images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.7
നിരാശതയുടെ അന്തർഭാഗം

ഞങ്ങൾ അതു പറയാൻ ശ്രമിക്കട്ടെ: സമുദായം ഈവക സംഗതികളെ നോക്കിക്കാണുന്നത് ആവശ്യമാണ്; എന്തു കൊണ്ടെന്നാൽ, സമുദായമാണ് ഇവയെ ഉണ്ടാക്കിത്തീർക്കുന്നത്.

ഞങ്ങൾ പറഞ്ഞതുപോലെ, അയാൾ ഒരു പഠിപ്പില്ലാത്തവനായിരുന്നു; പക്ഷേ. ഒരു വിഡ്ഢിയായിരുന്നില്ല. പ്രകൃതിദത്തമായ ദീപം അയാളുടെ ഉള്ളിൽ കൊളു അപ്പെട്ടിരുന്നു. നിർഭാഗ്യം-അതിനു സ്വന്തമായി ഒരു സവിശേഷ സൂക്ഷ്മതയുണ്ട്–ആ മനസ്സിൽ സ്വതവേ ഉള്ള പ്രകാശത്തിനു വലുപ്പം കൂട്ടി. തല്ലുകൾക്കു കീഴിലും, ചങ്ങലക്കെട്ടുകൾക്കുള്ളിലും, തുറുങ്കിലും, ബുദ്ധിമുട്ടിലും തണ്ടുവലി ശിക്ഷയനുഭവിക്കുന്ന ആ ചുട്ടവെയിലത്തും, തടവുപുള്ളിയുടെ പലകക്കിടയക്കുയിലും കിടന്ന് അയാൾ തന്റെ ഹൃദയാന്തർഭാഗത്തേക്കു ചുരുണ്ടു; അയാൾ ആലോചിച്ചു.

അയാൾതന്നെ അയാളുടെ നീതിന്യായക്കോടതിയായി.

അയാളെത്തന്നെ അയാൾ വിചാരണ ചെയ്വാൻ ആരംഭിച്ചു.

അന്യായമായി ശിക്ഷിക്കപ്പെട്ട ഒരു നിരപരാധനല്ല താൻ എന്ന വാസ്തവം അയാൾ കണ്ടു. അനുചിതവും ആക്ഷേപയോഗ്യവുമായ ഒരു പ്രവൃത്തി താൻ ചെയ്തുവെന്ന് അയാൾ സമ്മതിച്ചു. ഒരു സമയം, ചോദിച്ചിരുന്നുവെങ്കിൽ ആ അപ്പം അയാൾക്കു കിട്ടുമായിരുന്നു; എങ്ങനെയായാലും, അനുകമ്പമൂലമോ പ്രവ്യത്തിയെടുത്തിട്ടോ അത് കിട്ടുന്നതുവരെ താമസിക്കുകയായിരുന്നു ഉത്തമം. ‘വിശക്കുമ്പോൾ ആർക്കെങ്കിലും താമസിക്കാൻ കഴിയുമോ?’ എന്ന ചോദ്യം ഒരിക്കലും ഉത്തരമില്ലാത്ത ഒന്നല്ല. ഒന്നാമതായി വിശപ്പുകൊണ്ടുമാത്രം ഒരാൾ മരിച്ചുപോവുക എന്നത് വാസ്തവത്തിൽ വളരെ അപൂർവമാണ്; പിന്നെ ഭാഗ്യവശാലോ നിർഭാഗ്യവശാലോ, മരിക്കുന്നതിനു മുൻപായി മനസ്സുകൊണ്ടും ദേഹംകൊണ്ടും വളരെനേരം വമ്പിച്ച സങ്കടം സഹിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മനുഷ്യന്റെസൃഷ്ടി, അതുകൊണ്ട് എന്തും ക്ഷമിക്കുന്നത് ആവശ്യമാണ്; ആ സാധുക്കുട്ടികളെപ്പറ്റി വിചാരിക്കുമ്പോഴും അതാവശ്യമായിരുന്നു: ഒരു ഗതിയില്ലാത്ത നിർഭാഗ്യനായ അയാൾ മഹത്തായ ജനസമുദായത്തെ കടന്നുചെന്ന് കഴുത്തിൽ പിടികൂടുന്നതും, കഷ്ടപ്പാടിൽനിന്ന് കളവുമുഖേന വിട്ടുപോകാമെന്ന് വിചാരിക്കുന്നതും വെറും കമ്പമാണ്; അവമാനം പതുങ്ങിക്കടക്കുന്നേടത്തുടേ കഷ്ടപ്പാടിൽനിന്ന് പുറത്തുചാടുവാൻ അത് ഏതു നിലയ്ക്കും ഒരു വലുപ്പം കുറഞ്ഞ വാതിലാണ്.

പിന്നെ അയാൾ തന്നോടുതന്നെ ചോദിച്ചു.

തന്റെ ആപന്മയമായ ചരിത്രത്തിൽ തെറ്റുകാരൻ താൻ മാത്രമാണോ? ഒരു കൂലിപ്രവ്യത്തിക്കാരനായ താൻ, വേലയെടുക്കുവാൻ സന്നദ്ധനായ താൻ, പട്ടിണികിടക്കേണ്ടിവന്നു എന്ന കാര്യം ഗൗരവമേറിയ ഒന്നല്ലേ? എന്നല്ല, ഒരു തെറ്റു ചെയ്തു പോകയും അതു തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തുകഴിഞ്ഞാൽത്തന്നെ,അതിനുണ്ടായ ശിക്ഷ ഭയങ്കരവും വേണ്ടതിലധികവുമായിട്ടില്ലേ? തെറ്റു ചെയ്തതിൽ കുറ്റക്കാരൻ എത്രകണ്ടു നിയമത്തെ ലംഘിച്ചിട്ടുണ്ടോ, അതിലധികം, ശിക്ഷ തീർച്ചപ്പെടുത്തിയതിൽ നിയമം തന്നത്തന്നെ ദുഷിപ്പിച്ചിട്ടില്ലേ? തുലാസ്സിന്റെ ഒരുതട്ടിൽ, പ്രതിശാന്തി ഇട്ടിട്ടുള്ള ആ ഒരു തട്ടിൽ, വേണ്ടതിലധികം ഘനസാധനങ്ങൾ പെട്ടിട്ടില്ലേ? കുറ്റത്തെ പൊടിച്ച് തകർക്കത്തക്കവിധം ശിക്ഷയുടെ കനം അത്ര അധികമായിട്ടില്ലേ? എന്നല്ല, അതുകാരണം കാര്യത്തിന്റെ സ്ഥിതി ഒന്നു തരംതിരിഞ്ഞുപോയിട്ടില്ലേ–കുറ്റക്കാരന്റെ തെറ്റു നില്ക്കുന്ന സ്ഥാനത്ത് ആ ശിക്ഷയുടെ അമർച്ച ഒരു തെറ്റായി ചെന്നുനില്ക്കുന്നില്ലേ?–തെറ്റു ചെയ്തവൻ തെറ്റനുഭവിക്കുന്നവനായും, കടം വാങ്ങിയവൻ കടം കൊടുത്തവനായും മാറിപ്പോയിട്ടില്ലേ–നിയമത്തെ ലംഘിച്ചവന്റെ ഭാഗത്തു നിയമം ശരിക്കനുകുലമായി തിരിഞ്ഞു ചെന്നു നില്ക്കുന്നില്ലേ?

ഒളിച്ചുചാടുവാൻ വഴിക്കുവഴിയെ ചെയ്ത ശ്രമങ്ങൾകൊണ്ട് വല്ലാതെ അധികമായിത്തീർന്ന ഈ ശിക്ഷ അശക്തന്റെ മേൽ ശക്തൻ ചെയ്തുവെക്കുന്ന ഒരുമാതിരി ഉപദ്രവമായി, ഒരുത്തനോട് ഒരു സമുദായം മുഴുവനുംകൂടി ചെയ്യുന്ന ഒരപരാധമായി, ഓരോ ദിവസവും പുതുക്കിപ്പുതുക്കിക്കൊണ്ടു ചെയ്യുന്ന ഒരു തെറ്റായി, പത്തൊമ്പതു കൊല്ലം മുഴുവനും ചെയ്തുകൊണ്ടേ ഉരിക്കുന്ന ഒരു കുറ്റമായി പരിണമിച്ചിട്ടില്ലേ? ബുദ്ധിയില്ലായ്മകൊണ്ടു തന്നോടു തന്നെ നോട്ടം പോരാതായിട്ടും, ദയയില്ലായ്മകൊണ്ട് തന്റെതന്നെ നോട്ടം ഏറിപ്പോയിട്ടുംകൂടി മനുഷ്യസമുദായത്തിനു തദംഗങ്ങളെ വെറുതെ ഇട്ടു ദുഃഖിപ്പിക്കുവാൻ–ഒന്നുവേണ്ടിടത്തോളം ഇല്ലാത്തതു കൊണ്ടും ഒന്നു വേണ്ടതിലധികമായതുകൊണ്ടും, പ്രവൃത്തി കൊടുക്കാതിരുന്നും ശിക്ഷ അധികം കൊടുത്തും, ഒരു സാധുമനുഷ്യനെ ഇട്ടുപ്രദവിക്കുവാൻ–എന്തധികാരമാണുള്ളതെന്ന് അയാൾ തന്നോടുതന്നെ ചോദിച്ചു.

ദൈവഗത്യാ വന്നുകൂടുന്ന സമ്പത്ത് വളരെ കുറഞ്ഞിട്ടുള്ളവരും, തന്മൂലം സനിഷ്കർഷമായി രക്ഷിക്കപ്പെടുവാൻ അർഹരുമായ അംഗങ്ങളോടു സമുദായം ഈ വിധം പെരുമാറുന്നത് അതിക്രമമല്ലേ എന്നയാൾ ചോദിച്ചു.

ഈ ചോദ്യങ്ങൾ ചോദിച്ചു സ്വയം ഉത്തരമുണ്ടാക്കിയതോടുകൂടി, അയാൾ സമുദായത്തെ വിചാരണചെയ്തു കുറ്റപ്പെടുത്തി.

തനിക്ക് ഇത്രയും വെറുപ്പു തോന്നുമാറ് അയാൾ അതിനെ കുറ്റപ്പെടുത്തി.

താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കെല്ലാം അയാൾ അതിനെ ഉത്തരവാദപ്പെടുത്തി; അന്നുതന്നെയായാലും വേണ്ടില്ല, അതിനോടു പകരം ചോദിപ്പാൻ താൻ തയ്യാറാണെന്ന് അയാൾ തന്നത്താൻ പറഞ്ഞു. താൻ സമുദായത്തിന് ഉണ്ടാക്കിത്തീർത്ത ഉപദ്രവവും, അത് തനിക്ക് ഇങ്ങോട്ടു ചെയ്ത ഉപദ്രവവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് അയാൾ വാദിച്ചു; താൻ അനുഭവിച്ച ശിക്ഷ വാസ്തവത്തിൽ അന്യായമല്ലെങ്കിലും, നിശ്ചയമായും പരമദുഷ്ടമാണെന്ന് അയാൾ ഒടുവിൽ തീർച്ചപ്പെടുത്തി.

ദേഷ്യം വിഡ്ഡിത്തമായും കഥയില്ലായ്മയായും വരാം; തെറ്റായിട്ടും ഒരാൾക്കു ശുണ്ഠി വന്നുപോയേയ്ക്കാം; അടിയിലെങ്ങാനും തന്റെ ഭാഗത്ത് ഒരധികാരമുണ്ടെന്നു കണ്ടാലല്ലാതെ ആർക്കും കഠിനമായ ക്രോധം വരികയില്ല. ഴാങ് വാൽഴാങ്ങിനു ക്രോധം വന്നു.

അത്രമാത്രമല്ല. മനുഷ്യസമുദായം അയാളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നുംചെയ്തിട്ടില്ല; നീതിന്യായമെന്ന് അതു പേർ പറയുന്ന അതിന്റെ ആ ക്രൂരമുഖമല്ലാതെ മറ്റൊന്നും അയാൾ കണ്ടിട്ടില്ല; അങ്ങനെയൊരു മുഖത്തെ അതാരോടു കാണിക്കുന്നുവോ അവരെയെല്ലാം അതു തല്ലുകയും ചെയ്യുന്നു. അയാളെ ഞെരുക്കുന്നതിനു മാത്രമായിട്ടേ മനുഷ്യർ അയാളെ തൊടുകയുണ്ടായിട്ടുള്ളു. അവരുമായുള്ള അടുപ്പമെല്ലാം അയാൾക്ക് ഓരോ അടിയാണ്. പിഞ്ചുകുട്ടിയായിരുന്ന അന്നുമുതൽ– അമ്മയുടേയും സഹോദരിയുടേയും കാലത്തുതന്നെ–സ്നേഹപൂർവമായ ഒരു വാക്കോ വാത്സല്യത്തോടുകൂടിയ ഒരു നോട്ടമോ അയാൾ ഒരിക്കലും അനുഭവിച്ചിട്ടില്ല. കഷ്ടപ്പാടിൽനിന്നു കഷ്ടപ്പാടിലേക്കായി കാൽ വെച്ചുവെച്ച് ഒടുവിൽ ജീവിതം ഒരു യുദ്ധമാണെന്നുള്ള ദൃഢബോധത്തിലാണ് അയാൾ എത്തിച്ചേർന്നത്; എന്നല്ല, ആ യുദ്ധത്തിൽ അയാൾ പരാജിതനുമായി. ദ്വേഷമല്ലാതെ മറ്റൊരായുധവും അയാൾക്കില്ല. അതു തടവിൽവെച്ചു നല്ലവണ്ണം മൂർച്ചകൂട്ടി. അവിടം വിട്ടുപോരുമ്പോൾ കൈയിൽ വെക്കണമെന്ന് അയാൾ തീർച്ചയാക്കി.

തൂലോങ്ങിൽ ക്രിസ്തുമതസന്ന്യാസിമാരുടെ വകയായി തടവുപുള്ളികൾക്ക് ഒരു പാഠശാല നടത്തിപ്പോന്നിരുന്നു; ആ നിർഭാഗ്യരിൽ പഠിക്കാൻ മനസ്സുള്ളവർക്ക് അത്യാവശ്യവിഷയങ്ങളെല്ലാം അവിടെ പഠിപ്പിച്ചിരുന്നു. അങ്ങനെ മനസ്സുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഴാങ് വാൽഴാങ്. നാല്പതാമത്തെ വയസ്സിൽ അയാൾ പാഠശാലയിൽ ചേർന്നു; എഴുതുവാനും വായിക്കുവാനും കണക്കു കൂട്ടുവാനും പഠിച്ചു. ബുദ്ധിയെ ശക്തിവെപ്പിക്കുന്നതു തന്റെ ദ്വേഷത്തിനു ശക്തിവെപ്പിക്കുകയാണെന്ന് അയാൾക്കു തോന്നി. ചില സംഗതികളിൽ, പഠിപ്പും അറിവും ദുഷ്ടതയെ വർദ്ധിപ്പിക്കുവാൻ ഉപയോഗപ്പെടും.

ഇതു പറയുവാൻ രസമില്ലാത്ത ഒന്നാണ്; തന്റെ ദുഃഖമെല്ലാം ഉണ്ടാക്കിത്തീർത്ത സമുദായത്തെ വിചാരണ ചെയ്തു കഴിഞ്ഞശേഷം, ആ സമുദായത്തെ ഉണ്ടാക്കിത്തീർത്ത ഈശ്വരനെയും അയാൾ കൂട്ടിൽ കയറ്റി. ഈശ്വരനെയും അയാൾ കുറ്റക്കാരനായിക്കണ്ടു. ഇങ്ങനെ പത്തൊമ്പതു കൊല്ലത്തെ ദാസ്യത്തിനും ദണ്ഡനത്തിനുമിടയ്ക്ക്, ഈ മനുഷ്യാത്മാവ് പലപ്പോഴും മേല്പോട്ടു പൊന്തുകയും കീഴ്പോട്ടു വീഴുകയും ചെയ്തു. ആ ആത്മാവിന്റെ ഒരു ഭാഗത്തുടെ വെളിച്ചവും മറ്റേഭാഗത്തുടെ ഉരുട്ടും അകത്തേക്കു കടന്നു.

നമ്മൾ കണ്ടതുപോലെ ഴാങ് വാൽഴാങ് സ്വതേ ഒരു ചീത്ത സ്വഭാവക്കാരനല്ല, അയാൾ തടവിൽച്ചെന്ന സമയത്തും നല്ലവനായിരുന്നു. അവിടെവെച്ച് അയാൾ സമുദായത്തെ അധിക്ഷേപിച്ചു, താൻ ദുഷ്ടനായിപ്പോകുന്നുണ്ടെന്ന് അയാൾക്കുതോന്നി; അയാൾ ഈശ്വരനെ അധിക്ഷേപിച്ചു. താൻ ഈശ്വരവിശ്വാസമില്ലാത്തവനായിപ്പോകുന്നു എന്നയാൾക്കു ബോധം വന്നു.

ഈ സന്ദർഭത്തിൽ കുറച്ചൊന്നു മനോരാജ്യം വിചാരിക്കാതിരിപ്പാൻ പ്രയാസമാണ്.

മനുഷ്യപകൃതി ഇങ്ങനെ അടിമുതൽ മുകൾവരെ തികച്ചും മാറിപ്പോകാവുന്നതാണോ? ഈശ്വരനാൽ നല്ലവനായി സൃഷ്ടിക്കപ്പെട്ട ഒരാളെ മനുഷ്യനെക്കൊണ്ടു ദുഷ്ടനാക്കിത്തീർക്കുവാൻ സാധിക്കുമോ? ദൈവഗതിക്കു മനുഷ്യാത്മാവിനെ തികച്ചും മാറ്റിത്തീർക്കുവാൻ ശക്തിയുണ്ടോ–അതു ചീത്തയാണെങ്കിൽ ആത്മാവും ചീത്തയായിപ്പോകുമോ? നന്നേ ഉയരം കുറഞ്ഞ ഒരു തട്ടിൻചുവട്ടിൽപ്പെട്ടിട്ടു മുതുകെല്ലിനെന്നപോലെ, ഹൃദയത്തിന് അതിയായ നിർഭാഗ്യംകൊണ്ട് അപകടം പറ്റി എന്നെന്നും മാറാത്തവിധമുള്ള കേടുകളും വൈരൂപ്യങ്ങളും വന്നുപോവാമോ? ഈ ലോകത്തിൽ കിടന്നതുകൊണ്ടു കേടുവരാത്തതും, പരലോകത്തിൽ നാശരഹിതമായി നില്ക്കുന്നതും, ഗുണംകൊണ്ടു വർദ്ധിച്ചു കാളിക്കത്തിപ്പിടിച്ചു ശക്തിയിൽ പ്രകാശിക്കാൻ കഴിയുന്നതും, ദോഷംകൊണ്ട് ഒരിക്കലും നിശ്ശേഷം കെട്ടു പോകാത്തതുമായ ഒരു ദിവ്യതേജസ്സ്, ഒരാദിമതത്ത്വം, മനുഷ്യത്മാവിലില്ലേ–വിശേഷിച്ചും ഴാങ് വാൽഴാങ്ങിന്റെ ആത്മാവിൽ ഉണ്ടായിരുന്നില്ലേ?

ദുരാഗ്രഹങ്ങളും ഗൗരവങ്ങളുമായ ചോദ്യങ്ങൾ–ഒടുവിലത്തേതിന് എല്ലാ ജീവപ്രകൃതിശാസ്ത്രജ്ഞന്മാരും പക്ഷേ, ‘ഇല്ല’ എന്നു മറുപടി പറയുമായിരിക്കും; തൂലോങ്ങിൽ ഉറങ്ങാനുള്ള അവസരങ്ങളിൽ, ഴാങ് വാൽഴാങ്ങിനു മനോരാജ്യം വിചാരിക്കാനുള്ള സമയങ്ങളിൽ, തണ്ടുവലിശ്ശിക്ഷയനുഭവിക്കുന്ന ആ ദുഃഖിതനായ തടവുപുള്ളി, മനുഷ്യനെ ദേഷ്യത്തോടുകൂടി നോക്കിക്കാണുന്ന നിയമങ്ങളുടെ ദൃഷ്ടിയിൽ ഒരു ചണ്ഡാലൻ, പരിഷ്കാരത്താൽ അധിക്ഷേപിക്കപ്പെട്ടവൻ, തന്റെ ചങ്ങലയുടെ കിലുക്കം മാറ്റുവാൻ അതിന്റെ തല കുപ്പായക്കീശയിൽ താഴ്ത്തിയിട്ടു, നിശ്ചേഷ്ടനായി, ആലോചനാനിമഗ്നനായി, ഈശ്വരനെ നിഷ്ഠുരതയോടുകൂടി വിചാരണ ചെയ്തുകൊണ്ടു, മിണ്ടാതെ, വല്ല മരത്തടിയിന്മേലും കൈകെട്ടിയിരിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലോ, അവർ അതു യാതൊരു സംശയവും കുടാതെ തീർത്തുപറയും.

നിശ്ചയമായും–വാസ്തവത്തെ മറച്ചുവെക്കുവാൻ ഞങ്ങൾ ഒരു ശ്രമവും ചെയ്യുന്നില്ല–വിചാരശീലനായ ജീവപ്രകൃതിശാസ്ത്രജ്ഞൻ ഒരുകാലത്തും മാറാത്ത ദുഃഖമേ കാണൂ; നിയമത്താൽ ഉണ്ടാക്കിത്തീർക്കപ്പെട്ട ആ രോഗിയുടെ മേൽ അയാൾക്കു പക്ഷേ, ദയ തോന്നിയേക്കാം; എന്നാൽ അതിനു യാതൊരു ചികിത്സയും അയാൾക്കു പറയാനുണ്ടാകയില്ല. ആ മനുഷ്യാത്മാവിനുള്ളിൽ ഒരു നോക്കു കണ്ടെത്തുന്ന അഗാധച്ചുഴികളിൽനിന്ന് അയാളുടെ ദൃഷ്ടി പെട്ടെന്നു പിൻതിരിഞ്ഞേക്കും; നരകത്തിന്റെ പടിവാതില്ക്കലെത്തിയ ദാന്തെയെപ്പോലെ, സകല മനുഷ്യരുടേയും നെറ്റിത്തടത്തിൽ എന്തുതന്നെയായാലും, ഈശ്വരന്റെ കൈവിരലുകൾ കുറിച്ചിട്ടുള്ള വാക്കിനെ–ആശ എന്ന രണ്ടക്ഷരത്തെ–അയാൾ മാച്ചുകളയും.

ഞങ്ങൾ വിവരിച്ചുനോക്കിയ തന്റെ ആത്മാവിന്റെ സ്ഥിതി ഴാങ് വാൽഴാങ്ങിനു, വായനക്കാർക്കെന്നപോലെത്തന്നെ, അത്ര തികച്ചും വ്യക്തമായിരുന്നുവോ? തന്റെ മനോദുഃഖത്തിന്റെ ഓരോ ഭാഗവും വളർന്നുവന്നതും, അതിന്റെ സ്വരൂപം മുഴുവനും ഉണ്ടായിവന്നതും, ഴാങ് വാൽഴാങ് സ്പഷ്ടമായി കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവോ? അനവധി കൊല്ലങ്ങളോളമായി തന്റെ ആത്മാവിന്റെ അന്തർഭാഗത്തുള്ള ചക്രവാളത്തെ ഉണ്ടാക്കിത്തീർത്ത ആ പരിതാപകരമായ സ്ഥിതിയിലേക്കു ക്രമത്തിൽ കയറിയും ഇറങ്ങിയും എത്തിച്ചേർന്നത് ഏതെല്ലാം വിചാര പരമ്പരയിലൂടെയോ, അതിനെപ്പറ്റി അക്ഷരജ്ഞാനമില്ലാത്തവനും യാതൊരു മനഃപരിഷ്കാരവും വന്നിട്ടില്ലാത്തവനുമായ ആ മനുഷ്യൻ ഒരു പരിപൂർണജ്ഞാനമുണ്ടാക്കിയിരുന്നുവോ? അയാൾക്കു തന്റെ ഉള്ളിൽ എന്തെല്ലാമാണ് കഴിയുന്നതെന്നും, എന്തെല്ലാമാണ് അവിടെനിന്നു പണിയെടുക്കുന്നതെന്നും ബോധമുണ്ടായിരുന്നുവോ? ഞങ്ങൾക്ക് അതിനെപ്പറ്റി വല്ലതും പറയാൻ കഴിയുമെന്നു നാട്യമില്ല; ഞങ്ങൾ ആന്തരമായി വിശ്വസിക്കുകകൂടി ചെയുന്നില്ലാത്ത ഒന്നാണത്. ഇത്രയും കഷ്ടപ്പാടനുഭവിച്ചിട്ടും, മനസ്സിൽ അധികമായ അസ്പഷ്ടത തങ്ങിനില്ക്കുമാറ്, ഴാങ് വാൽഴാങ്ങിന് അത്രമേൽ അജ്ഞതയുണ്ടായിരുന്നു. ചില സമയത്തു, തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നുതന്നെ അയാൾക്കു നിശ്ചയമില്ലാതാവും. ഴാങ് വാൽഴാങ് ഇരുട്ടിലായിരുന്നു; അയാൾ ഇരുട്ടിൽ നിന്നുകൊണ്ടു കഷ്ടപ്പെട്ടു; ഇരുട്ടിൽവെച്ച് അയാൾ വെറുത്തു; അയാൾ തന്നത്തന്നെ കവച്ചു കടന്നു തന്നത്തന്നെ വെറുത്തു എന്നൊരാൾക്കു പറയാവുന്നതാണ്. ഒരു കുരുടന്റേയും ഒരന്ധാളിത്തക്കാരന്റേയും മട്ടിൽ അയാൾ ആ ഇരുട്ടിൽത്തന്നെ പതിവായി കഴിഞ്ഞുകൂടി. ചില സമയങ്ങളിൽമാത്രം പുറത്തുനിന്നും അകത്തുനിന്നും പെട്ടെന്ന് ഒരു ക്രോധാവേശം, ഒരു കഷ്ടപ്പാടിന്റെ തള്ളിക്കയറ്റം, തന്റെ ആത്മാവിലെങ്ങും പ്രകാശം കൊടുക്കുന്ന ക്ഷണികവും സ്വച്ചതരവുമായ ഒരു മിന്നൽവെളിച്ചം, തന്റെ ഉള്ളിൽ ഉദിച്ചുകാണും; ആ വെളിച്ചം, യാദ്യച്ഛികമായി അയാളുടെ ചുറ്റും. മുന്നിലും പിന്നിലും, ഒരു ഭയങ്കരമായ തേജോദീപ്തിക്കുള്ളിൽ, കണ്ണഞ്ചിക്കുന്ന അന്ധകാരക്കുഴികളേയും ഈശ്വരവിധിയുടെ ദുഃഖമയമായ അപകടഭാഗത്തേയും അയാൾക്കു തെളിയിച്ചുകാണിക്കും.

ആ മിന്നൽവെളിച്ചം പാഞ്ഞുപോയി; വീണ്ടും രാത്രി വന്നു മൂടി, താൻ എവിടെയാണ്? അയാൾ മറന്നു. നിർദ്ദയമായ ഭാഗം–എന്നുവെച്ചാൽ മനുഷ്യനെ മൃഗമാക്കിത്തീർക്കുന്ന ഭാഗം–പുറത്തേക്കുന്തിനില്ക്കുന്ന ഇത്തരം ദുഃഖങ്ങൾക്ക്, പതുക്കെപ്പതുക്കെയായി പ്രയോഗിക്കപ്പെടുന്നതും കേവലം കഥയില്ലാത്തതുമായ ഒരു രൂപാന്തരീകരണവിദ്യകൊണ്ടു മനുഷ്യനെ കാട്ടുമൃഗമാക്കി മാറ്റുന്ന ഒരു വൈശിഷ്ട്യമുണ്ട്; ചിലപ്പോൾ ഒരു ഭയങ്കരജന്തുവാക്കിയും തീർക്കുന്നു.

വഴിക്കുവഴിയേ വാശിപിടിച്ചുകൊണ്ടു ഴാങ് വാൽഴാണ് ഒളിച്ചുചാടാൻ ശ്രമിച്ചതിൽനിന്നു മനുഷ്യാത്മാവിന്മേൽ ഈ അത്ഭുതകരമായ പ്രകൃതിനിയമം പ്രവർത്തിക്കുന്ന സമ്പ്രദായം ധാരാളം തെളിയുന്നുണ്ട് പിന്നീടുണ്ടാകുന്ന ഫലത്തെപ്പറ്റി

ഒരു ക്ഷണനേരമെങ്കിലും ചിന്തിക്കാതേയും, താൻ അപ്പോൾത്തന്നെ അനുഭവിച്ചുകഴിഞ്ഞതിനെപ്പറ്റി കുറച്ചെങ്കിലും വിചാരിക്കാതെയും, സൗകര്യം കണ്ടെത്തുന്നതെപ്പോഴോ അപ്പോഴൊക്കെ, വെറും വഢിത്തവും കഥയില്ലായ്മയുമായ ഈഒളിച്ചുചാട്ടം അയാൾ പിന്നേയും ചെയ്തുനോക്കുമായിരുന്നു. കൂടു തുറന്നുകണ്ട ചെന്നായയെപ്പോലെ, അയാൾ അവിവേകമായി പുറത്തേക്കു ചാടി. ജന്തുധർമം അയാളോടു ‘പായുക’ എന്നു കൽപിച്ചു. എന്നാൽ വിവേകം അയാളോടു ‘നില്ക്കുക’ എന്നു പറയുമായിരുന്നു. പക്ഷേ, അത്രയും ശക്തിയുള്ള ഒരു പ്രലോഭനത്തിനു മുൻപിൽ, വിവേകം ഒട്ടും നിലക്കൊണ്ടില്ല; ജന്തുധർമമല്ലാതെ മറ്റൊന്നും അവിടെ ബാക്കിനില്ക്കാതായി. മൃഗത്വം മാത്രം പ്രവർത്തിച്ചു. വീണ്ടും പിടിക്കപ്പെടുമ്പോൾ അയാളോടു പുതുതായി പ്രവർത്തിക്കപ്പെടാറുള്ള നിഷ്ഠുരതകൾ അയാളെ കുറേക്കൂടി ദുഷ്ടനാക്കിത്തീർക്കുവാൻ മാത്രം ഉപയോഗപ്പെട്ടു.

ഇവിടെ പറയാൻ മറന്നുകൂടാത്ത ഒരു കാര്യം, ആ തടവിൽ കിടന്നിരുന്ന ഏതൊരാൾക്കും അടുക്കാൻ വയ്യാത്ത അത്രയും മഹത്തായ ശരീരബലം അയാൾക്കുണ്ടായിരുന്നു എന്നുള്ളതാണ്. എന്തു പണിയായാലും വേണ്ടില്ല, നാലാൾ ചെയ്യേണ്ടപണി ഴാങ് വാൽഴാങ് ഒരുവൻ ചെയ്യും. ചിലപ്പോൾ ഊക്കൻ കനമുള്ള സാധനങ്ങൾ അയാൾ തനിച്ചു പൊന്തിച്ചു പുറത്തേറ്റി നില്ക്കും. വലിയ ഭാരം എടുത്തുമറിക്കുവാനും മറ്റുമുള്ള യന്ത്രത്തിലെ തിരിപ്പാണി, ആവശ്യം നേരിടുന്നപക്ഷം, അയാൾ തനിച്ചു തിരിച്ചെടുക്കും. കൂട്ടുകാർ അയാൾക്കു ‘യന്ത്രത്തിരിപ്പാണി ഴാങ്’ എന്നു ശകാരപ്പേരിട്ടു. തൂലോങ്ങിലെ ടൗൺഹാളിലുള്ള ജനാലപ്പുറംതട്ടു കേടുതീർക്കുന്ന സമയത്ത്, അതിന്നുന്നുനിന്നിരുന്ന മുട്ടുകളിൽ ഒന്നു നിലതെറ്റിവീഴാൻ തുടങ്ങി. ഴാങ് വാൽഴാങ് ആ കനമുള്ള സാധനം ചുമലുകൊണ്ടു താങ്ങിനിന്നു പ്രവൃത്തിക്കാർക്ക് വരാൻ ഇടകൊടുത്തു.

അയാളുടെ ദേഹത്തിന്നുള്ള ഒതുക്കം ശക്തിയേക്കാളും അധികമായിരുന്നു. എപ്പോഴും തടവിൽനിന്ന് ഒളിച്ചുചാടുവാൻ തരംനോക്കുന്ന ചില തടവുകാർ, ശക്തികൊണ്ടും സാമർഥ്യംകൊണ്ടുമുള്ള പലേ വിദ്യകളും ഒരു ശാസ്ത്രംപോലെ പഠിച്ചു പരിഷ്കരിച്ചിട്ടുണ്ട്. മാംസപേശികളെസ്സംബന്ധിക്കുന്ന ഒരു ശാസ്ത്രമാണത്. തേനീച്ചുകളേയും പക്ഷികളേയും കണ്ട് എപ്പോഴും അസുയപ്പെട്ടുകൊണ്ടിരിക്കുന്ന തടവുപുള്ളികൾ, അത്ഭുതകരമായ ഒരു പദാർഥസ്ഥിതിശാസ്ത്രം മുഴുവനും ദിവസംപ്രതി പഠിച്ചു ശീലിക്കാറുണ്ട്. കുത്തനെയുള്ള ഒരു സ്ഥലത്തു പൊത്തിപ്പിടിച്ചു കയറുകയും യാതൊരു പൂഴിത്തരിയും പൊന്തിനില്ക്കുന്നതായി കാണാത്തേടത്തു പിടിച്ചുനില്ക്കുവാൻ വഴി കാണുകയും ഴാങ് വാൽഴാങ്ങിന്ന് ഒരു നേരംപോക്കായിരുന്നു. ഒരു വലിയ വീട്ടുചുമരിന്റെ മുല കൊടുത്താൽ, മുതുകും കാലും ചേർത്തമർത്തിപ്പിടിച്ചുകൊണ്ടു കല്ലുകളുടെ ചെറിയ നിറപ്പുകുറവിലൂടെ കാൽമുട്ടുകളും കാൽമടമ്പുകളും തിരുകിവെച്ചുംകൊണ്ട്, എന്തോ ഒരിന്ദ്രജാലത്താലെന്നപോലെ, അയാൾ ക്ഷണത്തിൽ മുന്നാംനിലയിലേക്കു പൊന്തിപ്പോകുന്നതു കാണാം. ഈ തരത്തിൽ ചിലപ്പോൾ അയാൾ ജയിലെടുപ്പിന്റെ മോന്തായത്തിലേക്കു കയറിച്ചെന്നിട്ടുണ്ട്.

അയാൾ കുറച്ചേ സംസാരിക്കു. ചിരിക്കുക ഉണ്ടായിട്ടേ ഇല്ല. ഒരു ചെകുത്താന്റെ ചിരി പ്രതിധ്വനിച്ചതുപോലെ. തടവുപുള്ളികൾക്കുള്ള ദുഃഖമയമായ സന്തോഷച്ചിരിയെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അയാളുടെ മുഖത്തൂടെ തള്ളിപ്പുറപ്പെടുവിക്കണമെങ്കിൽ, അത്രമേൽ സഹിച്ചുകുടാത്ത ഒരു വികാരാവേഗം ബാധിക്കണം. എല്ലാംകൊണ്ടും നോക്കിയാലും, ഭയങ്കരമായ ഒന്നിനെപ്പറ്റി ഇടവിടാതെ മനോരാജ്യം വിചാരിക്കുന്നതിൽ മുങ്ങിയിരിക്കുന്നതുപോലെയാണ് അയാൾ ഏതു സമയത്തും.

അയാൾ വാസ്തവത്തിൽ സ്വയമേ മുങ്ങിക്കൊണ്ടാണ്.

ഒരപൂർണമായ പ്രകൃതിയുടേയും ചതഞ്ഞു വികൃതമായ ബുദ്ധിയുടേയും അസുഖകരങ്ങളായ കാര്യഗ്രഹണങ്ങൾക്കു വിലങ്ങനെ, എന്തോ പൈശാചികമായ ഒന്നു തന്റെ മേൽ അമർന്നിരിക്കുന്നതായി അയാൾക്കു കുറേശ്ശെ ബോധംവരും. ആ ഇരുട്ടടഞ്ഞതും തെളിവു കുറഞ്ഞതും താൻ നുണുകിടക്കുന്നതുമായ നിഴലിന്നുള്ളിൽനിന്ന് ഓരോരിക്കലും തലയുയർത്തി നോട്ടത്തെ ഒന്നു പൊന്തിച്ചു വെക്കുവാൻ ശ്രമിക്കുമ്പോൾ, തന്റെ മുമ്പിൽ വന്നടിഞ്ഞുകൂടി, തന്നെക്കാളധികം വലുപ്പത്തിൽ, നിയമങ്ങൾ പക്ഷഭേദങ്ങൾ, മനുഷ്യർ, പ്രവൃത്തികൾ എന്നിങ്ങനെ തനിക്കാലോചിക്കാവുന്ന സകലത്തിനും മേലെയായിട്ടു പൊന്തിനിൽക്കുന്ന എന്തിന്റെയൊക്കയോ ഭയങ്കരമായ ഒരു സമുച്ചയത്തെ–തന്റെ ദൃഷ്ടിയെ വഞ്ചിക്കുന്ന ആകൃതിയോടും തന്നെ ഭയപ്പെടുത്തുന്ന വലുപ്പത്തോടുംകൂടിയ ചില സംഗതികളുടെ ഒരു ഘോരസംഘാതത്തെ–അതേ, നമ്മൾ പരിഷ്കാരം എന്നു പറയുന്ന ആ പർവതംപോലെ വലുതായ ചതുരസ്തംഭത്തെ–അയാൾ ദേഷ്യത്തോടു ചേർന്ന ഒരു നടുങ്ങലോടുകൂടി കണ്ടെത്താറുണ്ട്. കൂടിച്ചേർന്നതും ആ കൃതിവ്യക്തിയില്ലാത്തതുമായ ആ സാധനത്തിനുള്ളിൽ, അങ്ങുമിങ്ങുമായി. ചിലപ്പോൾ തനിക്കു നന്നേ അടുത്തായും, ചിലപ്പോൾ നന്നേ ദൂരത്തു കയറിച്ചെല്ലാൻ വയ്യാത്തവിധം അത്രയും ഉയർന്ന മുകൾപ്പരപ്പുകളിലായും, ചില സവിശേഷ വർഗത്തെ, ചില സവിശേഷഭാഗത്തെ, അയാൾ തെളിഞ്ഞുകാണും; ഇവിടെ തടവു മേലധികാരിയും അയാളുടെ പൊന്തൻവടിയും; അവിടെ പാറാവുകാരനും അയാളുടെ വാളും; മറ്റൊരിടത്ത് ആധ്യക്ഷ്യ കിരീടമണിഞ്ഞ പ്രധാനമ്മരെതാൻ അങ്ങു മുകളിലായി, സൂര്യനെപ്പോലെ, കിരീടധാരിയായി അമ്പരപ്പിക്കുന്ന വിധത്തിലുള്ള ആഡംബരങ്ങളോടുകുടിയ ച്ര്രവർത്തി-ദൂരത്തു കാണപ്പെടുന്ന ഈ തേജഃപുഞ്ജങ്ങൾ, അയാളുടെ ചുറ്റുമുള്ള അന്ധകാരമയമായ രാത്രിയെ പ്രകാശിപിക്കുന്നതിനു പകരം, അതിനെ കുറേക്കൂടി ശ്മശാനസദൃശവും കുറേക്കൂടി കറുത്തിരുണ്ടതുമാക്കിത്തീർക്കുന്നതുപോലെ തോന്നി. ഇവയെല്ലാം–നിയമങ്ങൾ, പക്ഷഭേദങ്ങൾ, പ്രവൃത്തികൾ, മനുഷ്യർ, സംഗതികൾ എന്നിവ മുഴുവനും– അയാളുടെ തലയ്ക്കുമുകളിലൂടെ, ഈശ്വരൻ പരിഷ്കാരത്തിനുണ്ടാക്കിത്തീരക്കുന്ന സമ്മിശ്രവും അത്ഭുതകരവുമായ ഗതിവിശേഷമനുസരിച്ച്– അതിന്റെ ക്രൂരതയിൽ എത്രമാത്രം അസംഭ്രാന്തമായും അതിന്റെ ദാസീന്യത്തിൽ എത്രമാത്രം കർക്കശമായുമാണെന്ന് എനിക്കറിഞ്ഞുകൂടാ–അയാളുടെ മീതേ ചവിട്ടുകൊണ്ടും സ്വശക്തികൊണ്ട് അയാളെ ഇട്ടു ചതച്ചുകൊണ്ടും അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരുകയും ചെയ്തിരുന്നു. എല്ലാ വിധമുള്ള നിർഭാഗ്യത്തിലും മുഴുകിക്കിടക്കുന്ന ജീവാത്മാക്കൾ, ഒരുത്തനും കണ്ണുവെക്കാത്തവയും ആഴത്തിൽ അങ്ങേ അറ്റത്തുള്ളവയുമായ നരകക്കുഴികളിൽ വീണു മറഞ്ഞുകിടക്കുന്ന ഭാഗ്യഹീനന്മാർ, നിയമത്താൽ അധിക്ഷേപിക്കപ്പെട്ടവർ, പുറമേ നില്ക്കുന്നവർക്ക് അത്ര ഭയങ്കരവും താഴേപ്പെട്ടവർക്ക് അത്ര അസഹനീയവുമായി തോന്നിച്ചുകൊണ്ട് തങ്ങളുടെ തലയിൽ അമർന്നിരിക്കുന്ന ഈ മനുഷ്യസമുദായഭാരത്തെ മുഴുവൻ ചുമന്നറിയുന്നു.

ഈ നിലയിൽ ഴാങ് വാൽഴാങ് മനോരാജ്യം വിചാരിച്ചു. അയാളുടെ മനോരാജ്യത്തിന്റെ സ്വഭാവം എന്തായിരിക്കാം?

തിരിക്കല്ലിനുള്ളിൽപ്പെട്ട തിനമണിക്കു വിചാരിക്കാൻ ശക്തിയുള്ളപക്ഷം, നിശ്ചയമായും അതിന്റെ വിചാരവും ഴാങ് വാൽഴാങ്ങിന്റെ വിചാരവും ഒന്നായിരിക്കും.

ഈ സംഗതികൾ, ചെകുത്താൻകാഴ്ചകളാൽ നിറയപ്പെട്ട ഈ സത്യാവസ്ഥകൾ, സത്യാവസ്ഥകളാൽ നിറയപ്പെട്ട ഈ മായാരൂപങ്ങൾ, അനിർവചനീയമായ ഒരു ദശാവിശേഷത്തെ ഒടുവിൽ അയാളുടെ അന്തഃുകരണത്തിന് ഉണ്ടാക്കിത്തീർത്തു.

ചിലപ്പോൾ, തടവുപുള്ളികൾക്കുള്ള പ്രവൃത്തികൾക്കിടയിൽ, അയാൾ അനങ്ങാതെ നില്ക്കും. അയാൾ മനോരാജ്യം വിചാരിക്കാൻ തുടങ്ങും. അതേവരെയുള്ളതിലധികം പാകം വന്നതും, അതോടൊപ്പംതന്നെ അത്യന്തം ക്ഷോഭിച്ചതുമായ അയാളുടെ വിവേകം ശണ്ഠയ്ക്കു നില്ക്കും. താൻ അനുഭവിച്ചിട്ടുള്ളതെല്ലാം കഥയില്ലായ്മയായി അയാൾക്കു തോന്നും; അയാളുടെ ചുറ്റുമുള്ളതെല്ലാം അസംഭാവ്യമായി അയാൾക്കു തോന്നും. അയാൾ തന്നത്താൻ പറയും: ‘ഇതെല്ലാം സ്വപ്നമാണ്.’ തന്നിൽനിന്നു കുറച്ചു ദുരെയായി നില്ക്കുന്ന തടവുമേലധികാരിയെ അയാൾ സൂക്ഷിച്ചുനോക്കും; ആ ഉദ്യോഗസ്ഥൻ ഒരു മായാരുപമാണെന്ന് അയാൾക്കു തോന്നും. ഉത്തരക്ഷണത്തിൽത്തന്നെ ആ മായാരുപം അതിന്റെ പൊന്തൻവടികൊണ്ട് അയാളുടെ തലയ്ക്ക് ഒന്നു കൊടുക്കും.

ഈ ദൃശ്യ്രകൃതി അയാളെസ്സംബന്ധിച്ചേടത്തോളം ഉണ്ടായിരുന്നില്ല. ഴാങ് വാൽഴാങ്ങിനെസ്സംബന്ധിച്ചേടത്തോളം സൂര്യനാവട്ടേ, ചന്തമുള്ള ശരത്ക്കാലമാവട്ടേ, തെളിവുകൂടിയ ആകാശമാവട്ടേ, കാതുകകരമായ വസന്തത്തിലെ പ്രഭാതമാവട്ടേ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ ഏതാണ്ട് വാസ്തവമായിരിക്കും. പകൽസമയം ഏതൊരു ദ്വാരത്തിലൂടെയാണ് അയാളുടെ ആത്മാവിൽ പ്രകാശിച്ചിരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.

ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ചവയിൽനിന്നു കൂട്ടിച്ചേർത്തു ഫലരുപേണ തർജജമചെയ്തു കാണിക്കാവുന്നതായി എന്തുണ്ടോ, അതിനെ ഒടുവിൽ എടുത്തുകാണിച്ച് ഉപസംഹരിക്കുവാൻവേണ്ടി ഞങ്ങൾ ഇത്രമാത്രം പറഞ്ഞു തൃപ്തിപ്പെടട്ടെ—പത്തൊമ്പതു കൊല്ലക്കാലംകൊണ്ട് ഴാങ് വാൽഴാങ്, ഫെവറോളയിലെ സൗമ്യശീലനായ ഒരു മരംവെട്ടുകാരൻ, തുലോങ്ങിലെ ഭയങ്കരനായ തടവുപുള്ളി, രണ്ടുതരം ദുഷ്പ്രവൃത്തികൾക്കു ശക്തനായിത്തീർന്നു— തണ്ടുവലിശ്ലീക്ഷ അയാളുടെ ആത്മാവിനെക്കൊണ്ടുണ്ടാക്കിത്തീർത്ത പണിത്തരത്തിനു നന്ദി പറയുക: ഒന്നാമത് താൻ അനുഭവിച്ച ദുരിതത്തെപ്പറ്റിയുള്ള പ്രതികാരബുദ്ധികൊണ്ട് വേഗത്തിലും, മുന്നാലോചന കൂടാതെയും, സാഹസമായും, ചുണയോടുകൂടിയും, തികച്ചും മൃഗസ്വഭാവത്തിന്നൊത്തും ചെയ്യപ്പെടുന്ന ഒരുതരം ദുഷ്പ്രവൃത്തി; പിന്നെ അങ്ങനെയുള്ള ദുഃഖാനുഭവത്തിൽനിന്നുണ്ടായിട്ടുള്ള ദുർബോധം മൂലം ജനിക്കുന്ന സഗൗരവവും, ശക്തിമത്തും, ബുദ്ധിപൂർവമായി മുൻകൂട്ടിത്തന്നെ തിരിച്ചും മറിച്ചും പിടിച്ചു കേടു നോക്കി ശരിയാക്കിയതുമായ മറ്റൊരുതരവും. അയാളുടെ ബുദ്ധിപൂർവങ്ങളായ പ്രവ്യത്തികൾ, ഒരു സവിശേഷ സ്വഭാവക്കാരെക്കൊണ്ടു മാത്രം ചെയ്വാൻ സാധിക്കുന്നവിധം, വഴിക്കുവഴിയേ മുന്നു ഘട്ടങ്ങളെ ചവിട്ടിക്കടന്നവയായിരിക്കും—അവയെന്തെന്നാൽ, ഗൂഢാലോചന, വിചാരസ്ഥര്യം, സ്ഥിരോത്സാഹം. മനസ്സിനെ പ്രേരിപ്പിക്കുന്നതായി അയാൾക്കുള്ളത് അടങ്ങാത്ത ക്രോധമാണ്-സർവത്തോടുമുള്ള നീരസം, താൻ മറ്റുള്ളവരിൽനിന്നനുഭവിച്ചിട്ടുള്ള അവമാനങ്ങളെപ്പറ്റി ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ഒരു ബോധം, ഗുണവാന്മാരോടും നിർദ്ദോഷരോടും ന്യായസ്ഥരോടും—അങ്ങനെ ചിലരുണ്ടെങ്കിൽ അവരോടും—കൂടി തിരിഞ്ഞുചെല്ലുന്ന ഒരു ദ്രോഹബുദ്ധി, അയാളുടെ എല്ലാ വിചാരങ്ങൾക്കും ചെന്നുകൂടുവാനുള്ള സ്ഥാനംപോലെ വിട്ടുപോരുവാനുള്ള സ്ഥാനവും മനുഷ്യനിയമത്തോടുള്ള ദ്വേഷമാണ; അതേ, ക്രമോത്ഭൂതമായ വളർച്ചയിൽ, അതിനെ ദൈവഗത യാവന്നുകൂടുന്ന വല്ല സവിശേഷസംഗതിയും കടന്നു തടഞ്ഞിട്ടില്ലെങ്കിൽ, ഒരു നിശ്ചിതസമയംകൊണ്ടു ജനസമുദായത്തോടു മുഴുവനുമുള്ള ദ്വേഷമായും, പിന്നെ മനുഷ്യസമുദായത്തോടൊട്ടുക്കുള്ള ദ്വേഷമായും, അതും കഴിഞ്ഞാൽ ഈശ്വരസൃഷ്ടികളോടെല്ലാംകൂടിയുള്ള ദ്വേഷമായും പരിണമിക്കാനുള്ളതും, ആരെയായാലും ശരി, ഏതെങ്കിലും ഒരു ജീവജന്തുവെ, ഒന്നുപദ്രവിച്ചുവിടുവാൻ അവ്യക്തവും അപ്രതിഹതവും പൈശാചികവുമായ ഒരാഗ്രഹത്തിന്റെ രൂപത്തിൽ പ്രകാശിക്കുന്നതുമായ ആ ഒരു ദ്വേഷവിശേഷം. ഴാങ് വാൽഴാങ്ങിന്റെ യാത്രാനുവാദപ്രതത്തിൽ വളരെ സുക്ഷമിക്കേണ്ട ഒരുവൻ എന്നെടുത്തു പറഞ്ഞിരുന്നത് ഒരിക്കലും വെറുതെയല്ല.

ഇങ്ങനെ കൊല്ലം കൊല്ലം കൊണ്ട് ആ മനുഷ്യാത്മാവ് പതുക്കെപ്പതുക്കെ, എന്നാൽ യാതൊരു കുറവോ വ്യത്യാസമോ കൂടാതെ, കുറുകിക്കുറുകിവന്നു. ഹൃദയം വറ്റിവരണ്ടുകഴിഞ്ഞതിനാൽ കണ്ണും വറ്റിവരണ്ടു. തണ്ടുവലിശ്ശിക്ഷയനുഭവിച്ചുകൊണ്ട് കിടന്നിരുന്ന തടവുപുരയിൽനിന്നു പുറത്തുകടന്നപ്പോൾ, അന്നേക്ക് ഒരു തുള്ളി കണ്ണുനീർ അയാളിൽനിന്ന് പുറപ്പെട്ടിട്ടു കൊല്ലം പത്തൊമ്പതായിരിക്കുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.