images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.8
മദ്യപാനത്തിനു ശേഷമുള്ള തത്ത്വജ്ഞാനം

മുൻപു പറഞ്ഞ ആലോചനാസഭാംഗം (=സെനറ്റർ) ഒരു സമർഥനായിരുന്നു; മനസ്സാക്ഷി, മതവിശ്വാസം, നീതിന്യായം, ധർമബുദ്ധി എന്നിങ്ങനെ പറഞ്ഞുവരുന്നതും, ഓരോ തടസ്സങ്ങളെ ഉണ്ടാക്കിവെക്കുന്നതുമായ യാതൊന്നിനേയും വിലവെക്കാതെ, അയാൾ തന്റെ കാര്യം നോക്കി; തന്റെ കാര്യം സാധിക്കുകയും തന്റെ ആവശ്യം നിറവേറ്റുകയുമാകുന്ന നേർവഴിയിൽനിന്ന് ഒരിക്കലും, ഒരു ലേശമെങ്കിലും പതറിപ്പോകാതെ, അയാൾ ശരിക്ക് എത്തേണ്ട ദിക്കിൽ ചെന്നുനിന്നു. തൊട്ടതിലെല്ലാം ജയം കിട്ടി. ഒട്ടു പാകംവന്നിട്ടുള്ള ഒരു പഴയ വക്കീലാണ് അയാൾ; ഒരിക്കലും അയാളെ ഒരു ചീത്താളെന്നു പറഞ്ഞുകൂടാ–അയാൾ ബുദ്ധിപൂർവം പ്രവർത്തിച്ചു ലോകത്തിലെ നല്ല ഭാഗങ്ങളും നല്ല സൗകര്യങ്ങളും നല്ല ഭാഗ്യങ്ങളും കൈയിലാക്കി, തന്റെ ആൺമക്കൾക്കും പെൺമക്കളുടെ ഭർത്താക്കന്മാർക്കും ചാർച്ചക്കാർക്കും, സ്നേഹിതന്മാർക്കും തന്നെക്കൊണ്ടു കഴിയുന്ന എല്ലാ ചില്ലറസഹായങ്ങളും ചെയ്തുകൊടുത്തിട്ടുള്ളാളാണ്. പിന്നെയുള്ളതെന്തും വലിയ വിഡ്ഡിത്തമായിട്ടേ അയാൾക്കു തോന്നിയിരുന്നുള്ളു. അയാൾ ബുദ്ധിമാനും, എപ്പിക്യൂറസ്സിന്റെ [23] ശിഷ്യനാണ് താൻ എന്നു വിചാരിക്കത്തക്കവിധം, പഠിപ്പുള്ളവനുമായിരുന്നു; പക്ഷേ, അയാൾ വാസ്തവത്തിൽ, പിഗോ–ലെ ബ്രുങ്ങിന്റെ [24] ഒരു സന്താനം മാത്രമാണ്; അയാൾ അനന്തങ്ങളും ശാശ്വതങ്ങളുമായ എല്ലാറ്റിനേക്കുറിച്ചും, ‘ആ സാധുവയസ്സൻ ചങ്ങാതിയായ മെത്രാന്റെ തോന്നിവാസങ്ങളെപ്പറ്റിയും നേരംപോക്കായും ആഹ്ലാദത്തോടുകൂടിയും പരിഹസിച്ചു ചിരിക്കാറുണ്ട്. ചിലപ്പോൾ മൊസ്സ്യു മിറിയേലിന്റെ മുൻപിൽവെച്ചുതന്നെ ഒരിഷ്ടംകാണിക്കുന്ന അധികാരഭാവത്തോടുകൂടി അയാൾ അദ്ദേഹത്തെ കളിയാക്കും; അദ്ദേഹം അതിരുന്നു ശ്രദ്ധിച്ചുകേൾക്കും.

ഏതാണ്ട് ഉദ്യോഗസംബന്ധിയായ എന്തോ ഒരു സന്ദർഭവിശേഷത്തിലോ മറ്റോ–എന്താണെന്ന് എനിക്കിപ്പോൾ നല്ല ഓർമയില്ല–കോങ്ത്*** (ആ സെനറ്റർ) മൊസ്സ്യു മിറിയേലൊരുമിച്ചു പൊല്ലീസ്സുമേലുദ്യോഗസ്ഥന്റെ വീട്ടിൽ ഒരു വിരുന്നുസൽക്കാരത്തിനുണ്ടായിരുന്നു. പലഹാരസമയത്ത്, അന്തസ്സു തീരെ വിട്ടിരുന്നില്ലെങ്കിലും, അല്പം ആഹ്ലാദം കയറിയിരുന്ന സെനറ്റർ കുറച്ചുച്ചത്തിൽ പറഞ്ഞു:

‘എന്നാലോ, മെത്രാൻ, നമുക്കൊരു വാദപ്രതിവാദം ചെയ്യുക. ഒന്നു കണ്ണുചിമ്മിപ്പോകാതെ ഒരു പ്രധാനാലോചനാസഭാംഗത്തിനും ഒരു മെത്രാന്നും അന്യോന്യം നോക്കിക്കാണാൻ ഞെരുക്കമുണ്ട്. നമ്മൾ രണ്ടുതരം ആസ്തികന്മാരാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം തുറന്നു സമ്മതിക്കാൻ പോകുന്നു. എനിക്കു സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ട്.’

‘നിങ്ങൾ പറയുന്നത് ശരിയുമാണ്.’ മെത്രാൻ മറുപടി പറഞ്ഞു. ‘ഒരാൾ ഒരു തത്ത്വശാസ്ത്രമുണ്ടാക്കുന്നതുപോലെത്തന്നെ അതിന്മേൽ ചടഞ്ഞുകൂടുന്നു. നിങ്ങൾ പട്ടുകിടക്കക്കാരനാണ്, സെനറ്റർ.’

സെനറ്റർക്ക് ഉത്സാഹം കൂടി; പിന്നേയും പറഞ്ഞുതുടങ്ങി; ‘നമുക്കു നല്ല ചങ്ങാതികളാവുക.’

‘നല്ല ചെകുത്താന്മാരാവുക.’ മെത്രാൻ പറഞ്ഞു.

‘ഞാൻ നിങ്ങളോടു പ്രസ്താവിക്കുന്നു, സെനറ്റർ തുടർന്നു. ‘മാർക്കിദാർ ഴെന്യു [25] പൈറോൺ [26] ഹോബ്സ് [27] ഇവർ ആഭാസന്മാരല്ല. എന്റെ വായനശാലയിലുള്ള എല്ലാ തത്ത്വജ്ഞാനികളും വക്കത്തു തങ്കപ്പൂച്ചുള്ളവരാണ്.”

‘നിങ്ങളുടെ മട്ടിൽത്തന്നെ,’ മെത്രാൻ ഇടയ്ക്കു പറഞ്ഞു.

ആലോചനാസഭാംഗം പിന്നെയും തുടങ്ങി: ’ദിദറോവിനോട് [28] എനിക്കു ദേഷ്യമാണ്; അയാൾ ഒരു ഭാവനാശാസ്ത്രകാരനും, ഒരു വലിയ പ്രാസംഗികനും, ഒരു ലഹളക്കാരനുമാണ്; ആന്തരമായി നോക്കുമ്പോൾ അയാൾ ഒരീശ്വരവിശ്വാസിയും, വോൾത്തെയറേക്കാൾ [29] മതവിരോധിയുമാണ്. വോൾത്തെയർ നീഡ്ഹാമിനെ [30] കളിയാക്കി; അതു ശരിയായില്ല; എന്തുകൊണ്ടെന്നാൽ നീഡ്ഹാമിന്റെ ആരൽമത്സ്യങ്ങൾ [31] ഈശ്വരനെക്കൊണ്ട് ആവശ്യമില്ലെന്നു കാണിക്കുന്നു. ഒരു തരി ഗോതമ്പുമാവിൽ ഒരുതുള്ളി വിനീഗർമദ്യം ചേർത്തുള്ളത് ‘വെളിച്ചമുണ്ടാവട്ടെ’ [32] എന്നതിന്റെ ഫലം നടത്തും. ആ തുള്ളി കുറേക്കൂടി അധികമാവുകയും ആ തവി കുറേക്കൂടി വലുതാവുകയും ചെയ്തു എന്നു സങ്കല്പിക്കുക; നിങ്ങളുടെ ലോകമായിക്കഴിഞ്ഞു. മനുഷ്യനാണ് ആരൽമത്സ്യം. അപ്പോൾ ശാശ്വതപിതാവിനെക്കൊണ്ടുള്ള പ്രയോജനമെന്ത്? സർവ്വേശ്വരൻ ഉണ്ടെന്നുള്ള സിദ്ധാന്തം, മെത്രാൻ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. കഴമ്പില്ലാത്ത ന്യായത്തോടുകൂടിയ ചില കഴമ്പില്ലാത്ത ജനങ്ങളെ സൃഷ്ടിക്കാനല്ലാതെ മറ്റൊന്നിനും, അതിനേക്കൊണ്ട് കൊള്ളില്ല. ആ സമഷ്ടിയെ കൊണ്ടുപോയി കളയു; അതെന്നെ സ്വൈരം കെടുത്തുന്നു! ശൂന്യത്തിനു ജയജയ; അതെന്നെ സമാധാനത്തിൽ നിർത്തുന്നുണ്ട്, ഞാനും നിങ്ങളുംകൂടി പറയുകയാവുമ്പോൾ, എന്റെ ഗ്ലാസ്സൊഴിക്കുമ്പോഴത്തെ ഒരുനേരംപോക്കായി, എന്റെ മതോപദേഷ്ടാവിനോട് പാപസമ്മതം ചെയ്കയാണെങ്കിൽ–ഞാനതു ചെയ്യേണ്ടതാണല്ലോ–എനിക്കു കുറെ ബുദ്ധിയുണ്ടെന്നു ഞാൻ നിങ്ങളോടു ഏറ്റുപറയുന്നു. ഊർദ്ധ്വൻ വലിക്കുന്നതുവരേക്കും സന്ന്യാസവും ആത്മത്യാഗവും അനുഷ്ഠിക്കണമെന്നുപദേശിക്കുന്ന നിങ്ങളുടെ യേശുക്രിസ്തുവിനെ എനിക്കു വലിയ ഭ്രമമില്ല. അതു യാചകന്മാരോട് ഒരു ലുബ്ധൻ ചെയ്യുന്ന ഉപദേശമാണ്. സന്ന്യാസം എന്തിന്ന്? ആത്മത്യാഗം, എന്താവശ്യത്തിലേക്ക്? ഒരു ചെന്നായ മറ്റൊരു ചെന്നായയുടെ ആവശ്യത്തിന്നു തന്നത്താൻ കൊത്തിനുറുക്കിക്കൊടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അപ്പോൾ നമുക്കു പ്രകൃതിയെത്തന്നെ പറ്റിപ്പിടിക്കുക. നമ്മൾ സകലത്തിനും മുകളിലാണ്; അതുപോലെ, മുകളിൽത്തന്നെയുള്ള തത്ത്വജ്ഞാനം നമുക്കുണ്ടാക്കുക. മറ്റുള്ളവരുടെ മൂക്കിന്നറ്റത്തിൽനിന്ന് അപ്പുറത്തേക്കു കാണാൻ വയ്യെങ്കിൽ, നമ്മൾ മുകളിലായിട്ടുള്ളതിന്റെ പ്രയോജനമെന്ത്? നമുക്ക് ആഹ്ലാദത്തോടുകൂടി ജീവിച്ചിരിക്കുക. ജീവിതമാണ് ആകെയുള്ളത്. ഇതിൽനിന്ന് വിട്ടു, മുകളിലോ, താഴത്തോ എവിടെയോ, മനുഷ്യന്നു വേറെ ഒരു ജീവിതമുണ്ടെന്ന് എനിക്കു വിശ്വാസമില്ല; ഇല്ല, അതിനെപ്പറ്റി ഒരൊറ്റ വാക്കും ഞാൻ വിശ്വസിക്കുന്നില്ല. ഹാ! ആത്മത്യാഗവും സന്ന്യാസവും നല്ലതാണെന്ന് എന്നെ പറഞ്ഞു പിടിപ്പിക്കുന്നു! എന്തു ചെയ്യുമ്പോഴും ഞാൻ സൂക്ഷിക്കണം; പാപമെന്താണ്, പുണ്യമെന്താണ്, ന്യായമെന്താണ്, അന്യായമെന്താണ്, തെറ്റെന്താണ് ശരിയെന്താണ്? എന്നാലോചിച്ചു ഞാൻ എന്റെ തലയിട്ടു കടയിക്കണം. എന്തിന്? എന്റെ പ്രവൃത്തികൾക്കെല്ലാം ഞാൻ സമാധാനം പറയേണ്ടിവരും, അതിന്. എപ്പോൾ? മരിച്ചതിനുശേഷം. എന്തൊരു കൗതുകകരമായ സ്വപ്നം! മരിച്ചതിനുശേഷം എന്നെ കടന്നുപിടിക്കാൻ കഴിയുന്ന ആൾ നിശ്ചയമായും ഒരു വല്ലാത്ത സമർഥനാവണം. നിങ്ങൾക്കു കഴിയുമെങ്കിൽ, ഇല്ലാത്ത കൈപ്പടംകൊണ്ട് ഒരുപിടി മണ്ണിൻപൊടി കടന്നു പിടിയ്ക്കുക. യോഗദീക്ഷ കഴിഞ്ഞവരും മായയുടെ മൂടുപടം മാറ്റിക്കളഞ്ഞവരുമായ ഞങ്ങൾ വാസ്തവം പറയട്ടെ; പാപം എന്ന ഒന്നില്ല; ഉണ്ട്, മുളച്ചുവരലുണ്ടു്. സാത്താനായിട്ടുള്ളതു് നമുക്കന്വേഷിക്കുക; പരിപൂർണമായി നമുക്ക് അതിന്റെ അടിയിലേക്കു ചെല്ലുക. പരിപൂർണമായി നമുക്ക് അതൊന്നു മനസ്സിലാക്കുക. എന്തു മണ്ണിൻകട്ടയാണ്! അതിന്റെ അടിയിലേക്കു നമുക്കൊന്നിറങ്ങിനോക്കുക. സത്യം നമുക്കു കണ്ടുപിടിക്കണം; ഭൂമിയെ നമുക്ക് അതിന്റെ അറ്റംവരെ കുഴിക്കുക എന്നിട്ട് അതിനെ കടന്നുപിടികൂടുക. എന്നാൽ അതു നിങ്ങൾക്ക് എന്തെന്നില്ലാത്ത സുഖം തരും. അപ്പോൾ നിങ്ങൾക്കു ചിരിവരും. അതിന്റെ അടി എനിക്കു ബഹുപാകമാണ് അതേ, കിറുകൃത്യം. മെത്രാൻ, അമർത്യത്ത്വം ഒരു യദ്യച്ഛാസംഭവമാണ്; മരിച്ചവരുടെ ബൂട്സ്സുകൾക്കു നോറ്റിരിക്കുക. ഹാ! എന്തു രസകരമായ വാഗ്ദാനം! നിങ്ങൾ വേണമെങ്കിൽ അതു വിശ്വസിച്ചിരുന്നോളു! ഹാ! ആദാമിന്റെ യോഗം എന്തു വിചിത്രതരമായ യോഗം! നമ്മൾ ആത്മാക്കളാണ്; നമ്മൾ ഇനി ചുമൽപ്പലകളിൽ നീലച്ചിറകുവെച്ചിട്ടുള്ള ദേവന്മാരാവും. ഒരു സാഹായ്യം ചെയ്യു; ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട ആളുകൾ ഒരു നക്ഷത്രത്തിൽനിന്നു മറ്റേ നക്ഷത്രത്തിലേക്കു പാഞ്ഞുകളിക്കുമെന്നു പറഞ്ഞതു തേർത്തുലിയനല്ലേ? [33] വളരെ നല്ലത്. നമ്മൾ നക്ഷത്രങ്ങളിലെ പച്ചപ്പയ്യ്യാവട്ടെ. അതിനു പുറമെ, നമുക്ക് ഈശ്വരനെ കാണാം. ട, ട, ട! ഈ സ്വർഗങ്ങളെല്ലാം എന്തു വിഡ്ഡിത്തങ്ങളാണ്! ഈശ്വരൻ ഒരു കഥയില്ലാത്ത ഭയങ്കര ജന്തുവാണ്! അതു ഞാൻ മോണിത്തൂർ പത്രത്തിൽ പറയുകയില്ല; ഓഹാ! എന്നാൽ അതു ഞാൻ സ്നേഹിതന്മാരുടെ ഇടയിൽ മന്ത്രിക്കും. അതേ കുപ്പി ചെരിക്കുമ്പോഴത്തെ ഞായം. സ്വർഗത്തിനുവേണ്ടി ലോകത്തെ ബലികഴിക്കുന്നതു നിഴലു പിടിക്കാൻവേണ്ടി ഇര കളയുകയാണ്. ബ്രഹ്മത്താൽ വഞ്ചിക്കപ്പെടുക! ഞാൻ അങ്ങനത്തെ ഒരു വിഡ്ഡിയല്ല. ഞാൻ ഒരു സുന്നയാണ്. ഞാൻ എന്നെ സെനറ്റർ മൊസ്യു കൗൺട് നോട്ട് (=സുന്ന) എന്നു വിളിക്കുന്നു. ജനിച്ചതിനു മുൻപ് ഞാനുണ്ടായിരുന്നുവോ? ഇല്ല. മരിച്ചതിനുശേഷം ഞാൻ ഉണ്ടായിരിക്കുമോ? ഇല്ല. എന്താണ് ഞാൻ? ഒരു സാവയവപ്രാണിയായി കൂട്ടിച്ചേർത്ത കുറച്ചു മണ്ണിൻപൊടി. ഈ ഭൂമിയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻതന്നെ അതു തീർച്ചപ്പെടുത്തണം: ദുഃഖിക്കുക, അല്ലെങ്കിൽ സുഖിക്കുക. ദുഃഖം എന്നെ എവിടെ കൊണ്ടു പോയാക്കും? ശൂന്യതയിൽ. പക്ഷേ, ഞാൻ ദുഃഖിച്ചു. സുഖം എന്നെ എവിടെ കൊണ്ടുപോയാക്കും? ശുന്യതയിൽ; പക്ഷേ ഞാൻ സുഖിച്ചു. എന്റെ കാര്യം ഞാൻ തീർച്ചപ്പെടുത്തി. ഒന്നുകിൽ ഭക്ഷിക്കണം, അല്ലെങ്കിൽ ഭക്ഷിക്കപ്പെടണം; ഞാൻ ഭക്ഷിക്കുകയാണ്. പല്ലാവുന്നതാണ് പുല്ലാവുന്നതിനേക്കാൾ നല്ലത്. ഇതത്രേ എന്റെ ജ്ഞാനം. അതുപ്രകാരം ഞാൻ ഉന്തുന്നേടത്തേക്ക് എവിടെയ്ക്കെങ്കിലും പൊയ്ക്കൊള്ളു, ശവക്കുഴി കുഴിക്കുന്നവനെ അവിടെ കാണാം; ഞങ്ങൾ ചിലർക്കുള്ള ദേവഗണം: എല്ലാം ആ വലിയ കുഴിയിൽ ചെന്നുവിഴുന്നു. കഴിഞ്ഞു. സമാപ്തം. കടവും മുതലും ആകെയിട്ടു. പോയി, പോയി. അപ്രത്യക്ഷമായി. ഞാൻ പറയുന്നതു വിശ്വസിക്കുക, മരണം മരണമാണ്. ഈ വിഷയത്തെപ്പറ്റി എന്നെങ്കിലും പറഞ്ഞുതരാൻ ഒരാളുണ്ടെന്നു കേട്ടാൽ എനിക്കു ചിരിയാണ്. വളർത്തമ്മമാരുടെ കെട്ടുകഥകൾ; കുട്ടികൾക്കുള്ള ഇമ്പാച്ചി; മനുഷ്യർക്കുള്ള സർവ്വേശ്വരൻ. ഇല്ല നമുക്കുള്ള നാളെ രാത്രിയാണ്. ശവക്കുഴിയുടെ അപ്പുറത്ത് അതേവിധം ശൂന്യതയല്ലാതെ മറ്റൊന്നുമില്ല. നിങ്ങൾ സർദനപ്പലസ്സാ [34] യി അല്ലെങ്കിൽ, വാങ്സാങ്ദ് പോളാ [35] യി–ഒരു വ്യത്യാസവുമില്ല. ഇതാണ് സത്യം. അപ്പോൾ മറ്റുള്ളതൊക്കെ അവിടെ കിടക്കട്ടെ; ഉള്ള കാലം ജീവിച്ചിരിക്കുക. ഞാൻ എന്നു നിങ്ങളിൽ ഉള്ളകാലം ജീവിച്ചിരിക്കുക. ഞാൻ എന്ന് നിങ്ങളിൽ ഉള്ള കാലത്തോളം അതിനെ ഉപയോഗിക്കുക, വാസ്തവത്തിൽ, ഞാൻ നിങ്ങളോടു പറയട്ടെ, മെത്രാൻ, എനിക്കു സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ട്; എനിക്കു സ്വന്തമായി ചില തത്ത്വജ്ഞാനികളുമുണ്ട്. ആവക വിഡ്ഡിത്തംകൊണ്ടു മയങ്ങിപ്പോവാൻ ഞാൻ നില്ക്കില്ല. അധഃപതിച്ചുകിടക്കുന്നവർക്കു നിശ്ചയമായും എന്തെങ്കിലും ഒന്നു വേണം–കാലിലൊന്നുമില്ലാത്ത യാചകന്മാർക്കും, കത്തിയണച്ചു കൊടുക്കുന്നവർക്കും, ഗതിയില്ലാത്ത പാവങ്ങൾക്കും, നിശ്ചയമായും ഒരു താങ്ങുവേണം. പുരാണങ്ങൾ, മനോരാജ്യങ്ങൾ, ആത്മാവ്, അമർത്ത്യത്വം, സ്വർഗം, നക്ഷത്രങ്ങൾ ഇതൊക്കെ അവർക്കു വിഴുങ്ങാൻവേണ്ടി ഉണ്ടാക്കിവെച്ച സാമാനങ്ങളാണ്. അവർ അവയെ ആർത്തിയോടുകൂടി കുടുകുടെ ഇറക്കുന്നു. അവരുടെ ഉണങ്ങിക്കടിച്ച അപ്പത്തിന്മേൽ അവർ അതെടുത്തു പുരട്ടുന്നു. മറ്റൊന്നുമില്ലാത്തവന്നു ദയാലുവായ ഈശ്വരനുണ്ട്. അതാണ് അവന്നു കിട്ടാവുന്ന സകലത്തിലും വെച്ചു കുറഞ്ഞത്. ഞാൻ അതിനു യാതൊരു വിരോധവും പറയുന്നില്ല. പക്ഷേ, മൊസ്യു നെയ്ഗിയോണിനെ ഞാൻ എനിക്കായി കരുതിവെക്കുന്നു. നല്ലവനായ ഈശ്വരൻ പൊതുജനങ്ങൾക്കു നല്ലതാണ്.

മെത്രാൻ കൈകൊട്ടി.

‘ഇതൊക്കെ വാക്കാണ്!’ അദ്ദേഹം കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എത്ര രസപ്രദവും വാസ്തവത്തിൽ എത്ര അത്ഭുതകരവുമായ ഒന്നാണ് ഈ അനാത്മവാദം! ആവശ്യമുള്ളവർക്കെല്ലാം അതു കിട്ടാൻ നിവൃത്തിയില്ല. ഹാ! ഒരാൾക്കതു കൈയിലായാൽപ്പിന്നെ, അയാൾ ഒരിക്കലും പൊട്ടനല്ല; കൈറോവിനെ [36] പ്പോലെ രാജ്യഭ്രഷ്ടനാവാനും, സ്റ്റീഫനെ [37] പ്പോലെ കല്ലേറുകൊണ്ടു ചാവാനും, ഴാന്ന് ദാർക്കിനെ [38] പ്പോലെ ജീവനോടെ കെട്ടിച്ചുടാനും അയാൾ പിന്നെ, കഥയില്ലാതെ, സമ്മതിക്കില്ല. ഈ ബഹുമാനിക്കത്തക്ക അനാത്മവാദം കൈയിൽ കിട്ടിക്കഴിഞ്ഞവർക്കു യാതൊരുത്തരവാദിത്വവും തങ്ങൾക്കില്ലെന്നുള്ള സുഖമുണ്ട്, എന്നല്ല, പദവികൾ, തൊഴിലില്ലാത്ത ശമ്പളങ്ങൾ, അന്തസ്സുകൾ, മര്യാദയ്ക്കോ മര്യാദകെട്ടോ സമ്പാദിച്ച അധികാരശക്തി, നല്ല ആദായമുണ്ടാക്കുന്ന പ്രതിജഞാലംഘനങ്ങൾ, പ്രയോജനകരങ്ങളായ ചതിപ്പണികൾ, മനസ്സാക്ഷിയെ തൽക്കാലത്തേക്കു വല്ലവർക്കും ഏല്പിച്ചു കൊടുക്കുകയാകുന്ന ആ ബഹുരസമുള്ള വിദ്യ–ഈ സകലവും പ്രയാസലേശം കൂടാതെ എടുത്തുവിഴുങ്ങുവാനും സകലവും ദഹിച്ചു ശുദ്ധമായിക്കൊണ്ടു ശവക്കുഴിയിലേക്കു കടന്നുചെല്ലുവാനും തങ്ങൾക്കു കഴിയും എന്നുള്ള സുഖം അവർക്കുണ്ട്. എന്തൊരു രസമുള്ള കാര്യം! നിങ്ങളെസ്സംബന്ധിച്ചേടത്തോളം, സെനറ്റർ, ഞാനതു പറയുന്നില്ല. എങ്കിലും നിങ്ങളെ അനുമോദിക്കാതിരിക്കാൻ ഞാൻ നിവൃത്തി കാണുന്നില്ല. വലിയ പ്രഭുക്കന്മാരായ നിങ്ങൾക്കു സ്വന്തമായി, നിങ്ങൾക്കുമാത്രം ഉപയോഗിക്കുവാനുള്ളതായി, ഒരു തത്ത്വശാസ്ത്രമുണ്ടെന്നു നിങ്ങൾ പറയുന്നു–അതേ, ഭംഗിയുള്ളതും, പരിഷ്കരിച്ചതും, പണക്കാർക്കുമാത്രം കിട്ടുന്നതും, എല്ലാ രുചികരസാധനങ്ങൾക്കും യോജിക്കുന്നതും, ജീവിതത്തിലെ വിഷയലമ്പടത്വത്തെ രസം പിടിപ്പിച്ചു നന്നാക്കുന്നതുമായ ഒരു സവിശേഷ തത്ത്വശാസ്ത്രം. ഈ തത്ത്വശാസ്ത്രം ഭൂമിയുടെ അധോഭാഗത്തുനിന്നു കൊണ്ടുവരപ്പെട്ടതാണ് ഒന്നാംതരം അന്വേഷകന്മാരാൽ കുഴിച്ചെടുക്കപ്പെട്ടതുമാണ്. പക്ഷേ, നിങ്ങളെല്ലാം നല്ല സ്വഭാവക്കാരായ കൊച്ചുതമ്പുരാക്കന്മാരാണല്ലോ; അതുകൊണ്ടു, ’ചെസ്നട്ട്’ മരത്തിന്റെ കായ നിറച്ചു വേവിച്ച വാൻവത്തു പാവങ്ങൾക്കെല്ലാം കടൽക്കൂണിട്ടു വേവിച്ച കോഴിയാവുന്നതിൽ നിങ്ങൾക്കു വൈരസ്യമില്ലാത്തതുപോലെ, ദയാലുവായ ഈശ്വരനിലുള്ള വിശ്വാസം പൊതുജനങ്ങൾക്ക് അവരുടെ തത്വശാസ്ത്രമായിത്തീരുന്നതു തീരെ നന്നല്ലെന്നു നിങ്ങൾക്ക് അഭിപ്രായമുണ്ടായിരിക്കില്ല.’

കുറിപ്പുകൾ

[23] ഇദ്ദേഹം എപ്പിക്യൂറിയൻമതം എന്നു പറയപ്പെടുന്ന മതവിശേഷത്തിന്റെ പ്രതിഷ്ഠാപകനായ ഒരു ഗ്രീക്കു തത്ത്വജ്ഞാനിയാണ്. സുഖമാണ് പരമമായ പുരുഷാർഥമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു, ക്രിസ്തുവിന്ന് ഏകദേശം മുന്നൂറു കൊല്ലം മുൻപു ജീവിച്ചിരുന്ന ആളാണ്.

[24] ഒരു ഫ്രഞ്ചുനോവലെഴുത്തുകാരനും നാടകകർത്താവും.

[25] ഫ്രാൻസിലെ ഒരെഴുത്തുകാരനും ചരിത്രകാരനും.

[26] ഏതാണ്ട് നിരീശ്വരമതമായ പൈറോണിയൻ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനായ ഗ്രീക്കു തത്ത്വജ്ഞാനി.

[27] ഇദ്ദേഹം പ്രസിദ്ധനായ ഒരിഗ്ലീഷുതത്ത്വജ്ഞാനിയാണു്. ഇദ്ദേഹത്തിനു് നിരീശ്വരമതത്തിലേക്കുതന്നെ ചാച്ചിൽ.

[28] ഇദ്ദേഹം ഒരു ഫ്രഞ്ചു നിരീശ്വരമതക്കാരിൽ പ്രധാനനാണു്. ‘തത്വശാസ്ത്രത്തിലേക്കാദ്യത്തെ കാൽവെപ്പ് അവിശ്വാസമാകുന്നു.’– ഈ മഹാന്റേതായ ഈ അനശ്വരവാക്യത്തിൽ സ്വാഭിപ്രായം മുഴുവനും അടങ്ങിയിട്ടുണ്ടു്.

[29] ഈ ഫ്രഞ്ചു തത്ത്വജ്ഞാനി സുപ്രസിദ്ധനാണു് ഇദ്ദേഹം മതാചാരങ്ങളിൽ അവിശ്വാസിയും. കവിയും നാടകകർത്താവും ചരിത്രകാരനുമായിരുന്നു.

[30] ഇദ്ദേഹം ഇംഗ്ലണ്ടിൽ ജനിച്ച ഒരു മതാചാര്യനാണു്. തേനീച്ചകളേയും ഉറുമ്പുകളേയും മറ്റുംപറ്റി ഒരു ശാസ്ത്രീയ ഗ്രന്ഥം എഴുതിയിട്ടുണ്ടു്. പല പുതുമയുള്ള സിദ്ധാന്തങ്ങളും അതിൽ കാണാം.

[31] ഇത്തരം മത്സ്യങ്ങൾക്ക് അത്ഭുതകരമായ ഒരു സവിശേഷശക്തിയുണ്ട്. അവയുടെ മേൽതൊട്ടാൽ ഒരു വിദ്യുച്ഛക്തി ചലനമുണ്ടാക്കുന്നു. അതു് ആളുകളെ, പക്ഷേ കൊല്ലുകകൂടി ചെയ്തേക്കും എല്ലാ ആരൽ മത്സ്യങ്ങൾക്കും അതില്ല. ഒരു വർഗ്ഗം അങ്ങനെയുണ്ടു്.

[32] ഈശ്വരൻ വെളിച്ചമുണ്ടാകട്ടെ എന്നു കല്പിച്ചു അപ്പോൾ വെളിച്ചമുണ്ടായി–ക്രിസ്ത്യൻ വേദപുസ്തകത്തിലെ ഒരു വാക്യം.

[33] ലാറ്റിൻഭാഷയിലുള്ള മതഗ്രന്ഥകാരന്മാരിൽ ആദ്യത്തെ ആൾ: അറിവിനെയും ബുദ്ധിശക്തിയേയും സംബന്ധിച്ചിടത്തോളം ലാറ്റിൻ മതാചാര്യന്മാരിൽ ഒന്നാമനല്ലെങ്കിൽ ഒന്നാമന്മാരിൽ ഒരാൾ.

[34] അസ്സീറിയയിലെ ഒടുവിലത്തെ ‘ശക്തൻ’ രാജാവ്.

[35] ഫ്രാൻസിലെ ഒരു ദിവ്യപുരുഷൻ. ഇദ്ദേഹം ഫ്രാൻസിൽ പല നഗരങ്ങളിലും ധർമ്മസ്ഥാപനങ്ങൾ ഏർപ്പെടുത്തി.

[36] ഇദ്ദേഹം റോമിലെ ഒരു പ്രസിദ്ധ ഭരണശാസ്ത്രജ്ഞനായിരുന്നു.

[37] ഇദ്ദേഹം ഒരു യഹൂദനാണ്. പളളിക്കും പളളിനിയമത്തിനും വിരുദ്ധമായി പ്രസംഗിച്ചു എന്ന കുറ്റത്തിന്മേൽ പിടിക്കപ്പെട്ടു. സ്വവിശ്വാസത്തെ ഭംഗിയിൽ പ്രസംഗിച്ചുവെങ്കിലും ഇദ്ദേഹത്തെ ശുണ്ഠിയെടുത്ത പൊതുജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

[38] ചരിത്രപ്രസിദ്ധയായ ഈ മഹതി ചെറുപ്പം മുതല്ക്കേ മതത്തിൽ വലിയ വിശ്വാസമുളളവളായിരുന്നു. ഓർലീൻസായ തന്റെ രാജ്യത്തെ രക്ഷിക്കുവാൻവേണ്ടി ഈശ്വരൻ അയച്ചവളാണ് താൻ എന്ന ഒരു ദൃഢബോധം ഇവൾക്കുണ്ടായി. ഇവൾ ഇംഗ്ലീഷുകാരെ ഓടിച്ചു ഫ്രാൻസിലെ അന്നത്തെ രാജാവായ ചാറൽസ് ആറാമനെ റീസിൽ പട്ടാഭിഷേകം ചെയ്യിച്ചു. ഒടുവിൽ ശത്രുക്കൾ ഇവളെ പിടിച്ച ഇംഗ്ലീഷുകാർ വശം കൊടുത്തുകളഞ്ഞു., അവർ മതദ്രോഹി എന്ന നിലയിൽ ഇവളെ ജീവനോടെ കെട്ടി തീയിലിട്ടു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.