images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.7
നെപ്പോളിയന്നു ബഹുരസം

രോഗത്തിലും, അരക്കെട്ടിന്റെ അടുത്തു വേദനയുള്ളതുകൊണ്ടു കുതിരപ്പുറത്തുള്ള ഇരിപ്പു ശരിയാവാത്ത മട്ടിലുമിരുനു എങ്കിലും, അന്നത്തെപ്പോലെ ബഹുരസത്തിൽ ചക്രവർത്തി കാണപ്പെട്ടിട്ടില്ല. രാവിലെ മുതല്ക്ക് അദ്ദേഹത്തിന്റെ സ്തോഭരഹിതത്വം പുഞ്ചിരിയിട്ടുകൊണ്ടിരുന്നു. വെണ്ണക്കല്ലുകൊണ്ടുള്ള മൂടുപടമിട്ട ആ അഗാധാത്മാവു ജൂൺ 18-ാം തിയ്യതി നിലവിട്ടു വിലസുകയായി. ഓസു് തെർലിത്സു് യുദ്ധത്തിൽ പ്രസാദമേറ്റിരുന്ന മനുഷ്യൻ വാട്ടർലൂവിൽ ആഹ്ലാദിച്ചു. നിയതിയുടെ കണ്ണിലുണ്ണികൾ അബദ്ധം കാണിക്കുന്നു. നമ്മുടെ സന്തോഷമെല്ലാം നിഴലുകൊണ്ടുള്ളതാണു്. മഹത്തായ മന്ദസ്മിതം ഈശ്വരന്നു മാത്രമേ ഉള്ളൂ.

സീസർ ചിരിക്കുന്നു. പോംപെയ് [14] കരയും എന്നു പറഞ്ഞു പണ്ടത്തെ റോമൻ പടയാളികൾ. ആ സന്ദർഭത്തിൽ പോംപെയ്ക്കു കരയാൻ യോഗമുണ്ടായില്ല; പക്ഷേ, സീസർ ചിരിച്ചു എന്നതു തീർച്ചയാണു്. തലേദിവസം രാത്രി ഒരുമണിസ്സമയത്തു കാറ്റും മഴയുമുള്ളപ്പോൾ ബെത്രാങ്ങൊരുമിച്ചു റോസ്സാമിന്റെ അയൽപ്രദേശങ്ങളെ നോക്കിപ്പഠിപ്പിക്കുമ്പോൾ, ഫ്രിഷ്മോങ്ങ് മുതൽ ബ്രയിൻ ലാല്യൂദ്വരെയുള്ള ചക്രവാളം മുഴുവനുമെത്തുമെന്ന ഇംഗ്ലീഷ് പട്ടാളത്താവളങ്ങളിലെ വിളക്കുവരി കണ്ടു തൃപ്തിപ്പെട്ട അദ്ദേഹത്തിനു്, അദ്ദേഹത്താൽ വാട്ടർലൂ യുദ്ധമാകുന്ന ഒരു ദിവസം കല്പിച്ചുകൊടുക്കപ്പെട്ടിരുന്ന ഈശ്വരവിധി ആ കരാറനുസരിച്ച് അന്നവിടെ എത്തിച്ചേർന്നിട്ടുള്ളതായി തോന്നി; അദ്ദേഹം കുതിരയെ നിർത്തി, മിന്നലുകളെ സൂക്ഷിച്ചുനോക്കിക്കൊണ്ടും ഇടിവെട്ടിനു ചെവി കൊടുത്തുകൊണ്ടും കുറച്ചിട ഇളകാതെ ഇരുന്നു; ആ അദൃഷ്ടവാദി അന്ധകാരത്തിനുള്ളിലേക്ക് ഈ ദുർഗ്രഹമായ വാക്യത്തെ എറിയുന്നതായി കേട്ടു; ‘നമ്മൾ യോജിച്ചിരിക്കുന്നു.’ നെപ്പോളിയന്നു തെറ്റിപ്പോയി. അവരുടെ യോജിപ്പവസാനിച്ചിരിക്കുന്നു.

ഒരു നിമിഷനേരമെങ്കിലും അദ്ദേഹം ഉറങ്ങാൻ നോക്കിയില്ല; അന്നു രാത്രിയിലെ ഓരോ ക്ഷണനേരവും അദ്ദേഹത്തിനു് ഓരോ പുതുസന്തോഷമായിരുന്നു. പാളയക്കാവല്ക്കാരോടു് സംസാരിക്കുവാൻ അവിടവിടെ നിന്നുകൊണ്ടു് അദ്ദേഹം പ്രധാന പുറംകാവൽസ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. രണ്ടരമണിസ്സമയത്തു ഹൂഗോമോങ്ങിലെ കാട്ടുപുറത്തിന്റെ അടുത്തുവെച്ച് ഒരു പട്ടാള നിരപ്പിന്റെ കാൽവെപ്പുശബ്ദം കേട്ടു; അതു വെല്ലിങ്ങ്ടന്റെ പിൻമാറലായിരിക്കുമെന്നാണു് അദ്ദേഹം അപ്പോൾ വിചാരിച്ചതു്. അദ്ദേഹം പറഞ്ഞു: ‘ഇംഗ്ലീഷ് സൈന്യത്തിന്റെ പിന്നണികൾ പിന്തിരിഞ്ഞോടുവാൻവേണ്ടി വഴിമാറുന്നതാണു്. ഓസ്റ്റെണ്ടിൽനിന്നു് ഇപ്പോൾ വന്നെത്തിയ ആറായിരം ഇംഗ്ലണ്ടുകാരെ ഞാൻ തടവുകാരാക്കും.’ അദ്ദേഹം ധാരാളമായി സംസാരിച്ചു; മാർച്ച് ഒന്നാംതീയതി ഫ്രാൻസിൽ വന്നു കപ്പലിറങ്ങിയപ്പോഴത്തെ ഉത്സാഹം അദ്ദേഹത്തിനു വീണ്ടുകിട്ടി; അന്നു ഴുവാങ്ങിലെ കൃഷീവലനെ ചൂണ്ടിക്കാട്ടി പ്രധാന സേനാപതിയോടു് അദ്ദേഹം പറയുകയുണ്ടായി; ‘ബെർത്രാങ്ങ്, ഇതാ ഇപ്പോൾത്തന്നെ ഒരു സഹായസൈന്യം!’ ജൂൺ 17-ആം തീയതിമുതൽ 18-ആം തീയതിവരെ അദ്ദേഹം വെല്ലിങ്ങ്ടനെ കളിയാക്കി. ‘അ ഇംഗ്ലണ്ടുകാരൻ മുണ്ടനെ ഒരു പാഠം പഠിപ്പിക്കണം,’ നെപ്പോളിയൻ പറഞ്ഞു. മഴ ശക്തിയിൽ പിടിച്ചു; ചക്രവർത്തി സംസാരിക്കുമ്പോൾ കലശലായി ഇടിവെട്ടി.

രാവിലെ മൂന്നരമണിയോടുകൂടി ഒരു മിഥ്യാഭ്രമം നശിച്ചു; നോക്കിയറിയുവാൻ അയയ്ക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാർ മടങ്ങിവന്നു ശത്രുക്കൾക്കു യതൊരുരിളക്കവുമായിട്ടില്ലെന്നുണർത്തിച്ചു. യാതൊന്നും അനങ്ങിയിരുന്നില്ല; രാത്രിയിലെ വെളിമ്പാളയവിളക്കുകൾ ഒന്നെങ്കിലും കെടുത്തിയിട്ടില്ല; ഇംഗ്ലീഷ് സൈന്യം ഉറങ്ങുകയാണു്. ഭൂമിയിലെ ശാന്തത അതിനിബിഡമായിരുന്നു; ആകാശത്തു മാത്രമേ ഒച്ചയുള്ളു. നാലുമണിയോടുകൂടി ഒറ്റുകാർ ഒരു കൃഷിക്കാരനെ ചക്രവർത്തി മുൻപാകെ പിടിച്ചുകൊണ്ടുവന്നു; ആ കൃഷിക്കാരൻ ഇടത്തേ അറ്റത്തുള്ള ഒഹെങ്ങ് ഗ്രാമത്തിൽ ചെന്നുചേരുവാൻ പോയിരുന്ന ഒരിംഗ്ലീഷ് കുതിരപ്പട്ടാള വകുപ്പിന്— ഒരു സമയം വിവിന്റേതായിരിക്കാം— വഴി കാട്ടിയിരുന്നു. അഞ്ചു മണിക്കു പട്ടാളത്തിൽ ചാടിപ്പോന്ന രണ്ടു ഡച്ചുഭടന്മാർ അപ്പോൾത്തന്നെയാണു് തങ്ങൾ പട്ടാളത്താവളത്തിൽനിന്നു വിട്ടതെന്നും, ഇംഗ്ലണ്ടുകാർ യുദ്ധത്തിനു തയ്യാറായിരിക്കുന്നു എന്നും അറിവുകൊടുത്തു. ‘അത്രയും അധികം നന്നായി,’ നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു, ‘അവരെ നശിപ്പിക്കുന്നതാണു് ആട്ടിപ്പായിക്കുന്നതിനെക്കാൾ എനിക്കിഷ്ടം.’

പ്ലാൻസ്ന്വാ വഴിയോടുകൂടി ഒരു കോണു വരയ്ക്കുന്ന കുന്നിൻതാഴ്‌വരയിലെ ചളിയിൽ രാവിലെ അദ്ദേഹം കുതിരപ്പുറത്തിറങ്ങി. റോസ്സോമിലെ കൃഷിപ്പുരയിൽനിന്നു് ഒരടുക്കളമേശയും ഒരു കൃഷിവലക്കസാലയും വരുത്തി, അവിടെ ചെന്നിരുന്നു്, ഒരു വയ്ക്കോൽവീശി മേശവിരിപ്പാക്കി, ആ മേശപ്പുറത്തു യുദ്ധഭൂമിയുടെ പടം നിവർത്തിവെച്ചു; അതു ചെയ്യുമ്പോൾ അദ്ദേഹം സൂൾട്ടോടു [15] പറഞ്ഞു: ‘നല്ല രസമുള്ള ഒരു ചതുരംഗപ്പടം.’

രാത്രിയിലെ മഴ കാരണം കുതിർന്നു വഴിയിൽ പൂഴ്‌ന്നുപോയതുകൊണ്ടു സാമാനവണ്ടികൾക്കു രാവിലേക്ക് എത്തിച്ചേരുവാൻ കഴിഞ്ഞില്ല; പട്ടാളക്കാർ ഉറങ്ങിയിട്ടില്ല; അവർ നനഞ്ഞും പട്ടിണിയായും കഴിച്ചു. ഇതൊന്നുംതന്നെ, നേയോടു് ഇങ്ങനെ സസന്തോഷം ഉച്ചത്തിൽ പറയുന്നതിൽ നെപ്പോളിയനെ തടഞ്ഞില്ല: ‘നൂറ്റിൽ തൊണ്ണൂറും നമുക്കു ഗുണം.’ എട്ടുമണിയോടുകൂടി ചക്രവർത്തിയുടെ പ്രാതലെത്തി. അദ്ദേഹം പലേ സേനാനായകന്മാരേയും അതിനു ക്ഷണിച്ചു. പ്രാതൽ സമയത്തു, വെല്ലിങ്ങ്ടൻ രണ്ടു രാത്രി മുൻപു് ബ്രൂസ്സൽസിൽ റിച്ച് മണ്ടു് ഡച്ചസ്സിന്റെ ഒരു നൃത്തവിനോദത്തിനു പോയിരുന്നതായി ആരോ പറഞ്ഞു: ഒരു പരുക്കൻ ഭടനായിരുന്ന സൂൾട്ടു്, ഒരു പ്രാധാന മെത്രാന്റെ മുഖഭാവത്തോടു കൂടി, പറഞ്ഞു: ‘നൃത്തവിനോദം നടക്കുന്നതു് ഇന്നാണു്.’ ‘ഇവിടുത്തെ വരവു കാത്തുനില്ക്കാൻ മാത്രം വെല്ലിങ്ങ്ടൻ അത്ര സാധുവല്ല’ എന്നു പറഞ്ഞ നേയോടു ചക്രവർത്തി വെടിപറഞ്ഞു. ഏതായാലും അതദ്ദേഹത്തിന്റെ സ്വഭാവമാണു്. ‘വെടി പറയുന്നതു് അദ്ദേഹത്തിനിഷ്ടമാണു്.’ ഫ്ളൂറിദു് ഷാബൂലോങ്ങ് [16] പറയുന്നു: ‘ഒരാഹ്ലാദശീലമാണു് അദ്ദേഹത്തിന്റെ സ്വഭാവാന്തർഭാഗത്തുള്ളതു്,’ ഗൂർഗോ [17] അഭിപ്രായപ്പെടുന്നു. ‘നേരംപോക്കുകളെക്കാൾ സവിശേഷഗുണമുള്ള തമാശകളാണ് അദ്ദേഹത്തിൽ നിറച്ചും,’ ബെൻജെമിൻ കോൺസ്റ്റന്റ് [18] പറഞ്ഞിട്ടുണ്ടു്. ഒരസാധാരണന്റെ ഈ തമാശകൾ ഊന്നിപ്പറയാൻ അർഹങ്ങളാണു്. സ്വന്തം പടയാളികളെ ‘എന്റെ പിറുപിറുപ്പുകാർ’ എന്നു നാമകരണം ചെയ്തിട്ടുള്ളതു് അദ്ദേഹമാണു്; അദ്ദേഹം അവരുടെ ചെവി പിടിയ്ക്കും; അവരുടെ മേൽമീശ വലിക്കും. ‘ചക്രവർത്തി ഞങ്ങളെ എപ്പോഴും കളിയാക്കുകകയേ ഉള്ളൂ.’ അവരിലൊരാൾ അഭിപ്രായപ്പെട്ടതാണിതു്. എൽബദ്വീപിൽനിന്നു് ഉപായത്തിൽ ഫ്രാൻസിലേക്ക് മടങ്ങിപ്പോരുന്ന വഴിക്കു, ഫിബ്രവരിമാസം 27-ആം തീയതി, കടലിന്റെ നടുക്കുവെച്ചു, ലാ സെഫീർ എന്ന ഫ്രഞ്ച് പടക്കപ്പൽ, ചക്രവർത്തി ഒളിച്ചുകയറിയിരുന്ന ലാങ്ങ് കോങ്ങ്സ്താൻ എന്ന കപ്പലുമായി എത്തിമുട്ടി. നെപ്പോളിയന്റെ കഥയെന്താണു് എന്നു ചോദിച്ചപ്പോൾ, എൽബദ്വീപിലുണ്ടായിരുന്ന കാലത്തെമാതിരി അപ്പോഴും തൊപ്പിയിൽ വെളുത്ത നാടക്കെട്ടു ധരിച്ചിരുന്ന ചക്രവർത്തി ചിരിച്ചുംകൊണ്ടു സംഭാഷണക്കുഴൽയന്ത്രം കടന്നെടുത്തു താൻതന്നെ മറുപടി പറഞ്ഞു. ‘ചക്രവർത്തിക്കു സുഖംതന്നെ.’ ഈ നിലയിൽ ചിരിക്കുന്ന ഒരാൾ എന്തിനു മുൻപിലും പരുങ്ങില്ല. വാട്ടർലൂവിലെ പ്രാതൽസ്സമയത്തു നെപ്പോളിയൻ വളരെ പ്രാവശ്യം ഇത്തരം ചിരി പൊട്ടിച്ചിരിക്കയുണ്ടായി. പ്രാതൽ കഴിഞ്ഞു ഒരു കാൽമണിക്കൂർ നേരം ധ്യാനത്തിലിരുന്നു; പിന്നീടു് രണ്ടു സേനാനായകന്മാർ കൈയിൽ തൂവലും കാൽമുട്ടിന്മേൽ കടല്ലാസ്സുമായി വയ്ക്കോൽവിരിയിൽ ചെന്നിരുന്നു; ചക്രവർത്തി അവർക്ക് അന്നത്തെ യുദ്ധത്തിനുവേണ്ട ആജ്ഞകൾ പറഞ്ഞുകൊടുത്തു.

ഒമ്പതു മണിക്ക് ചാരിനിർത്തിയ കോണിപോലെ വരി നിരന്നു്, അഞ്ചു വകുപ്പുകളായി നടന്നു തുടങ്ങി ആ മഹത്തായ ഫ്രഞ്ച്സൈന്യം മുഴുവനും പരന്നുകഴിഞ്ഞപ്പോൾ,— സൈന്യവകുപ്പുകൾ രണ്ടുവരി, സേനാമുഖങ്ങൾക്കിടയിൽ പീരങ്കിപ്പട്ടാളം, മുൻപിലായി സംഗീതം ഇങ്ങനെ ചെണ്ട ആഞ്ഞുകൊട്ടിയും കാഹളങ്ങൾ ഉച്ചത്തിലൂതിയും ഗാംഭീരമായി അപാരമായി ആഹ്ലാദിതമായി ആകാശാന്തത്തിൽ ശിരോലങ്കാരങ്ങളുടേയും വാളുകളുടേയും കുന്തങ്ങളുടേയും ഒരു കടൽക്രമത്തിൽ

കാൽവെച്ചു പോകുന്നതു കണ്ടപ്പോൾ—ഉള്ളിൽത്തട്ടി ചക്രവർത്തി രണ്ടു തവണെ ഉച്ചത്തിൽ പറഞ്ഞു: ‘അസ്സൽ!അസ്സൽ! ഒമ്പതു മണിമുതൽ പത്തര മണിക്കുള്ളിൽ— കേട്ടാൽ അവിശ്വാസം തോന്നും- ആ മഹത്തായ സൈന്യം മുഴുവൻ, എത്തേണ്ട ദിക്കിലെത്തി. ആറുവരിയായി, ചക്രവർത്തിയുടെ വാക്ക് ആവർത്തിക്കയാണെങ്കിൽ, ‘ആറു് വി (V)യുടെ രൂപ’ ത്തിൽ നിരന്നുകഴിഞ്ഞു. പടനിരക്കൽ കഴിഞ്ഞു കുറച്ചുനിമിഷങ്ങൾശേഷം, ഒരു കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്ന ശാന്തതപോലെ, യുദ്ധാരംഭങ്ങൾക്കു മുൻപുണ്ടാകറുള്ള നിശ്ശബ്ദതയുടെ മധ്യത്തിൽ, തന്റെ കല്പനപ്രകാരം വന്നവരും നീ വെല്ലു് ഗനാപ്പു് വഴികൾ ചേർന്നു് മുറിയുന്നേടത്തുള്ള മോൺസാങ്ങ്ഴാങ്ങ് പിടിച്ചടക്കി മൂന്നുനിരപ്പു നോക്കിക്കണ്ടു. ചക്രവർത്തി ഹാക്സോവിന്റെ ചുമലിൽ താളം പിടിച്ചു പറഞ്ഞു, ‘അതാ, ഇരുപത്തിനാലു സുന്ദരിമാരായ പെൺകിടാങ്ങൾ.’

ഗ്രാമം പിടിക്കേണ്ട സമയമായാൽ ഉടനെ മോൺസാങ്ങ്ഴാങ്ങ് തടയുവാൻ താൻ നിയമിച്ചിരുന്ന തുരങ്കപ്പടയാളിസ്സംഘം മുൻപിലൂടെ കടന്നുപോയപ്പോൾ, യുദ്ധത്തിന്റെ അവസാനം ഇന്നതാവുമെന്നുള്ള ഉറപ്പോടുക്കുടി, അദ്ദേഹം അവരെ ഒരു പുഞ്ചിരികൊണ്ടു പ്രോത്സാഹിപ്പിച്ചു. ഈ എല്ലാ ഗൗരവത്തിന്റെയും ഉള്ളിൽ സ്വാഭിമാനമായ അനുകമ്പയുടെ ഒരൊറ്റശബ്ദം മാത്രം ഒന്നു വിലങ്ങനെ പായുകയുണ്ടായി; ഇന്നു് ഒരു വലിയ ശവകുടീരം നില്കുന്നേടത്തു തന്റെ ഇടത്തുഭാഗത്തായി ആ അഭിനന്ദനീയന്മാരായ സ്കോട്ട്ലാണ്ടുകാരായ സാദികൾ തങ്ങളുടെ എണ്ണംപറഞ്ഞ കുതിരളോടുകൂടി വന്നു വരിനിരക്കുന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘കഷ്ടംതന്നെ.’

പിന്നീടു് അദ്ദേഹം കുതിരപ്പുറത്തു കയറി, റോസ്സോമ്മ് വിട്ടുകടന്നു, ഗെനാപ്പിൽനിന്നു ബ്രൂസ്സൽസിലേക്കുള്ള വഴിയുടെ വലത്തുപുറത്തു് ഒരു കൂർത്ത മൈതാനപ്പൊക്കം തനിക്കു നിന്നുനോക്കാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു—യുദ്ധം തുടങ്ങിയതിനുശേഷം രണ്ടാമത്തെ നില്പിടം. വൈകുന്നേരം ഏഴുമണിയോടു കൂടി സ്വീകരിച്ച ആ ലാബെൽഅലിയാൻസിന്റേയും ലായിസാന്തിന്റേയും നടുക്കുള്ള സ്ഥലം ഭയങ്കരമാണു്; ഇപ്പോഴുള്ള ആ പ്രദേശം ഒരുയർന്ന കുന്നാണു്; അതിനു പിന്നിൽ മൈതാനത്തിന്റെ പള്ളയ്ക്കായി രക്ഷിഭടന്മാർ സംഘംകൂടി, ഈ കുന്നിനുചുറ്റും വഴിയുടെ കൽവിരിപ്പുകളിൽത്തട്ടി നെപ്പോളിയൻ നില്ക്കുന്നേടത്തേക്കു തന്നെ വെടിയുണ്ടകൽ തെറിച്ചിരുന്നു. ബ്രിയെനിലെപ്പോലെ ഉണ്ടകളുടേയും പീരങ്കികളുടേയും ഇരമ്പം അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ചീറിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുതിര കാൽവെച്ചിരുന്നേടത്തു നിന്നു മണ്ണുപിടിച്ച പീരങ്കിയുണ്ടകളും പഴയ വാളലകുകളും തുരുമ്പുകയറി രൂപഭേദംവന്ന ചില്ലുകളും പെറുക്കിയെടുത്തിട്ടുണ്ടു്. കുറച്ചു കൊല്ലത്തിനുമുൻപു്, അപ്പോഴും മരുന്നു പോയിട്ടില്ലാത്തതും ഉണ്ടപ്പൂറംവരെ മുറിഞ്ഞു പൊയ്പോയ തോക്കുതിരയോടുകൂടിയതുമായ ഒരറുപതു റാത്തൽപ്പീരങ്കിയുണ്ട കുഴിച്ചെടുക്കുകയുണ്ടായി. ഈ ഒടുവിലത്തെ സ്ഥാനത്തുവെച്ചാണു് ഒരെതിർപക്ഷക്കാരനും പേടിത്തൊണ്ടനുമായ ലാക്കോസ്തു് എന്ന തന്റെ വഴികാട്ടിയോടു ചക്രവർത്തി ഇങ്ങനെ പറഞ്ഞത്— ഒരു കുതിരപ്പടയാളിയുടെ ജീനിയോടു കെട്ടിയിട്ടിരുന്ന ആ മനുഷ്യൻ ഓരോ പീരങ്കിച്ചില്ലുണ്ടയും പൊട്ടുമ്പോൾ പിന്തിരിഞ്ഞു നെപ്പോളിയന്റെ പിന്നിൽച്ചെന്നു് ഒളിച്ചു നിന്നു; ‘വിഡ്ഢി, ഇതു നാണക്കേട്! ഒരുണ്ട പുറത്തു വന്നുകൊണ്ടു നീ അവിടെ കിടന്നു ചാവും.’ ഇതെഴുതുന്നാൾതന്നെ ഈ കുന്നിൻമുകളിലെ ഉതിരുന്ന മണ്ണിൽ പൂഴി നീക്കി നോക്കിയപ്പോൾ, നാല്പത്താറു കൊല്ലത്തെ അമ്ലവായുപ്രസരണം കൊണ്ടു നുറുങ്ങിയ ഒരു തിയ്യുണ്ടക്കഴുത്തിന്റെ അവശേഷങ്ങളും, ഉണക്കച്ചില്ലകൾ പോലെ വിരലുകൊണ്ടു പിടിച്ചുപൊട്ടിക്കാവുന്ന പഴയ ഇരുമ്പുകഷ്ണങ്ങളും കണ്ടിട്ടുണ്ടു്.

നെപ്പോളിയനും വെല്ലിങ്ങ്ടനും കൂടിയുള്ള യുദ്ധം നടന്ന മൈതാനത്തിൽ ഇന്നുള്ള പലതരം കുന്നുകുഴികളുടെ മട്ടു് 1815 ജൂൺ 18-ആം തീയതി ഉണ്ടായിരുന്നവയിൽനിന്നു കേവലം ഭേദപ്പെട്ടിട്ടുണ്ടെന്നു് എല്ലാവർക്കുമറിയാം. ഈ വ്യസനകരമായ സ്ഥലത്തുനിന്നു് അതിന്റെ ഒരു സ്മാരകസ്തംഭം പ്രതിഷ്ഠിക്കുവാനായി കിട്ടുന്നതെല്ലാം എടുത്തുകളഞ്ഞുകൊണ്ടു് അതിന്റെ വാസ്തവസ്വരൂപം പൊയ്പ്പൊയി. ഭ്രമിക്കപ്പെട്ട ചരിത്രത്തിനു താൻ പറയുന്ന കഥകളോടു സംബന്ധിക്കുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാട്ടാൻ അവിടെ ഇല്ലാതായിരിക്കുന്നു, രണ്ടുകൊല്ലം കഴിഞ്ഞു വാട്ടർലൂ ഒരിക്കൽകൂടി കണ്ട വെല്ലിങ്ങ്ടൻ ഉച്ചത്തിൽ പറഞ്ഞു: ‘എന്റെ യുദ്ധഭൂമി അവർ മാറ്റിക്കളഞ്ഞു!’ ഇന്നു സിംഹപ്രതിമയാൽ പൊന്തിനില്ക്കുന്ന അ വലുതായ മൺ ‘പിരമിഡു’ [19] ള്ളേടത്തു നിവെല്ലു് നിരത്തിലേക്കു ചെരിഞ്ഞിറങ്ങിയിരുന്നതും, ഗെനാപ്പിലേക്കുള്ള രാജപാതയുടെ പാർശ്വത്തിൽ ഏതാണ്ടു കടുംകുത്തനെയുള്ളതുമായ ഒരു ചെറുകുന്നായിരുന്നു. ആ കുത്തനെയുള്ള ഭാഗത്തിന്റെ ഉയർച്ച ഗെനാപ്പിൽനിന്നു ബ്രൂസ്സെൽസിലേക്കുള്ള വഴിത്തിരിവു മുട്ടിനില്ക്കുന്ന ആ രണ്ടു കൂറ്റൻ ശവക്കുടീരക്കുന്നുകളെക്കൊന്റു തിട്ടപ്പെടുത്താം. ഇംഗ്ലണ്ടുകാരുടേതായ ഒന്നു് ഇടതുഭാഗത്തുള്ളതാണു്; ജർമനിക്കാരുടേതു വലത്തു പുറത്തുള്ളതും. ഫ്രാൻസുകാരുടെ വക ശവകുടീരമില്ല. ആ മൈതാനം മുഴുവനും ഫ്രാൻസിന്റെ ശ്മശാനസ്ഥലമാണു്. നൂറ്റമ്പതടി ഉയരവും അരനാഴിക ചുറ്റളവുമുള്ള ആ ചെറുകുന്നിൻ പ്രവൃത്തിയെടുത്തിരുന്ന ശതസഹസ്രം മണ്ണുവണ്ടികൾക്കു നാം നന്ദിപറയുക; മോൺസാങ്ങ്ഴാങ്ങ് എന്ന പർവതപ്പരപ്പിലേക്ക് ഇപ്പോൾ എളുപ്പത്തിൽ കയറിച്ചെല്ലാറായി. യുദ്ധദിവസം, വിശേഷിച്ചും ലായിസാന്തിന്റെ ആ ഭാഗത്തു്, അതു കടുംകുത്തനെയുള്ളതും കയറിച്ചെല്ലുവാൻ വയ്യാത്തതുമായിരുന്നു. താഴ്‌വാരത്തിന്റെ അടിയിലുള്ളതും, യുദ്ധത്തിന്റെ മദ്ധ്യഭാഗവുമായ കളസ്ഥലം, ഇംഗ്ലീഷുപീരങ്കിക്കു നോക്കിയാൽ കാണാതിരിക്കത്തക്കവിധം, അത്രയും കുത്തനെയായിരുന്നു. 1815 ജൂൺ 18-ാം തീയതി മഴ പെയ്തിട്ടു് ആ മലഞ്ചെരിവു കുറേക്കൂടി തകരാറായി; ചളികൊണ്ടു് കയറിച്ചെല്ലുവൻ കുറേകൂടി പ്രയാസമായി; ആളുകൾ പിന്നോട്ടുരസിവീണു എന്നല്ല, ചളിക്കെട്ടിൽ ഉറച്ചുപൊവുകകൂടി ചെയ്തു. ആ പർവതപ്പരപ്പിന്റെ കൊടുമുടിയിലൂടെ ഒരുതരം തോടുണ്ടായിരുന്നു; അതവിടെ ഉണ്ടെന്നു ദൂരത്തുനിന്നു നോക്കുന്ന ഒരാൾക്കു ഊഹിക്കാൻ വയ്യാ.

ഈ തോടു് എന്തായിരുന്നു? ഞങ്ങൾ വിവരിക്കട്ടെ. ബ്രെയിൻ ലാല്യൂദു് ഒരു ബെൽജിയൻഗ്രാമമാണു്; പിന്നെ ഒഹെങ്ങും, ഭൂഭാഗത്തിന്റെ വളവുകളാൽ മറയപ്പെട്ട ഈ രണ്ടു ഗ്രാമങ്ങളും, മൈതാനത്തിന്റെ ഓളം മറഞ്ഞുനില്ക്കുന്ന നിലപ്പരപ്പിലൂടെ പോകുന്നതും ഇടയ്ക്കുവെച്ച് നിരത്തുവഴിയെ തട്ടിയെടുക്കുന്ന കുന്നുകളിൽ ഒരുഴവുചാലുപോലെ തിരക്കിക്കടന്നു തന്നത്താൻ കുഴിച്ചുമൂടപ്പെടുന്നതുമായി ഏകദേശം ഒന്നരക്കാതം നീളമുള്ള ഒരു നിരത്തുവഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ മാതിരിതന്നെ, 1815-ൽ ഈ നിരത്തു ഗെനാപ്പിൽനിന്നു; നീവെല്ലിൽനിന്നുമുള്ള രാജമാർഗങ്ങൾക്കിടയിൽവെച്ചു മോൺസാങ്ങ്ഴാങ്ങ് പർവതപ്പരപ്പിന്റെ നിറുകയെ പിളർത്തുപോകുന്നു; ഒന്നുമാത്രം— ഇപ്പോൾ അതു മൈതാനത്തിന്റെ നിരപ്പിലാണു്; അന്നു് അതൊരു കുഴിഞ്ഞ വഴിയായിരുന്നു. അതിന്റെ രണ്ടു പള്ളകളും ശവകുടീരക്കുന്നുണ്ടാക്കുവാൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഈ വഴി മുക്കൽഭാഗവും അന്നെന്നപോലെ ഇന്നും ഒരു തോടാണു്; ചിലേടത്തു പത്തുപന്ത്രണ്ടി ആഴമുള്ളതും, വക്കുകൾ അത്യധികം കുത്തനെയായതുകൊണ്ടു് അവിടവിടെ, വിശേഷിച്ചും നല്ല മഴക്കാലത്തു്, ഇടിഞ്ഞുവീണിട്ടുള്ളതുമായ ഒരു കുഴിത്തോടു്. ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ടു്. ബ്രെയിൻലാല്യൂദിലേക്കു ചെല്ലുന്നേടത്തു വഴി നന്നേ വീതികുറഞ്ഞതായിരുന്നതുകൊണ്ടു് ഒരു വഴിപോക്കൻ വണ്ടിമേൽക്കയറി അരയ്ക്കപ്പെട്ടു; ശ്മശാനസ്ഥലത്തിന്റെ അടുത്തു, മരിച്ചു പോയാളുടെ പേരും, മൊസ്സ്യു ബേർനാർ ദെബ്രി, അപകടം പറ്റിയ തിയ്യതിയും, 1637 ഫിബ്രവരി— കൊടുത്തിട്ടുള്ള ഒരു കല്ലുകുരിശുകൊണ്ടു് ഇതു തെളിയുന്നു. മോൺസാങ്ങ്ഴാങ്ങ് പർവതപ്പരപ്പിൽ അതു് അത്രയും കുണ്ടുള്ളതായതുകൊണ്ടു മാത്തിയോ നിക്കയ്സു് എന്ന ഒരു കൃഷീവലൻ 1783-ൽ കാൽവഴുതി വീണു ചതഞ്ഞുപോയി; സ്ഥലം നന്നാക്കുന്ന കൂട്ടത്തിൽ മുകൾഭാഗം കാണാതായ്പോയതും, എന്നാൽ ലായിസാന്തിന്റേയും മോൺസാങ്ങ്ഴാങ്ങ് കളപ്പുരയുടേയും മധ്യത്തിലുള്ള വഴിയുടെ ഇടതുവശത്തുള്ള പുല്ലു നിറഞ്ഞ താഴ്‌വാരത്തിലായി മറഞ്ഞുകിടക്കുന്ന തറ ഇന്നും കാണാവുന്നതുമായ മറ്റൊരു കല്ലുകുരിശിന്മേൽ ഇതും വിവരിക്കപ്പെട്ടിട്ടുണ്ടു്.

യുദ്ധദിവസം, മോൺസാങ്ങ്ഴാങ്ങ് തലവാരത്തെ തൊട്ടുപോകുന്നതും അങ്ങനെയൊന്നുണ്ടെന്നു് ഒരുവിധത്തിലും സൂചിപ്പിക്കാത്തതുമായ ഈ കുഴിനിരത്തു്, കുത്തനെ നില്ക്കുന്ന ഭാഗത്തിന്റെ ഒത്ത മുകളിലുള്ള ഈ തോടു്, മണ്ണിന്റെ അടിയിൽ ഒളിച്ചുകിടക്കുന്ന ഈ ഒരു ചാലു്, അദൃശ്യമായിരുന്നു; എന്നുവെച്ചാൽ, ഭയങ്കരം.

കുറിപ്പുകൾ

[14] സീസറുടെ എതിരാളിയായ പ്രസിദ്ധ റോമൻസേനാപതി.

[15] നെപ്പോളിയന്നു് ഇഷ്ടപ്പെട്ട ഒരു പ്രസിദ്ധ സേനാപതി.

[16] ഒരു ഫ്രഞ്ച് ചരിത്രകാരൻ.

[17] ഒരു ഫ്രഞ്ച് സേനാധിപതിയും എഴുത്തുകാരനും. ‘സ്മരണകൾ’ എന്ന ഇദ്ദേഹത്തിന്റെ കൃതി പ്രസിദ്ധമാണു്.

[18] ഫ്രാൻസിലെ ഒരു പ്രസിദ്ധ വാഗ്മിയും രാജ്യതന്ത്രജ്ഞനും ഗ്രന്ഥകാരനും. The Spirit of Conquest and Usurapation എന്ന ഇദ്ദേഹത്തിന്റെ പ്രധാന കൃതി വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നാണു്.

[19] ഈജിപ്റ്റിലെ പുരാതനരാജാക്കന്മാരുടെ സമാധിസ്ഥലം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.