images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.5
വിഘ്നങ്ങൾ

ചക്രവർത്തിഭരണകാലത്ത് ആറായിൽനിന്ന് എം. പട്ടണത്തിലെക്കുള്ള തപ്പാലേർപ്പാടുകൾ ചെറിയ വണ്ടികളെക്കൊണ്ടാണ് നിർവഹിച്ചുപോന്നിരുന്നത്. ഈ തപ്പാൽവണ്ടികൾ അകത്തു പിംഗലവർണത്തിലുള്ള തോൽകൊണ്ട് അലംകൃതങ്ങളും, വില്ലുവെച്ചവയും, വണ്ടിക്കാരന്ന് ഒന്നും വഴിയാത്രക്കാരന്നു വേറെയൊന്നുമായി രണ്ടിരിപ്പിടം മാത്രമുള്ളവയുമായ രണ്ടുരുൾക്കുതിരവണ്ടികളാണ്. മറ്റു വണ്ടികളെ ദൂരത്തു നീക്കിനിർത്തുവാൻവേണ്ടി നീണ്ട് അപകടംപിടിച്ചവയായ അച്ചുതണ്ടുകളാൽ ചക്രങ്ങൾ ആയുധധാരികളായിരിക്കും; ഇപ്പോഴും ഇത്തരം വണ്ടിച്ചക്രങ്ങളെ ജർമനിയിൽ കാണാം. ദീർഘചതുരമായ ആ വമ്പിച്ച കത്തുപെട്ടി വണ്ടിയുടെ പിൻഭാഗത്താണ്; അതു വണ്ടിയോടു ചേർത്തു ഘടിപ്പിച്ചിരിക്കും. ഈ പെട്ടി കറുപ്പുചായമിട്ടതും, വണ്ടി മഞ്ഞച്ചായമിട്ടതുമാണ്.

സ്വന്തം ഛായയിൽ മറ്റൊന്നും ഇപ്പോൾ ഇല്ലാതായിട്ടുള്ള ഇത്തരം വണ്ടികൾക്കു കാഴ്ചയിൽ വിരൂപതയും ഒരു കൂനുള്ള മട്ടും തോന്നിക്കുന്ന എന്തോ ഉണ്ട്; അതുകൾ ദൂരത്തു ചക്രവാളത്തിലേക്കു കയറിപ്പോകുന്ന ഒരു നിരത്തിലൂടെ പായുന്നതു കണ്ട ആർക്കും, ചെറിയ ഒരു കവചം മാത്രമേ മേലുള്ളുവെങ്കിലും ഒരു വലിയ ഭാരവണ്ടി മുഴുവനും പിന്നിൽ വലിച്ചുകൊണ്ടുപോകുന്ന അത്തരം ചെറുപ്രാണികളുടെ—ചിതലുകൾ എന്നാണ് ഇവയ്ക്കു പേരെന്നു ഞാൻ വിചാരിക്കുന്നു—ഒരു ഛായ തോന്നാതിരിക്കില്ല. പക്ഷേ, ഇതുകൾ വളരെ വേഗത്തിൽ പോവും. ആറായിൽനിന്നു രാത്രി ഒരു മണിക്കു, പാരിസ്സിലേക്കുള്ള തപ്പാൽ പോയതിനുശേഷം, പുറപ്പെടുന്ന തപ്പാൽവണ്ടി രാവിലെ അഞ്ചുമണിയാവുന്നതിനു കുറച്ചുമുൻപ് എം. പട്ടണത്തിലെത്തും.

അന്നു രാത്രി ഹെസ്ദാങ് നിരത്തിലൂടെ എം. പട്ടണത്തിലേക്കിറങ്ങുന്ന തപ്പാൽവണ്ടി, പട്ടണത്തിൽക്കടന്ന ഉടനെ ഒരു തെരുവിന്റെ മൂലയ്ക്കു വെച്ച്, എതിർഭാഗത്തേക്കു പോയിരുന്നതും ഒരു വലിയ മേലുടുപ്പിൽ ദേഹം മുഴുവനും മറച്ച ഒരാൾ മാത്രമുള്ളതുമായി, ഒരു വെള്ളക്കുതിരയെ പൂട്ടിയ ഒരു കൂടില്ലാത്ത രണ്ടുരുൾക്കുതിരവണ്ടിമേൽച്ചെന്നു മുട്ടി. ആ രണ്ടുരുൾവണ്ടിയുടെ ചക്രത്തിനു കലശലായ ഒരു മുട്ടു പറ്റി. തപ്പാൽവണ്ടിക്കാരൻ അതിലിരിക്കുന്നാളോടു വണ്ടി നിർത്താൻ കൂക്കിവിളിച്ചു; പക്ഷേ, ആ വഴിയാത്രക്കാരൻ അതു കേൾക്കുകയേ ചെയ്യാതെ, കുതിരയെ ശക്തിയിൽ വിട്ടു.

”ആ മനുഷുന്ന് എന്തു ഗ്രഹപ്പിഴപിടിച്ച ബദ്ധപ്പാടാണ്!” തപ്പാൽവണ്ടിക്കാരൻ പറഞ്ഞു.

ആ ബദ്ധപ്പെട്ടു പറയുന്ന മനുഷ്യൻ, നിശ്ചയമായും ആർക്കും അനുകമ്പ തോന്നേണ്ടവിധം, മനസ്സിന്റെ അപസ്മാരവികൃതികളിൽ ഇപ്പോൾത്തന്നെ കിടന്നു പിടഞ്ഞിരുന്നതായിക്കണ്ട അതേ ആളാണ്.

അയാൾ എവിടേക്കു പോകുന്നു? അയാളെക്കൊണ്ടു പറയാൻ സാധിക്കില്ല. എന്തിനാണ് ഇത്ര ബദ്ധപ്പെടുന്നത്? അയാൾക്കറിഞ്ഞുകൂടാ. അയാൾ മൂക്കിനു നേരെ കുതിരയെ അടിച്ചുപായിക്കുകയാണ്. എവിടെയ്ക്ക്? ആറായിലേക്ക്, സംശയമില്ല; പക്ഷേ, അതേവിധം മറ്റെവിടെയെങ്കിലുമായി എന്നും വരാം. ചിലപ്പോൾ അതയാൾക്ക് ഓർമവരും; അയാൾ നടുങ്ങും. അന്ധകാരകുണ്ഡത്തിലെക്കെന്നപോലെ, അയാൾ രാത്രിയുടെ ഉള്ളിലേക്കു പാഞ്ഞു, എന്തോ ഒന്ന് അയാളെ പിന്നിൽനിന്നു പ്രേരിപ്പിച്ചിരുന്നു; എന്തോ ഒന്ന് അയാളെ മുമ്പോട്ടു വലിച്ചു. അയാളുടെ ഉള്ളിൽ കഴിഞ്ഞിരുന്നതെന്താണെന്ന് ആരെക്കൊണ്ടും പറയാൻ സാധിക്കില്ല; ആർക്കും അതു മനസ്സിലാവും. ജീവകാലത്തിനിടയിൽ ഒരിക്കലെങ്കിലും അജ്ഞാതത്വത്തിന്റെ ആ നിഗൂഡഗുഹയിലേക്കു പ്രവേശിച്ചിട്ടില്ലാത്ത മനുഷ്യൻ എവിടെയുണ്ട്?

ഏതായാലും, അയാൾ യാതൊന്നും തീർച്ചപ്പെടുത്തിയിട്ടില്ല, ഒന്നും ഉറച്ചിട്ടില്ല, ഒരു വഴിയും ആലോചിച്ചിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. അയാളുടെ അന്തഃകരണത്തിന്റെ ഒരു പ്രവൃത്തിക്കും സ്ഥിരതയായിട്ടില്ല. മറ്റെപ്പോഴത്തേതിലുമധികം അപ്പോഴാണ്, അയാൾ പുറപ്പെട്ടേടത്തുതന്നെ ആയിട്ടുള്ളത്.

അയാൾ ആറായിലെക്ക് എന്തിനു പോകുന്നു?

സ്കോഫ്ളേറുടെ ചെറുവണ്ടി കൂലിക്കേൽപിച്ചപ്പോൾ സ്വയം ചോദിച്ചിട്ടുള്ളതെല്ലാം അയാൾ ആവർത്തിച്ചു; വന്നുകൂടുന്നത് എന്തായാലും, താൻ പോയി കാണാതിരിക്കുന്നതിനും, കാര്യങ്ങൾ താൻതന്നെ ആലോചിച്ചു തീർച്ചപ്പെടുത്താതിരിക്കുന്നതിനും ന്യായമില്ല; ഇതാണ് കുറെക്കൂടി ബുദ്ധിപൂർവമായ പ്രവൃത്തി; എന്തുണ്ടായിയെന്ന് അയാൾക്കറിയണം; കണ്ടു സൂക്ഷ്മപരീക്ഷണം ചെയ്തതിനു ശേഷമല്ലാതെ ഒന്നും തീർച്ചപ്പെടുത്തിക്കൂടാ; അകലെനിന്നു നോക്കുമ്പോൾ എന്തിനെക്കൊണ്ടും ആളുകൾ മലയുണ്ടാക്കും; എങ്ങനെയായാലും ആ ഷാങ്മാത്തിയോ ഏതോ ഒരു നികൃഷ്ടനാണെന്ന് കണ്ടുകഴിഞ്ഞാൽ, ആ മനുഷ്യനെ തനിക്കുപകരം തണ്ടുവലിശിക്ഷയ്ക്കയയ്ക്കുന്നതിൽ അയാളുടെ മനസ്സാക്ഷിക്കു സമാധാനം തോന്നും; ഴാവേർ നിശ്ചയമായും അവിടെ ഉണ്ടാവും; അയാളെ മുൻപറിയുന്ന ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നീ പഴയ തടവുപുള്ളികളും; പക്ഷേ, അവർ അയാളെ തീരേ കണ്ടറിയില്ല; ഹാ! എന്തൊരു യുക്തി! ഴാവേർ വാസ്തവത്തിൽനിന്ന് ഒരു നൂറു കാതം വഴി ദൂരെയാണ്; എല്ലാ ഊഹങ്ങളും എല്ലാ സംശയങ്ങളും ഷാങ്മാത്തിയോവിലാണ് ചെന്നു പതിഞ്ഞിരിക്കുന്നത്; എന്നല്ല, ഊഹങ്ങളും സംശയങ്ങളുംപോലെ അത്ര താന്തോന്നികളായി മറ്റൊന്നില്ല; അതുകൊണ്ട്, ആകപ്പാടെ യാതൊരപകടവുമില്ല.

നിശ്ചയമായും അതൊരു നന്നല്ലാത്ത ഘട്ടമാണ്; എങ്കിലും അതിൽനിന്ന് താൻ പുറത്തുപോരണം; എത്ര ചീത്തയായാലും തന്റെ തലയിലെഴുത്തു തന്റെ കൈയിൽത്തന്നെയുണ്ട്; അത് തന്റെ കീഴിലാണ്. ഈ വിചാരത്തോട് അയാൾ പറ്റിപ്പിടിച്ചു.

അടിയിൽ നോക്കിയാൽ, വാസ്തവം പറയുന്നപക്ഷം, ആറായിലെക്കു പോവാതിരിക്കയാണ് അയാൾക്കിഷ്ടം.

എന്തായാലും അയാൾ അങ്ങോട്ടു പോകുന്നു.

ആലോചിക്കുന്നതിനിടയ്ക്ക് അയാൾ കുതിരയെ ഒരടിയടിച്ചു; ഒരു മണിക്കുറിൽ രണ്ടരക്കാതം വഴി പിന്നിടുന്ന ആ രസമുള്ളതും, ഒരേ നിലയ്ക്കുള്ളതും, പതറിച്ചയില്ലാത്തതുമായ നടയിലായിരുന്നു അതിന്റെ പോക്ക്.

വണ്ടി മുൻപോട്ടു പോകുന്നതനുസരിച്ചു മനസ്സിൽ എന്തോ ഒന്നു പിന്നോട്ടു വാങ്ങുന്നതുപോലെ അയാൾക്കു തോന്നി.

നേരം പുലർന്നതോടുകുടി; അയാൾ നാട്ടുപുറത്തെത്തി; എം. പട്ടണം അയാൾക്ക് എത്രയോ പിന്നിലായി. ചക്രവാളാന്തം വെളുത്തുവരുന്നത് അയാൾ സൂക്ഷിച്ചു. കണ്ണിൻമുൻപിലൂടെ പാഞ്ഞുപോകുന്നതിനിടയ്ക്ക് ഒരു മഴക്കാലത്തെ പുലർ വേളയിൽ കാണപ്പെടുന്ന എല്ലാ തണുത്തുകോച്ചിയ സ്വരൂപങ്ങളുടേയും മേലേക്ക്, അവയെ ലേശമെങ്കിലും കാണാതേകണ്ട്, അയാൾ തുറിച്ചുനോക്കി. വൈകുന്നേരത്തിനുള്ളപോലെത്തന്നെ പുലർനേരത്തിനും സ്വന്തം വകയായ ചെകുത്താൻ കാഴ്ചകളുണ്ട്. അയാൾ അവ കണ്ടില്ല; എന്നാൽ അയാളറിയാതെ തന്നെ, മരങ്ങളുടേയും കുന്നുകളുടേയും ഈ നിഴൽപാടുകൾ സ്വതവേ ഉണ്ടാകുന്ന തങ്ങളുടെ ഒരുതരം അന്തഃപ്രവേശശക്തികൊണ്ട്, അയാളുടെ ആത്മാവിനുള്ള ക്ഷുഭിതാവസ്ഥയ്ക്കു കുറേക്കൂടി മങ്ങലും കുറേക്കൂടി വല്ലായ്മയുമുണ്ടാക്കി.

ചിലപ്പോൾ പാതവക്കത്തു കാണപ്പെടാറുള്ള അത്തരം ഏകാന്തഭവനങ്ങൾ ഓരോന്നും പിന്നിടുമ്പോൾ അയാൾ തന്നോടായി പറയും: ”അപ്പോൾ ഇതിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ട്!”

കുതിരയുടെ കുളമ്പടി, വണ്ടിക്കോപ്പുകളിലെ കുടമണികൾ, വഴിയിൽത്തട്ടുന്ന വണ്ടിച്ചക്രങ്ങൾ ഇവ മന്ദമായി ഏകരീതിയിൽ ഒരൊച്ച പുറപ്പെടുവിക്കുന്നുണ്ട്. സന്തോഷമുള്ളപ്പോൾ ഇവ രസകരങ്ങളാണ്. സന്താപമുള്ളപ്പോൾ ഇവ നീരസകരങ്ങളുമാണ്.

അയാൾ ഹെസ്ദാങ്ങിലെത്തിയപ്പോൾ നേരം നല്ലവണ്ണം പുലർന്നു. കുതിരയ്ക്ക് ഒന്നു ശ്വാസം കഴിക്കാനുള്ള ഇടയുണ്ടാക്കുവാനും അതിനു കുറച്ചു മുതിരകൊടുക്കുവാനുംവേണ്ടി അയാൾ ഒരു ഹോട്ടലിന്റെ മുൻപിൽ വണ്ടി നിറുത്തി.

ധാരാളം തലയും, ധാരാളം വയറും, കുറച്ചുമാത്രം കഴുത്തും ചുമലും എന്നാൽ ഒരു പരന്ന നെഞ്ഞും, ഒരു വലിയ പിന്നും, മെലിഞ്ഞു ചന്തമുള്ള കാലുകളും. ഉറപ്പുള്ള കുളമ്പുകളുമുള്ള അത്തരം ചെറുകുതിരകളുടെ കൂട്ടത്തിൽപ്പെട്ടതു തന്നെയായിരുന്നു സ്കോഫ്ളേർ പറഞ്ഞതുപോലെ, അത് സാധാരണവും എന്നാൽ നല്ല കരുത്തും ആരോഗ്യവുമുള്ള വകയിൽ ഒന്ന്; ആ നല്ല ജന്തു രണ്ടു മണിക്കൂർകൊണ്ട് അഞ്ചുകാതം പിന്നിട്ടു; ഒരുതുള്ളി വിയർപ്പെങ്കിലും അതിന്റെ ചണ്ണകളിൽ പൊടിഞ്ഞിട്ടില്ല.

അയാൾ വണ്ടിയിൽ നിന്നിറങ്ങിയില്ല. മുതിര കൊണ്ടുവന്ന ലായക്കാരൻ പെട്ടെന്നു കുനിഞ്ഞ് ഇടത്തെ ചക്രം സൂക്ഷിച്ചു നോക്കി.

”നിങ്ങൾ ഈ നിലയിൽ അധികദൂരം പോവാൻ ഭാവമുണ്ടോ?” ആ മനുഷ്യൻ ചോദിച്ചു.

മനോരാജ്യത്തിൽനിന്നുണർന്നിട്ടില്ലാത്ത ഒരു ഭാവത്തിൽ അയാൾ മറുപടി പറഞ്ഞു: എന്തേ ചോദിക്കാൻ?”

’നിങ്ങൾ ദൂരത്തുനിന്നാണോ വരുന്നത്?” ആ മനുഷ്യൻ തുടർന്നു.

അഞ്ചു കാതം.”

“ആവു!

“എന്തുകൊണ്ട്, “ആവു?”

ആ മനുഷ്യൻ ഒന്നുകൂടി കുനിഞ്ഞു. ചക്രത്തിന്മേൽ സൂക്ഷിച്ചു നോക്കിക്കൊണ്ടു കുറച്ചിട മിണ്ടാതെ നിന്നു; എന്നിട്ട് അയാൾ നിവർന്നുനിന്ന് പറഞ്ഞു: “എന്തുകൊണ്ടെന്നാൽ, ഈ ചക്രം അഞ്ചു കാതം കടന്നുപോന്നുവെങ്കിലും, ഇനി ഒരു കാൽകാതംപോലും ഇതുരുളുകയില്ല.”

അയാൾ വണ്ടിയിൽനിന്ന് താഴത്തേക്കു ചാടി.

“എന്റെ ചങ്ങാതി, എന്താണ് നിങ്ങൾ പറയുന്നത്?”

“ഞാൻ പറയുന്നത്, നിങ്ങളും നിങ്ങളുടെ കുതിരയുംകൂടി വഴിക്ക് ഏതെങ്കിലും കുണ്ടിൽച്ചെന്നു മറിയാതെ അഞ്ചു കാതം പാഞ്ഞുപോകുന്നത് എന്തോ അത്ഭുതം എന്നാണ്. നോക്കൂ!”

ചക്രത്തിനു വാസ്തവത്തിൽ കലശലായ കേടുണ്ടായിരുന്നു. തപ്പാൽവണ്ടി കൊടുത്ത മുട്ടുകൊണ്ടു രണ്ടഴികൾക്കു കേടുവന്നു. അരട വളഞ്ഞു; അങ്ങനെ മൊട്ടുറയ്ക്കാതായിരിക്കുന്നു.

“എന്റെ ചങ്ങാതി,’ അയാൾ ലായക്കാരനോടു ചോദിച്ചു.

“ഇവിടെ വണ്ടിപ്പണിക്കാരനുണ്ടോ?”

“സേർ, തീർച്ചയായുമുണ്ട്.’

“ദയ ചെയ്തു ഒന്നുപോയി കൂട്ടിക്കൊണ്ടു വരാമോ?”

“അയാൾ ഇതാ ഇവിടെ അടുത്ത്. ഹേ, മിസ്റ്റർ ബൂർഗെയാർ!’

വണ്ടിപ്പണിക്കാരൻ, മാസ്റ്റർ ബൂർഗെയാർ, ഉമ്മറത്തുതന്നെ നിന്നിരുന്നു. അയാൾ വന്നു, ചക്രത്തെ നോക്കിപ്പഠിച്ചു; ഒരു കാൽ മുറിഞ്ഞുപോയി എന്നു കണ്ട ഒരു വൈദ്യനെപ്പോലെ, അയാൾ മുഖംകൊണ്ട് ഒരു നാട്യം നടിച്ചു.

“നിങ്ങൾക്ക് ഈ വണ്ടി ഒരു ക്ഷണംകൊണ്ടു നേരെയാക്കിത്തരാമോ?’

“സേർ, ഉവ്വ്.”

“എനിക്ക് എപ്പോൾ പുറപ്പെടാറാവും?”

“നാളെ.”

“നാളെ?”

“ഒരു ദിവസത്തെ പണി തികച്ചും അതിന്മേലുണ്ട്. സേർ, നിങ്ങൾക്കു ബദ്ധപ്പാടുണ്ടോ?”

“വല്ലാത്ത ബദ്ധപ്പാടുണ്ട്. ഏറിയാൽ ഒരു മണിക്കുറിന്നുള്ളിൽ എനിക്കു പുറപ്പെടണം.”

“സാധിക്കില്ല, സേർ.”

“നിങ്ങൾ പറയുന്ന സംഖ്യ ഞാൻ തരാം.”

“സാധിക്കില്ല, സേർ.”

“ആട്ടെ, എന്നാൽ രണ്ടു മണിക്കുറിന്നുള്ളിൽ.”

“ഇന്നു സാധിക്കില്ല. പുതുതായി രണ്ടഴികളും ഒരരടയും ഉണ്ടാക്കണം. നാളെ രാവിലെക്കുള്ളിൽ ഒരിക്കലും പുറപ്പെടാൻ സാധിക്കില്ല.”

“നാളെ രാവിലെവരെ കാത്തുനില്‍ക്കാവുന്നതല്ല കാര്യം. ഈ ചക്രം നന്നാക്കാൻ നില്‍ക്കാതെ മറ്റൊന്നുണ്ടാക്കിച്ചേർക്കാമെന്നുവെച്ചാലോ?

“അതെങ്ങനെ?”

“നിങ്ങൾ ഒരു വണ്ടിപ്പണിക്കാരനാണ്?”

“നിശ്ചയമായും അതേ, സേർ.”

“എനിക്കു വിലയ്ക്കു തരാൻ നിങ്ങളുടെ കൈയിൽ ഒരു ചക്രമില്ലേ? എന്നാൽ ഇപ്പോൾത്തന്നെ എനിക്കു പുറപ്പെടാം.”

“വെറുതെയിരിക്കുന്ന ചക്രം¿‘

“അതേ.”

“നിങ്ങളുടെ വണ്ടിക്കു യോജിക്കുന്ന വിധത്തിലുള്ള ഒരു ചക്രം തല്‍ക്കാലം എന്റെ കൈയിലില്ല. വല്ല വിധത്തിലുമുള്ള രണ്ടു ചക്രങ്ങളെ ഒരു വണ്ടിക്കു വെച്ചുകൂടാ.”

“അങ്ങനെയാണെങ്കിൽ, എനിക്കു രണ്ടു ചക്രം വിലയ്ക്കു തരൂ.”

“എല്ലാ ചക്രങ്ങളും എല്ലാ അച്ചുതണ്ടുകൾക്കും പാകമാവില്ല സേർ.”

’ശ്രമിച്ചുനോക്കു, ഏതായാലും.”

“അതുകൊണ്ടു പ്രയോജനമില്ല. എന്റെ കൈയിൽ കട്ടവണ്ടികൾക്കുള്ള ചക്രങ്ങളേ വിൽക്കാനുള്ളൂ. ഇതൊരു പാവപ്പെട്ട നാട്ടുപുറമാണ്.”

“നിങ്ങളുടെ പക്കൽ ഈത്തരം ഒരു വണ്ടി തരാനുണ്ടോ?”

ആ രണ്ടുരുൾവണ്ടി കൂലിക്കു വാങ്ങിയതാണെന്നു വണ്ടിപ്പണിക്കാരൻ ഒരു നോട്ടത്തിൽത്തന്നെ കണ്ടിരിക്കുന്നു. അയാൾ ചുമലുകളൊന്നു ചുളുക്കി.

“നിങ്ങൾ വണ്ടി നല്ലവണ്ണം നോക്കുന്നതുകൊണ്ട് ആളുകൾ നിങ്ങൾക്കു വേഗത്തിൽ തരും കൂലിക്ക്! എനിക്കൊന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കു കൂലിക്കു തരില്ല. നിശ്ചയം.”

“ആട്ടെ, എന്നാലതു വിലയ്ക്കു തരൂ.”

“എന്റെ കൈയിലില്ല.”

“എന്ത്! ഒരു വില്ലുവണ്ടിയും? എന്നെ സന്തോഷിപ്പിക്കാൻ പ്രയാസമില്ലെന്നു കണ്ടില്ലെന്നു കണ്ടില്ലേ?”

“ഞങ്ങൾ ഒരു പാവപ്പെട്ട രാജ്യത്താണ്, വാസ്തവത്തിൽ.” വണ്ടിപ്പണിക്കാരൻ തുടർന്നു, ’ആ കാണുന്ന പുരയിൽ ഒരു ’കാലാഷ്’ വണ്ടിയുണ്ട്; അതു പട്ടണത്തിൽ ഒരു പ്രമാണിയുടെയാണ്; എന്റെ വശം സൂക്ഷിക്കാൻ ഏൽപിച്ചിരിക്കുന്നു; അദ്ദേഹം അതു മാസത്തിൻ മുപ്പത്താറാം തിയതിയേ ഉപയോഗിക്കു—എന്നുവെച്ചാൽ ഉപയോഗിക്കാറില്ലെന്നർത്ഥം. അതു ഞാൻ നിങ്ങൾക്കു കൂലിക്കു തരാം; എനിക്കെന്താണ്! പക്ഷേ, അതു കൊണ്ടുപോകുന്നതു മുതലാളി കാണരുത്—പിന്നെ അതു ’കാലാഷ്’ വണ്ടിയാണ്; രണ്ടു കുതിര വേണം.”

“ഞാൻ രണ്ടു കുതിരയെ കൂലിക്കു വാങ്ങിക്കളയാം.”

എവിടേക്കാണ് പോകുന്നത്?”

“ആറായിലേക്ക്.’

“ഇന്ന് അവിടെ എത്തണമെന്നുണ്ടോ?”

“തീർച്ചയായും.”

“രണ്ടു കുതിരയെ പൂട്ടിയിട്ടോ?”

“എന്തുകൊണ്ടു വയ്യാ?”

“നാളെ രാവിലെ നാലുമണിക്കെത്താമെന്നുവെച്ചാൽ വല്ല വൃത്യാസവുമുണ്ടോ?”

“തീർച്ചയായും ഇല്ല.

“അപ്പോൾ കൂലിക്കു കുതിരയെ വാങ്ങിക്കയാവുമ്പോൾ, ഒരു കാര്യം ആലോചിക്കാനുണ്ട്— യാത്രാനുവാദപത്രമില്ലേ?”

“ഉവ്വ്.”

“തപ്പാൽക്കുതിരയെ വാങ്ങിച്ചാൽ നിങ്ങൾക്കു നാളെക്കുമുമ്പ് ആറായിലെത്തുവാൻ സാധിക്കില്ല. നമ്മൾ ഒരു ഊടുപാതയിലാണ്. മറ്റു കുതിരകളെ കിട്ടിക്കൊള്ളാൻ പ്രയാസമുണ്ട്; കുതിരകൾ വയലിലാവും. ഉഴവുകാലം ആരംഭിച്ചു; നല്ല ഭാരമേറുന്ന ജോടുകുതിരകളെ കിട്ടണം; തപ്പാൽക്കുതിരകളായാലും, കുതിരയായി കണ്ടവയെയൊക്കെ കൃഷിക്കാർ പിടികൂടും. ഓരോ കുതിരമാറ്റസ്ഥലത്തും മൂന്നോ നാലോ മണിക്കൂറു താമസിക്കേണ്ടിവരും. പിന്നെ, നടക്കുന്ന മട്ടിലേ അവ പോവു. പലേ കുന്നുകളും കയറാനുണ്ട്.”

“ആട്ടെ, എന്നാൽ ഞാൻ കുതിരപ്പുറത്തു പൊയ്കൊള്ളാം. വണ്ടി അഴിച്ചുതരു. ഈ പ്രദേശത്തു ആരെങ്കിലും എനിക്കൊരു ജീനി വിലയ്ക്കു തരും?”

“സംശയമില്ലാതെ; പക്ഷേ, ഈ കുതിര ജീനി വെക്കാൻ സമ്മതിക്കുമോ.”

“അതു വാസ്തവം; ഇതു നിങ്ങൾ എന്നെ ഓർമപ്പെടുത്തി; ഇത് അത് സമ്മതിക്കില്ല.”

“പിന്നെ-”

“എന്നാൽ എനിക്ക് ഒരു കുതിരയെ കൂലിക്കു മേടിച്ചുകൂടേ?”

“ഒരൊറ്റ നടയായി ആറായിലേക്കു പോകുന്ന കുതിരയോ?’

“അതേ.”

“അതിന് ഈ രാജ്യത്തില്ലാത്തതരം ഒരു കുതിരയെ കിട്ടണം. ഒന്നാമതു നിങ്ങളെ ആർക്കും പരിചയമില്ലാത്തതുകൊണ്ട്, അതു വാങ്ങേണ്ടിവരും. ആവട്ടെ; എന്നാൽ അഞ്ഞൂറു ഫ്രാങ്കിനായാലും ശരി, ആയിരത്തിനായാലും ശരി, വിലക്കോ കൂലിക്കോ കിട്ടാൻ ഒരു കുതിരയെ ഈ രാജ്യത്തെങ്ങും കാണില്ല.”

“ഞാൻ ഇനി എന്തു വേണം?

“ഒരു മര്യാദക്കാരനെപ്പോലെ ഞാൻ ഈ ചക്രം ശരിപ്പെടുത്തുന്നതിന്ന് എന്നെ അനുവദിക്കുക; എന്നിട്ടു നാളെ പുറപ്പെടുക—ഇതാണുത്തമം.”

“നാളെ വൈകിപ്പോവും.”

“ഗ്രഹപ്പിഴേ?”

“ആറായിലേക്കു പോകുന്ന തപ്പാൽവണ്ടിയില്ലേ? എപ്പോളാണ് അതു പുറപ്പെടുക?”

“രാത്രി, രണ്ടു തപ്പാലും രാത്രിയിലാണ്; അങ്ങോട്ടുള്ളതും ഇങ്ങോട്ടുള്ളതും.’

“എന്ത്! ഈ ചക്രം നേരെയാക്കുന്നതിനു നിങ്ങൾക്ക് ഒരു ദിവസം വേണം?”

“ഒരു ദിവസം, ഒരു നല്ല ദിവസം തികച്ചും.”

“രണ്ടാളെ പണിക്കാക്കിയാൽ?”

“പത്താളെ ആക്കിയാലും ശരി.”

“ അഴികൾ കയറുകൊണ്ടു കെട്ടിയാലോ?”

“അഴികളുടെ കാര്യത്തിൽ, അങ്ങനെയും പറ്റിക്കാം; അരടയ്ക്കു നിവൃത്തിയില്ല; വട്ടും ചീത്തയായിരിക്കുന്നു.”

“ഈ രാജ്യത്ത് ആരും ജോടിക്കുതിരകളെ കൂലിക്കു കൊടുക്കുന്നില്ലെന്നോ?

“ഇല്ല.

“ഇവിടെ വേറെ വണ്ടിപ്പണിക്കാരനുണ്ടോ?

ലായക്കാരനും വണ്ടിപ്പണിക്കാരനും യോജിച്ചു തലയൊന്നിളക്കിക്കൊണ്ടു മറുപടി പറഞ്ഞു; “ഇല്ല.”

അയാൾക്ക് ഒരപാരമായ ആഹ്ളാദം തോന്നി.

ഈശ്വരവിധി ഇടയിൽക്കടന്നു പ്രവർത്തിക്കുന്നുണ്ടെന്നു സ്പഷ്ടമായി. വണ്ടിച്ചക്രത്തെ മുറിച്ചതും അയാളെ നിരത്തിന്മേലിട്ടു ചുറ്റിക്കുന്നതും അതാണ്. ഈത്തരത്തിലുള്ള ആദ്യത്തെ ആജ്ഞകളെ അയാൾ കൈക്കൊണ്ടില്ല; യാത്ര മുടങ്ങാതെ കഴിക്കുവാൻ അതാ അയാൾ കഴിയുന്ന എല്ലാ ശ്രമവും ചെയ്തു; എല്ലാ നിവൃത്തിഭാഗങ്ങളും അയാൾ സനിഷ്കർഷമായും ഹൃദയപൂർവമായും എടുത്തു നോക്കി. തീർന്നു; കാലഭേദംകൊണ്ടോ ക്ഷീണംകൊണ്ടോ ചെലവുകൊണ്ടോ അല്ല അയാളുടെ യാത്ര മുടങ്ങിയത്; അവനവനെ കുറ്റം പറയുവാൻ യാതൊന്നും അയാൾ കണ്ടില്ല. ഇവിടെനിന്നു മുൻപോട്ടു പോയില്ലെങ്കിൽ, അതയാളുടെ കുറ്റമല്ല. ഇവിടുന്നങ്ങോട്ടുള്ളതൊന്നും അയാളെക്കൊണ്ടുണ്ടായതല്ല. ഇനിയൊന്നും അയാളല്ല. അയാളുടെ മനസ്സാക്ഷിയുടെ പ്രവൃത്തിയല്ല അത്; തലയിലെഴുത്തിന്റെ വിദ്യയാണ്.

അയാൾ വീണ്ടും നന്നായി ശ്വാസം കഴിച്ചു. ഴാവേറുടെ വരവു കഴിഞ്ഞിട്ട് ആദ്യമായി അയാൾ ഇഷ്ടംപോലെ, ശ്വാസകോശങ്ങളെക്കൊണ്ടു സാധിക്കാവുന്നേടത്തോളം നീളത്തിൽ, ഒരു ശ്വാസം കഴിച്ചു. കഴിഞ്ഞ ഇരുപതു മണിക്കൂറോളമായി അയാളുടെ ഹൃദയത്തെ മുറുകെപ്പിടിച്ചിരുന്ന ഉരുക്കുകൈ അയാളെ വിട്ടതായി തോന്നി.

ഈശ്വരൻ അനുകൂലനായി എന്നും, അവിടുന്നു എഴുന്നള്ളിനിന്നു പ്രവർത്തിക്കുകയാണെന്നും തോന്നി.

അവനവനാൽ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞു. ഇനി പതുക്കെ പിന്നോക്കം തിരിക്കയല്ലാതെ ഗത്യന്തരമില്ലെന്ന് അയാൾ ആലോചിച്ചു.

വണ്ടിക്കാരനുമായുണ്ടായ അയാളുടെ സംസാരം ചാരായക്കടയ്ക്കുള്ളിൽ ഒരറയിൽവെച്ചായിരുന്നുവെങ്കിൽ, അതാരും ഒരാളും അറിയില്ല; ആരും കേൾക്കുമായിരുന്നില്ല; കാര്യം ഇവിടെവെച്ച് അവസാനിക്കുമായിരുന്നു; വായനക്കാർ ഇനി വായിക്കാൻ പോകുന്ന സംഭവങ്ങളൊന്നും ഞങ്ങൾക്കു പറയേണ്ടിവരില്ലായിരുന്നു. പക്ഷേ, ഈ സംഭാഷണമുണ്ടായതു തെരുവിൽവെച്ചാണ്. തെരുവിൽവെച്ചുള്ള എന്തു സംസാരവും നിശ്ചയമായി ഒരാൾക്കൂട്ടത്തെ ആകർഷിക്കും. കാണികളാവുന്നതിലും മീതെ യാതൊന്നും ആവശ്യമില്ലാത്ത ആളുകൾ എപ്പോഴുമുണ്ട്. വണ്ടിക്കാരനെ അയാൾ വിചാരണ ചെയ്യുമ്പോൾ, അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്ന ചിലർ അവരുടെ ചുറ്റും കൂടി. കുറച്ചുനേരം മനസ്സിരുത്തിക്കേട്ടശേഷം. ആരും തീരേ ശ്രദ്ധിക്കാതിരുന്ന ഒരു കുട്ടി, ആ കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഒരോട്ടം കൊടുത്തു.

ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച ആ ആന്തരമായ ആലോചന കഴിഞ്ഞു, വഴിയാത്രക്കാരൻ പിന്നോക്കം പോവാൻ തീർച്ചപ്പെടുത്തിയ സമയത്ത് ആ കുട്ടി തിരിച്ചെത്തി, അവന്റെ കൂടെ ഒരു കിഴവിയുമുണ്ട്.

”മൊസ്സ്യൂ” ആ സ്ത്രീ പറഞ്ഞു, “ഒരു രണ്ടുരുൾക്കുതിരവണ്ടി നിങ്ങൾക്കാവശ്യമുണ്ടെന്ന് എന്റെ കുട്ടി പറഞ്ഞു.”

ഒരു കുട്ടി കൂട്ടിക്കൊണ്ടുവന്ന ഒരു കിഴവിയുടെ മുഖത്തുനിന്ന് പുറപ്പെട്ട ഈ വെറുംവാക്കുകൾ അയാളുടെ ദേഹത്തിൽനിന്നു വിയർപ്പിനെ ഇറ്റിറ്റു വീഴിച്ചു. പിടിയൊന്നയച്ചതായ കൈ പിന്നിൽനിന്ന് ഒരിക്കൽക്കൂടി മുറുക്കിപ്പിടികൂടുവാൻ തയ്യാറായി ഇരുട്ടത്തു വീണ്ടും പ്രത്യക്ഷീഭവിക്കുന്നതു കണ്ടു എന്ന് അയാൾ വിചാരിച്ചു.

അയാൾ മറുപടി പറഞ്ഞു: “ഉവ്വ്, എന്റെ നല്ലവളായ അമ്മേ; എനിക്കു കൂലിക്കു കിട്ടാൻ ഒരു വണ്ടിയുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു നില്‍ക്കയാണ്.’ അയാൾ ക്ഷണത്തിൽ തുടർന്നു പറഞ്ഞു: ’പക്ഷേ, ഒന്നും ഇവിടെ കിട്ടാനില്ല.”

“നിശ്ചയമായും ഉണ്ട്.” ആ കിഴവി പറഞ്ഞു.

“എവിടെ?” വണ്ടിക്കാരൻ കൂട്ടിച്ചേർത്തു.

“എന്റെ വീട്ടിൽ,” ആ കിഴവി മറുപടി പറഞ്ഞു.

മെയർ നടുങ്ങി. ആ അപകടം പിടിച്ച കൈ ഒരിക്കൽക്കൂടി അയാളെ പിടികൂടി.

ആ കിഴവിയുടെ വണ്ടിപ്പുരയിൽ വാസ്തവത്തിൽ വില്ലുവെച്ചു ഒരു കൊട്ടവണ്ടി നില്പുണ്ട്. വണ്ടിക്കാരനും കുതിരലായക്കാരനുംകുടി, വഴിപോക്കൻ തങ്ങളുടെ പിടിയിൽനിന്ന് വിട്ടുപോകുന്നതുകൊണ്ടുള്ള നിരാശതയിൽ, ചിലതു കടന്നുപറഞ്ഞുനോക്കി.

“അതൊരു വല്ലാത്ത പഴയ കെണിയാണ്; അത് അച്ചുതണ്ടിന്മേൽ അമർന്നിരിക്കും; ഇരിപ്പിടങ്ങൾ തോൽവാറുകൊണ്ട് ഉള്ളിൽ തുക്കിയിട്ടിരിക്കയാണെന്നുള്ളതു നേരാണ്; മഴ പെയ്താൽ ചോരും; ചക്രങ്ങൾ തുരുമ്പു പിടിച്ചു പൂപ്പൽ കയറിതീർന്നിരിക്കുന്നു; രണ്ടുരുൾവണ്ടിയേക്കാൾ ഒട്ടുമധികം ദൂരം പോവില്ല; ഒരു പൊളിഞ്ഞ പഴയ വെറും വണ്ടിക്കൂട്; അതിൽ കേറിപ്പോയാൽ ഒടുക്കം വേണ്ടിയിരുന്നില്ലെന്നു തോന്നും.” മറ്റും മറ്റും.

ഇതൊക്കെ നേരാണ്; പക്ഷേ, ഈ കെണി, ഈ പൊളിഞ്ഞ പഴയ വണ്ടിക്കൂട്, എന്തുതന്നെയായാലും ശരി, ഈ സാധനം, അതിന്റെ രണ്ടുരുളിന്മേൽ പായും; അതിന് ആറായിലേക്കു പോവാൻ കഴിവുണ്ട്.

അയാൾ ആ സ്ത്രീ ആവശ്യപ്പെട്ടതു കൊടുത്തു; മടക്കത്തിൽ വാങ്ങിക്കൊണ്ടുപോവാം എന്നു കരുതി തന്റെ രണ്ടുരുൾവണ്ടി വണ്ടിപ്പണിക്കാരന്റെ പക്കൽ കേടുതീർക്കാൻ ഏല്പിച്ചു; വെള്ളക്കുതിരയെ വണ്ടിക്കു കെട്ടി. അതിൽ ചാടിക്കയറി. രാവിലെ മുതൽ വണ്ടിയോടിച്ചുപോന്ന വഴിയിൽത്തന്നെ അയാൾ വീണ്ടും കൂടി.

വണ്ടി പാഞ്ഞുതുടങ്ങിയപ്പോൾ, അയാൾ സ്വയം സമ്മതിച്ചു. അപ്പോൾ താൻ പോവുന്നേടത്തേക്കു പോകേണ്ടിവരാതായി എന്നു കണ്ടപ്പോൾ, ഒരു നിമിഷം മുൻപ്, തനിക്ക് ഒരുതരം സന്തോഷമുണ്ടായി എന്ന്. ആ സന്തോഷത്തെ അയാൾ ഒരുമാതിരി ദേഷ്യത്തോടുകൂടി പരീക്ഷണം ചെയ്തു വെറും കഥയില്ലായ്മയാണെന്നു കണ്ടു. മടങ്ങിപ്പോകുന്നതിൽ എന്തിനു സന്തോഷിക്കുന്നു? ഒന്നാമതു താൻ ഈ പോകുന്നതു സ്വന്തമനസ്സാലെയല്ലേ? തന്നെ ആരും നിർബന്ധിക്കുന്നില്ലല്ലോ.

എന്നല്ല, നിശ്ചയമായും താൻ വരുത്തിക്കൂട്ടുന്നതല്ലാതെ യാതൊന്നും തനിക്കു സംഭവിക്കാൻ വയ്യാ.

ഹെസ്ദാങ് വിട്ട ഉടനെ ഒരു ശബ്ദം അയാളോടു വിളിച്ചുപറയുന്നതു കേട്ടു; “നില്ക്കു! നില്ക്കു!!’ ആശയെപ്പോലെ ഒരു ചെറുചൂടും ഒരുൾവലിവുമുള്ള എന്തോ ഒന്നടങ്ങിയ ഒരു പിടച്ചിലോടുകൂടി അയാൾ വണ്ടി നിർത്തി.

അതു കിഴവിയുടെ ചെക്കനായിരുന്നു.

“സേർ,’ ആചെറുകുട്ടി പറഞ്ഞു, “ഞാനാണ് നിങ്ങൾക്കു വണ്ടി വരുത്തിത്തന്നത്.”

“അതിന്?”

“നിങ്ങൾ എനിക്കൊന്നും തന്നില്ല.

എല്ലാവർക്കും അത്രമേൽ ജാഗ്രതയോടുകൂടി എന്തും കൊടുക്കാറുള്ള അയാൾക്ക് ഈ ആവശ്യപ്പെടൽ നിർമര്യാദമാണെന്നും അധികപ്രസംഗമാണെന്നും തോന്നി.

“ഹാ! നിയ്യാണല്ലേ, എടാ, തെമ്മാടി?” അയാൾ പറഞ്ഞു, “നിനക്കൊന്നും കിട്ടില്ല.” അയാൾ കുതിരയെ ആഞ്ഞടിച്ചു; ക്ഷണത്തിൽ പാഞ്ഞു.

ഹെസ്ദാങ്ങിൽവെച്ച് അയാൾക്കു സമയം വളരെ ചെലവായി; ആ നഷ്ടം തീർക്കേണ്ടിയിരിക്കുന്നു. ആ ചെറുകുതിര നല്ല ചുണയുള്ളതാണ്; രണ്ടെണ്ണത്തിന്റെ വലി വലിച്ചിരുന്നു; പക്ഷേ, ഫിബ്രവരിമാസമായതുകൊണ്ടു മഴ പെയ്തിരുന്നു; വഴികൾ ചീത്തയായിക്കിടക്കുന്നൂ. പിന്നെ, അതു രണ്ടുരുൾവണ്ടിയല്ലാതായി. അപ്പോഴത്തെ വണ്ടിക്കു നല്ല കനമുണ്ട്; പോരാത്തതിനു വഴിക്കു പല കുറ്റങ്ങളുമുണ്ടായിരുന്നു.

ഹെസ്ദാങ്ങിൽനിന്നു സാങ്പോളിലെത്താൻ ഏകദേശം നാലു മണിക്കൂർ പിടിച്ചു.

സാങ്പോളിൽ ഒന്നാമതു കണ്ട ഹോട്ടലിൽ ചെന്നു കുതിരയെ അഴിപ്പിച്ചു പന്തിയിലേക്കു കൊണ്ടു പോവിച്ചു. സ്കോഫ്ളേറോട് ഏറ്റിട്ടുള്ളതനുസരിച്ചു, കുതിര തിന്നുമ്പോൾ അയാൾ പുല്ലുതൊട്ടിയുടെ അടുത്തു നിന്നു. ദുഃഖമയവും സമ്മിശ്രവുമായ ഓരോന്നിനെപ്പറ്റി അയാൾ മനോരാജ്യം വിചാരിച്ചു.

ഹോട്ടലുടമസ്ഥന്റെ ഭാര്യ കുതിരപ്പന്തിയിലേക്കു വന്നു.

“പ്രാതൽ വേണ്ടേ?”

“വാസ്തവം; എനിക്കു നല്ല രുചിയും തോന്നുന്നുണ്ട്.”

അയാൾ അവളെ പിന്തുടർന്നു; ആഹ്ലാദമയവും പനിനീർപ്പുപോലുള്ളതുമായിരുന്നു അവളുടെ മുഖം; അവൾ അയാളെ ഭക്ഷണമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെ മെഴുശ്ശീലകൊണ്ടു മൂടിയ മേശകളുണ്ട്.

വേഗം വേണം.” അയാൾ പറഞ്ഞു; എനിക്ക് ഇനിയും പോണം; എനിക്ക് ബദ്ധപ്പാടുണ്ട്.”

ചെറുപ്പക്കാരിയായ ഒരു കുറ്റത്തി ക്ഷണത്തിൽ അയാൾക്കുള്ള കത്തിയും മുള്ളുകളും ഒരുക്കി; ഒരു മനഃസംതൃപ്തിയോടുകൂടി അയാൾ പെൺകിടാവിനെ നോക്കിക്കണ്ടു.

”ഇതാണ് എനിക്കു സുഖമില്ലാതിരുന്നത്,’ അയാൾ വിചാരിച്ചു; “ഞാൻ പ്രാതൽ കഴിച്ചിട്ടില്ല.

പ്രാതലിനുള്ളതെല്ലാം കൊണ്ടുവെച്ചുകഴിഞ്ഞു; അയാൾ അപ്പം കടന്നെടുത്തു വായ നിറച്ചു കടിച്ചെടുത്തു; എന്നിട്ടു പതുക്കെ അതു മേശപ്പുറത്തുതന്നെ വെച്ചു; പിന്നെ അതു തൊട്ടില്ല.

മറ്റൊരു മേശയ്ക്കടുത്തിരുന്ന് ഒരു വണ്ടിക്കാരൻ ഭക്ഷിക്കുന്നുണ്ട്; അയാൾ ആ ഇരിക്കുന്നാളോടു ചോദിച്ചു; “എന്താണ് ഇവരുടെ അപ്പത്തിന് ഇത്ര കയ്പ്?”

വണ്ടിക്കാരൻ ഒരു ജർമനിക്കാരനാണ്; അയാൾക്ക് ആ പറഞ്ഞതു തിരിഞ്ഞില്ല.

അയാൾ കുതിരപ്പന്തിയിലേക്കു മടങ്ങി; കുതിരയുടെ അടുത്തു നിന്നു.

ഒരു മണിക്കൂറിനു ശേഷം അയാൾ സാങ്പോൾ വിട്ടു താങ്കയിലേക്കുള്ള വഴിയിലെത്തി; അവിടെനിന്ന് ആറായിലേക്ക് അഞ്ചു കാതമേ ഉള്ളൂ.

ഈ യാത്രാസമയത്ത് അയാൾ എന്തു ചെയ്തു? എന്തായിരുന്നു അയാളുടെ വിചാരം? രാവിലത്തെപ്പോലെ, അയാൾ മരങ്ങളേയും, മേയപ്പെട്ട മേൽപ്പുരകളേയും, വിട്ടുപോകുന്ന ഉഴവുനിലങ്ങളേയും, ഓരോ വഴിത്തിരിവിലും വെച്ച് മുറിയപ്പെടുന്ന ദേശവൈചിത്ര്യത്തിന്റെ മറച്ചിലിനേയും സൂക്ഷിച്ചുനോക്കി; ഇത് ആത്മാവിനെ ചിലപ്പോൾ തൃപ്തിപ്പെടുത്തുകയും വിചാരപരമ്പരയിൽനിന്ന് അതിനെ ചിലപ്പോൾ വിടുവിക്കുകയും ചെയ്യുന്ന അത്തരം ഒരു നോക്കിക്കാണലാണ്. ഒന്നാമത്തെതായും ഒടുവിലത്തെതായും ഒരായിരം വസ്തുക്കളെ നോക്കിക്കാണുന്നതിലധികം ദുഃഖമയമായും ഹൃദയസ്പൃക്കായും മറ്റെന്താണുള്ളത്? യാത്ര ചെയ്യുക എന്നത് ഓരോ നിമിഷത്തിലും ജനിക്കുകയും അപ്പോൾത്തന്നെ മരിക്കുകയുമാണ്; ഒരു സമയം തന്റെ മനസ്സിന്റെ ഏറ്റവും നിഗൂഡമായ ഭാഗത്തുവെച്ച് അയാൾ മാറിമാറിക്കൊണ്ടുള്ള ചക്രവാളത്തേയും നമ്മുടെ മാനുഷികമായ ജീവിതത്തേയും കൂട്ടി താരതമ്യപ്പെടുത്തിനോക്കിയിരിക്കണം; ജീവിതസംബന്ധിയായ സകലവും ഇളവില്ലാതെ നമ്മുടെ മുൻപിലൂടെ പറപറക്കുന്നു; ഇരുട്ടടഞ്ഞതും പ്രകാശമാനവുമായ അന്തരാളങ്ങൾ തമ്മിൽ കുട്ടിപ്പിണഞ്ഞു കിടക്കുന്നു; കണ്ണഞ്ചിക്കുന്ന ഒരു നിമിഷത്തിനുശേഷം, ഒരു ഗ്രഹണം; നമ്മൾ നോക്കുന്നു, ബദ്ധപ്പെടുന്നു, പാഞ്ഞു പോകുന്നതിനെ കടന്നുപിടികൂടുവാൻ ദൂരത്തേക്കു കൈനീട്ടുന്നു; ഓരോ സംഭവവും നമുക്കുള്ള നിരത്തുവഴിയിലെ ഓരോ തിരിവാണ്; അതാ, ഒരടിയായി നാം വൃദ്ധന്മാരാകുന്നു; നാം നടുങ്ങുന്നു; എല്ലാം കറുത്തിരുളുന്നു; ഒരു നിഗൂഡമായ വാതിൽപ്പഴുതു നാം വേർതിരിച്ചറിയുന്നു; നമ്മെ വലിച്ചുകൊണ്ടുപോകുന്ന ആ ജീവിതമാകുന്ന രസമില്ലാത്ത കുതിര നിന്നുപോകുന്നു; എന്നല്ല, നിഴൽപാടുകൾക്കിടയിൽവെച്ച് അജഞാതനും ആവൃതമുഖനുമായ ഒരാൾ ആ കുതിരയെ അഴിച്ചു വിടുന്നതായി നാം കാണുന്നു.

സന്ധ്യയായതോടുകുടി, പാഠശാല വിട്ടുപോരുന്ന കുട്ടികൾ ഈ വഴിയാത്രക്കാരൻ താങ്കയിൽ ചെല്ലുന്നതു കണ്ടു; ദിവസങ്ങൾക്കു നീളം വെച്ചു തുടങ്ങിയിട്ടില്ലെന്നുള്ളതു വാസ്തവമാണ്. ഗ്രാമത്തിൽനിന്നു കടന്ന ഉടനെ, വഴിയിൽ കല്ലിടിച്ചു നന്നാക്കിക്കൊണ്ടിരുന്ന ഒരു കൂലിപ്പണിക്കാരൻ തലയുയർത്തി നോക്കി അയാളോടു പറഞ്ഞു: “ആ കുതിര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.”

വാസ്തവത്തിൽ ആ സാധുജന്തു ഒരാൾ നടക്കുന്നതുപോലെയാണ് പോയിരുന്നത്.

“നിങ്ങൾ ആറായിലേക്കാണോ പോകുന്നത്?” വഴി നന്നാക്കുന്നവൻ തുടർന്നു ചോദിച്ചു.

“അതേ.”

“ഈ നിലയിൽത്തന്നെയാണ് പോകുന്നതെങ്കിൽ, നിങ്ങൾ വളരെ നേരത്തെയൊന്നും എത്തില്ല.”;

അയാൾ വണ്ടി നിർത്തി, ആ കൂലിപ്പണിക്കാരനോടു ചോദിച്ചു; “ഇവിടെനിന്ന് ആറായിലെക്ക് എന്തു ദുരമുണ്ട?’

“ഏകദേശം നല്ലവണ്ണം ഏഴു കാതം.’

“അതെങ്ങനെ? തപ്പാൽവിവരപുസ്തകത്തിൽ അഞ്ചേകാൽ കാതം മാത്രമേ പറയുന്നുള്ളൂ.”

“ഹാ!” വഴി നന്നാക്കുന്നവൻ മറുപടി പറഞ്ഞു. “അപ്പോൾ വഴി കേടുവന്നു കിടക്കുകയാണെന്നു നിങ്ങൾക്കറിഞ്ഞുകൂടേ: ഒരു കാൽമണിക്കൂറുകൂടി കഴിഞ്ഞാൽ വഴി അടച്ചിട്ടുള്ളതു കാണാം; പിന്നെ അങ്ങോട്ടു പോവാൻ മാർഗമില്ല.

“നേര്?”

“എടത്തോട്ടു കറൻസിയിലേക്കുള്ള വഴിക്കു പോണം; പുഴ? അങ്ങോട്ടു കടക്കുക; കാബ്ലാങ്ങിലെത്തിയാൽ നിങ്ങൾ വലത്തോട്ടു തിരിയണം. അതാണ മോങ് സാങ് തെലോയിയിലേക്കുള്ള വഴി; എന്നാൽ പിന്നെ ആറായായി.”

“പക്ഷേ, രാത്രിയാണ്, എനിക്കു വഴി തെറ്റും.”

“നിങ്ങൾ ഈ പ്രദേശത്തുകാരനല്ലായിരിക്കും?”

അല്ല.

“എന്നല്ല, അതിനു പുറമെ, ഒക്കെ തിരിവുവഴികളാണ്; നില്‍ക്കൂ; സേർ,’ വഴി നന്നാക്കുന്നവൻ പിന്നെയും ആരംഭിച്ചു; ”ഞാൻ നിങ്ങൾക്കൊന്നു പറഞ്ഞുതരട്ടെ? നിങ്ങളുടെ കുതിര ക്ഷീണിച്ചിരിക്കുന്നു; താങ്കയിലേക്കു മടങ്ങു; അവിടെ ഒരു നല്ല ചാരായക്കടയുണ്ട്; അവിടെ കിടന്നുറങ്ങുക; നാളെ നിങ്ങൾക്ക് ആറായിലെത്താം.’

“എനിക്ക് ഇന്നു വൈകുന്നേരം അവിടെ ചെല്ലണം.”

“എന്നാൽ കാര്യം മാറി; ഏതായാലും ഹോട്ടലിൽ ചെല്ലുക; ഒരു കുതിരയെക്കൂടി വാങ്ങുക; കുതിരക്കാരൻ നിങ്ങൾക്കു വഴി തിരിച്ചുതരും.”

അയാൾ വഴി നന്നാക്കുന്നവന്റെ ഉപദേശം അനുസരിച്ചു; പിന്നോക്കം മടങ്ങി; ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ആ വഴിക്കുതന്നെ വന്നു; പക്ഷേ, അതു കടുവേഗത്തിലാണ്; ഒരു കുതിരകൂടി സഹായത്തിനുണ്ട്; വണ്ടിക്കാരൻ എന്നു തന്നത്താൻ നാമകരണം ചെയ്ത ഒരു കുതിരക്കാരൻ വണ്ടിയുടെ ഏർക്കാലിൽ ഇരിക്കുന്നു.

അപ്പോഴും നേരം വൈകിയെന്ന് അയാൾക്കു തോന്നിയിരുന്നു.

രാത്രി തികച്ചും പ്രത്യക്ഷീഭവിച്ചു.

അവർ തിരിവുവഴികളിലേക്കു കടന്നു; വഴി വല്ലാതെ ചീത്തയായിത്തുടങ്ങി; വണ്ടി ഒരു ചക്രച്ചാലിൽനിന്നു മറ്റൊന്നിലേക്കു മാറിക്കടക്കുവാൻ തുടങ്ങി; അയാൾ വണ്ടിക്കാരനോടു പറഞ്ഞു; “നടയിൽ വിടുക; ഇരട്ടി കൂലി കിട്ടും.”

ഒരു കുലുക്കത്തിൽ വണ്ടിയുടെ ഒരാണി മുറിഞ്ഞു.

“സർ, കൂട്ടാണി മുറിഞ്ഞു.” വണ്ടിക്കാരൻ പറഞ്ഞു: “എങ്ങനെയാണ് എന്റെ കുതിരയെ വണ്ടിയോടു കൂട്ടിക്കെട്ടേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാതായി; ഈ വഴി രാത്രിയിൽ വളരെ ചീത്തയാണ്. മടങ്ങി താങ്കയിൽ കിടന്നുറങ്ങാമെന്നുവെച്ചാൽ നാളെ രാവിലെ നേരത്തെ ആറായിലെത്താം.”

അയാൾ പറഞ്ഞു: നിങ്ങളുടെ കൈയിൽ ഒരു കഷണം കയറും, ഒരു പേനക്കത്തിയുമുണ്ടോ?”

“ഉവ്വ്, സേർ.”

അയാൾ ഒരു മരച്ചില്ല മുറിച്ചു; അതുകൊണ്ട് ആണിയുണ്ടാക്കി.

ഇത് ഇരുപതു മിനുട്ടുകൂടി കളഞ്ഞു: പക്ഷേ, പിന്നെ അവർ വേഗത്തിൽ പോയി.

മൈതാനം മങ്ങിക്കിടന്നിരുന്നു; താഴത്തേക്കു തുങ്ങിക്കിടക്കുന്നതും ഇരുണ്ടതും ചുരുണ്ടതുമായ മൂടൽമഞ്ഞു കുന്നിൽപുറങ്ങളിൽ ഇഴയുകയും പുകപോലെ

തന്നത്താൻ പിരിച്ചുവലിക്കുകയും ചെയ്തിരുന്നു; മേഘങ്ങളിൽ വെളുത്ത വെളിച്ചങ്ങളുണ്ടായിരുന്നു; കടലിൽനിന്നു പുറപ്പെട്ട ഒരു ശക്തിയുള്ള കാറ്റ്, അറയിലെ സാമാനങ്ങൾ നീക്കുന്നതുപോലെ, ചക്രകവാളത്തിലെങ്ങും ഒരു ശബ്ദമുണ്ടാക്കി; കാണപ്പെടാവുന്ന സകലവും ഭയപ്പാടിന്റെ ഓരോ സ്ഥിതിഭേദങ്ങളെ അവലംബിച്ചു. രാത്രിയുടെ ഈ പരപ്പുകൂടിയ ശ്വാസഗതിയുടെ ചുവട്ടിൽ കിടന്ന് എന്തെല്ലാം വസ്തുക്കൾ തുള്ളിവിറയ്ക്കുന്നു!

അയാൾ തണുപ്പുകൊണ്ടു മരവിച്ചു; തലേദിവസം രാത്രി മുതൽ അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; എട്ടു കൊല്ലം മുൻപ് ഡി. പട്ടണത്തിന്റെ അയൽപ്രദേശത്തു പരന്ന മൈതാനത്തിൽവെച്ചുണ്ടായ തന്റെ മറ്റൊരു രാത്രിസഞ്ചാരം അയാൾ പതുക്കെ ഓർമിച്ചു; അത് ഇന്നലെ കഴിഞ്ഞപോലെ തോന്നി.

ദൂരത്തുള്ള ഒരു ഗോപുരാഗ്രത്തിൽനിന്നു മണിയടിച്ചു; അയാൾ ആ കുട്ടിയോട് ചോദിച്ചു: “നേരം എത്രയായി?”

“ഏഴു മണി, സേർ; നമ്മൾ എട്ടുമണിക്ക് ആറായിലെത്തും; ഇനി മൂന്നു കാതമേ നമുക്കു പോവാനുള്ളൂ.”

ആ സമയത്ത്, ഇതുവരെ തോന്നാതിരുന്നതു തെറ്റായി എന്നുള്ള വിചാരത്തോടുകുടി, അയാൾ ഈ ഒരാലോചനയിൽ മുങ്ങി; താൻ ഈ എടുത്ത ബുദ്ധിമുട്ടുകളെല്ലാം അനാവശ്യമായിരിക്കാം; വിചാരണ തുടങ്ങുന്നത് എത്ര മണിക്കാണെന്നുകൂടി താൻ അറിഞ്ഞില്ല; അതെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു; ചെന്നിട്ടു വല്ല പ്രയോജനവും ഉണ്ടാകുമോ ഇല്ലയോ എന്നറിയാതെ, ആവിധം മൂക്കിനുനേരെ ഓടിപ്പോന്നതു വിഡ്ഡിത്തമായി. പിന്നീട് അയാൾ ചില കണക്കുകൾ കൂട്ടിനോക്കി; സാധാരണമായി സെഷ്യൻ കോടതി കൂടുക രാവിലെ ഏഴുമണിക്കാണ്; കഴിയാൻ അധികമൊന്നും സമയം വേണ്ടിവരില്ല; ആപ്പിൾപ്പഴം കട്ടതു ക്ഷണത്തിൽ തീർച്ചപ്പെട്ടുകഴിയും; ആൾ ശരിയാണോ എന്ന് മാത്രമേ പിന്നെ നോക്കാനുണ്ടാവു; നാലോ അഞ്ചോ പേരുടെ കയ്പീത്തെടുക്കേണ്ടിവരും; വക്കീൽമാർക്ക് ഒന്നും പറയാനുണ്ടാവില്ല; എല്ലാം കഴിഞ്ഞതിനു ശേഷമായിരിയ്ക്കും താൻ ചെല്ലുക.

വണ്ടിക്കാരൻ കുതിരകളെ അടിച്ചുവിട്ടു; അവർ പുഴ കടന്നു, മോങ് സാങ് തെലോയി അവരുടെ പിന്നിലായി.

രാത്രി പിന്നേയും തടിച്ചുവന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.