images/hugo-12.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.4.3
രണ്ടു ദൗർഭാഗ്യങ്ങൾ തമ്മിൽ കൂടിയാൽ ഒരു കഷ്ണം ഭാഗ്യം

പിറ്റേദിവസം രാവിലെ, പ്രഭാതത്തിൽ, ഴാങ്ങ് വാൽഴാങ്ങ് കൊസെത്തിന്റെ കിടക്കയ്ക്കരികിൽത്തന്നെ ഇരിക്കുന്നു; അയാൾ അനങ്ങാതെ അവൾ ഉണരുന്നതും കാത്തിരിപ്പാണു്.

അയാളുടെ ആത്മാവിലേക്ക് എന്തോ പുതിയതൊന്നു കടന്നിരിക്കുന്നു.

ഴാങ്ങ് വാൽഴാങ്ങ് ഒരിക്കലും ഒന്നിനേയും സ്നേഹിച്ചിട്ടില്ല; ഇരുപത്തഞ്ചു കൊല്ലമായി അയാൾ ലോകത്തിൽ ഒറ്റയ്ക്കാണു്. അയാൾ അച്ഛനോ കാമുകനോ ഭർത്താവോ സ്നേഹിതനോ ആയിട്ടില്ല. തടവിലിരിക്കുമ്പോൾ അയാൾ വികൃതിയും ദുഃഖിയും ചാരിത്രവാനും മൂഢനും നാണംകുണുങ്ങിയുമായിരുന്നു. തടവിൽനിന്നു് പോന്ന ആ മനുഷ്യന്റെ ഹൃദയം മുഴുവനും ചാരിത്രംകൊണ്ടു നിറഞ്ഞിരുന്നു. തന്റെ സഹോദരിയേയും സഹോദരിയുടെ സന്താനങ്ങളെയും പറ്റി അകന്നതും അവ്യക്തവുമായ ഒരു സ്മരണയേ ഉണ്ടായിട്ടുള്ളൂ; ഒടുവിൽ അതു് ഏതാണ്ടു് മുഴുവനുംതന്നെ മാഞ്ഞുപോയി. അവരെ കണ്ടുപിടിക്കാൻവേണ്ടി താൻ എല്ലാ ശ്രമവും ചെയ്തുനോക്കി, അവരെ കാണാൻ കഴിവില്ലെന്നു വന്നപ്പോൾ, അവരെ മറന്നുകളഞ്ഞു. മനുഷ്യപ്രകൃതിയെ അങ്ങനെയാണു് സൃഷ്ടിച്ചിട്ടുള്ളതു്; ചെറുപ്പകാലങ്ങളിലെ മറ്റു മനോവികാരങ്ങൾ, അങ്ങനെ വല്ലതും അയാൾക്കുണ്ടായിട്ടുണ്ടെങ്കിൽ, അവ, ഒരു ഗുഹാന്തരത്തിൽ പതിച്ചു.

കൊസെത്തിനെ കണ്ടപ്പോൾ—അവളെ കൈവശപ്പെടുത്തി, കൊണ്ടുപോന്നു, രക്ഷപ്പെടുത്തിയപ്പോൾ— തന്റെ ഹൃദയം ഒന്നു ചലിക്കാൻ തുടങ്ങിയതായി അയാൾക്കു തോന്നി.

അയാളുടെ സർവവിധ വികാരവും സ്നേഹവും ഇളകിത്തീർന്ന്, ആ കുട്ടിയുടെ നേരെ പ്രവഹിച്ചു. അയാൾ കട്ടിലിന്നടുത്തു ചെന്നു— അവിടെ അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു; ആ മനുഷ്യൻ ആകെ സന്തോഷംകൊണ്ടു് വിറച്ചു. ഒരമ്മയ്ക്കുള്ള എല്ലാ പ്രാണവേദനകളും അയാൾക്കനുഭവപ്പെട്ടു; അവയുടെ അർഥമെന്താണെന്നു് അയാൾക്കു മനസ്സിലായില്ല; എന്തുകൊണ്ടെന്നാൽ; സ്നേഹിക്കാനാരംഭിക്കുന്ന ഒരു ഹൃദയത്തിന്റെ മഹത്തും അസാധാരണവുമായ ചലനവിശേഷം വളരെ നിഗൂഢവും വളരെ കൗതുകകരവുമായ ഒരു വസ്തുവാണു്.

തികച്ചും പുതിയ ഹൃദയത്തോടുകൂടിയ സാധുവൃദ്ധൻ!

ഒന്നുമാത്രം; അയാൾക്ക് അമ്പത്തഞ്ചും കൊസെത്തിനു് എട്ടും വയസ്സായിരുന്നതുകൊണ്ടു് അയാളുടെ ജീവകാലത്തിലെല്ലാംകൂടി ഉണ്ടായേയ്ക്കാവുന്ന സ്നേഹം ഒരുതരം വാചാതീതമായ പ്രകാശത്തിലേക്ക് ഒന്നിച്ചു ചേർന്നൊഴുകി.

അയാൾ രണ്ടാമതു കണ്ടെത്തിയ ദേവസാന്നിധ്യമായിരുന്നു അതു്. അയാളുടെ മുൻപിൽ സദാചാരനിഷ്ഠയെ ഒന്നാമതായി മെത്രാൻ പ്രത്യക്ഷമാക്കിക്കൊടുത്തു; കൊസെത്തു് അവിടെ സ്നേഹത്തേയും ഉദിപ്പിച്ചു.

ആദ്യകാലങ്ങളിൽ ഈ സന്തോഷാവേഗത്തിൽ തള്ളിപ്പോയി.

കൊസെത്താണെങ്കിൽ അവളും, അവൾ അറിയാതെതന്നെ, ഒന്നു തികച്ചും മാറി— പാവം, പാവം! അമ്മ പിരിഞ്ഞുപോയ കാലത്തു് അവൾ അത്രയും കുട്ടിയായിരുന്നതുകൊണ്ടു് ആ കഥ അവൾ കേവലം മറന്നിരിക്കുന്നു. കണ്ടതിനുമേൽ പറ്റിപ്പിടിക്കുന്ന മുന്തിരിക്കൊടികൾപോലുള്ള എല്ലാ കുട്ടികളുടേയും മട്ടിൽ അവളും സ്നേഹിപ്പാൻ നോക്കിയിരുന്നു; പക്ഷേ, സാധിച്ചില്ല. എല്ലാവരും അവളെ തങ്ങളിൽനിന്നു പറിച്ചെറിഞ്ഞതേ ഉള്ളൂ— തെനാർദിയെർമാരും, അവരുടെ കുട്ടികളും മറ്റു കുട്ടികളും, എല്ലാം. അവൾ നായയെ സ്നേഹിച്ചു; അതു ചത്തുപോയി; അതിനുശേഷം ആർക്കും എന്തിനും അവളുമായി യാതൊരു സംബന്ധവും ഉണ്ടായിട്ടില്ല. എട്ടാമത്തെ വയസ്സിൽ അവളുടെ ഹൃദയം തീരെ ഉന്മേഷരഹിതമായി എന്നു പറയേണ്ടിവരുന്നതു കഷ്ടമാണ്— അതു് ഇതിനുമുൻപുതന്നെ അറിയിക്കുകയുണ്ടായി. ഇതു് അവളുടെ കുറ്റമല്ല; സ്നേഹിക്കുവാനുള്ള ഉപകരണമല്ല അവൾക്കില്ലാതിരുന്നതു്; കഷ്ടം! അതിനുള്ള വഴിയാണു്. അതിനാൽ, ആദ്യത്തെ ദിവസംമുതല്ക്കുതന്നെ, അവളുടെ മനസ്സും ബുദ്ധിയും മുഴുവൻ ആ ദയാലുവായ മനുഷ്യനെ സ്നേഹിക്കുന്നതിലേർപ്പെട്ടു. പണ്ടൊരു കാലത്തുണ്ടായിട്ടില്ലാത്ത ഒരനുഭവം— അവൾ തന്നത്താൻ വലുപ്പംവെക്കുന്നുണ്ടെന്ന്— അവൾക്കു തോന്നി.

ജീവിതത്തുടർച്ചയുടെ, കുട്ടിക്കാലത്തിന്റെ, ആഹ്ലാദത്തിന്റെ, ഫലമാണിതു്. ഭൂമിയുടേയും ജീവിതത്തിന്റേയും നൂതനത്വം കുറച്ചു വിലപിടിക്കുന്ന ഒന്നാണു്. ഒരു തട്ടിൻപുറത്തിനുള്ളിൽ വർണഭേദം കലർത്തുന്ന സുഖത്തിന്റെ പ്രതിഫലനം പോലെ കൗതുകകരമായ മറ്റൊന്നുമില്ല. നമ്മുടെ എല്ലാവരുടേയും കഴിഞ്ഞ കാലത്തിനുള്ളിൽ ഒരു സന്തോഷകരമായ തട്ടിൻപുറമുണ്ടു്:

പ്രകൃതി, അമ്പതു വയസ്സിന്റെ വ്യത്യാസം, ഴാങ്ങ് വാൽഴാങ്ങിന്റെയും കൊസെത്തിന്റെയും അന്തരത്തിൽ ഒരഗാധഗുഹയുണ്ടാക്കി; ആ ഗുഹയെ കർമഗതി തൂത്തുകളഞ്ഞു. വയസ്സുകൊണ്ടു് വ്യത്യാസപ്പെട്ടവരും വ്യസനംകൊണ്ടു യോജിച്ചവരുമായ ഈ രണ്ടു വേർപിരിഞ്ഞ ജീവിതങ്ങളെ ഈശ്വരൻ തന്റെ അപ്രതിഹതമായ മാഹാത്മ്യശക്തിയാൽ കൂട്ടിച്ചേർത്തു സംബന്ധിപ്പിച്ചു. വാസ്തവത്തിൽ ഒന്നു മറ്റതിനെ പൂർണമാക്കി. ഴാങ്ങ് വാൽഴാങ്ങിന്റെ ഹൃദയം ഒരു കുട്ടിയെ അന്വേഷിച്ചിരുന്നതുപോലെ, കൊസെത്തിന്റെ ഹൃദയം ഒരച്ഛനേയും അന്വേഷിച്ചിരുന്നു. കണ്ടെത്തുക അന്യോന്യം കാണുകയായിരുന്നു. അവരുടെ കൈകൾ തമ്മിൽത്തൊട്ട ആ നിഗൂഢാവസരത്തിൽ, അവർ അന്യോന്യം സംബന്ധപ്പെട്ടു കഴിഞ്ഞു. ഈ രണ്ടു ജീവാത്മാക്കളും തമ്മിൽക്കണ്ടപ്പോൾ, രണ്ടുപേരും ആവശ്യമുള്ളവരാണെന്നു മനസ്സിലാക്കി അവർ ഹൃദയംകൊണ്ടു പരസ്പരം ഗാഢാലിംഗനം ചെയ്തു.

വാക്കുകളെ ഏറ്റവും വിശാലവും യഥാർഥവുമായ അർഥത്തിലെടുക്കുകയാണെങ്കിൽ, ശവക്കല്ലറയുടെ ചുമരുകളാൽ എല്ലാവരിൽനിന്നും വേർതിരിക്കപ്പെട്ടതുകൊണ്ടു് ഴാങ്ങ് വാൽഴാങ്ങ് ഒരു മൃതഭാര്യനും കൊസെത്തു് ഒരനാഥശിശുവുമാണെന്നു ഞങ്ങൾക്കു പറയാവുന്നതാണു്. ഈ സ്ഥിതി ഴാങ്ങ് വാൽഴാങ്ങിനെ ഒരമാനുഷസമ്പ്രദായത്തിൽ കൊസെത്തിന്റെ അച്ഛനാക്കി.

എന്നല്ല വാസ്തവത്തിൽ, ഷേലിലെ അരണ്യാന്തർഭാഗത്തുവെച്ചു ഴാങ്ങ് വാൽ ഴാങ്ങിന്റെ കൈ ഇരുട്ടത്തു കൊസെത്തിന്റെ കൈ പിടിച്ചപ്പോൾ, അവൾക്കുണ്ടായ നിഗൂഢസന്തോഷം ഒരു ഭ്രമമല്ല, യഥാർഥാനുഭവമായിരുന്നു. ആ കുട്ടിയുടെ കർമ്മഗതിയിലേക്കുണ്ടായ ആ മനുഷ്യന്റെ പ്രവേശം ഈശ്വരന്റെ എഴുന്നള്ളത്താണു്.

അതു മാത്രമല്ല, ഴാങ്ങ് വാൽഴാങ്ങ് തന്റെ രക്ഷാസ്ഥലം നല്ലവണ്ണം തിരഞ്ഞു കണ്ടുപിടിച്ചു. അവിടെ അയാൾക്കു യാതൊന്നും പേടിക്കാനുണ്ടായിരുന്നില്ല.

കൊസെത്തോടുകൂടി അയാൾ ഉപയോഗിച്ചുവന്നിരുന്ന ആ ചമയൽമുറിയോടുകൂടിയ അകം നടക്കാവിലേക്കഭിമുഖമായ ഒരു ജനാലയുള്ളതാണു്. ആ വീട്ടിലേക്ക് ആകെയുള്ള ഒരു ജനാല അതായിരുന്നതുകൊണ്ടു് വഴിയിലൂടെയോ അരുകിലൂടെയോ പോകുന്ന അയൽപക്കക്കാരുടെ നോട്ടമൊന്നും അങ്ങോട്ടുണ്ടാവുമെന്നു ഭയപ്പെടാനില്ല.

ഇടിഞ്ഞുപൊളിഞ്ഞ ഒരുതരം ചായ്പുപോലെയുള്ള 50-52-ആം നമ്പർ വീടിന്റെ അടിയിലെ നില ഒരു വണ്ടിപ്പുരയായി ഉപയോഗപ്പെടുത്തി വന്നിരുന്നതുകൊണ്ടു്, അതും കോണിത്തട്ടിൽ മുകൾഭാഗവുമായി യാതൊരിടപാടും ഉണ്ടായിരുന്നില്ല. കോണിപ്പഴുതോ ഓവുകുഴൽക്കള്ളിയോ ഇല്ലാതിരുന്ന നിലംതട്ടിനാൽ ആ രണ്ടും വേർതിരിക്കപ്പെട്ടിരുന്നു. ആ നിലംതട്ടു കെട്ടിടത്തിന്റെ വിഭാജകചർമമാണെന്നു പറയാം. കോണി കയറിച്ചെല്ലുന്നേടത്തു പലേ മുറികളും തട്ടിൻപുറങ്ങളും ഉണ്ടായിരുന്നതായി ഞങ്ങൾ പറഞ്ഞിട്ടുണ്ടു്; അവയിൽ ഒന്നു മാത്രമേ ഴാങ്ങ് വാൽഴാങ്ങിന്റെ ഗൃഹഭരണം നടത്തിവന്ന കിഴവിയാൽ ഉപയോഗിക്കപ്പെട്ടിരുന്നുള്ളു; ബാക്കിയിലെങ്ങും ആരും താമസമില്ല.

പ്രധാനതാമസക്കാരി എന്ന പേരിനാൽ അലംകൃതയും വാസ്തവത്തിൽ ആ വീട്ടിന്റെ വാതില്ക്കാവൽപണിക്കുള്ളവളുമായ ആ വൃദ്ധയാണു് ക്രിസ്തുമസ്സു് ദിവസം അയാൾക്ക് ആ സ്ഥലം വാടകയ്ക്കു കൊടുത്തതു്. സ്പെയിൻരാജ്യവുമായി കച്ചവടത്തിൽ പണമിറക്കി നഷ്ടംവന്നുപോയ ഒരു മാന്യനാണു് താൻ എന്നും തന്റെ ഒരു ചെറിയ മകളോടുകൂടിയാണു് അവിടെ താമസിക്കാൻ ആലോചിക്കുന്നതെന്നുമത്രേ അയാൾ അവളെ പറഞ്ഞു മനസ്സിലാക്കിയതു്. ആറു മാസത്തെ സംഖ്യ അയാൾ അവൾക്കു മുൻകൂർ കൊടുത്തു, നമ്മൾ കണ്ടതുപോലെ ആ മുറിയും ചമയൽമുറിയും അലങ്കരിച്ചുവെക്കുവാൻ അവളെ ഏല്പിക്കുകയും ചെയ്തു. ഈ സുശീലയാണു് അടുപ്പിൽ തിയ്യിട്ടതും അവർ ചെല്ലുമ്പോഴേക്കു സകലതും ശരിപ്പെടുത്തിയതും.

പലേ ആഴ്ചകൾ കഴിഞ്ഞുപോയി; ആ രണ്ടുപേരുംകൂടി ആ ഗുഹയിൽ സുഖമായി താമസിച്ചു.

കൊസെത്തു് നേരം പുലർന്നാൽ ചിരിക്കുകയും ഓരോന്നു പറയുകയും പാട്ടുപാടുകയുമായി. പക്ഷികളെപ്പോലെത്തന്നെ കുട്ടികൾക്കും സ്വന്തമായി ചില പ്രഭാതകീർത്തനമുണ്ടു്.

ചിലപ്പോൾ ഴാങ്ങ് വാൽഴാങ്ങ് എങ്ങും തഴമ്പിച്ച അവളുടെ ചുകന്നു ചെറുതായ കൈ പിടിച്ചു ചുംബിച്ചു എന്നുവരും. അടി കൊണ്ടിട്ടുമാത്രം ശീലിച്ച ആ സാധുക്കുട്ടി അതിന്റെ അർഥം മനസ്സിലാവാതെ പരിഭ്രമിച്ചു പാഞ്ഞുകളയും.

ചില സമയത്തു് അവൾക്കൊരു ഗൗരവഭാവം കാണാം; തന്റെ കറുത്ത ഉടുപ്പിന്മേൽ അവൾ തുറിച്ചുനോക്കും. കൊസെത്തു് കീറത്തുണി മേലിടാതായി; അവൾ ദുഃഖോചിതമായ ഉടുപ്പു ധരിച്ചിരുന്നു. അവൾ കഷ്ടപ്പാടിൽനിന്നു പുറത്തേക്കു കടന്നു, ജീവിതത്തിലേക്കു പ്രവേശിച്ചു.

ഴാങ്ങ് വാൽഴാങ്ങ് അവളെ വായിക്കാൻ പഠിപ്പിക്കുന്നുണ്ടു്. ചിലപ്പോൾ, അവൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുമ്പോൾ, താൻ തടവിൽവെച്ചു വായിക്കാൻ പഠിച്ചിരുന്നതു ദ്രോഹബുദ്ധിയോടുകൂടിയാണെന്നു് അയാൾക്കോർമ വരും. അന്നത്തെ ആ വിചാരം ഇന്നു് ഒരു കുട്ടിയെ വായിക്കാൻ പഠിപ്പിക്കുന്നതിൽച്ചെന്നു് അവസാനിച്ചു. അപ്പോൾ ആ തടവിൽനിന്നു വിട്ടുപോന്ന മനുഷ്യൻ ദേവന്മാരുടെ മനോരാജ്യമായ പുഞ്ചിരികൊണ്ടു സ്വയം പുഞ്ചിരിക്കൊള്ളും.

മുകളിൽനിന്നുള്ള ഒരു മുൻകരുതൽ, മനുഷ്യനല്ലാത്ത ആരുടേയൊ ഒരാളുടെ ഇച്ഛാശക്തി, അതിലുണ്ടെന്നു് അയാൾക്കു തോന്നി; അയാൾ മനോരാജ്യത്തിൽ മുങ്ങിക്കളയും. ചീത്ത വിചാരങ്ങൾക്കെന്നപോലെ നല്ല വിചാരങ്ങൾക്കും ചില അഗാധഗുഹകളുണ്ടു്.

കൊസെത്തിനെ വായിക്കാൻ പഠിപ്പിക്കുക, അവളെ കളിക്കാൻ വിടുക, ഇതു കൊണ്ടു കഴിഞ്ഞു ഴാങ്ങ് വാൽഴാങ്ങിന്റെ ജീവിതത്തിൽ ഒട്ടു മുഴുവൻ ഭാഗവും. അതുകഴിഞ്ഞാൽ അയാൾ അവളുടെ അമ്മയെപ്പറ്റി സംസാരിക്കും; അവളെക്കൊണ്ടു് ഈശ്വരവന്ദനം ചെയ്യിക്കും.

അവൾ അയാളെ അച്ഛൻ എന്നു വിളിച്ചു; അയാൾക്കു മറ്റു വല്ല പേരുമുണ്ടെന്നു് അവളറിഞ്ഞില്ല.

അവൾ പാവയെ ഉടുപ്പിടുവിക്കുന്നതും ഉടുപ്പഴിക്കുന്നതും നോക്കിക്കണ്ടും അവളുടെ കൊഞ്ചലുകൾ കേട്ടും അയാൾ മണിക്കൂറുകൾ കഴിക്കും. അയാൾക്കു ജീവിതം വളരെ രസമുള്ളതായി തോന്നി; മനുഷ്യരെല്ലാം നല്ലവരും മര്യാദക്കാരുമാണെന്നു് അയാൾ വിചാരിച്ചു; മനസ്സുകൊണ്ടു് ഒരാളെയും ശകാരിക്കാതായി; ഈ കുട്ടി അയാളെ സ്നേഹിക്കുന്ന സ്ഥിതിക്ക്, ഒരു പടുവൃദ്ധനാകുന്നതുവരെയ്ക്കും ജീവിച്ചിരിക്കേണ്ടന്നു വെക്കാൻ അയാൾ കാരണമൊന്നും കണ്ടില്ല. ഒരു കൗതുകകരമായ തേജസ്സിലെന്നപോലെ കൊസെത്തിനാൽ ദീപ്തമായിത്തീർന്ന ഒരു നീണ്ട ഭാവിജീവിതം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. നമ്മുടെ ഇടയിൽ എത്രയെത്ര ഉത്തമന്മാർക്കും സ്വാർഥവിചാരങ്ങൾ ഇല്ലാതാവുന്നില്ല. അവൾ വികൃതരൂപയായിത്തീരും എന്നു ചില സമയങ്ങളിൽ അയാൾ ഒരുതരം സന്തോഷത്തോടുകൂടി വിചാരിച്ചു.

ഇതു ഞങ്ങളുടെ ഒരഭിപ്രായം മാത്രമാണു്; എന്നാൽ ഞങ്ങളുടെ വിചാരം മുഴുവനും പറകയാണെങ്കിൽ, കൊസെത്തിനെ സ്നേഹിക്കാൻ തുടങ്ങിയതോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ചെന്നുകൂടിയ നിലയിൽനിന്നു നോക്കുമ്പോൾ സൽക്കർമങ്ങളെ ഇനിയും തുടർന്നു ചെയ്യുന്നതിനു് ഇങ്ങനെയൊരുറപ്പാവശ്യമൊന്നുമില്ലെന്നു ഞങ്ങൾക്കു ലേശമെങ്കിലും തീർച്ചയില്ല. മനുഷ്യരുടെ ദ്രോഹബുദ്ധിയേയും ജനസമുദായത്തിന്റെ കഷ്ടപ്പാടിനേയും അയാൾ ഒരു പുതുനിലയിൽനിന്നു്, അപൂർണങ്ങളായ നിലകളിൽനിന്നു്, നോക്കിക്കണ്ടു; നിർഭാഗ്യത്തിനു് ആ സ്ഥിതിഭേദം സത്യാവസ്ഥയുടെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയുള്ളൂ— സ്ത്രീയുടെ ജീവിതഗതി ഫൻതീൻകൊണ്ടു കഴിഞ്ഞു; ഭരണാധികാരം മുഴുവനും ഴാവേറിൽ ഒതുങ്ങി. ഈ തവണ അയാൾ തടവിലേക്കു ചെന്നതു് ഒരു നല്ല കാര്യം പ്രവർത്തിക്കുവാനാണു്; പുതുതായി നീരസത്തെ അയാൾ വലിച്ചുകുടിച്ചു; വെറുപ്പും ജാള ്യവും അയാളെ മറിച്ചിടുവാൻ നോക്കുന്നു; കുറെ കഴിഞ്ഞു, നിശ്ചയമായും, ശക്തിയിലും പ്രകാശത്തോടുകൂടിയും ഉദിച്ചുവരുവാനുള്ളതാണെങ്കിലും, മെത്രാനെക്കുറിച്ചുള്ള സ്മരണ തൽക്കാലത്തേക്ക് ഒന്നു മറഞ്ഞുപോയി എന്നു തോന്നുന്നു. പിന്നത്തെ കഥ എന്തായാലും അപ്പോൾ, ആകപ്പാടെ, ആ പരിശുദ്ധസ്മരണ മങ്ങുവാൻ തുടങ്ങി. ഉത്സാഹം കെടുകയും ഴാങ്ങ് വാൽഴാങ്ങ് ഒരിക്കൽക്കൂടി അധ:പതിച്ചുപോകുകയും ചെയ്യാൻ ഭാവമായില്ലെന്നു് ആർക്കറിയാം? അയാൾ സ്നേഹിച്ചു. വീണ്ടും ശക്തനാവാൻ തുടങ്ങി. കഷ്ടം! കൊസെത്തിനെക്കാൾ ഒട്ടും കുറഞ്ഞ ഇടറിച്ചയോടുകൂടിയല്ല അയാളും നടന്നിരുന്നതു്. അയാൾ അവളെ രക്ഷിച്ചുപോന്നു; അവൾ അയാൾക്കു ശക്തിചേർത്തു. അവൾക്കു ജീവിതത്തിൽ സഞ്ചരിക്കാറായല്ലോ, നമുക്കയാളോടു നന്ദി പറയുക; അയാൾക്കു പിന്നെയും സദാചാരത്തിൽത്തന്നെ നടക്കാറായല്ലോ, നമുക്കവളോടും നന്ദി പറയുക. അയാൾ അവളുടെ ഊന്നുവടിയായി; അവൾ അയാളുടെ താങ്ങും. ഹാ, തൂക്കം ശരിപ്പെടുത്തുന്നതിനുള്ള കർമഗതിയുടെ ആഴമേറിയതും അമാനുഷികവുമായ ഗൂഢവിദ്യ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.