images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.10
നിഷേധിക്കലിന്റെ രീതി

കേസ്സ് അവസാനിപ്പിക്കേണ്ട സമയമായി. വിചാരണ ചെയ്യുന്ന പ്രധാന ജഡ്ജി പ്രതിയോട് എഴുന്നേറ്റു നില്‍ക്കാൻ കല്പിച്ചു. “നിനക്ക് ഇനി എന്തെങ്കിലും വിശേഷിച്ചു പറയാനുണ്ടോ?” എന്നുള്ള പതിവു ചോദ്യം ചോദിച്ചു.

ആ മനുഷ്യന്നു യാതൊന്നും മനസ്സിലാവുന്നില്ലെന്നു തോന്നി; തന്റെ പക്കലുള്ള ഒരു വല്ലാത്ത തൊപ്പി കൈയിലിട്ടു ചുരുട്ടി മടക്കിക്കൊണ്ട് അയാൾ അവിടെ നിന്നു. പ്രധാനജഡ്ജി തന്റെ ചോദ്യം ആവർത്തിച്ചു.

ഇത്തവണ ആ മനുഷ്യൻ കേട്ടു. അയാൾക്കതു മനസ്സിലായി എന്നു തോന്നി. അപ്പോൾ ഉറക്കമുണർന്ന ഒരാളെപ്പോലെ അയാൾ ഒന്നനങ്ങി, നാലുപുറവും നോക്കി, കാണികളേയും പട്ടാളക്കാരേയും തന്റെ വക്കീലിനേയും ജൂറിമാരേയും കോടതിയേയും തുറിച്ചുനോക്കി, തന്റെ ബെഞ്ചിനു മുൻപിലുള്ള മരപ്പണിയുടെ വക്കത്തു രാക്ഷസോചിതമായ തന്റെ മുഷ്ടിയമർത്തി ഒന്നുകൂടി നോക്കി, എന്നിട്ടു പെട്ടെന്നു ഗവർമ്മേണ്ടുവക്കീലിന്റെമേൽ ദൃഷ്ടി പതിച്ചു പറയാൻ തുടങ്ങി. അതൊരു പൊട്ടിപ്പുറപ്പെടലായിരുന്നു; പരസ്പരസംബന്ധമില്ലാതേയും, വിവേകരഹിതമായും, സമ്മിശ്രതരമായും തമ്മിൽത്തമ്മിൽത്തട്ടി മറിഞ്ഞുകൊണ്ടും വാക്കുകൾ വായിൽനിന്നു പുറപ്പെട്ടിരുന്ന മട്ടുകൊണ്ടു നോക്കുമ്പോൾ, അവയെല്ലാംകൂടി ഒരേസമയത്തു പുറത്തുകടക്കാൻ തിരക്കുകയാണെന്നു തോന്നി. അയാൾ പറഞ്ഞു; ഇതാണ് എനിക്കു പറയാനുള്ളത്, ഞാൻ പാരിസ്സിൽ ഒരു വണ്ടിപ്പണിക്കാരനായിരുന്നു; അതു മൊസ്സ്യു ബാലുവിന്റെ കീഴിലാണ്. അതൊരു രസമില്ലാത്ത പണിയാണ്. വണ്ടിപ്പണിക്കാരന്ന് എപ്പോഴും തുറസ്സായ സ്ഥലത്തു, മുറ്റത്തു, എജമാനന്മാർ നല്ലവരായാൽ വെച്ചുകെട്ടിയുടെ ഉള്ളിൽ—സ്ഥലം പോവുന്നതുകൊണ്ട് ഒരിക്കലും പണിപ്പുരയുടെ അകത്തുവെച്ചല്ല—അവിടെ വെച്ചാണ് പണിയെടുക്കേണ്ടതെന്ന് അറിയാമല്ലോ. മഴക്കാലത്ത് ആളുകൾ അത്രയും തണുത്തുപോകുന്നതുകൊണ്ടു ചൂടു തോന്നാൻ കൈകൊണ്ടു താളം പിടിക്കുന്നു; പക്ഷേ, എജമാനന്മാർക്ക് അത് രസമല്ല; അതു സമയം കളയുന്നു എന്നാണ് അവർ പറയുന്നത്. കൽവിരിപ്പുകളുടെ ഇടയിൽ മഞ്ഞിൻകട്ടയുള്ളപ്പോൾ ഇരുമ്പെടുത്തു മേടുന്നതു വല്ലാത്ത പണിയാണ്. അതു ക്ഷണത്തിൽ ആളുകളെ കിഴവന്മാരാക്കുന്നു. അപ്പണിക്കാർക്ക് നന്നേ ചെറുപ്പത്തിൽതന്നെ വയസ്സായിപ്പോകുന്നു. നാല്പതായാൽ ആ ഒരു മനുഷ്യന്റെ കാര്യം തീർന്നു. എനിക്ക് അമ്പത്തിമൂന്നായി. എനിക്കു വയ്യാതായി. അപ്പോൾ കൂലിപ്പണിക്കാരൊക്കെ മോശംമട്ടുകാരാണ്. ഒരാൾക്കു ചെറുപ്പമല്ലെന്നു കണ്ടാൽ അവനെ അവർ തന്തക്കഴു, തന്തജന്തു എന്നൊക്കെയേ വിളിക്കു! എനിക്കു ദിവസത്തിൽ മുപ്പതു സു വിലധികം കിട്ടിയിരുന്നില്ല. കഴിയുന്നതും കുറച്ചേ അവർ എനിക്കു കുലി തരാറുള്ളു. എന്റെ പ്രായാധികൃത്തെ എജമാനന്മാർ ഒരു തഞ്ചമാക്കി—പിന്നെ എനിക്കു മകളുണ്ട്; അവൾ പുഴയ്ക്കൽ ഒരലക്കുകാരിയാണ്. അവളും കുറച്ചു സമ്പാദിക്കും. ഞങ്ങൾക്കു രണ്ടുപേർക്കുംകുടി അതു മതി. അവൾക്കുമുണ്ട് ബുദ്ധിമുട്ട്; പകൽ മുഴുവനും അരയ്ക്കു വെള്ളത്തിൽ തൊട്ടിയിൽ, മഴയത്തു, മഞ്ഞത്തു, നില്‍ക്കണം. കാറ്റ് മുഖത്തെ ചെത്തിമുറിക്കുംപോലെ, എന്തും ഉറച്ച് കട്ടിയാകുന്ന സമയത്തും ഒക്കെ ശരി, നിന്നലക്കണം. കുറച്ചുമാത്രം വസ്ത്രമുള്ളവരുണ്ട്; അവർക്കു വൈകിക്കൂടാ; അലക്കിക്കൊടുത്തില്ലെങ്കിൽ അവർ.വേറെ ആളെയാക്കും. തൊട്ടിയുടെ പലകകൾ ചേർത്തിട്ടുള്ളത് അടുപ്പിച്ചായിരിക്കില്ല; എല്ലായിടത്തു നിന്നും വെള്ളം ദേഹത്തിൽ ഇറ്റിറ്റുവീഴും; ഉള്ളുടുപ്പും മുകളിലും താഴത്തും ഒരു പോലെ ഈറനാവും. അതു തുളച്ചുകടക്കുന്നു. കുഴലിലൂടെ വെള്ളം കിട്ടുന്ന ആങ് ഫ്രാങ് ഴൂഷിലെ അലക്കുപുരയിലും അവൾ പണിയെടുത്തിട്ടുണ്ട്. അവിടെ തൊട്ടിയിൽ നില്‍ക്കേണ്ടാ; മുൻപിലുള്ള വെള്ളക്കുഴലിന്നടുത്തു പിടിച്ചു തിരുമ്മുകയും പിന്നിലുള്ള പാത്രത്തിലിട്ട ഒലുമ്പുകയും ചെയ്താൽ മതി. മൂടിയ സ്ഥലമായതുകൊണ്ട്, അവിടെ അത്ര തണുപ്പില്ല; പക്ഷേ, അവിടെ ചുട്ട ആവിയുണ്ട്; അതു വല്ലാത്തതാണ്; കണ്ണു കളയും. വൈകുന്നേരം ഏഴുമണിക്ക് അവൾ വീട്ടിൽ മടങ്ങിയെത്തി ഉടനെ ചെന്നു കിടക്കും; അവൾ അത്ര ക്ഷീണിച്ചിരിക്കും. അവളുടെ ഭർത്താവ് അവളെ അടിച്ചിരുന്നു. അവൾ മരിച്ചു. ഞങ്ങൾക്കു വലിയ സുഖമുണ്ടായിരുന്നില്ല. അവൾ ഒരു നല്ല പെൺകിടാവായിരുന്നു; അവൾ നൃത്തവിനോദത്തിനൊന്നും പോയിരുന്നില്ല; ഒതുങ്ങിയ മട്ടുകാരിയാണ്. എനിക്കോർമയുണ്ട്. ഒരു കുറി നോൽമ്പിൽ തലേദിവസം അവൾ എട്ടുമണിക്കു പോയി കിടന്നു. അതാ, അപ്പോൾ ഞാൻ നേരാണ് പറയുന്നത്; അന്വേഷിച്ചാൽ കഴിഞ്ഞു. ഹാ, ശരി! ഞാനെന്തു വിഡ്ഡി! പാരിസ്സ് ഒരു ഗുഹയാണ്. ഫാദർ ഷാങ്മാത്തിയോവിനെ അവിടെ ആരറിയും? പക്ഷേ, ഞാൻ പറയാം, മൊസ്സ്യൂ ബാലു അങ്ങനെയല്ല, ബാലുവിന്റെ വീട്ടിൽ പോയന്വേഷിച്ചുനോക്കു; ആകപ്പാടെ എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.”

ആ മനുഷ്യൻ സംസാരം നിർത്തി. അനങ്ങാതെ നിന്നു. ഉച്ചത്തിലുള്ളതും വേഗത്തോടുകൂടിയതും പരുപരുപ്പേറിയതുമായ ഒരു സ്വരത്തിലാണ്, ഏതാണ്ടു ശുണ്ഠിപിടിച്ചതും കാടന്മാർക്കു ചേർന്നതുമായ ഒരു നിഷ്കപടതയോടുകൂടിയാണ്, അയാൾ ഇതൊക്കെ പറഞ്ഞവസാനിപ്പിച്ചത്. ഒരിക്കൽ ആ ആൾക്കൂട്ടത്തിൽ ആരെയോ കണ്ട് ഉപചരിക്കുവാൻവേണ്ടി അയാൾ തല കുനിച്ചു. അപ്പപ്പോൾ തന്റെ മുൻപിലേക്ക് അയാൾ വലിച്ചെറിഞ്ഞിരുന്നപോലുള്ള ആ ഉറപ്പിച്ച വാക്കുകൾ ഓരോ ചുമപോലെ പുറത്തേക്കു വന്നു; ഓരോന്നിനും പാകത്തിൽ മരം വെട്ടിപ്പൊളിക്കുന്ന ഒരു വെട്ടുകാരന്റേതുപോലുള്ള ഓരോ ആംഗ്യവും അയാൾ കൂട്ടിച്ചേർത്തിരുന്നു. അയാളുടെ പ്രസംഗം അവസാനിച്ചപ്പോൾ, അവിടെയുള്ള കാണികളെല്ലാം പൊട്ടിച്ചിരിച്ചു. അയാൾ പൊതുജനക്കൂട്ടത്തെ തുറിച്ചുനോക്കി; അവരെല്ലാം ചിരിക്കുന്നതു കണ്ടപ്പോൾ, എന്തിനെന്നറിഞ്ഞുകുടാതെ അയാളും ചിരിക്കാൻ തുടങ്ങി.

അതമംഗലമായി.

സശ്രദ്ധനും സുശീലനുമായ പ്രധാനജഡ്ജി പറയാനാരംഭിച്ചു.

അദ്ദേഹം ജൂറിമാർക്ക് ഓർമപ്പെടുത്തിക്കൊടുത്തു; “പ്രതി കീഴിൽ പണിയെടുത്തിരുന്നു എന്നു പറഞ്ഞ ആൾക്കു, മുൻപ് വണ്ടിപ്പണിക്കാരുടെ മേലാളായിരുന്ന മൊസ്സ്യു ബാലുവിനു, കല്പനയയച്ചിട്ടു ഫലമുണ്ടായില്ല. അയാൾ പൊളിഞ്ഞു പോയിരിക്കുന്നു; അന്വേഷിച്ചിട്ടു കാണാനില്ല.” പിന്നീടു പ്രതിയുടെ നേരെ നോക്കി, താൻ പറയുന്നതിനെ നല്ലവണ്ണം മനസ്സിരുത്തി കേൾക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു; എന്നിട്ടു തുടർന്നു പറഞ്ഞു: “നല്ലവണ്ണം ആലോചിച്ചുനോക്കേണ്ടത് അത്യാവശ്യമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ നിന്റേത്. നിന്നെപ്പറ്റി ഏറ്റവും സഗൌരവങ്ങളായ ചില ഊഹങ്ങൾ വന്നുകൂടിയിരിക്കുന്നു; അവയിൽനിന്നു കഠിനങ്ങളായ ഫലങ്ങൾ ഉണ്ടായിത്തീർന്നേക്കും. നിന്റെ സ്വന്തം ഗുണത്തിനായി രണ്ടു സംഗതിയെപ്പറ്റി വ്യക്തമായി സമാധാനം പറയുവാൻ ഞാൻ ഒന്നുകൂടി ആവശ്യപ്പെടുന്നു. ഒന്നാമത് പീറൺതോട്ടത്തിന്റെ മതിൽ കയറിക്കടക്കുകയും, മരക്കൊമ്പൊടിക്കുകയും, ആപ്പിൾപ്പഴം കക്കുകയും നീ ചെയ്തുവോ, ഇല്ലയോ; എന്നുവെച്ചാൽ, സമ്മതം കൂടാതെ അകത്തു കടക്കുകയും മോഷണം ചെയ്യുകയുമുണ്ടായോ? രണ്ടാമതു, തടവിൽനിന്നു വിട്ടുപോന്ന കള്ളപ്പുള്ളിയായ ഴാങ് വാൽഴാങ് നീയാണോ—അതേയോ, അല്ലയോ?”

ആ കേട്ടതു നല്ലവണ്ണം മനസ്സിലാക്കുകയും എന്താണ് മറുപടി പറയേണ്ടതെന്നുറയ്ക്കുകയും ചെയ്ത ഒരാളെപ്പോലെ തടവുപുള്ളി ഒരു സമർത്ഥതരമായ ഭാവവിശേഷത്തിൽ തലയൊന്നിളക്കി. അയാൾ വായ തുറന്നു, പ്രധാന ജഡ്ജിയുടെ നേരെ നോക്കി പറഞ്ഞു: ഒന്നാമത്—’

എന്നിട്ട് അയാൾ തന്റെ തൊപ്പിയൊന്നു നോക്കിക്കണ്ടു, തട്ടിന്മേലേക്കു തുറിച്ചുനോക്കി, മിണ്ടാതെ നിന്നു.

തടവുപുള്ളി, ഒരു സഗൌരവസ്വരത്തിൽ ഗവർമ്മെണ്ടുവക്കീൽ പറഞ്ഞു, ’പറയുന്നത് ശ്രദ്ധ വെച്ചു കേൾക്കൂ. ചോദിച്ചതിനൊന്നിനും താൻ ഇതേവരെ ഉത്തരം പറഞ്ഞിട്ടില്ല. തന്റെ അമ്പരപ്പു തന്നെ ശിക്ഷിക്കുന്നു. ഷാങ്മാത്തിയോ എന്നല്ല തന്റെ പേരെന്നുള്ളതു വെളിവാണ്. താൻ തടവുപുള്ളിയായ ഴാങ് വാൽഴാങ്ങാണ്. ആ പേർ അമ്മയുടെ പേരായ ഷാങ് മാത്തിയോ എന്നതിൽ ഒളിച്ചുവെച്ചു; താൻ ഓവർണിൽ പോയി; താൻ ജനിച്ചിട്ടുള്ളതു ഫെവറോളെയിലാണ്; അവിടെ ഒരു മരംവെട്ടുകാരനായിരുന്നു. താൻ പീറൺതോട്ടത്തിൽ കടക്കുകയും ആപ്പിൾപ്പഴം കക്കുകയും ചെയ്തു എന്നതു സ്പഷ്ടമാണ്. ജുറിമാർ അവരുടെ അഭിപ്രായം ഉണ്ടാക്കിക്കൊള്ളും.”

തടവുപുള്ളി ഒടുക്കം അവിടെ ഇരിക്കുകയായിരുന്നു; വക്കീൽ പറഞ്ഞവസാനിപ്പിച്ചുപ്പോൾ അയാൾ പെട്ടെന്നെണീറ്റ് ഉച്ചത്തിൽ പറഞ്ഞു: “നിങ്ങൾ ഒരു വല്ലാത്ത ദുഷ്ടനാണ്, അതുതന്നെയാണ് നിങ്ങൾ! ഇതാണ് എനിക്കു പറയാനുണ്ടായിരുന്നത്; ആദ്യത്തിൽ എനിക്കതിനു വാക്കു കിട്ടിയില്ല. ഞാൻ യാതൊന്നും കട്ടിട്ടില്ല. എല്ലാ ദിവസവും ഓരോന്നു ഭക്ഷിക്കാൻ കിട്ടാറില്ലാത്തവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ. ഞാൻ എയിലിയിൽനിന്നു വരുകയായിരുന്നു; നാടൊക്കെ മഞ്ഞപ്പിച്ച ഒരു മഴ പെയ്തുകഴിഞ്ഞതിനുശേഷം ഞാൻ നാട്ടുപുറത്തുടെ നടന്നുപോന്നു. ചെറു കുളങ്ങൾകൂടി വെള്ളം നിറഞ്ഞൊഴുകിയിരുന്നു. വഴിവക്കത്തുള്ള ചെറിയ പുല്ലിൻ കുമ്പുകളല്ലാതെ, മറ്റൊന്നും മണ്ണിൽനിന്നു പൊന്തിയിരുന്നില്ല. ആപ്പിൾപ്പഴത്തോടുകൂടിയ ഒരു മരക്കൊമ്പ് നിലത്തു കിടക്കുന്നതു ഞാൻ കണ്ടു; എന്നെ അപകടത്തിലാക്കിയേക്കുമെന്നറിയാതെ അതു ഞാൻ കടന്നെടുത്തു. ഞാൻ തടവിലായി; അവരെന്നെ മൂന്നു മാസത്തോളമായി വലിച്ചുകൊണ്ടു നടക്കുന്നു; ഇതിലധികമൊന്നും എനിക്കു പറയാനില്ല; ആളുകൾ എന്നെപ്പറ്റി ദോഷം പറഞ്ഞുണ്ടാക്കുന്നു; ചോദിച്ചതിനു മറുപടി പറയൂ” അവർ പറയുന്നു: പട്ടാളക്കാരൻ—അയാൾ ഒരു നല്ലൊരുത്തനാണ്—എന്റെ കൈമുട്ടിന്മേൽ മുട്ടുകൊണ്ടിടിച്ചു. പതുക്കെ എന്നോടു പറയുന്നു, “ആട്ടെ, ഉള്ളതു പറയു.” എനിക്ക് എങ്ങനെയാണ് കാര്യം പറഞ്ഞു മനസ്സിലാക്കേണ്ടതെന്നറിഞ്ഞുകൂടാ; എനിക്ക് പഠിപ്പൊന്നുമില്ല; ഞാനൊരു പാവമാണ്; ഇവിടെയാണ് ആളുകൾ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്. അവർക്കതു മനസ്സിലാവുന്നില്ല. ഞാൻ കട്ടിട്ടില്ല; നിലത്തുനിന്ന് അവിടെ കിടന്നിരുന്ന സാധനങ്ങൾ ഞാൻ പെറുക്കിയെടുത്തു. നിങ്ങൾ പറയുന്നു, ഴാങ് വാൽഴാണ്, ഷാങ്മാത്തിയോ. ഞാൻ അവരെ ആരെയും അറിയില്ല; അവർ നാട്ടുപുറത്തുകാരാണ്. ഞാൻ മൊസ്സ്യു ബാലുവിന്റെ കീഴിൽ പണിയെടുത്തിരുന്നു; എന്റെ പേർ ഷാങ്മാത്തിയോ എന്നാണ്. ഞാൻ ജനിച്ചത് എവിടെയാണെന്നു പറഞ്ഞതു നിങ്ങളുടെ വല്ലാത്ത സാമർഥ്യംതന്നെ; എനിക്കുതന്നെ അതറിഞ്ഞുകൂടാ; ലോകത്തിൽ വന്നു ജനിക്കുന്നതിനു വീടുള്ളവർ എല്ലാവരുമില്ല; അങ്ങനെയായാൽ വളരെ സൌകര്യമുണ്ട്. എന്റെ അച്ഛനും അമ്മയും നിരത്തുവഴികളിലൂടെ അലഞ്ഞു നടന്നിരുന്നവരാണെന്നു ഞാൻ വിചാരിക്കുന്നു; അങ്ങനെയല്ലെന്നു പറയാൻ എനിക്കറിവില്ല. ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകൾ എന്നെ ചെക്കൻ എന്നു വിളിച്ചിരുന്നു; ഇപ്പോൾ അവർ തന്ത എന്നു പറയുന്നു; ഇവയാണ് എനിക്കിട്ടിട്ടുള്ള പേര്; നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അവ സ്വീകരിക്കാം. ഞാൻ ഓവർണിലായിരുന്നു, ഫെവറോളെയിലും ഉണ്ടായിരുന്നു. ഈശ്വരാ! അപ്പോൾ ഒരു മനുഷ്യനു തണ്ടുവലിശിക്ഷസ്ഥലത്തു പോകാതെ ഓവർണിലും ഫെവറോളെയിലും ഉണ്ടായിക്കൂടാ എന്നുണ്ടോ? ഞാൻ പറയുന്നു, ഞാൻ കട്ടിട്ടില്ല. ഞാൻ ഫാദർ ഷാങ്മാത്തിയോവാണ്; ഞാൻ മൊസ്സ്യു ബാലുവിന്റെ കീഴിൽ പണിയെടുത്തിരുന്നു; എനിക്കു സ്ഥിരമായി ഒരു പാർപ്പിടമുണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ വിഡ്ഡിത്തംകൊണ്ട് അതാ, എന്നെ സ്വൈരംകെടുത്തുന്നു! എന്തിനാണ് എല്ലാവരുംകൂടി എന്നെ ഇങ്ങനെ കഠിനമായി ബുദ്ധിമുട്ടിക്കുന്നത്?

ഗവർമ്മെണ്ടുവക്കീൽ നില്‍ക്കുകതന്നെയായിരുന്നു; അയാൾ പ്രധാന ജഡ്ജിയെ നോക്കി പറഞ്ഞു: ’തടവുപുള്ളിയുടെ സമ്മിശ്രങ്ങളും സമർത്ഥങ്ങളുമായ നിഷേധങ്ങൾ നോക്കുമ്പോൾ—അയാൾ ഒരു മന്തനാണെന്നു വരുത്താനാണ് ഭാവം; പക്ഷേ, അതു നമുക്കാലോചിക്കാം—തടവുപുള്ളികളായ ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നിവരേയും, പൊല്ലീസ്സിൻസ്പെക്ടർ ഴാവേറെയും ഒരിക്കൽക്കൂടി വരുത്തി, ഈ തടവുപുള്ളിയും ഴാങ് വാൽഴാങ്ങും ഒരാൾതന്നെയല്ലേ എന്നുള്ള കാര്യം ഒടുവിലത്തെത്തവണ ഒന്നു വിചാരണ ചെയ്വാൻ കോടതിക്കിഷ്ടമുണ്ടായാൽ കൊള്ളാം.

“ഞാൻ ഗവർമ്മെണ്ടുവക്കീലിനെ ഓർമപ്പെടുത്തുന്നു, പ്രധാന ജഡ്ജി പറഞ്ഞു; “ഇൻസ്പെക്ടർ ഴാവേർ, ആ നഗരത്തിൽ കാര്യമുള്ളതുകൊണ്ടു തന്റെ വാമൊഴി തന്ന ഉടനെ കോടതിയിൽനിന്നും, ഈ പ്രദേശത്തുനിന്നുതന്നെയും പോയിരിക്കുന്നു; നാം അദ്ദേഹത്തിന്നു, ഗവർമ്മെണ്ടുവക്കീലിന്റേയും പ്രതിഭാഗം വക്കീലിന്റേയും അനുമതിയോടുകൂടി അതിനു സമ്മതവും കൊടുത്തു.”

“അതു വാസ്തവമാണ്, ’ ഗവർമ്മെണ്ടുവക്കീൽ പറഞ്ഞു: മൊസ്സ്യൂ, ഴാവേർ ഇല്ലാത്ത സ്ഥിതിക്ക് അദ്ദേഹം കുറച്ചു മുമ്പു പറഞ്ഞതിനെ ജൂറിമാർക്ക് ഓർമപ്പെടുത്തിക്കൊടുക്കുന്നത് എന്റെ മുറയാണെന്നു ഞാൻ വിചാരിക്കുന്നു. ഴാവേർ ബഹുമാനിക്കപ്പെടേണ്ട ഒരാളാണ്, അപ്രധാനങ്ങളായാലും സാരവത്തുക്കളായ കാര്യങ്ങളിൽ അദ്ദേഹം നിഷ്ഠയോടും സ്ഥിരതയോടുംകുടി പ്രവർത്തിക്കും.” ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മൊഴി. “തടവുപുള്ളി കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്നത് ശരിയല്ലെന്നു തെളിയിക്കാൻ മറ്റു തെളിവുകളും ഊഹങ്ങളുമൊന്നും എനിക്കുകിട്ടേണ്ട ആവശ്യംതന്നെ തോന്നുന്നില്ല. ഞാൻ അയാളെ തികച്ചും കണ്ടറിയും. ഈ മനുഷ്യന്റെ പേർ ഷാങ്മാത്തിയോ എന്നല്ല; തടവിൽനിന്നു വിട്ടുപോന്ന ഴാങ് വാൽഴാങ് എന്നൊരുവനാണ് ഈ മനുഷ്യൻ; ആ ഴാങ് വാൽഴാങ് വളരെ തെമ്മാടിയും ഭയപ്പെടേണ്ടവനുമാണ്. അവധി കഴിഞ്ഞിട്ട് അവനെ തടവിൽനിന്ന് അന്നു വിട്ടിട്ടുള്ളതുതന്നെ വൃസനപുർവമാണ്. കളവുകാര്യത്തിൽ അവൻ പത്തൊമ്പതുകൊല്ലം തടവിൽ കിടന്നിരിക്കുന്നു. ഴെർവെയ്ക്കുട്ടിയുടെ കൈയിൽനിന്നും പീറൺതോട്ടത്തിൽനിന്നും ഉള്ളതിനുപുറമെ, കഴിഞ്ഞുപോയ ഡി.യിലെ മെത്രാന്റെ വീട്ടിൽവെച്ചും ഈ മനുഷ്യൻ ഒരു കളവു നടത്തിയിട്ടുള്ളതായി ഞാൻ സംശയിക്കുന്നുണ്ട്. തുലോങ്ങിലെ തടവുപുള്ളിപ്പാറാവുസൈന്യത്തിന്റെ മേലാളായിരുന്ന കാലത്തു പലപ്പോഴും ഞാൻ ഇയ്യാളെ കണ്ടിട്ടുണ്ട്. ഞാൻ ഈ മനുഷ്യനെ തികച്ചും കണ്ടറിയുമെന്ന് ഒരിക്കൽക്കൂടി പറയുന്നു.”

തികച്ചും സംശയഹീനമായ ഈ വാമൊഴി കാണികളിലും ജൂറിമാരിലും സ്പഷ്ടമായി ഫലിച്ചു കണ്ടു. ഴാവേർ ഇല്ലാത്ത സ്ഥിതിക്ക്, ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നീ മൂന്നു സാക്ഷികളേയും ഒരിക്കൽക്കൂടി വരുത്തി സത്യത്തിന്മേൽ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർമ്മെണ്ടുവക്കീൽ അവസാനിപ്പിച്ചു.

പ്രധാന ജഡ്ജി ഒരു ശിപായിക്കു കല്പന കൊടുത്തു; കുറച്ചു കഴിഞ്ഞപ്പോൾ, സാക്ഷിമുറിയുടെ വാതിൽ തുറക്കപ്പെട്ടു. ആയുധംകൊണ്ടു വേണ്ട സഹായം ചെയ്വാൻ ഒരുങ്ങിയിട്ടുള്ള ഒരു പട്ടാളക്കാരനോടുകൂടി, ശിപായി തടവുപുള്ളിയായ ബ്രവെയെ ഹാജരാക്കി. കാണികൾ ഉൽക്കണ്ഠിതരായി; ഒരാത്മാവു മാത്രമാണ് എല്ലാവർക്കും എന്നപോലെ, എല്ലാ മാറിടങ്ങളും തുടിച്ചു. സെൻട്രൽ ജെയിലിലുള്ളവരുടെ കറുപ്പും ചാരനിറവും കൂടിയ കുപ്പായമാണ് ബ്രവെ ധരിച്ചിരുന്നത്. ആ മനുഷ്യന്നു വയസ്സറുപതായി; പ്രവൃത്തികളിൽ ജാഗ്രതയുള്ള ഒരുവന്റെ മുഖവും ഒരു തെമ്മാടിയുടെ ഭാവവുമാണ് അവന്റേത്. ചിലപ്പോൾ ഇതു രണ്ടും ഒരുമിച്ചായിരിക്കും. പുതിയ ചില ദുഷ്പ്രവൃത്തികളേക്കൊണ്ടു പിന്നേയും തടവിലേക്ക് പോകേണ്ടിവന്ന ആ മനുഷ്യന്ന് അതിന്നുള്ളിൽ ഒരു പ്രധാനന്റെ ഉദ്യോഗമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാർ അയാളെപ്പറ്റി പറഞ്ഞിരുന്നു, നന്നാവാൻ ശ്രമിച്ചു നോക്കുന്നുണ്ട്.” മതസംബന്ധികളായ കാര്യങ്ങളിൽ അയാളെപ്പറ്റി മതാചാര്യന്മാർ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ചക്രവർത്തിഭരണം തുടങ്ങിയതിന്നുശേഷമാണ് ഇതുണ്ടായിട്ടുള്ളതെന്നു വായനക്കാർ മറന്നുപോകരുത്.

’ബ്രവെ’ പ്രധാന ജഡ്ജി പറഞ്ഞു, “നിങ്ങൾ അവമാനകരമായ ശിക്ഷയിൽപ്പെട്ട ആളാണ്; സത്യം ചെയ്യാൻ നിവൃത്തിയില്ല.”

ബ്രവെയുടെ നോട്ടം കീഴപോട്ടു തൂങ്ങി.

“എന്നാലും” പ്രധാന ജഡ്ജി തുടർന്നു പറഞ്ഞു, ’രാജ്യനിയമം അധഃപതിപ്പിച്ചുവിട്ടിട്ടുള്ള ഒരുവനിൽപ്പോലും, ഈശ്വരകാരുണ്യം അനുവദിക്കുമ്പോൾ, മാനത്തിന്റേയും മര്യാദയുടേയും വികാരവിശേഷം നിലനിന്നു എന്നു വരാം. ഈ വിശിഷ്ടസന്ദർഭത്തിൽ ഞാൻ അതിനെ കാര്യമാക്കിപ്പറയുന്നു. അതു നിന്നിൽ ഇപ്പോഴും നശിക്കാതെയുണ്ടെങ്കിൽ—ഉവ്വെന്ന് ഞാൻ വിശ്വസിക്കുന്നു—എന്നോട് മറുപടി പറയുന്നതിന് മുൻപ് ആലോചിച്ചു നോക്കുക; നിന്റെ ഒരു വാക്കുകൊണ്ട് എന്നെന്നേക്കുമായി നശിപ്പിച്ചുകളയാവുന്ന ഈ മനുഷ്യനെപ്പറ്റി ഒന്നാമതാലോചിക്കുക; പിന്നെ നിന്റെ ഒരു വാക്കുകൊണ്ട് തെളിയാവുന്ന നീതിന്യായത്തേയും വിചാരിക്കുക. ഇതൊരു വിശിഷ്ട സന്ദർഭമാണ്; തെറ്റിപ്പോയി എന്നു തോന്നുന്നുണ്ടെങ്കിൽ, ഇപ്പോഴും പിന്നോക്കം വെക്കുവാൻ വേണ്ട സമയമുണ്ട്. തടവുകാരൻ, എഴുന്നേറ്റുനിന്നാട്ടെ. ബ്രവെ, പ്രതിയെ നല്ലവണ്ണം നോക്കിക്കാണുക; നിനക്കോർമകിടക്കുന്ന അടയാളങ്ങളെ ആവർത്തിച്ചു നോക്കുക; എന്നിട്ടു നിന്റെ ആത്മാവിനേയും മനസ്സാക്ഷിയേയും മുൻനിർത്തി, ഈ മനുഷ്യൻ തണ്ടുവലിശിക്ഷസ്ഥലത്തു നിന്റെ കൂട്ടുകാരനായിരുന്ന ഴാങ് വാൽഴാങ്ങാണെന്ന് ഇപ്പോഴും തീർച്ച തോന്നുന്നുണ്ടെങ്കിൽ അതു പറയുക.”

ബ്രവെ തടവുപുള്ളിയെ നോക്കി; എന്നിട്ടു കോടതിയുടെ നേരെ നോക്കി. “ഉവ്വ്, ഞാനാണ് ഒന്നാമത് ഇയ്യാളെ കണ്ടറിഞ്ഞത്; ഇപ്പോഴും ഞാൻ അതു വിടുവാൻ ഭാവമില്ല; ഈ മനുഷ്യൻ ഴാങ് വാൽഴാങ്ങാണ്. 1796-ൽ തുലോങ്ങിൽ വരുകയും 1815-ൽ വിട്ടുപോവുകയും ചെയ്തിട്ടുള്ള ആൾ ഇതാണ്. ഞാൻ ഒരു കൊല്ലംകൂടി കഴിഞ്ഞിട്ടു വിട്ടുപോന്നു. ഇപ്പോൾ ഇയ്യാൾക്ക് ഒരു ജന്തുവിന്റെ ഭാവം കയറിയിരിക്കുന്നു; വാർദ്ധക്യം തകരാറാക്കിയിട്ടായിരിക്കണം അത്. തണ്ടുവലിശിക്ഷസ്ഥലത്ത് ഈ മനുഷ്യൻ ഉപായിയായിരുന്നു. ഞാൻ നിശ്ചയമായും കണ്ടറിയുന്നുണ്ട്.”

’ഒരിടത്തിരിക്കൂ,’ പ്രധാന ജഡ്ജി പറഞ്ഞു. “തടവുകാരൻ അവിടെത്തന്നെ നില്‍ക്കൂ.”

ചുകന്ന കുപ്പായവും പച്ചത്തൊപ്പിയുംകൊണ്ടു ജീവപര്യന്തക്കാരനാണെന്നു തോന്നിക്കുന്ന ഷെനിൽദിയു പിന്നീട് ഹാജരാക്കപ്പെട്ടു. തുലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തു തന്റെ ശിക്ഷ അനുഭവിച്ചുതീർക്കുകയായിരുന്നു ആ മനുഷ്യൻ; ഈ കേസ്സിന്റെ ആവശ്യത്തിലേക്ക് അവനെ അവിടെനിന്നു വരുത്തിയതാണ്. അവന് അമ്പതു വയസ്സായി, ഉയരം കുറഞ്ഞു, ജാഗ്രതയുള്ളവനായി, ജര കയറി, മെലിഞ്ഞു, മഞ്ഞച്ചു, ധൃഷ്ടമായ മുഖത്തോടുകൂടി, ഒരു രസമില്ലാത്തവനാണ്; അവന്റെ കൈകാലുകളിലും ദേഹത്തിലാകെയും ഒരു രോഗിയുടെ ശക്തിയില്ലായ്മയുണ്ട്; നോട്ടത്തിൽ ഒരപാരമായ ശക്തിവിശേഷവുമുണ്ട്, തണ്ടുവലിശിക്ഷസ്ഥലത്തുള്ള കൂട്ടുകാർ ഈ മനുഷ്യനെ ഷെനിൽദിയു ( Chenildeau Je-nie Dieu - ഞാന്‍ നിഷേധിക്കുന്നു—ഈശ്വരനെ) എന്ന ശകാരപ്പേരാൽ വിളിക്കപ്പെട്ടുവന്നു.

ബ്രവെയോടു പറഞ്ഞ വാക്കുകൾതന്നെ പ്രധാന ജഡ്ജി ഈ മനുഷ്യനോടും ഉപയോഗിച്ചു. സത്യം ചെയ്യാൻ നിവൃത്തിയില്ലെന്നുള്ള തന്റെ അവമാനസ്ഥിതിയെ ഓർമപ്പെടുത്തി പറഞ്ഞപ്പോൾ, ആ മനുഷ്യൻ തലയുയർത്തി, കാണികളുടെ മുഖത്തേക്കു ചൂളാതെ നോക്കിനിന്നു. പ്രധാന ജഡ്ജി അവനോട് ആലോചിച്ചു പറയണമെന്നു ക്ഷണിച്ചു. ബ്രവെയോടു പറഞ്ഞതുപോലെ, അവനോടും തടവുപുള്ളിയെ കണ്ടറിയുന്നുണ്ടോ എന്നു ചോദിച്ചു.

ഷെനിൽദിയു പൊട്ടിച്ചിരിച്ചു. “നന്നായി, ഞാൻ കണ്ടാൽ അറിയില്ലെന്നു തോന്നും! അഞ്ചു കൊല്ലത്തോളം ഞങ്ങൾ ഒരു ചങ്ങലയിലാണ് കിടന്നിരുന്നത്. അപ്പോൾ ദുശ്ശാഠ്യം പിടിച്ചുനോക്കാനാണല്ലേ പുറപ്പാട്, ചങ്ങാതി?”

“ഒരിടത്തുപോയി ഇരിക്കു,’ പ്രധാന ജഡ്ജി പറഞ്ഞു.

ശിപായി കോഷ്പെയിലിനെ കൊണ്ടുവന്നു, മറ്റൊരു ജീവപര്യന്തക്കാരനായിരുന്നു അത്; അവനും തണ്ടുവലിശിക്ഷസ്ഥലത്തുനിന്നുതന്നെയാണ് വരുന്നത്; ഷെനിൽദിയുവിന്റേതുപോലെ ചുകന്ന കുപ്പായമാണ് അയാളുടേതും. അയാൾ ലോർദിയിലെ ഒരു കൃഷിക്കാരനും പെറണീസ് പർവതത്തിലെ ഒരു പകുതിക്കരടിയുമാണ്. കാട്ടുപ്രദേശങ്ങളിൽ ആ മനുഷ്യൻ ആടുകളെ മേയ്ക്കുകയായിരുന്നു പണ്ട്. ഒരാട്ടിടയനിൽനിന്ന് അവൻ ഒരു ഘാതുകനിലേക്ക് കാൽ വഴുതിയിറങ്ങി. പ്രതിയേക്കാൾ ഒട്ടും കാടത്തം കുറഞ്ഞവനല്ല കോഷ്പെയിൽ, മന്തത്തം കുറച്ചധികമുണ്ടുതാനും. പ്രകൃതിദേവി കാട്ടുമൃഗങ്ങളാക്കിത്തീർക്കുവാൻവേണ്ടി ഉരുപ്പടി കഴിച്ചതും, ജനസമുദായം തണ്ടുവലിശിക്ഷസ്ഥലത്തേക്കുള്ള തടവുപുള്ളികൾക്കു ചേർന്ന ഒടുവിലത്തെ മിനുക്കുപണി കഴിച്ചുവിട്ടതുമായ ആ ഒരുതരം ഗ്രഹപ്പിഴപിടിച്ച മനുഷ്യസംഘത്തിൽ അവർ ഉൾപ്പെട്ടിരുന്നു.

സഗൌനരവങ്ങളും സാനുകമ്പങ്ങളുമായ ചില വാക്കുകളെക്കൊണ്ട് അയാളുടെ ഹൃദയം തൊടുന്നതിനു പ്രധാന ജഡ്ജി യത്നിച്ചു; എന്നിട്ടു മറ്റു രണ്ടുപേരോടും ചെയ്തപോലെ, ആ മുൻപിൽ നിലക്കുന്ന മനുഷ്യനെ സംശയം കൂടാതെയും ബുദ്ധിമുട്ടില്ലാതെയും അപ്പോഴും അയാൾക്കു കണ്ടു മനസ്സിലാകുന്നുണ്ടോ എന്നു ചോദിച്ചു.

“അയാൾ ഴാങ് വാൽഴാങ്ങാണ്.” കോഷ്പെയിൽ പറഞ്ഞു. ’യന്ത്രത്തിരിപ്പാണി ഴാങ് എന്നുകൂടി പേരുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ, അത്ര ശക്തിയുണ്ട്.”

കാഴ്ചയിൽത്തന്നെ നിഷ്കപടവും ഹൃദയപൂർവവുമായ ഈ തീർത്തുപറയൽ ഓരോന്നും തടവുപുള്ളിക്ക് അമംഗലത്തെ സൂചിപ്പിക്കുന്ന ഓരോ ചെറു സംസാരത്തെ കാണികളുടെ ഇടയിൽ ഉണ്ടാക്കിത്തീർത്തു— മുൻപിലത്തെക്കാളധികം ശക്തവും ദീർഘവുമായ ഓരോ പുതിയ ഉറപ്പിച്ചുപറയൽ കേൾക്കുമ്പോഴും, ഓരോ ചെറുസംസാരം പൊന്തിയിരുന്നു.

അന്യായഭാഗത്തെ വാദപ്രകാരം, പ്രധാനമായ എതിർവാദമാകുന്ന ആ അമ്പരന്ന തന്റെ മുഖത്തോടുകൂടി, തടവുപുള്ളി അതെല്ലാം ശ്രദ്ധിച്ചു കേട്ടു; അയൽപക്കക്കാരായ പട്ടാളക്കാർ, അയാൾ ആദ്യത്തിൽ ഇങ്ങനെ ഇറുമ്മിയ പല്ലുകൾക്കിടയിലൂടെ പിറുപിറുക്കുന്നതു കേട്ടു; “ഹാ, ശരി വളരെ നല്ല ആള്‍¡‘ രണ്ടാമത്തെ വാമൊഴിയെടുക്കൽ കഴിഞ്ഞപ്പോൾ, അതിലും ഉറക്കെ, ഏതാണ്ട് മനസ്സ് തൃപ്തികാണിക്കുന്ന ഒരു സ്വരത്തോടു കൂടെ അയാൾ പറഞ്ഞു; ’നല്ലത്!’ മൂന്നാമത്തേതു കഴിഞ്ഞിട്ട് അയാൾ അത്യുച്ചത്തിൽ പറഞ്ഞു, “വിശേഷം!”

പ്രധാന ജഡ്ജി അയാളോടു ചോദിച്ചു: ’ഈ പറയുന്നതെല്ലാം കേട്ടില്ലേ? എന്താണ് സമാധാനം?

അയാൾ മറുപടി പറഞ്ഞു: ’ഞാൻ പറയുന്നു, ’പൊടിപാറി.’

കാണികളുടെ ഇടയിൽനിന്നു ഒരുച്ചസ്വരം പുറപ്പെട്ടു; അതു ജൂറിമാരിലേക്ക് കടന്നു; ആ മനുഷ്യന്റെ കാര്യം വ്യക്തമായിത്തന്നെ പോയ്പോയി.

’ശിപായിമാർ.” പ്രധാന ജഡ്ജി പറഞ്ഞു. “ആളുകളോടു ശബ്ദിക്കാതിരിക്കാൻ പറയൂ! ഞാൻ കേസ്സ് അവസാനിപ്പിക്കാൻ പോകുന്നു.”

ആ സമയത്തു പ്രധാന ജഡ്ജിയുടെ അടുത്തരികിൽനിന്ന് ഒരനക്കമുണ്ടായി; ഒരു ശബദം ഇങ്ങനെ വിളിച്ചു പറയുന്നതു കേട്ടു; “ബ്രവെ! ഷെനിൽദിയു! കോഷ്പെയിൽ! ഇങ്ങോട്ടു നോക്കൂ!”

ആ ഒച്ച കേട്ടവര്‍ക്കെല്ലാം കോരിത്തരിച്ചു; അത് അത്രമേൽ ദയനീയവും ഭയന്കരവുമായിരുന്നു. അതു പുറപ്പെട്ടേടത്തെയ്ക്ക് എല്ലാവരുടേയും നോട്ടം ഒപ്പം തിരിഞ്ഞു. കോടതിക്കു പിന്നിലിരിക്കുന്ന പ്രമാണികളായ കാണികളുടെ കൂട്ടത്തിൽനിന്ന് ഒരാൾ അതാ എണീറ്റു. കോടതിയേയും കാണികളേയും തമ്മിൽ വേർതിരിക്കുന്ന വാതിൽപ്പകുതി ഉന്തിത്തുറന്ന്, ആ ഹാളിന്റെ ഒത്ത നടുവിൽ വന്നു നില്‍ക്കുന്നു; പ്രധാന ജഡ്ജി, ഗവർമ്മെണ്ടു വക്കീൽ, മൊസ്സ്യു ബാമത്തബ്വാ, ഇരുപതുപേര്‍, അയാളെ കണ്ടറിഞ്ഞു; അവർ ഏകകണ്ഠമായി വിളിച്ചു പറഞ്ഞു: ’മൊസ്സ്യൂ മദലിയെൻ.”

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.