് ഓരോ മോഹങ്ങളാണുള്ളത്; എനിക്കു പുലർച്ചവരെ ഇരുന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, മൂന്നു മണിക്കൂറിലധികം ഞാൻ ജീവിച്ചിരിക്കുകയില്ലെന്ന് എനിക്കറിയാം. അപ്പോഴെക്കും രാത്രിയാവും. ഇനി അതുകൊണ്ടെന്താണ്? മരണം ഒരു സാധാരണ സംഭവം. അതിനു വെളിച്ചംകൂടിയേ കഴിയൂ എന്നില്ല. അങ്ങനെയാവട്ടെ. ഞാൻ നാട്ടുവെളിച്ചത്തു കിടന്നു മരിക്കും.’

ആ വയസ്സൻ ഇടയക്കുട്ടിയുടെ നേരെ നോക്കി പറഞ്ഞു: ‘പോയി കിടന്നോ; നീ ഇന്നലെ രാത്രി മുഴുവനും ഉറങ്ങിയിട്ടില്ല; നിനക്കു ക്ഷീണമുണ്ട്.’

ആ കുട്ടി കുടിലിനുള്ളിലേക്ക് പോയി.

വയസ്സൻ ആ കുട്ടി പോകുന്നതു നോക്കിക്കണ്ടു; തന്നോടുതന്നെ എന്നപോലെ അയാൾ തുടർന്നു പറഞ്ഞു: ‘അവൻ ഉറങ്ങുമ്പോൾ ഞാൻ മരിക്കും. രണ്ടുറക്കങ്ങളും നല്ല യോജിപ്പുള്ള അയൽപക്കക്കാരാവാം.’

വേണ്ടതാണെന്നു തോന്നുന്നതുപോലെ ഇതൊന്നും മെത്രാന്റെ ഉള്ളിൽ തട്ടിയില്ല. ഈവിധമുള്ള മരണത്തിൽ ഈശ്വരൻ പ്രത്യക്ഷീഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിചാരിച്ചില്ല; ഞങ്ങൾ മുഴുവനും പറയട്ടെ–മഹാന്മാരുടെ സ്വഭാവത്തിലുള്ള ഈവക ചില ചില്ലറ വൈപരീത്യങ്ങൾ, മറ്റുള്ളവയെപ്പോലെത്തന്നെ, എടുത്തു പറയേണ്ടവയാണ്. ‘തന്റെ മഹാത്മത’യെ കളിയാക്കുന്നതിൽ ഒരു രസമുള്ളാളായി നാം കണ്ട മെത്രാന്നു പോലും ‘മോൺസിന്യേർ’ എന്നുവിളിക്കപ്പെടാഞ്ഞപ്പോൾ മുഖം കറുത്തു. ‘പൗരൻ’ എന്നങ്ങോട്ടു തടുത്തുപറയാൻ അദ്ദേഹത്തിനു നാവു പൊന്തി; വൈദ്യന്മാർക്കും മതാചാര്യന്മാർക്കും സാധാരണമായുള്ളതും എന്നാൽ തനിക്കു മാത്രം സാധാരണമായി ഉണ്ടാകാത്തതുമായ ഒരല്പരസം–അതിപരിചയം കാണുമ്പോഴത്തെ ഒരു സുഖമില്ലായ്മ– അദ്ദേഹത്തെ കടന്നുബാധിച്ചു. ഈ മനുഷ്യൻ, പ്രതിനിധിയോഗത്തിലെ ഒരംഗമായ ഇയ്യാൾ, പൊതുജനങ്ങളുടെ പ്രതിനിധിയായ ഈ കണ്ടാൾ, ഭൂമിയിൽ അധികാരവലുപ്പമേറിയ പ്രമാണികളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു; ഒരുസമയം തന്റെ ജീവകാലത്തിന്നുള്ളിൽ ഒന്നാമതായി, മെത്രാന്ന് ഒരു ദേഷ്യം തോന്നി.

ഈ സമയത്ത്, പ്രതിനിധിയോഗത്തിലെ അംഗം അദ്ദേഹത്തെ ഒരു സവിനയമായ മനസ്സന്തോഷത്തോടുകുടി നോക്കിക്കാണുകയായിരുന്നു; ആ സന്തോഷത്തിൽ മരിച്ചു മണ്ണടിയാൻ പോകുന്ന ഒരാൾക്കുണ്ടാകേണ്ടുന്ന വിനീതഭാവം തികച്ചും സ്പഷ്ടമായി കാണപ്പെട്ടു.

മെത്രാനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, തന്റെ അഭിപ്രായത്തിൽ. മിക്കവാറും ഒരു തെറ്റുതന്നെയായ ജിജ്ഞാസയെ അദ്ദേഹം എപ്പോഴും പിടിച്ചമർത്തുകയാണ് പതിവ്; എങ്കിലും ആ പ്രതിനിധിയോഗാംഗത്തെ ഒരു സവിശേഷമായ ശ്രദ്ധയോടുകൂടി നോക്കിക്കാണാതിരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല–ആ ശ്രദ്ധയുടെ പുറപ്പാട് അനുകമ്പയിൽനിന്നല്ലായിരുന്നതുകൊണ്ട്, അതു മറ്റേതൊരാളെ സംബന്ധിച്ചുണ്ടായതാണെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് അതിനെപ്പറ്റി ശകാരിക്കേണ്ടി വരുമായിരുന്നു. ഒരു പ്രതിനിധിയോഗാംഗം രാജ്യനിയമത്തിന്റെ അതിർത്തിയിൽനിന്നു പുറത്ത്, എന്നല്ല ധർമശീലത്തിന്നുള്ള വ്യാപ്തിസീമയ്ക്കുപോലും അപ്പുറത്ത്, വിട്ടുനില്ക്കുന്ന ഒരു സത്ത്വമാണെന്ന ഒരു ബോധം. അദ്ദേഹത്തിനു തോന്നി. ശാന്തതയോടുകൂടി, ദേഹം ഏതാണ്ട് നിവർന്നു. ശബ്ദം പ്രതിധ്വനിച്ചുകൊണ്ടുള്ള ജി., ശരീരശാസ്ത്രജ്ഞന്മാരെ അമ്പരപ്പിക്കുന്നവരായ വയസ്സന്മാരുടെ–എൺപതു വയസ്സ് ചെന്നിട്ടും വയസ്സാവാത്ത വൃദ്ധന്മാരുടെ–കൂട്ടത്തിൽ ഒരാളായിരുന്നു. ഭരണപരിവർത്തനകാലത്ത്, അന്നത്തെ സ്ഥിതിക്കു യോജിച്ചവിധത്തിൽ, ഇങ്ങനെയുള്ള ആളുകൾ പലരും ഉണ്ടായിരുന്നു. ആ വയസ്സൻ, മനുഷത്വം മാറ്റുരച്ചുനോക്കിയതിൽ തെളിഞ്ഞുവന്നിട്ടുള്ള ഒരാളാണെന്ന് ആർക്കും കണ്ടാൽ തോന്നും. അവസാനകാലത്തോട് ഇത്രമേൽ സമീപിച്ചിട്ടും, അരോഗ ദൃഡഗാത്രതയുടെ എല്ലാ ഭാവവിശേഷങ്ങളും അയാളിൽ നിലനിന്നിരുന്നു. തന്റെ തെളിഞ്ഞ നോട്ടത്തിലും, ഉറച്ച സ്വരത്തിലും, ചുമലുകളുടെ കരുത്തുകൂടിയ ഇളക്കത്തിലും ആ മനുഷ്യൻ മരണത്തെ സംഭ്രമിപ്പിക്കുന്നതുപോലെ തോന്നി. മുഹമ്മദീയരുടെ വിശ്വാസത്തിൽ ശവക്കല്ലറകളുടെ ദേവതയായ അസ്രേൽകൂടി, ഇവിടെ വന്നാൽ ഒന്നു ഭയപ്പെട്ടു പിൻവാങ്ങിപ്പോവും; എന്തോ വീടു മാറിപ്പോയപോലെ അയാൾ പിന്നോക്കം വെക്കും. തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയതുകൊണ്ടാണ് ജി. മരിക്കുന്നതെന്നു തോന്നി. അയാളുടെ മനോവേദനയിൽക്കൂടി അയാൾ സ്വതന്ത്രനായിരുന്നു. കാലുകൾക്കു മാത്രം ചേഷ്ടയില്ല. അവിടെയായിരുന്നു മരണദേവത അയാളെ മുറുകെ പിടികൂടിയത്. അയാളുടെ കാലുകൾ തണുത്തും മരവിച്ചുമിരുന്നു. എന്നാൽ അയാളുടെ തലയ്ക്കു ജീവന്റെ സകലശക്തിയുമുണ്ട്–അതു മുഴുവനും വെളിച്ചംകൊണ്ടു നിറഞ്ഞതുപോലെ കാണപ്പെട്ടു. ഈ വിശിഷ്ടസമയത്ത്, പൗരസ്ത്യന്മാരുടെ ഒരു കെട്ടുകഥയിൽ അരയ്ക്കുമേല്പോട്ടു മാംസവും കീഴ്പോട്ടു വെണ്ണക്കല്ലുമായി വർണിച്ചിട്ടുള്ള രാജാവിനെപ്പോലെയായിരുന്നു ജി.

അവിടെ ഒരു കല്ലു കിടപ്പുണ്ട്. മെത്രാൻ അതിന്മേൽ ഇരുന്നു.

‘ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,’ അധിക്ഷേപിക്കുമ്പോൾ ഉപയോഗിക്കാറുള്ള സ്വരത്തിൽ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ രാജഹത്യയ്ക്ക് അനുമതി കൊടുത്തിട്ടില്ലല്ലോ, എന്തായാലും.’

പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗമായ ആ വയസ്സൻ ‘എന്തായാലും’ എന്ന വാക്കിൽ അന്തർഭവിച്ചിട്ടുള്ള ചീത്ത അർഥം അത്ര സുക്ഷിച്ചില്ലെന്നുതോന്നി. അയാൾ മറുപടി പറഞ്ഞു-പുഞ്ചിരി അയാളുടെ മുഖത്തുനിന്നു തീരെ പോയിരുന്നു-‘സർ, നിങ്ങളെന്നെ വേണ്ടതിലധികം അഭിനന്ദിക്കരുത്. ഞാൻ ആ ദുഷ്ടനെ കൊല്ലുന്നതിനു സമ്മതിച്ചു.’

ഗൗരവം കാണിക്കുന്ന സ്വരത്തിനു മനോദാർഡ്യം കാണിക്കുന്ന സ്വരത്തിലുള്ള മറുപടി.

‘നിങ്ങൾ പറയുന്നതെന്താണ്?’ മെത്രാൻ ആരംഭിച്ചു.

‘ഞാൻ പറയുന്നു, മനുഷ്യന്റെ ഉള്ളിൽ ഒരു ദുഷ്ടനിരിപ്പൂണ്ട്–അജ്ഞത. ആ ദുഷ്ടനെ കൊല്ലുന്നതിനു ഞാൻ അനുമതി കൊടുത്തു. ആ ദുഷ്ടൻ രാജത്വത്തിനെ, തെറ്റിദ്ധരിക്കപ്പെട്ട അധികാരശക്തിയിൽ ഉൽപ്പാദിപ്പിച്ചു: എന്നാൽ ശരിയായ അധികാരശക്തി പ്രകൃതിജ്ഞാനമാണ്. മനുഷ്യൻ പ്രകൃതിജ്ഞാനമനുസരിച്ചേ ഭരിക്കപ്പെടാവൂ.’

‘മനസ്സാക്ഷിയും,’ മെത്രാൻ തുടർന്നു പറഞ്ഞു.

‘അതു രണ്ടും ഒന്നുതന്നെ. മനസ്സാക്ഷി എന്നത് നമ്മുടെ ഉള്ളിൽ സ്വാഭാവിക പ്രകൃതിജ്ഞാനത്തിന്റെ തുകയാണ്.’

മോൺസിന്യേർ ബിയാങ് വെന്യു ഇങ്ങനെ ഒരു ഭാഷയിലുള്ള സംസാരം ഏതാണ്ട് അത്ഭുതപ്പെട്ടുകൊണ്ട് കേട്ടു; ഇതദ്ദേഹത്തിനു പുതിയതാണ്.

പ്രതിനിധിയോഗത്തിലെ അംഗം പിന്നേയും ആരംഭിച്ചു; ‘പതിനാറാമൻ ലൂയിയെസ്സംബന്ധിച്ചേടത്തോളം, ഞാൻ പാടില്ലെന്നു പറഞ്ഞു. ഒരു മനുഷ്യനെ കൊല്ലുവാൻ എനിക്കധികാരമുണ്ടെന്നു ഞാൻ വിചാരിച്ചില്ല; പക്ഷേ, ദുഷ്ടതയെ ഉന്മൂലനം ചെയ്യുന്നത് എന്റെ മുറയാണെന്ന് എനിക്കു തോന്നി. ഞാൻ ദുഷ്ടനെ കൊന്നു കളയുവാൻ അനുമതി കൊടുത്തു; എന്നുവെച്ചാൽ, സ്ത്രീയുടെ ചാരിത്ര്യദൂഷണവും, പുരുഷന്റെ അടിമത്തവും കുട്ടിയുടെ അന്ധകാരവും അവസാനിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു. പൊതുജനഭരണത്തിനു സമ്മതിച്ചതിൽ, ഞാൻ വാസ്തവത്തിൽ സമ്മതിച്ചിട്ടുള്ളത് അതാണ്. സഹോദരത്വത്തിനും ഐകമത്യത്തിനും പ്രഭാതത്തിനും ഞാൻ അനുമതി കൊടുത്തു. ദുർബോധനകളും ദുർവിചാരങ്ങളും നശിപ്പിക്കുന്ന കാര്യത്തിൽ ഞാൻ സഹായിച്ചു. ദുർബോധനകളും ദുർവിചാരങ്ങളും തകർന്നു മണ്ണടിഞ്ഞാൽ തനിയേ വെളിച്ചമായി. ഞങ്ങൾ പഴമയെ നശിപ്പിച്ചുകളഞ്ഞു; ആ പഴമ, ആ കഷ്ടപ്പാടുകളെ നിറച്ചുവെച്ച ശൃംഗാരപാത്രം മനുഷ്യസമുദായത്തിനുമീതെ മറിഞ്ഞുകിടന്നതുകൊണ്ട്, അതു സുഖത്തിനുള്ള ഒരു ശ്മശാനമായിത്തീർന്നു.’

‘സമ്മിശ്രസുഖത്തിന്,’ മെത്രാൻ പറഞ്ഞു.

‘സംക്ഷുഭിതമായ സുഖത്തിന് എന്നു നിങ്ങൾക്കു പറയാം; ഇന്ന്, ആ പഴയകാലത്തിന്റെ പുനഃസ്ഥാപനത്തിനുശേഷം, അതായത് 1814–നു ശേഷം, [42] അപ്രത്യക്ഷമായിപ്പോയ സുഖം! കഷ്ടം! പ്രവൃത്തി മുഴുവനായില്ല, അതു ഞാൻ സമ്മതിക്കുന്നു: പണ്ടത്തെ സ്ഥിതി ഞങ്ങൾ പ്രവൃത്തിയിൽ ഉടച്ചുകളഞ്ഞു; അതിനെ വിചാരത്തിൽ തീരെ അമർത്തിക്കളയുന്നതിനു ഞങ്ങൾക്കു സാധിച്ചില്ല. അതിക്രമങ്ങളെ നശിപ്പിച്ചതുകൊണ്ടു പോരാ; നടപടികളെ നന്നാക്കിത്തീർക്കണം. തിരിഞ്ഞു കാറ്റുണ്ടാകുന്ന പ്രശ്നം അവിടെ ഇല്ലാതായി; പക്ഷേ, കാറ്റു പിന്നേയുമുണ്ട്.’

‘നിങ്ങൾ ഉടച്ചുകളഞ്ഞു. ഉടച്ചുകളയുന്നത് ആവശ്യമായിരിക്കാം; പക്ഷേ, ദേഷ്യത്തോടുകുടി ഒന്നിനെ ഉടച്ചുകളയുന്നത് ഗുണമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.’

‘ധർമത്തിനും അതിനുവേണ്ട ദേഷ്യമുണ്ട്, മെത്രാൻ; എന്നല്ല ധർമത്തിനുള്ള ദേഷ്യം അഭിവൃദ്ധിയുടെ അടിക്കല്ലാണ്. എന്തായാലും എന്തുതന്നെ പറഞ്ഞാലും ശരി, ക്രിസ്തുവിന്റെ പ്രഥമാഗമനത്തിനു ശേഷം, മനുഷ്യസമുദായത്തിനുണ്ടായിട്ടുള്ള ഏറ്റവും പ്രാധാന്യമേറിയ ഒരുദ്ഗതിയാണ് ഫ്രാൻസിലെ ഭരണപരിവർത്തനം. അപൂർണം–അങ്ങനെയായിരിക്കാം; പക്ഷേ മഹത്തരം. അജ്ഞാതങ്ങളായി കിടന്നിരുന്ന എല്ലാ സാമുദായിക പരിണാമങ്ങൾക്കും അതു സ്വാതന്ത്യം കൊടുത്തു; അതു മനസ്സിനെ മയപ്പെടുത്തി, ശാന്തമാക്കി, സാവധാനമാക്കി, ബോധവത്താക്കി. ഹൃദയസംസ്കാരത്തിന്റെ ദീർഘങ്ങളായ ഗതിതരംഗങ്ങളെ അതു ഭൂമിയിലെങ്ങും ഒഴുക്കി. അതു നല്ലൊന്നായിരുന്നു. ഫ്രാൻസിലെ ഭരണപരിവർത്തനം മനുഷ്യസമുദായത്തിന്റെ പ്രതിഷ്ഠാകലശമാടലാണ്.’

മെത്രാനു ഒന്നു പിറുപിറുക്കാതിരിക്കാൻ കഴിഞ്ഞില്ല; ‘അതേയോ? 1793!’

പ്രതിനിധിയോഗാംഗം തന്റെ കസാലമേൽ ഏതാണ്ട് വ്യസനപൂർവമായ ഒരു ഗൗരവത്തോടെ നിവർന്നിരുന്നു; മരിക്കാറായ ഒരു മനുഷ്യന്നു കഴിയുന്നവിധം ഉച്ചത്തിൽ അയാൾ പറഞ്ഞു: ‘ഹാ, നിങ്ങൾ അങ്ങോട്ടാണ് പോകുന്നത്; ആ വാക്കു ഞാൻ കരുതിയിരുന്നു. ആയിരത്തഞ്ഞൂറു കൊല്ലങ്ങളോളമായി ഒരു മേഘം വന്നുകൂടുവാൻ തുടങ്ങിയിരുന്നു; ആ ആയിരത്തഞ്ഞൂറു കൊല്ലം കഴിഞ്ഞപ്പോൾ, അതു തന്നത്താൻ പിളർന്നു. നിങ്ങൾ ആ മേഘഗർജ്ജനത്തെയാണ് വിചാരണയ്ക്കു വെക്കുന്നത്.’

പുറത്തേക്കു പക്ഷേ, സമ്മതിച്ചില്ലെങ്കിലും, തന്റെ ഉള്ളിൽനിന്ന് എന്തോ ഒന്നു നശിച്ചുപോയതുപോലെ മെത്രാന്നു തോന്നി. ഏതായാലും, ആ ഭാവം അദ്ദേഹം കാണിച്ചില്ല. അദ്ദേഹം മറുപടി പറഞ്ഞു: ‘നീതിന്യായാധിപൻ നീത്യന്യായത്തെ മുൻനിർത്തി സംസാരിക്കുന്നു; മതാചാര്യൻ ദയയെ മുൻനിർത്തി പറയുന്നു–ദയ എന്നത് ഉത്കൃഷ്ടതരമായ നീതിന്യായമല്ലാതെ മറ്റൊന്നുമല്ല. ഒരു മേഘഗർജ്ജനത്തിനു തെറ്റു ചെയ്യാൻ വയ്യാ.’ പ്രതിനിധിയോഗത്തിലെ അംഗമായ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു ചോദിച്ചു: പതിനേഴാമൻ ലൂയി?’ [43]

ആ പ്രതിനിധിയോഗാംഗം തന്റെ കൈ നീട്ടി, മെത്രാന്റെ കൈ പിടിച്ചു.

‘പതിനേഴാമൻ ലൂയി! നമുക്കു നോക്കുക. ആരെപ്പറ്റിയാണ് നിങ്ങൾ വ്യസനിക്കുന്നത്? നിരപരാധനായ ശിശുവെപ്പറ്റിയാണോ? വളരെ നല്ലത്; അങ്ങനെയാണെങ്കിൽ, ഞാനും നിങ്ങളോടുകൂടി വ്യസനിക്കുന്നു. രാജശിശുവിനെക്കുറിച്ചാണോ? നില്ക്കു, എനിക്കാലോചിക്കണം. കർത്തുഷിന്റെ [44] സഹോദരനായ ഒരു നിരപരാധശിശുവെ കർത്തൂഷിന്റെ സഹോദരനാണ് എന്നുള്ള ഏകസംഗതിയിന്മേൽ, പ്ലാസ്ദ് ഗ്രേവിൽവെച്ചു കക്ഷത്തിൽ കുടുക്കിട്ടു ചാവുന്നതുവരെ തുക്കിക്കൊന്നതിൽ എനിക്കുള്ള മനോവേദന, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകൻ, ഒരു നിരപരാധനായ ശിശു, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകനാണെന്നുള്ള ഏക സംഗതിയിന്മേൽ, ടെംപിളിലെ ഗോപുരത്തിൽ ബന്ധനസ്ഥനായി കിടന്നു മരിച്ചപ്പോളുണ്ടായതിൽനിന്ന് ഒട്ടും കുറഞ്ഞതല്ല.’

‘മൊസ്സ്യു,’ മെത്രാൻ പറഞ്ഞു: ‘ഇങ്ങനെ പേരുകൾ കൂട്ടിക്കലർത്തുന്നത് എനിക്കിഷ്ടമില്ല.’

‘കർത്തുഷ്? പതിനഞ്ചാമൻ ലൂയി? ഈ രണ്ടിൽ ഏതു കൂട്ടിച്ചേർത്തുന്നതാണ് നിങ്ങൾക്കനിഷ്ടം?’

ഒരു നിമിഷനേരം ആരും ഒന്നും മിണ്ടിയില്ല. വരേണ്ടിയിരുന്നില്ല എന്നു മെത്രാൻ ഏതാണ്ട് പശ്ചാത്തപിച്ചു; എങ്കിലും അസാധാരണവും അത്ഭുതകരവുമായവിധം താൻ ഒന്നു കുലുക്കപ്പെട്ടതുപോലെ അദ്ദേഹത്തിനു തോന്നി.

ആ പ്രതിനിധിയോഗാംഗം വീണ്ടും പറയാൻ തുടങ്ങി; ‘ഹാ, എന്റെ മാന്യനായ മതാചാര്യ, നിങ്ങൾ സത്യനിഷ്ഠന്മാർക്കുള്ള അപാകതകളെ ഇഷ്ടപ്പെടുന്നില്ല. യേശുക്രിസ്തു അവയെ സ്നേഹിച്ചിരുന്നു. അദ്ദേഹം ഒരു വടിയെടുത്തു ദേവാലയം മുഴുവനും ശുദ്ധമാക്കി. മിന്നൽപ്പിണരുകളെക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ കുരടാവ്, സത്യാവസ്ഥകളെ ദയയില്ലാതെ തുറന്നുപറയലായിരുന്നു. അദ്ദേഹം കുട്ടികൾ അനുഗ്രഹിക്കപ്പെടട്ടെ എന്നു പറഞ്ഞപ്പോൾ, ചെറിയ കുട്ടികളിൽ യാതൊരു വ്യത്യാസവും ചെയ്തില്ല. ബാരബാസിന്റെ [45] സീമന്തപുത്രനേയും ഹെറോഡിന്റെ [46] സീമന്തപുത്രനേയും കൂട്ടിച്ചേർത്താൽ അദ്ദേഹം അമ്പരക്കുകയില്ല. നിരപരാധത തന്നെ, മൊസ്സ്യു, അതിനുള്ള കിരീടമാണ്. നിരപരാധതയ്ക്കു ഒരിക്കലും രാജാവാവേണ്ട ആവശ്യമില്ല. അതു പഴന്തുണികളുടെ ഉള്ളിലും ചെങ്കോലിന്റെ മകുടങ്ങളിലെന്നപോലെ; പ്രതാപവത്താണു്.

‘അതു ശരി’ മെത്രാൻ താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു.

‘വരട്ടെ, ഞാൻ മുഴുവൻ പറയട്ടെ.’ ജി. തുടർന്നു; ‘നിങ്ങൾ എന്നോടു് പതിനേഴാമൻ ലൂയിയെപ്പറ്റി പറഞ്ഞു. നമുക്ക് അന്യോന്യം മനസ്സിലാക്കുക. സകല നിരപരാധന്മാരെയും മരണശിക്ഷ അനുഭവിച്ച സർവരേയും പ്രഭുക്കന്മാരുടെ എന്നപോലെത്തന്നെ സാധുക്കളുടെ കുട്ടികളേയും കുറിച്ചു നമുക്കു് കണ്ണുനീരൊഴുക്കുക! ഞാൻ അതിനു സമ്മതിക്കുന്നു. പക്ഷേ അങ്ങനെയാണെങ്കിൽ, ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ, നമുക്ക് 1793–നും മുൻപിലേക്കു പോവണം; നമ്മുടെ കരച്ചിൽ പതിനേഴാമൻ ലൂയിയുടെയും അപ്പുറത്തു നിന്ന് ആരംഭിക്കണം. രാജാക്കന്മാരുടെ കുട്ടികളെപ്പറ്റി കരയുവാൻ ഞാൻ നിങ്ങളുടെ കൂട്ടത്തിൽ കൂടാം; പക്ഷേ, പൊതുജനങ്ങളുടെ കുട്ടികളെപ്പറ്റി കരയുവാൻ നിങ്ങൾ എന്റേയും കൂട്ടത്തിൽ കൂടണം.’

‘ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു.’ മെത്രാൻ പറഞ്ഞു.

‘ഒരേ മാതിരി!’ പ്രതിനിധിയോഗാംഗമായ ജി. കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എന്നല്ല, തുലാസ്സ് എങ്ങോട്ടാണെങ്കിലും അല്പമൊന്നു ചെരിയണമെന്നുണ്ടെങ്കിൽ അതു പൊതുജനങ്ങളുടെ ഭാഗത്തേക്കാവട്ടെ. അവർ അധികകാലമായി ദുഃഖമനുഭവിക്കുന്നു.’

പിന്നേയും കുറച്ചിട ആരും മിണ്ടാതായി. പ്രതിനിധിയോഗാംഗമാണ് ഒന്നാമതായി ആ മൗനത്തെ ഭഞ്ജിച്ചത്. അയാൾ ഒരു കൈമുട്ടിന്മേൽ ഊന്നി നിവർന്നിരുന്നു; ചോദ്യം ചെയ്കയും തീർപ്പു ചെയ്കയും ചെയ്യുന്ന ഒരാൾ യാദ്യച്ഛികമായി പ്രവർത്തിക്കാറുള്ളതുപോലെ, തന്റെ കവിൾത്തടത്തിന്റെ ഒരു ഭാഗം തള്ളവിരലിനും ചൂണ്ടാണിവിരലിനും നടുവിലേക്കു പിടിച്ചെടുത്തു; മരണവേദനയ്ക്കുള്ള എല്ലാ ശക്തികളെക്കൊണ്ടും നിറഞ്ഞ ഒരു നോട്ടത്തോടുകൂടി, അയാൾ മെത്രാന്റെ മുഖത്തേക്കു നോക്കി. അതേതാണ്ടൊരു വെടിപൊട്ടലായിരുന്നു.

‘അതേ സേർ. അനവധി കാലമായി ജനങ്ങൾ ദുഃഖമനുഭവിക്കുന്നു. ആട്ടെ, നില്ക്കൂ! അതുകൊണ്ടായില്ലല്ലോ; ഇപ്പോൾത്തന്നെ നിങ്ങൾ എന്തിനാണ് പതിനേഴാമൻ ലൂയിയെപ്പറ്റി എന്നോടു ചോദിച്ചത്, എന്നോടു സംസാരിച്ചത്? ഞാൻ നിങ്ങളെ അറിയില്ല. ഞാൻ ഇവിടെ വന്നതു മുതൽ, ഈ പറമ്പിനുള്ളിലായി കഴിഞ്ഞുകൂടിയതേ ഉള്ളു; പുറത്തേക്കു കാലെടുത്തു കുത്തിയിട്ടില്ല; എന്നെ സഹായിക്കുന്ന ആ കുട്ടിയെ ഒഴിച്ചു വേറെ ആരേയും ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ പേർ ഒരു സമ്മിശ്രമായ വിധത്തിൽ എന്റെ ചെകിട്ടിൽ എത്തിയിട്ടുണ്ട്–അതു നേരാണ്; വളരെ ചീത്തയായ വിധത്തിൽ ഞാനതുച്ചരിച്ചു കേട്ടിട്ടുണ്ട്–അതു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു; പക്ഷേ, അതു സാരമില്ല; സാമർഥ്യമുള്ള ആളുകൾക്കു പൊതുജനങ്ങളെന്നു പറയുന്ന ആ നല്ലവനായ പരമാർഥിയെ ചതിച്ചുകീഴടക്കുവാൻ അനവധി മാർഗങ്ങൾ തോന്നും. കൂട്ടത്തിൽ പറയട്ടെ, നിങ്ങളുടെ സവാരിവണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ല; നിരത്തുകളുടെ ചെനച്ചത്തിലുള്ള ചുള്ളിക്കാട്ടിനു പിന്നിൽ നിങ്ങൾ അതു നിർത്തിയിരിക്കും, സംശയമില്ല. ഞാൻ പറയുന്നു. നിങ്ങളെ ഞാൻ അറിയില്ല. നിങ്ങൾ മെത്രാനെന്നു നിങ്ങൾ എന്നോടു പറഞ്ഞു; പക്ഷേ, അതുകൊണ്ടു നിങ്ങളുടെ വൃത്തികളെല്ലാം ഏതു മാതിരിയാണെന്ന് എനിക്കു വിവരമായില്ല. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്റെ ചോദ്യം ആവർത്തിക്കുന്നു: നിങ്ങൾ ആരാണ്? നിങ്ങൾ ഒരു മെത്രാനാണ്; എന്നുവെച്ചാൽ, പള്ളിയിലെ രാജകുമാരൻ. വംശചിഹ്നങ്ങളോടും വലിയ ആദായങ്ങളോടുംകൂടിയ ആ തങ്കപ്പൂച്ചിട്ടവരുടെ കൂട്ടത്തിലൊരാൾ–അതേ, വളരെയധികം ശമ്പളമുള്ളവരും–ഡി.യിലെ മെത്രാന്നു പതിനായിരം ഫ്രാങ്ക് ശമ്പളവും പതിനായിരം ബത്തയുമുണ്ട്; ആകെ ഇരുപത്തയ്യായിരം ഫ്രാങ്ക്–അടുക്കളപ്പുരകളുള്ളവരും ഭൃത്യന്മാർക്കെല്ലാം സവിശേഷമായ ഉടുപ്പുള്ളവരും, എപ്പോഴും ആഹ്ലാദിക്കുന്നവരും, വെള്ളിയാഴ്ചദിവസം ഇരണ്ടപ്പക്ഷികളെ തിന്നുന്നവരും ഒരു ഭൃത്യൻ മുന്നിലും ഒരു ഭൃത്യൻ പിന്നിലുമായി ആഡംബരത്തോടുകൂടിയ വണ്ടിയിൽക്കയറി വെറുതെ ചുറ്റിയടിക്കുന്നവരും, താമസിക്കുവാൻ വലിയ അരമനകളുള്ളവരും, വെറുംകാലോടുകൂടി നടന്ന യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു സവാരിവണ്ടികളിൽ ഇരുന്നു യാത്രചെയ്യുന്നവരുമായ അത്തരക്കാരിലൊരാൾ. നിങ്ങൾ സഭാധ്യക്ഷനാണ് – ശമ്പളവും അരമനയും, കുതിരകളും, ഭൃത്യന്മാരും, സദ്യയും, എല്ലാത്തരം വിഷയസുഖങ്ങളുമുള്ള ആൾ; മറ്റുള്ള എല്ലാവർക്കുമെന്നപോലെ നിങ്ങൾക്കും ഈ പറഞ്ഞതൊക്കെയുണ്ട്; മറ്റുള്ള എല്ലാവരുമെന്നപോലെ നിങ്ങളും ഇതുകളൊക്കെ അനുഭവിക്കുന്നു; അതു നല്ലതുതന്നെ; പക്ഷേ, ഇതുകൊണ്ട് ഒന്നുകിൽ അധികമായിപ്പോകുന്നു വിവരണം, അല്ലെങ്കിൽ കുറയുന്നു; എനിക്കു തരാൻ അറിവുംകൊണ്ടു വന്നിരിക്കാവുന്ന മനുഷ്യൻ ശരിയായും ആന്തരമായും എത്രകണ്ടു വിലപിടിച്ച ഒരാളാണെന്ന് എനിക്കിതുകൊണ്ട് മനസ്സിലാവുന്നില്ല. ഞാൻ സംസാരിക്കുന്നതാരോടാണ്? നിങ്ങൾ ആരാണ്?’

മെത്രാൻ തലതാഴ്ത്തി; അദ്ദേഹം മറുപടി പറഞ്ഞു: ‘ഞാനൊരു പുഴു.’

‘സവാരിവണ്ടിയിൽ കയറിനടക്കുന്ന ഭൂമിയിലെ ഒരു പുഴു,’ ആ പ്രതിനിധിയോഗത്തിലെ അംഗം മുരണ്ടു.

ഇക്കുറി ധാർഷ്ട്യം കാണിക്കുവാൻ ആ പ്രതിനിധിയോഗാംഗമായി; മെത്രാൻ പാവമായി.

മെത്രാൻ സൗമ്യസ്വരത്തിൽ ആരംഭിച്ചു: ‘അങ്ങനെയാവട്ടെ, സേർ; പക്ഷേ, അങ്ങെങ്ങോ മരങ്ങളുടെ പിന്നിൽ കുറേ ദൂരത്തേക്കു വാങ്ങിനില്ക്കുന്ന എന്റെ സവാരിവണ്ടിയും എന്റെ സദ്യയിലൂണും, വെള്ളിയാഴ്ച ദിവസമുള്ള എന്റെ ഇരണ്ടപ്പക്ഷിഭക്ഷണവും, എന്റെ ഇരുപത്തയ്യായിരം ഫ്രാങ്ക് ശമ്പളവും, എന്റെ അരമനയും, സവിശേഷമട്ടിൽ ഉടുപ്പിട്ട എന്റെ ഭൃത്യജനങ്ങളുംകൂടി, ദയ മനുഷ്യന്റെ ധർമമല്ലെന്നും, 1793 നിർദ്ദയമായ ഒന്നല്ലെന്നും ആക്കിത്തീർക്കുന്നതെങ്ങനെ എന്നൊന്നു പറഞ്ഞുകേട്ടാൽ കൊള്ളാം.’

ആ പ്രതിനിധിയോഗത്തിലെ അംഗം ഒരു മേഘാവരണത്തെ നീക്കിക്കളയുന്നതിനെന്നപോലെ, തന്റെ നെറ്റിയിലൂടെ ഒന്നു കൈ നടത്തി.

അയാൾ പറഞ്ഞു: ‘നിങ്ങളോടു മറുപടി പറയുന്നതിനു മുമ്പേ, ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നു. സേർ, ഞാനിപ്പോൾ ചെയ്തുപോയത് ഒരബദ്ധമാണ്. നിങ്ങൾ എന്റെ വീട്ടിൽ വന്നിരിക്കുന്നു; നിങ്ങൾ എന്റെ അതിഥിയാണ്; നിങ്ങളോടു മര്യാദ കാണിക്കുവാൻ ഞാൻ കടപ്പെട്ടവനാകുന്നു. നിങ്ങൾ എന്റെ അഭിപ്രായങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്യുന്നു; നിങ്ങളുടെ വാദങ്ങളെ എതിർക്കുക മാത്രമേ എനിക്കു ചെയ്വാൻ പാടുള്ളൂ. നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സുഖാനുഭവങ്ങളും നിങ്ങളെ തർക്കത്തിൽ തോല്പിക്കുവാൻ എനിക്കു നിങ്ങളേക്കാൾ അധികമായുള്ള അനുകൂലസംഗതികളാണ്; പക്ഷേ, അവയെ ഉപയോഗിക്കരുതെന്നു തറവാടിത്തം ഉപദേശിക്കുന്നു. ഇനിമേൽ അവയെ ഞാൻ ഉപയോഗിക്കില്ലെന്നു ശപഥംചെയ്യട്ടെ.’

‘ഞാൻ നന്ദി പറയുന്നു.’ മെത്രാൻ പറഞ്ഞു.

ജി, വീണ്ടും ആരംഭിച്ചു: ‘നിങ്ങൾ എന്നോടു പറഞ്ഞുതരാൻ ആവശ്യപ്പെട്ട കാര്യം എടുക്കട്ടെ. നമ്മൾ ഇപ്പോൾ എവിടെയാണ്? നമ്മൾ എന്തായിരുന്നു പറഞ്ഞുവന്നത്? 1793 നിർദ്ദയമായ ഒന്നാണെന്നോ?’

‘നിർദ്ദയം; അതേ. മെത്രാൻ പറഞ്ഞു: ‘ശിരച്ഛേദനയന്ത്രത്തെ നോക്കി മാറ [47] കൈകൊട്ടിയതിനെപ്പറ്റി നിങ്ങൾ എന്തു വിചാരിക്കുന്നു?

‘പുതിയ കൂറ്റുകാരെ വേട്ടയാടിപ്പിടിച്ചതിനെപ്പറ്റി ബോസ്സ്വെ [48] സ്തോത്രം പാടിയതിനെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?’

ഈ മറുപടി മൂർച്ചയുള്ള ഒന്നായിരുന്നു; അത് ഒരിരുമ്പുകുന്തത്തിന്റെ മുനപോലെ ചെല്ലേണ്ട ദിക്കിൽച്ചെന്നു കൊണ്ടു. മെത്രാൻ അതു തട്ടി ചൂളിപ്പോയി; അദ്ദേഹത്തിനു മറുപടിയൊന്നും തോന്നിയില്ല; പക്ഷേ, ബോസ്സ്വെയെപ്പറ്റി ഈ നിലയിൽ പറഞ്ഞുകേട്ടതിൽ അദ്ദേഹത്തിനു മുഷിഞ്ഞു. ഏറ്റവും നല്ല മനസ്സിനും ചില പൂജാവിഗ്രഹങ്ങളുണ്ട്. ന്യായപുച്ഛംകൊണ്ടു ചിലപ്പോൾ അവരുടെ മനസ്സു വേദനപ്പെട്ടുപോകുന്നു.

ജി. കിതയ്ക്കാൻ തുടങ്ങി; ഒടുവിലത്തെ ശ്വാസവികൃതികളോടു കൂടിച്ചേർന്നു സങ്കടക്കിതപ്പുകൾ അയാളുടെ ശബ്ദത്തെ തടഞ്ഞു; എങ്കിലും ബുദ്ധിക്കുള്ള ഒരു തികഞ്ഞ തെളിവ് അയാളുടെ നോട്ടങ്ങളിൽ പ്രകാശിച്ചു. അയാൾ തുടർന്നു പറഞ്ഞു: ‘ഈ ഭാഗത്തും ആ ഭാഗത്തുമായി ഞാൻ ചിലതുകൂടി പറയട്ടെ; എനിക്കു രസം തോന്നുന്നു. മുഴുവനുമായി എടുത്തുനോക്കിയാൽ, മനുഷ്യസമുദായത്തിനുള്ള മേന്മയെ സ്ഥാപിക്കുന്ന ഒന്നായ ഭരണപരിവർത്തനത്തിൽനിന്നു വേർപെടുത്തിയാൽ, 1793-കഷ്ടം!–ഒരു പ്രത്യുത്തരമാണ്. സേർ, നിങ്ങൾ അതു നിർദ്ദയമായ ഒന്നെന്നു വിചാരിക്കുന്നു; പക്ഷേ, സേർ, രാജത്വത്തെ മുഴുവനും പറ്റി നിങ്ങൾ എന്തുപറയുന്നു? കാരിയെ43 ഒരു തട്ടിപ്പറിക്കാരനാണ്; പക്ഷേ, മോന്ത്യവെക്കു43 നിങ്ങൾ എന്തു പേരു കൊടുക്കാൻ പോകുന്നു? ഫൂക്ഷിവേ–തായിങ്വീൽ43 ഒരു ദുഷ്ടനാണ്; പക്ഷേ, ലാദ്വാങ്യൊ-ങ് ബാവിൽനെ43 പ്പറ്റി നിങ്ങൾ എന്തു പറയുന്നു? മെയ്ലാർ43 ഭയങ്കരനാണ്; പക്ഷേ സോൾ-താവെന്ന്,43 ആരാണെന്ന് ഒന്നു കേട്ടാൽകൊള്ളാം. ദുഷേന്43 മുത്താൾ ഒരു നരിയാണ്; പക്ഷേ, ലത്തലിയെ43 മുത്താൾക്ക് എന്തു പേരിടുവാൻ നിങ്ങളെന്നെ സമ്മതിക്കും? ഴുർദാങ് കുപ്പ് തെത്ത് [49] ഒരു രക്ഷസ്സാണ്; പക്ഷേ, ഒരിക്കലും എം. എന്ന മാർക്കി ദ് ലൂവ്വാ [50] യോളം അത്ര വലിയതല്ല. സേർ, സേർ, ആർക്ക് ഡച്ചസ്സും രാജ്ഞിയുമായ മേറി ആങ്ത്വാനെത്തിനെ [51] പ്പറ്റി ഞാൻ വ്യസനിക്കുന്നു; പക്ഷേ, 1685-ൽ മഹാനായ ലൂയിയുടെ കാലത്ത്, ആ പിഞ്ചുകുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്ന ആ ഹ്യൂജിനട്ടുകാരി സ്ത്രീയെ അരക്കെട്ടുവരെക്കും നഗ്നയാക്കി ഒരു കഴുവിന്മേൽ കെട്ടിയിട്ട് അവളുടെ കുട്ടിയെ ദൂരത്തു മാറ്റിനിർത്തിയില്ലയോ? അവളെക്കുറിച്ചു, ഞാൻ വ്യസനിക്കുന്നു. അവളുടെ മാറിടം മുലപ്പാലു വന്നുകെട്ടി വീർത്തു; അവളുടെ ഹൃദയം കഠിനമായ വേദനകൊണ്ടു തുടിച്ചു. വിശന്നും വിളർത്തും ആ ചെറുകുട്ടി തള്ളയുടെ മാറത്തേക്കു നോക്കി കരഞ്ഞു കിടന്നു പിടഞ്ഞു. ആ പ്രസവിച്ച സ്ത്രീയെ, മുലകുടി മാറാത്ത കുട്ടിയുള്ള അവളെ നോക്കി ‘ഞാൻ ഉപേക്ഷിച്ചു എന്നു ശപഥം ചെയ്യു’എന്നു മരണശിക്ഷ നടത്തുന്നവൻ കൽപിച്ചു–ഹാ। ഒന്നുകിൽ തന്റെ പിഞ്ചുകുട്ടി കൊല്ലപ്പെടും; അല്ലെങ്കിൽ തന്റെ മനസ്സാക്ഷി നശിക്കും; ഇതു രണ്ടിൽ ഏതു വേണം എന്നു ചോദിച്ചു. ഒരമ്മയുടെ നേരെ കാണിക്കുമ്പോൾ, അത്രമേൽ അസഹനീയമായ നരകമായിത്തീരുന്ന ഈ കഠിനക്രിയയെപ്പറ്റി നിങ്ങൾ എന്തു വിചാരിക്കുന്നു? സേർ, ഇതു നല്ലവണ്ണം ഓർമവെക്കുക; ഫ്രാൻസിലെ ഭരണപരിവർത്തനം ഉണ്ടായിത്തീരുവാൻ മതിയായ കാരണങ്ങളുണ്ട്; അതിന്റെ ദേഷ്യം ഭാവികാലത്തിൽ ലയിച്ചുപോകും; അതുണ്ടായതിന്റെ ഫലമായി ലോകം പൂർവാധികം ഗുണപ്പെട്ടുവരും. അതിന്റെ ഭയങ്കരങ്ങളായ തല്ലുകളിൽനിന്നു മനുഷ്യസമുദായത്തിനു മുഴുവനും അനുഭവിക്കാവുന്ന ഒരാലിംഗനം തനിയെ ഉണ്ടായിവരും. ഞാൻ കുറയ്ക്കുന്നു; ഞാൻ നിർത്തുന്നു; അനുകൂലസംഗതികൾ എനിക്കു വല്ലാതെ വർദ്ധിച്ചുപോകുന്നു; എന്നല്ല, ഞാൻ മരിക്കാറായി.’

മെത്രാന്റെ മുഖത്തേക്കുള്ള നോട്ടം നിർത്തി, പ്രതിനിധിയോഗാംഗം ഈ ശാന്തവാക്കുകളെക്കൊണ്ടു തന്റെ വിചാരങ്ങളെ അവസാനിപ്പിച്ചു; ‘അതേ, അഭിവൃദ്ധിയുടെ കഠിനകൃത്യങ്ങളെ ഭരണപരിവർത്തനങ്ങൾ എന്നു വിളിക്കുന്നു. ആവക ലഹളകൾ അവസാനിച്ചാൽ, ഈ ഒരു വാസ്തവം വെളിപ്പെടും. മനുഷ്യസമുദായം നിർദ്ദയമാകുംവണ്ണം പെരുമാറപ്പെട്ടു; എന്നാൽ അതിന്ന് അഭിവൃദ്ധിയുണ്ടായി.’

മെത്രാന്റെ ഉള്ളിൽ കെട്ടിനിർത്തിയിട്ടുള്ള മിക്ക കൊത്തളങ്ങളും ഓരോന്നായി ആക്രമിക്കപ്പെട്ടുകഴിഞ്ഞു എന്നതിൽ ആ ഭരണസഭാംഗത്തിനു സംശയമുണ്ടായില്ല. ഏതായാലും ഒന്നു ബാക്കിനിന്നു; മൊസ്സ്യു ബിയാങ് വെന്യുവിന്റെ ഒടുവിലത്തെ നില്ക്കക്കള്ളിയായ ആ ഒരു രക്ഷാമാർഗത്തിൽനിന്ന് ഇങ്ങനെ ഒരു മറുപടി പുറപ്പെട്ടു– ആദ്യത്തെ നിഷ്ഠൂരത മുക്കാലും ആ മറുപടിയിൽ തിങ്ങിയിരുന്നു; ‘അഭിവൃദ്ധി ഈശ്വരനിൽ വിശ്വസിക്കണം. ഈശ്വരദൂഷകനായ ഒരു ഭൃത്യൻ ഒരിക്കലും നന്മയ്ക്കുണ്ടാവാൻ പാടില്ല. നിരീശ്വരമതക്കാരനായ ഒരുവൻ മനുഷ്യസമുദായത്തിന് ഒരധമനേതാവായിട്ടേ തീരുകയുള്ളൂ.’

പണ്ടു പൊതുജനനേതാവായിരുന്ന ആ മനുഷ്യൻ ഒന്നും മറുപടി പറഞ്ഞില്ല. അയാൾക്ക് ഒരു വിറയൽ വന്നു. അയാൾ മുകളിലേക്കു നോക്കി; ആ നോട്ടത്തിൽ പതുക്കെ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി. കൺപോള നിറഞ്ഞപ്പോൾ, ആ കണ്ണുനീർത്തുള്ളി അയാളുടെ കരുവാളിച്ച കവിൾത്തടങ്ങളിലൂടെ ഉരുണ്ടുവീണു; ഏതാണ്ട് ഒരു വിക്കലിലൂടെ വളരെ താഴ്‌ന്ന സ്വരത്തിൽ, അയാൾ തന്നോടുതന്നെയായി പറഞ്ഞു– ആ സമയത്ത് അയാളുടെ കണ്ണുകൾ പരിപൂർണതയിൽ ആണ്ടുപോയി– ‘ഹാ, അങ്ങ്! ഹാ, എന്റെ ഭാവനാമൂർത്തി! അങ്ങുമാത്രം സത്തായിട്ടുണ്ട്!’ മെത്രാന്റെ ഹൃദയത്തിന് ഒരനിർവചനീയമായ ഞെട്ടലുണ്ടായി. കുറച്ചുകഴിഞ്ഞ് ആ വയസ്സൻ ഒരു വിരൽ ആകാശത്തേക്കു ചൂണ്ടി. അയാൾ പറഞ്ഞും: ബ്രഹ്മം നിലനിൽക്കുന്നു. അദ്ദേഹം അവിടെയുണ്ട്. ബ്രഹ്മത്തിനു സ്വരൂപമില്ലെങ്കിൽ, സ്വരൂപം അതിരില്ലാത്തതായിത്തീരും; അതു ബ്രഹ്മമാവുകയില്ല; മറ്റുവിധത്തിൽ പറകയാണെങ്കിൽ, അത് നിലനിൽക്കുകയില്ല. അതിനാൽ ഒരു ഞാൻ ഉണ്ട്. ബ്രഹ്മത്തിന്റെ ആ ഞാനത്രേ ഈശ്വരൻ.’

ആ മരിക്കാറായ മനുഷ്യൻ ഒരുച്ചസ്വരത്തിലാണ് ഈ ഒടുവിലത്തെ വാക്കുകൾ ഉച്ചരിച്ചത്; ആരെയോ മുൻപിൽ കണ്ടപോലെ, ആനന്ദാധിക്യത്തിൽ അയാളുടെ സ്വരം വിറച്ചു. ഈ പറഞ്ഞതോടുകൂടി, അയാളുടെ കണ്ണടഞ്ഞു. അതിനുള്ള ശ്രമത്തിൽ അയാൾ ക്ഷീണിച്ചുപോയി. അയാൾക്കുണ്ടായിരുന്ന കുറച്ചു മണിക്കൂറുകൾ മുഴുവനും ആ ഒരു നിമിഷംകൊണ്ടു കളഞ്ഞതായി തെളിഞ്ഞു. ഈ പറഞ്ഞ വാക്കുകൾ മരണത്തിനുള്ളിലുള്ള ആളുമായി അയാളെ കുറേക്കൂടി അടുപ്പിച്ചു. അവസാനകാലം സമീപിച്ചുപോയി.

മെത്രാൻ അതറിഞ്ഞു; സമയമില്ലാതായി. ഒരു മതാചാര്യന്റെ നിലയിലാണ് അദ്ദേഹം വന്നത്; അത്യധികമായ തണുപ്പിൽനിന്നു പതുക്കെപ്പതുക്കെ അത്യധികമായ വികാരോഷ്മാവിലേക്ക് അദ്ദേഹം കടന്നു; ആ അടഞ്ഞ കണ്ണുകളെ അദ്ദേഹം സൂക്ഷിച്ചുനോക്കി; ചുളിവീണതും പ്രായം ചെന്നതും മഞ്ഞിൻതണുപ്പുള്ളതുമായ അയാളുടെ കൈ മെത്രാൻ തന്റെ കൈയിലെടുത്തു; ആ ആസന്നമരണനെ താഴ്‌ന്നു നോക്കി.

‘ഈ സമയം ഈശ്വരന്റേതാണ്. നമ്മൾ കണ്ടതു വെറുതെയായിപ്പോയാൽ അതിനെക്കുറിച്ചു നിങ്ങൾ പശ്ചാത്തപിക്കുകയില്ലേ?’

ആ പ്രതിനിധിയോഗാംഗം വീണ്ടും കൺമിഴിച്ചു. ഉന്മേഷക്കുറവോടുകൂടിയ ഒരു ഗൗരവം ആ മനുഷ്യന്റെ മുഖത്തു തെളിഞ്ഞു. ‘മെത്രാൻ’ അശക്തികൊണ്ടുള്ളതിലധികം ആത്മാവിന്റെ പ്രതാപമഹിമയിൽ നിന്നുണ്ടായ ഒരു മന്ദതയോടുകൂടി അയാൾ പറഞ്ഞു, ’എന്റെ ജീവിതകാലം ഞാൻ ധ്യാനത്തിലും അധ്യയനത്തിലും ചിന്തനയിലുമായി കഴിച്ചു. എനിക്ക് അറുപതു വയസ്സായപ്പോഴാണ്, എന്റെ രാജ്യം എന്നെ ആവശ്യപ്പെട്ടത്; അതിന്റെ കാര്യം നോക്കുവാൻ എന്നോടാജ്ഞാപിച്ചത്. ഞാൻ അനുസരിച്ചു. ദുർഭാഷണങ്ങളുണ്ടായിരുന്നു; ഞാൻ അവയോടു മല്ലിട്ടു; സ്വേച്ചാധിപത്യങ്ങളുണ്ടായിരുന്നു; ഞാൻ അവയെ നശിപ്പിച്ചു; അവകാശങ്ങളും ന്യായസിദ്ധാന്തങ്ങളുമുണ്ടായിരുന്നു; ഞാൻ അവയെ ഘോഷിച്ചു. അവയെ ഞാൻ വാസ്തവങ്ങളെന്നു തുറന്നു പറഞ്ഞു. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരുന്നു; ഞാൻ അതിനെ രക്ഷിച്ചു; ഫ്രാൻസിനെ മറ്റുള്ളവർ ഭീതിപ്പെടുത്തിയിരുന്നു; ഞാൻ എന്റെ മാറു കാട്ടിക്കൊടുത്തു. ഞാൻ പണക്കാരനല്ലായിരുന്നു; ഞാൻ ദരിദ്രനാണ്. രാജ്യത്തിന്റെ നേതാക്കന്മാരിൽ ഒരാളായി. സ്വർണത്തിന്റേയും വെള്ളിയുടേയും കനംകൊണ്ടു പൊട്ടിപ്പൊളിയാൻ തുടങ്ങിയ ചുമരുകൾക്കു ഞങ്ങൾ ഊന്നുകൊടുക്കേണ്ടി വരത്തക്കവിധം ഖജാനയുടെ മുകൾത്തട്ട് നാണ്യത്തിക്കുകൊണ്ടു ഞെരുങ്ങി. ഞാൻ ഡെഡ്ട്രിത്തെരുവിൽ ഇരുപത്തൊന്നു സൂവിനു ഭക്ഷണം കഴിച്ചു. ഉപദ്രവിക്കപ്പെട്ടവരെ ഞാൻ സഹായിച്ചു. ദുഃഖിക്കുന്നവരെ ഞാൻ ആശ്വസിപ്പിച്ചു. പള്ളിയിലെ ദിവ്യപീഠത്തിൽനിന്നു മൂടുതുണി ഞാൻ പറിച്ചുകീറി. അതു വാസ്തവമാണ്; പക്ഷേ, അതെന്റെ രാജ്യത്തിന്റെ മുറി കെട്ടുവാനായിരുന്നു, വെളിച്ചത്തിലേക്കുള്ള മനുഷ്യ സമുദായത്തിന്റെ ഉദ്ഗതിക്കു ഞാൻ എപ്പോഴും സ്വൈര്യം കൂട്ടി. ചിലപ്പോൾ അഭിവൃദ്ധിയെ ഞാൻ ദയയില്ലാതെ തടഞ്ഞിട്ടുണ്ട്. സന്ദർഭം വന്നപ്പോൾ എന്റെ വിരോധികളെക്കൂടി–നിങ്ങളുടെ വർഗക്കാരെക്കൂടി–ഞാൻ രക്ഷിച്ചിട്ടുണ്ട്. മൊറോവിനീയൻ [52] രാജാക്കന്മാർക്കു വേനല്ക്കാലങ്ങളിൽ സുഖമെടുക്കാനുള്ള സ്ഥലം നിന്നിരുന്നേടത്ത്, ഫ്ലോറൻസിലെ പെറ്റിഗം എന്ന ദിക്കിൽ, സാങ് ക്ലെയർ ആങ് ബോലിയാങ് എന്നു പറയുന്ന എർബാനിസ്റ്റ് [53] സംഘക്കാരുടെ വകയായ ആ ഒരു കന്യകാമഠം 1793-ൽ ഞാൻ രക്ഷിച്ചതാണ്. എന്റെ ശക്തിക്കടുത്ത എന്റെ മുറ ഞാൻ ചെയ്തു. എന്നെക്കൊണ്ടു കഴിയുന്ന എല്ലാ നന്മകളും ഞാൻ പ്രവർത്തിച്ചു. അതിനുശേഷം, എന്നെ ആളുകൾ നായാടി; ആട്ടിപ്പായിച്ചു; ഉപദ്രവിച്ചു; അപകീർത്തിപ്പെടുത്തി; പരിഹസിച്ചു; കളിയാക്കി; ശപിച്ചു; ‘വരഞ്ഞിട്ടു.’ കഴിഞ്ഞ അനവധി കൊല്ലങ്ങളോളമായി, എന്നെ പുച്ഛിക്കുവാൻ തങ്ങൾക്കധികാരമുണ്ടെന്ന് ആളുകൾ വിചാരിക്കുന്നതായി നരച്ചുതുടങ്ങിയ എനിക്കു ബോധം വന്നു. സാധുക്കളും അറിവില്ലാത്തവരുമായ പൊതുജനങ്ങൾക്ക് ഞാൻ ഒരു ശപിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. എന്നാൽ ആരുടെമേലും ഒരു ദ്വേഷം വിചാരിക്കാതെതന്നെ, ദ്വേഷത്താൽ നിർമിക്കപ്പെട്ട ഈ ഏകാന്തവാസത്തെ ഞാൻ സ്വീകരിച്ചു. ഇപ്പോൾ എനിക്കു വയസ്സ് എൺപത്താറായി. ഞാൻ മരിക്കാനടുത്തു. എന്റെ പക്കൽനിന്ന് എന്തൊന്നാണ് നിങ്ങൾ ചോദിക്കാൻ വന്നത്?’

‘നിങ്ങളുടെ അനുഗ്രഹം,’ മെത്രാൻ പറഞ്ഞു.

അദ്ദേഹം മുട്ടുകുത്തി.

മെത്രാൻ വീണ്ടും തല പൊന്തിച്ചപ്പോഴേക്ക്, ആ പ്രതിനിധിയോഗാംഗത്തിന്റെ മുഖഭാവം സമുത്കൃഷ്ടമായിച്ചമഞ്ഞിരിക്കുന്നു. അയാൾ മരിച്ചുകഴിഞ്ഞു.

ഞങ്ങൾക്കറിയാൻ വയ്യാത്ത ഓരോ വിചാരപരമ്പരയിൽ തികച്ചും നിമഗ്നനായി മെത്രാൻ വീട്ടിലേക്കു മടങ്ങി. അന്നു രാത്രി മുഴുവനും അദ്ദേഹം ഈശ്വരവന്ദനംകൊണ്ടു കഴിച്ചു. പിറ്റേന്നു രാവിലെ ധീരന്മാരും ജിജ്ഞാസുക്കളുമായ ചില ആളുകൾ പ്രതിനിധിയോഗത്തിലെ അംഗമായ ജി.യെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കാൻ പുറപ്പെട്ടു. അദ്ദേഹം ആകാശത്തേക്കു ചുണ്ടിക്കാണിക്കുക മാത്രമേചെയ്തുള്ളു.

അന്നുമുതൽ എല്ലാ കുട്ടികളുടെമേലും കഷ്ടപ്പെടുന്ന എല്ലാവരുടെ മേലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വാത്സല്യവും സഹോദരഭാവവും ഇരട്ടിച്ചു.

ആ ’തന്തപ്പിശാചായ’ ജി.യെപ്പറ്റി സുചിപ്പിച്ചുകൊണ്ട് ആളുകൾ എന്തുപറയുമ്പോഴും, അദ്ദേഹം ഒരസാധാരണമായ മനോരാജ്യത്തിൽ പെട്ടുപോവും. തന്റെ മുൻപിൽവെച്ചുണ്ടായ അയാളുടെ പ്രാണനിഷ്ക്രമണവും, തന്റേതിലേക്കുണ്ടായ അയാളുടെ മാഹാത്മ്യമേറിയ മനസ്സാക്ഷിപ്രതിഫലനവും, ഉത്തമത്വത്തിലേക്കടുക്കുന്നതിൽ അദ്ദേഹത്തെ ഒരു വിധത്തിലും സഹായിച്ചിട്ടില്ലെന്ന് ആർക്കും പറഞ്ഞുകൂടാ.

മതബോധനപ്രവൃത്തിസംബന്ധിച്ചുണ്ടായ അദ്ദേഹത്തിന്റെ ഈ യാത്ര അവിടങ്ങളിലെ എല്ലാ ചങ്ങാതിക്കൂട്ടത്തിലും പതുക്കെയുള്ള ഓരോ അഭിപ്രായപ്രകടനങ്ങൾക്കു പ്രകൃത്യാ സംഗതി വരുത്തി.

‘അങ്ങനെയുള്ള ഒരാസന്നമരണന്റെ മരണക്കിടക്ക ഒരു മെത്രാന് ചെന്നുകൂടുവാൻ പറ്റിയ സ്ഥലമാണോ? മാർഗം കൂട്ടാൻ യാതൊന്നും അവിടെവെച്ചു വിചാരിക്കേണ്ടതില്ലെന്നു തീർച്ചയാണ്. ഈ ഭരണപരിവർത്തകന്മാർ മുഴുവനും മതത്യാഗികളാകുന്നു. പിന്നെ എന്തിനവിടെപ്പോയി? എന്താണവിടെ കാണാനുള്ളത്? ഒരു ജീവനെ ചെകുത്താൻ വന്നുകൊണ്ടുപോകുന്നത് കാണാൻ നിശ്ചയമായും, മെത്രാൻ വളരെ ഉത്സുകനായിരിക്കണം.’

ആത്മജ്ഞാനമുണ്ടെന്നു വിചാരിക്കുന്ന ആ ധിക്കാരിവർഗത്തിൽപ്പെട്ട ഒരു പ്രഭുവിധവ, ഒരു ദിവസം അദ്ദേഹത്തോട് ഇങ്ങനെ മയിറ്റി: ‘മോൺസിന്യേർ, മഹാനായ അങ്ങുന്നു ചുകന്ന തൊപ്പിവെക്കുന്നതെ [54] ന്നായിരിക്കും എന്ന് ആളുകൾ അന്വേഷിക്കുന്നു.’ – ‘ഹാ! ഹാ! അതൊരു സുഖമില്ലാത്ത നിറംതന്നെ.’ മെത്രാൻ മറുപടി പറഞ്ഞു: ‘തൊപ്പിയിൽ ആ നിറത്തെ പരിഹസിക്കുന്നവർ, അതിനെ ‘ഹാറ്റി’ലാവുമ്പോഴേക്കും ബഹുമാനിക്കുന്നതു് ഭാഗ്യം’

കുറിപ്പുകൾ

[42] നെപ്പോളിയനെ എൽബയിലേക്കു നടുകടത്തി പാരീസ്സിലെ ഒന്നാമത്തെ ഉടമ്പടിപ്പത്രം ഒപ്പിട്ടത് ഈ കൊല്ലത്തിലാണു്.

[43] ശിരച്ഛേദം ചെയ്യപ്പെട്ട രാജാവിന്റെ മകൻ. അച്ഛന്റെ മരണാനന്തരം മകൻ തടവിലായി. ഇദ്ദേഹം തടവിൽക്കിടന്നു പല ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ അവിടെ കിടന്നുതന്നെ മരിച്ചു.

[44] ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു തട്ടിപ്പറിക്കാരൻ.

[45] ക്രിസ്തീയവേദപുസ്തകത്തിൽ ക്രിസ്തുവിനോടൊപ്പം കുരിശേറ്റപ്പെട്ടതായി പറയപ്പെടുന്ന ഒരു തട്ടിപ്പറിക്കാരൻ.

[46] ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന യഹൂദരാജാവ്.

[47] ഭരണപരിവർത്തനകാലത്തു പൊതുജന നേതൃത്വം വഹിച്ചിരുന്നവരിൽ ഒരു പ്രധാനൻ.

[48] ഫ്രാൻസിലെ ഒരു വലിയ മതവിശ്വാസിയും എഴുത്തുകാരനും പണ്ഡിതനും പ്രാസംഗികനുമായിരുന്നു ഇദ്ദേഹം.

[49] ഒരു ഫ്രഞ്ചു പടനായകൻ. രാജത്വത്തിനു വലിയ വിരോധിയായിരുന്നു.

[50] പതിനാലാമൻ ലൂയിയുടെ കീഴിൽ യുദ്ധമന്ത്രി. യുദ്ധമന്ത്രിമാരുടെ ഇടയിൽ ഇദ്ദേഹം വളരെ മാന്യനത്രേ.

[51] പതിനാറാമൻ ലൂയിയുടെ ഭാര്യ. നാട്ടുകാർക്ക് വലിയ അതൃപ്തി തോന്നിച്ച ഈ രാജ്ഞിയേയും ആളുകൾ 1793-ൽ ശിരച്ഛേദം ചെയ്തുകളഞ്ഞു.

[52] പ്രാൻസിലുണ്ടായിരുന്ന പണ്ടത്തെ ഒരു രാജവംശക്കാർ.

[53] ക്ലെയർ എന്ന ക്രിസ്തുമതസന്ന്യാസിയാൽ സ്ഥാപിക്കപ്പെട്ട ഒരു സംഘവിശേഷം.

[54] ഭരണപരിവർത്തകന്മാർ ചുകന്ന തൊപ്പി ധരിച്ചിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.