images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.9
ശിക്ഷാവിധികളെ തട്ടിപ്പടച്ചുണ്ടാക്കൽ നടക്കുന്ന സ്ഥലം

അയാൾ ഒരടി മുൻപോട്ടു വെച്ചു. പാവയെപ്പോലെ, തന്റെ പിന്നിലുള്ള വാതിലടച്ചു; താൻ കാണുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ട് ആ നിന്നേടത്തുതന്നെ നിന്നു.

ഇടയ്ക്ക് ഒരിരമ്പിച്ചയിൽ മുഴുകിയും ഇടയ്ക്കു തീരെ നിശ്ശബ്ദത ബാധിച്ചും വലുതായി വേണ്ടവിധം വെളിച്ചമില്ലാതെയുള്ള ഒരു മുറിയായിരുന്നു അത്; ആൾക്കൂട്ടത്തിന്നിടയിൽ നിസ്സാരവും നീരസമയവുമായ തന്റെ ഗൌരവത്തെ കാണിച്ചു കൊണ്ട്, ഒരു ക്രിമിനൽകേസ്സിനുള്ള എല്ലാ സാമഗ്രിയും അവിടെ പ്രവർത്തിച്ചു കൊണ്ടു നില്‍ക്കുന്നു.

അയാളുള്ള വലിയ മുറിയുടെ ഒരറ്റത്തായി, പിഞ്ഞിത്തുടങ്ങിയ പുറംകുപ്പായമിട്ടു വിധികർത്താക്കന്മാർ അശ്രദ്ധന്മാരായിരിക്കുന്നു; അവർ നഖം കാരുകയോ കണ്ണടയ്ക്കുകയോ ചെയ്യുന്നുണ്ട്; അങ്ങേ അറ്റത്തെ ഒരു വൃത്തികെട്ട ആൾക്കൂട്ടം; എല്ലാത്തരം ഭാവവിശേഷത്തിലുമുള്ള വക്കീൽമാർ; ക്രൂരവും നിഷ്കളങ്കവുമായ മുഖത്തോടുകൂടി പട്ടാളക്കാർ പഴയതും പുള്ളിക്കുത്തുള്ളതുമായ മരപ്പണിയെ, ഒരു ചളിപിടിച്ച തട്ടിനെ, പച്ചയെക്കാൾ മഞ്ഞനിറമായ ഒരുതരം മുന്തിയ കമ്പിളിത്തുണികൊണ്ട് മൂടിയ മേശകൾ; കൈപ്പാടുകൾകൊണ്ട് കറുത്തിട്ടുള്ള വാതിലുകൾ; നിരപ്പുലകച്ചുമരിന്മേൽ തൂക്കിയിട്ടിട്ടുള്ളേടത്തുനിന്നു വെളിച്ചത്തെക്കാളധികം പുക പുറപ്പെടുവിക്കുന്ന ചാരായക്കടവിളക്കുകൾ; ഇരുട്ട്, അറയ്ക്കുന്ന മട്ട്, സുഖമില്ലായ്മ; എന്നല്ല, ഇതിൽനിന്നെല്ലാം വേർപെട്ടു നില്‍ക്കുന്ന സഗൌരവവും പ്രതാപവത്തുമായ ഒരു തോന്നൽ—എന്തുകൊണ്ടെന്നാൽ, നിയമം എന്നു പറയപ്പെടുന്ന ആ മഹത്തായ ദൈവികവസ്തുവും അവിടെ ചെല്ലുന്നവരുടെ ഉള്ളിൽ തട്ടിയിരുന്നു.

ആ ആൾക്കൂട്ടത്തിലുള്ള ആരുംതന്നെ അയാളുടെ മേൽ ശ്രദ്ധവെച്ചില്ല; എല്ലാവരുടെ നോട്ടവും ഒരൊറ്റ വിഷയത്തിലായിരുന്നു—പ്രധാന ജഡ്ജിയുടെ ഇടത്തു ഭാഗത്തു നീണ്ടുകിടക്കുന്ന ചുമരിൽ ഒരു ചെറുവാതിലുള്ളതിന്നെതിരായിട്ടിട്ടുള്ള ഒരു മരത്തിന്റെ ബെഞ്ചിലായിരുന്നു; പല മെഴുതിരികളുടെ വെളിച്ചംകൊണ്ടു തെളിയുന്ന ആ ബെഞ്ചിന്മേൽ രണ്ടു പട്ടാളക്കാരുടെ നടുക്കായി ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്.

ഈ മനുഷ്യനായിരുന്നു ആ മനുഷ്യൻ.

അയാള്‍ അവന്റെ അടുക്കലേക്കു ചെന്നില്ല; അയാൾ അവനെ കണ്ടില്ല; ആ സ്വരൂപം എവിടെയായിരിക്കുമെന്നു തങ്ങൾക്കു മുൻപുതന്നെ അറിയാമായിരുന്നുവോ എന്നു തോന്നുമാറ്, അയാളുടെ കണ്ണുകൾ പ്രകൃത്യാതന്നെ അങ്ങോട്ടു ചെന്നു.

കുറേ പ്രായംചെന്ന തന്നെത്തന്നെയാണ് അവിടെ കാണുന്നതെന്ന് അയാൾ വിചാരിച്ചു: മുഖത്തിനു തികച്ചും ആ ഛായയില്ല. തീർച്ചതന്നെ; പക്ഷേ, നിലയും സംപ്രദായവുമൊക്കെ അതുതന്നെ. കുത്തനെ നില്‍ക്കുന്ന അയാളുടെ തലമുടി; മൂർഖമട്ടിലുള്ളതും അസ്വസ്ഥതയോടുകുടിയതുമായ അയാളുടെ കണ്ണ്, ഡി. പട്ടണത്തിൽ അയാൾ ചെന്നസമയത്തുണ്ടായിരുന്നപോലെത്തന്നെ അതേ കുപ്പായം, നിറച്ചും ദ്വേഷം, തടവുമുറിയിലെ നിലത്തു പത്തൊമ്പതു കൊല്ലം കിടന്ന് അടിച്ചു കൂട്ടിയെടുത്ത ഭയങ്കര വിചാരങ്ങളുടെ ആ അറപ്പു തോന്നിക്കുന്ന ഉരുളയ്ക്കുള്ളിൽ തന്റെ ആത്മാവിനെ മറച്ചുകൊണ്ടുള്ള മട്ട്.

അയാൾ ഒരു നടുങ്ങലോടുകൂടി സ്വയം ചോദിച്ചു: “എന്റെ ഈശ്വരാ! ഞാൻ ഇനിയും അതുപോലായിത്തീരുമോ?”

ഈ സത്ത്വത്തിന്നു വയസ്സു ചുരുങ്ങിയത് ഒരറുപതായെന്നു തോന്നി; നീചവും അന്ധാളിത്തത്തോടുകൂടിയതും ഭയപ്പെട്ടുപോയതുമായി അനിർവചനീയമായ എന്തോ ഒന്ന് ആ മനുഷ്യനിൽ ഉണ്ടായിരുന്നു.

വാതിൽ തുറന്ന ഒച്ച കേട്ട്, ആളുകൾ അയാൾക്കു പോവാൻവേണ്ടി അങ്ങുമിങ്ങും വാങ്ങി നിന്നു; പ്രധാന ജഡ്ജി മുഖം തിരിച്ച് ആ വന്ന ആൾ എം. പട്ടണത്തിലെ മെയറാണെന്നു മനസ്സിലായിരുന്നതുകൊണ്ട് അയാളെ ഉപചരിച്ചു തലകുനിച്ചു; തന്റെ ഉദ്യോഗം വഴിക്ക് ഒന്നിലധികം പ്രാവശ്യം എം. പട്ടണത്തിൽ പോയി മൊസ്സ്യു മദലിയെനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്ന ഗവര്‍മ്മേണ്ടു വക്കീലും, അയാളെ കണ്ടറിഞ്ഞു സമര്യാദമായി വന്ദിച്ചു; അയാൾ അതു കണ്ടതേ ഇല്ല അയാൾ ഒരുതരം ചിത്തഭ്രമത്തിൽ പെട്ടിരുന്നു; അയാൾ നോക്കിക്കാണുകയായിരുന്നു.

വിധികർത്താക്കന്മാര്‍, ഗുമസ്തന്മാർ, പട്ടാളക്കാർ, നിർദ്ദയമായവിധം ഉൽക്കണ്ഠയോടു കൂടിയ ശിരസ്സുകളുടെ കൂട്ടം. ഇതെല്ലാം അയാൾ വളരെക്കാലം മുൻപ്, ഇരുപത്തേഴു കൊല്ലത്തിനപ്പുറം, ഒരിക്കൽ കണ്ടുകഴിഞ്ഞിട്ടുണ്ട്; ആ അപകടം പിടിച്ച സാധനങ്ങളെ അയാൾ ഒരിക്കൽക്കൂടി കണ്ടുമുട്ടി; അവയെല്ലാം അതാ അവിടെ, അവ അനങ്ങുന്നു; അവയ്ക്കു ജീവനുണ്ട്; അയാളുടെ മനോരാജ്യത്തിന്റെ ഒരു വിദ്യയല്ല, അയാളുടെ ആലോചനയ്ക്കൂള്ളിലെ ഒരു മൃഗതൃഷ്ണയല്ല, അതുകളൊന്നും; വാസ്തവത്തിലുള്ള പട്ടാളക്കാരും, വാസ്തവത്തിലുള്ള വിധികർത്താക്കന്മാരും, വാസ്തവത്തിലുള്ള ആൾക്കൂട്ടവും, രക്തമാംസങ്ങളോടുകൂടി വാസ്തവത്തിലുള്ള മനുഷ്യരും തന്നെയാണ് അതൊക്കെ; കാര്യമൊക്കെ കടന്നു; വാസ്തവസ്ഥിതിക്കുള്ളിൽ ഭയങ്കരങ്ങളായിട്ടുള്ള സകലത്തോടുംകുടി തന്റെ കഴിഞ്ഞുപോയ കാലത്തെ പൈശാചികങ്ങളായ എല്ലാ സ്ഥിതിഭേദങ്ങളും പ്രത്യക്ഷീഭവിക്കുന്നതായും, തന്റെ ചുറ്റും ഒരിക്കൽക്കൂടി അവ സജീവമായി വന്നുകൂടുന്നതായും അയാൾ കണ്ടു.

ഇതെല്ലാം അയാളുടെ മുൻപിൽ വായ പിളർക്കുന്നു.

അയാൾ വല്ലാതെ ഭയപ്പെട്ടു; അയാൾ കണ്ണടച്ചു, തന്റെ ആത്മാവിന്റെ അതൃഗാധങ്ങളായ ഗൂഡഃസ്ഥലങ്ങളിൽവെച്ച് ഉച്ചത്തിൽ പറഞ്ഞു; “ഒരിക്കലുമില്ല!”

അയാളുടെ ആലോചനകളെയെല്ലാം ഇട്ടു വിറപ്പിക്കുകയും അയാളെ ഏതാണ്ടു ഭ്രാന്തുപിടിപ്പിച്ചുവിടുകയും ചെയ്ത ഇശ്വരവിധിയുടെ പരിതാപകരമായ ഒരു നാടകാഭിനയത്തിൽ അവിടെ നിൽക്കുന്ന ആൾ മറ്റൊരാളായിത്തീർന്നു! വിചാരണയിലിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും ഴാങ് വാൽഴാങ് എന്നു വിളിക്കുന്നു.

തന്റെ കണ്ണിൻമുൻപിൽവെച്ച്, അദൃഷ്ടപൂർവമായ ഒരു കാഴ്ചയിൽ തന്റെ ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ ഒരു ഭാഗം തന്റെ പ്രേതത്താൽ അഭിനയിക്കപ്പെടുന്നത് അയാൾ കാണുന്നു.

എല്ലാം അവിടെയുണ്ട്, ആ സാമഗ്രികൾതന്നെ സകലവും—രാത്രിസമയം, വിധികർത്താക്കന്മാരുടേയും പട്ടാളക്കാരുടേയും കാഴ്ചക്കാരുടേയും മുഖങ്ങൾ, എല്ലാം ഒന്ന്; എല്ലാം അതേ മാതിരി തന്നെയായിരുന്നു—പ്രധാന ജഡ്ജിയുടെ തലയ്ക്കു മുകൾഭാഗത്ത് ഒരു കുരിശുമാത്രം പുതുതായുണ്ട്; അയാളെ ശിക്ഷിച്ച കാലത്തു കോടതിയിൽ അതുണ്ടായിരുന്നില്ല; അയാളുടെ കേസ്സ് വിചാരണ ചെയ്തപ്പോൾ ഈശ്വരൻ അവിടെ ഇല്ലായിരുന്നു.

പ്രധാന ജഡ്ജിയുടെ പിന്നിലായി ഒരു കസാലയുണ്ട്; താൻ കാണപ്പെടുമല്ലോ എന്നുള്ള വിചാരത്താൽ പേടിച്ച് അയാൾ അതിന്നുള്ളിൽ കുഴഞ്ഞുവീണു; ഇരുന്നതിനുശേഷം, ജഡ്ജിയുടെ എഴുത്തുമേശയ്ക്കു മുകളിൽ കൂട്ടിയിട്ടുള്ള പല കടലാസ്സുപെട്ടികൾ ഒരു തഞ്ചമാക്കി അതിന്റെ മറവിൽ, ആ മുറി മുഴുവനിലും നിന്ന്, അയാൾ തന്റെ മുഖത്തെ ഒളിപ്പിച്ചു. ആരും ഇങ്ങോട്ടു കാണാതെ അയാൾക്ക് എല്ലാം അങ്ങോട്ടു നോക്കിക്കാണാം; വാസ്തവസ്ഥിതികളെയെല്ലാം പറ്റിയുള്ള ബോധം അയാൾക്കു വീണ്ടും ഉദിച്ചു; പതുക്കെക്കൊണ്ട് അയാൾക്കു തന്റേടം വന്നു; നാലുപുറത്തു കഴിയുന്നതും കേൾക്കാവുന്നവിധം, അയാളുടെ മനസ്സിന്ന് അത്രമേൽ സ്വസ്ഥത കിട്ടി.

മൊസ്സ്യു ബാമത്തബ്വ ജുറിമാരിൽ ഒരാളായിരുന്നു.

അയാൾ ഴാവേറെ അന്വേഷിച്ചു. കണ്ടില്ല; ഗുമസ്തന്റെ മേശകൊണ്ടു സാക്ഷികളുടെ ഇരിപ്പിടം അയാൾക്കു കാണാൻ സാധിച്ചിരുന്നില്ല; പിന്നെ, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, വെളിച്ചം നന്നേ കുറവായിരുന്നുതാനും.

അയാൾ ചെന്ന സമയത്ത്, പ്രതിഭാഗം വക്കീലിന്റെ പ്രസംഗം അവസാനിച്ചു.

എല്ലാവരുടേയും ശ്രദ്ധ അങ്ങേ അറ്റത്തോളം പൊന്തിയിരിക്കുന്നു; വിചാരണ തുടങ്ങിയിട്ടു മൂന്നു മണിക്കൂറായി; മൂന്നു മണിക്കൂറായി ആ ആൾക്കൂട്ടം, ഒരു ഭയരമായ ആകൃതിസാമൃത്തിന്റെ ഭാരത്തിനു കീഴിൽ അമർന്നുകൊണ്ട് ഒന്നുകിൽ തികച്ചും അന്ധാളിച്ചിരിക്കുകയോ അല്ലെങ്കിൽ വല്ലാത്ത ഉപായം കാണിക്കുകയോ ചെയ്യുന്ന ഒരസാധാരണമനുഷ്യനെ, മനുഷ്യസമുദായത്തിലെ നികൃഷ്ടതരങ്ങളായ അംഗങ്ങളുടെ മാതിരി കാണിക്കുന്ന ഒരു സത്ത്വത്തെ, നോക്കിക്കാണുന്നു. ഈ മനുഷ്യൻ, വായനക്കാർക്കറിവുള്ളതുപോലെ, പീറൺതോട്ടം എന്നു വിളിക്കപ്പെടുന്ന ഒരയൽപക്കക്കാരന്റെ തോട്ടത്തിൽനിന്ന് ഒടിച്ചെടുത്തതും പഴുത്ത ആപ്പിൾക്കായകളോടുകൂടിയതുമായ ഒരു മരക്കൊമ്പു കൈയിൽ പിടിച്ചുകൊണ്ടു വയലിലൂടെ പോകുന്നതായി കണ്ടെത്തപ്പെട്ട ഒരു തെമ്മാടിയായിരുന്നു. ഈ മനുഷ്യൻ ആരാണ്? ഒരു വിചാരണ നടന്നു; സാക്ഷികളുടെ വാമൊഴി വാങ്ങി; അവരൊക്കെ പറഞ്ഞതൊന്നാണ്; വിചാരണയിൽ തെളിവുകൾ ധാരാളം വന്നു; അന്യായഭാഗത്തുനിന്നു പറഞ്ഞു; ഞങ്ങൾ ഈ പിടിച്ചിട്ടുള്ളതു വെറും ഒരു കൊള്ളക്കാരനെ, ഒരു പഴക്കള്ളനെ, മാത്രമല്ല; ഞങ്ങൾക്കു, ഞങ്ങളുടെ കൈയിൽ, ഒരു തട്ടിപ്പറിക്കാരനെ, തടവിൽനിന്നു വിട്ടുപോയിട്ടുള്ള ഒരു പഴയ കള്ളപ്പുള്ളിയെ, പണ്ടു ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരുത്തനെ, ഏറ്റവും അപകടക്കാരനായ ഒരു തെമ്മാടിയെ, കോടതിയിൽനിന്ന് അന്വേഷിക്കുന്നവനും എട്ടുകൊല്ലം മുൻപ് തൂലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തുനിന്നു പുറത്തു കടന്ന ഉടനെ ഴെർവെയ്ക്കുട്ടി എന്നു പേരായ ഒരു തെണ്ടിക്കുട്ടിയുടെ കൈയിൽനിന്നു രാജവീഥിയിൽ വെച്ച് ഒരു തട്ടിപ്പറി നടത്തിയവനുമായ ഴാങ് വാൽഴാങ് എന്ന ഒരു കേഡിയെയാണ് ഇന്നു കിട്ടിയിരിക്കുന്നത്. ആ തട്ടിപ്പറിക്കുറ്റത്തിനു ശിക്ഷാനിയമം 383-ാം വകുപ്പു പ്രകാരം ഈ മനുഷ്യനെ ഇനിയും വിചാരണയ്ക്കു വരുത്തേണ്ടതുണ്ട്; അതിപ്പോൾ ഞങ്ങൾ നിർത്തിവെക്കുന്നു; ആൾ ഞങ്ങൾ പറയുന്നാൾ തന്നെയാണെന്നു കോടതിയിൽ നിന്നു തീർച്ചപ്പെടുത്തിയതിനുശേഷം അതു ചെയ്യുന്നതാണ്. ഇപ്പോൾ ആ മനുഷ്യൻ ഒരു പുതിയ കുറ്റംകൂടി പ്രവർത്തിച്ചിരിക്കുന്നു; അതു രണ്ടാമത്തേതാണ്; പുതിയ കുറ്റത്തിനുള്ള ശിക്ഷ കൊടുക്കുക; പിന്നീട് പഴയ കുറ്റത്തിനുള്ള വിചാരണ തുടങ്ങാം; ഇങ്ങനെ കുറ്റം ആരോപിച്ചതു കേട്ടപ്പോൾ, സാക്ഷികളെല്ലാം ഏകകണ്ഠമായി വാമൊഴി കൊടുത്തപ്പോൾ, ആ പ്രതി, അതേവരെ മറ്റോരൊന്നുകൊണ്ടുണ്ടായിട്ടുള്ളതിലധികമായി, അമ്പരന്നതുപോലെ തോന്നി; ഇല്ല എന്നർത്ഥം വരുത്തുന്ന ആംഗ്യങ്ങളും ഭാവങ്ങളും ആ മനുഷ്യൻ കാണിക്കും; അല്ലെങ്കിൽ വെറുതെ തട്ടിന്മേലേക്ക് തുറിച്ചു നോക്കും. അയാൾ ബുദ്ധിമുട്ടിക്കൊണ്ടാണ് സംസാരിച്ചത്: പരിഭ്രമിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്; എങ്കിലും അയാളുടെ സ്വരൂപം അടിമുതൽ മുടിവരെ ആകപ്പാടെ ഒരു നിഷേധമായിരുന്നു; ആ മനുഷ്യന്റെ ചുറ്റും യുദ്ധത്തിനുവേണ്ടി ഒരുക്കിനിർത്തിയ ഇത്രയുമധികം ആളുകൾക്കു മുൻപിൽ അയാൾ ഒരു പൊട്ടനായി; അയാളെ കടന്നുപിടികൂടുവാൻ നില്‍ക്കുന്ന ഈ സമുദായത്തിനിടയിൽ അയാൾ ഒരപരിചിതനെന്നപോലെ കാണപ്പെട്ടു. എങ്കിലും ഇത് അയാളുടെ ഭാവിജീവിതം മുഴുവനും അപകടത്തിലാക്കുന്ന ഒരു കാര്യമായിരുന്നു: ഓരോ നിമിഷത്തിലും സാദൃശ്യം വർദ്ധിച്ചുവന്നു; പിന്നേയും പിന്നേയും അയാളുടെ തലയ്ക്കുമീതേ അധികം അടുത്തിറങ്ങിവരുന്ന ആ ആപത്തുകൊണ്ടു നിറഞ്ഞ ശിക്ഷാവിധിയെ ആൾക്കൂട്ടം, അയാളെക്കാളധികം ഉൽക്കണ്ഠയോടുകൂടി നോക്കിക്കണ്ടു. വരാനിരിക്കുന്നതു കുറേശ്ശെ മുന്‍കൂട്ടി കാണാനുണ്ടായിരുന്നു: തണ്ടുവലിശിക്ഷയ്ക്കുപുറമേ, അയാൾ ആ വിചാരിക്കപ്പെട്ട ആൾ തന്നെയാണെന്നു സ്ഥാപിക്കുന്ന പക്ഷവും, ഴെർവെയ്ക്കുട്ടിയുടെ കാര്യം മേലിൽ ശിക്ഷയിൽത്തന്നെ ചെന്നവസാനിക്കുന്ന പക്ഷവും, മരണശിക്ഷയ്ക്കുകൂടി സംഗതിയുണ്ട്. ഈ മനുഷ്യൻ ആരാണ്! അയാളുടെ ഔദാസീന്യം എന്തുമാതിരിയുള്ളതാണ്? ബുദ്ധിയില്ലായ്മയോ അതിബുദ്ധിയോ അത്? അയാൾക്കു കാര്യമെല്ലാം വേണ്ടതിലധികം മനസ്സിലായോ? അതോ തീരെ മനസ്സിലാകുന്നില്ലേ? ഈ ചോദ്യങ്ങളാണ് ജനക്കുട്ടുത്തെ കക്ഷിതിരിച്ചിരുന്നത്; ഇവതന്നെയാണ് ജൂറിമാരേയും ഭിന്നിപ്പിച്ചിരുന്നതെന്നു തോന്നി; ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും രണ്ടും ചെയ്യുന്ന എന്തോ ഒന്ന്, ഈ കേസ്സിലുണ്ട്. ഈ നാടകം ദുഃഖമയമാണെന്നു മാത്രമല്ല അസ്പഷ്ടവുമായിരുന്നു.

പ്രതിഭാഗം വക്കീൽ നല്ല ഭംഗിയിൽ സംസാരിച്ചു—വളരെക്കാലമായി വക്കീൽമാരുടെ വാഗ്മിത്വം നിലനിൽക്കുന്നതും, പാരിസ്സിലേയും മറ്റും അഭിഭാഷക ലോകം മുഴുവനും പണ്ടുപയോഗിച്ചിരുന്നതും, ഇന്നു പരിശുദ്ധഭാഷാശൈലിയായിച്ചമഞ്ഞതുകൊണ്ടു നീതിന്യായക്കോടതികളിലെ ഉദ്യോഗസ്ഥപ്രാസംഗികന്മാരല്ലാതെ—സഗാൌരവമായ മുഴക്കവും അന്തസ്സേറിയ ചുവടകലക്കൂടുതലും കാരണം അവർക്ക് യോജിച്ചതാണ്—മറ്റാരും പ്രയോഗിക്കാറില്ലാത്തതുമായ ആ ഒരു ഗ്രാമൃഭാഷയിൽ—ഭർത്താവിനെ സംബന്ധക്കാരനെന്നും ഭാര്യയെ അകത്തുള്ളവരെന്നും, പാരിസ്സിനെ കലാവിദ്യയുടേയും പരിഷ്കാരത്തിന്റേയും കേന്ദ്രമെന്നും, രാജാവിനെ മഹാരാജാവെന്നും പ്രധാന മെത്രാനെ വിശുദ്ധികൂടിയ പുരോഹിതനെന്നും, ഗവർമ്മെണ്ടു വക്കീലിനെ പൊതുജന വിചാരണയുടെ വാഗ്മിപ്രഭാഷകനെന്നും, അഭിഭാഷകപ്രസംഗത്തെ നാമിപ്പോൾ കേട്ട ശബ്ദധോരണിയെന്നും, ലൂയി പതിന്നാലാമന്റെ കാലത്തെ ശ്രേഷ്ഠശതാബ്ദമെന്നും, നാടകവേദിയെ മെല്‍പൊമീനിന്റെ ദേവാലയമെന്നും, രാജകുടുംബത്തെ നമ്മുടെ മഹാരാജാവിന്റെ ശ്രേഷ്ഠവംശമെന്നും, സംഗീതാഘോഷത്തെ ഗാനോത്സവമെന്നും, പ്രധാനസേനാനായകനെ ഉൽകൃഷ്ടയുദ്ധഭടനെന്നും, മതാധ്യയനാലയത്തിലെ അധ്യേതാക്കളെ ആ പ്രായം കുറഞ്ഞ ചപലതകളെന്നും, പത്രങ്ങളിലെ അബദ്ധങ്ങളെ പത്രപംക്തികളിലൂടെ തന്റെ വിഷത്തെ ഈറിവീഴിക്കുന്ന കുള്ളപ്പണിയെന്നും, മറ്റും, മറ്റും പറയുന്ന ആ ഒരു ഭാഷയിൽ—നല്ല ഭംഗിയിൽ പ്രസംഗിച്ചു. ആപ്പിൾപ്പഴം മോഷ്ടിച്ചു എന്നതിലേക്കുള്ള ഒരു സമാധാനത്തോടുകൂടിയാണ് വക്കീൽ പ്രസംഗമാരംഭിച്ചത്—ഒരു വിലക്ഷണസംഗതി രസകരമായ ഭാഷയിൽ പൊതിഞ്ഞുകാണിച്ചു; എന്നാൽ സാക്ഷാൽ ബെനിങ് ബൊസ്സ്വെയ്ക്കുകൂടി ഒരു ചരമപ്രസംഗത്തിനിടയിൽ ഒരു കോഴിക്കുട്ടിയെപ്പറ്റി പ്രസംഗിക്കേണ്ടിവന്നിട്ടുണ്ട്; അയാൾ ആ ദുർഘടത്തിൽനിന്നു രാജകീയമായ അന്തസ്സോടുകൂടി പുറത്തുകടന്നു. ആപ്പിൾപ്പഴം കട്ടത് വേണ്ടവിധം തെളിയിച്ചുകഴിഞ്ഞിട്ടില്ലെന്നുള്ള വാസ്തവം വക്കീൽ സ്ഥാപിച്ചു. അയാളുടെ കക്ഷി—വക്കീൽ എന്ന നിലയിൽ അയാൾ പ്രതിയെ ഷാങ്മാത്തിയോ എന്നു തന്നെ വിളിക്കുന്നതിൽ ശാഠ്യം പിടിച്ചു—ആ മതിൽ കയറിക്കടന്നതായും ആ കൊമ്പ് ഒടിച്ചതായും ഒരുത്തനും കണ്ടിട്ടില്ല. കൈയിൽ കൊമ്പോടുകൂടി (വക്കീൽ അതു ചില്ലയാണെന്നേ പറയുകയുള്ളൂ) ആ മനുഷ്യൻ പിടിക്കപ്പെട്ടു; പക്ഷേ, അതു മുറിഞ്ഞു നിലത്തു കിടന്നിരുന്നതാണ്. കണ്ടപ്പോൾ താനതെടുത്തു എന്നേ ഉള്ളു എന്ന് അയാൾ പറയുന്നു. അങ്ങനെയില്ലെന്നതിലേക്ക് തെളിവെന്താണുള്ളത്? ആ കൊമ്പ് ഒടിക്കപ്പെട്ടതാണെന്നും മതിൽ കയറിക്കടന്നതിനുശേഷം ഒളിച്ചുവെച്ചതാണെന്നും ഒടുവിൽ ഭയപ്പെട്ടുപോയ ആ കള്ളൻ അതു വലിച്ചെറിഞ്ഞതാണെന്നുമുള്ളതിൽ സംശയിക്കാനില്ല; ഈ കാര്യത്തിൽ ഒരു കള്ളനുണ്ടെന്നുള്ളതിൽ സംശയമില്ല. പക്ഷേ, ആ കള്ളൻ ഷാങ്മാത്തിയോവാണ് എന്നതിന് എന്താണ് തെളിവ്? ഒന്നു മാത്രം. ഒരു തടവുപുള്ളിയാണെന്നുള്ളത്, നിർഭാഗ്യവശാൽ, ആ കാര്യം വേണ്ടവിധം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നത് വക്കീൽ എതിർത്തില്ല; പ്രതി ഫെവറോളെയിൽ താമസിച്ചിരുന്നു; പ്രതി അവിടെ ഒരു മരംവെട്ടുകാരനായിരുന്നു; ഷാങ്മാത്തിയോ എന്ന പേർ ഴാങ് മാത്തിയോ എന്നതിൽനിന്നുത്ഭവിച്ചതാണെന്നു വന്നേക്കാം; ഇതൊക്കെ ശരിയാണ്—ചുരുക്കിപ്പറഞ്ഞാൽ. നാലു സാക്ഷികൾ ഷാങ്മാത്തിയോ തടവുപുള്ളിയായിരുന്ന ഴാങ് വാൽഴാങ്ങാണെന്നു തികച്ചും, സംശയം കൂടാതെയും, കണ്ടറിഞ്ഞിരിക്കുന്നു; ഈ അടയാളങ്ങൾക്ക്, ഈ തെളിവിന്ന്, എതിരായി തന്റെ കക്ഷിയുടെ, പക്ഷപാതമുള്ള ഒരാളുടെ, വാക്കുമാത്രമല്ലാതെ മറ്റൊന്നും വക്കീലിനു കാണിക്കാനില്ല; പക്ഷേ. ആ മനുഷ്യൻ തടവുപുള്ളിയായ ഴാങ് വാൽഴാങ് തന്നെയാണെന്നു വെച്ചാൽത്തന്നെ, അതുകൊണ്ട് അയാളാണ് ആ ആപ്പിൾപ്പഴം കട്ടതെന്നു തെളിഞ്ഞുവോ? ഏറിയാൽ അങ്ങനെ ഒന്നൂഹിക്കാം, എന്നല്ലാതെ അതൊരു തെളിവായില്ല. അപ്പോൾ ബന്ധാവസ്ഥയിലിരിക്കുന്ന പ്രതിയും, ’മനോവിശ്വാസത്തോടുകുടി” അതു സമ്മതിക്കേണ്ടിവന്ന പ്രതിഭാഗം വക്കീലും “ഒരു തിരിഞ്ഞുമറിഞ്ഞ എതിർവാദമാണ് ചെയ്യുന്നതെന്നുള്ളതു ശരിയാണ്. പ്രതി യാതൊന്നും സമ്മതിക്കുന്നില്ല; കളവുമില്ല, തടവുപുള്ളിയാണെന്നുമില്ല. ഒടുവിലത്തെ ഭാഗം സമ്മതിച്ചുകളകയായിരുന്നു നിശ്ചയമായും ഭേദം; വിധികർത്താക്കന്മാരുടെ ദയ അതുകൊണ്ടുണ്ടാകുമായിരുന്നു; അതു ചെയ്യുവാൻ വക്കീൽ കക്ഷിയോടുപദേശിച്ചിരുന്നു; പക്ഷേ, ഒന്നും സമ്മതിക്കാതെ നിന്നാൽ എല്ലാം നേരെയായിക്കൊള്ളുമെന്നു വിചാരിച്ചിട്ടാവും, സംശയമില്ല, പ്രതി വാശിയോടുകൂടി നിഷേധിച്ചു. അതൊരബദ്ധമാണ്; പക്ഷേ, അയാളുടെ ബുദ്ധിയില്ലായ്മ ആലോചിക്കപ്പെടേണ്ട ഒന്നല്ലേ? കാഴ്ചയിൽത്തന്നെ അയാൾ ഒരു മന്തനാണ്. തണ്ടുവലിശിക്ഷസ്ഥലത്തു കിടന്ന് അനുഭവിച്ചിട്ടുള്ള വളരെക്കാലത്തെ കഷ്ടപ്പാടും, അതിൽനിന്നു പുറത്തുകടന്നതിനുശേഷം ഉണ്ടായിട്ടുള്ള വളരെക്കാലത്തെ വലച്ചിലും, ആ മനുഷ്യനെ മൃഗംപോലാക്കിയിരിക്കണം, മറ്റും മറ്റും. ആ മനുഷ്യൻ വേണ്ടവിധം തന്റെ കാര്യം പറഞ്ഞിട്ടില്ല; അയാളെ ശിക്ഷിക്കുന്നതിന് അതൊരു കാരണമാണോ? ഴെർവെയ്ക്കുട്ടിയുടെ കാര്യത്തെപ്പറ്റിയാണെങ്കിൽ, വക്കീൽ യാതൊന്നും പറയേണ്ടതില്ല; അത് ഈ കേസ്സിൽ വന്നിട്ടില്ല. പ്രതി ഴാങ് വാൽഴാങ്ങാണെന്നുള്ള വാദം വാസ്തവമാണെന്നു തോന്നുന്നപക്ഷം ബന്ധാവസ്ഥയിൽനിന്നു ചാടിപ്പോയ കുറ്റത്തിനു പൊല്ലീസ് നിയമപ്രകാരമുള്ള ശിക്ഷകൾ അയാൾക്കു കൊടുക്കുകയല്ലാതെ, രണ്ടാമതും നിയമവിരുദ്ധമായി പ്രവർത്തിച്ചാലുള്ള ഭയങ്കരശിക്ഷ പ്രതിയുടെ മേൽ പതിപ്പിക്കരുതെന്നു ജൂറിമാരോടും കോടതിയോടും അപേക്ഷിച്ചു കൊണ്ടു വക്കീൽ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

ഗവർമ്മെണ്ടുവക്കീല്‍ പ്രതിഭാഗം വക്കീലിന്‍റെ വാദത്തിനു മറുപടി പറഞ്ഞു. എല്ലാ ഗവർമ്മെണ്ടുവക്കീൽമാരെയുംപോലെ അയാളും നല്ല രസത്തിലും ശക്തിയിലും സംസാരിച്ചു.

പ്രതിഭാഗം വക്കീലിന്റെ രാജഭക്തി’യെ അയാൾ അഭിനന്ദിച്ചു; ഈ രാജഭക്തിയെ അയാള്‍ സാമര്‍ത്ഥ്യത്തോടുകുടി തന്റെ ഗുണത്തിന് ഉപയോഗപ്പെടുത്തി. പ്രതിഭാഗം വക്കീലിന്‍റെ എല്ലാ സമ്മതങ്ങളേയും പിടിച്ച് അയാൾ പ്രതിയുടെ മേൽപാഞ്ഞുകയറി. ആ ബന്ധാവസ്ഥയിലിരിക്കുന്ന ആൾ ഴാങ് വാൽഴാങ്ങാണെന്നു പ്രതിവക്കീൽ സമ്മതിച്ചു എന്നു തോന്നുന്നു. ഈ വാദമുഖം അന്യായഭാഗത്തേക്കനുകൂലമായി തീർച്ചപ്പെടുത്തിത്തന്ന സ്ഥിതിക്ക് ഇനി അതിനെപ്പറ്റി വാദിക്കേണ്ടതില്ല. ഇവിടെ, ദുഷ്പ്രവൃത്തികളുടെ ആദികാരണത്തിലേക്കും ഉത്ഭവസ്ഥാനത്തിലേക്കും തിരിഞ്ഞുചെല്ലുന്ന ഒരു സമർഥതരമായ പുതുവിദ്യയോടുകുടി, ആ കാലത്തു പൈശാചികപ്രസ്ഥാനം എന്ന പേരിൽ—ഈ പേർ മറ്റു ഗുണദോഷനിരൂപകന്മാർ കൽപിച്ചുകൊടുത്തതാണ്—പുറപ്പെട്ടുതുടങ്ങിയിട്ടുള്ള പുതിയ പ്രസ്ഥാനത്തിന്റെ ചീത്തത്തെപ്പറ്റി ഗവർമ്മെണ്ടുവക്കീൽ കുറച്ചിട നിന്നു ഗർജ്ജിച്ചു; ഈ പ്രസ്ഥാനത്തിലേക്കു ചേർന്ന ഓരോ നീചഗ്രന്ഥങ്ങളുടെ പ്രചാരമാണ് ഷാങ്മാത്തിയോവിന്റെ, അല്ലെങ്കിൽ കുറെക്കൂടി ശരിയാക്കി പറയുന്നപക്ഷം, ഴാങ് വാൽ ഴാങ്ങിന്റേതുപോലുള്ള ദുഷ്പ്രവൃത്തികളുടെ കാരണമെന്നു—തീരെ അതിൽ സംഭാവ്യത ഇല്ലായ്കയില്ല—അയാൾ വാദിച്ചു. ഈവക ആലോചനകളുടെയെല്ലാം കലവറ തീർന്നതിനുശേഷം, അയാൾ ഴാങ് വാൽഴാങ്ങിനെപ്പറ്റി പറയാനാരംഭിച്ചു. ഈ ഴാങ് വാൽഴാങ് ആരാണ്? ഴാങ് വാൽഴാങ്ങിന്റെ വിവരണം; ഒരു രാക്ഷസൻ, അങ്ങനെ, ഇങ്ങനെ, ഇത്തരം വിവരണത്തിന്റെ മാതൃക തെറാമേനിന്റെ കെട്ടുകഥയിൽ കാണാവുന്നതാണ്; ദുഃഖപര്യവസായികളായ നാടകങ്ങൾക്കിടയിൽ ഇതുകൊണ്ട് ഉപയോഗമൊന്നുമില്ലെങ്കിലും, വക്കീൽമാരുടെ പ്രസംഗചാതുര്യം വർദ്ധിക്കുന്നതിന് ഇതു വളരെ സഹായിക്കുന്നുണ്ട്. കാണികളും ജൂറിമാരും “വിറച്ചു പോയി.” വിവരണം കഴിഞ്ഞതിനു ശേഷം പൊല്ലീസ് മേലധ്യക്ഷന്റെ വക പിറ്റേദിവസത്തെ ദിനസരിക്കുറിപ്പുകൾക്ക് ഉശിരു കൂട്ടുവാൻ പറ്റിയവിധം ഒരു വാഗ്മിതയോടുകൂടി ഗവർമ്മെണ്ടു വക്കീൽ ആരംഭിച്ചു: തെമ്മാടിയും ഇരപ്പാളിയും കഴിഞ്ഞു കൂടുവാൻ വഴിയില്ലാത്തവനും മറ്റും മറ്റുമായി ദുഷ്പ്രവൃത്തികൾക്കുള്ള പഴയകാലത്തെ വാസനയാൽ പ്രേരിതനും, ഴെർവെയ്ക്കുട്ടിയുടെ കാര്യത്തിൽ പ്രവർത്തിച്ച ദുഷ്കർമംകൊണ്ടു തെളിഞ്ഞപോലെ, തണ്ടുവലിശിക്ഷസ്ഥലത്തു കിടന്നതുകൊണ്ടു യാതൊരു മനഃപരിഷ്കാരവും വരാത്തവനുമായി, അങ്ങനെയുള്ള ഒരുത്തനാണ്, കയറിക്കടന്ന മതിലിന്റെ അടുത്തുവെച്ച്, അപ്പോഴും കൈയിൽ മോഷ്ടിക്കപ്പെട്ട സാധനത്തോടുകൂടി നില്‍ക്കെ പിടിക്കപ്പെട്ടിട്ടുള്ള അങ്ങനെ ഒരുവനാണ്, താൻ കുറ്റം പ്രവർത്തിച്ചിട്ടില്ലെന്നു, കേട്ടിട്ടില്ലെന്നു, മതിൽ കയറിക്കടന്നിട്ടില്ലെന്ന്, എതിർവാദം ചെയ്യുന്നത്. സകലവും അവൻ നിഷേധിക്കുന്നു, താൻ ആരാണെന്നു കൂടി അവൻ നിഷേധിക്കുന്നു! വേറെ ഒരു നൂറു തെളിവുകളുള്ളതിനു പുറമെ—അവയൊക്കെ ഇനിയും നമുക്കാവർത്തിക്കേണ്ട—അതാ നാലു സാക്ഷികൾ അവനെ കണ്ടറിഞ്ഞിരിക്കുന്നു—സത്യനിഷ്ഠനായ പൊല്ലീസ്സിൻസ്പെക്ടർ ഴാവേറും, തടവിൽ കൂട്ടുകാരായിരുന്ന ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നി മൂന്നു തടവുപുള്ളികളും. ഈ അമ്പരപ്പിച്ചുകളയുന്ന തെളിവിന്നെതിരായി അയാളുടെ പക്കൽ എന്തുണ്ട്? അയാളുടെ നിഷേധം എന്തു ദുശ്ശാഠ്യം! മാന്യന്മാരായ ജൂറിമാരേ, നിങ്ങൾ നീതി പ്രവർത്തിക്കും, മറ്റും മറ്റും ഗവർമ്മേണ്ടുവക്കീൽ പ്രസംഗിക്കുമ്പോൾ, ഏതാണ്ടൊരു ബഹുമാനം നിശ്ചയമായും കൂടികലർന്നിട്ടുള്ള ഒരുതരം അമ്പരപ്പോടുകുടി, പ്രതി വായും പിളർന്നു കേട്ടുകൊണ്ടു നിന്നു. ഒരു മനുഷ്യൻ ഇങ്ങനെ സംസാരിക്കുന്നുവല്ലോ എന്നു കാഴ്ചയിൽ അയാൾ അത്ഭുതപ്പെട്ടു. അന്യായവക്കീലിന്റെ പ്രസംഗത്തിലെ ആ ’ഉശിരുകയറി’ ക്കൊണ്ടുള്ള അതാതു സന്ദർഭങ്ങളിൽ, ഉള്ളിലൊതുങ്ങാത്ത വാഗ്മിത്വം വാടിപ്പിക്കുന്ന വാക്കുകളുടെ ഒരു തള്ളിക്കയറ്റമായി പൊട്ടിയൊഴുകുകയും ഒരു വേലിയേറ്റംപോലെ പ്രതിയെ മൂടിക്കളയുകയും ചെയ്യുമ്പോൾ, ആ പ്രസംഗത്തിന്റെ ആരംഭം മുതല്‍ക്ക് എന്തൊന്നു കൊണ്ടു താൻ തൃപ്തിപ്പെട്ടുപോന്നുവോ ആ നിശ്ശൂബ്ദവും ദുഃഖമയവുമായ തന്റെ വിസമ്മതം കാണിക്കലായി പതുക്കെ ഇടത്തുനിന്നു വലത്തോട്ടും വലത്തു നിന്നിടത്തോട്ടും, ഇടയ്ക്കിടയ്ക്ക്, ആ മനുഷ്യൻ തലയൊന്നിളക്കിയിരുന്നു. രണ്ടോ മുന്നോ തവണ പ്രതിക്കു വളരെ അടുത്തു നിന്നിരുന്ന കാണികൾ, ഒരു താഴ്‌ന്ന സ്വരത്തിൽ അയാൾ ഇങ്ങനെ പറയുന്നതു കേട്ടിരുന്നു, “അതാണ് മൊസ്സ്യു ബാലുവോടു ചോദിക്കാഞ്ഞാലുണ്ടാവുക.” കാഴ്ചയിൽത്തന്നെ മനഃപുർവമായതും, ബുദ്ധിശുന്യതയെയല്ല, കൌാശലത്തേയും സാമർഥ്യത്തേയും നീതിന്യായത്തെ തോല്‍പിക്കുന്നത് ഒരു സാത്മൃമായിത്തിർന്നിട്ടുണ്ടെന്നതിനേയും കാണിക്കുന്നതും, ആ മനുഷ്യൻ ”എന്തായാലും നേരെയാവില്ലെ’ന്നതിനെ തികഞ്ഞ നഗ്നതയിൽ പ്രകാശിപ്പിക്കുന്നതുമായ ആ മന്തത്തത്തോടുകുടിയ നില്പ് വിശേഷിച്ചും നോക്കിക്കാണേണ്ടതാണെന്നു ഗവർമ്മേണ്ടു വക്കീൽ ജുറിമാർക്കു പറഞ്ഞുകൊടുത്തു. ഴെർവെയ്ക്കുട്ടിയുടെ കാര്യം മറ്റൊരു സന്ദർഭത്തിലേക്കായി കലവറയിൽ വെച്ചുകൊണ്ടും, കഠിനമായ ഒരു ശിക്ഷ കൊടുപ്പാൻ ജുറിമാരോട് ആവശ്യപ്പെട്ടുകൊണ്ടും വക്കീൽ പ്രസംഗമവസാനിപ്പിച്ചു.

ആ കാലത്തു, വായനക്കാർ ഓർമിക്കാവുന്നവിധം, ജീവപര്യന്തം കഠിനതടവായിരുന്നു ശിക്ഷ.

പ്രതിഭാഗം വക്കീൽ എണീറ്റു; ഗവർമ്മേണ്ടുവക്കീലിന്റെ ’കൌതുകകരമായ പ്രസംഗത്തെ” അഭിനന്ദിച്ചുകൊണ്ടാരംഭിച്ചു, തന്നാൽ സാധിക്കുന്നവിധമെല്ലാം അയാൾ സമാധാനം പറഞ്ഞു; പക്ഷേ, അയാൾ കുറച്ചു ചെല്ലുന്തോറും അധികം ക്ഷീണിക്കാൻ തുടങ്ങി; അയാളുടെ കാലിന്നടിയിൽനിന്നു നിലം താണുതാണു പോയിരുന്നു എന്നു കണ്ടാൽത്തന്നെ തോന്നും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.