images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.11
ഒരതിർവീഴൽ

മോൺസിന്യേർ വെല്ക്കം ഒരു തത്ത്വജ്ഞാനിയായ മെത്രാനാണേന്നോ, അല്ലെങ്കിൽ ഒരു ‘സ്വരാജ്യസ്നേഹിയായ സഭാബോധകനാണെ’ ന്നോ ഇതിൽ ഒന്നു തീർച്ചപ്പെടുത്തുന്നപക്ഷം, ഞങ്ങൾ ആത്മവഞ്ചിതരായിപ്പോകും എന്നൊരു വലിയ ദുർഘടമുണ്ട്. പ്രതിനിധിയോഗാംഗമായ ജി. യുമായുണ്ടായ സമാഗമം—അയാളുമായുണ്ടായ ഏകീഭാവം എന്നുതന്നെ ഏതാണ്ട് പറയാം–അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മാതിരി അത്ഭുതഭാവത്തെ ഉണ്ടാക്കിവിട്ടു. അതദ്ദേഹത്തെ കുറേക്കൂടി സൗമ്യശീലനാക്കി. അത്രേയേ ഉള്ളൂ.

മോൺസിന്യേർ ബിയാങ് വെന്യു ഒരിക്കലും ഒരു രാജ്യതന്ത്രജ്ഞനാവുകയുണ്ടായിട്ടില്ല; എങ്കിലും ആ ഭരണപരിവർത്തനത്തിന്റെ കാലത്ത് അദ്ദേഹത്തിന്റെ നില എന്തായിരുന്നു എന്നു–മോൺസിന്യേർ ബിയാങ് വെന്യുവിന്റെ നില എന്നു പറയാവുന്ന അങ്ങനെ ഒന്നുണ്ടെന്ന് എപ്പോഴെങ്കിലും അദ്ദേഹം സ്വപ്നം കണ്ടിട്ടുള്ളതായി സങ്കല്പിക്കുന്ന പക്ഷം–വളരെ സംക്ഷിപ്തമായി ഒന്നു പറഞ്ഞുവെയ്ക്കേണ്ടുന്ന അവസരം ഇതാണ്.

നമുക്ക് അതിനാൽ കുറച്ചു കൊല്ലങ്ങൾക്കു മൂൻപിലേക്കു കടക്കുക.

മൊസ്സ്യു മിറിയേൽ മെത്രാനുദ്യോഗത്തിലേക്കുയർത്തപ്പെട്ടിട്ട് അല്പം കഴിഞ്ഞതിനുശേഷം, ചക്രവർത്തി അദ്ദേഹത്തിനും മറ്റു മെത്രാന്മാർക്കും ചെയ്ത കൂട്ടത്തിൽ, സാമ്രാജ്യത്തിലെ പ്രഭുപട്ടം കൊടുത്തു. എല്ലാവർക്കും അറിയാവുന്നവിധം 1809 ജൂലായി 5-ാംന് രാത്രി പോപ്പ് ബന്ധനസ്ഥനായി; ആ സമയത്തു ഫ്രാൻസിലേയും ഇറ്റലിയിലേയും മെത്രാന്മാരെ വിളിച്ചു പാരിസിൽവെച്ചു കൂടിയ രാജ്യാധികാരസഭയിലേക്കു നെപ്പോളിയൻ നമ്മുടെ മെത്രാന്നും കല്പനയയച്ചിരുന്നു. ഈ സഭ നോത്തർദാമിലാണ് കൂടിയത്; നോത്തർദാമിൽവെച്ചു കാർദിനാൽ ഫെഷിന്റെ ആധ്യക്ഷ്യത്തിൽ 1811 ജൂൺ 15-ാം യാണ് ഒന്നാമതായി ഈ യോഗം ആരംഭിച്ചത്. അതിനു ഹാജരായിരുന്ന തൊണ്ണറ്റഞ്ചു മെത്രാന്മാരുടെ കൂട്ടത്തിൽ മൊസ്സ്യു മിറിയേലും ഉൾപ്പെട്ടിരുന്നു. പക്ഷേ, അതിന്റെ ഒരു കൂടിയാലോചനയിലും മൂന്നോ നാലോ പരിശുദ്ധയോഗങ്ങളിലും മാത്രമേ അദ്ദേഹം ചെന്നിരുന്നുള്ളൂ. പ്രകൃതിയോട് അത്രയും അടുത്തുമുട്ടിക്കൊണ്ടു ദാരിദ്ര്യത്തിലും അനാഗരികത്വത്തിലും കഴിയുന്ന ഒരു മലംപ്രദേശത്തുള്ള ഇടവകയിലെ മെത്രാനായ അദ്ദേഹം. അന്നവിടെ കൂടിയിരുന്ന പ്രമാണികളുടെ ഇടയിൽ, ആ സഭാസ്ഥലത്തുള്ള വായുമണ്ഡലത്തിന്റെ സ്ഥിതിയൊന്നു മാറ്റിമറിക്കുന്ന പല വിചാരങ്ങളേയും കൊണ്ടുപോയി ഇറക്കുമതിചെയ്തതുപോലെ തോന്നപ്പെട്ടു. അദ്ദേഹം വേഗത്തിൽത്തന്നെ ഡി. യിലേക്കു മടങ്ങി. അത്ര വേഗം മടങ്ങിപ്പോന്നതിനെപ്പറ്റി ആളുകൾ അദ്ദേഹത്തോടു തിരക്കി; അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ അവരെ അമ്പരപ്പിച്ചുപോയി, പുറത്തുള്ള കാറ്റ് എന്നിലൂടെ അവരുടെ അടുക്കലേക്കു കടന്നുചെന്നു. വാതിൽ തുറന്നിട്ടാലത്തെ സ്ഥിതി ഞാൻ അവരിലുണ്ടാക്കിത്തീർത്തു.

മറ്റൊരു സന്ദർഭത്തിൽ പറഞ്ഞു: എന്താണ് നിങ്ങൾക്കു വേണ്ടതു്? അവരൊക്കെ വലിയ പ്രഭുക്കന്മാർ. ഞാൻ ഒരു സാധു കൃഷിക്കാരൻ മെത്രാൻ.

വാസ്തവം ഇതാണ്, അദ്ദേഹം അവരെ മുഷിപ്പിച്ചു. മറ്റു പല അസാധാരണ കാര്യങ്ങളുടെ കൂട്ടത്തിൽ, ഇങ്ങനെയും പറഞ്ഞുകേട്ടു– ഒരു ദിവസം തന്റെ ഏറ്റവും പ്രമാണിയായ ഒരു കൂട്ടുകാരന്റെ വീട്ടിൽവെച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായത്രേ: ‘എന്തു ഭംഗിയുള്ള നാഴികമണികൾ! എന്തു ഭംഗിയുള്ള പരവതാനികൾ! എന്തു ഭംഗിയുള്ള ഭൃത്യവേഷങ്ങൾ! ഇതൊക്കെ വലിയ സ്വൈരക്കേടായിരിക്കണം. ഈവക ധാടിസ്സാമാനങ്ങളൊന്നും ഞാനുണ്ടാക്കിക്കില്ല. ഇതുകൾ എപ്പോഴും എന്റെ ചെകിട്ടിൽ ഇങ്ങനെ നിലവിളിച്ചുകൊണ്ടിരിക്കും; വിശന്നു കിടക്കുന്നവരുണ്ട്! തണുത്തു കുഴങ്ങുന്നവരുണ്ട്! പാവങ്ങളായ ദരിദ്രരുണ്ട്!’

കൂട്ടത്തിൽ പറയട്ടെ–ധാടിയുടെ മേലുള്ള ദ്വേഷം ഒരു ബുദ്ധിപൂർവമായ ദ്വേഷമല്ലെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്. ഈ ദ്വേഷത്തിൽ കലാവിദ്യകളുടെ മേലുള്ള ദ്വേഷംകൂടി ഉൾപ്പെട്ടുപോകുന്നു. ഏതായാലും മതാചാര്യന്മാർക്കു കർമങ്ങളും ആചാരങ്ങളും നടത്തുന്നതിലൊഴിച്ച്, ഒരിക്കലും ധാടി പാടില്ല. അതു് ധർമ്മ ശീലം ലേശമെങ്കിലും സ്പർശിച്ചിട്ടില്ലാത്ത ചില സ്വഭാവങ്ങളെ വെളിപ്പെടുത്തുന്നതായി തോന്നുന്നു. ധനവാനായ മതാചാര്യൻ–അത് പരസ്പരവിരുദ്ധമാണ്. മതാചാര്യൻ എപ്പോഴും സാധുക്കളോട് അടുത്തുനില്ക്കണം. അപ്പോൾ, പണിയെടുത്തു കഴിയുന്നവന്റെ മേൽ പൊടിപോലെ, കുറച്ചെങ്കിലും ദുഃഖത്തിന്റെ സ്പർശമേൽക്കാതെ ഈ എല്ലാ ആപത്തോടും എല്ലാ അരിഷ്ടതകളോടും ഈവക എല്ലാ ദാരിദ്ര്യത്തോടും ഇളവില്ലാതെ രാവും പകലും അടുത്തിരുന്നു കഴിയുവാൻ ഒരാളെക്കൊണ്ടു സാധിക്കുമോ? നെരിപ്പോട് തൊട്ടിരുന്നിട്ടു ചൂടു തട്ടാത്ത ഒരാളെ വിചാരിക്കാൻ കഴിയുമോ? തീക്കുണ്ഡത്തിന്റെ അടുക്കൽനിന്നു പ്രവൃത്തിയെടുത്തിട്ട് ഒരു കരിഞ്ഞ രോമക്കൊടിയോ, കറുത്ത നഖങ്ങളോ, ഒരുതുള്ളി വിയർപ്പോ, മുഖത്ത് ഒരു പൊരികരിയോ ഉണ്ടായിട്ടില്ലാത്ത ഒരു പണിക്കാരനെ ഊഹിക്കാൻ കഴിയുമോ? ഒരാചാര്യനിലുള്ള, വിശേഷിച്ചും മെത്രാനിലുള്ള ധർമശീലത്തിന്റെ ഒന്നാമത്തെ തെളിവ് ദാരിദ്ര്യമാണ്.

ഡി.യിലെ മെത്രാൻ ആലോചിച്ചത് ഇതായിരുന്നു, സംശയമില്ല.

ഏതായാലും, ചില സൂക്ഷ്മവിഷയങ്ങളെസ്സംബന്ധിച്ചേടത്തോളം നമ്മൾ പറയുന്നവിധം, ഇന്നത്തെ ആലോചനകളിലെല്ലാം അദ്ദേഹം പങ്കുകൊണ്ടിരുന്നു എന്നു വിചാരിക്കരുത്. അധ്യാത്മവിദ്യയെസ്സംബന്ധിച്ച് അന്നന്നുണ്ടാകുന്ന തർക്കങ്ങളിൽ അദ്ദേഹം പ്രവേശിക്കാറില്ലെന്നുതന്നെ പറയാം; രാജ്യഭരണവും മതഭരണവും തമ്മിൽ ഇടപാടുണ്ടാകുമ്പോളെല്ലാം അദ്ദേഹം മിണ്ടാതിരിക്കും; എന്നാൽ അദ്ദേഹത്തോടു തിരക്കിക്കൂടുന്നപക്ഷം, അദ്ദേഹം ഫ്രാൻസിലെ പള്ളികൾക്ക് സ്വാതന്ത്ര്യം കൊടുക്കണം എന്നുള്ളതിലധികം പോപ്പിന്റെ അധികാരം നിലനിർത്തണമെന്നുള്ള അഭിപ്രായക്കാരനാണെന്നു കാണാം. ഞങ്ങൾ ഒരു ഛായ വരയ്ക്കുകയായതുകൊണ്ടു, എന്നല്ല യാതൊന്നും മറച്ചുവെക്കണമെന്നു ഞങ്ങൾക്കാഗ്രഹമില്ലാത്തതുകൊണ്ട്, അധഃപതനമായതോടുകൂടി നെപ്പോളിയനെപ്പറ്റി മെത്രാന്നു ബഹുമാനം കുറഞ്ഞുപോയി എന്നു പറയുവാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുന്നു. 1813 [55] മുതല്ക്കു ചക്രവർത്തിക്കെതിരായുള്ള എല്ലാ ഏർപ്പാടുകളിലും അദ്ദേഹം കൂടുകയും അവയെ ശ്ലാഘിക്കുകയും ചെയ്തുപോന്നു. എൽബയിൽനിന്നു മടങ്ങിപ്പോകുന്ന വഴിക്കു ചക്രവർത്തിയെ ചെന്നുകാണുവാൻ അദ്ദേഹം കൂട്ടാക്കിയില്ല; എന്നല്ല, നെപ്പോളിയൻ ചക്രവർത്തിപദത്തിലിരുന്ന ആ നൂറു ദിവസക്കാലം തന്റെ ഇടവകയിൽവെച്ചു പരസ്യമായി അവിടേക്കു വിജയം പ്രാർത്ഥിക്കാൻ കല്പന കൊടുക്കുന്നതിനു അദ്ദേഹം സമ്മതിച്ചില്ല.

മദാംവ്വസേല്ല് ബപ്തിസ്തീന്നു പുറമെ അദ്ദേഹത്തിന്നു രണ്ടു സഹോദരന്മാർകൂടി ഉണ്ടായിരുന്നു; ഒരാൾ പട്ടാള മേലുദ്യോഗസ്ഥനും മറ്റേ ആൾ പൊല്ലീസ്സു മേലുദ്യോഗസ്ഥനുമായിരുന്നു. രണ്ടുപേർക്കും അദ്ദേഹം പതിവായി കത്തയയ്ക്കാറുണ്ട്. ചക്രവർത്തി കാന്നിൽ വന്നു കപ്പലിറങ്ങിയ സമയത്തു പ്രോവെൻസിൽ ഉദ്യോഗം വഹിച്ചിരുന്ന ആദ്യത്തെ ആൾ ആയിരത്തിരുനൂറു പട്ടാളക്കാരോടുകൂടി, നെപ്പോളിയൻ രക്ഷപ്പെട്ടു പോകേണ്ട ആളാണെന്ന നിലയിൽ മാത്രം പിൻചെന്നതുകൊണ്ട്, അദ്ദേഹം അയാളോടു കുറച്ചിട മുഷിഞ്ഞു. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു പാരിസ്സിൽ വ്യൂ കാസ്സെത്തിൽ ഒതുങ്ങിപ്പാർത്തിരുന്ന ഒരു നല്ല മര്യാദക്കാരനായ മറ്റേ ആളുമായുള്ള കത്തിടപാടുകൾ അദ്ദേഹം കുറേക്കൂടി സ്നേഹപൂർവം നടത്തിപ്പോന്നു.

അങ്ങനെ മോൺസിന്യേർ ബിയാങ് വെന്യുവിനു ചില പക്ഷപാതങ്ങളുണ്ടായിരുന്നു–അദ്ദേഹത്തിന്റെ ദേഷ്യസമയം, അദ്ദേഹത്തിന്റെ അന്ധകാരം. ശാശ്വതവിഷയ ങ്ങളിൽ മനസ്സൂന്നിയ അദ്ദേഹത്തിന്റെ മഹത്തും വിശിഷ്ടവുമായ ആത്മാവിനെ താൽക്കാലികവികാരതമസ്സുകൾ ആക്രമിച്ചിരുന്നു. നിശ്ചയമായും അങ്ങനെയുള്ള ഒരാൾ രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ വിചാരിക്കാതിരിക്കുകയായിരുന്നു ഉത്തമം. ഞങ്ങൾ പറയുന്നതിനെ തെറ്റിദ്ധരിക്കരുത്; രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ ഞങ്ങൾ ഉൽക്കർഷേച്ഛയോടും, ഈ കാലത്തു സകലവിധ സൽബുദ്ധികളുടേയും അടിക്കല്ലായിരിക്കേണ്ട സ്വരാജ്യസ്നേഹം പൊതുജനോപകാരശീലം, ദീനാനുകമ്പ എന്നീ വിശിഷ്ടങ്ങളായ മനോവൃത്തികളോടും കൂട്ടിമറിക്കുന്നില്ല. ഈ പുസ്തകത്തിലെ പ്രധാന വിഷയവുമായി ദൂരപ്പെട്ടുകൊണ്ടു മാത്രം സംബന്ധിക്കുന്ന സംഗതികളിൽ അധികമായി ചെന്നു പ്രവേശിക്കാൻ നോക്കാതെ, ഇത്രമാത്രം ഞങ്ങൾ പറഞ്ഞുവെക്കുന്നു; മോൺസിന്യേർ ബിയാങ് വെന്യു ഒരു രാജകക്ഷിയല്ലായിരുന്നുവെങ്കിൽ അധികം നന്നായേനേ: ഈ ലോകത്തിലെ സങ്കല്പങ്ങൾക്കും ഈർഷ്യകൾക്കും മീതെയായി, മനുഷ്യസംബന്ധികളായ സംഗതികളുടെ ലഹളപിടിച്ചുകൊണ്ടുള്ള പരിണാമഗതികൾക്കു മുകളിലായി, സത്യം, ന്യായം, ധർമം എന്നീ മൂന്നു പരിശുദ്ധതേജസ്സുകളുടെ പ്രകാശം സ്പഷ്ടമായി കാണപ്പെടുന്ന ആ സാത്ത്വികധ്യാനത്തിൽനിന്നു തന്റെ ദൃഷ്ടിയെ ഒരിക്കലും അദ്ദേഹം വ്യാവർത്തിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു.

രാജ്യഭരണസംബന്ധിയായ ഒരുദ്യോഗത്തിനല്ല ഈശ്വരൻ മോൺസിന്യേർ വെൽക്കമിനെ സൃഷ്ടിച്ചിട്ടുള്ളതെന്നു സമ്മതിക്കുമ്പോൾ, അധികാരത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വിരുദ്ധാഭിപ്രായങ്ങളെ, അദ്ദേഹത്തിന്റെ അഭിമാനപുരസ്സരമായ പ്രതികൂലപക്ഷത്തെ, സർവശക്തനായ നെപ്പോളിയനോടു ന്യായമായും എന്നാൽ ആപൽക്കരമായും അദ്ദേഹം എതിർ നിന്നതിനെ, നാം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ. ഉയർന്നുവരുന്ന ആളുകളിൽ നമ്മെക്കൊണ്ട് ഇഷ്ടം തോന്നിക്കുന്നതുതന്നെ. താഴ്‌ന്നുപോകുന്നവരിലാകുമ്പോൾ, അത്ര രസമില്ലാത്തതായിത്തീരുന്നു. അപകടമുള്ളകാലത്തോളം മാത്രമേ കലഹത്തെ ഞങ്ങൾ ഇഷ്ടപ്പെടുന്നുള്ളു; അതെന്തായാലും, ആദ്യം മുതല്ക്കേ യുദ്ധം ചെയ്യുന്നവരാരോ അവർക്കു മാത്രമാണ് ഒടുക്കം വരുന്നവരെ ആട്ടിപ്പായിക്കാൻ അധികാരം. നല്ല കാലത്തു ധൈര്യത്തോടും സ്വൈര്യത്തോടുംകൂടി എതിർത്തുനില്ക്കാത്തവൻ നാശകാലത്ത് ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടത്. ജയത്തെ അധിക്ഷേപിച്ചവനാരോ. അവൻ മാത്രമാണ് അപജയത്തിൽ ആയുധമോങ്ങുന്നതിന് അവകാശി. ഞങ്ങളാണെങ്കിൽ ഈശ്വരൻ നടുക്കുവന്നു തല്ലുമ്പോൾ, ഞങ്ങൾ മാറിനില്ക്കും. 1812, [56] ഞങ്ങളെ ആയുധം വെപ്പിക്കാൻ തുടങ്ങി. ശബ്ദിക്കാതെ കിടന്നിരുന്ന നിയമനിർമാണസഭ, ദുഷ്കാലം വന്നത് കണ്ട് ഉശിര് പിടിച്ച്, 1813-ൽ ശുദ്ധഭീരുക്കൾക്കു യോജിച്ചവിധം ഓരോന്നു പറയാൻ തുടങ്ങിയതിൽ ശുണ്ഠിപിടിപ്പിക്കുന്നവയല്ലാതെ മറ്റൊന്നുമില്ല. എന്നല്ല 1814-ൽ വിശ്വാസവഞ്ചനംചെയ്ത പട്ടാള മേലധ്യക്ഷ ന്മാരുടെ മുൻപിൽവെച്ചു ശ്ലാഘിക്കുക എന്നത് ഒരു കുറ്റംതന്നെയാണ്; അതേ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നത് പോയി അവമാനിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരു ചവറ്റുകുന്നിൽനിന്നു മറ്റൊരു ചവറ്റുകുന്നിലേക്കായി കാൽവെച്ചു പോകുന്ന ഭരണാധികാരസഭ കാണുമ്പോൾ–തന്നത്താൻ കാൽവഴുതി വീഴാൻ പോയും, പൂജിച്ചുവന്ന ബിംബത്തിന്മേൽത്തന്നെ കടന്നു തുപ്പിക്കൊണ്ടുള്ള ബിംബാരാധനയുടെ മുൻപിൽ ചെല്ലുമ്പോൾ–അതിൽനിന്നു തികച്ചും മുഖം തിരിക്കുന്നതു ഒരു ധർമമാണ്. അറ്റത്തെത്തിക്കഴിഞ്ഞ ആപത്തുകൾ രാജ്യത്തെങ്ങും തിങ്ങിപ്പോയ 1815-ൽ, ഫ്രാൻസ് മുഴുവനും അവയുടെ അപകടംപിടിച്ച ആക്രമണത്തിൽനിന്നു തുള്ളിക്കൊണ്ടിരുന്ന അക്കാലത്തു, നെപ്പോളിയന്റെ മുൻപിൽ വാട്ടർലൂ [57] യുദ്ധം ഏതാണ്ടു പ്രത്യക്ഷീഭവിച്ചു തുടങ്ങിയ ആ സമയത്തു, സൈന്യങ്ങളും പൊതുജനങ്ങളും ഒരുമിച്ചു ദൈവത്താൽ വഞ്ചിക്കപ്പെട്ട മനുഷ്യനെ ഉന്മേഷരഹിതമായി ശ്ലാഘിച്ചാദരിക്കുന്നതു കാണുമ്പോൾ, നിശ്ചയമായും ചിരിക്കുന്നതിന്നു യാതൊന്നും അതിലില്ല; എന്നല്ല, സ്വേച്ഛാധികാരിയാണെന്നുള്ള വാദം എത്രതന്നെ സമ്മതിച്ചാലും ശരി, അന്ധകാരകുണ്ഡത്തിന്റെ വക്കത്തുവെച്ചു ഒരു മഹത്തായ ജനസമുദായവും ഒരു മഹാനായ മനുഷ്യനും പരസ്പരം ഗാഢാലിംഗനം ചെയ്യുന്നതിൽ പ്രത്യക്ഷീഭവിക്കുന്ന അത്രമേൽ ഉൽകൃഷ്ടങ്ങളും അത്രമേൽ ഹൃദയസ്പൃക്കുകളുമായ സംഗതികളെ ഡി.യിലെ മെത്രാന്റേതുപോലുള്ള ഒരു ഹൃദയം കണ്ടറിയാൻ വിട്ടുപോകുന്നതു പക്ഷേ, ഒരിക്കലും ശരിയല്ലതന്നെ.

ഇതൊന്നൊഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം നിഷ്പക്ഷപാതിയും സത്യവാനും ന്യായസ്ഥനും പരോപകാരിയും ദയാലുവുമായിരുന്നു – ദയാലുത്വം പരോപകാരശീലത്തിന്റെ ഒരു വകഭേദം മാത്രമാണല്ലോ. അദ്ദേഹം ഒരു മതാചാര്യനും ഒരു ഋഷിയും ഒരു മനുഷ്യനുമായിരുന്നു. ഞങ്ങൾ ഇപ്പോൾത്തന്നെ അദ്ദേഹത്തെ കടന്നധിക്ഷേപിച്ചതും, ഏതാണ്ടു നിർദ്ദയമായി വിചാരണചെയ്തു തീർച്ചപ്പെടുത്തുവാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നതുമായ അദ്ദേഹത്തിന്റെ രാജ്യഭരണസംബന്ധിയായ അഭിപ്രായത്തിൽകൂടി, ഈ പറയുന്ന ഞങ്ങളേക്കാളധികം, അദ്ദേഹം ക്ഷമയും ധർമ്മബുദ്ധിയുമുള്ള ആളാണെന്നു സമ്മതിച്ചേ കഴിയൂ. ടൗൺഹാളിലെ വാതില്ക്കാവല്ക്കാരൻ ചക്രവർത്തിയാൽ നിയമിക്കപ്പെട്ടവനാണ്. ഈ മനുഷ്യൻ പണ്ട് ഓസ്തെർലിത്സി [58] ലെ ‘ബഹുമാനപദവി’ യിൽപ്പെട്ട ഭടസംഘത്തിലെ ഒരു താഴ്‌ന്ന ഉദ്യോഗസ്ഥനായിരുന്നു; ഗൃധ്രമാകുന്ന രാജചിഹ്നം എത്ര കണ്ടോ അത്ര കണ്ട് അയാൾ നെപ്പോളിയൻകക്ഷിയാണ്. ഈ സാധുവായ ചങ്ങാതി, അന്നു നിയമത്താൽ പേരിടപ്പെട്ടിരുന്നവിധം, രാജദ്രോഹകരങ്ങളായ പ്രസംഗങ്ങൾ കഥയില്ലാതെ ചെയ്തുപോകാറുണ്ടായിരുന്നു. ചക്രവർത്തിയുടെ മുദ്ര ‘ബഹുമാനപദവി’ ഉടുപ്പിന്മേൽനിന്നു പോയ്പോയതു മുതൽ അയാൾ ഒരിക്കലും തന്റെ പട്ടാളവേഷം ധരിക്കുകയുണ്ടായിട്ടില്ല; പിന്നെ തന്റെ കുരിശു ധരിക്കേണ്ടുന്ന ആവശ്യമില്ലല്ലോ എന്നാണ് അയാളുടെ വാക്ക്. നെപ്പോളിയൻ തനിക്കു സമ്മാനിച്ച കുരിശിന്മേൽനിന്നു് അയാൾ എത്രയും ഭക്തിപർവം ചക്രവർത്തിരൂപത്തെ എടുത്തു കളഞ്ഞു; അതിനാൽ അവിടെ ഒരു പൊത്തായിത്തീർന്നു; അതിൽ വേറെ ഒന്നും അയാൾ പകരംവെക്കുകയില്ല. അയാൾ പറഞ്ഞു: എന്റെ ഹൃദയത്തിൽ ആ മുന്നു തവളയെ കെട്ടിത്തൂക്കുന്നതിലും ഭേദം ചാവുകയാണ്. പതിനെട്ടാമാൻ ലൂയിയെപ്പറ്റി അയാൾ ഉച്ചത്തിൽ അധിക്ഷേപിക്കുകകൂടി ചെയ്തിരുന്നു; ‘ഇംഗ്ലീഷ് കാലുറകളിൽ കയറിനിൽക്കുന്ന ആ വാതംപിടിച്ച കിഴവപ്രാണി!’ അയാൾ പറഞ്ഞു: അവനും അവന്റെ രാജ്ഞിയുംകൂടി പ്രഷ്യയിലേക്കു കടന്നുപോട്ടെ. ഒരടിയായി തനിക്കു വെറുപ്പുള്ള രണ്ടെണ്ണത്തെ - പ്രുഷ്യയേയും ഇംഗ്ലണ്ടിനേയും - ഒപ്പം അധിക്ഷേപിക്കാൻ പറ്റുന്ന ഈ വാചകം ആവർത്തിച്ചു പറയുന്നത് അയാൾക്കു ബഹുരസമായിരുന്നു. അതങ്ങനെ ആവർത്തിച്ചാവർത്തിച്ച് ഉള്ള ഉദ്യോഗം കൈയിൽനിന്നുപോയി. വീടുള്ളതിൽനിന്നു പുറത്താക്കപ്പെട്ട അയാളും അയാളുടെ ഭാര്യയും മക്കളുംകൂടി ഭക്ഷണത്തിനു ഗതിയില്ലാതെ വശായി. മെത്രാൻ അയാളെ വരുത്തി സൗമ്യമായി ശകാരിച്ചു. വലിയ പള്ളിയിൽ ഒരു കീഴ്‌വേലക്കാരനായി നിയമിച്ചു.

പുണ്യകർമങ്ങളുടേയും സമര്യാദമായ നടപടിയുടേയും ഊക്കുകൊണ്ടു മോൺസിന്യേർ ബിയാങ് വെന്യു ഒമ്പതുകൊല്ലം കഴിയുമ്പോഴേക്കു ഡി. പട്ടണം മുഴുവനും ഒരച്ഛനോടുള്ളതായ ഭക്തിയും സ്നേഹപൂർവമായ ബഹുമാനവും കൊണ്ടു നിറച്ചുകഴിഞ്ഞു. നെപ്പോളിയനോട് അദ്ദേഹം കാണിച്ചതുകൂടി ആളുകൾ, ആ നല്ലവരും സാധുക്കളുമായ ആളുകൾ–അവർ തങ്ങളുടെ ചക്രവർത്തിയെ പുജിച്ചിരുന്നുവെങ്കിലും തങ്ങളുടെ മെത്രാനെ സ്നേഹിച്ചു–സാവധാനമായി കൈക്കൊണ്ടു; എന്നല്ല ഒന്നും പറയാതെ ക്ഷമിച്ചുകളഞ്ഞു.

കുറിപ്പുകൾ

[55] ആദ്യമായി നെപ്പോളിയന്റെ സൈന്യം പരാജയപ്പെട്ടുപോയതു് ഈ 1813 ഒക്ടോബർ 16-18 തീയതികളിലാണു്.

[56] റഷ്യനാക്രമണത്തിൽനിന്നു നെപ്പോളിയൻ ബുദ്ധി മടുത്തു മയങ്ങിയത് ഈ കൊല്ലത്തിലാണു്.

[57] നെപ്പോളിയൻ തികച്ചും പരാജിതനായിപ്പോയത് ഈ യുദ്ധത്തിൽവെച്ചാണ്.

[58] ഈ യുദ്ധത്തിൽവെച്ചാണു് നെപ്പോളിയൻ റഷ്യക്കാരെയും ആസ്ത്രിയക്കാരേയും തികച്ചും തോല്പിച്ചുവിട്ടത്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.