images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.2
മദലിയെൻ

അയാൾ ഏകദേശം അമ്പതു വയസ്സു പ്രായമുള്ള ഒരാളാണ്; ആകപ്പാടെ ആളുകൾക്ക് ഇഷ്ടം തോന്നിക്കുന്ന ഒരു മട്ടുണ്ട്; നല്ലവനുമാണ്. ഇത്രമാത്രമേ അയാളെപറ്റി പറയാൻ സാധിക്കൂ.

അയാൾ അത്രയും അഭിനന്ദനീയമായവിധം പുഃനസ്ഥാപനം ചെയ്ത ആ കൈത്തൊഴിലിനു കാണെക്കാണെയുണ്ടായ അഭിവൃദ്ധിക്കു നാം നന്ദിപറയുക—എം. എന്ന പട്ടണം പ്രാധാന്യമേറിയ ഒരു കച്ചവടസ്ഥലമായിത്തീർന്നു. എത്രയോ അധികം കറുത്ത അമ്പർ ചെലവാക്കുന്ന രാജ്യമായ സ്പെയിൻ കൊല്ലന്തോറും അവിടെനിന്നു വലിയ സംഖ്യയ്ക്കുള്ള ചരക്കു വാങ്ങിയിരുന്നു. ഈ ഒരു കച്ചവടത്തിൽ എം. പട്ടണം ലണ്ടനേയും ബെർലിനേയും കവച്ചുവെച്ചു. ഫാദർ മദലിയെന്റെ സമ്പാദ്യം അത്ര അധികമുണ്ടായിരുന്നു; അയാൾ രണ്ടാമത്തെ കൊല്ലം അവസാനിക്കുന്നതോടുകൂടി, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വലുതായ പണിപ്പുരകളുള്ള ഒരു കൂറ്റൻ വ്യവസായശാല നിർമിച്ചു. വിശപ്പുള്ള ആർക്കും അവിടെച്ചെന്നു മുഖം കാണിക്കാം; ഉദ്യോഗവും ഭക്ഷണവും സംശയം കൂടാതെ കിട്ടും. ഫാദർ മദലിയെൻ പുരുഷന്മാരോട് ഋജുബുദ്ധിയും സ്ത്രീകളോടു പരിശുദ്ധമായ സദാചാരനിഷ്ഠയും രണ്ടു കൂട്ടരോടും നിഷ്കപടതയും വേണമെന്നാവശ്യപ്പെട്ടു. സ്ത്രീപുരുഷന്മാരെ വേർതിരിക്കാൻവേണ്ടി അയാൾ പണിപ്പുരകള്‍ രണ്ടാക്കി; അതിനാൽ സ്ത്രീകൾക്കും പെൺകിടാങ്ങൾക്കും വകതിരിവോടുകൂടി കഴിഞ്ഞുകുടാം. ഈ ഒരു കാര്യത്തിൽ അയാൾക്കു ബഹുശാഠ്യമുണ്ടായിരുന്നു. ഇങ്ങനെ ഒന്നിൽമാത്രമേ അയാളെക്കൊണ്ടു പൊറുതികേടുള്ളു. എം. ഒരു പട്ടാളത്താവളമായതുകൊണ്ടു, ദുഷ്പ്രവൃത്തികൾക്കുള്ള സകര്യം അവിടെ അധികമായിരുന്ന സ്ഥിതിക്കു വിശേഷിച്ചും, ഈ കാര്യത്തിൽ അയാൾ കുറേക്കൂടി നിഷ്കർഷിച്ചു. ഏതായാലും അയാളുടെ വരവ് ഒരുപകാരമായി; അയാളുടെ സാന്നിധ്യം ഒരീശ്വരാനുഗ്രഹമായി. ഫാദർ മദലിയെൻ ചെല്ലുന്നതിനു മുമ്പ്, ആ രാജ്യത്തിലുള്ള സകലവും ക്ഷയിച്ചു കിടന്നിരുന്നു. ഇപ്പോഴാകട്ടേ, അധ്വാനശീലത്തിന്റെ ഉന്മേഷത്തോടും ആരോഗ്യത്തോടുംകൂടി സകലവും ഉയിർക്കൊണ്ടു. ശക്തിയുള്ള ഒരാരോഗ്യപ്രസരം സർവത്തേയും ഉശിരുപിടിപ്പിക്കുകയും സകലത്തിലും കടന്നുപ്രവർത്തിക്കുകയും ചെയ്തു. ഇല്ലായ്മയുടെ കാലങ്ങളും അരിഷ്ടും തീരെ പോയ്ക്കഴിഞ്ഞു. കുറച്ചെങ്കിലും കാശു കിടയ്ക്കാത്ത അത്രയും മോശമായ ഒരു കുപ്പായക്കീശയില്ല; എന്തെങ്കിലും ഒരു സന്തോഷം കുടിയേറിപ്പാർക്കാത്ത അത്രയും ദാരിദ്ര്യം പിടിച്ച ഒരു പാർപ്പിടമില്ല.

ഫാദർ മദലിയെൻ എല്ലാവർക്കും കൊടുത്തു ഉദ്യോഗം. ഒന്നുമാത്രം, അയാൾ അവരോടു നിർബന്ധിച്ചു; സത്യമുള്ളവനായിരിക്കുക; സത്യമുള്ളവളായിരിക്കുക.

ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, താൻ കാരണവും ആണിയുമായ ഈ മഹോദ്യമത്തിന്നിടയിൽ, ഫാദർ മദലിയെൻ വളരെ പണം സമ്പാദിച്ചു; എന്നാൽ ഒരു വ്യവസായശീലനിൽ സാധാരണമായി കാണുന്നതല്ലാത്ത ഒരു സംഗതി—തന്റെ പ്രധാന ശ്രമം അതാണെന്ന് ഒരിക്കലും അയാളെ സംബന്ധിച്ചേടത്തോളം തോന്നിയിരുന്നില്ല. അയാൾ എപ്പോഴും മറ്റുള്ളവരെപ്പറ്റി വിചാരിക്കുന്നതുപോലെ കാണപ്പെട്ടു—തന്നെപ്പറ്റിയില്ല. 1820-ൽ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് അയാളുടെ പേരിൽ ബാങ്കിൽ കിടപ്പുണ്ടായിരുന്നു എന്നാണ് അറിവ്; എന്നാൽ ഈ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് സൂക്ഷിച്ചുവെക്കുന്നതിനിടയിൽ, കുറഞ്ഞാൽ ഒരു പത്തുലക്ഷത്തിലധികം അയാൾ നഗരവാസികൾക്കും സാധുക്കൾ ക്കുമായി ചെലവഴിച്ചിട്ടുണ്ട്.

ആസ്പത്രിയിൽ സാമാനങ്ങൾ വളരെ കുറവായിരുന്നു. അയാൾ അതിൽ ആറു കട്ടിലുകൾ പുതുതായി ചേർത്തു. എം. പട്ടണം മേലേതും താഴേതുമായി രണ്ടു ഖണ്ഡമാണ്. അയാൾ താമസിച്ചിരുന്ന താഴേ ഖണ്ഡത്തിൽ ഒരു വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളൂ—ഒരു ദാരിദ്ര്യം പിടിച്ച ചെറ്റപ്പുര; അതുതന്നെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു; ഒന്ന് ആൺകുട്ടികൾക്കും മറ്റൊന്നു പെൺകുട്ടികൾക്കുമായി അയാൾ അവിടെ രണ്ടെണ്ണം പണിചെയ്യിച്ചു. രണ്ടുപാധ്യായന്മാർക്കും അയാൾ സ്വതവേ സര്‍ക്കാരിൽ നിന്നുള്ള ചുരുങ്ങിയ ശമ്പളത്തിന്റെ ഒരിരട്ടി സ്വന്തം കൈയിൽ നിന്നു കൊടുത്തുവന്നു; അതിനെപ്പറ്റി അത്ഭുതപ്പെട്ട ഏതോ ഒരാളോട് അയാൾ ഒരുദിവസം പുഞ്ചിരിക്കൊണ്ടു പറഞ്ഞു, ‘രാജ്യത്തേക്കുള്ള രണ്ടു പ്രധാനോദ്യോഗം, ഒന്ന് ആയയുടേതും മറ്റേത് ഉപാധ്യായന്റേതുമാണ്.’ പിഞ്ചുകുട്ടികൾക്കായി അയാൾ തന്റെ കൈയിൽനിന്നു ചെലവിട്ട ഒരു വിദ്യാലയം ഏർപ്പെടുത്തി—ഈ വ്യവസ്ഥാപനം അന്നു ഫ്രാൻസിൽ ആരും കേൾക്കാത്ത ഒന്നാണെന്നു പറയണം; വൃദ്ധന്മാരും പ്രവൃത്തിയെടുപ്പാൻ വയ്യാത്തവരുമായ സാധുക്കളെ സഹായിപ്പാൻ അയാൾ ഒരു മൂലധനം ശേഖരിച്ചു. അയാളുടെ വ്യവസായശാല ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രസ്ഥാനമായതുകൊണ്ട് അസംഖ്യം സാധുകുടുംബങ്ങളോടുകൂടിയ ഒരു പുതിയ നഗരഭാഗം അതിന്നു ചുറ്റുമായി ക്ഷണത്തിൽ പ്രത്യക്ഷീഭവിച്ചു; അയാൾ അവിടെ ഒരു ധർമ്മാസ്പത്രി സ്ഥാപിച്ചു.

ആദ്യമായി അയാളുടെ ശ്രമങ്ങൾ സുക്ഷിച്ചുനോക്കിയിരുന്ന ചില പുണ്യാത്മാക്കൾ പറഞ്ഞു, പണമുണ്ടാക്കാൻ നോക്കുന്ന ഒരു വിരുതൻ.’ തന്നെ ധനവാനാക്കുന്നതിനുമുമ്പ് അയാൾ രാജ്യത്തെ ധനസമൃദ്ധമാക്കുന്നതായി കണ്ടപ്പോൾ ആ പുണ്യാത്മാക്കൾ പറഞ്ഞു: ‘പ്രമാണിയാവാനുള്ള ഒരു ദുരക്കാരൻ.’ മതവിഷയത്തിൽ അയാൾക്കു ശ്രദ്ധയുണ്ടെന്നുകൂടി അറിഞ്ഞപ്പോൾ, അതൊന്നുകൂടി ശരിപ്പെട്ടു, അയാൾക്കു കുറെ മതനിഷ്ഠതന്നെ ഉണ്ടായിരുന്നു —ആ കാലത്ത് ഇങ്ങനെയുള്ള സ്വഭാവം ജനങ്ങൾക്ക് ഇഷ്ടം തോന്നിക്കുന്ന ഒന്നാണ്. എല്ലാ ഞായറാഴ്ചയും ശരിക്കു നിത്യ ‘കുർബാന’യ്ക്ക് അയാൾ പള്ളിയിൽ പോവും. എവിടേയും, എല്ലാവിധം ശണ്ഠയ്ക്കുള്ള കാരണങ്ങളും, മണത്തറിയുന്ന ഒരാളായ അവിടത്തെ പ്രജാസഭാംഗത്തിന് ഇങ്ങനെയുള്ള മതനിഷ്ഠ കണ്ടു ക്ഷണത്തിൽ കണ്ണുകടി തുടങ്ങി. ഈ പ്രജാസഭാംഗം ഫ്രഞ്ചുസാമ്രാജ്യത്തിലെ നിയമനിർമാണ സഭയിൽപ്പെട്ട ഒരാളായിരുന്നു; ഫൂഷ് എന്ന പേരിൽ അറിയപ്പെടുന്ന ദ്യുക് ദോത്രാന്തിനുള്ള മതവിഷയജ്ഞാനങ്ങളിലാണ് അയാൾ പങ്കുകൊണ്ടിരുന്നത്; അയാൾ അദ്ദേഹത്തിന്റെ ഒരാളും ചങ്ങാതിയുമാണ്. ആ വിദ്വാൻ വാതിലടച്ചിരുന്ന് ഈശ്വരനെ പതുക്കെ കളിയാക്കുക പതിവുണ്ട്. പക്ഷേ, പണക്കാരനായ മദലിയെൻ ഏഴുമണിസമയത്തു നിത്യ’കുർബാന’യ്ക്കു പോകുന്നതു കണ്ടപ്പോൾ, പിന്നത്തെ തിരഞ്ഞെടുപ്പിൽ ആ വ്യവസായശാലാപ്രവർത്തകൻ ജനപ്രതിനിധിയായിത്തീർന്നേക്കാൻ എളുപ്പമുണ്ടെന്ന് അയാൾ കണ്ടു; അതു കൂടാതെ കഴിക്കണമെന്ന് നിശ്ചയിച്ചു; ഒരു സന്ന്യാസിയുടെ ശിഷ്യത്വം കൈയിലാക്കി, പാട്ടു ‘കുർബാന’യ്ക്കും സന്ധ്യാരാധനകൾക്കും അയാൾ ഹാജർ കൊടുപ്പാൻ തുടങ്ങി. ആ കാലത്തു പ്രമാണിത്തതിനുള്ള ആഗ്രഹം എന്തിനേയും തട്ടിക്കടന്നുകൊണ്ടുള്ള ഒരു മരണപ്പാച്ചിലായിരുന്നു. മറ്റൊരാൾ മുമ്പിൽ കടന്നെങ്കിലോ എന്നുള്ള ഭയംകാരണം നല്ലവനായ ഈശ്വരനെന്നപോലെ പാവങ്ങൾക്കും ഗുണം കിട്ടി; ബഹുമാനപ്പെട്ട നമ്മുടെ പ്രജാസഭാംഗത്തിന്റെ വകയായും ആസ്പത്രിയിൽ രണ്ടു കട്ടിൽകൂടി—ആകെ പന്ത്രണ്ടായി.

എന്തായിട്ടും 1819-ൽ ഒരു ദിവസം രാവിലെ, പൊല്ലീസ്സ് മേലുദ്യോഗസ്ഥന്റെ അഭിപ്രായങ്ങളനുസരിച്ചും രാജ്യത്തിനുണ്ടായിട്ടുള്ള നന്മകളെപ്പറ്റി ആലോചിച്ചും. മഹാരാജാവു ഫാദർ മദലിയെനെ എം. പട്ടണത്തിലെ ‘മെയറാക്കി നിശ്ചയിക്കാൻ പോകുന്നു എന്നുള്ള ഒരു സംസാരം നാടെങ്ങും പരന്നു. പുതുതായി വന്ന ഈ മനുഷ്യൻ ‘പ്രമാണിത്തത്തിനു വലിയ ആഗ്രഹി’യാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടിട്ടുള്ളവർ, ‘അതാ! ഞങ്ങൾ പറഞ്ഞതെങ്ങനെ?’ എന്നുച്ചത്തിൽ പറയാൻ സർവരും ഇഷ്ടപ്പെടുന്ന ഈ തഞ്ചത്തെ സന്തോഷപൂർവം പിടികൂടി. പട്ടണം മുഴുവനും ഒന്നിളകിത്തീർന്നു. ആ കേട്ട ജനസംസാരം നല്ല അടിയുറപ്പുള്ളതായിരുന്നു. കുറെ ദിവസം കഴിഞ്ഞപ്പോൾ മാണിത്ത്യുർ പത്രത്തിൽ ഉദ്യോഗനിശ്ചയം പ്രതൃക്ഷീഭവിച്ചു. പിറ്റേദിവസം രാവിലെ ഫാദർ മദലിയെൻ അതിനെ ഉപേക്ഷിച്ചു.

ഈ കൊല്ലത്തിൽത്തന്നെ, 1819-ൽ, മദലിയെൻ കണ്ടുപിടിച്ച പുതു വ്യവസായത്തിന്റെ മാതൃകകൾ പ്രദർശനത്തിന്നു ചെന്നിരുന്നു; പരിശോധകസംഘത്തിന്റെ(ഫന്‍തീന്‍ പേജ്) നഗരത്തിൽ പിന്നേയും ഒരിളക്കം. ശരി, അപ്പോൾ കുരിശുമുദ്രയാണ് അയാൾക്കു വേണ്ടത്! ഫാദർ മദലിയെൻ കുരിശുമുദ്രയെ ഉപേക്ഷിച്ചു.

നിശ്ചയമായും, ഈ മനുഷ്യൻ ആളുകളെ അമ്പരപ്പിക്കുന്നു. പുണ്യാത്മാക്കൾ, ഇങ്ങനെ പറഞ്ഞുകൊണ്ടു തങ്ങൾക്ക് ഒരു നിൽക്കക്കള്ളിയുണ്ടാക്കി, എന്തായാലും, അയാൾ ആരാണെന്ന് ആർക്കറിയാം!’

ആ രാജ്യം അയാൾക്ക് അത്രയും കടപ്പെട്ടിട്ടുണ്ടെന്നു നാം കണ്ടു; സാധുക്കളുടെ സർവസ്വവും അയാൾതന്നെ; അയാൾ അത്രയും ഉപകാരിയും സൌമ്യശീലനുമായിരുന്നതുകൊണ്ടു, ജനങ്ങൾക്ക് അയാളെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യാതിരിപ്പാൻ വയ്യെന്നായി. വിശേഷിച്ചും അയാളുടെ കീഴ്ജീവനക്കാർ അയാളെ മനസ്സുകൊണ്ടു പൂജിച്ചു; അയാളാകട്ടെ, അവരുടെ പൂജയെ കുണ്ഠിതപൂർവമായ ഗൌരവത്തോടുകൂടി സഹിച്ചു. പണക്കാരനായി എന്നറിയപ്പെട്ടപ്പോൾ, പദവി വലുപ്പമുള്ളവർ അയാളുടെ മുമ്പിൽ തല കുനിച്ചു തുടങ്ങി; പട്ടണത്തിൽ നിന്നുള്ള ക്ഷണങ്ങൾ ചെല്ലുകയായി; പട്ടണത്തിൽ അയാൾ മൊസ്സ്യു മദലിയെൻ എന്നു വിളിക്കപ്പെട്ടു; അയാളുടെ കൂലിവേലക്കാരും നാട്ടിലുള്ള കുട്ടികളുമാകട്ടെ, പിന്നേയും അയാളെ ‘ഫാദർ മദലിയെൻ’ എന്നുതന്നെ വിളിച്ചുവന്നു—അയാളെക്കൊണ്ടു പുഞ്ചിരിക്കൊള്ളിക്കുവാൻ അതായിരുന്നു പറ്റിയ സംബോധനം. ഉയർന്നുയർന്നുവന്നതോടുകൂടി, അയാളുടെ സർവ്വതോമുഖമായ അഭിവൃദ്ധിയനുസരിച്ചു ക്ഷണങ്ങളും മീതെയ്ക്കുമീതെ അയാളിൽവന്നു വീണുതുടങ്ങി. ‘സമുദായം’ അയാളെ തന്റെ സ്വന്തമായി സ്വീകരിച്ചു. ആദ്യത്തിൽ കൈവേലക്കാരന്ന് ഒരിക്കലും തുറന്നുകൊടുക്കില്ലെന്ന് അടഞ്ഞുകിടന്നിരുന്ന എം. പട്ടണത്തിലെ മോടികൂടിയ ഇരിപ്പുമുറി വാതിലുകളെല്ലാം, കോടീശ്വരനെ സ്വീകരിക്കുവാനായി തങ്ങളുടെ ഈ രണ്ടു പൊളികളും മലർക്കെ തുറന്നിട്ടനിലയായി. അവ ഒരായിരം തവണ അയാളെ അങ്ങോട്ടു ക്ഷണിച്ചു: അയാൾ ഉപേക്ഷിച്ചു.

ഇക്കുറി ആളുകൾക്ക് ഓരോന്നു പറയാൻ നല്ല വഴി കിട്ടി. അയാൾ അക്ഷരജ്ഞാനമില്ലാത്തവനാണ്; ഒന്നും പഠിച്ചിട്ടില്ല. എവിടെനിന്നാണ് അയാൾ വന്നിട്ടുള്ളതെന്ന് ആർക്കും അറിഞ്ഞുകൂടാ. നാലുപേരുടെ ഇടയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആ മനുഷ്യന്നു നിശ്ചയമില്ല. വായിക്കാനറിയാമെന്നുതന്നെ വേണ്ടപോലെ തെളിഞ്ഞിട്ടില്ല.’

അയാൾ പണമുണ്ടാക്കുന്നതു കണ്ടുപ്പോൾ, ആളുകൾ പറഞ്ഞു; ‘പണത്തിനു വേണ്ടി ജീവിക്കുന്ന ഒരാൾ.’ അയാൾ പണം നാലുപുറവും വാരിവിതയ്ക്കുന്നതു കണ്ടപ്പോൾ, അവർ പറഞ്ഞു; ‘പ്രമാണിത്തം കൈയിലാക്കാനുള്ള ഒരു ദുരാഗ്രഹി.’

ബഹുമതികളെ അയാൾ നിരസിക്കുന്നതു കണ്ടപ്പോൾ, ഇങ്ങനെയായി വാക്ക്: ‘എവിടെനിന്നോ വന്ന ഒരുത്തൻ,’ സമുദായത്തെ അയാൾ പുല്ലുപോലെ ഉപേക്ഷിക്കുന്നതു് കണ്ടപ്പോഴാകട്ടേ, അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: ‘അയാൾ ഒരു ജന്തു.’

അയാൾ എം. പട്ടണത്തിൽ എത്തി അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴെയ്ക്കു്, അയാളിൽനിന്നു് ആ രാജ്യത്തിനു മുഴുവൻ ഉണ്ടായിവന്ന ഗുണങ്ങൾ അത്രയും അപരിമിതങ്ങളായി, നാട്ടുകാരുടെ മുഴുവനും നല്ല അഭിപ്രായം അത്രമേൽ ഏകകണ്ഠമായി; രാജാവു് അയാളെ പിന്നെയും എം. പണത്തിലെ ‘മെയർ’ പദത്തിൽ നിയമിച്ചു.പിന്നെയും അയാൾ അതിനെ നിരസിച്ചു. പക്ഷേ, പൊല്ലീസ്സുമേലുദ്യോഗസ്ഥൻ ശാഠ്യം പിടിച്ചു; അവിടത്തെ പ്രമാണികളെല്ലാം അയാളോട് അങ്ങോട്ടു ചെന്നപേക്ഷിച്ചു; തെരുവിലുള്ള പൊതുജനങ്ങൾ അയാളോടു യാചിച്ചു; ആളുകളുടെ സ്നേഹപൂർവ്വമായ നിർബന്ധം അത്രയും ശക്തിമത്തായിത്തീർന്നു. ഒടുവിൽ അയാൾക്ക് ആ ഉദ്യോഗം സ്വീകരിക്കേണ്ടിവന്നു. ഈവിധം സ്വീകരിക്കുവാൻ അയാളെ മുഖ്യമായി പ്രേരിപ്പിച്ചത് പൊതുജനങ്ങളുടെ ഇടയിൽ ഒരു വൃദ്ധ ഏതാണ്ടു ശുണ്ഠിയെടുത്തു പറഞ്ഞതുകൊണ്ടാണെന്നറിയുന്നു—ആ കിഴവി തന്റെ വീട്ടിനു മുകളിൽ നിന്നുകൊണ്ട് അയാളോട് ഇങ്ങനെ രസമില്ലാത്തവിധം വിളിച്ചു പറഞ്ഞു: നല്ലവനായ ഒരു മെയർ ആവശ്യമുള്ളൊന്നാണ്. തനിക്കു ചെയ്വാൻ കഴിയുന്ന നന്മകള്‍ക്കുമുമ്പിൽ, അദ്ദേഹം പിന്നെയും പിൻവാങ്ങുകയാണോ?

അയാളുടെ കയറ്റത്തിൽ ഇതു മൂന്നാമത്തെ പടിയാണ്. ഫാദർ മദലിയെൻ മൊസ്സ്യു മദലിയെനായി. മൊസ്സ്യു മദലിയെൻ പോയി. മൊസ്സ്യു മെയറായിത്തീർന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.