images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.8
അലകളും നിഴലുകളും

ഒരു മനുഷ്യൻ കപ്പലിനു പുറത്ത്!

അതുകൊണ്ടെന്തുള്ളു? കപ്പൽ നില്ക്കുന്നില്ല. കാറ്റടിക്കുന്നു. ആ അപകടം പിടിച്ച കപ്പലിന് ഒരു വഴിയുണ്ട്— അതിന് അതിലൂടെ പോവാതെ കഴിയില്ല. അത് അതിലേ പോകുന്നു.

പുറത്തു വീണുപോയ മനുഷ്യനെ കാണാതെയാകുന്നു; വീണ്ടും പൊന്തിവരുന്നു; അയാൾ മുങ്ങിപ്പോകുന്നു, പിന്നെയും മുകളിലേക്കു വരുന്നു. അയാൾ നിലവിളി കൂട്ടുന്നു; കിട്ടിയതിനെ പിടിക്കാൻ കൈ നീട്ടിക്കാട്ടുന്നു; അയാളുടെ നിലവിളി ആരും കേൾക്കുന്നില്ല. കൊടുങ്കാറ്റിനുള്ളിൽപ്പെട്ടു തുള്ളിമറിയുന്ന കപ്പലിന്നു സ്വന്തം പണികളോരോന്നുള്ളതിൽ മാത്രമേ ശ്രദ്ധയുള്ളു. കപ്പൽയാത്രക്കാരും കപ്പൽപ്പണിക്കാരും ആ മുങ്ങിച്ചാവാൻ പോകുന്ന മനുഷ്യനെ കാണുകയേ ചെയ്യുന്നില്ല; അപാരമായിക്കിടക്കുന്ന തരംഗപരമ്പരയുടെ ഇടയിൽ അയാളുടെ ഭാഗ്യംകെട്ട തല ഒരു പുള്ളിക്കുത്തു മാത്രം. കടലിന്നടിയിൽനിന്ന് നിരാശയോടുകൂടി അയാൾ ഉറക്കെ നിലവിളികുട്ടുന്നു. തിരിഞ്ഞുനോക്കാതെ പോകുന്ന ആ കപ്പൽ എന്തൊരു പൈശാചികസ്വരൂപമാണ്! അയാൾ പിന്നെയും പിന്നെയും അതിനുനേരെ പിടഞ്ഞു കൈകാലിട്ടടിച്ചുകൊണ്ട് നോക്കുന്നു. അത് നേരെ പോകയാണ്; അത് പിന്നെപ്പിന്നെ കാണാതാവുന്നു; അതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞുവരുന്നു. കുറച്ചുമുൻപെ അയാളും ആ കപ്പലിൽപ്പെട്ട ഒരാളായിരുന്നു; ആ കപ്പലിലെ ആളുകളിൽ അയാളും ഒരംഗമായിരുന്നു; മറ്റുള്ളവരെപ്പോലെ അയാളും അതിന്റെ മേൽത്തട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നു; അവിടെയുള്ള ശുദ്ധവായു ശ്വസിക്കുന്നതിനും സൂര്യരശ്മിയേൽക്കുന്നതിനും അയാൾക്കും അവകാശമുണ്ടായിരുന്നു; അയാളും ഒരു ജീവനുള്ള മനുഷ്യനായിരുന്നു. ഇപ്പോൾ, എന്തുപിണഞ്ഞു? അയാളുടെ കാൽ വഴുതിപ്പോയി; അയാൾ താഴെ വീണു; അതോടുകൂടി എല്ലാം അവസാനിച്ചു.

അയാൾ ഭയങ്കര സമുദ്രത്തിലായി. അയാളുടെ കാലടിക്കീഴിൽ ക്ഷണത്തിൽ പാഞ്ഞുപോകുന്നവയും പൊളിഞ്ഞുതകരുന്നവയുമല്ലാതെ മറ്റൊന്നുമില്ല. കാറ്റിന്റെ ഊക്കുകൊണ്ട് ഉരുട്ടിമറിക്കപ്പെടുന്നവയും അടിച്ചുചിതറപ്പെടുന്നവയുമായ അലകൾ പേടിയാവുന്നവിധം അയാളെ നാലുപുറത്തും തടയുന്നു; ആഴമേറിയ അടിത്തട്ടിൽനിന്നുള്ള ഓരോ അകംവലിവ് അയാളെ തട്ടിക്കൊണ്ടുപോകുന്നു; വെള്ളത്തിന്റെ എല്ലാ നാക്കുകളും അയാൾക്കുമീതെ കിടന്നുഴയ്ക്കുന്നു; ഒരുകൂട്ടം തിരകൾ അയാളുടെ മേലെല്ലാം തുപ്പിനിറയ്ക്കുന്നു; പെട്ടെന്നുണ്ടാകുന്ന ചിലവല്ലാത്ത വായ്പിളർത്തലുകൾ അയാളെ പകുതി വിഴുങ്ങുന്നു; ഓരോരിക്കലും മുങ്ങിപ്പോകുമ്പോൾ രാത്രികാലത്താൽ നിറയപ്പെട്ട അന്ധകാരകുണ്ഡങ്ങൾ അയാൾക്ക് ഓരോ നോക്കു കാണാകുന്നുണ്ട്; അജ്ഞാതങ്ങളും ഭയങ്കരങ്ങളുമായ എന്തോ ചില സ്ഥാവരസ്വരൂപങ്ങൾ അയാളെ കടന്നു പിടികൂടുന്നു—അവ കാലടിക്കീഴിൽ എന്തെന്നില്ലാതെ കെട്ടുപിണയുന്നു–അവ അയാളെ പിടിച്ചുവലിച്ച് തങ്ങളോടടുപ്പിക്കുന്നു; താനും അവിടെയുള്ള അഗാധഗുഹയുടെ ഒരു ഭാഗമാകാൻ പോകുന്നു എന്ന്, അടിഞ്ഞു കുന്നുകൂടുന്ന പതക്കൂട്ടത്തിൽ താനും ഒരംഗമായിത്തീരുന്നു എന്ന്, അയാൾക്കു ബോധം വരുന്നു; തിരകൾ അയാളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നു; അയാൾ അസുഖത്തെ കുടിച്ചിറക്കുന്നു; ആ പേടിത്തൊണ്ടനായ കടൽ അയാളെ പിടിച്ചുമുക്കുവാനായി എന്തെന്നില്ലാതെ ആക്രമിക്കുന്നു. ആ അപാരത അയാളുടെ മരണവേദനയെക്കൊണ്ടു കളിയാടുന്നു. അക്കണ്ട വെള്ളം മുഴുവനും ദ്വേഷമാണെന്നപോലെ തോന്നപ്പെട്ടു.

എന്തായിട്ടും, അയാൾ കിടന്ന് പിടഞ്ഞുനോക്കുന്നുണ്ട്.

അയാൾ രക്ഷപ്പെടുവാൻ യത്നിക്കുന്നു; എങ്ങനെയെങ്കിലും ഒരു നില പിടിച്ചു നില്ക്കുവാൻ അയാൾ ശ്രമിക്കുന്നു; അയാൾ ഊക്കിട്ടു കിണഞ്ഞു നോക്കുന്നു; അയാൾ കിടന്ന് നീന്തുന്നു. അയാൾ ക്ഷണത്തിൽ തന്റെ സ്വല്പശക്തി മുഴുവനും ക്ഷയിച്ച് ആ നാശരഹിത വസ്തുവോടു യുദ്ധം വെട്ടുന്നു.

അപ്പോൾ ആ കപ്പലെവിടെ? അതാ, ചക്രവാളത്തിന്റെ മങ്ങിയ നിഴലിന്നുള്ളിൽ അത് കാണാനില്ല, കാണാനുണ്ട്.

കോളിളക്കിക്കൊണ്ടു ശക്തിയിൽ കാറ്റടിക്കുന്നു; അടിഞ്ഞുകൂടിയ പത മുഴുവനും അയാളെ മൂടിമുക്കുന്നു. അയാൾ മേല്പോട്ടു നോക്കുന്നു—മേഘങ്ങളുടെ കരുവാളിപ്പു മാത്രമേ ആ ഭാഗത്തു കാണുന്നുള്ളൂ. തന്റെ ഒടുവിലത്തെ ഊർദ്ധ്വൻ വലികൾക്കിടയിൽ അനവസാനമായ കടലിന്റെ ഭ്രാന്തുപിടിച്ച കിടപ്പ് അയാൾക്കു കാണാറാവുന്നു. ആ എന്തെന്നില്ലാത്ത ഭ്രാന്ത് അയാളെക്കൊണ്ട് മരണവേദന അനുഭവിപ്പിക്കുന്നു; മനുഷ്യന്നു കേട്ടുപരിചയമില്ലാത്ത ശബ്ദങ്ങൾ അയാൾ കേൾക്കുന്നു; ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തുനിന്നാണ്—അപ്പുറത്ത് ഇന്ന ഭയങ്കരസ്ഥലമെന്ന് ആർക്കും അറിഞ്ഞുകൂടാത്ത ഒരിടത്തുനിന്നാണ്—അവ പുറപ്പെടുന്നതെന്ന് തോന്നിപ്പോകുന്നു.

മനുഷ്യരുടെ കഷ്ടപ്പാടുകൾക്കു മുകളിലായി ദേവന്മാരുള്ളതുപോലെ ആകാശത്തു പക്ഷികളുണ്ട്; അവയെക്കൊണ്ട്, പക്ഷേ, അയാൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും? അവ പാടുകയും പറക്കുകയും പാറിക്കളിക്കുകയും ചെയ്യുന്നു; ആ മനുഷ്യനോ, അയാൾ മരണവേദനകൊണ്ട് കിടന്നു ഞരങ്ങുന്നു. ആ രണ്ട് അപാരതകൾക്കിടയിൽ, സമുദ്രത്തിനും ആകാശത്തിനും നടുക്ക്, അയാൾ കുഴിച്ചുമുടപ്പെട്ടതുപോലെ തോന്നി; ഒന്ന് ഒരു ശവക്കുഴി; മറ്റത് ഒരു ശവമൂടുതുണി.

രാത്രി അടുത്തടുത്തു വരുന്നു; അയാൾ അനവധി മണിക്കൂറുകളായി കിടന്നു നീന്തുന്നു; അയാളുടെ ശക്തി ക്ഷയിച്ചു; ആ കപ്പൽ, മനുഷ്യരുണ്ടായിരുന്നതായ ആ ദൂരപ്പെട്ട വസ്തു, തീരെ മറഞ്ഞു; ആ ഭയങ്കരമായ ഇരുൾക്കുഴിക്കുള്ളിൽ അയാൾ ഒരുവൻ മാത്രം; അയാൾ മുങ്ങുന്നു, അയാൾ തന്നെത്തന്നെ വെറുങ്ങലിപ്പിക്കുന്നു. അയാൾ തന്നെത്തന്നെ ചുളുക്കിച്ചുരുട്ടുന്നു; ലോകാന്തരത്തിൽനിന്നുള്ള ആ പൈശാചികങ്ങളായ അലയടികൾ അയാളുടെ കാലിന്നടിയിൽ വന്നു മുട്ടുന്നതുപോലെ തോന്നി; അയാൾ ഉറക്കെ നിലവിളിച്ചു.

മനുഷ്യരാരും അവിടെയില്ല. ഈശ്വരൻ എവിടെപ്പോയി?

അയാൾ ഉറക്കെ നിലവിളിക്കുന്നുണ്ട്. രക്ഷിക്കണേ! രക്ഷിക്കണേ! പിന്നെയും അയാൾ നിലവിളിച്ചുകൊണ്ടേ നിൽക്കുന്നു. ചക്രവാളത്തിൽ യാതൊന്നുമില്ല; അകാശത്തിലും യാതൊന്നുമില്ല.

അയാൾ സമുദ്രത്തോടപേക്ഷിച്ചു; തിരകളോടപേക്ഷിച്ചു; കടൽച്ചെടിയോടപേക്ഷിച്ചു; കടൽപ്പാറയോടപേക്ഷിച്ചു–അവയൊന്നും കേൾക്കുന്നതേ ഇല്ല. അയാൾ കൊടുങ്കാറ്റിനോടു കെഞ്ചി യാചിച്ചു; കൂസലില്ലാത്ത കൊടുങ്കാറ്റ് അപാരതയുടെ ശാസനയ്ക്കു മാത്രമേ കീഴടങ്ങുകയുള്ളൂ.

അയാളുടെ നാലുവശത്തും ഇരുട്ട്, മൂടൽ, നിശ്ശബ്ദത, ഇളകിമറിഞ്ഞതും ബോധരഹിതവുമായ ലഹള, ആ വല്ലാത്ത കടൽപ്പരപ്പിന്റെ അനിർവാച്യങ്ങളായ വികൃതഗതികൾ. അയാളിലോ, ഭയപ്പാടും ക്ഷീണവും. അയാളുടെ ചുവട്ടിൽ അഗാധസ്ഥിതി. പിടിച്ചുനില്ക്കുവാൻ യാതൊന്നുമില്ല. അനന്തമായ ലോകാന്തരത്തിലെ ഇരുൾപ്പരപ്പിൽ കഷ്ടപ്പെടുന്ന മൃതശരീരത്തിന്റെ ദുർഘടസ്ഥിതിയെപ്പറ്റി അയാൾ ആലോചിക്കുന്നു. ആഴമറിയാതുള്ള കടുംതണുപ്പ് അയാളെ മരവിപ്പിക്കുന്നു. അയാളുടെ കൈകൾ പിടച്ചലോടുകുടി തമ്മിൽ കൂട്ടിമുട്ടുന്നു; അവ മാറോടു ചേർത്തുമുറുകെ കെട്ടിപ്പോകുന്നു—പക്ഷേ, ആ പിടുത്തത്തിനുള്ളിൽ വെറും ശൂന്യതയേ പെടുന്നുള്ളു. കാറ്റുകൾ, മേഘങ്ങൾ, ചുഴലികൾ, കോളിളക്കങ്ങൾ, നിഷ്പ്രയോജനങ്ങളായ നക്ഷത്രങ്ങൾ; എന്താണ് ചെയ്യേണ്ടത്? ആ നിരാശതയിൽപ്പെട്ട മനുഷ്യൻ തന്നത്താൻ കൈവെടിയുന്നു; അയാൾക്കു ലേശമെങ്കിലും വയ്യാ; മരിച്ചാൽമതി എന്നയാൾ തീർച്ചപ്പെടുത്തുന്നു; അയാൾ അനങ്ങാതെ കിടപ്പായി; വരുന്നതുവരട്ടെ എന്ന്, അയാൾ വെറുതെ ഒലിച്ചുപോവുകയായി; അയാൾ തന്നത്താൻ പിടുത്തംവിട്ടു; എന്നിട്ടും ദുഃഖമയങ്ങളും ഭയങ്കരങ്ങളുമായ ആ ‘എന്തും വിഴുങ്ങി’യുടെ ആഴങ്ങളിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും പൂർവാധികം ആടിമറിയുന്നു.

അഹോ, എന്തായാലും ഒരു ശാന്തതയില്ലാത്ത മനുഷ്യസമുദായങ്ങളുടെ ദൃഡഗതി! അഹോ, ആ പോക്കിനിടയിൽ മനുഷ്യർക്കും മനുഷ്യാത്മാക്കൾക്കും പറ്റിപ്പോകുന്ന നാശങ്ങൾ! നിയമത്താൽ വഴുതിവീഴിക്കപ്പെടുന്ന സകലവും ചെന്നടിയുന്ന സമുദ്രം! യാതൊരു രക്ഷയുമില്ലാതെ കണ്ടുള്ള ആ അപകടസ്ഥിതി! അഹോ മാനസികമായ മരണം!

ശിക്ഷാനിയമങ്ങൾ തങ്ങളാൽ ശപിക്കപ്പെട്ട പുള്ളികളെ വലിച്ചെറിയുന്ന നിർദ്ദയമായ ഇരുൾപ്പരപ്പാണ് സമുദ്രം. കഷ്ടപ്പാടുകളാകുന്ന അപാരതയാണ് സമുദ്രം.

ഈ അഗാധക്കുഴിയിൽ ഒഴുകിയിറങ്ങിപ്പോകുന്ന മനുഷ്യാത്മാവ് ഒരു മൃതശരീരമായേക്കാം. അതിന് ആരു ജീവനുണ്ടാക്കും?

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.